പുസ്തകത്തിന്റെ സ്വതന്ത്രജീവിതത്തിന്
വായനക്കാരെ സ്വതന്ത്രരാക്കുകയാണ് വേണ്ടത്

ഉപഭോക്താവ് എന്ന നിലയിൽ നിന്ന് പൗരരായും അഭിപ്രായ സ്വാതന്ത്ര്യമുള്ള വ്യക്തികളായും വായനക്കാരെ സ്വതന്ത്രരാക്കുക എന്ന ശ്രമമാണ് പുസ്തകത്തിന്റെ സ്വതന്ത്രജീവിതം ആരെങ്കിലും കാംക്ഷിക്കുന്നുണ്ടെങ്കിൽ, അവർ ആരംഭിക്കേണ്ടത്- പി.എൻ. ഗോപീകൃഷ്ണൻ എഴുതുന്നു.

പുസ്തകം എന്ന് നാം വിളിക്കുന്ന, ഏടുകളുടെ അടരുകളാൽ നിബിഡമായ ഒന്ന് സംഭവിച്ചതെങ്ങനെ എന്നോർക്കാറുണ്ട്. ഏതെങ്കിലും ഒരു വസ്തുവിനോട് അതിന്റെ ആകൃതിയേയും പ്രകൃതിയേയും സദൃശപ്പെടുത്താമെങ്കിൽ, അത്ഭുതം തോന്നും, സംഗീതോപകരണങ്ങളോടാണ്. ഹാർമോണിയമോ അക്കോർഡിയനോ പോലുള്ള ഒരു കാറ്റുപകരണമെന്ന്, അതിന്റെ ധർമ്മമറിഞ്ഞില്ലെങ്കിൽ, അതിനെ തെറ്റിദ്ധരിച്ചേക്കാം. ആ ഏടുകൾ മറിക്കുമ്പോൾ കാതിന് കേൾക്കാൻ കഴിയാത്ത ആവൃത്തിയിൽ ധൈഷണികതയുടേയോ ഭാവനയുടേയോ സംഗീതം ഉയരണമെന്ന് പുസ്തകത്തിന്റെ രൂപകല്പിതാക്കൾ ആഗ്രഹിച്ചിട്ടുണ്ടാകും.

പുസ്തകം എന്ന രൂപത്തിന്റെ പരിപൂർണ്ണതയെക്കുറിച്ച് ചൂണ്ടിക്കാട്ടിയത് ഉംബെർട്ടോ എക്കോ ആണ്. ‘ഇത് പുസ്തകത്തിന്റെ അവസാനമല്ല’ എന്നു പേരുള്ള പുസ്തകത്തിൽ, പ്രസിദ്ധ തിരക്കഥാകൃത്തായ ഴാങ്ങ് പോൾ കരീരിയോട്, എക്കോ ഉറപ്പിച്ച് ഇക്കാര്യം പറയുന്നുണ്ട്. ചക്രം പോലെ, കത്രിക പോലെ പരിപൂർണ്ണമായ കണ്ടുപിടിത്തം. അതിൽ പരിഷ്ക്കരണങ്ങൾ കൊണ്ടുവരിക എളുപ്പമല്ല.

ഉംബെർട്ടോ എക്കോ
ഉംബെർട്ടോ എക്കോ

തുറക്കാനും അടയ്ക്കാനും അതിൻ്റേതായ സവിശേഷതകളുള്ള പുസ്തകം എന്ന വസ്തുവിൽ, ആഖ്യാനത്തിന്റെ കാലം സവിശേഷമായി അടക്കം ചെയ്യാൻ ഏടുകളുടെ വിന്യാസത്തിന് കഴിയും. ആ അർത്ഥത്തിൽ അത് കാലത്തെ പിടിച്ചുവെയ്ക്കുന്നു. മറ്റൊരർത്ഥത്തിൽ നോക്കിയാൽ അക്ഷരങ്ങളും വാക്കുകളും ഖണ്ഡികകളും ചിഹ്നങ്ങളും വിളയുന്ന സ്ഥലമാണത്. സ്ഥലവും കാലവും പ്രത്യേക രീതിയിൽ ചേർന്നിരിക്കുന്നതിനേയാണ് നാം പ്രപഞ്ചമെന്ന് വിളിക്കുന്നത്. അപ്പോൾ പുസ്തകം ഒരു പ്രപഞ്ചമാകുന്നു. ഇങ്ങനെ പുസ്തകത്തിനെ ഉള്ളിൽ കാണാൻ കഴിഞ്ഞതുകൊണ്ടാകണം അന്ധതയിലേയ്ക്ക് പോയ്ക്കൊണ്ടിരിക്കുമ്പോഴും, മഹാനായ ബോർഹേസിന് പ്രപഞ്ചത്തെ അനന്തമായ ഒരു ഗ്രന്ഥശാലയായി കാണാൻ കഴിഞ്ഞത്.

