ആമസോണിന്റെ പുസ്തകഷെൽഫിൽ തീ പടരുമ്പോൾ

വെസ്റ്റ്‌ലാന്റ് ബുക്‌സ് മറ്റു പ്രശസ്ത പ്രസാധകർ ചെയ്തതു പോലെ വിധേയത്വത്തിന്റെ പാത ഏറ്റെടുത്തില്ലെന്ന് മാത്രമല്ല, കടുത്ത വിമർശന ശബ്ദങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അടുത്ത കാലത്തായി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ പ്രധാനപ്പെട്ട മോദി വിരുദ്ധ / ഭരണ വിരുദ്ധ രചനകളെല്ലാം പ്രസിദ്ധീകരിച്ചത് വെസ്റ്റ്‌ലാന്റായിരുന്നു. ആമസോണിന്റെ ഉടമസ്ഥതയിലുള്ള ഈ പുസ്തക പ്രസിദ്ധീകരണശാല അടച്ചുപൂട്ടുകയാണെന്ന് വെസ്റ്റ്‌ലാന്റ് ബുക്‌സിന്റെ ഉന്നതപദവികളിൽ ജോലി ചെയ്യുന്നവരും ആ പ്രസിദ്ധീകരണശാലയുടെ ഗ്രന്ഥകാരന്മാരും അവരുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ലിറ്റററി ഏജന്റുമാരുമൊക്കെ ഇന്നലെ മാത്രമാണ് അറിഞ്ഞത്.

പ്രശസ്ത ഓൺലൈൻ കച്ചവട സ്ഥാപനമായ ആമസോണിന്റെ ഉടമസ്ഥതയിലുള്ള വെസ്റ്റ്‌ലാന്റ് ബുക്‌സ് എന്ന ഇന്ത്യൻ പുസ്തക പ്രസിദ്ധീകരണശാല അടച്ചു പൂട്ടുന്നു എന്ന ഞെട്ടിക്കുന്ന വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. ആ സ്ഥാപനത്തിന്റെ ഉന്നതപദവികളിൽ ജോലി ചെയ്യുന്നവരും ആ പ്രസിദ്ധീകരണശാലയുടെ ഗ്രന്ഥകാരന്മാരും അവരുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ലിറ്റററി ഏജന്റുമാരുമൊക്കെ ഇന്നലെ മാത്രമാണ് ഈ വിവരം അറിഞ്ഞത്.

എന്റെ പരിചയക്കാരിയായ ഒരെഴുത്തുകാരി അടുത്തു തന്നെ പുറത്തിറങ്ങാൻ പോകുന്ന തന്റെ പുതിയ പുസ്തകത്തിന്റെ പ്രമോഷണൽ വീഡിയോ തയ്യാറാക്കി അയച്ചുകൊടുത്ത ഉടനെയാണ് കമ്പനി അടച്ചു പൂട്ടുകയാണ് എന്ന വാർത്ത അവരെ തേടിയെത്തിയത്. അത്രയും അപ്രതീക്ഷിതമായ ഒരു നടപടിയാണ് സംഭവിച്ചിരിക്കുന്നത്. എന്തുകൊണ്ട് അവസാനിപ്പിക്കുന്നു എന്ന വിശദീകരണമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഒരു മിന്നലാക്രമണ സ്വഭാവത്തോടെ അടച്ചുപൂട്ടേണ്ട സാഹചര്യം വെസ്റ്റ്‌ലാന്റ് ബുക്‌സിനുണ്ടെന്ന് പ്രസാധന മേഖലയിലെ ആരും തന്നെ കരുതുന്നില്ല. ധാരാളം പുതിയ പുസ്തകങ്ങളുടെ വർക്കുകൾ അവിടെയിപ്പോൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്.

