ഉത്തിഷ്ഠത! ജാഗ്രത! ജാഗ്രത!
എം.ടിയെക്കൊണ്ട്
നാടകമെഴുതിച്ച കഥ

നാടകം തന്റെ മേഖലയല്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറിനിന്ന എം.ടി. വാസുദേവൻ നായരെക്കൊണ്ട് നാടകം എഴുതിക്കുക മാത്രമല്ല, സംവിധാനം ചെയ്യിക്കുകയും ചെയ്ത ‘സംഗമം’ തിയറ്റേഴ്സിലെ വിക്രമൻ നായരുടെയും വിൽസൺ സാമുവലിന്റെയും സഫലമായ ഒരു തിയേറ്റർ ഇടപെടലിനെക്കുറിച്ച് വായിക്കാം. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഡോ. കെ. ശ്രീകുമാറിന്റെ ‘എം.ടി. വാസുദേവൻ നായർ’ എന്ന ജീവചരിത്രപുസ്തകത്തിൽനിന്നുള്ള അധ്യായം.

മെച്വർ- പ്രൊഫഷണൽ നാടകരംഗങ്ങൾ തമ്മിലുള്ള ആരോഗ്യകരമായ കൊള്ളക്കൊടുക്കലുകളാണ് മറ്റു പല നാടകദേശങ്ങളിൽനിന്നും വ്യത്യസ്​തമായി കോഴിക്കോട്ടെ അരങ്ങിൽ ദൃശ്യമായത്. നൂറു ശതമാനം അമെച്വറെന്നോ പ്രൊഫഷണലെന്നോ നിർവ്വചിക്കാനാവുമായിരുന്നില്ല പല നാടകങ്ങളെയും. പരസ്​പരം അംഗീകരിക്കാനുള്ള വിശാലമനസ്സ് രണ്ടു ശാഖകളിലെയും നാടകപ്രവർത്തകർക്കുണ്ടായിരുന്നു.

അമെച്വർ തലത്തിൽ തുടങ്ങി ജനസ്വീകാര്യതയിൽ സെമി പ്രൊഫഫഷണലും പ്രൊഫഷണലുമായി മാറിയ സമിതികൾക്ക് ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബ്, ഗ്രീൻ റൂം, എക്സ്​പെരിമെൻ്റൽ തിയറ്റേഴ്സ്​, യുണൈറ്റഡ് ഡ്രമാറ്റിക് അക്കാദമി (യു.ഡി.എ.) തുടങ്ങിയവ ഉദാഹരണമാണ്. പ്രൊഫഷണൽ നാടകസമിതികൾക്ക് എഴുപതുകളിലും എൺപതുകളിലുമൊക്കെ കോഴിക്കോട് നല്ല വളക്കൂറുള്ള മണ്ണായി. കേരളത്തിലെ മികച്ച പ്രൊഫഷണൽ നാടകസമിതികളിൽ ഭൂരിപക്ഷവും പിറന്നതും വളർന്നതും ഇവിടെത്തന്നെ. രാജാ തിയറ്റേഴ്സ്​, സംഗമം തിയറ്റേഴ്സ്​, കലിംഗ തിയറ്റേഴ്സ്​, മലബാർ തിയറ്റേഴ്സ്​, സ്റ്റേജ് ഇന്ത്യ എൻ്റർടൈനേഴ്സ്​, മ്യൂസിക്കൽ തിയറ്റേഴ്സ്​, ചിരന്തന തിയറ്റേഴ്സ്​, പൂക്കാട് കലാലയം, സുഭാഷ് തിയറ്റേഴ്സ്​, കാദംബരി തിയറ്റേഴ്സ് തുടങ്ങിയ മുൻനിരസമിതികൾ അക്കാലത്ത് തലയുയർത്തിനിന്നു. കെ.ടിയുടെ ‘സകാരനാടകങ്ങൾ’ കേരളമാകമാനം നിലംതൊടാതെ കളിച്ച കാലവും, നാടകത്തിന് ആവശ്യക്കാരേറിയപ്പോൾ ‘സ്റ്റേജ് ഇന്ത്യ’ പ്രധാന സംഘത്തിനു പുറമേ ‘ബി ടീം’ ഒരുക്കിയ കാലവും കോഴിക്കോടിന്റെ പ്രൊഫഷണൽ നാടകപ്പെരുമയ്ക്ക് ഉദാഹരണങ്ങളാണ്.

നാടകം തന്റെ തട്ടകമല്ലെന്നു തീർത്തുപറഞ്ഞ് പലപ്പോഴും അരങ്ങിൽനിന്ന് അകന്നുനിന്ന എം.ടി. പ്രൊഫഷണൽ നാടകമുന്നേറ്റത്തോടൊപ്പം നിന്നതാണ് മറ്റൊരു വിസ്​മയം. അതിനു വഴിയൊരുക്കിയതാവട്ടെ, പ്രശസ്​തമായ ‘സംഗമം തിയറ്റേഴ്സും’ അതിന്റെ സാരഥികളായിരുന്ന വിക്രമൻ നായരും വിൽസൺ സാമുവലുമാണ്. നാടകരചന, സംവിധാനം, ഗാനരചന എന്നിങ്ങനെ പ്രധാനപ്പെട്ട മൂന്നു മേഖലകളിലേക്ക് എം.ടിയുടെ പ്രതിഭ പരന്നൊഴുകി. തികച്ചും യാദൃച്ഛികമായിരുന്നു അദ്ദേഹത്തിന്റെ ഈ അരങ്ങുപ്രവേശം.

