റീത്തയുടെ പാഠങ്ങൾ

‘‘അടിയന്തരാവസ്ഥക്ക് മുമ്പ് വി.പി ഹൗസിൽ പ്രകാശിന് അനുവദിച്ച മുറിയിലേക്ക് ഞങ്ങൾ മടങ്ങിപ്പോയി. പിന്നീടുള്ള മുപ്പത്തിയേഴ് വർഷക്കാലം, 1977 മുതൽ 2014 ൽ പാർലമെന്റിൽ ഞങ്ങളുടെ പാർട്ടിയുടെ സീറ്റുകൾ വല്ലാതെ കുറയുന്നതുവരെ, ആ ഒറ്റമുറി വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്’’- സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ 1975- 85 കാലഘട്ടത്തിലെ ഓർമക്കുറിപ്പുകളുടെ സമാഹാരമായ ‘റീത്തയുടെ പാഠങ്ങൾ’ എന്ന പുസ്തകത്തിൽ നിന്നൊരു ഭാഗം. ചിന്ത പബ്ലിഷേഴ്സാണ് പ്രസാധകർ.

വിവാഹത്തിനുമുമ്പ് പ്രകാശും അമ്മയും വി.പി ഹൗസിലാണ് താമസിച്ചിരുന്നത്. വി.പി ഹൗസ് പാർലമെന്റ് അംഗങ്ങൾക്കുള്ള ഹോസ്റ്റലാണ്. ബൂർഷ്വാ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി എം. പിമാർക്ക് അനുവദിച്ചിരിക്കുന്ന താമസസ്ഥലം മുഴുവന്‍സമയ പാർട്ടി പ്രവർത്തകരുമായി പങ്കിടുന്നു. ഉദാഹരണത്തിന്, ഒരു എം.പിക്ക് ഹോസ്റ്റലിൽ മൂന്ന് മുറികൾ അനുവദിച്ചിട്ടുണ്ടെങ്കിൽ ഒന്നിൽ അവർ താമസിക്കും. മറ്റ് രണ്ടെണ്ണം പാർട്ടി പ്രവർത്തകർക്ക് നൽകും. പലപ്പോഴും ഒരു മുതിർന്ന എം.പിക്ക് അനുവദിക്കുന്ന ബംഗ്ലാവ് പലർക്കായി പങ്കുവെക്കും. ഒരേ ബംഗ്ലാവിൽ ഒന്നോ രണ്ടോ ഓഫീസ് പോലും ഉണ്ടായിരിക്കാം. കമ്യൂണിസ്റ്റ് എം.പിമാർ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാണ്. ആർക്കും സമീപിക്കാവുന്ന, ധാർഷ്ട്യമില്ലാത്ത അച്ചടക്കമുള്ള പാർട്ടി പ്രവർത്തകർ. പാർട്ടിയിലെ മറ്റുള്ളവരിൽനിന്ന് ഇവർ വ്യത്യസ്തരല്ല. ഡൽഹി 'വി ഐ പി സംസ്കാര'മുള്ള ഒരു നഗരമാണ്. അവിടെ ലാളിത്യവും വിനയവുംകൊണ്ട് കമ്യൂണിസ്റ്റ് എം. പിമാർ വേറിട്ടു നിൽക്കുന്നു. 1970 കളിൽ, പ്രത്യേകിച്ച്, ഇടതുപക്ഷത്തിന്റെ ബദൽ സംസ്കാരത്തിന്റെ മാതൃകകളായി അവർ സ്വയം കണ്ടു.

അടിയന്തരാവസ്ഥക്ക് മുമ്പ് വി.പി ഹൗസിൽ പ്രകാശിന് അനുവദിച്ച മുറിയിലേക്ക് ഞങ്ങൾ മടങ്ങിപ്പോയി. പിന്നീടുള്ള മുപ്പത്തിയേഴ് വർഷക്കാലം, 1977 മുതൽ 2014 ൽ പാർലമെന്റിൽ ഞങ്ങളുടെ പാർട്ടിയുടെ സീറ്റുകൾ വല്ലാതെ കുറയുന്നതുവരെ, ആ ഒറ്റമുറി വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്.

