ഒറിജിനലിനെ
വെല്ലുന്ന വ്യാജൻ;
പുസ്തക വിപണിയിലെ
ഞെട്ടിക്കുന്ന അനുഭവം

‘‘199 രൂപ വിലയുള്ള പ്രേമനഗരം എന്ന എന്റെ നോവലിന് 45 രൂപയാണ് ഓൺലൈനിൽ വില കാണിക്കുന്നത്. അത് ബുക്ക് ചെയ്തു. വന്നപ്പോഴാകട്ടെ ഒറിജിനലിനെ വെല്ലുന്ന വ്യാജൻ; പക്ഷെ പല പേജുകളുമില്ല. വിലാസമാകട്ടെ ഉത്തർപ്രദേശിലെ ഒരു സ്ഥലവും. തുടർന്ന് മീഷോ അടങ്ങുന്ന സൈറ്റുകളിൽ കയറിയപ്പോൾ എൻ്റെ മാത്രമല്ല ബെസ്റ്റ് സെല്ലറുകളിലേക്ക് നീങ്ങിയ പല പുസ്തകങ്ങളുടെയും സ്ഥിതി ഇതാണ്. 400 രൂപയുടെ പുസ്തകങ്ങൾക്ക് 100 രൂപ, 200 രൂപയുടെ പുസ്തകങ്ങൾക്ക് 50 രൂപ.. ഇങ്ങനെ പല മട്ടിൽ പല ഭാവത്തിൽ വ്യാജന്മാർ വിലസുന്നു’’- പുസ്തക വിപണിയിലെ ഞെട്ടിപ്പിക്കുന്ന അനുഭവം എഴുതുന്നു, ബിനീഷ് പുതുപ്പണം.

രു പുസ്തകം എഴുതുന്ന നേരത്ത്, അത് എഴുത്തുകാരുടേതും വായിക്കുന്ന നേരത്ത് വായനക്കാരുടേതുമാണ്. ഇരുവരുടെയും സമ്പൂർണ്ണമായ സ്വാതന്ത്ര്യത്തിന്റെ വിഹായസിലാണ് അതിന്റെ അർത്ഥതലങ്ങളും ഭാവനാതലങ്ങളും സഞ്ചരിക്കുന്നത്. എന്നാൽ ഈ സ്വാതന്ത്ര്യത്തെ സാധ്യമാക്കുന്ന ചിറക് എന്നത് പ്രസാധകനാണ്. ഈ ത്രയവിചാരങ്ങളെയും കൂടുതൽ തിളക്കമുള്ളതാക്കുന്ന ഒരു മേഖലയുണ്ട് - വിപണി. അത് നിശ്ചയിക്കുന്നതുപോലെയാണ് ഒരു പുസ്തകത്തിൻ്റെ വളർച്ചയും തളർച്ചയും. എന്തെന്നാൽ വായനക്കാർ ആഗ്രഹിക്കുന്നതു പോലെ അവർക്കു മുമ്പിൽ പുസ്തകം എത്തിക്കുന്നത് വിപണി കൂടിയാണ്.

ഒരു പുസ്തകം വിപണിയിൽ എത്തും വരെ അത് എഴുത്തുകാരുടെയോ പ്രസാധകരുടെയോ സ്വകാര്യ സ്വത്താണ്. എന്നാൽ വിപണി വഴി വിറ്റഴിക്കുന്ന പുസ്തകങ്ങളിൽ പ്രസാധകരുടെ ലാഭമോ എഴുത്തുകാരുടെ റോയൽറ്റിയോ മാത്രമല്ല പ്രകടമാകുന്നത്. മറിച്ച് അനേകം മനുഷ്യരുടെ പ്രയത്നത്തിന്റെ ഫലവും ജീവിതോപാധിയുമാണ്. പുസ്തകം വിറ്റ് ജീവിക്കുന്ന എത്രയോ മനുഷ്യർ ഈ ലോകത്തുണ്ട്, എഴുത്തിനെ ആശ്രയിച്ചു മാത്രം മുന്നോട്ടുപോകുന്ന എഴുത്തുകാരുണ്ട്, പുസ്തകങ്ങളുടെ വിൽപ്പനയെ ചേർത്തുവെച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന മുഖ്യധാര / സമാന്തര പ്രസാധകരും തൊഴിലാളികളുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഒരു പുസ്തകം എന്നത് അനേകം മനുഷ്യരുടെ ആശ്രയവും ആലംബനവുമാണ്; അതിലുപരി ജീവിതത്തിൻ്റെ നീളൻ വഴിയാണ്.

