പ്രസാദമധുരമായ നർമ്മം

ഡി.സി കിഴക്കെമുറിയുടെ 107 -ാം ജന്മദിനമാണിന്ന്. ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ഡീസീ ഫലിതങ്ങൾ (സമാ: അരവിന്ദൻ കെ. എസ്. മംഗലം) എന്ന പുസ്തകത്തിന്റെ ആമുഖക്കുറിപ്പാണിത്

ക്ഷരങ്ങൾക്കായി സമർപ്പിച്ച ജീവിതമായിരുന്നു ഡി.സി. കിഴക്കെമുറിയുടേത്. കേരളത്തിന്റെ സാംസ്‌കാരികഭൂമികയിൽ നിറഞ്ഞുനിന്ന ധന്യതയാർന്ന വ്യക്തിജീവിതത്തിന് ഉടമയായിരുന്നു അദ്ദേഹം. അദ്ധ്യാപകനായും സ്വാതന്ത്ര്യസമരഭടനായും പ്രസാധനകലയുടെ ആചാര്യനായും സാമൂഹിക-സാംസ്‌കാരികപ്രവർത്തകനായും അദ്ദേഹം ജീവിതം മുഴുവൻ നിറഞ്ഞുനിന്നു. തൊട്ടതെല്ലാം പൊന്നാക്കിയ കർമ്മനിരതയുടെ കൈവിരൽ ഇച്ഛാശക്തിയാൽ തീർത്ത സാംസ്‌കാരികവിസ്മയങ്ങൾ കേരളത്തിന്റെ ഈടുവയ്പുകളായി.

നാഷണൽ ബുക്​ സ്​റ്റാളും സാഹിത്യ പ്രവർത്തക സഹകരണ സംഘവും കോട്ടയം പബ്ലിക് ലൈബ്രറിയും ഡി. സി ബുക്സുമെല്ലാം ഇതിന് ഉത്തമോദാഹരണമാണ്. കേരള ഗ്രന്ഥശാലാ ഭരണസമിതി, ലിപി പരിഷ്‌കരണക്കമ്മിറ്റി, സ്മാരക സമിതികൾ, ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷൻ, സമ്പൂർണ സാക്ഷരത എന്നിങ്ങനെ സമകാലിക സാംസ്‌കാരിക ജീവിതത്തിലും സജീവചൈതന്യമാകാൻ ഡി.സി. കിഴക്കെമുറിക്കു കഴിഞ്ഞു.

പുസ്തകങ്ങളെ വില്പന നികുതിയിൽനിന്ന് ഒഴിവാക്കിക്കിട്ടാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ തിരു-കൊച്ചി സർക്കാർ അംഗീകരിച്ചതോടെ ഇന്ത്യയൊട്ടാകെ ആ നിയമം പ്രാവർത്തികമാക്കാൻ അന്നത്തെ പ്രധാനമന്ത്രി നെഹ്റു മുൻകൈയെടുത്തതും ചരിത്രം. വായനയുടെ പുഷ്‌കലമായ കാലഘട്ടത്തിന് ഇത് തുടക്കമിട്ടു. സാംസ്‌കാരികവകുപ്പിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തി പ്രഥമ ആന്റണി സർക്കാരിനെക്കൊണ്ട് അനുകൂലതീരുമാനം എടുപ്പിക്കാൻ ഡീസിക്കു കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. ഇന്ത്യയിലാദ്യമായി സാംസ്‌കാരികവകുപ്പ് കേരളസംസ്ഥാനത്താണ് നടപ്പിലാക്കിയത് എന്നതും പ്രത്യേകം ഓർക്കേണ്ടതാണ്. കേരളസർക്കാർ നടത്തിവരുന്ന ലോട്ടറിപ്രസ്ഥാനത്തിന് തുടക്കമിടാൻ ഡീസിയുടെ അനുഭവജ്ഞാനം നല്കിയ കരുത്ത് പ്രേരകമായി.

മലയാളത്തിലെ ഹാസസാഹിത്യത്തിന് മുതൽക്കൂട്ടായ ഡീസിയുടെ കറുപ്പും വെളുപ്പും വായനക്കാരുടെ പ്രിയപ്പെട്ട പംക്തിയായി മാറാൻ അധികകാലം വേണ്ടിവന്നില്ല. സമകാലികമായ രാഷ്ട്രീയജീവിതത്തെയും സംഭവബഹുലമായ ചരിത്രമുഹൂർത്തങ്ങളെയും നിസ്സംഗമായ നർമ്മഭാവത്തോടെ ആവിഷ്‌കരിച്ച് അവതരിപ്പിച്ചുപോന്ന ആ പംക്തി അരനൂറ്റാണ്ടുകാലത്തോളം മലയാളിയെ വിസ്മയിപ്പിച്ചു.

