ആധുനിക ലോകചരിത്രം 1492- ൽ കൊളമ്പസിൻ്റെ അമേരിക്ക ‘കണ്ടുപിടുത്ത’ത്തിൽ ആരംഭിക്കുന്നതായി ചരിത്ര പാഠപുസ്തകങ്ങൾ പറയുന്നു. കൊളമ്പസിനെയും വാസ്കോ ഡ ഗാമയെയും പോലെ സാഹസികരും ജ്ഞാനകുതുകികളുമായ നാവികർ നടത്തിയ വാണിജ്യയാത്രകൾ വൻകരകളെ തമ്മിൽ കോർത്തിണക്കിയപ്പോൾ ആധുനിക ലോകം പിറക്കുകയായി.
എന്നാൽ കൊളമ്പസിനെ പോലുള്ള നാവികരെ അവരുടെ സാഹസികമായ അതിദീർഘ കടൽയാത്രകളിലേക്കു നയിച്ച ചരിത്ര സാഹചര്യങ്ങളെപ്പറ്റി അധികമൊന്നും നാമറിയുന്നില്ല. ഇരുണ്ട മധ്യയുഗത്തിനെ ഭേദിച്ച് അറിവിൻ്റെയും അനുഭവത്തിൻ്റെയും വാണിജ്യ വിഭവങ്ങളുടെയും വൻകരകൾ തേടി അതിസാഹസികർ നടത്തിയ അന്വേഷണങ്ങൾ ആധുനിക ലോക നിർമ്മിതിയുടെ അടിത്തറ പണിതു എന്നു നാം ധരിക്കുന്നു.
ലോകത്തെ മാറ്റിമറിച്ച കണ്ടുപിടുത്തങ്ങളുടെ കപ്പലോട്ടങ്ങൾ, അതിലൂടെ സംഭവിച്ച യൂറോപ്യൻ കോളനിവൽക്കരണം, ആധുനിക രാഷ്ട്രീയ സമ്പദ്ക്രമം, അതിൻ്റെ ഭാഗമായി രൂപപ്പെട്ട ദർശനങ്ങൾ, അതിൽ ഉറച്ച നമ്മുടെ ഇന്നത്തെ കാഴ്ചപ്പാടുകൾ- ഇവയുടെ കാരണങ്ങൾ തേടി ചരിത്രപുസ്തകങ്ങളിലൂടെയുള്ള സഞ്ചാരത്തിൽ അസാധാരണമായ ഒരു പുസ്തകം വായിക്കാനിടയായി: ബെൽജിയൻ ചരിത്രകാരനായ ചാൾസ് വെർലിൻഡൻ (Charles Verlinden 1907–1996) 1970- ൽ എഴുതിയ പുസ്തകത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷ; ‘The Beginnings of Modern Colonization: Eleven Essays with an Introduction’.
ചാൾസ് വെർലിൻഡൻ The Beginnings of Modern Colonization: Eleven Essays with an Introduction എന്ന പുസ്തകം കോളനിവൽക്കരണത്തെ അതിർത്തി - വാണിജ്യ വ്യാപനങ്ങൾ എന്ന ചിരപുരാതന ലക്ഷ്യത്തിലേക്കു ചുരുക്കി അതിനെ മാനവചരിത്രത്തിൻ്റെ സ്വാഭാവികതയായി കാണാൻ പ്രേരിപ്പിക്കുന്നില്ല.