ലക്ഷങ്ങൾ മുടക്കി പുസ്തകം അച്ചടിക്കുന്നവരാണ് പ്രസാധകർ. തങ്ങളുടെ ഈ അധ്വാനത്തിന്റെ ഫലം വലിയ പ്രയത്നമൊന്നുമില്ലാതെ മറ്റൊരാൾ കൊണ്ടുപോയാൽ എങ്ങനെയിരിക്കും? അത് ചതിയും അങ്ങേയറ്റത്തെ കൊടും വഞ്ചനയുമായിത്തീരും എന്നതുതന്നെ ഉത്തരം. സിനിമാമേഖലകളിലെ ഇത്തരം വഞ്ചനകളെ നേരിൽ അറിഞ്ഞവരാണ് നമ്മൾ. മാസങ്ങളോ വർഷങ്ങളോ ചെലവഴിച്ച് ഷൂട്ട് ചെയ്ത് റിലീസ് ചെയ്യപ്പെടുന്ന സിനിമയുടെ കള്ള പ്രിന്റുകൾ അതേ ദിവസം തന്നെ ടെലഗ്രാം അടങ്ങുന്ന ആപ്പുകളിൽ സജീവമാകുന്നതും സിനിമയുടെ സാമ്പത്തിക മൂല്യം ഇടിയുന്നതും തുടർ കാഴ്ചകളാണ്. വീടും സ്ഥലവും വിൽക്കേണ്ടി വന്നവർ, ആത്മഹത്യ ചെയ്യേണ്ടി വന്നവർ, നാടുവിട്ടവർ- അങ്ങനെ ഒരുപാട് നിർമ്മാതാക്കളുടെ കദനകഥകളും തുടരുന്നു. ദൃശ്യമേഖലകളിൽ ഇത്തരം ചതികളുടെ മേളങ്ങൾ അരങ്ങേറിയപ്പോഴൊക്കെ പുസ്തകമേഖല സുരക്ഷിതമാണെന്ന് നമ്മൾ വിശ്വസിച്ചു. ഇംഗ്ലീഷ് പുസ്തകങ്ങളുടെ വ്യാജപതിപ്പുകളെക്കുറിച്ച് വാർത്തകൾ വന്നപ്പോൾ അത് നമ്മുടെ പ്രസാധനത്തെ ബാധിക്കില്ലല്ലോ എന്ന് ആശ്വസിച്ചു.

ഇംഗ്ലീഷ് പുസ്തകങ്ങളുടെ വ്യാജപതിപ്പുകളെക്കുറിച്ച് വാർത്തകൾ വന്നപ്പോൾ അത് നമ്മുടെ പ്രസാധനത്തെ ബാധിക്കില്ലല്ലോ എന്ന് ആശ്വസിച്ചു.
ഇംഗ്ലീഷ് പുസ്തകങ്ങളുടെ വ്യാജപതിപ്പുകളെക്കുറിച്ച് വാർത്തകൾ വന്നപ്പോൾ അത് നമ്മുടെ പ്രസാധനത്തെ ബാധിക്കില്ലല്ലോ എന്ന് ആശ്വസിച്ചു.

എന്നാൽ ഇപ്പോഴിതാ നമ്മുടെ പുസ്തക വിപണിയെ തന്നെ സംശയിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നു. കൂടുതൽ വിൽപ്പനയുള്ള മലയാള പുസ്തകങ്ങൾ പല ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും കുറഞ്ഞ വിലയിൽ വ്യാജ പതിപ്പുകളായി വിൽക്കപ്പെടുന്നു. മുഖ്യധാരാ പ്രസാധക രംഗത്തെ പോലും തളർത്തിക്കളയും വിധമുള്ള വ്യാജ പതിപ്പുകൾ വലിയതോതിൽ വിൽക്കപ്പെടുന്നു എന്നത് ഏറെ ഗൗരവമുള്ള കാര്യമാണ്. വ്യാജ പതിപ്പ് മേഖലയുടെ ഒരു ഇരയാണ് ഈ ലേഖകനും.