കെ.എസ്. പദ്മനാഭൻ

പതിവുപോലെ പുതിയ പുസ്തകങ്ങൾക്കു വേണ്ടി പ്രശസ്തരായ പല എഴുത്തുകാരുമായും കമ്പനി കരാറുകൾ ഒപ്പിട്ടു കഴിഞ്ഞിട്ടുണ്ട്. പ്രധാനപ്പെട്ട പല പുസ്തകങ്ങളും അടുത്ത ദിവസങ്ങളിൽ പുറുത്തു വന്നിട്ടുണ്ട്. അടച്ചുപൂട്ടലിന്റെ യാതൊരുവിധ സൂചനകളും അന്തരീക്ഷത്തിൽ ഉണ്ടായിരുന്നില്ല എന്നർത്ഥം. ഇതു നടത്തിക്കൊണ്ടു പോവുന്നതുമൂലമുള്ള ലാഭ -നഷ്ടങ്ങൾ ആമസോണിനെപ്പോലുള്ള ഒരു ഭീമൻ കമ്പനിയെ യാതൊരു വിധത്തിലും ബാധിക്കാനിടയില്ല. 2017-ൽ ടാറ്റ ഗ്രൂപ്പിലെ Trent Ltd എന്ന കമ്പനിയിൽ നിന്ന് ഈ ചെറിയ പ്രസിദ്ധീകരണ സ്ഥാപനത്തെ ആമസോൺ വാങ്ങിച്ചത് വലിയ ലാഭം പ്രതീക്ഷിച്ചാവാനും ഇടയില്ല. ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തക വിതരണക്കാർ കൂടിയാണ് ആമസോൺ എന്ന വസ്തുതയും കണക്കാക്കേണ്ടതുണ്ട്.

വെസ്റ്റ്‌ലാന്റിന്റെ ചരിത്രം

1962-ൽ കെ.എസ്. പദ്മനാഭൻ എന്നൊരു പുസ്തക പ്രേമിയായ മദിരാശിക്കാരൻ തുടങ്ങിയ East - West ബുക്‌സാണ് വർഷങ്ങൾക്കിപ്പുറം വെസ്റ്റ്‌ലാന്റ് ബുക്‌സായി വളർന്നത്. അദ്ദേഹത്തിന്റെ മകൻ ഗൗതം പദ്മനാഭൻ തന്നെയാണ് ആമസോണിന്റെ കീഴിലും നടത്തിപ്പുകാരൻ. പുസ്തകവിതരണത്തിലും പ്രസാധനത്തിലും ശ്രദ്ധിച്ചിരുന്ന ഈസ്റ്റ് വെസ്റ്റ് ബുക്‌സ് ആ രംഗത്തെ ദക്ഷിണേന്ത്യയിലെ ഒരു പ്രധാന സ്ഥാപനമായിരുന്നു. 2016-ൽ ടാറ്റയുടെ ഉടമസ്ഥതയിലുള്ള Trent Ltd എന്ന കമ്പനി ഈസ്റ്റ് വെസ്റ്റ് ബുക്‌സിനെ ഏറ്റെടുത്തു. ഇന്ത്യൻ പബ്ലിഷിങ്ങിലെ വലിയൊരു ചുവടുമാറ്റത്തിന് അങ്ങനെ തുടക്കം കുറിക്കപ്പെട്ടു. ചേതൻ ഭഗത്, അമീഷ്, ദേവദത്ത് പട്‌നായ്ക്, പ്രീതി ഷേണായി തുടങ്ങിയ ശ്രദ്ധേയരായ പോപ്പുലർ എഴുത്തുകാർ ഇവരിലൂടെ രംഗപ്രവേശം ചെയ്തു. അങ്ങനെ തുടരുമ്പോഴാണ് ആമസോൺ ഇതിനെ വില കൊടുത്ത് വാങ്ങുന്നത്. പെൻഗ്വിനിലും ഹാർപ്പറിലും ഒക്കെ എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ള കാർത്തിക വി.കെ. വെസ്റ്റ്‌ലാന്റിന്റെ പബ്ലിഷറായി രംഗത്തെത്തി. അവർ വെസ്റ്റ്‌ലാന്റിനെ പുതുക്കിപ്പണിതു. ഇന്ത്യയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പെൻഗ്വിൻ റാൻഡം ഹൗസ്, ഹാർപ്പർ കോളിൻസ്, ഹാഷെറ്റ് തുടങ്ങിയ പ്രശസ്ത പ്രസാധകരുടെനിരയിലേക്ക് ചെറിയ കാലം കൊണ്ട് വെസ്റ്റ്‌ലാന്റ് വളർന്നു. സാഹിത്യ പ്രസിദ്ധീകരണത്തിലും വൈജ്ഞാനിക പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിലും അവർ ചുവടുറപ്പിച്ചു. ഒരു കൂട്ടം വലിയ എഴുത്തുകാർ അവരോടൊപ്പം പ്രവർത്തിക്കുവാൻ തയ്യാറായി.