മധ്യകാല ചരിത്രകാരനായ ചാൾസ് വെർലിൻഡൻ, 16-ാം നൂറ്റാണ്ടിൽ ആരംഭിച്ച യൂറോപ്യൻ കോളനിവൽക്കരണത്തിൻ്റെ വേരുകൾ തേടി പിന്നിലേയ്ക്കു പോകുമ്പോൾ ആധുനിക യുഗത്തെയും മധ്യകാലത്തെയും വേർതിരിക്കുന്ന ചരിത്രമതിലുകൾ തകർന്നു വീഴുകയായി. കേവലം വാണിജ്യപാതകൾ തേടിയുള്ള ധീര സാഹസിക നാവികയാനകളുടെ അനന്തരഫലമല്ല കോളനിവൽക്കരണം എന്നു നാം തിരിച്ചറിയുന്നു. അതിൻ്റെ ഉറവിടങ്ങൾ മധ്യകാലഘട്ടത്തിൽ നാം കണ്ടെത്തുന്നു. മെഡിറ്ററേനിയൻ ഭൂമേഖലകളിൽ രൂപംകൊണ്ട ഇറ്റാലിയൻ നഗരറിപ്പബ്ലിക്കുകളിലും അവയെ നിയന്ത്രിച്ചിരുന്ന ജനോവീസ്, (Genoese) വെനീഷ്യൻസ് (Venetians) വർത്തകസംഘങ്ങളിലും നാം എത്തിച്ചേരുന്നു.
അറ്റ്ലാൻ്റിക് കൊളോണിയലിസത്തിൻ്റെ പരിശീലനക്കളരിയായിരുന്നു മധ്യകാലഘട്ടത്തിൽ ഇറ്റാലിയൻ ധനികവ്യാപാരികളാൽ പടുത്തുയർത്തിയ മെഡിറ്ററേനിയൻ കൊളോണിയലിസം. ഇപ്രകാരം ചരിത്രത്തിൽ സംഭവപരമ്പരങ്ങളുടെ ഒരു തുടർച്ചാസിദ്ധാന്തം (Continuity Thesis) വെർലിൻഡൻ അവതരിപ്പിക്കുന്നു. കണ്ടുപിടുത്തങ്ങളുടെ യുഗം എന്നത് പൊടുന്നനെ സംഭവിച്ചതല്ല. ധീരസാഹസികരായ ഏതാനും വ്യക്തികളോ ഏതെങ്കിലും വൻകരയോ മാത്രമായി സൃഷ്ടിക്കുന്നതല്ല ലോകചരിത്രം. 16-ാം നൂറ്റാണ്ടിൽ അമേരിക്കാ വൻകരകളിൽ ആരംഭിച്ച സ്പാനിഷ് -പോർച്ചുഗീസ് കോളനിവാഴ്ച, 15-ാം നൂറ്റാണ്ടിൽ തന്നെ പ്രായപൂർത്തിയായതും വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ ദ്വീപസമൂഹങ്ങളായ കനാറിയിലും (Canary) മെഡീറയിലും (Madeira ) സംഘടിപ്പിച്ച ഒന്നാം അറ്റ്ലാൻ്റിക് കോളനിവൽക്കരണത്തിൻ്റെ യൗവ്വനയുക്തമായ പുതിയ എഡിഷനായി വെർലിൻഡൻ കാണുന്നു.

15-ാം നൂറ്റാണ്ടിലെ ആദ്യ അറ്റ്ലാൻ്റിക് കോളനികളുടെ സ്ഥാപനമാകട്ടെ, കുരിശുയുദ്ധങ്ങളോടെ (1095-1291) മെഡിറ്റനേറിയൻ ഭൂമികളിൽ ഇറ്റാലിയൻ വർത്തക റിപ്പബ്ലിക്കുകൾ ഏർപ്പാടാക്കിയ കോളനിവൽക്കരണത്തിൻ്റെ തന്നെ വിപുലീകൃത രൂപമാണ്. അതായത് മെഡിറ്റനേനിയൻ ദ്വീപുകളിൽ ബാല്യവും കിഴക്കൻ അറ്റ്ലാൻ്റികിൽ കൗമാരവും പിന്നിട്ടാണ് പടിഞ്ഞാറേ അറ്റ്ലാൻ്റികിൽ കൊളമ്പിയൻ കോളനിയുഗത്തിൻ്റെ യൗവ്വനം ആഘോഷിക്കപ്പെടുന്നത്. കോളനിവൽക്കരണത്തിൻ്റെ ബാല്യകൗമാരങ്ങളുടെ മധ്യകാല ചരിത്രമാണ് വെർലിൻഡൻ്റെ ഈ കൃതി. പ്രാചീന റോമൻ റിപ്പബ്ലിക് ഘട്ടത്തിൽ ഇതിൻ്റെ ശൈശവ ദശയും നമുക്കു കണ്ടെത്താൻ കഴിയും.