കോഴിക്കോടൻ നാടകവേദിയിൽ സമാനതകളില്ലാത്ത പ്രൊഫഷണൽ സമിതിയായിരുന്നു ‘സംഗമം തിയറ്റേഴ്സ്​.’ നാടകകലാകാരന്മാർക്ക് ന്യായമായ പ്രതിഫലം ലഭിക്കുക എന്ന ലക്ഷ്യത്തോടെ 1971 നവംബർ ഇരുപതിന് കെ.ടി. മുഹമ്മദ് ചെയർമാനും വിൽസൺ സാമുവൽ, വിക്രമൻ നായർ, അനന്തകൃഷ്ണൻ, ആലിക്കോയ, പി.പി. ആലിക്കോയ, എ.എം. കോയ എന്നിവർ ഡയറക്ടർമാരായുമാണ് ‘സംഗമം’ പിറന്നത്. നല്ല നാടകങ്ങൾ പ്രേക്ഷകർക്കു മുന്നിലെത്തിക്കുക എന്ന ഉദ്ദേശ്യവും സമിതിക്കുണ്ടായിരുന്നു. കെ.ടിയുടെ സൃഷ്ടിയാണ് ആദ്യം അവതരിപ്പിച്ചത്. അതിന്റെ വിജയത്തെത്തുടർന്ന് സ്​ഥിതി, സംഹാരം, സാക്ഷാത്കാരം, സമന്വയം, സനാതനം, സന്നാഹം എന്നീ നാടകങ്ങൾ ഒന്നൊന്നായി അരങ്ങിലെത്തിച്ച കെ.ടിയുടെ ‘സകാരനാടകങ്ങളി’ലൂടെ ‘സംഗമം’ പ്രൊഫഷണൽ നാടകസമിതികളുടെ നിരയിൽ ബഹുദൂരം മുന്നിലെത്തിയിരുന്നു.

എന്നാൽ, ഈ ആഹ്ലാദം അധികം നീണ്ടുനിന്നില്ല. 1977- ൽ ചില അഭിപ്രായഭിന്നതകളെത്തുടർന്ന് കെ.ടി. ‘സംഗമം’ വിട്ട് ‘കലിംഗ തിയറ്റേഴ്സ്​’ രൂപീകരിച്ചു. തീർത്തും അപ്രതീക്ഷിതമായ ഈ തീരുമാനം ‘സംഗമ’ത്തിന് വലിയ തിരിച്ചടിയായി. വർഷങ്ങളോളം മികച്ച നാടകങ്ങൾ മാത്രം അവതരിപ്പിച്ചുവന്ന സമിതിക്ക് അവതരണയോഗ്യമായ ഒരു നാടകം ഇല്ലാതെവന്നു. ആ ദുഃഖാകുലമായ അനിശ്ചിതാവസ്​ഥയെ വിൽസൺ സാമുവൽ ഇങ്ങനെ വിവരിക്കുന്നു:

‘കെ.ടിയുടെ പിണക്കവും വേർപിരിയലും ഞങ്ങളെ അടിമുടി തളർത്തിക്കളഞ്ഞു. അനാഥാലയത്തിലെ കുട്ടികളെപ്പോലെ നിസ്സഹായരായി ഞങ്ങൾ. അരങ്ങിലെ ജീവിതം തുടങ്ങിപ്പോയി. ഇനി ഏതുവിധേനയും മുന്നോട്ടുപോകാതെ നിവൃത്തിയില്ല. കെ.ടിയുടെ ഒപ്പം നിൽക്കുന്ന ഒരു നാടകകൃത്തിനെ എവിടന്നു കണ്ടെത്തും? ഞാനും വിക്രമൻ നായരും തലപുകഞ്ഞാലോചിച്ചു. അപ്പോഴാണ് എം.ടി. വാസുദേവൻ നായരുടെ പേര് ഓർമ്മയിൽ വന്നത്. അദ്ദേഹമന്ന് മാതൃഭൂമിയിലുണ്ട്. എം.ടി. മുമ്പ് നാടകം എഴുതിയിട്ടേയില്ല. തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രതിഭയുണ്ട് അദ്ദേഹത്തിന്. എം.ടി. ‘സംഗമ’ത്തിനായി ഒരു നാടകമെഴുതിത്തന്നാൽ അതൊരു ചരിത്രമാവുമെന്നുറപ്പാണ്. ഏതായാലും എം.ടിയെ ധൈര്യപൂർവ്വം സമീപിക്കാൻതന്നെ ഞങ്ങൾ തീരുമാനമെടുത്തു.’

പിറ്റേന്നുതന്നെ വിക്രമൻ നായരും വിൽസൺ സാമുവലും മാതൃഭൂമിയിലെത്തി എം.ടിയെ കണ്ടു. അദ്ദേഹത്തെ അറിയാമെന്നല്ലാതെ അത്രയടുത്ത ബന്ധമൊന്നുമില്ല. അവർ രണ്ടുംകൽപ്പിച്ച് തങ്ങളുടെ ആവശ്യം ഉന്നയിച്ചു:

‘എം.ടി. നാടകമെഴുതണം. വഴിയാധാരമായ ‘സംഗമ’ത്തെ രക്ഷിക്കണം’.

‘നടക്കാത്ത കാര്യമാണ്. എനിക്ക് നാടകമെഴുതാൻ അറിയില്ല. അതറിയാവുന്ന മറ്റാരെയെങ്കിലും കണ്ടെത്താൻ നോക്ക്’.

മറുപടി പറയാൻ എം.ടിക്ക് കൂടുതലൊന്നും ആലോചിക്കേണ്ടിവന്നില്ല. അതുകേട്ട് അവരുടെ മുഖം മങ്ങി. അവസാനത്തെ പിടിവള്ളികൂടി നഷ്ടപ്പെടുന്ന അവസ്​ഥ. അൽപ്പം കൂടി ദയനീയമായിട്ടായിരുന്നു തുടർന്നുള്ള അഭ്യർത്ഥന. മുഖത്ത് ഭാവമാറ്റമൊന്നും കൂടാതെ അദ്ദേഹം തുടർന്നു:

‘ഞാൻ നാടകമെഴുതില്ല. വേണമെങ്കിൽ തിക്കൂനോട് പറയാം.’

തിക്കുവെന്നാൽ തിക്കോടിയൻ. എം.ടിയുടെ ഉറ്റസുഹൃത്തും അറിയപ്പെടുന്ന നാടകകൃത്തുമാണ്. പ്രൊഫഷണൽ നാടകങ്ങളും ചിലതെല്ലാം രചിച്ചിട്ടുണ്ട്. എം.ടി. പറഞ്ഞാൽ ചിലപ്പോൾ നടന്നേക്കും. എങ്കിലും ആ വാക്കുകൾ അവരെ തൃപ്തിപ്പെടുത്തിയില്ല. കുറഞ്ഞ സമയത്തിനകം തിക്കോടിയൻ നാടകമെഴുതിത്തരുമെന്ന് ഉറപ്പില്ല. അഥവാ, എഴുതിക്കിട്ടിയാലും അത് കെ.ടിയുടെ നിലവാരത്തിലേക്ക് ഉയരുമെന്ന് തോന്നുന്നുമില്ല.