ഇത്രയുമാണ് പശ്ചാത്തലമായി മനസ്സിലാക്കേണ്ടത്. എന്നിട്ടു വേണം ആമസോൺ എന്തുകൊണ്ട് മുന്നറിയിപ്പുകളില്ലാതെ ഈ സ്ഥാപനം അടച്ചുപൂട്ടുന്നു എന്ന ചോദ്യത്തെ നേരിടാൻ.

ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥ

നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ എന്തു സംഭവിക്കുമ്പോഴും അതിന്റെ പിന്നാമ്പുറത്ത് ഒരു രാഷ്ട്രീയ കാരണം അന്വേഷിക്കേണ്ടതുണ്ട്. കാരണം, ഫാസിസ്റ്റു സ്വഭാവമുള്ള ഭരണാധികാരികൾ ഒന്നിനേയും നിസ്സാരമായി കാണാറില്ല. അവർ എന്തിനേയും ഭയപ്പാടോടെയാണ് നോക്കിക്കാണുന്നത്. എന്തും സംശയത്തിന്റെ കണ്ണിലൂടെയാണ് അവർ നോക്കിക്കാണുന്നത്. ശത്രുവിന്റെ വലുപ്പചെറുപ്പങ്ങൾ കണക്കാക്കാതെ ഇല്ലാതാക്കുക എന്ന നയമാണ് ഫാസിസ്റ്റുകളെ നയിച്ചുകൊണ്ടിരിക്കുന്നത്. ഇതൊക്കെ മുൻകൂട്ടി മനസ്സിലാക്കി ഇന്ത്യയിലെ കമ്പനികൾ അവസരോചിതമായി പെരുമാറാൻ ശീലിച്ചു തുടങ്ങിയിട്ടുമുണ്ട്. ഭരണകൂടത്തിന്റെ ശത്രുപക്ഷത്താവാതെ സുരക്ഷിതരാവുക എന്ന തന്ത്രപരമായ സമീപനം മിക്കവാറും വ്യവസായികൾ കൈക്കൊണ്ടു തുടങ്ങിയിട്ട് കുറച്ചു കാലമായി. ഇതിന്റെ അനുരണനങ്ങൾ പ്രസാധന രംഗത്തും അടുത്ത കാലത്തായി കണ്ടു തുടങ്ങിയിട്ടുണ്ട്. നേരത്തേ സൂചിപ്പിച്ച ഇന്ത്യയിലെ പ്രശസ്ത പ്രസാധകരെല്ലാം തീവ്രവലതുപക്ഷ സ്വാധീനത്തിന് വശംവദരായിത്തുടങ്ങിയിട്ടുണ്ട്. പെൻഗ്വിൻ - റാൻഡം ഹൗസ് പോലും സവർക്കറുടെയും ശ്യാമപ്രസാദ് മുഖർജിയുടെയും ജീവചരിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുന്നു. ആർ.എസ്.എസിനെപ്പറ്റിയുള്ള ധാരാളം പുസ്തകങ്ങൾ അവരുടെ ലിസ്റ്റിൽ നിറയുന്നു.