കോളനിവൽക്കരണത്തിൻ്റെ
ലക്ഷ്യവും പദ്ധതികളും
ആധുനിക കോളനിവൽക്കരണത്തിൻ്റെ ലക്ഷ്യങ്ങളായി പൊതുവേ ചരിത്രപുസ്തകങ്ങൾ ആവർത്തിക്കുന്നത് രണ്ടു കാര്യങ്ങളാണ്: വാണിജ്യവും അതിർത്തി വ്യാപനവും ( trade and territorial expansion). പോർച്ചുഗീസ്, സ്പാനിഷ്, ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് വാണിജ്യ സംഘങ്ങൾ വിപണികൾക്കുവേണ്ടി നടത്തിയ മത്സരത്തിൽ, ആ രാഷ്ട്രങ്ങൾ അവയുടെ ആധിപത്യാതിർത്തികൾ ഇതര വൻകരകളിലേക്കു വ്യാപിപ്പിച്ചു സാമ്രാജ്യങ്ങളായി മാറുന്നു. അതിർത്തികൾ വിപുലമാക്കുന്നതിനുള്ള യുദ്ധങ്ങളും വിപണിമത്സരങ്ങളും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒരുപക്ഷേ, ചരിത്രത്തിൻ്റെ ഏറ്റവും സാധാരണമായ ചാലകശക്തികളെന്നു പോലും ഇവയെ അവതരിപ്പിക്കാറുണ്ട്. കോളനിവൽക്കരണത്തെയും ഇതേ കാറ്റഗറിയിൽ തന്നെ കണ്ടാൽ മതിയെന്ന ശാഠ്യം ചരിത്രപുസ്തകളിലൂടെ നിർമ്മിക്കപ്പെട്ടിരിക്കുന്നു. എന്നാൽ, വെർലിൻഡൻ്റെ പുസ്തകം കോളനിവൽക്കരണത്തെ അതിർത്തി - വാണിജ്യ വ്യാപനങ്ങൾ എന്ന ചിരപുരാതന ലക്ഷ്യത്തിലേക്കു ചുരുക്കി അതിനെ മാനവചരിത്രത്തിൻ്റെ സ്വാഭാവികതയായി കാണാൻ പ്രേരിപ്പിക്കുന്നില്ല.
ചാൾസ് വെർലിൻഡൻ്റെ പഠനം കോളനിവൽക്കരണത്തിൻ്റെ തുടർച്ച അവതരിപ്പിക്കുന്നതോടൊപ്പം അതിനായി രൂപം കൊണ്ട സ്ഥാപനങ്ങളുടെ - വാണിജ്യ കമ്പനികൾ, ഇൻഷ്വറൻസ് സംവിധാനങ്ങൾ, അടിമത്ത വ്യവസ്ഥ, നിയമപരിരക്ഷകൾ, ഭൂവുടമാ രീതികൾ- ഘടനപരമായ സാമ്യവും വളർച്ചയും വിശദമായി അവതരിപ്പിക്കുന്നുണ്ട്.