വിക്രമൻ നായരും വിൽസൺ സാമുവലും നിരാശയോടെ മടങ്ങി. യോഗ്യനായ മറ്റൊരു നാടകകൃത്തിനെത്തേടി അവർ പലയിടത്തും അലഞ്ഞെങ്കിലും അതൊന്നും ഫലം കണ്ടില്ല. ചില മദ്ധ്യസ്​ഥന്മാരുടെ സഹായത്തോടെ വീണ്ടുമൊരിക്കൽക്കൂടി മാതൃഭൂമിയുടെ പടി കയറി. മനോഭാവത്തിൽ ലേശവും മാറ്റമില്ല. അറുത്തുമുറിച്ചപോലെയായിരുന്നു പ്രതികരണം, ‘എഴുതില്ല.’

‘സംഗമ’ത്തിന്റെ അകാലനിര്യാണം മനസ്സിലുറപ്പിച്ചു അവർ. ‘സംഗമ’ത്തിന്റെ ഓഫീസും റിഹേഴ്സൽ ക്യാമ്പും അന്ന് ഫ്രാൻസിസ് റോഡിലെ ഓവർബ്രിഡ്ജിനടുത്താണ് പ്രവർത്തിച്ചത്. അന്നവിടെ റെയിൽവേ ഗേറ്റുണ്ട്. നാല് മുറികളുള്ള കെട്ടിടം. 1977 മുതൽ അറുനൂറു രൂപ പ്രതിമാസ വാടകയ്ക്കാണ് ആ കെട്ടിടം എടുത്തത്. സാധാരണ റിഹേഴ്സൽ അവിടെയും, ഫൈനൽ ഡ്രസ് റിഹേഴ്സൽ ‘നളന്ദ’പോലെ പുറത്തെ ഏതെങ്കിലും ഓഡിറ്റോറിയത്തിലും നടത്തും. ഒരുനാൾ വിൽസൺ സാമുവലിന് ഫോൺ വന്നു. മറുതലയ്ക്കൽ എം.ടിയുടെ ശബ്ദം:

‘വിൽസൺ, നമുക്കൊന്ന് ഇരിക്കണ്ടേ? വൈകീട്ട് ബീച്ച് ഹോട്ടലിലേക്ക് വന്നാലോ?’

അപ്രതീക്ഷിതമായിരുന്നു അത്. എം.ടി. മദ്യപാനം നിർത്തിയ സമയമാണ്. അതുകൊണ്ടുതന്നെ വിളിയുടെ ഉദ്ദേശ്യം അതല്ല. നാടകരചനയുടെ കാര്യത്തിൽ ഒരു പുനരാലോചന ഉണ്ടാവാനുള്ള സാദ്ധ്യതയുമില്ല. ഏതായാലും അദ്ദേഹം വിക്രമൻ നായരെയും വിവരമറിയിച്ചു.

വിൽസണും വിക്രമൻ നായരും വൈകീട്ട് എം.ടിയെ പ്രതീക്ഷിച്ച് ബീച്ചിൽ കാത്തിരുന്നു. അൽപ്പം കഴിഞ്ഞതും എം.ടിയുടെ ഫിയറ്റ് കാർ പാഞ്ഞുവന്ന് ബീച്ച് ഹോട്ടലിലേക്ക് തിരിയുന്നതു കണ്ടു. അവർ പുറകെയെത്തി. കാറിൽനിന്നിറങ്ങിയ എം.ടിയുടെ കൈയിൽ ഒരു സ്യൂട്ട്കേസുണ്ട്. ബീച്ച് ഹോട്ടൽ എം.ടിയുടെ ഇടത്താവളമാണ്. അവിടെ താമസിക്കാനുള്ള കുപ്പായങ്ങളാവും പെട്ടിയിലെന്ന് അവർ ഊഹിച്ചു. ബീച്ച് ഹോട്ടലിലെ ബാലേട്ടൻ എല്ലാവരുടെയും ചങ്ങാതിയാണ്. ബാലേട്ടൻ എം.ടിക്ക് നല്ലൊരു മുറി തുറന്നുകൊടുത്തു. വിൽസണെയും വിക്രമൻ നായരെയും കൂട്ടി അദ്ദേഹം മുറിയിലെത്തി. കസേരയിലിരുന്ന് പെട്ടി തുറന്ന് ഒരുകെട്ട് വെള്ളക്കടലാസ് പുറത്തെടുത്തു. അവർക്ക് കാര്യം മനസ്സിലായില്ല. അവരെ ശരിക്കും ഞെട്ടിച്ചുകൊണ്ട് കടലാസുകെട്ട് വിടർത്തി അദ്ദേഹം ചോദിച്ചു: ‘അപ്പോൾ നമുക്ക് നാടകം വായിക്കാല്ലേ?’

തരിച്ചിരുന്നുപോയി അവർ. എം.ടി. നാടകമെഴുതിയിരിക്കുന്നു!
‘നാടകത്തിന്റെ പേര് ഗോപുരം എന്നാണ്’, ഇത്രമാത്രം പറഞ്ഞ് അദ്ദേഹം വായിച്ചുതുടങ്ങി:

‘രംഗം: ഒന്ന്
കർട്ടനുയരുമ്പോൾ രംഗം ഒഴിഞ്ഞുകിടക്കുന്നു.

രണ്ടു വഴികൾ വന്നുമുട്ടി മറുവശത്തേക്ക് പോകുന്ന ഇടത്തിന്റെ പശ്ചാത്തലത്തിൽ ഗോപുരം. ഇരുവശത്തും മതിൽക്കെട്ടുകളാണെന്ന സൂചന. ഗോപുരം മുകളിൽ ഉയരത്തിലേക്ക് ഉയരത്തിലേക്ക് പൊങ്ങുന്നു എന്ന സൂചന. അകത്തേക്ക് പ്രവേശനദ്വാരമാണ്. അവിടം ഇരുണ്ടുകിടക്കുന്നു. അതിനപ്പുറം അാതമായ കോട്ടയുണ്ട്. വാതിലുകളോ കാവൽപ്പുരയോ നാം കാണുന്നില്ല. ഗോപുരനടയുടെ മുൻവശത്തായി പഴയ ശൈലിയിലുള്ള പീഠങ്ങൾ. ഒരു പഴയ എഴുത്തുമേശ...’

