'ഞാൻ സമയത്തോടൊപ്പം നടക്കുന്നു' എന്ന് ‘സൂക്ഷ്മം’ എന്ന കവിതയിൽ ബിന്ദു സജീവ് എഴുതുന്നു. ഒരു പക്ഷേ, ബിന്ദുവിൻ്റെ കവിതകളിലേയ്ക്കുള്ള ഒരു താക്കോൽ വാചകമാണിത്. സമയം, നടത്തം എന്ന രണ്ട് പരികല്പനകൾ ഈ വാക്യത്തെ തിളക്കുന്നുണ്ട്. സാധാരണയായി നടത്തം എന്ന കർമ്മം നിർവ്വഹിക്കുന്ന ഫലം ദൂരം എന്ന സങ്കല്പനമാണ്. സ്ഥലത്തിലാണ് നമ്മുടെയൊക്കെ നടത്തം. നമ്മൾ മാത്രമല്ല ബസ്സുകളും തീവണ്ടികളും വിമാനങ്ങളും നടന്നുണ്ടാക്കുന്നത് ദൂരമാണ്. പക്ഷെ, ബിന്ദു പറയുന്നു, താൻ നടക്കുന്നത് സമയത്തോടൊപ്പം ആണെന്ന്. സുഹൃത്തിനൊപ്പം നടക്കുന്നു എന്ന് പറഞ്ഞാൽ നമുക്ക് മനസ്സിലാകും. പക്ഷെ, സമയത്തോടൊപ്പം?
ബിന്ദുവിൻ്റെ കവിതകളുടെ അക്ഷങ്ങളെക്കുറിച്ച് നമുക്ക് ഈ വാക്യത്തിൽ നിന്നും മനസ്സിലാക്കാനാകും. നെടുകെയും കുറുകേയുമുള്ള, പരസ്പരം ലംബകോണിൽ ഖണ്ഡിക്കുന്ന, രണ്ടുരേഖകളെ കൊണ്ടാണല്ലോ നാം ലേഖകൾ വരക്കാൻ തയ്യാറെടുക്കുന്നത്. അവ തമ്മിൽ സന്ധിക്കുന്ന, സമയം പൂജ്യമായ ഒരിടത്തു നിന്നാണ് ബിന്ദുവിൻ്റെ കവിതകൾ ആരംഭിക്കുന്നത്. എന്നു പറഞ്ഞാൽ ആദി, മദ്ധ്യാ, ന്തങ്ങളുള്ള ഒന്നാണ് ബിന്ദുവിൻ്റെ കവിത. സമയത്തെ കുഴമറിക്കുന്ന ഒരു ആഖ്യാന രീതി ബിന്ദുവിൽ അപൂർവ്വം. പക്ഷെ, ആ ആദിമദ്ധ്യാന്തപ്പൊരുത്തം പുത്തനാകുന്നത് ഏത് അക്ഷത്തിലൂടെ നടക്കണം എന്ന നിശ്ചയത്തിലാണ്. ബിന്ദു മുന്നോട്ടും പിന്നോട്ടും നടക്കുന്നു. ഇടത്തോട്ടും വലത്തോട്ടും നടക്കുന്നു. ഇതിൻ്റെയെല്ലാം പെർമ്യുട്ടേഷനുകളും കോമ്പിനേഷനുകളുമാണ് ബിന്ദുവിൻ്റെ ‘സമയത്തോടൊപ്പമുള്ള നടത്തം’. അതായത് സമയം മുന്നോട്ടു മാത്രം പായുന്ന അമ്പല്ല, ബിന്ദുവിൽ. നടത്തം എന്നത് മുന്നോട്ടുമാത്രമുള്ള ഒന്നുമല്ല.

സമയവും നടത്തവും മുഴുവനായി കൂട്ടിക്കലർത്തി ബിന്ദു ഉണ്ടാക്കിയെടുത്ത യാത്രാസങ്കല്പം ഈ കവിതകളിൽ മുഴുവൻ പ്രവർത്തിക്കുന്നതായി കാണാം. ‘ബാബാ ബുധൻ ഗിരി’ എന്ന കവിത നോക്കുക. യഥാർത്ഥത്തിൽ ഇല്ലാത്ത എന്നാൽ സംസ്കൃതിയിൽ ഉള്ള ഒരു യാത്രയാണ് ബാബയും ദത്താത്രേയനും ചേർന്ന് ഈ കവിതയിൽ നടത്തുന്ന യാത്ര. ചിക്കമംഗളൂരുവിൽ ഹിന്ദുക്കൾ ദത്താത്രേയ പീഠമായും മുസ്ളീങ്ങൾ ബാബാ ബുധൻ്റെ കബറിടമായും ഒരേപോലെ ആരാധിച്ചുവന്നിരുന്ന തീർത്ഥാടനകേന്ദ്രത്തെ മുൻനിർത്തി തെന്നിന്ത്യയിൽ ഒരു ബാബ്റിമസ്ജിദ് തകർക്കലിൻ്റെ സമാനത ആവർത്തിക്കാനായി ഹിന്ദുത്വ ഫാഷിസ്റ്റുകൾ കോപ്പുകൂട്ടുന്ന കാലത്താണ് ഈ കവിത സംഭവിച്ചത് എന്നൂഹിക്കുന്നു. ദൈവങ്ങളുടെ മൈത്രി മനുഷ്യരെപ്പോലെ, കാപ്പി കുടിച്ചും സംഗീതം കേട്ടും നൃത്തം കണ്ടും ഉണ്ടാക്കുന്ന ഒന്നാണെന്ന, ദൈവങ്ങളുടെ മാനുഷികവത്ക്കരണവും ഈ കവിതയിൽ ഉപപാഠമായി ഉൾച്ചേർന്നിട്ടുണ്ട്. ഇങ്ങനെ രണ്ടുതരം യാത്രകൾ, ദൈവങ്ങളുടേയും ആരാധകരായ മനുഷ്യരുടേയും, സംസ്കൃതിയിലെ യാത്രയും വസ്തുതയിലെ യാത്രയും കൂട്ടിപ്പിരിച്ചാണ് ഈ കവിത ബിന്ദു രചിച്ചിട്ടുള്ളത്.
ബാബാ ബുധൻഗിരിയെച്ചൊല്ലിയുള്ള ഫാഷിസ്റ്റ് പദ്ധതിക്ക് തുരങ്കം വെച്ചത് കൊണ്ടാണ് ബാംഗ്ലൂരിൽ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. അവരുടെ ഓർമ്മയ്ക്ക് സമർപ്പിച്ച കവിതയാണ് ഗൗരി. ഇവിടെയും രണ്ടു തരം യാത്രകളെ, സമയക്രമത്തെ കോർത്താണ് കവിത നിർമ്മിക്കുന്നത്. ബാംഗ്ലൂരിലേയ്ക്കുള്ള ആഖ്യാതാവിന്റെ യാത്ര വസ്തുതാപരവും അതേ ബസ്സിൽ ഗൗരിയുടെ യാത്ര ഫാൻ്റസിയും. ബാബാ ബുധൻഗിരിയിലെന്ന പോലെ ഫാൻ്റസിക്ക് ഒരു സാംസ്കാരികാർത്ഥമുണ്ട്. നമ്മുടെ ജീവിതം ഫാഷിസ്റ്റുകൾ എന്താക്കിത്തീർത്തു എന്നത് ആ കവിതയിൽ കേൾക്കാം.
ആ പേടിയാണ് സ്കിസോഫ്രീനിയ എന്ന കവിതയിലും. സ്കിസോഫ്രീനിയ വ്യക്തിഗതമായ ഒരു തലത്തിൽ നിന്നും രാജ്യത്തിൻ്റെ അവസ്ഥയായി തീർന്നിരിക്കുന്നു.
“പേടി ഒരു രാജ്യമാണിപ്പോൾ
പിന്നിലേയ്ക്ക് തെറിച്ചുപോയ ഒരു രാജ്യം.”
ബിന്ദു എഴുതി പൂർത്തിയാക്കുന്നു.
ബന്ധങ്ങളുടെ സൂക്ഷ്മത പരിശോധിക്കുന്ന കവിതകളാണ് ‘അന്യോന്യ’വും ‘വേട്ട’യും. ഒന്ന് ആത്മഗതത്തിൻ്റെ രൂപത്തിലാണെങ്കിൽ മറ്റേത് കഥാരൂപത്തിലാണെന്ന് മാത്രം. ഒന്ന് സംവൃതകവിതയെങ്കിൽ മറ്റേത് വിവൃതമാണെന്ന് മാത്രം.

‘ഗാന്ധിജി ആത്മഹത്യ ചെയ്തതെങ്ങനെ’ എന്ന വിപരീതങ്ങൾ ഉപയോഗിച്ചെഴുതിയ കവിതയും ശ്രദ്ധിക്കേണ്ടതാണ്. എൻ.വി. കൃഷ്ണവാര്യരുടെ പ്രസിദ്ധ കവിതയിലെന്ന പോലെ ഗാന്ധിയുടേയും ഗോഡ്സേയുടേയും റോൾ മറിച്ചിടുന്നുണ്ട്. 2002-ന് ശേഷമുള്ള ഗുജറാത്താണ് കവിതയിലെ സ്ഥലരാശി. 2002-ന് മുമ്പ് അത് ഗാന്ധി ജനിച്ച ഇടമായിരുന്നെങ്കിൽ 2002-ന് ശേഷം അത് വംശഹത്യയുടേയും ഫാഷിസ്റ്റ് ദർപ്പത്തിൻ്റേയും സ്ഥലമായി. ഗാന്ധിയുടെ ജന്മസ്ഥലത്ത് തന്നെയുള്ള വിദ്യാലയത്തിലാണ് ഗാന്ധി ആത്മഹത്യ ചെയ്തതെങ്ങനെ എന്ന ചോദ്യപേപ്പർ വിതരണം ചെയ്തത് എന്നും ഓർക്കണം. ഇങ്ങനെ ക്രൂരമായ ഒരു അസംബന്ധകാലത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ അതേ അസംബന്ധ രൂപകങ്ങളെ വിന്യസിച്ചുണ്ടാക്കിയ കവിതയാണിത്.
മേൽവിവരിച്ച ഉദാഹരണങ്ങളിൽ നിന്നും സ്ത്രീ കവിതകളിൽ താരതമ്യേന കുറവായ പൊതുസ്ഥലം ബിന്ദുവിൻ്റെ കവിതകളിൽ ധാരാളമായുണ്ടെന്ന് കാണാം. ഏകാന്തതയുടേയും സ്വകാര്യതയുടേയും ചരിത്രവൽക്കരണത്തിനൊപ്പം തന്നെ തൻ്റെ സാമ്യൂഹാനുഭവങ്ങളുടെ ചരിത്രവൽക്കരണവും ബിന്ദുവിന് പ്രധാനമാണ്. അതു കൊണ്ടു തന്നെ വ്യക്തിപരമായത് രാഷ്ട്രീയമാണ് എന്ന തിരിച്ചറിവിനൊപ്പം രാഷ്ട്രീയമായത് വ്യക്തിപരമാണ് എന്ന വെളിവും ബിന്ദുവിൽ പ്രധാനപ്പെട്ടതാണ്. ഉടലിനും സ്വകാര്യസ്ഥലിക്കുമപ്പുറം പോകാൻ ബിന്ദുവിന് അതിനാൽ എളുപ്പത്തിൽ കഴിയുന്നു. ഇത് ഒരർത്ഥത്തിൽ ഇന്ത്യൻ സ്ത്രീ കവിതകളുടെ വിമത സ്വഭാവത്തോട് ചേർന്ന് നിൽക്കാനുള്ള ത്വര കൂടിയാണ്. ഒരു പക്ഷേ, ബിന്ദുവിൻ്റെ കവിതയുടെ രണ്ടാം ഘട്ടം ഈ ദിശയിലായിരിക്കും വികസിക്കുക.
അതിനാൽ ബിന്ദുവിൻ്റെ ‘വീട്’, ആണധികാരത്തിൻ്റെ രൂപകം മാത്രമല്ല. അതിൽ തന്നെ ഏകാന്തത പേറുന്ന ഒരു അസ്തിത്വം കൂടിയാണ്. തന്നിൽ നിന്നും ഇറങ്ങി നടക്കാൻ കൊതിക്കുന്ന അസ്തിത്വം. കുന്നുകൾ പ്രകൃതിയുടെ രൂപകം മാത്രമല്ല, ഇളം വെയിലിൽ മലർന്ന് കിടക്കുന്ന മനുഷ്യപ്രകൃതിയുടെ രൂപകം കൂടിയാണ്. ഇങ്ങനെ അസ്തിത്വസംബന്ധിയായ മാറ്റിപ്പാർപ്പിക്കൽ ബിന്ദുവിൻ്റെ കവിതയുടെ സവിശേഷതയാണ്. വാക്കുകൾക്കിടയിലെ വിടവുകൾക്ക് പോലും ബിന്ദു സവിശേഷമായി ഒരു അർത്ഥം കൊടുക്കുന്നുണ്ട്.
സ്ത്രീ കവിതകളിൽ താരതമ്യേന കുറവായ പൊതുസ്ഥലം ബിന്ദുവിൻ്റെ കവിതകളിൽ ധാരാളമായുണ്ടെന്ന് കാണാം. ഏകാന്തതയുടേയും സ്വകാര്യതയുടേയും ചരിത്രവൽക്കരണത്തിനൊപ്പം തന്നെ തൻ്റെ സാമ്യൂഹാനുഭവങ്ങളുടെ ചരിത്രവൽക്കരണവും ബിന്ദുവിന് പ്രധാനമാണ്.
കവിതയ്ക്കുള്ളിൽ കവിത സൃഷ്ടിക്കുന്ന ചില രീതിയും ബിന്ദു പരീക്ഷിക്കുന്നുണ്ട്. വേലിയേറ്റം ബാധിക്കുമ്പോൾ പുഴയിലെ വെള്ളം ഉയരും പോലെ കവിതക്കുള്ളിൽ ചില വരികൾക്ക് ഏറ്റുബാധയേല്ക്കും. "തുടക്കം ആപേക്ഷികമാണ്/ ദൂരമല്ല, ലക്ഷ്യമാണ് പ്രധാനം" എന്ന് ഗൗരിയിൽ. "നിലവിളികൾ നിറഞ്ഞ
ഒരു വീടാവുന്നു ഞാൻ" എന്ന് ‘വീട്’ എന്ന കവിതയിൽ.
ഇരുട്ട്
അർദ്ധരാത്രിയിൽ
കാട്ടിത്തന്നു
വെളിച്ചമേ
എന്ന് നിലവിളിച്ചവരുടെ
വാക്കുകൾ"
എന്ന് ഒടിവെക്കലിൽ. ഇങ്ങനെ നിരവധി വാക്യങ്ങൾ ഉദാഹരിക്കാവുന്നവയാണ്.
നാടും നഗരവും അകവും പുറവും പുതിയതും പഴയതും എല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന മലയാളി മനസ്സിനെ അഭിമുഖീകരിക്കാൻ ബിന്ദു സന്നദ്ധയായി എന്നതാണ് ഈ കവിതകളുടെ ബലം. കനമില്ലാത്ത കാല്പനികതയോ അർത്ഥമില്ലാത്ത യാഥാസ്ഥിതികതയോ ഉണ്ടാക്കുന്ന കുരുക്കിൽ വാക്കിന് ജീവപര്യന്തം തടവു വിധിക്കുക എന്ന മലയാള കവിതയുടെ ചതിക്കുഴിയിൽ വീഴാൻ തയ്യാറല്ല എന്ന് ബിന്ദു ഈ കവിതകളിലൂടെ പ്രഖ്യാപിക്കുന്നു.