ഭരണകൂട താല്പര്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായി എഡിറ്റോറിയൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാവുന്ന കാഴ്ച ഇന്ത്യൻ പ്രസാധന രംഗത്തും വ്യാപകമാണ്. ഇന്ത്യയിലെ പ്രശസ്ത പ്രസാധകരെല്ലാം തീവ്രവലതുപക്ഷ സ്വാധീനത്തിന് വശംവദരായിത്തുടങ്ങിയിട്ടുണ്ട്

വി.കെ. കൃഷ്ണമേനോനും അലൻ ലെയിനും ചേർന്ന് 1930-കളിൽ ഇംഗ്ലണ്ടിൽ തുടക്കം കുറിച്ച പെൻഗ്വിൻ ബുക്‌സ് പ്രസാധക ലോകത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ഉന്നത മൂല്യബോധത്തിനും ഉയർന്ന എഡിറ്റോറിയൽ നിലവാരത്തിനും പേരുകേട്ട കമ്പനിയായിരുന്നു. അതിനൊക്കെ വേണ്ടി വലിയ നിയമ പോരാട്ടങ്ങളിൽ മടി കൂടാതെ ഏർപ്പെട്ട ചരിത്രവും അവർക്കുണ്ട്. എന്നാൽ അതേ കമ്പനിയാണ് വെൻഡി ഡോണിഗറിനെപ്പോലുള്ള ലോകപ്രശസ്തയായ ഇൻഡോളജിസ്റ്റിന്റെ Hinduism - An Alternative History എന്ന പുസ്തകം പിൻവലിച്ചുകൊണ്ട് നാണക്കേടുണ്ടാക്കിയത്. ഇന്ത്യയിലെ ഹിന്ദുത്വ വാദികളെ ഭയന്നു കൊണ്ടായിരുന്നു അത്തരമൊരു കീഴടങ്ങൽ. തുടർന്ന് അവർ എഡിറ്റോറിയൽ പോളിസികളിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറായി. സാധാരണ നിലയിൽ അവരിൽ നിന്ന് വരാത്ത നിലയിലുള്ള പുസ്തകങ്ങൾ വന്നുകൊണ്ടിരുന്നു. മറ്റൊരു ആഗോള പ്രസാധകരായ ബ്ലൂംസ്ബറിയുടെ ഇന്ത്യൻ ഡിവിഷൻ തീവ്രവലതുപക്ഷ- ഹിന്ദുത്വ ഭരണാധികാരികളുടെ ജിഹ്വയായി തരംതാണു കഴിഞ്ഞു. അമിത് ഷായുടെ ജീവചരിത്രങ്ങൾ അവരെ ഇന്ത്യൻ വിപണിയിൽ മുന്നോട്ടു പോകാൻ സഹായിക്കും എന്നവർ തിരിച്ചറിഞ്ഞു. ഹാർപ്പർ കോളിൻസ് നരേന്ദ്ര മോദി അമ്മയ്ക്കയച്ച കത്തുകൾ പ്രസിദ്ധപ്പെടുത്തി സ്വസ്ഥത കണ്ടെത്തുന്നു. ഇതാണ് നിലവിൽ ഇന്ത്യൻ പ്രസാധക രംഗത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഭരണകൂട താല്പര്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായി എഡിറ്റോറിയൽ വിട്ടുവീഴ്ചകൾക്ക് എല്ലാവരും തയ്യാറാവുന്ന കാഴ്ച.

മോദി വിമർശനങ്ങൾ

അതേ സമയം കാർത്തികയുടെ നേതൃത്വത്തിലുള്ള വെസ്റ്റ്‌ലാന്റ് ബുക്‌സ് ഈ വഴിക്കല്ല യാത്ര തുടർന്നത്. വിധേയത്വത്തിന്റെ പാത ഏറ്റെടുത്തില്ലെന്ന് മാത്രമല്ല, കടുത്ത വിമർശന ശബ്ദങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അടുത്ത കാലത്തായി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ പ്രധാനപ്പെട്ട മോദി വിരുദ്ധ / ഭരണ വിരുദ്ധ രചനകളെല്ലാം പ്രസിദ്ധീകരിച്ചത് വെസ്റ്റ്‌ലാന്റായിരുന്നു. മോദി വിമർശകനായി അറിയപ്പെടുന്ന ആമസോൺ ഉടമ ജെഫ് ബസോസിന്റെ പിന്തുണ ഇക്കാര്യത്തിലുണ്ടോ എന്നു പോലും പലരും സംശയിച്ചിരുന്നു.