പുസ്തകത്തിന് ഇന്ത്യയിൽ സവിശേഷമായൊരു സാംസ്കാരിക ചരിത്രം കൂടിയുണ്ട്. ഇന്ത്യയിൽ തനതായ ധൈഷണികതയും ആധുനികമായ ഭാവനയും രൂപം കൊണ്ട ചരിത്രവുമായി വലിയ തോതിൽ ബന്ധപ്പെട്ടു കിടക്കുന്നു അത്. ഒരു ഇന്ത്യൻ ഗുമസ്തപ്പടയെ സൃഷ്ടിക്കാനാണ് ബ്രിട്ടീഷുകാർ വിദ്യാഭ്യാസ സമ്പ്രദായം ബ്രിട്ടീഷിന്ത്യയിൽ തുടങ്ങിവെച്ചത്. എന്നാൽ ഇന്ത്യയിലെ മത, ജാതി തനത് അസംബന്ധതകളെ നേരിടാനും, ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ തന്നെ നേരിടാനും വിദ്യാഭ്യാസം സഹായിച്ചു. വിദ്യാഭ്യാസം എന്ന പ്രത്യയശാസ്ത്ര ഉപാധിയെ അത് പ്രദാനം ചെയ്ത ഉപകരണങ്ങൾ വെച്ചു തന്നെ നേരിടുന്ന അപൂർവ്വമായ സാഹചര്യം ഇന്ത്യയിലുണ്ടായി.

രാജാറാം മോഹൻ റോയിയിൽ നിന്നാരംഭിച്ച ബംഗാളി നവോത്ഥാനം എങ്ങനെയാണ് ഇന്ത്യയിൽ തനത് ധൈഷണികതയെ വളർത്തിയത് എന്ന് ഡോ. കെ .എൻ. പണിക്കർ തന്റെ കൾച്ചർ, ഐഡിയോളജി ആൻറ് ഹെജിമണി എന്ന പുസ്തകത്തിലെ ഒന്നിൽ കൂടുതൽ ലേഖനങ്ങളിൽ സൂക്ഷ്മാപഗ്രഥനം നടത്തുന്നുണ്ട്. റാം മോഹൻ റോയ് അതുവരെ ഇന്ത്യൻ സാംസ്കാരിക ജീവിതത്തിൽ, പ്രത്യേകിച്ച് ഹിന്ദു സാംസ്കാരികജീവിതത്തിൽ, പ്രധാന പങ്കുവഹിച്ചിരുന്ന, മുകളിൽ നിന്ന് താഴേയ്ക്ക് പ്രവർത്തിക്കുന്ന ദൈവസങ്കല്പത്തെ പ്രശ്നവല്ക്കരിച്ചു. മൃദുവും സൂക്ഷ്മവുമായ ഭാഷയിൽ അദ്ദേഹം ദൈവത്തിന്റെ അസ്തിത്വത്തെ വരെ ചോദ്യം ചെയ്തു. എന്നാൽ മനുഷ്യരിൽ നന്മയെക്കുറിച്ചും തിന്മയെക്കുറിച്ചുമുള്ള ബോധം അങ്കുരിപ്പിക്കുമെങ്കിൽ, ദൈവസങ്കല്പം നിലനിൽക്കുന്നതിൽ അപാകതകളില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദൈവം ഒരു സാമൂഹ്യ, സാംസ്കാരിക സങ്കല്പനം ആണെന്നാണ് അദ്ദേഹം പറയാതെ പറഞ്ഞത്. അദ്ദേഹത്തിന്റെ പിൻഗാമികളായ അക്ഷയ് കുമാർ ദത്തും യങ്ങ് ബംഗാൾ പ്രസ്ഥാനക്കാരും പ്രകോപനപരമായി തന്നെ സംസ്കാരത്തിൽ ഇടപെടാൻ തുടങ്ങി.

സോഷ്യൽ മീഡിയ വിപണനത്തിലൂടെ മുന്നേറാവുന്ന ഒന്നായി പുസ്തകത്തിന്റെ വിതരണത്തെ കാണുന്ന കാഴ്ചപ്പാട് വായനാലോകത്തിൽ നിരന്തരം അടിച്ചേല്പിക്കപ്പെടുന്നു.