മൂന്നുവർഷം മുമ്പാണ് എൻ്റെ 'പ്രേമനഗരം' എന്ന നോവൽ ഡി സി ബുക്സിലൂടെ പുറത്തിറങ്ങിയത്. ആദ്യഘട്ടത്തിൽ ഷോപ്പുകൾ വഴി വളരെ വേഗത്തിൽ വിറ്റഴിഞ്ഞ കൃതിയുടെ പിന്നീടുള്ള സഞ്ചാരത്തിൽ ഓൺലൈൻ വില്പനയാണ് നല്ല പോലെ മുന്നേറിയത്. ആയിടയ്ക്ക് മെസഞ്ചറിലും മറ്റുമായി പുസ്തകത്തിൻ്റെ പേജുകളെ സംബന്ധിച്ചും പ്രിന്റിങ്ങിനെ സംബന്ധിച്ചുമൊക്കെ പലരും പരാതികൾ പറഞ്ഞിരുന്നു. അന്നൊക്കെ പ്രിന്റിങ്ങിൽ സംഭവിച്ച തെറ്റുകൾ ആകാമെന്നാണ് കരുതിയത്. പിന്നീടൊരിക്കൽ തലതിരിഞ്ഞും മറിഞ്ഞുമെല്ലാം പേജുകൾ കിടക്കുന്ന പുസ്തകത്തെ സംബന്ധിച്ച് ഒരു വായനക്കാരി പറഞ്ഞപ്പോഴാണ് അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡി സി ബുക്സ് എന്ന വലിയൊരു പ്രസാധക സംഘത്തിൽ നിന്നും ഒരിക്കലും പ്രിന്റിങ്ങിൽ അത്തരത്തിലൊരു തെറ്റു വരാൻ സാധ്യതയില്ലെന്ന് അവരോട് പറഞ്ഞെങ്കിലും പേജുകൾ പലതും ഫോട്ടോയെടുത്ത് അവർ അയച്ചുതന്നപ്പോഴാണ് ഭീകരാവസ്ഥ മനസ്സിലായത്. പ്രസാധകരോ എഴുത്തുകാരനോ അറിയാതെ പുസ്തകം വ്യാജ പ്രിന്റ് ഇറങ്ങിയതാണെന്ന് തിരിച്ചറിഞ്ഞു.

ആ കാലത്തുതന്നെയാണ് അഖിൽ പി ധർമ്മജന്റെ 'റാം c/o ആനന്ദി' യുടെ വ്യാജ പതിപ്പുകളും സജീവമായത്. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന 'ഗുണാകേവ്' എക്സിബിഷനിലെ പുസ്തക മേളയിൽ നിന്ന് ആ പുസ്തകത്തിൻ്റെ വ്യാജപതിപ്പുകൾ പോലീസ് കണ്ടെടുത്തു. അതേ കാലത്ത് വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പുസ്തകങ്ങളുടെ വ്യാജപതിപ്പുകൾ വിറ്റവരെ കോട്ടയത്തു വെച്ച് ഇന്ത്യൻ പകർപ്പവകാശ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. കേസും വാർത്തകളുമൊക്കെ വന്നതോടെ ഇത്തരം പ്രവർത്തനങ്ങൾ അവസാനിച്ചു എന്നാണ് കരുതിയത്. അതിനിടയിൽ എന്റെ മധുരവേട്ട, സുന്ദരജീവിതം എന്നീ നോവലുകൾ പുറത്തിറങ്ങി.

കൂടുതൽ വിൽപ്പനയുള്ള മലയാള പുസ്തകങ്ങൾ പല ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും കുറഞ്ഞ വിലയിൽ വ്യാജ പതിപ്പുകളായി വിൽക്കപ്പെടുന്നു.
കൂടുതൽ വിൽപ്പനയുള്ള മലയാള പുസ്തകങ്ങൾ പല ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും കുറഞ്ഞ വിലയിൽ വ്യാജ പതിപ്പുകളായി വിൽക്കപ്പെടുന്നു.