കച്ചവടവും അതിർത്തി വ്യാപനവും എന്നതിനേക്കാൾ പ്ലാൻ്റേഷൻ കോളനികൾ നിർമ്മിക്കുന്നതിന് പറ്റിയ മണ്ണും കാലാവസ്ഥയും തേടിയുള്ള മധ്യകാല യാത്രയുടെ അനന്തരഫലമാണ് ആധുനിക കോളനിവൽക്കരണം (colonization എന്ന വാക്കിൻ്റെ നിഷ്പത്തി to cultivate, to put to use, to make of value എന്നിങ്ങനെ അർത്ഥമുള്ള colere എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്). കാർഷികമായ പുതിയൊരു ഉല്പാദന പ്രക്രിയയും അതിനു വേണ്ട രാഷ്ട്രീയ- സാമ്പത്തിക സംഘാടനവുമാണത്. മാർക്കറ്റിനു മാത്രമായിട്ടുള്ള ചരക്കുല്പാദനത്തിൻ്റെ പ്രാഥമിക കാർഷിക രൂപമാണ് പ്ലാൻ്റേഷൻ കോളനികൾ. മുതലാളിത്ത ചരക്കുല്പാദനത്തിൻ്റെ പ്രാഗ്‌രൂപമാണത്. അതിൻ്റെ ഭാഗമായി പുതിയതായി രൂപപ്പെട്ട രാഷ്ട്രീയ ഘടനകൾ, പുതിയ നിയമസംവിധാനങ്ങൾ, വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ, അധ്വാനവ്യവസ്ഥകൾ, എന്നിവയുടെ സംഘാടനത്തിലാണ് ആധുനിക ലോകം കെട്ടിപ്പടുത്തിരിക്കുന്നത്.
കുരിശുയുദ്ധങ്ങൾക്കുശേഷം കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശങ്ങളായ ലെവാൻ്റിലും സൈപ്രസിലും ക്രീറ്റിലും മറ്റും കരിമ്പുകൃഷിയുടെ ഏകവിളത്തോട്ടങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ഇറ്റാലിയൻ വ്യാപാരമൂലധനത്താൽ സംഘടിപ്പിക്കപ്പെടുന്നതോടെ പ്ലാൻ്റേഷൻ കോളനികളുടെ മധ്യകാലയുഗം പിറന്നുവെന്നു പറയാം. യൂറോപ്യൻ ഉപരിവർഗ്ഗങ്ങളുടെ അന്നത്തെ ആഢംബര വിഭവമായ പഞ്ചസാര യഥേഷ്ടം മാർക്കറ്റിൽ ലഭ്യമാക്കുക എന്നതായിരുന്നു കരിമ്പു കോളനികളുടെ സ്ഥാപനലക്ഷ്യം.
കുരിശുയുദ്ധങ്ങൾ അന്തിമമായി ഗുണം ചെയ്തത് അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളും വിഭവങ്ങളും സമ്പത്തും സംഘടിപ്പിച്ചു കൊടുത്ത ഇറ്റാലിയൻ നാവിക റിപ്പബ്ലിക്കിലെ വെനീഷ്യൻ, ജനോവീസ് വ്യാപാരശക്തികൾക്കാണ്. കുരിശുയുദ്ധങ്ങളിൽ പിടിച്ചെടുത്ത ഭൂപ്രദേശങ്ങളും നഗരപട്ടണങ്ങളും വണിക് സംഘങ്ങൾക്ക് വിട്ടുകൊടുക്കാൻ അവരോട് സാമ്പത്തിക വിധേയത്വത്തിലായ യൂറോപ്യൻ ഫ്യൂഡൽ രാഷ്ട്രീയ ഘടകങ്ങൾ നിർബ്ബന്ധിതമായി. വിശുദ്ധഭൂമിയെന്ന ജറുസലേം പിടിച്ചെടുക്കാൻ നടത്തിയ കുരിശുയുദ്ധങ്ങൾ സൈനികമായും രാഷ്ട്രീയമായും ലക്ഷ്യം കാണാതെ കശാലിച്ചെങ്കിലും യുദ്ധം മൂലം വന്നു ചേർന്ന സാമ്പത്തിക ധ്രുവീകരണത്താൽ മെഡിറ്ററേനിയൻ പ്രദേശത്തെ അധീശശക്തികളായി ഇറ്റാലിയൻ നാവിക വ്യാപാര റിപ്പബ്ലിക്കുകൾ മാറിത്തീർന്നു. അങ്ങനെയാണ് ഇവർ തങ്ങളുടെ സമ്പത്ത് കരിമ്പു പ്ലാൻ്റേഷനുകളുടെ നിർമ്മാണത്തിലേക്ക് തിരിച്ചുവിടുന്നത്.