ചരിത്രത്തിനും സംസ്‌കാരത്തിനും ഒപ്പംനടന്ന ഒരാൾ എന്ന നിലയിൽ ബഹുതല സ്പർശിയായ ഒട്ടേറെ ലേഖനങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥപരമ്പരതന്നെ ഡീസീയുടേതായി പുറത്തുവന്നു. പ്രസാദാത്മകതയായിരുന്നു ആ ലേഖനങ്ങളുടെ മുഖമുദ്ര. നർമ്മം തുളുമ്പിനില്ക്കുന്ന സൂക്ഷ്മനിരീക്ഷണങ്ങൾ, വ്യക്തിചിത്രങ്ങൾ, കണ്ടതും കേട്ടതുമായ നിരവധി കാര്യങ്ങൾ എല്ലാം കാലത്തിന്റെ സൂക്ഷ്മസ്പന്ദങ്ങളായി ആ കൃതികളിൽ അടയാളപ്പെട്ടുകിടക്കുന്നു. ദിവാൻഭരണം നിലനിന്ന കലുഷിതകാലഘട്ടത്തിൽനിന്ന് സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ രാഷ്ട്രീയസ്വത്വത്തിലേക്ക് നടന്നടുക്കുന്ന സൂക്ഷ്മഗ്രാഹിയായ ഒരു ചരിത്രാന്വേഷകന്റെ പ്രതിസ്പന്ദങ്ങൾ ഡീസീ എന്ന തൂലികാനാമത്തിൽ പുറത്തുവന്ന ആദ്യകാലകൃതികളിൽ കാണാം. എലിവാണം (1948), കുറ്റിച്ചൂൽ (1955), മെത്രാനും കൊതുകും (1955) എന്നിവയാണ് ആ കൃതികൾ.
ഡീസിയുടെ എലിവാണം എന്ന ആദ്യകൃതി 1948 ജൂണിൽ പുറത്തുവന്നപ്പോൾ മംഗളോദയം മാസികയിൽ കേസരി എ. ബാലകൃഷ്ണപിള്ള എഴുതിയ ഗ്രന്ഥനിരൂപണം ശ്രദ്ധേയമായി. (പിന്നീട് ഇത് എലിവാണത്തിന്റെ പുതിയ പതിപ്പിൽ ഉൾപ്പെടുത്തി.): ‘‘ഭാഷയുടെ ലഘുആക്ഷേപ (satire)
സാഹിത്യലോകത്ത് ഈ.വി.യുടെയും സഞ്ജയന്റെയും അഭാവം വലിയൊരു വിടവ് ജനിപ്പിച്ചിരുന്നു. ഇതു മുഴുവൻ നികത്തുവാൻ പര്യാപ്തമായതും സർ. സി.പി.യുടെ ഭരണത്തിന്റെ അന്ത്യകാലത്തെയും സ്റ്റേറ്റ് കോൺഗ്രസ് ഭരണത്തിന്റെ ആരംഭകാലത്തെയും തിരുവിതാംകൂറിലെ രാഷ്ട്രീയകാര്യങ്ങളെ പ്രതിപാദിക്കുന്നതുമായ ഡീസിയുടെ പ്രകൃതഗ്രന്ഥത്തിലെ മിക്ക ലേഖനങ്ങളും ലഘുആക്ഷേപത്തിന് വളരെ നല്ല ഉദാഹരണങ്ങളാണ്.''

1981-ൽ പുതിയ പതിപ്പായി പുറത്തുവന്ന മെത്രാനും കൊതുകും എന്ന ഡീസീകൃതിയുടെ അവതാരികയിൽ പ്രൊഫ. ആനന്ദക്കുട്ടൻ ഇപ്രകാരം കുറിച്ചിട്ടു: ‘‘ഡീസി ഇന്ന് ഫലിതവ്യവസായത്തിൽനിന്ന് പാടേ അകന്ന് പുസ്തകവ്യവസായത്തിൽ ചെന്നുപെട്ടു. അതുകൊണ്ട് പുസ്തകവ്യവസായത്തിന് ലാഭമുണ്ടായി. ചേതം പറ്റിയത് ഫലിതസാഹിത്യത്തിനാണ്. രണ്ടുംകൂടി പൊരുത്തപ്പെടുത്തിക്കൊണ്ടുപോകാൻ ഒരു പോംവഴി കണ്ടേ തീരു. അങ്ങനെയൊന്ന് തീരുമാനിച്ച് പ്രാവർത്തികമാക്കാൻ ഡീസിക്കുതന്നെയാവും സാമർത്ഥ്യം. അദ്ദേഹം ഇനിയും അമാന്തിക്കാതിരി
ക്കട്ടെ...''