വിൽസണും വിക്രമൻ നായരും കാതുകൂർപ്പിച്ച് ദത്തശ്രദ്ധരായി ഇരുന്നു.

ആകെ രണ്ടു ദീർഘരംഗങ്ങൾ മാത്രം. നരൻ, കാവൽക്കാരൻ, രോഗി, വൃദ്ധ, യുവതി, മുതലാളി, സന്ദർശകൻ, തെരുവുപോക്കിരികൾ, പ്രാർത്ഥനാസംഘം എന്നിങ്ങനെ കഥാപാത്രങ്ങൾ.

‘കോറസ് നിശ്ശബ്ദമാവുന്നു.
പശ്ചാത്തലത്തിൽ മണിനാദം. നനുത്ത ഭജനഗാനം ലോലമായ പ്രഭാതരശ്മിപോലെ ഒഴുകിവരുന്നു. അതു വികസിക്കുമ്പോൾ രംഗത്ത് വെളിച്ചം പരക്കുന്നു. മറിഞ്ഞുകിടന്ന പീഠങ്ങൾ, ഭണ്ഡാരപ്പെട്ടി, വിളക്കുകാൽ. നരൻ കോട്ടമതിലിനോടുചേർന്ന് ചാഞ്ഞുകിടക്കുന്നു. ഒറ്റനോട്ടത്തിൽ ചലനമില്ലെന്നു തോന്നും. കൂടുതൽ വെളിച്ചം പരക്കുന്നു.
അപ്പോൾ ഇളംപ്രായത്തിലുള്ള ഒരു കുഞ്ഞ് പ്രവേശിക്കുന്നു.
കുഞ്ഞിന്റെ വിളി: ഹേയ്
നരൻ: നീ വന്നോ?
കുട്ടി സംശയിക്കുന്നു.
(നരൻ എഴുന്നേറ്റ് പ്രയാസപ്പെട്ട് ഇരിക്കുന്നു.)
നരൻ: വാ, നിനക്കായ് കരുതിവെച്ചതാണിത്.
(ഭാണ്ഡത്തിൽനിന്നും ഓരോന്നായി പുറത്തെടുക്കുന്നു. ചെങ്കോൽ, ഒരു കിരീടം. കുട്ടി അടുത്തു വന്നു നിൽക്കുന്നു.)
ഇതു നിനക്കാണ്.
(കുട്ടി ചെങ്കോൽ വാങ്ങുന്നു. കിരീടം കൗതുകത്തോടെ വാങ്ങി തിരിച്ചും മറിച്ചും നോക്കുന്നു. തലയിൽ വെക്കുന്നു.)
നരൻ: നിനക്കാണ്, ഒരു കളിക്കോപ്പ്.
(കുട്ടി ഒരു വിനോദം പോലെ ശിരസ്സിൽ വെക്കുന്നു. നരൻ വീണ്ടും വീണുകിടക്കുമ്പോൾ പിറുപിറുക്കുന്നു: ‘കളിക്കോപ്പ്...’ മംഗളവാദ്യങ്ങൾ പശ്ചാത്തലത്തിൽ.)
കർട്ടൻ.’

ഒറ്റയിരിപ്പിന് നാടകം മുഴുവൻ വായിച്ചശേഷം എം.ടി. അവരോടായി പറഞ്ഞു: ‘ഇത്രയേയുള്ളൂ. ഇനി ഇതിനകത്ത് ഒന്നും പറയാനില്ല.’

വിൽസണും വിക്രമൻ നായരും ഒരക്ഷരം മിണ്ടാനാവാതെ തരിച്ചിരുന്നുപോയി. ഒരിക്കലും നാടകമെഴുതില്ലെന്നുറപ്പിച്ച എം.ടി. ഇതാ ‘സംഗമ’ത്തിനുവേണ്ടി ഒരു നാടകം എഴുതിയിരിക്കുന്നു! അതും തികച്ചും വ്യത്യസ്​തമായ ഒന്നാന്തരം നാടകം. പ്രൊഫഷണൽ നാടകവേദി അതുവരെ ദർശിച്ച നാടകങ്ങളിൽനിന്നെല്ലാം തീർത്തും വേറിട്ട ഒന്ന്. അസാധാരണമായ പ്രമേയം. അതിവിദഗ്ദ്ധമായ ക്രാഫ്റ്റ്. ബഹുമുഖമാനങ്ങളുള്ള ‘നരൻ’ എന്ന അത്യുജ്ജ്വല കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് നാടകം മുന്നേറുന്നത്. മലയാള നാടകവേദിയിൽ ഇതൊരു ചരിത്രമാവുമെന്ന് ഉറപ്പാണ്.

അന്നു വായിച്ചതിൽനിന്ന് ഒരക്ഷരംപോലും മാറ്റാതെയാണ് നാടകം അരങ്ങിലെത്തിയത്. എന്നാൽ, നാടകത്തിന്റെ തലക്കെട്ടിനെക്കുറിച്ച് ചെറിയൊരു അഭിപ്രായവ്യത്യാസമുണ്ടായി. ആയിടെ മദ്രാസിൽ നടന്ന ഒരു നാടകമത്സരത്തിൽ ‘സംഗമം’ അവതരിപ്പിച്ചത് കെ.ടി. എഴുതിയ ഒരു നാടകമായിരുന്നു. അതിന്റെ തലക്കെട്ടും ‘ഗോപുരം’ എന്നുതന്നെ. അന്ന് ഒട്ടേറെ മലയാളികൾ ആ നാടകം കാണാനെത്തിയിരുന്നു. അവർക്ക് രണ്ടു നാടകത്തിന്റെയും ഒരേ തലക്കെട്ടുകൾ ആശയക്കുഴപ്പമുണ്ടാക്കാനിടയുണ്ട്. അതുകൊണ്ട് തലക്കെട്ടിൽ പുനരാലോചന നന്നായിരിക്കും.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഡോ. കെ. ശ്രീകുമാറിന്റെ ‘എം.ടി. വാസുദേവൻ നായർ’ എന്ന ജീവചരിത്രപുസ്തകം
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഡോ. കെ. ശ്രീകുമാറിന്റെ ‘എം.ടി. വാസുദേവൻ നായർ’ എന്ന ജീവചരിത്രപുസ്തകം

അവർ എം.ടിയോട് അഭ്യർത്ഥിച്ചു. അദ്ദേഹം കുറച്ചുനേരം ആലോചിച്ചിരുന്നു. പിന്നെ നാടകത്തിന്റെ തലക്കെട്ട് ഇങ്ങനെ തിരുത്തിയെഴുതി: ‘ഗോപുരനടയിൽ.’