'സുന്ദര ജീവിതം’ എന്ന നോവലിറങ്ങിയിട്ട് അഞ്ച് മാസമേ ആയുള്ളൂ. കഴിഞ്ഞ മാസം പഠിപ്പിക്കുന്ന കോളേജിലെ വിദ്യാർത്ഥികൾ പുസ്തകം വാങ്ങിച്ച കാര്യം സന്തോഷത്തോടെ വന്നു പറഞ്ഞു. 180 രൂപയുടെ പുസ്തകം അവർക്ക് 100 രൂപയ്ക്ക് ലഭിച്ച വിവരവും ആ സന്തോഷവാക്യത്തിലുണ്ടായിരുന്നു. ഏതു സൈറ്റിൽ നിന്നാണെന്ന് ചോദിച്ചപ്പോൾ 'മീഷോ' എന്ന് ഉത്തരം ലഭിക്കുകയും ബുക്ക് ചെയ്തതിൻ്റെ സ്ക്രീൻഷോട്ട് കാണിച്ചു തരികയും ചെയ്തു. പുസ്തകം എത്തിയാൽ ഒന്ന് കാണിച്ചു തരണേ എന്ന് പറഞ്ഞത് പ്രകാരം ഒരു വൈകുന്നേരം മേശപ്പുറത്ത് അവരത് കൊണ്ടുവച്ചു. കവറിലും എഴുത്തിലും ഒന്നും വലിയ പ്രശ്നം തോന്നിയില്ല. പേജ് മറിച്ചിട്ടതും ഞെട്ടിപ്പോയി - വളരെ മോശപ്പെട്ട പേപ്പറിൽ പല രീതിയിൽ അറേഞ്ച് ചെയ്ത അക്ഷരങ്ങളാൽ തുന്നിക്കെട്ടിയ ഒന്നാന്തരം വ്യാജൻ. ഉടൻ പ്രസാധകരെ വിവരമറിയിക്കുകയും അവർ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് പറയുകയും ചെയ്തു. അഞ്ചുമാസം മുമ്പേ ഇറങ്ങിയ സുന്ദര ജീവിതത്തിൻ്റെ സ്ഥിതി ഇങ്ങനെയെങ്കിൽ മുൻ വർഷങ്ങളിൽ ഇറങ്ങിയ മറ്റ് എഴുത്തുകാരുടെ പുസ്തകങ്ങളുടെ സ്ഥിതി എന്താകും? 199 രൂപ വിലയുള്ള പ്രേമനഗരത്തിന് 45 രൂപയാണ് ഓൺലൈനിൽ വില കാണിക്കുന്നത്. പരിശോധനയ്ക്ക് വേണ്ടി അത് ബുക്ക് ചെയ്തു. വന്നപ്പോഴാകട്ടെ ഒറിജിനലിനെ വെല്ലുന്ന വ്യാജൻ; പക്ഷെ പല പേജുകളുമില്ല (വായിക്കുന്നവർ കഥയും കഥാപാത്രങ്ങളും തമ്മിൽ എന്തു ബന്ധം എന്നു പോലും ചിന്തിച്ചേക്കാം). വിലാസമാകട്ടെ ഉത്തർപ്രദേശിലെ ഒരു സ്ഥലവും. തുടർന്ന് മീഷോ അടങ്ങുന്ന സൈറ്റുകളിൽ കയറിയപ്പോൾ എൻ്റെ മാത്രമല്ല ബെസ്റ്റ് സെല്ലറുകളിലേക്ക് നീങ്ങിയ പല പുസ്തകങ്ങളുടെയും സ്ഥിതി ഇതാണ്. 400 രൂപയുടെ പുസ്തകങ്ങൾക്ക് 100 രൂപ, 200 രൂപയുടെ പുസ്തകങ്ങൾക്ക് 50 രൂപ.... ഇങ്ങനെ പല മട്ടിൽ പല ഭാവത്തിൽ വ്യാജന്മാർ വിലസുന്നു.