ഏറ്റവും ഒടുവിൽ പുറത്തു വന്ന ചില പുസ്തകങ്ങൾ പരിശോധിക്കാം. ഹിന്ദു ദേശീയതയെപ്പറ്റി ആഴത്തിൽ പഠിച്ച ലോകപ്രശസ്ത പണ്ഡിതനായ കൃസ്റ്റഫർ ജെഫ്രലോട്ടിന്റെ Modi's lndia - Hindu Nationalism and the Rise of Ethnic Democracy എന്ന സുപ്രധാന പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിച്ചത് വെസ്റ്റ്‌ലാന്റ് ബുക്‌സാണ്. നരേന്ദ്ര മോദി എന്താണ് ഇന്ത്യയിൽ ചെയ്തു കൊണ്ടിരിയ്ക്കുന്നത് എന്നതിന്റെ പണ്ഡിതോചിതമായ ഒരു പോസ്റ്റ്‌മോർട്ടമായിരുന്നു ഈ പഠനം. തെളിവുകൾ നിരത്തിക്കൊണ്ട് ഇന്ത്യയിലിപ്പോൾ വെറും പേരിനുമാത്രമെ ജനാധിപത്യമുള്ളൂ എന്ന് സ്ഥാപിക്കുകയാണ് ഈ രചന. വളർന്നു വരുന്ന ഇസ്ലാമോഫോബിയ, തകർന്നു കൊണ്ടിരിക്കുന്ന മതേതരത്വം, വർഗ്ഗീയവത്കരിക്കപ്പെട്ട ഭരണ സംവിധാനങ്ങൾ, ഭരണകൂട പ്രഹരമേറ്റ മാധ്യമരംഗം അങ്ങനെ വിവിധ രംഗങ്ങളെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന ജെഫ്രലോട്ടിന്റെ ഈ പുസ്തകം ആഗോളതലത്തിൽ തന്നെ മോദിക്കേറ്റ പ്രഹരമായിരുന്നു. ഭൂരിപക്ഷ വംശീയ ജനാധിപത്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു എന്ന സന്ദേശമാണ് അത് ലോകത്തിന് കൊടുത്തത്.

ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടറായി 2019 വരെ പ്രവർത്തിച്ചയാളാണ് ആകാർ പട്ടേൽ. ഇന്ത്യയിലെ അറിയപ്പെടുന്ന മോദി വിമർശകനായ ആകാർ പട്ടേലിന്റെ രണ്ടു പുസ്തകങ്ങൾ വെസ്റ്റ്‌ലാന്റ് പ്രസിദ്ധീകരിച്ചു. 2020ൽ പുറത്തു വന്ന Our Hindu Rashtra - What It Is. How We Got Here എന്ന പുസ്തകവും 2021 ൽ പുറത്തു വന്ന Price of the Modi Years എന്ന പുസ്തകവും. മോദിക്കും മോദി സർക്കാരിനുമെതിരേ കടുത്ത വിമർശനങ്ങളാണ് രണ്ടു പുസ്തകങ്ങളും മുന്നോട്ടു വെക്കുന്നത്. ആദ്യ പുസ്തകം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അജണ്ടകളെ തുറന്നു കാട്ടുമ്പോൾ രണ്ടാമത്തെ പുസ്തകം മോദി സർക്കാറിന്റെ കള്ളത്തരങ്ങളെയും പൊള്ളത്തരങ്ങളേയുമാണ് തുറന്നു കാട്ടുന്നത്. Price of Modi Years-ൽ മോദി സർക്കാർ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് വസ്തുതാപരമായി അന്വേഷിക്കുകയാണ്. സർക്കാറിന്റെ പ്രൊപ്പഗാൻഡ മെഷിനിലൂടെ പ്രക്ഷേപണം ചെയ്തു പ്രചരിപ്പിക്കുന്ന കാര്യങ്ങളും യഥാർത്ഥ വസ്തുതകളും തമ്മിൽ താരതമ്യം ചെയ്യാൻ ഒരവസരമൊരുക്കുകയാണ് ഈ രചന. ഒരു ഉദാഹരണം മാത്രം നോക്കാം.

ആകാർ പട്ടേൽ, നളിൻ മേത്ത, ജോസി ജോസഫ്

2014ൽ മോദി സർക്കാർ പ്രഖ്യാപിച്ച ഒരു ഫ്‌ലാഗ് ഷിപ്പ് പ്രൊജക്റ്റാണ് Namami Ganga പ്രൊജക്റ്റ്. ഗംഗാനദി ശുദ്ധീകരണത്തിനായുള്ള ഈ പ്രൊജക്റ്റിന് രണ്ടായിരം കോടിയാണ് പ്രഖ്യാപിച്ചത്. ദേശീയ ഗ്രീൻ ട്രൈബ്യൂണലിന്റെ 2017-ലെ റിപ്പോർട്ട് പറയുന്നത് ഗംഗയിലെ ഒരു തുള്ളി വെള്ളം പോലും ഇതു പ്രകാരം ശുദ്ധമായില്ല എന്നാണ്. 2020-ൽ ഈ പ്രൊജക്റ്റിന്റെ ബഡ്ജറ്റ് 375 കോടിയായി ഗവൺമെന്റ് വെട്ടിക്കുറച്ചു. പിന്നീട് ഈ പ്രൊജകറ്റ് തന്നെ നിർത്തിവെച്ച് ജൽ ശക്തി എന്ന പുതിയൊരെണ്ണത്തിന്റെ പ്രഖ്യാപനം വന്നു. മോദി സർക്കാരിന്റെ ഇത്തരം കാപട്യങ്ങളെയാണ് ആകാർ പട്ടേൽ കണക്കുകൾ നിരത്തിക്കൊണ്ട് ഈ പുസ്തകത്തിലൂടെ തുറന്നു കാട്ടുന്നത്. മോദി ഭരണകാലത്തെ വെറുപ്പിന്റെ രാഷ്ട്രീയത്തെ തുറന്നു കാട്ടുന്ന പുസ്തകമാണ് ആഷിഷ് ഖേത്താൻ രചിച്ച Under Cover. ഇൻവെസ്റ്റിഗേറ്റിവ് ജേണലിസത്തിലൂടെ ഹിന്ദുത്വ അജണ്ടകളെ പുറത്തു കൊണ്ടുവരുന്ന ഈ പുസ്തകവും വെസ്റ്റ്‌ലാന്റാണ് പ്രസിദ്ധീകരിച്ചത്. ജോസി ജോസഫിന്റെ The Silent Coup, നളിൻ മേത്തയുടെThe New BJP എന്നിവയും വെസ്റ്റ്‌ലാന്റിലൂടെയാണ് പുറത്തു വന്നിരിക്കുന്നത്. ഇങ്ങനെ മോദിയേയും ബി.ജെ.പിയേയും വിമർശനാത്മകമായി നോക്കിക്കാണുന്ന നിരവധി പുസ്തകങ്ങൾ ഈ പ്രസാധകരുടെ ഷെൽഫിലുണ്ട്.

ഇത്തരത്തിൽ വേറിട്ടു നിൽക്കുന്ന ഒരു സ്ഥാപനം പെട്ടന്നൊരു നാൾ അടച്ചുപൂട്ടുമ്പോൾ സംശയത്തിന്റെ നിഴൽ ഭരണകൂട സമർദ്ദത്തിലേക്കും ചെന്നു നിൽക്കും. ആമസോൺ പോലുള്ള ഓൺലൈൻ വ്യവസായികൾ നടത്തുന്ന വിവിധ അന്യായങ്ങളെ ഗവൺമെന്റും സുപ്രീം കോടതിയും ചോദ്യം ചെയ്തു തുടങ്ങിയ ഒരു സമയത്താണ് ഈ കീഴടങ്ങൽ നടക്കുന്നത്. മോദിയുടെ ഇന്ത്യയിൽ നിലനില്പ് വിധേയർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്. അറിവ്, വിമർശനം എന്നിവ ഈ ഭരണകൂടത്തിന് ചതുർത്ഥിയാണ്. ആമസോൺ പോലൊരു കമ്പനി പ്രസാധന രംഗത്തു നിന്നും വിട പറയുമ്പോൾ ഇത്തരം ചില സന്ദേഹങ്ങൾ ഇന്ത്യയെ നോക്കിക്കാണുന്ന വായനക്കാരെ അലട്ടുന്നുണ്ട്.

Comments