ആഹ്ലാദത്തിളക്കം വിൽസെൻ്റയും വിക്രമൻ നായരുടെയും മുഖത്തുണ്ടായി.

‘സംഗമ’ത്തിന്റെ പുതിയ നാടകത്തിന്റെ പ്രഖ്യാപനം ഉടനെ വേണം. കെ.ടിക്കുശേഷം അഭിമാനപുരസ്സരം ഉയർത്തിക്കാട്ടാൻ എം.ടിയുടെ ‘ഗോപുരനടയിൽ.’ ‘സംഗമം’ കുടുംബത്തിലാകെ സന്തോഷം നിറഞ്ഞൊഴുകി.

ഹൃദയശൂന്യമായ അധികാരപ്രമത്തതയ്ക്കു മുന്നിൽ തിരസ്​കൃതമാവുന്ന ജീവിതദൈന്യതകൾക്ക് അസാധാരണവും അപൂർവ്വവുമായ രംഗഭാഷ്യം! അസംബന്ധ നാടകവേദിയോട് സാത്മ്യം ഭാവിക്കുന്ന രചനാവിരുത്!

പ്രൊഫഷണൽ അരങ്ങിന്റെ ചതുരവടിവുകൾക്ക് വഴങ്ങാത്ത ഗോപുരനടയിൽ ആരു സംവിധാനം ചെയ്യും? ഒരു നടന്റെ കഴിവുകളെ ചോദ്യംചെയ്യുന്ന ‘നരനായി’ ആര് അരങ്ങിലെത്തും? സംവിധാനദൗത്യം നാടകകൃത്തിനെയല്ലാതെ മറ്റാരെ ഏൽപ്പിച്ചാലും അത് ഭംഗിയാവാനിടയില്ല. പക്ഷേ, എം.ടി. അതിനു സമ്മതിക്കാനിടയില്ല. നാടകമെഴുത്തിനോടുതന്നെ വിമുഖത കാട്ടിയ അദ്ദേഹം മാതൃഭൂമിയിലെ തിരക്കുകൾക്കിടയിൽ പുതിയൊരു ഭാരം കൂടി ഏറ്റെടുക്കില്ല. എങ്കിലും വിൽസൺ സാമുവലും വിക്രമൻ നായരും ഒരു ഭാഗ്യപരീക്ഷണം നടത്താൻ തീരുമാനിച്ചു. അവർ എം.ടിയെ ചെന്നുകണ്ട് ഗോപുരനടയിൽ സംവിധാനം ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. ഒരു നിമിഷത്തെ മൗനത്തിനുശേഷം എം.ടി. പറഞ്ഞ മറുപടി അവരെ ഞെട്ടിച്ചു: ‘ചെയ്യാം.’

‘നരെൻ്റ’ കാര്യത്തിൽ ആർക്കും സംശയമുണ്ടായില്ല. കേവലം ഇരുപത്തെട്ടു വയസ്സു മാത്രമുള്ളപ്പോൾ ‘സംഗമം’ അവതരിപ്പിച്ച കെ.ടിയുടെ സാക്ഷാത്കാരത്തിൽ സോഷ്യലിസം വരാൻ കാത്തിരിക്കുന്ന നൂറ്റിനാൽപ്പത്തിനാലു വയസ്സുകാരനെ തന്മയത്വത്തോടെ അവതരിപ്പിച്ച വിക്രമൻ നായരുള്ളപ്പോൾ ‘നരനെ’ മറ്റാരാണ് അവതരിപ്പിക്കുക. നടീനടന്മാരെ നിശ്ചയിച്ചതും എം.ടിയുടെ മേൽനോട്ടത്തിൽത്തന്നെയാണ്. വിക്രമൻ നായർ, ആലിക്കോയ, സണ്ണി, അബൂബക്കർ, രാഘവൻ നായർ, സി.വി. ദേവ്, ബാബു പറശ്ശേരി, മരട് ജോസഫ്, ജെയിംസ്​, രത്നമ്മ മാധവൻ, വിജയലക്ഷ്മി ബാലൻ, ജേക്കബ് പുളിന്തറ എന്നിവരാണ് ഗോപുരനടയിലിനുവേണ്ടി വേഷമിടാൻ തിരഞ്ഞെടുക്കപ്പെട്ടവർ. സംഗീതവിഭാഗം വിൽസൺ സാമുവൽ ഏറ്റെടുത്തു.

വിക്രമൻ നായർ
വിക്രമൻ നായർ

‘സംഗമം’ ഓഫീസിന്റെ മുകളിലുള്ള ഹാളിൽ റിഹേഴ്സൽ ക്യാമ്പ് തുറന്നു. എന്നും വൈകീട്ടാണ് പരിശീലനം. മാതൃഭൂമിയിൽനിന്നിറങ്ങിയാൽ എം.ടി. നേരേ ക്യാമ്പിലേക്കെത്തും. ഒരു ദിവസം പോലും അദ്ദേഹം എത്താതെ പരിശീലനം മുടങ്ങിയില്ല. സവിശേഷതയാർന്ന സംവിധാനശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. മറ്റു സംവിധായകരെപ്പോലെ ശാസിക്കുകയോ ബഹളം വെക്കുകയോ ഇല്ല. നാടകസന്ദർഭം വിശദീകരിക്കും. സംഭാഷണങ്ങളുടെ മോഡുലേഷൻ പറഞ്ഞുകൊടുക്കും. നടീനടന്മാരോടൊപ്പമുള്ള ചലനങ്ങളൊന്നുമില്ല. ഒരു കസേരയിലിരുന്ന്, ആവശ്യത്തിനുമാത്രം സംസാരിച്ചാണ് സംവിധാനം. നടീനടന്മാർ എന്തെങ്കിലും പിഴവുവരുത്തിയാൽ മറ്റുള്ളവർ കേൾക്കെ അവരെ കുറ്റപ്പെടുത്തില്ല. കസേരയിൽനിന്നെഴുന്നേറ്റ് അവരുടെ അടുത്തു ചെന്ന് താഴ്ന്ന ശബ്ദത്തിൽ അതു ശ്രദ്ധയിൽപ്പെടുത്തും. അക്കാലം ഗോപുരനടയിലെ ചെറിയ വേഷം ചെയ്ത ബാബു പറശ്ശേരി ഓർക്കുന്നുണ്ട്. പിൽക്കാലത്ത് നായകനായ ‘നരനെ’വരെ അദ്ദേഹം അവതരിപ്പിച്ചു. അദ്ദേഹം പറയുന്നു:

‘‘സംവിധാനം ചെയ്യുമ്പോൾ എം.ടിയെ ആരാധനയോടെ നോക്കിനിന്നിട്ടുണ്ട്. കസേരയിലിരുന്ന്, ബീഡി കത്തിച്ച്, മീശ തടവിയിരിക്കുന്ന അദ്ദേഹത്തെ ഇപ്പോഴും നല്ലതുപോലെ ഓർക്കുന്നു. നടീനടന്മാരോട് സംവദിക്കുമ്പോൾ തികച്ചും ശാന്തനായിരിക്കും അദ്ദേഹം. നടന്മാരുടെ അടുത്തുവന്ന്, ഒട്ടും ദേഷ്യപ്പെടാതെ ‘ഇത് ഇങ്ങനെ ചെയ്യുന്നതാവും നല്ലത്’ എന്ന് ഉപദേശിക്കും. ഒരാളോടു പറയുന്നത് മറ്റു നടീനടന്മാർ കേൾക്കില്ല. ഇത് ഞങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു’’.

നാടകത്തിന്റെ തുടക്കത്തിൽത്തന്നെ നടന്റെ അഭിനയശേഷി പരീക്ഷിക്കുന്ന ഒരു രംഗം എം.ടി. എഴുതിച്ചേർത്തിരുന്നു. ഈ അദ്ധ്യായത്തിന്റെ തുടക്കത്തിൽ ചേർത്ത അതേ രംഗം. കാവൽക്കാരൻ ചാട്ട ചുഴറ്റിവന്ന് ‘ഉത്തിഷ്ഠത! ജാഗ്രത! ജാഗ്രത!’ എന്നലറി എട്ടുദിക്കും കീഴടക്കുന്ന ഒരു ദൃഷ്ടിയൊതുക്കൽ സന്ദർഭമാണത്. കഥകളിമുദ്രകളും ഭാവാഭിനയവും മേളിക്കുന്ന, പന്ത്രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ഈ രംഗം അഭിനയിക്കേണ്ടത് ജേക്കബ് പുളിന്തറ എന്ന നടനാണ്. അദ്ദേഹം ആകെ ധർമ്മസങ്കടത്തിലായി. എം.ടി. ആ നടനെ സമാധാനിപ്പിച്ചു. അദ്ദേഹംതന്നെ മുൻകൈയെടുത്ത് കലാമണ്ഡലത്തിൽനിന്ന് ഒരു കലാകാരനെ ക്യാമ്പിലെത്തിച്ച് നടനെ പരിശീലിപ്പിച്ചു.

നാടകത്തിലെ രണ്ടു സന്ദർഭങ്ങളിലായി ഒരു ഗാനം ആവശ്യമായി വന്നു. ഭക്തിയുടെ അതിപ്രസരത്തിൽ സാക്ഷാൽ ദൈവത്തെത്തന്നെ ചവിട്ടിമെതിച്ച് കടന്നുപോകുന്ന ഭക്തഗായകസംഘത്തിനായാണ് ഗാനം ആവശ്യമായി വന്നത്. ഗാനരചയിതാവിനെക്കുറിച്ചുള്ള ചർച്ച വന്നപ്പോൾ, എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് എം.ടി. തന്നെ ആ ദൗത്യവും ഏറ്റെടുത്തു. കുറഞ്ഞ സമയത്തിനകം അദ്ദേഹം ‘തീമഴ തിരുമുമ്പിൽ പൂമഴ...’ എന്നു തുടങ്ങുന്ന ഗാനം എഴുതി. എം.ടി. രചിച്ച ഏക നാടകഗാനവും ഇതുതന്നെ. വിൽസൺ സാമുവലാണ് അതിന് ഈണം പകർന്നത്.

കുറഞ്ഞ സമയത്തിനകം അദ്ദേഹം ‘തീമഴ തിരുമുമ്പിൽ പൂമഴ...’ എന്നു തുടങ്ങുന്ന ഗാനം എഴുതി. എം.ടി. രചിച്ച ഏക നാടകഗാനവും ഇതുതന്നെ
കുറഞ്ഞ സമയത്തിനകം അദ്ദേഹം ‘തീമഴ തിരുമുമ്പിൽ പൂമഴ...’ എന്നു തുടങ്ങുന്ന ഗാനം എഴുതി. എം.ടി. രചിച്ച ഏക നാടകഗാനവും ഇതുതന്നെ

ഗോപുരനടയിൽ അരങ്ങേറിയത് തലശ്ശേരിയിലാണ്. ‘തലശ്ശേരി ഫൈൻ ആർട്സ് സൊസൈറ്റി ഹാളി’ൽ നടന്ന ആദ്യാവതരണം കാണാൻ എം.ടിയും എത്തിയിരുന്നു. എം.ടി. രചിച്ച്, സംവിധാനം ചെയ്ത ‘സംഗമ’ത്തിന്റെ നാടകം എന്ന പരസ്യം കണ്ട് ദൂരദേശത്തുനിന്നുപോലും കാണികൾ ഹാളിലെത്തിയിരുന്നു. അവർ വലിയ സ്വീകരണമാണ് നാടകസമിതിക്കും എം.ടിക്കും നൽകിയത്. അദ്ദേഹം ആദ്യവസാനം വളരെ ഗൗരവത്തോടെയെങ്കിലും ശാന്തനായിരുന്ന് നാടകം കണ്ടു. അഭിപ്രായമൊന്നും പറയാതെ മടങ്ങുകയും ചെയ്തു. ഇത്ര ദൂരം യാത്രചെയ്ത് ഒരു നാടകം കണ്ട അനുഭവം എം.ടിയുടെ ജീവിതത്തിൽ വേറെയില്ല.