ഇത് പ്രസാധകരുടെയോ എഴുത്തുകാരുടെയോ മാത്രം പ്രശ്നമല്ല; മറിച്ച് നമ്മുടെ വായനാ ലോകത്തെയാകെ മലീമസമാക്കുന്ന പ്രവണതയാണ്. എന്തെന്നാൽ സാഹിത്യത്തെ തന്നെ അപമാനിക്കുന്ന തരത്തിലുള്ള നിർമ്മാണവും വിതരണവുമാണ് ഈ രംഗത്ത് നടക്കുന്നത്. പുസ്തകത്തെ ആശ്രയിച്ചു ജീവിക്കുന്ന എത്രയോ മനുഷ്യരുടെ അന്നത്തിൽ മണലുവാരിയിടുന്നതിനു തുല്യമാണ് ഇത്തരം വ്യാജ പതിപ്പുകൾ. അത് അധ്വാനത്തിന്റെ, വിയർപ്പിന്റെ മൂല്യങ്ങൾക്ക് തുച്ഛമായ വിലയിടുന്നു. ഇത്തരം വ്യാജന്മാരെ പിടിക്കാൻ കഴിയുമോ? ഒതുക്കാൻ കഴിയുമോ? എന്നതൊക്കെ നിയമപരമായ കാര്യങ്ങളാണ്. മറിച്ച് ആത്യന്തികമായി ഇതിനു തടയിടാൻ കഴിയുക വായനക്കാർക്കാണ്. പ്രസാധകരുടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നോ ബുക്ക് ഷോപ്പുകളിൽ നിന്നോ പുസ്തകങ്ങൾ കൈപ്പറ്റിയാൽ ഇത്തരം വ്യാജന്മാരെ ഒരു പരിധിവരെ തടയാൻ കഴിയും.

ബിനീഷ് പുതുപ്പണത്തിന്റെ പ്രേമനഗരരം നോവൽ ‘മീഷോ’ സൈറ്റിൽ പുറത്തിറങ്ങിയ വ്യാജപതിപ്പ്.
ബിനീഷ് പുതുപ്പണത്തിന്റെ പ്രേമനഗരരം നോവൽ ‘മീഷോ’ സൈറ്റിൽ പുറത്തിറങ്ങിയ വ്യാജപതിപ്പ്.

ഇംഗ്ലീഷ് പുസ്തകങ്ങളുടെ വ്യാജ പതിപ്പുകൾ വിപുലമാകുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും മലയാള സാഹിത്യ രംഗത്ത് അത് കേട്ടുകേൾവി പോലുമില്ലായിരുന്നു. എന്നാൽ ഇന്ന് വ്യാജ പതിപ്പുകൾക്കൊപ്പം തന്നെ പി ഡി എഫ് കോപ്പികളും വ്യാപകമാകുന്നു എന്നത് വളരെ ഗൗരവമായ കാര്യമാണ്. കേരളത്തിൽ മുഖ്യധാരാ പ്രസാധകർക്കൊപ്പം തന്നെ സമാന്തര പ്രസാധകരും ധാരാളമുണ്ട്. അതിനാൽ തന്നെ പുസ്തക വിൽപ്പനയിൽ മത്സരവും സജീവമാണ്. ഈ മത്സരത്തിനിടയിൽ അതിനെ വെല്ലുന്ന വ്യാജന്മാരുടെ മത്സരവും നടക്കുന്നുണ്ടെന്ന കാര്യം നാം മറന്നുകൂടാ. മുഴുവൻ പ്രസാധകരും വായനക്കാരും ഒരുമിച്ച് ഈ വഞ്ചനയ്ക്കെതിരെ പോരാടേണ്ടതുണ്ട്. മൗനം തുടർന്നാൽ സാഹിത്യലോകവും പ്രസാധനരംഗവും സമ്പൂർണമായും വ്യാജന്മാർ കീഴടക്കുന്ന കാലം വിദൂരമാവില്ല.


Summary: Bineesh Puthuppanam writes about the release of online fake versions of best-selling novels.


ബിനീഷ് പുതുപ്പണം

കഥാകൃത്ത്, നോവലിസ്റ്റ്. നിലമേൽ എൻ. എസ്. എസ് കോളേജിൽ അധ്യാപകൻ. പ്രേമനഗരം, മധുരവേട്ട, സുന്ദര ജീവിതം എന്നീ നോവലുകളും ഗുരുവിൻ്റെ സ്ത്രീ ഭാവനകൾ, ഗീത: മതവും മതേതര വിചാരവും എന്നീ പഠനങ്ങളും പ്രധാന കൃതികൾ.

Comments