പ്രകാശ് കാരാട്ടും ബൃന്ദകാരാട്ടും
പ്രകാശ് കാരാട്ടും ബൃന്ദകാരാട്ടും

വടക്കൻ ഡൽഹിയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് വി പി ഹൗസിന്റെ താഴത്തെ നിലയിലുള്ള പാർട്ടി ഓഫീസിൽ കയറി സഖാവ് മേജറുമായി (ജയ്‌പാല്‍ സിംഗ്) അൽപ്പം കുശലം പറയുക എന്നത് എന്റെ പതിവ് ദിനചര്യയായിരുന്നു. അദ്ദേഹത്തോടൊപ്പം പഴഞ്ചൻ സോഫ പങ്കുവയ്ക്കാൻ എല്ലാവരും സ്നേഹത്തോടെ 'ചാച്ചാ' (അമ്മാവൻ) എന്ന് വിളിച്ചിരുന്ന സഖാവ് ഷാദിറാം എന്ന മറ്റൊരു മുതിർന്ന സഖാവും ഉണ്ടായിരിക്കും. ഒരു ദലിത് കുടുംബത്തിൽ ജനിച്ച ചാച്ച ചെറുപ്പത്തിൽ ഹരിയാനയിലെ തന്റെ ഗ്രാമം വിട്ടു ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ജലവകുപ്പിൽ ജോലിക്ക് ചേർന്നു. രണ്ട് പതിറ്റാണ്ടിലേറെയായി, വികസിച്ചുകൊണ്ടിരിക്കുന്ന നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജല വിതരണം നടത്തുന്നതിനുള്ള പൈപ്പ് ചാച്ച സ്ഥാപിച്ചതാണ്. തന്റെ ജോലിയിൽ വളരെ അഭിമാനിക്കുന്ന ചാച്ചയും അദ്ദേഹത്തിന്റെ ഭൂരിപക്ഷം ദളിത് സഹപ്രവർത്തകരും എങ്ങനെയാണ് അവരുടെ ജോലി യുടെ ഭാഗമായ അപകടങ്ങളെ നേരിട്ടതെന്ന് കേൾക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. അദ്ദേഹം വിരമിച്ചിട്ട് വളരെക്കാലമായെങ്കിലും മുനിസിപ്പൽ തൊഴിലാളികൾക്കിടയിൽ ജനപ്രിയനായി തുടർന്നു. ഡൽഹി സി ഐ ടി യു കമ്മിറ്റി പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

ചാച്ച വ്യക്തിത്വത്വമുള്ള, അന്യരോട് കരുതലുള്ള സഖാവായിരുന്നു. പ്രായോഗികമായ ഉപദേശങ്ങൾ ഉദാരമായി അദ്ദേഹം നൽകുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയെ (നല്ല ഉയരവും കരുത്തുമുള്ള സ്ത്രീ) ഞങ്ങൾ ചാച്ചിയെന്നാണ് വിളിച്ചിരുന്നത്. ഇരുവരുമായും നല്ല സ്നേഹബന്ധം എനിക്കുണ്ടായിരുന്നു. ഞങ്ങള്‍ നടത്തിയ ഒരു പ്രകടനത്തിന് ശേഷം പോലീസ് ജലപീരങ്കി പ്രയോഗിച്ചതിനാൽ ആകെ നനഞ്ഞുകുതിർന്നു കയറിവന്ന എന്നെ ഒന്ന് നോക്കിയിട്ട് ചാച്ച പറഞ്ഞു, 'റീത്ത…. നിനക്ക് പ്രാന്താണ് എന്റെ പ്രാന്തി മോൾ.'