അരങ്ങേറ്റത്തെത്തുടർന്ന് നാടകത്തിന് കൂടുതൽ വേദികൾ കിട്ടി. അപ്പോഴാണ് മറ്റൊരു പ്രശ്നം ഉടലെടുക്കുന്നത്. നാടകാന്ത്യത്തിൽ കിരീടവും ചെങ്കോലും കൊണ്ടു കളിക്കുന്ന ഒരു കുട്ടിയുണ്ട്. പ്രൊഫഷണൽ നാടകമാകുമ്പോൾ അവതരണസ്​ഥലങ്ങളിലെല്ലാം കുട്ടിയെയും കൊണ്ടുപോകേണ്ടിവരും. ദീർഘകാലം പഠിപ്പു മുടക്കി കുട്ടിയെ നാടകസമിതിക്കൊപ്പമയയ്ക്കാൻ രക്ഷിതാക്കൾ തയ്യാറാവുമോ? ‘സംഗമ’ത്തിനുവേണ്ടി കർട്ടൻ വലിക്കുന്ന വാസുവേട്ടന്റെ മൂന്നാം ക്ലാസുകാരൻ മകനെയാണ് ആദ്യാവതരണങ്ങളിൽ രംഗത്തെത്തിച്ചത്. ആ കുട്ടിയുടെ ഭാവി നശിപ്പിക്കരുതെന്ന് ഉപദേശിച്ച എം.ടി.തന്നെ പ്രശ്നപരിഹാരവും കണ്ടെത്തി. നാടകത്തിൽ കുട്ടിയുടേതായി ചേർത്തിരുന്ന സംഭാഷണം ഒഴിവാക്കി. സംഭാഷണമില്ലെങ്കിൽ നാടകം നടക്കുന്ന സ്​ഥലത്തെ ഏതെങ്കിലുമൊരു കുട്ടിയെ കണ്ടെത്തിയാൽ മതിയല്ലോ!

നാൽപ്പത്തിയഞ്ചോളം വേദികളിലാണ് ഗോപുരനടയിൽ കളിച്ചത്. എങ്കിലും, നാനൂറു വേദികളുടെ പ്രതീതിയാണ് ഈ നാടകം തങ്ങൾക്കു തന്നതെന്ന് വിൽസൺ സാമുവൽ ഓർക്കുന്നു. നാടകവേദിയിൽ പിടിച്ചുനിൽക്കാനാവുമെന്ന ആത്മവിശ്വാസമാണതു നൽകിയത്. വലിയ സാമ്പത്തികവിജയം നേടാൻ ഗോപുരനടയിലിന് ആയില്ല എന്നത് പരമാർത്ഥമാണ്. ഈ നാടകത്തിൽ പിന്നീടെത്തിയ ഇബ്രാഹിം വെങ്ങര അതേക്കുറിച്ച് ഇങ്ങനെ പറയുന്നു:

‘ഗോപുരനടയിൽ അഭിനയിച്ചുകൊണ്ടിരുന്ന ആ കാലഘട്ടം എന്റെ നാടകയാത്രയിലെ ചുട്ടുപൊള്ളുന്ന വേനലിൽ ധാരാളം ഇലകളും ചില്ലകളും പൂക്കളുമുള്ള ഒരു വൻവൃക്ഷത്തിന്റെ തണൽ കിട്ടിയ അനുഭവമായിരുന്നു. നാടകത്തെ പുകഴ്ത്തിയും ഇകഴ്ത്തിയും പ്രേക്ഷകർ പ്രതികരിച്ചു. പക്ഷേ, നടീനടന്മാർ ആ നാടകത്തെ നെഞ്ചോടു ചേർത്തുവെച്ചു.’

ഗോപുരനടയിലെ ശ്രദ്ധേയമായ ഒരു ഘടകം കഥാപാത്രങ്ങളിൽ അഥവാ പ്രതിബിംബങ്ങളിൽ തിളങ്ങുന്ന ഭാഗികമായ ദൈവികത്വവും ഭാഗികമായ അസുരത്വവുമാണെന്ന് നാടകരചനാവേളയിൽ എം.ടിയോടൊപ്പമുണ്ടായിരുന്ന ജി.എൻ. പിള്ള വിലയിരുത്തിയിട്ടുണ്ട്. എങ്കിലും വേണ്ടത്ര ചർച്ചചെയ്യപ്പെടാതെപോയി ഗോപുരനടയിൽ എന്നത് ദുഃഖകരമായ യാഥാർത്ഥ്യമായി. ശരാശരി പ്രൊഫഷണൽ നാടകത്തിെൻ്റ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നവയായില്ല ഇതിലെ ചേരുവകൾ. ഒറ്റ വായനയിലോ ഒറ്റത്തവണത്തെ കാഴ്ചയിലോ പൂർണ്ണമായി വഴങ്ങുന്നതുമല്ല നാടകം. എന്നിട്ടും പ്രൗഢമായ നാടകചർച്ചകളിൽ ഗോപുരനടയിൽ ഇടംപിടിച്ചു. മലയാളനാടകചരിത്രത്തിൽ എം.ടി. എഴുതി സംവിധാനംചെയ്ത ഏകനാടകമെന്ന പ്രസക്തിയും ഇതിനു ലഭിച്ചു.

എം.ടി.യുടെ ‘ഗോപുരനടയിൽ’ നാടകത്തിലെ ഒരു രംഗം
എം.ടി.യുടെ ‘ഗോപുരനടയിൽ’ നാടകത്തിലെ ഒരു രംഗം

നാടകത്തിന്റെ ദൃശ്യപരതയിലും എം.ടി. ശ്രദ്ധിച്ചു. അത്യപൂർവ്വമായ സെറ്റുകൾകൊണ്ട് ധന്യമായിരുന്നു ഗോപുരനടയിൽ. മാതൃഭൂമിയിലെ സഹപ്രവർത്തകനും പ്രശസ്​ത ചിത്രകാരനുമായ എ.എസ്സിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ചാണ് നാടകത്തിന് സെറ്റൊരുക്കിയത്. ദീപവിതാനവും പ്രത്യേകം ശ്രദ്ധേയമായി. മർമ്മമറിഞ്ഞ സംഗീതവിസ്​മയത്താൽ വിൽസൺ സാമുവലും നാടകത്തെ ഉത്തമകോടിയിലെത്തിച്ചു.

