നാലിനു താഴെയാണ് ക്ലാസ്. ഏതാണെന്ന് കൃത്യമായി ഓർമ്മയില്ല. സ്കൂളിന്റെ തെക്കു പടിഞ്ഞാറു കോണിൽ പെമ്പിള്ളേർക്കും ആമ്പിള്ളേർക്കുമുള്ള മൂത്രപ്പുര. ഓല കെട്ടിമേഞ്ഞത്. അവിടെ നിറയെ കമ്യൂണിസ്റ്റ് പച്ച ഉണ്ടായിരുന്നു. ഒന്നിനെന്നു പറഞ്ഞ് അങ്ങോട്ടോടും. വടക്കുകിഴക്ക് ടീച്ചർമാർക്കുള്ളത്. ആൺസാറന്മാർ ആൺകുട്ടികളുടേതുതന്നെയാണ് ഉപയോഗിക്കുന്നത്.
അങ്ങനെയിരിക്കെ, ആൺകുട്ടികളുടെ കൂട്ടം അതീവരഹസ്യസ്വഭാവമുള്ള ഒരു കുറ്റകൃത്യത്തിൽ ഏർപ്പെട്ടു. ആശയം ആരുടേതെന്ന് ഓർമ്മയില്ല. സ്കൂൾ വിട്ടശേഷം ആൺകുട്ടികളിൽ ചിലർ കളി തുടരുന്നു എന്ന മട്ടിൽ സ്കൂൾ കോമ്പൗണ്ടിൽ ചുറ്റിത്തിരിഞ്ഞു. അവരുടെയെല്ലാം വീടുകൾ സ്കൂൾ പരിസരങ്ങളിൽ തന്നെയായതിനാൽ, പുസ്തകം കൊണ്ടുവെച്ച് തിരികെ ഇതേ മൈതാനത്തു തന്നെ കളിക്കുന്നതിനാൽ ആരും ആ കുട്ടികളെ ശ്രദ്ധിച്ചില്ല.
ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പാക്കി, അവരാ കുറ്റകൃത്യത്തിന് ടീച്ചറന്മാരുടെ മൂത്രപ്പുരയിൽ കയറി.
അതുവരെ കാണാത്ത, ഏതോ രഹസ്യത്തിലേക്ക് എന്നവിധം അവരാ മൂത്രപ്പുരയ്ക്കുള്ളിൽ ഒച്ചയുണ്ടാക്കാതെ പതുങ്ങിയിരുന്ന് നിരീക്ഷിച്ചു. പ്രധാനമായും ആ മൂത്രപ്പുരയിൽ ഇരിക്കാനായി ഇഷ്ടികകൾ ഇട്ടിരുന്നു. അത് ആൺമൂത്രപ്പുരയിൽ ഇല്ലായിരുന്നു.
അതുവരെ കാണാത്ത, ഏതോ രഹസ്യത്തിലേക്ക് എന്നവിധം അവരാ മൂത്രപ്പുരയ്ക്കുള്ളിൽ ഒച്ചയുണ്ടാക്കാതെ പതുങ്ങിയിരുന്ന് നിരീക്ഷിച്ചു. പ്രധാനമായും ആ മൂത്രപ്പുരയിൽ ഇരിക്കാനായി ഇഷ്ടികകൾ ഇട്ടിരുന്നു. അത് ആൺമൂത്രപ്പുരയിൽ ഇല്ലായിരുന്നു. ആ ഇഷ്ടികയിൽ കാലുകൾ ഉറപ്പിച്ച് കുന്തിച്ചിരുന്ന് കൂടുതൽ നിരീക്ഷിച്ചു. അവിടുത്തേത് പഞ്ചാരമണലാണ്. കടൽ മണ്ണുപോലുള്ളത്. ആ മൺ തിട്ടയിൽ പലപല കുഴികൾ. ടീച്ചർമാർ മൂത്രം ഒഴിക്കുമ്പോൾ എങ്ങനെ ഈ കുഴികൾ ഉണ്ടാകുന്നു എന്നൊന്നും മനസിലായില്ല. മൂത്രവീഴ്ചയുടെ ശക്തിയിൽ ആ കുഴിയിലെ മണ്ണിന്റെ നിറം മാറിയിട്ടുണ്ട്. കുഴിയിലേത് പഞ്ചാരക്കളർ. ചുറ്റുമുള്ള മണ്ണിരുണ്ടത്.
മറ്റാരും കാണില്ലെന്നുറപ്പാക്കി ചെയ്ത ആ കൃത്യം പക്ഷെ ഒരാൾ കാണുന്നുണ്ടായിരുന്നു.
തൊട്ടടുത്ത ദിവസങ്ങളിൽ എപ്പോഴോ, ഓരോ വീട്ടിലും അടിപൊട്ടി. ടീച്ചർമാരുടെ മൂത്രപ്പുരയിൽ കുട്ടികൾ കയറിയത് ആരോ വീടുകളിൽ ചെന്നു പറഞ്ഞിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് പിന്നീട് സ്കൂളിലേക്ക് കുട്ടികളെ വിട്ടത്.
പിന്നെയും കുറേക്കഴിഞ്ഞ്, അയാൾ ആരാണെന്നു മനസിലായി. ചെത്തുകാരനായിരുന്നു അത്. പുള്ളി തെങ്ങിൽ ചെത്തിക്കൊണ്ടിരുന്നപ്പോഴാണ് കുട്ടികൾ ടീച്ചർമാരുടെ മൂത്രപ്പുരയിൽ കയറിയതും നിരീക്ഷിച്ചതും.

അയാൾ, കുട്ടികളോട് ഒരിക്കൽപ്പോലും അതേപ്പറ്റി ചോദിച്ചിട്ടില്ല. അതുപറഞ്ഞ് പേടിപ്പിച്ചിട്ടില്ല. സ്കൂളിൽ ചെന്നു പറഞ്ഞുമില്ല. പക്ഷെ, അയാളെ എപ്പോൾ കണ്ടാലും കുട്ടികൾ പേടിച്ചു. ആരോടെങ്കിലും പറയുമോ എന്നു പരിഭ്രമിച്ചു.
നാലു കഴിഞ്ഞ് അഞ്ചിലേക്ക് കുട്ടികൾ മൂന്നു കിലോമീറ്റർ നടന്നാണ് പോക്കു വരവ്. സൈക്കിൾ ചവിട്ടി വരുന്ന ചെത്തുകാരൻ കുട്ടികളെ പിന്നിൽ കയറ്റാറുണ്ട്. അയാളൊന്നും പറയില്ല. ഒച്ചയില്ലാതെ സൈക്കിൾ ചവിട്ടും. അങ്ങനെ പോകപ്പോകെ ആളോടുള്ള പേടി കുട്ടികളിലില്ലാതായി.
കുട്ടികൾ വളർന്നു. മുതിർന്നു. ചെത്തുകാരന്റെ കയ്യിൽനിന്ന് കള്ളുവാങ്ങി കുടിച്ചു. ചെത്തുകാരൻ കള്ള് കൊടുക്കുന്ന ഷാപ്പിൽ കൂട്ടുകാരുമായി പോകും. സ്വന്തം കുട്ടികളല്ലേ, പുള്ളിക്കാരൻ നല്ല കള്ള് തന്നെ എടുത്തു തരും. നല്ല മീൻ കഷണം തിരഞ്ഞു തരും. കുട്ടികളുടെ പാട്ടിന്റെ കൂടെ വന്നിരിക്കും. വർത്താനം പറയും. കോളേജിൽ നിന്നു കൂട്ടുകാർ വരുമ്പോഴും ഷാപ്പിൽ ചെല്ലും. ബന്ധുക്കൾ വരുമ്പോഴും ചെല്ലും. അപ്പോഴെല്ലാം വൻ സ്വീകരണം.
അങ്ങനെയിരിക്കെ ഒരു ദിവസം കുട്ടികളിൽ ഒരാൾ ഒറ്റയ്ക്ക് ഷാപ്പിൽ ചെന്നു. അന്നും അദ്ദേഹം നല്ല കള്ള് എടുത്തു കൊടുത്തു. നല്ല കഷണം മീനും കൊടുത്തു. പക്ഷെ, പിറ്റേന്ന് ചെത്തുകാരൻ നേരം ഒഴിഞ്ഞപ്പോൾ കുട്ടിയുടെ വീട്ടിലേക്ക് സൈക്കിൾ ചവിട്ടി. കുട്ടി ഒറ്റയ്ക്ക് ഷാപ്പിൽ വന്നു, ശ്രദ്ധിക്കണം എന്നു സൗമ്യമായി പറഞ്ഞു.
ചെത്തുകാരൻ മരണമടഞ്ഞു.
അപ്പോഴൊന്നും ഒരിക്കൽപ്പോലും അയാളതൊന്നും വേറാരോടും പറഞ്ഞില്ല…
അങ്ങനെയുള്ള കുറേ പറയാത്ത കഥകളുണ്ട്, ഓരോ തെങ്ങിന്റെ മുകളിൽ നിന്നും കാണാവുന്നത്. കണ്ടത്. കണ്ടുകൊണ്ടേയിരിക്കുന്നത്. പക്ഷെ, അത് ലോകത്തോടു പറയാൻ ചെത്തുകാരൻ കുട്ടികളെ തന്നെ ചുമതലപ്പെടുത്തുന്നു.
ബഹുമാന്യനായ ആ ചെത്തുകാരൻ തന്ന ചുമതലയാണ് ഈ കഥകൾ…