ഇങ്ങനെ, മാർക്സിന്റെ ഭാഷയിൽ പറഞ്ഞാൽ സാമൂഹിക വിമർശനത്തിന്റെ ആദ്യപടിയായ മതവിമർശനം ഈ വിദ്യാഭ്യാസം ലഭിച്ച ബംഗാളികൾ വലിയ തോതിൽ മുന്നോട്ടു കൊണ്ടുപോകുകയുണ്ടായി. പതുക്കെ പതുക്കെ ഈ മതവിമർശനം സാമൂഹിക വിമർശനമായി മാറുകയുണ്ടായി. ബങ്കിം ചന്ദ്രന്റെ 'സമ്യ' എന്ന പ്രബന്ധമാണ് പണിക്കർ എടുത്തുകാണിക്കുന്നത്. ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന മൂന്ന് വൈരുദ്ധ്യങ്ങളെ ബങ്കിം ചന്ദ്രൻ ചൂണ്ടിക്കാണിച്ചു. വെള്ളക്കാരും സ്വദേശി മനുഷ്യരും തമ്മിൽ, ഉയർന്ന ജാതിക്കാരും നീചജാതിക്കാരും തമ്മിൽ, പണമുള്ളവരും ഇല്ലാത്തവരും തമ്മിൽ.
ബംഗാളിൽ നിന്നാരംഭിച്ച ഈ ആധുനിക ധൈഷണികത വളരെത്താമസിയാതെ ബോംബെ പ്രൊവിൻസിലേയ്ക്കും വ്യാപിക്കുന്നുണ്ട്. ഈ ധൈഷണികതയെ സംവാദമായി വളർത്തിയെടുത്തത് അച്ചടിയുടെ അനന്തരഫലമായ പത്രങ്ങളും പത്രികകളും പുസ്തകങ്ങളുമാണ്.

ജാതിവിരുദ്ധത നാരായണഗുരുവിൽ ആധുനിക രൂപം പ്രാപിക്കുന്നുണ്ട്. അതിനെ സകലസ്പർശിയായി നാരായണഗുരു വികസിപ്പിച്ചെടുക്കുന്നുണ്ട്. കുമാരനാശാനെപ്പോലൊരു കവി മലയാളത്തിൽ പിറവിയെടുക്കുന്നത് ഇങ്ങനെയാണ്.
ജാതിവിരുദ്ധത നാരായണഗുരുവിൽ ആധുനിക രൂപം പ്രാപിക്കുന്നുണ്ട്. അതിനെ സകലസ്പർശിയായി നാരായണഗുരു വികസിപ്പിച്ചെടുക്കുന്നുണ്ട്. കുമാരനാശാനെപ്പോലൊരു കവി മലയാളത്തിൽ പിറവിയെടുക്കുന്നത് ഇങ്ങനെയാണ്.

ഇന്ത്യയിലെ ധൈഷണിക, ഭാവനാചരിത്രങ്ങളുടെ സമാന്തരമായ മറ്റൊരു വഴിയും പുസ്തകത്തിലെത്തുന്നുണ്ട്. അത് കീഴാള ധൈഷണിക, ഭാവനകൾ ആണ്. കേരളത്തെ സംബന്ധിച്ച് അതിന് പ്രാധാന്യം കൂടും. ഭക്തി പ്രസ്ഥാനകവികൾ എക്കാലത്തും ഉയർത്തിപ്പിടിച്ചിരുന്ന ജാതിവിരുദ്ധത നാരായണഗുരുവിൽ ആധുനിക രൂപം പ്രാപിക്കുന്നുണ്ട്. അതിനെ സകലസ്പർശിയായി നാരായണഗുരു വികസിപ്പിച്ചെടുക്കുന്നുണ്ട്. ആശാനെപ്പോലൊരു കവി മലയാളത്തിൽ പിറവിയെടുക്കുന്നത് ഇങ്ങനെയാണ്. അവയും പുസ്തക രൂപത്തിൽ ചെന്നു പറ്റുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ ഏതെങ്കിലും തരത്തിലുള്ള പ്രതി സംസ്കാരബോധം ആവഹിക്കുന്ന പുസ്തകങ്ങൾ, പുതുതായി കൈവന്ന സാക്ഷരതാബോധത്തിൽ വിഹരിക്കാൻ തുടങ്ങി. അവയുടെ പരിമിതി, സാക്ഷരതാസമൂഹത്തിൽ മാത്രമേ അതിന് വ്യാപരിക്കാൻ കഴിഞ്ഞുള്ളൂ എന്നതാണ്. എന്നാൽ കവിഞ്ഞൊഴുകാനും പുസ്തകങ്ങൾക്ക് കഴിയും എന്നും ഇക്കാലം തെളിയിക്കുന്നുണ്ട്. ദൃശ്യ, ശ്രാവ്യ അനുബന്ധ പ്രവർത്തനങ്ങളിലൂടെ പുസ്തകങ്ങൾ സാക്ഷരതയുടെ പരിമിതി അതിജീവിച്ചു. ആശാന്റെ കവിതകൾ കഥാപ്രസംഗമായും നാടകമായും കവിഞ്ഞൊഴുകി. അക്ഷരമറിയാത്തവരിലും അവ ഏതെങ്കിലും തരത്തിൽ എത്തിച്ചേർന്നു.