ജയ്‌പാല്‍ സിംഗ്
ജയ്‌പാല്‍ സിംഗ്

അടിയന്തരാവസ്ഥയ്ക്കുശേഷം എ ടി എം, ഡി സി എം മേഖലകളിൽ രാഷ്ട്രീയ പ്രവർത്തനവും എന്റെ ചുമതലകളിൽ ഉൾപ്പെട്ടു. യൂണിയൻ പ്രവർത്തനത്തിന്റെ പേരില്‍ എ ടി എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ബീഹാറി തൊഴിലാളി ദയാനന്ദനെ ഞാന്‍ പരിചയപ്പെട്ടു. അടിയന്തരാവസ്ഥയിൽ അറസ്റ്റിലായി മാസങ്ങൾക്ക് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയതായിരുന്നു അയാള്‍. തൊഴിലാളികൾ താമസിച്ചിരുന്ന ആസാദ്പൂരിലെ ചേരികൾ നിറഞ്ഞ റെയിൽവേ ട്രാക്കിനരുകിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. ഞങ്ങൾ ട്രാക്കിലൂടെ നടന്നു. ദയാനന്ദനും ഇവിടെ ഒരു കുടിൽ ഉണ്ടായിരുന്നു. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തെക്കുറിച്ച് കഴിയുന്നത്ര കൂടുതൽ പഠിക്കാനും വായിക്കാനും അദ്ദേഹത്തിന് വളരെ താൽപ്പര്യമുണ്ടായിരുന്നു. രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് അദ്ദേഹം ക്ലാസെടുത്തിരുന്നു. സമകാലിക സംഭവവികാസങ്ങൾ വർഗ വീക്ഷണത്തോടെ വിശകലനം ചെയ്യുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു. ദയാനന്ദൻ ഭാര്യ ഗീതയോടൊപ്പമാണ് താമസിച്ചിരുന്നത്. ഞാനവളെ ആദ്യമായി കാണുമ്പോൾ എപ്പോഴും സാരികൊണ്ട് തല മറച്ച ഒരു ലജ്ജാശീലയായിരുന്നു, ഞാൻ അവരുടെ വീട്ടിലെ പതിവ് സന്ദർശകയായി. ഗീത എനിക്ക് ഉച്ചഭക്ഷണം തരും. വായിൽ വെള്ളമൂറുന്ന ആ ചട്ണിയുടെ രുചി ഇപ്പോഴും ഓർമയുണ്ട്. ഭക്ഷണം ലളിതവും ഏറ്റവും രുചികരവുമായിരുന്നു. പിന്നീട് ഗീത ഊർജസ്വലയായ ഒരു പാര്‍ട്ടി പ്രവർത്തകയായി വളർന്നു.

ദയാനന്ദൻ എന്നെ മറ്റ് സഖാക്കൾക്ക് പരിചയപ്പെടുത്തി: ചങ്ങൂർ, റാം നരേഷ്, രാം പ്രീത്, രാം ദുലാർ. ഇവരായിരുന്നു യൂണിയനിലെ ശക്തമായ രാഷ്ട്രീയമുണ്ടായിരുന്ന തൊഴിലാളികൾ. കിഴക്കൻ ഉത്തർപ്രദേശിൽ നിന്നുള്ളവരായിരുന്നു ഇവർ. പക്ഷേ, ഡൽഹിയിലെ ജീവിതം ചെലവേറിയതായിരുന്നതുകൊണ്ട് അവർക്ക് കുടുംബങ്ങളെ കൊണ്ടുവരാൻ കഴിഞ്ഞില്ല.. മറ്റുള്ള മില്ലുകളിലുള്ള തൊഴിലാളികളെ അപേക്ഷിച്ച് ഇവർക്കിടയിൽ പരസ്പര സൗഹൃദം കൂടുതലുള്ളതായി ഞാൻ കണ്ടു. ഭൂരഹിതരായിരുന്ന അവരെല്ലാം ദളിതരോ അങ്ങേയറ്റം പിന്നാക്ക സമുദായങ്ങളിൽ പെട്ടവരോ ആണെന്ന് ദയാനന്ദൻ എന്നോട് വിശദീകരിച്ചു.. അവരിൽ ചിലർക്ക് തുണ്ട് ഭൂമി ഉണ്ടായിരുന്നിരിക്കാം, പക്ഷേ, പാവപ്പെട്ട കുടിയേറ്റ തൊഴിലാളികൾ എന്ന നിലയിൽ സാമൂഹികവും സാമ്പത്തികവുമായ പരാധീനതകൾ അടിസ്ഥാനപരമായി ഒന്നുതന്നെയായിരുന്നു. എന്നിലും 'പ്രാദേശിക' തൊഴിലാളികളേക്കാൾ അവർക്കിടയിലെ സാംസ്കാരിക ബന്ധങ്ങൾ ശക്തമാണ്.

ഡി സി എമ്മിലെ സഖാക്കളെയും ഞാൻ പരിചയപ്പെട്ടു. ഒരാൾ നാഥു പർഷാദായിരുന്നു. യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ 1970-ൽ അദ്ദേഹത്തെ മില്ലിൽനിന്ന് പിരിച്ചുവിട്ടു. അന്നുമുതൽ മുഴുവൻ സമയ യൂണിയൻ പ്രവർത്തകനായി. അടിയന്തരാവസ്ഥക്കാലത്ത് രണ്ടു തവണ ജയിലിൽ കിടന്നു. അദ്ദേഹം ഒരു ജനകീയ നേതാവായിരുന്നു, യുവാവും ധീരനും പോരാളിയുമാണ്. മില്ലിൽനിന്ന് വളരെ അകലെയല്ലാത്ത മനക്പുരയിലെ ഒറ്റമുറി വീട്ടില്‍ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. സുന്ദരമായ കൈയക്ഷരമായതിനാൽ സ്ഥിരമായി യൂണിയൻ ബ്ലാക്ക്ബോർഡിൽ എഴുതുന്നത് നാഥു പർഷാദാണ്. ഒരു ആജീവനാന്ത കമ്യൂണിസ്റ്റായ നാഥു പർഷാദ് ഡൽഹിയിലെ ഞങ്ങളുടെ പാർട്ടിയുടെ ഒരു പ്രധാന നേതാവാണ്. എനിക്ക് ഇപ്പോഴും അദ്ദേഹവുമായി ബന്ധമുണ്ട്. ഡി സി എമ്മിലെ മറ്റൊരു മുഴുവൻ സമയ യൂണിയൻ പ്രവർത്തകൻ ബാബുലാൽ ആയിരുന്നു. ഒരു 'കാര്‍ക്കശ്യക്കാരന്‍' എന്നറിയപ്പെട്ട അദ്ദേഹം നേരത്തെ മാനേജ്‌മെന്റിന്റെ പക്ഷത്തായിരുന്നു. സി ഐ ടി യുവുമായി ബന്ധപ്പെട്ടപ്പോൾ, തൊഴിലാളികൾക്ക് വേണ്ടി യൂണിയൻ ചെയ്യുന്നത് എന്താണെന്ന് കണ്ടറിഞ്ഞപ്പോൾ, അദ്ദേഹം കൂറുമാറി ഉറച്ച യൂണിയൻ പ്രവർത്തകനായിത്തീര്‍ന്നു. അദ്ദേഹത്തെയും യൂണിയൻപ്രവർത്തനങ്ങളുടെ പേരിൽ മാനേജ്‌മെന്റ് പിരിച്ചുവിട്ടു. അദ്ദേഹം പരുക്കനാണെങ്കിൽ, ഭാര്യ സൗമ്യയായിരുന്നു. അമ്പലവാലി ഗലിയിലെ ഒരു ചെറിയ മുറിയിലാണവർ താമസിച്ചിരുന്നത്.

നേരം പുലരുമ്പോൾ യോഗങ്ങൾക്കായി യൂണിയൻ ഗേറ്റിലെത്തുക ഒരു വെല്ലുവിളിയായിരുന്നു., കാരണം ആ സമയത്ത് കുറച്ച് ബസുകളേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ഞാൻ നാഥുവിന്റെയോ ബാബുലാലിന്റെയോ വീട്ടിൽ താമസിക്കും. ചിലപ്പോൾ മുൻകൂട്ടി പറയാറുപോലുമില്ല. ഇവരുടെയും മറ്റു സഖാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും എന്നോടുള്ള കരുതലും ഔദാര്യവും തികച്ചും അകൃത്രിമവും ഹൃദയസ്പർശിയുമായിരുന്നു. 'റീത്തയെ എപ്പോഴും ശ്രദ്ധിക്കണം - എപ്പോൾ എന്ന് പറയാനാവില്ല ഒരു കപ്പ് ചായക്കോ ഭക്ഷണത്തിനോ വേണ്ടി ഒരു തൊഴിലാളിയുടെ വീട്ടിലേക്ക് വലിഞ്ഞുകയറിയെന്നിരിക്കും, മറ്റുള്ളവരെ പട്ടിണിയിലാക്കും' യൂണിയന്‍ നേതാക്കള്‍ക്കിടയിലെ തമാശയായിരുന്നു ഇത്.

(ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന ബൃന്ദ കാരാട്ടിന്റെ ‘റീത്തയുടെ പാഠങ്ങൾ’ എന്ന പുസ്തകത്തിൽനിന്നൊരു ഭാഗം. വിവർത്തനം: ആർ. പാർവതിദേവി)

Comments