അക്ഷരങ്ങളെയും പുസ്തകങ്ങളെയും ജീവാത്മാവായും പരമാത്മാവായും കരുതിയ ഡി സി കിഴക്കെമുറി എന്ന പ്രതിഭാധനന് അക്ഷരങ്ങളും പുസ്തകങ്ങളും ഇല്ലാത്ത ലോകം ചിന്തിക്കാൻ കഴിയുമോ? അദ്ദേഹത്തിന്റെ പില്ക്കാലരചനകൾ ഫലിതസാഹിത്യത്തിനു മാത്രമല്ല, നമ്മുടെ സാംസ്‌കാരികചരിത്രത്തിനും മുതൽക്കൂട്ടായി.

എഴുത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് 1981 മുതലാണ്. 1986-ൽ പ്രസിദ്ധപ്പെടുത്തിയ ‘എന്നെ വെറുതെ വിടരുത്' എന്ന ലേഖനസമാഹാരം അതിനു സാക്ഷ്യം വഹിക്കുന്നു. 1984 ഒടുവിലാണ് കുങ്കുമംവാരികയിൽ ‘ചെറിയ കാര്യങ്ങൾ മാത്രം' എന്ന പംക്തി ആരംഭിച്ചത്​. നീണ്ട 14 വർഷങ്ങൾ അതു തുടർന്നു. 1998 ഒക്ടോബർ 2-ന് എഴുതിയ ‘നാടുകടത്തലിന് 88, ഭൗതികാവശിഷ്ടത്തിന് അമ്പതും' എന്ന ലേഖനത്തോടെ അതിനു പരിസമാപ്തിയാകുന്നു. തീർത്തും ശയ്യാവലംബിയായ ഏതാനും മാസങ്ങൾ ഒഴിച്ച് അക്ഷരങ്ങളും പുസ്തകവും ജീവവായുപോലെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കുങ്കുമ ത്തിലെ ലേഖനപരമ്പര 1987 മുതൽ പുസ്തകരൂപത്തിൽ പുറത്തുവന്നു. 22 പുസ്തകങ്ങൾ, സാംസ്‌കാരികകേരളത്തിന്റെ ഹൃദയത്തുടിപ്പുകൾ രേഖപ്പെടുത്തിവയ്ക്കാൻ ഇതിലൂടെ കഴിഞ്ഞു എന്നതാണ് പ്രധാനനേട്ടം.

‘പത്രം പുസ്തകം ഉപദേശിയും' (ഈ പരമ്പരയിലെ 3-ാമത്തെ ഗ്രന്ഥം) എന്ന സമാഹാരത്തിന്റെ ആമുഖമായി പറയുന്ന ഒരു കാര്യത്തിലേക്കു കടക്കാം:
‘ഒരു വലിയ പത്രാധിപർ എന്റെ പുസ്തകങ്ങൾ റഫറൻസ് ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ വച്ചിരിക്കുകയാണ്, എന്നു പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. അദ്ദേഹം പറയുന്നത് മറ്റെങ്ങും കിട്ടാനില്ലാത്ത വിവരങ്ങൾ എന്റെ പുസ്തകങ്ങളിലുണ്ടെന്നാണ്. എങ്കിൽ നന്ന് എന്നേ എനിക്കു പറയാനുള്ളൂ. നമ്മുടെ നാട്ടിൽ നടക്കുന്ന സാംസ്‌കാരിക സംഭവങ്ങളിൽ കുറേയെല്ലാം എന്റെ ലേഖനങ്ങളിൽ പ്രതിഫലിക്കുന്നുണ്ടാവാം. അതിനെപ്പറ്റി പറയുന്നിടത്ത് സ്വല്പം മധുരവുംകൂടി ചേർക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എങ്കിലും സത്യം 95 ശതമാനത്തിൽ കുറയരുതെന്ന നിർബന്ധവും പാലിക്കാതിരുന്നിട്ടില്ല.'

ഡീസി സാർ സൂചിപ്പിച്ച ആ മധുരമുണ്ടല്ലോ, സ്വർണത്തിന് സുഗന്ധമെന്നപോലെ അദ്ദേഹത്തിന് സ്വതസ്സിദ്ധമായിരുന്ന വരസിദ്ധി. പ്രസാദമധുരമായ നർമ്മംതന്നെയാണത്. ഋഷിതുല്യമായ ഒരു മനസ്സിന്റെ പാതിവിടർന്ന ചിരി അതിൽ കാണാം. ഇവയിൽ കളിയും കാര്യവുമെല്ലാമുണ്ട്. അതെല്ലാം അദ്ദേഹത്തിന്റെ ലേഖനപരമ്പരയിൽനിന്ന് അടർത്തിയെടുത്ത് ഇവിടെ സ്വരുക്കൂട്ടി വയ്ക്കുന്നു. ചിന്തനീയവും ആനന്ദദായകവുമായ കുറിപ്പുകൾ! അവ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. ‘കറുപ്പും വെളുപ്പും' എന്ന സുവിദിതമായ പംക്തിയിലൂടെ നിർവഹിക്കപ്പെട്ടതും അതുതന്നെ ആയിരുന്നല്ലോ.

Comments