പുസ്തകങ്ങളുടെ ഈ പ്രതിസംസ്കാര സംഭരണ സ്വഭാവമാണ് സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയൊട്ടാകെ വ്യാപിച്ചത്. പ്രസാധനസംരംഭങ്ങൾ അതിനെ ആഭ്യന്തര വിപണിയുമായി ഘടിപ്പിക്കാൻ ശ്രമിച്ചു. അത് സാമ്പത്തിക വിജയങ്ങളെ സമ്മാനിച്ചുവെങ്കിലും സാംസ്‌കാരിക വിജയങ്ങളെ സമ്മാനിച്ചില്ല. സ്വന്തം ജീവിതത്തെപ്പറ്റിയും സ്വന്തം രാജ്യത്തെക്കുറിച്ചുമുള്ള എല്ലാത്തരം അപഗ്രഥനങ്ങളും അന്വേഷണങ്ങളും ആശങ്കകളും പേറിയതും പൂരിപ്പിച്ചതും പ്രതിസംസ്ക്കാര ചിന്തകൾ ഉൾക്കൊള്ളാൻ കഴിവുള്ള പുസ്തകങ്ങളാണ്.

പുസ്തകങ്ങളുടെ പ്രതിസംസ്കാര സംഭരണ സ്വഭാവമാണ് സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയൊട്ടാകെ വ്യാപിച്ചത്.
പുസ്തകങ്ങളുടെ പ്രതിസംസ്കാര സംഭരണ സ്വഭാവമാണ് സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയൊട്ടാകെ വ്യാപിച്ചത്.

കേരളത്തിലെങ്കിലും ഗ്രന്ഥശാലകൾ ധൈഷണികതകളുടേയും ഭാവനകളുടേയും അനൗദ്യോഗിക സരണികളായി പ്രവർത്തിച്ചു. ജനതയുടെ ധാർമികവും നൈതികവുമായ നിലയുടെ അളവുകോൽ ഒരർത്ഥത്തിൽ ഈ പ്രതിസംസ്കാര പുസ്തകങ്ങളായിരുന്നുവെന്ന് പറയാം. അക്കാലത്തിന് മുമ്പും പിമ്പുമായി രൂപവത്ക്കരിക്കപ്പെട്ട എല്ലാ ആധുനിക സംഘടനാ രൂപങ്ങളുടേയും കേന്ദ്രത്തിൽ ഒരു പുസ്തകം ഉണ്ടായിരുന്നു. ഉത്കണ്ഠയുടെ ഓരോ ഘട്ടങ്ങളിലും അത് പകുത്ത് വായിക്കപ്പെട്ടു. പുതിയ പുതിയ വിശദീകരണങ്ങളുണ്ടായി. മാർക്സിസത്തിന്റെ സംഘടനാ രൂപങ്ങളിൽ നിന്ന് മാർക്സിന്റെ കൃതികൾ എടുത്തുമാറ്റുന്നത് അക്കാലത്ത് ചിന്തിക്കാൻ പറ്റില്ലായിരുന്നു. നെഹ്രുവിയൻ സാമ്പത്തികശാസ്ത്രത്തിന്റെ ഒത്ത നടുക്ക് ഹാരോൾഡ് ലാസ്കിയുടെ ആശയങ്ങൾ ഉണ്ടായിരുന്നു.

കമ്പോളലോകത്തിൽ ധൈഷണികതയുടേയും ഭാവനയുടേയും ചരിത്രം നിലച്ചോ എന്ന് ചോദിച്ചാൽ, ഇല്ല എന്നു​തന്നെയാണ് ഉത്തരം. എന്നാൽ അത്തരം വായനകളെ പൊതുലോകത്തിൽ നിന്ന് അക്കാദമിക ലോകത്തേയ്ക്ക് വെട്ടിമാറ്റിയൊതുക്കാൻ കമ്പോളത്തിന് കഴിഞ്ഞു.

1980-കളിൽ അമേരിക്കൻ ഐക്യനാടുകൾ റൊണാൾഡ് റീഗനും ബ്രിട്ടൻ മാർഗരറ്റ് താച്ചറും ഭരിക്കുന്ന കാലത്താണ് ആഗോളവത്ക്കരണം എന്ന് നാം വിളിച്ച മുതലാളിത്തത്തിന്റെ പുതിയ ഘട്ടം ആരംഭിക്കുന്നത്. 1990- കളിൽ ഇന്ത്യയിലും ആ ഘട്ടം ആരംഭിച്ചു. കമ്പോളമാണ് സ്വാതന്ത്ര്യത്തിന്റെ ഉന്നതരൂപം എന്ന ആശയമായിരുന്നു പ്രാരംഭഘട്ടത്തിൽ ആഗോളവത്ക്കരണത്തിന്റെ കാതൽ. ഫ്രീഡ്രിച്ച് വോൺ ഹയേക്കിന്റെ ‘അടിമത്തത്തിലേയ്ക്കുള്ള പാത’ ( The Road to Serfdom) എന്ന പുസ്തകമാണ് ആഗോളവത്ക്കരണത്തിന്റെ ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. കമ്പോളത്തിൽ ഭരണകൂടത്തിന്റെ ചെറിയ രീതിയിലുള്ള ഇടപെടൽ പോലും വലിയ ദുരന്തങ്ങൾ വരുത്തിവെയ്ക്കും എന്നായിരുന്നു പ്രസിദ്ധ ദാർശനികനായ വിറ്റ് ഗെൻ സ്റ്റൈനിന്റെ അടുത്ത ബന്ധു കൂടിയായ ഹയേക്കിന്റെ ദർശനം. എന്നാൽ ഈ പുസ്തകം പുറത്തുവരുന്ന കാലത്ത് മുതലാളിത്തത്തിന്റെ ഓമന സാമ്പത്തിക ശാസ്ത്രജ്ഞൻ ജോൺ മേനാർഡ് കെയ്ൻസ് ആയിരുന്നു. കെയ്നീഷ്യൻ സാമ്പത്തിക ശാസ്ത്രത്തിൽ നിന്നും തുലോം വിഭിന്നമായിരുന്നു ഹയേക്കിന്റെ സമീപനം. ഹിറ്റ്ലർക്കും സ്റ്റാലിനും ബദലായിട്ടാണ് ഹയേക്ക് തന്റെ സിദ്ധാന്തം അവതരിപ്പിച്ചത്.

മാർക്സിസത്തിന്റെ സംഘടനാരൂപങ്ങളിൽ നിന്ന് മാർക്സിന്റെ കൃതികൾ എടുത്തുമാറ്റുന്നത് അക്കാലത്ത് ചിന്തിക്കാൻ പറ്റില്ലായിരുന്നു.
മാർക്സിസത്തിന്റെ സംഘടനാരൂപങ്ങളിൽ നിന്ന് മാർക്സിന്റെ കൃതികൾ എടുത്തുമാറ്റുന്നത് അക്കാലത്ത് ചിന്തിക്കാൻ പറ്റില്ലായിരുന്നു.

ചിക്കാഗോയിലെ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന മിൽട്ടൺ ഫ്രീഡ്മാനും കൂട്ടരുമാണ് ഹയേക്കിന്റെ സിദ്ധാന്തങ്ങൾ ഏറ്റെടുത്തത്. ചിക്കാഗോ ബോയ്സ് എന്നറിയപ്പെടുന്ന മിൽട്ടൺ ഫ്രീഡ്മാന്റെ ശിഷ്യർ സാൽവദോർ ആയേന്ദയെ വധിച്ച് അധികാരത്തിലേറിയ അഗസ്റ്റോ പിനോഷയുടെ ചിലിയിലേക്ക് ക്ഷണിക്കപ്പെടുന്നു. ചിലി എന്ന പരീക്ഷണശാലയിൽ, സൈനിക ഏകാധിപത്യത്തിന് കീഴിലുള്ള രാജ്യത്തിൽ, പരീക്ഷിച്ച് വിജയിച്ച ആഗോളവത്ക്കരണത്തിനെ റീഗൻ - താച്ചർ ദ്വയം ഏറ്റെടുക്കുന്നു. അങ്ങനെ ലോകത്തെമ്പാടുമുള്ള രാജ്യങ്ങൾ മിക്കതും, സോവിയറ്റ് ബ്ലോക്കിന്റെ തകർച്ചയ്ക്കു ശേഷം, കമ്പോള സാമ്പത്തികതയെ ഏറ്റെടുക്കുന്നു. ആശയസംവാദങ്ങളുടേയും പ്രതി സംസ്കാര ചർച്ചകളുടേയും കാലം സാമാന്യമായി അവസാനിച്ചെന്നും കമ്പോള കേന്ദ്രിത ലോകത്തിലെ ചില ക്രമീകരണങ്ങൾ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രത്യയശാസ്ത്രങ്ങൾ മാത്രമേ നിലനിൽക്കുകയുള്ളൂ എന്നുമുള്ള ദർശനം കമ്പോള സാമ്പത്തികതയ്‌ക്കൊപ്പം പ്രചരിക്കപ്പെടുകയും ചെയ്യുന്നു. സാങ്കേതിക വിപ്ലവങ്ങളുടെ ഫലമായുണ്ടായ ഡാറ്റ കളക്ഷനെയാണ് പലപ്പോഴും ഈ വിപണി വ്യവസ്ഥ ലോകം എന്ന് വിശേഷിപ്പിക്കുന്നത്.

മാർക്കറ്റിങ്ങും പരസ്യവും പുസ്തകത്തിന്റെ രണ്ട് ചിറകുകളായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു.

തിരിഞ്ഞുനോക്കുമ്പോൾ കാണാവുന്നത്, കമ്പോള സാമ്പത്തിക വ്യവസ്ഥയുടെ ഗുണഫലങ്ങൾ ഏറ്റവുമധികം അനുഭവിക്കുന്ന കോർപ്പറേറ്റുകളെ താങ്ങിനിർത്തുന്നത് ഭരണകൂടങ്ങളാണ് എന്ന വസ്തുതയാണ്. സോവിയറ്റ് ബ്ലോക്ക് വിപണിയിൽ ഇടപെട്ടതിലും എത്രയോ അധികമാണ് ഇന്ന് ലോകത്തിലെ ഭരണകൂടങ്ങൾ കമ്പോള വ്യവസ്ഥയെ താങ്ങിനിർത്താൻ ഇടപെടുന്നത്. ഹയേക്ക് സ്വപ്നം കണ്ട സ്വതന്ത്ര കമ്പോളം ഇന്ന് ലോകത്തൊരിടത്തും ഇല്ല. ഭരണകൂടങ്ങൾ അനുവദിച്ചു നൽകുന്ന സൗജന്യങ്ങളിലും നയങ്ങളിലുമാണ് ഇത് നിലനിൽക്കുന്നത്. ഡാറ്റകൾ കൊണ്ട് നുണ പറയാൻ പഠിച്ചു എന്നതാണ് ഇക്കാലത്തെ സാമ്പത്തിക ശാസ്ത്രത്തിന്റെ ചുരുക്കം. 2006- ലെ മാന്ദ്യം എന്ന് നുണപ്പേരിട്ട് വിളിക്കുന്ന തകർച്ചയെ സ്വതന്ത്ര കമ്പോള വ്യവസ്ഥ അതിജീവിച്ചത് വിവിധ ഭരണകൂടങ്ങൾ കണക്കിൽപ്പെടാത്ത കറൻസികൾ അടിച്ചു തള്ളിക്കൊണ്ടാണ്. സോവിയറ്റ് ബ്ലോക്കോ നെഹ്റുവിയൻ കേന്ദ്രിത ആസൂത്രണവ്യവസ്ഥയോ പൊതുമേഖലയെ സംരക്ഷിക്കാൻ ചെലവഴിച്ച പണത്തിന്റെ എത്രയോ മടങ്ങാണ് കമ്പോളവ്യവസ്ഥയെ സംരക്ഷിക്കാനായി ചെലവഴിച്ചത്.

നെഹ്റുവിയൻ യുഗത്തിൽ പുസ്തകം എന്നത്  ആശയസംവാദങ്ങളുടെ പ്രഭവം എന്ന നിലയിൽ വീക്ഷിക്കപ്പെട്ടിരുന്നെങ്കിൽ കമ്പോളയുഗത്തിൽ അതിനെ കാണുന്നത് കമ്പോളത്തിന്റെ മത്സരാന്തരീക്ഷത്തിൽ വിജയിച്ചു നിൽക്കാനുള്ള കെല്പിനെ മാത്രമാണ്.
നെഹ്റുവിയൻ യുഗത്തിൽ പുസ്തകം എന്നത് ആശയസംവാദങ്ങളുടെ പ്രഭവം എന്ന നിലയിൽ വീക്ഷിക്കപ്പെട്ടിരുന്നെങ്കിൽ കമ്പോളയുഗത്തിൽ അതിനെ കാണുന്നത് കമ്പോളത്തിന്റെ മത്സരാന്തരീക്ഷത്തിൽ വിജയിച്ചു നിൽക്കാനുള്ള കെല്പിനെ മാത്രമാണ്.

സ്വതന്ത്ര കമ്പോള വ്യവസ്ഥ കൊണ്ടുവന്ന പ്രധാനപ്പെട്ട മാറ്റം, ഇന്ത്യയെ പോലുള്ള രാജ്യത്തെ വികസ്വര രാഷ്ട്രമായി കാണുന്ന സകല്പനത്തിന് പകരം ഉണരുന്ന കമ്പോളമായി (Emerging Market) മാറ്റിയെഴുതി എന്നതാണ്. അതായത് ഇന്ത്യയെ ഒരു പുസ്തകമായി കണക്കാക്കാമെങ്കിൽ ആ പുസ്തകം എഴുതിയിരിക്കുന്നത് എത്ര അക്ഷരങ്ങൾ കൊണ്ടാണ് എന്ന് എണ്ണിത്തിട്ടപ്പെടുത്തുന്നതാണ് യഥാർത്ഥ വായന എന്ന വ്യത്യാസം അത് കൊണ്ടുവന്നു. എണ്ണം മാത്രമായി പ്രാധാന്യം. അക്ഷരങ്ങൾ ചേർന്നുള്ള വാക്കുകൾ, വാക്കുകൾ ചേർന്നുള്ള വാക്യങ്ങൾ, കുത്തുകൾ, കോമകൾ, അർത്ഥം, ഇതിനെല്ലാമപ്പുറമുള്ള അതിന്റെ സംവാദശേഷി, ഭാവനയുടേയും ധൈഷണികതയുടേയും പാരമ്പര്യത്തോട് അതിന്റെ പുതിയ ഇടപെടലുകൾ, അവയുടെ ഭാവി സങ്കല്പനങ്ങളെ വാർത്തെടുക്കൽ- എല്ലാം ഡാറ്റയിൽ മൂടിവെയ്ക്കപ്പെടുന്നു. പുസ്തകങ്ങളുടെ വിജയത്തിന്റെ അളവുകോൽ അതിന്റെ വിപണി വിജയം എന്ന ഒരേ ഒരു മാനദണ്ഡത്തെ ആസ്പദിച്ചാകുന്നു. പുസ്തകം ഉണ്ടാക്കിയ ഉള്ളടക്കം എന്ന ആശയം എടുത്തുകളയപ്പെടുന്നു. ജനതയിൽ നിന്ന് സമൂഹം എന്ന ആശയം എടുത്തു കളയും പോലെ. അതോടെ നെഹ്റുവിയൻ യുഗത്തിൽ പുസ്തകം എന്നത് ആശയസംവാദങ്ങളുടെ പ്രഭവം എന്ന നിലയിൽ വീക്ഷിക്കപ്പെട്ടിരുന്നെങ്കിൽ കമ്പോളയുഗത്തിൽ അതിനെ കാണുന്നത് കമ്പോളത്തിന്റെ മത്സരാന്തരീക്ഷത്തിൽ വിജയിച്ചു നിൽക്കാനുള്ള കെല്പിനെ മാത്രമാണ്.

പുസ്തകത്തെ ചുറ്റിപ്പറ്റി നടക്കുന്ന എല്ലാ വ്യവഹാരങ്ങളേയും ഈയർത്ഥത്തിൽ ഈ അയഥാർത്ഥ കമ്പോളം മാറ്റിമറിച്ചിരിക്കുന്നു. സോഷ്യൽ മീഡിയ വിപണനത്തിലൂടെ മുന്നേറാവുന്ന ഒന്നായി പുസ്തകത്തിന്റെ വിതരണത്തെ കാണുന്ന കാഴ്ചപ്പാട് വായനാലോകത്തിൽ നിരന്തരം അടിച്ചേല്പിക്കപ്പെടുന്നു. എഴുത്തുകാരും പ്രസാധനശാലകളും ഈ മൂഢവിശ്വാസത്തിൽ താത്ക്കാലികമായെങ്കിലും കുടുങ്ങിക്കിടക്കുന്നു. മാർക്കറ്റിങ്ങും പരസ്യവും പുസ്തകത്തിന്റെ രണ്ട് ചിറകുകളായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു.

ചട്ടയും മുണ്ടുമുടുത്ത സാറാമ്മയായും കസവുമുണ്ടും കുപ്പായവുമിട്ട കേശവൻ നായരായും കുട്ടികളെ വേഷം കെട്ടിച്ച് നിരത്തിലിറക്കുന്ന അധ്യാപകരാർ, കമ്പോള വ്യവസ്ഥയുടെ വാതിൽക്കച്ചവടക്കാരാകുന്നു.
ചട്ടയും മുണ്ടുമുടുത്ത സാറാമ്മയായും കസവുമുണ്ടും കുപ്പായവുമിട്ട കേശവൻ നായരായും കുട്ടികളെ വേഷം കെട്ടിച്ച് നിരത്തിലിറക്കുന്ന അധ്യാപകരാർ, കമ്പോള വ്യവസ്ഥയുടെ വാതിൽക്കച്ചവടക്കാരാകുന്നു.

കമ്പോളലോകത്തിൽ ധൈഷണികതയുടേയും ഭാവനയുടേയും ചരിത്രം നിലച്ചോ എന്ന് ചോദിച്ചാൽ, ഇല്ല എന്നു​തന്നെയാണ് ഉത്തരം. എന്നാൽ അത്തരം വായനകളെ പൊതുലോകത്തിൽ നിന്ന് അക്കാദമിക ലോകത്തേയ്ക്ക് വെട്ടിമാറ്റിയൊതുക്കാൻ കമ്പോളത്തിന് കഴിഞ്ഞു. പുസ്തകത്തെപ്പറ്റിയുള്ള ചർച്ചയും സംവാദവും അക്കാദമിക് വ്യായാമത്തിന്റെ ഭാഗമായി. പൊതുജനത്തെ കമ്പോളവ്യവസ്ഥ, ശൂദ്രരും പഞ്ചമരും വേദപാരായണം കേട്ടു കൂടാ എന്ന മട്ടിൽ ഗൗരവമായ വായനയിൽ നിന്ന് തള്ളി നീക്കാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഉപഭോക്താവ് എന്ന നിലയിൽ ഉത്പന്നത്തെ കുറിച്ചുള്ള സംതൃപ്തി - അസംതൃപ്തിയിൽ ഒതുങ്ങി നിൽക്കുന്ന സ്വാതന്ത്ര്യം മാത്രം പൊതുജനത്തിന് നൽകുന്നു. പുസ്തകവായനയെ വ്യായാമം മാത്രമായി കാണുന്ന അക്കാദമിക്കാകട്ടെ എഴുതാപ്പുറങ്ങളുടെ വിഡ്ഢിത്തത്തിലേയ്ക്ക് എളുപ്പം നിലം പതിക്കുകയും ചെയ്യുന്നു. ബഷീറിന്റെ പ്രേമലേഖനം ഈ പരിസ്ഥിതിയിൽ വളരെപ്പെട്ടെന്ന് ലഘുവായ ഒരാഖ്യാനമാകുന്നു. തിരുവിതാംകൂറിൽ നിരോധിക്കപ്പെട്ട അതിന്റെ കനം വളരെപ്പെട്ടെന്ന് മറന്നുപോകുന്നു. ചട്ടയും മുണ്ടുമുടുത്ത സാറാമ്മയായും കസവുമുണ്ടും കുപ്പായവുമിട്ട കേശവൻ നായരായും കുട്ടികളെ വേഷം കെട്ടിച്ച് നിരത്തിലിറക്കുന്ന അധ്യാപകരാകട്ടെ, ഈ കമ്പോള വ്യവസ്ഥയുടെ വാതിൽക്കച്ചവടക്കാരാകുന്നു.