അങ്ങനെയിരിക്കെ, പ്രൊഫഷണൽ നാടകങ്ങൾക്കായി നടാടെ ഒരു മത്സരം നടത്താൻ സംസ്​ഥാന സർക്കാർ തീരുമാനമെടുത്തു. 1978-ൽ എ.കെ. ആൻ്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഈ തീരുമാനമുണ്ടായത്. നാടകങ്ങളുടെ ഗുണനിലവാരം ഉയർത്താനും കലാകാരന്മാർക്ക് അർഹമായ പ്രോത്സാഹനം നൽകാനും ലക്ഷ്യമിട്ടായിരുന്നു ഇത്. സംസ്​ഥാന സർക്കാരിനുവേണ്ടി പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻ്റാണ് പ്രഥമ മത്സരം സംഘടിപ്പിച്ചത്. നാടകത്തിന്റെ കഥാസാരം സമിതികളിൽനിന്നും ചോദിച്ചുവാങ്ങി അതിന്റെ അടിസ്​ഥാനത്തിൽ മത്സരയോഗ്യതയുള്ളവയെ തിരഞ്ഞെടുത്തു.

1978 ഓഗസ്റ്റ് പതിനഞ്ചു മുതൽ സെപ്റ്റംബർ അഞ്ചു വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന പ്രഥമ നാടകോത്സവത്തിൽ പതിനേഴു നാടകങ്ങൾ മാറ്റുരച്ചു. കെ.പി.എ.സിയും കാളിദാസ കലാകേന്ദ്രവും ആലപ്പി തിയറ്റേഴ്സും എസ്​.എൽ.പുരം സൂര്യസോമയുമടക്കമുള്ള പ്രശസ്​ത സമിതികൾ ഇക്കൂട്ടത്തിൽപ്പെടുന്നു. ഒരു രൂപയുടെ ടിക്കറ്റെടുത്തു വേണം ഓരോ നാടകവും കാണാൻ. ‘സംഗമം തിയറ്റേഴ്സിന്റെ ഗോപുരനടയിൽ മാത്രമാണ് കോഴിക്കോട്ടുനിന്നും മത്സരത്തിനെത്തിയ ഏക നാടകം.

എസ്​.കെ. പൊറ്റെക്കാട്ട് ചെയർമാനും കെ. സുരേന്ദ്രൻ, പൊൻകുന്നം വർക്കി, പി.എ. വാരിയർ, പ്രൊഫ. എം. തോമസ് മാത്യു, എൻ. മോഹനൻ എന്നിവർ അംഗങ്ങളുമായുള്ള വിധിനിർണ്ണയസമിതിയാണ് 1977- 78 ലെ നാടക അവാർഡ് നിർണ്ണയിച്ചത്. ഫലം വന്നപ്പോൾ പ്രമുഖ സമിതികളെ പിന്തള്ളി ‘സംഗമം’ മുന്നിലെത്തി. മികച്ച രചനയ്ക്കും സംവിധാനത്തിനുമുള്ള പുരസ്​കാരം ഗോപുരനടയിലിനുവേണ്ടി എം.ടി. കരസ്​ഥമാക്കി. മികച്ച അവതരണത്തിനുള്ള രണ്ടാംസ്​ഥാനവും അതേ നാടകത്തിനുതന്നെയായിരുന്നു. പ്രൗഢഗംഭീരമായ അവാർഡ്ദാനച്ചടങ്ങിനുശേഷം ‘സംഗമ’ത്തിന്റെ നാടകവണ്ടി സംഘാംഗങ്ങളുടെ ആഹ്ലാദത്തിമിർപ്പുകളോടെ തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്ക് മടങ്ങി.

നാലരപ്പതിറ്റാണ്ടിനുശേഷം, ഗോപുരനടയിൽ വീണ്ടും അരങ്ങിലെത്തി; ‘സാദരം എം.ടി. ഉത്സവ’ത്തിന്റെ ഭാഗമായി 2023 മേയ് പത്തൊമ്പതിന് തുഞ്ചൻ സ്​മാരക ട്രസ്റ്റ് തിരൂർ തുഞ്ചൻപറമ്പിൽ നടത്തിയ പുനരവതരണം കാണാൻ കാണികൾ ഒഴുകിയെത്തി. രണ്ടുമൂന്നു മാസക്കാലം തുഞ്ചൻപറമ്പിൽ നടത്തിയ പരിശീലനത്തിനുശേഷമാണ് അവതരണമുണ്ടായത്. എം.ടിക്കുള്ള ഈ നവതിയാദരം കാണികൾ നെഞ്ചേറ്റി. കോട്ടയ്ക്കൽ മുരളിയാണ് നാടകം ഒരുക്കിയത്. തുടർന്ന് ‘തവനൂർ നാടകവേദി’യുടെ ബാനറിൽ മലപ്പുറം ജില്ലയിൽ ചില തുടരവതരണങ്ങളുമുണ്ടായി.

ഗോപുരനടയിൽ പുസ്​തകരൂപം പൂണ്ടപ്പോൾ ഈ നാടകപ്പിറവിക്കു നിമിത്തമായവരെ നന്ദിപൂർവ്വം സ്​മരിക്കുന്ന ഒരു ചെറുകുറിപ്പും എം.ടി. ചേർത്തു. അത് ഇങ്ങനെയാണ്:

‘നാടകം എന്റെ മേഖലയല്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറിനിൽക്കാൻ ആവുന്നത്ര ശ്രമിച്ചു. എന്നിട്ടും എന്നെ ആഴ്ചകളോളം നീണ്ടുനിന്ന സ്​നേഹപൂർവ്വമായ നിർബ്ബന്ധം കൊണ്ട് ഇതെഴുതിപ്പിക്കാനും അവതരിപ്പിക്കാനും മെരുക്കിയെടുത്ത വിക്രമൻ നായർക്കും വിൽസൺ സാമുവലിനും കൃതജ്ഞത; അവതരിപ്പിച്ച കോഴിക്കോട് സംഗമം തിയറ്റേഴ്സിലെ മറ്റംഗങ്ങൾക്കും’.


Summary: A Chapter from the biographical book of Malayalam writer M.T. Vasudevan Nair by Dr. K. Sreekumar, published by Mathrubhumi Books.


ഡോ. കെ. ശ്രീകുമാർ

മാധ്യമപ്രവർത്തകൻ, ബാലസാഹിത്യകാരൻ, നാടകചരിത്രകാരൻ. നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും - മൂന്ന്‌ വാല്യങ്ങൾ, ബാലകഥാസാഗരം, ലോക ബാലകഥകൾ,മലയാള സംഗീത നാടക ചരിത്രം, അടുത്ത ബെൽ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments