2025- ലെ വായനയിൽ എന്നെ ഏറ്റവും സ്വാധീനിച്ച പുസ്തകങ്ങളിലൊന്ന്, പെഗ്ഗി മോഹൻ എഴുതിയ Father tongue, Mother land: The Birth of language in South Asia ആണ്. 4000 വർഷത്തിനിടെ ദക്ഷിണേഷ്യയിലേക്കു നടന്ന കുടിയേറ്റങ്ങൾക്കിടെ ഭാഷകൾ തമ്മിൽ കൂടിക്കലരുകയും പുതിയ ഭാഷകൾ ജനിക്കുകയും മറ്റു ചിലതു മാഞ്ഞുപോകുകയും ചെയ്തതിന്റെ അന്വേഷണമാണിത്.
കുടിയേറ്റക്കാരായ പുരുഷന്മാർ അവർ എത്തുന്ന ദേശത്തെ ഭാഷ പഠിക്കുകയും ക്രമേണ തങ്ങളുടെ ഭാഷയെ അതിലേക്ക് കലർത്തുകയും ചെയ്യുന്നു. കുടിയേറ്റക്കാർ നാട്ടുകാരുടെ ഭാഷ പഠിക്കുകയും അതിന്റെ വ്യാകരണഘടന ശീലിക്കുകയും ചെയ്യുന്നു. അതേസമയം, തങ്ങളുടെ ഭാഷയിലെ വാക്കുകൾ അതിൽ പ്രയോഗിക്കുകയും ചെയ്യുന്നു.
ഇപ്രകാരമുള്ള കൈമാറ്റത്തിലൂടെ, കൂടിക്കലരുകളുടെ ആദ്യം ഭാഷാദേദങ്ങളും പ്രാദേശിക ഭാഷാരൂപങ്ങളിലും കാലക്രമത്തിൽ ഭാഷ തന്നെയും ഉണ്ടായിവരുന്നു. വടക്കേ ഇന്ത്യയും ദക്ഷിണേന്ത്യയും സംഗമിക്കുന്ന ഡെക്കാൻ മേഖലയിൽ സംസാരിക്കുന്ന ദഖ്‌നി ഭാഷയുടെ പിറവി അന്വേഷിക്കുന്നതിലൂടെ ദക്ഷിണേഷ്യയിലെ സങ്കീർണമായ ഭാഷാപരിണാമങ്ങളുടെ കഥയാണ് പെഗ്ഗി മോഹൻ പറയാൻ ശ്രമിക്കുന്നത്. ഇതിനായി, ദക്ഷിണേന്ത്യൻ ഭാഷകളുടെയും വടക്കേയിന്ത്യൻ ഭാഷകളുടെയും വ്യാകരണബന്ധങ്ങളിൽ മുങ്ങിത്തപ്പുന്നു. ഒരേ വാക്ക് പല ഭാഷകൾ പങ്കിടുന്നതു വിശകലനം ചെയ്യുന്നു, ചില പൊതുപ്രയോഗങ്ങളുടെ പ്രാഗ് രൂപങ്ങൾ എവിടെയെന്നു കണ്ടുപിടിക്കാൻ ശ്രമിക്കുന്നു. ചില ഊഹങ്ങളുടെ പുതിയ വഴികൾ തുറക്കുന്നു- ഈ അന്വേഷണത്തിൽ മാഞ്ഞുപോയ സിന്ധുനദീതട, ഹാരപ്പൻ ഭാഷയുടെ ശേഷിപ്പുകൾ ഇന്നത്തെ ഭാഷാവിഭാഗങ്ങളിൽ കണ്ടെത്താനും ശ്രമിക്കുന്നു.
പൂർണമായും മാഞ്ഞുപോയെങ്കിലും പൗരാണിക ഭാഷയുടെ ഏതോ സ്വരങ്ങളും ചില വാക്കുകളുമെങ്കിലും ഇന്നത്തെ ഭാഷകളിൽ അടക്കം ചെയ്യപ്പെട്ടിരിക്കുന്നുവെന്നാണ് പെഗ്ഗി മോഹൻ വാദിക്കുന്നത്.
പൂർണമായും മാഞ്ഞുപോയെങ്കിലും പൗരാണിക ഭാഷയുടെ ഏതോ സ്വരങ്ങളും ചില വാക്കുകളുമെങ്കിലും ഇന്നത്തെ ഭാഷകളിൽ അടക്കം ചെയ്യപ്പെട്ടിരിക്കുന്നുവെന്നാണ് പെഗ്ഗി മോഹൻ വാദിക്കുന്നത്. അതായത് ഭാഷ ഇല്ലാതായാലും അതിന്റെ വ്യാകരണം ഓർമ്മയായി തുടരുന്നു. സ്വാഭാവികമായും ദഖ്‌നിയുടെ ഉദ്ഭവം തേടിയുള്ള അന്വേഷണം ഇന്ത്യൻ ഭാഷകളുടെ ഭൂതകാലത്തെയും തിരയുന്നതാകുന്നു.
പെഗ്ഗി മോഹന്റെ Wanderers, Kings, Merchants എന്ന കൃതിയിൽ സംസ്‌കൃതത്തിനും മുൻപേയുള്ള ഒരു വ്യാകരണഘടന ഇൻഡോ ആര്യൻ ഭാഷകൾക്ക് ഉണ്ടെന്ന വാദമാണ് ഉയർത്തിയത്. വാക്കുകൾ സംസ്‌കൃതവുമായി ബന്ധപ്പെട്ടു കിടക്കുമ്പോഴും ഭാഷാഘടന സംസ്‌കൃത പൂർവ കാലത്തിലേക്ക്, പ്രാകൃതത്തിലേക്ക് പോകുന്നു. സങ്കീർണമായ ഭാഷാമിശ്രണത്തിനുപിന്നിലെ യഥാർഥ കഥയെന്തെന്നാണ് ഈ പുസ്തകം അന്വേഷിക്കുന്നത്.

വെസ്റ്റ് ഇൻഡീസിലെ ട്രിനിഡാഡിലാണ് പെഗ്ഗി മോഹൻ ജനിച്ചുവളർന്നത്. അവർ ട്രിനിഡാഡിയൻ ഇംഗ്ലീഷാണ് സംസാരിച്ചിരുന്നത്. ഇതാകട്ടെ അംഗീകൃത, സ്റ്റാന്റേഡ് ഇംഗ്ലീഷിൽനിന്നും കരീബിയൻ ജമൈക്കൻ ഇംഗ്ലീഷിൽനിന്നും വ്യത്യസ്തമായിരുന്നു. അതിനാൽ സ്‌കൂളിലും കോളജിലും അവർക്ക് സ്റ്റാന്റേഡ് ഇംഗ്ലീഷ് പരീക്ഷ പാസാകേണ്ടിവന്നിട്ടുണ്ട്. പലർക്കും തന്റെ ഇംഗ്ലീഷ് മനസ്സിലായിരുന്നില്ലെന്നും പെഗ്ഗി മോഹൻ പറയുന്നുണ്ട്.
ഇന്ത്യക്കാരനായ ഭർത്താവിനൊപ്പം ഒരിക്കൽ ജമൈക്കൻ നാടകം കാണാൻ പോയപ്പോൾ അദ്ദേഹത്തിന് അതിലെ ഓരോ സംഭാഷണവും ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിക്കൊടുക്കേണ്ടിവന്ന സാഹചര്യവും പെഗ്ഗി വിവരിക്കുന്നുണ്ട്. ഇംഗ്ലീഷ് അറിയാവുന്ന വ്യക്തിക്കും കരീബിയൻ ഇംഗ്ലീഷ് മറ്റേതോ വ്യാകരണഘടന പിന്തുടരുന്നതായി അനുഭവപ്പെടും. ഇന്ത്യൻ ഇംഗ്ലീഷിനെ ഉദാഹരണമാക്കിയും പെഗ്ഗി മോഹൻ ഒരേ ഭാഷ പല വ്യാകരണഘടന പിന്തുടരുന്നത് ഉദാഹരണങ്ങളിലൂടെ വിശദീകരിക്കുന്നുണ്ട്.
ഓരോ ഭാഷയിലെയും പ്രാദേശികഭേദം എന്നത് ആ ഭാഷയുടെ പൂർവകാലത്തിലെ മറ്റേതോ ഭാഷാബന്ധത്തിന്റെ ജനിതക അലകളാണ് വഹിക്കുന്നതെന്ന് പെഗ്ഗി മോഹൻ നിരീക്ഷിക്കുന്നു. സ്‌കൂളുകളിൽ നാം ഭാഷ പഠിക്കുമ്പോൾ ഇത്തരം ഭാഷാഭേദങ്ങളെ നീക്കം ചെയ്ത് അംഗീകൃത ഭാഷാശൈലിയിലേക്കു മാറാനാണ് നമ്മെ ശീലിപ്പിക്കുന്നത്.
ഞാൻ, നീ, താങ്കൾ തുടങ്ങിയ സർവനാമങ്ങൾ തമിഴ്, മലയാളം, തെലുങ്കു ഭാഷകളിൽ സമാനമായിരിക്കുന്നതുപോലെ ദഖ്‌നി, ഉർദു, ഹിന്ദി ഭാഷകളിലും അടിസ്ഥാനപദങ്ങൾ പരസ്പരം ചേർന്നുനിൽക്കുന്നുണ്ട്. ഇന്ത്യൻ ഭാഷകളിലെ പദങ്ങൾക്ക് സംസ്‌കൃതവുമായുള്ള ബന്ധം പ്രകടമാണെങ്കിലും ചില വാക്കുകൾ പിടിതരാതെ തുടരും.
നഷ്ടമായിപ്പോയ ഹാരപ്പൻ ചിത്രഭാഷയെ ‘എക്സ്’ എന്ന് സൂചിപ്പിച്ച വിപുലമായ ഇൻഡ്- ആര്യൻ ഭാഷാസമുച്ചയത്തിലെ രാവണൻകോട്ടയിലൂടെയാണ് ഈ പുസ്തകം സഞ്ചരിക്കുന്നത്.
ഉദാഹരണത്തിന്, ഹിന്ദിയിൽ പേരുകൾക്കൊപ്പം ആദരസൂചകമായി ചേർക്കുന്ന ‘ജി’, സംസ്‌കൃതത്തിൽനിന്നല്ല വന്നതെന്നും ഇതിന്റെ ഉദ്ഭവം ദുരൂഹമാണെന്നും പെഗ്ഗി മോഹൻ എഴുതുന്നു. അതുപോലെ, ദ്രവീഡിയൻ എന്ന പദം ദക്ഷിണേന്ത്യൻ ഉദ്ഭവമല്ല, പിൽക്കാല സംസ്‌കൃതമാണെന്ന നീരീക്ഷണം. ദ്രാവിഡൻ എന്ന വാക്കാകട്ടെ യഥാർഥത്തിൽ തമിഴ് എന്ന പദത്തിൽനിന്ന് ഉണ്ടായിവന്നതെന്നും. ഉത്തരേന്ത്യയിൽനിന്നുള്ള അഞ്ച് വിഭാഗം ഗൗഡ ബ്രാഹ്‌മണരെയും വിന്ധ്യന് തെക്കുനിന്നുള്ള അഞ്ചു വിഭാഗം ദ്രാവിഡ ബ്രാഹ്‌മണരെയും പരാമർശിക്കുന്നിടത്ത്, ധർമശാസ്ത്ര ഗ്രന്ഥങ്ങളിലാണതു കടന്നുവരുന്നത്.
നഷ്ടമായിപ്പോയ ഹാരപ്പൻ ചിത്രഭാഷയെ ‘എക്സ്’ എന്ന് സൂചിപ്പിച്ച വിപുലമായ ഇൻഡ്- ആര്യൻ ഭാഷാസമുച്ചയത്തിലെ രാവണൻകോട്ടയിലൂടെയാണ് ഈ പുസ്തകം സഞ്ചരിക്കുന്നത്. ദൈനംദിന ജീവിതത്തിൽ നിന്നുള്ള വാക്കുകളുടെ ഉദ്ഭവം തിരഞ്ഞ് കുഴിച്ചുചെല്ലുമ്പോൾ ചരിത്രഗതിയിൽ അറ്റുപോയ ഏതെങ്കിലും പൂർവഭാഷയുടെ തെളിവുകൾ കണ്ടെത്താനാവുമെന്ന വിശ്വാസം ഈ പുസ്തകം പിന്തുടരുന്നു. എന്നാൽ ഒന്നിനും കൃത്യമായ ഒരു ഉത്തരവും നമ്മുടെ മുന്നിലില്ല.

ബാഹ്യമായി ഒട്ടേറെ ഭിന്നതകളും വൈവിധ്യങ്ങളുമുള്ള ഭാഷാസ്വത്വങ്ങളിലാണു നാം വസിക്കുന്നത്. അതിനു പിന്നിലേക്കു തിരഞ്ഞു ചെല്ലുമ്പോൾ ഇന്ത്യൻ ഭാഷകളുടെ ആന്തരികമായ ഒരു പൊതു ശിൽപഘടന നാം കാണുന്നു. അവിടെ നാം നമ്മുടെ പൊതു പൂർവികരെ കാണുന്നു. അവരാകട്ടെ കുതിച്ചൊഴുകുന്ന നദിയോ കൂറ്റൻ മലയിടുക്കോ നിബിഡവനമോ മുന്നിൽ വരുമ്പോൾ, അതിനപ്പുറമെന്തെന്നു ജിജ്ഞാസയോടെ തിരഞ്ഞുചെല്ലാനും അജ്ഞാതമായതിനെ അറിയാൻ ശ്രമിക്കാനും മടിക്കാത്തവരായിരുന്നു.
അവരാണ് പുതിയ ഭാഷകൾ നിർമ്മിച്ചത്. എന്നാൽ വൈവിധ്യങ്ങളോടുള്ള ജിജ്ഞാസ അവസാനിക്കുകയും ഏകരൂപങ്ങളോടു മാത്രം പൊരുത്തപ്പെടുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഭാഷകൾ പരസ്പരമടുക്കാത്ത തനിസ്വരൂപങ്ങളാണെന്നും ശുദ്ധഭാഷ എന്ന ഒന്നുണ്ടെന്നും വിശ്വസിക്കുന്ന ബുദ്ധിശൂന്യരെ നാം കണ്ടുമുട്ടുന്നു. അവരറിയുന്നില്ല, നാമെന്നും എടുത്തുപയോഗിക്കുന്ന ഒരു വെറും വാക്ക് യഥാർഥത്തിൽ എത്രയോ അകലെനിന്ന്, ചിലപ്പോൾ ആയിരക്കണക്കിനു വർഷം മുൻപുനിന്ന് പുറപ്പെട്ടുവന്നതാണെന്ന്.
പുതിയൊരു നദീതടം തേടി മലനിരകളും മരുഭൂമികളും സഞ്ചരിച്ചെത്തിയ ഒരു സംഘം, അവർ കണ്ടുമുട്ടിയ മറ്റൊരു ദേശക്കാരോടു നടത്തിയ ആദ്യ ആംഗ്യവിനിമയങ്ങളിലൊന്നിൽ, ആദ്യ സ്വരങ്ങളിലൊന്നിൽ പ്രയോഗിച്ച പദങ്ങളിൽ ചിലതെല്ലാം ഇപ്പോഴും നമ്മുടെ കൂടെ ശേഷിക്കുന്നുവെന്നതു വിസ്മയകരമാണ്. ഈ പുസ്തകം പകരുന്ന വികാരവും അതാണ്.