മെഡിറ്ററേനിയൻ വാണിജ്യശക്തികൾ തമ്മിലുള്ള വിപണി ആധിപത്യ മത്സരം കരിമ്പിൻ പ്ലാൻ്റേഷനുകൾക്ക് പറ്റിയ ഉഷ്ണമേഖല കാലാവസ്ഥാ പ്രദേശങ്ങൾ പരതുന്നതിലേക്ക് അവരെ നയിക്കുന്നുണ്ട്. അങ്ങനെയാണ് മെഡിറ്ററേനിയൻ കടലിൽ നിന്ന് അറ്റ്ലാൻ്റിക് മഹാസമുദ്രത്തിലേക്ക് പ്ലാൻ്റേഷൻ ഭൂമികൾ തേടി അവർ എത്തുന്നത്. 14-ാം നൂറാണ്ടിൽ തന്നെ ജനോവീസ് വ്യാപാരികൾ പോർച്ചുഗലിനെ തങ്ങളുടെ രാഷ്ട്രീയ താവളമാക്കുകയുണ്ടായി. 15ാം നൂറ്റാണ്ടിൽ പോർച്ചുഗീസ്, സ്പാനിഷ് രാഷ്ട്രീയാധികാരങ്ങളും ജനോവീസ് സമ്പത്തും കൈകോർത്ത് കിഴക്കൻ അറ്റ്ലാൻ്റികിലെ രണ്ടു ദ്വീപുകൾ -കനാറിയും മെഡീറയയും കരിമ്പിൻ പ്ലാൻ്റേഷനുകൾ കോളനികളായി ഉയർന്നു വന്നു. അവിടേക്കു പണിയെടുക്കാൻ അടിമകളെ പിടിക്കാൻ പോർച്ചുഗീസ് കപ്പലുകൾ വടക്കൻ ആഫ്രിക്കയിലെത്തി.
പിന്നീട്, പ്ലാൻ്റേഷൻ വ്യാപനത്തിൻ്റെ മൂന്നാംഘട്ടത്തിനായി മണ്ണും സമ്പത്തും കണ്ടെത്തുന്നതിനുള്ള നാവികയാത്രയിൽ ഇറ്റാലിയൻ വണിക്കുകളുടെ മുതൽ മുടക്കും ഐബീരിയൻ രാഷ്ട്രങ്ങളുടെ പതാകയും പേറി കൊളമ്പസ് അമേരിക്കയിലും ഗാമ ഇന്ത്യയിലും എത്തിച്ചേർന്നു. തുടർന്ന് ഉഷ്ണമേഖലാ പ്രദേശങ്ങൾ - മധ്യ അമേരിക്ക, കരീബിയൻ ദ്വീപുകൾ, തെക്കേ അമേരിക്ക, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, വടക്കേ ആസ്ത്രേലിയ - മിക്ക ഭാഗങ്ങളും, കരിമ്പിൽ തുടങ്ങി പരുത്തി, പുകയില, തേയില, കാപ്പി, റബ്ബർ എന്നിങ്ങനെ നാനാജാതി പ്ലാൻ്റേഷൻ സമ്പദ്ഘടനയും അതിൻ്റെ സെറ്റിൽമെൻ്റ് കോളനികളുമായി അഞ്ചു നൂറ്റാണ്ടുകൾ കൊണ്ടു മാറിമറിഞ്ഞു.
ചാൾസ് വെർലിൻഡൻ്റെ പഠനം കോളനിവൽക്കരണത്തിൻ്റെ തുടർച്ച അവതരിപ്പിക്കുന്നതോടൊപ്പം അതിനായി രൂപം കൊണ്ട സ്ഥാപനങ്ങളുടെ - വാണിജ്യ കമ്പനികൾ, ഇൻഷ്വറൻസ് സംവിധാനങ്ങൾ, അടിമത്ത വ്യവസ്ഥ, നിയമപരിരക്ഷകൾ, ഭൂവുടമാ രീതികൾ- ഘടനപരമായ സാമ്യവും വളർച്ചയും വിശദമായി അവതരിപ്പിക്കുന്നുണ്ട്. ഉദാഹരണമായി അധിനിവേശ ഭൂമികളിൽ വ്യാപാരത്തെ രാഷ്ട്രീയവൽക്കരിച്ച ട്രേഡിംഗ് പോസ്റ്റുകൾ (ഫാക്ടറികൾ) അലക്സാണ്ട്രിയയിലും കോൺസ്റ്റാൻ്റിനേപ്പിളിലും ഇറ്റാലിയൻ വ്യാപാരികൾ സ്ഥാപിച്ചതിൻ്റെ പിൻതുടർച്ച മറ്റു യൂറോപ്യൻ രാജ്യങ്ങൾ ഏറ്റെടുത്തതാണ് 1500- ൽ കബ്രാൾ കോഴിക്കോട് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് കോട്ട. അവ ഒരു ഭരണപ്രദേശത്തെ വ്യവസ്ഥകൾക്കു വിധേയമാകാത്ത അതീത അധികാര സ്ഥാപനങ്ങളായി നിലനിന്നു. പ്രാദേശികമായി ആരംഭിച്ച മധ്യകാല മെഡിറ്ററേനിയൻ പ്ലാൻ്റേഷൻ പരീക്ഷണങ്ങളുടെ ആഗോള പ്രയോഗവേദിയായി ആധുനിക ലോകത്തെ വെർലിൻഡൻ അവതരിപ്പിക്കുന്നു.
സാമ്പ്രദായിക ഇടതുപക്ഷ വിലയിരുത്തൽ പോലെ മുതലാളിത്തത്തിൻ്റെ അനന്തരഫലമായി കൊളോണിയലിസത്തെ കാണുന്നില്ല എന്നതാണ് വെർലിൻഡൻ്റെ സവിശേഷത. മുതലാളിത്ത വ്യവസ്ഥയുടെ ആവിർഭാവത്തിനു മുമ്പും കൊളോണിയൽ ഘടനയെ അദ്ദേഹം കണ്ടെത്തുന്നു. എന്നാൽ മുതലാളിത്തത്തെയും കൊളോണിയലിസത്തെയും വ്യത്യസ്തങ്ങളായ ചരിത്രധാരകളെന്നു വെർലിൻഡൻ കാണുന്നുണ്ട് ("Capitalism and colonization are therefore two distinct historical, economic, and social phe- nomena, and the emotional values that might be assigned to one have nothing to do with the other"). ഇത് മുതലാളിത്തം യൂറോപ്പിൽ ആന്തരികമായി വികസിച്ച സാമൂഹ്യ- സാമ്പത്തിക ക്രമമാണെന്ന ഇടതും ഒപ്പം യൂറോ -സെൻട്രിക്കുമായ ചിന്തയെ പ്രതിഫലിപ്പിക്കുന്നുണ്ട്. അതായത്, കൊളോണിയലിസത്തെ മാർക്സിസ്റ്റു രീതിയിൽ നിന്നും മാറി മനസ്സിലാക്കുന്ന വെർലിൻഡൻ മുതലാളിത്തത്തെ പറ്റി പറയുമ്പോൾ അതേ ചിന്തയിലേക്കു തന്നെ ചെന്നു പതിക്കുന്നു.
മുതലാളിത്തത്തിൻ്റെ വളർച്ചയായിട്ടല്ല കൊളോണിയലിസം വരുന്നതെങ്കിൽ മധ്യകാല കൊളോണിയൽ മാതൃകകൾ അറ്റ്ലാൻ്റികിൽ പൂർവ്വ മുതലാളിത്തമായി രൂപപ്പെടുന്നതാണ് നാം കാണുന്നത്. തുടർന്ന് ചരക്കുല്പാദനത്തിൻ്റെ കാർഷിക രൂപമായ പ്ലാൻ്റേഷൻ എന്ന പ്രാന്ത രാഷ്ട്രീയ - സാമ്പത്തിക വ്യവസ്ഥ മുതലാളിത്ത ഉല്പാദന ക്രമത്തിലേക്ക് യൂറോപ്പിനെ മാറ്റിത്തീർക്കുകയാണുണ്ടായത്. അതായത്, ഉഷ്ണമേഖലാ ഭൂമികളിൽ അടിമത്തവും പ്ലാൻ്റേഷൻ മൂലധനവും സമന്വയിക്കുന്ന പൂർവ്വ മുതലാളിത്ത ഘടനയിൽ നിന്നാണ് യൂറോപ്പിൽ കൂലിത്തൊഴിലും ഫാക്ടറി മൂലധനവും സമന്വയിക്കുന്ന മുതലാളിത്ത ചരക്കുല്പാദന വ്യവസ്ഥ ഉണ്ടാകുന്നതെന്ന് വെർലിൻഡൻ്റെ പഠനങ്ങളെ മുന്നോട്ടു കൊണ്ടു പോയാൽ നമുക്കു വിശദീകരിക്കാൻ കഴിയും.
ഉഷ്ണമേഖലാ ഭൂമികളിൽ അടിമത്തവും പ്ലാൻ്റേഷൻ മൂലധനവും സമന്വയിക്കുന്ന പൂർവ്വ മുതലാളിത്ത ഘടനയിൽ നിന്നാണ് യൂറോപ്പിൽ കൂലിത്തൊഴിലും ഫാക്ടറി മൂലധനവും സമന്വയിക്കുന്ന മുതലാളിത്ത ചരക്കുല്പാദന വ്യവസ്ഥ ഉണ്ടാകുന്നതെന്ന് വെർലിൻഡൻ്റെ പഠനങ്ങളെ മുന്നോട്ടു കൊണ്ടു പോയാൽ വിശദീകരിക്കാൻ കഴിയും.
മുതലാളിത്തത്തിൻ്റെ സവിശേഷതകളിൽ പ്രധാനമായത് വിപണി സമ്പദ്ഘടനയുടെ വളർച്ച വഴി സംഭവിക്കുന്ന ഉപഭോഗത്തിൻ്റെ ജനകീയവൽക്കരണമാണ്. അറ്റ്ലാൻ്റികിൽ വ്യാപിച്ച കരിമ്പിൻ കോളനികൾ മൂന്നു നൂറ്റാണ്ടു കൊണ്ട് പഞ്ചസാരയെ യൂറോപ്പിൻ്റെ ജനകീയ ഭക്ഷ്യ വിഭവമാക്കി മാറ്റി. പഞ്ചസാര ഉപഭോഗത്തിലെ ഈ ജനകീയവൽക്കരണം യൂറോപ്പിലെ മുതലാളിത്ത വളർച്ചയോടു കടപ്പെട്ടിരിക്കുന്നുവെങ്കിൽ, യൂറോപ്പിലെ മുതലാളിത്ത വളർച്ചയുടെ മൂലധന സമാഹരണം ഉഷ്ണമേഖലാ പ്ലാൻ്റേഷൻ കോളനികളിലെ പ്രാഗ് മുതലാളിത്ത കാർഷിക ചരക്കുല്പാദനത്തോട് കടപ്പെട്ടിരിക്കുന്നു.
വെർലിൻഡൻ നൽകുന്ന തുടർച്ചാസിദ്ധാന്തം കോളനിവാഴ്ചയിൽ നിന്നും മറ്റു ചില ബന്ധങ്ങളിലേക്കും കൂടി നമുക്കു വ്യാപിപ്പിക്കാവുന്നതാണ്. മെഡിറ്ററേനിയനിൽ നിന്ന് അറ്റ്ലാൻ്റികിലേക്കെത്തിയപ്പോൾ പ്ലാൻ്റേഷൻ കോളനി കേന്ദ്രീകൃതമായ പരമാധികാര ഭരണവ്യവസ്ഥയും വംശീയവാദവും
നിർബ്ബന്ധിത ചരക്കുല്പാദനത്തിൻ്റെ ആഗോള വ്യവസ്ഥയായി ഗുണപരമായി പരിണമിച്ചു. ഇന്നത്തെ പബ്ലിക് - പ്രൈവറ്റ് പാർട്ട്ണർഷിപ്പിൻ്റെ സമ്പൂർണ്ണ മാതൃക അതിലുണ്ട്. അതായത് ഇറ്റാലിയൻ നാവിക വ്യാപാരമൂലധനം അതിൻ്റെ വളർച്ചക്ക് തങ്ങളുടെ ചെറിയ നഗരറിപ്പബ്ലിക്കുകളെ കൈവിടുകയും പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ വലിയ രാജഭരണ രാഷ്ട്രീയ രൂപങ്ങളെ സ്വീകരിക്കുകയും, അവയെ പ്ലാൻ്റേഷൻ കോളനികളുടെ യജമാന്മാരാക്കി മാറ്റി പരമാധികാര രാഷ്ട്രങ്ങളാക്കി പരിവർത്തിപ്പിക്കുകയും ചെയ്തു. മാത്രമല്ല രാജഭരണത്തിൻ്റെ ഈ പരമാധികാര രാഷ്ട്രങ്ങൾ കോളനിവാഴ്ചയുടെ വിജയഘട്ടത്തിൽ റിപ്പബ്ലിക്കുകളായി പഴയ ഇറ്റാലിയൻ നഗര റിപ്പബ്ലിക്കുകളെ അനുകരിക്കുകയും അതോടെ കോളനിവാഴ്ച പൂർവ്വാധികം ഊർജ്ജസ്വലമാക്കുകയും ചെയ്തു.

പ്രാചീന റോമൻ രാജ്യം രാജഭരണം വെടിഞ്ഞു റിപ്പബ്ലിക് ആയപ്പോഴാണ് അത് വലിയ പടയോട്ടങ്ങളിലൂടെ സാമ്രാജ്യമായതും അതിനു നിരവധി കാർഷിക കോളനികൾ ഉണ്ടായതും. ഇതിൻ്റെ തുടർച്ച പിന്നീട് ചരിത്രത്തിൽ കാണുന്നത് മധ്യകാല ഇറ്റാലിയൻ നഗരറിപ്പബ്ലിക്കുകളിൽ പ്ലൻ്റേഷൻ വാണിജ്യശക്തികളുടെ രൂപത്തിലാണ്. ആധുനിക യൂറോപ്പ് അതിൻ്റെ കോളനിയുഗം തുടങ്ങുമ്പോൾ മുതൽ എല്ലാ വിധത്തിലും മാതൃകയാക്കിയത് റിപ്പബ്ലിക്കൻ റോമാസാമ്രാജ്യത്തെയാണ്. ബ്രിട്ടണും ഫ്രാൻസും തങ്ങളുടെ കോളനിയുഗ ഉച്ചാവസ്ഥയിൽ റിപ്പബ്ലിക്കൻ ആശയങ്ങൾ കൈക്കൊണ്ടു. അതോടൊപ്പം സ്വന്തം നാട്ടിലും കോളനികളിലും റോമാ സാമ്രാജ്യത്തിൻ്റെ അതേ വാസ്തുശില്പ ശൈലിയിൽ ഭരണസ്ഥാപനങ്ങൾ പണിതു; എല്ലാ വിധത്തിലും തങ്ങൾ റോമിൻ്റെ അനന്തരാവകാശികളെന്നു ഊറ്റം കൊണ്ടു. രാജഭരണം കൈയൊഴിഞ്ഞ് നാട്ടിലെ ധനാഢ്യർ ജനങ്ങളുടെ പേരിൽ ഭരണം കൈയാളുന്നതാണ് യഥാർത്ഥത്തിൽ റിപ്പബ്ലിക്.
ഈ വിധത്തിൽ ആധുനിക ലോകത്തിൻ്റെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ നിരവധി പുനരാലോചനകളിലേക്ക് ചവിട്ടിക്കയറാനുള്ള അടിത്തറ ഒരുക്കുന്നുണ്ട് ചാൾസ് വെർലിൻഡൻ എഴുതിയ ‘ആധുനിക കൊളോണിയലിസത്തിൻ്റെ ആരംഭം’.