ഉപഭോക്താവ് എന്ന നിലയിൽ നിന്ന് പൗരരായും അഭിപ്രായ സ്വാതന്ത്ര്യമുള്ള വ്യക്തികളായും വായനക്കാരെ സ്വതന്ത്രരാക്കുക എന്ന ശ്രമമാണ് പുസ്തകത്തിന്റെ സ്വതന്ത്രജീവിതം ആരെങ്കിലും കാംക്ഷിക്കുന്നുണ്ടെങ്കിൽ, അവർ ആരംഭിക്കേണ്ടത്. ഉപഭോക്തൃചന്തയിലെ ഒരുല്പന്നം മാത്രമാണ് പുസ്തകം എന്ന് ഒരാൾക്ക് വേണമെങ്കിൽ വാദിച്ചു ജയിക്കാം. അയാൾക്ക് വാദിച്ച് ജയിക്കാനുള്ള ഉപാധികളും ഉപകരണങ്ങളും ഇന്നത്തെ കമ്പോള വ്യവസ്ഥ ധാരാളമായി നൽകുന്നതുകൊണ്ട് അത് എളുപ്പവുമാണ്. എന്നാൽ രാജഭരണത്തിലും കൊളോണിയൽ ഭരണത്തിലും, എന്തിന് ജനാധിപത്യ ഭരണത്തിൽ കൂടിയും പുസ്തകം എന്ന ആശയവും സങ്കല്പനവും തുടർന്നത് പ്രതിസംസ്കാരത്തിന്റെ പ്രസരണമാണ്. എല്ലാത്തരം ഭരണവ്യവസ്ഥകളേയും നിഷ്പ്രഭമാക്കുന്ന കമ്പോളകാലത്തും പുസ്തകത്തിന് അങ്ങനെ ഒരർത്ഥമുണ്ടെന്ന് എഴുത്തുകാരും വായനക്കാരും സംസ്ക്കാരം എന്ന വിശാലമണ്ഡലത്തിൽ ഇടപെടുന്നവരും തിരിച്ചറിയുക എന്നതാണ് പുസ്തകത്തെ അതായിത്തന്നെ നിലനിർത്താനുള്ള ഏക പോംവഴി. നമുക്കുമേൽ അധീശത്വം വഹിക്കുന്ന കമ്പോള സമ്പദ് വ്യവസ്ഥ ചോർന്നൊലിക്കുന്ന ഒന്നാണെന്ന് കൂടി അതിന് മുന്നോടിയായി മനസ്സിലാക്കി വെയ്ക്കേണ്ടതുണ്ട്.

കടലാസിലെ വായനയാണോ, ഇ ബുക്ക് വായനയാണോ ഭാവിയിലെ വായന തുടങ്ങിയ കാമ്പുണ്ടെന്ന് തോന്നിക്കുന്ന കാമ്പില്ലാത്ത കാര്യങ്ങളിൽ നിന്ന് പിന്മടങ്ങി കുറച്ചുകൂടി ഗൗരവത്തിൽ പുസ്തക വായനയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.
കടലാസിലെ വായനയാണോ, ഇ ബുക്ക് വായനയാണോ ഭാവിയിലെ വായന തുടങ്ങിയ കാമ്പുണ്ടെന്ന് തോന്നിക്കുന്ന കാമ്പില്ലാത്ത കാര്യങ്ങളിൽ നിന്ന് പിന്മടങ്ങി കുറച്ചുകൂടി ഗൗരവത്തിൽ പുസ്തക വായനയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.

കടലാസിലെ വായനയാണോ, ഇ ബുക്ക് വായനയാണോ ഭാവിയിലെ വായന തുടങ്ങിയ കാമ്പുണ്ടെന്ന് തോന്നിക്കുന്ന കാമ്പില്ലാത്ത കാര്യങ്ങളിൽ നിന്ന് പിന്മടങ്ങി കുറച്ചുകൂടി ഗൗരവത്തിൽ പുസ്തക വായനയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. പുസ്തകം എന്ന മൂർത്തീകരിക്കപ്പെട്ട ആശയം നിലനിൽക്കുന്നതിനു വേണ്ടിയല്ല, നമ്മുടെതന്നെ ചിന്താശേഷിയും ഭാവനാശേഷിയും നിലനിർത്തുന്നതിനുവേണ്ടി.

Comments