നിരന്തരം നോവലുകൾ വായിക്കുക എന്ന ശീലം എനിക്ക് മുമ്പേ ഉണ്ട്. ഷൂസെ സരമാഗുവിന്റെ The gospel according to Jesus Christ എന്ന നോവൽ ഞാൻ രണ്ടു വട്ടം വായിച്ചു. അദ്ദേഹത്തിന്റെ Journey to portugal, കായേൻ എന്നീ കൃതികൾ എനിക്ക് പ്രിയപ്പെട്ടവയാണ്. അന്ധത എന്ന നോവൽ വായിക്കാൻ കഴിഞ്ഞിട്ടില്ല. ക്രിസ്തുവിന്റെ ജീവിതത്തിന്റെ മറ്റൊരു വേർഷനാണ് ക്രിസ്തുവിന്റെ സുവിശേഷം ( The gospel according to Jesus Christ) എന്ന കൃതി. ക്രിസ്തുവിന്റെ ഭാര്യയാണ് മഗ്ദലന മറിയം എന്ന ആഖ്യാനം ഈ നോവലിനെ വ്യത്യസ്തമാക്കുന്നു. ക്രിസ്തുവിനെ മനുഷ്യനായിട്ടാണ് ഞാൻ കാണുന്നത്. ദൈവപുത്രൻ എന്നത് ആലങ്കാരിക പ്രയോഗമാണ്. മൂന്നാം പുരുഷാർത്ഥം (കാമം) അദ്ദേഹം അനുഭവിച്ചതിൽ എന്താണ് തെറ്റ്? സെക്സ് മഹത്തായ ഒരു അറിവാണ്. അത് മനുഷ്യരെ പക്വതയുള്ളവരാക്കും. അതിന് വിശുദ്ധിയുണ്ട്.
കസാന്ദ് സാക്കിസിന്റെ ക്രിസ്തുവിന്റെ അന്ത്യ പ്രലോഭനം എന്ന കൃതിയിലും സമാന വിഷയം കടന്നുവരുന്നുണ്ട്. ക്രിസ്തുവിന്റെ ഉത്തമഭാര്യയായിരുന്നു അതിസുന്ദരിയും സമ്പന്നയുമായ മഗ്ദലനമറിയം. അതും ഉത്തമ ഭാര്യ. വേശ്യയ്ക്ക് സ്നേഹം ലഭിച്ചാൽ ഉത്തമ ഭാര്യയാകാം. ക്രിസ്തു ശിഷ്യനായ വിൻസെൻ്റ് വാൻഗോഗ് ഒരു വേശ്യയോടൊപ്പമാണ് കുറേക്കാലം ജീവിച്ചത്. ക്രിസ്തുവിന്റെ ജീവിതം ഒരു ബലിദാനമായിരുന്നു എന്ന മട്ടിലാണ് സരമാഗു എഴുതുന്നത്. സ്വന്തം പിതാവ് ജോസഫ് കുരിശിൽ മരിച്ചതുപോലെ മകനും മരിച്ചു. (അക്കാലത്ത് റോമാ സാമ്രാജ്യത്തിൽ എവിടെയും കാണാവുന്ന ഒരു ശിക്ഷാരീതിയായിരുന്നു അത്.) പിശാചും ദൈവവും തമ്മിലുള്ള ഇരുപ്പുവശവും നോവലിസ്റ്റ് വ്യക്തമാക്കുന്നുണ്ട്. ബുക്ക് ഓഫ് ജോബിൽ നമുക്ക് ആ ബന്ധം മനസിലാക്കാം.
ക്രിസ്തുവിന്റെ ഉത്തമഭാര്യയായിരുന്നു അതിസുന്ദരിയും സമ്പന്നയുമായ മഗ്ദലനമറിയം. അതും ഉത്തമ ഭാര്യ. വേശ്യയ്ക്ക് സ്നേഹം ലഭിച്ചാൽ ഉത്തമ ഭാര്യയാകാം.
എൻ.എൻ പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിൽ ചെകുത്താന്റെ അനിയനാണ് ഈശ്വരൻ! നോവലിലെ യേശു ചെറുപ്പത്തിലേ വീടുവിട്ടുപോകുകയാണ്. ബൈബിളിൽ 12 വയസിൽ അപ്രത്യക്ഷനാകുന്ന ക്രിസ്തു പിന്നീട് 30-ാം വയസിലാണ് വീണ്ടും പ്രത്യക്ഷനാകുന്നത്. ആ ശൂന്യത ഈ നോവൽ പൂരിപ്പിക്കുന്നുണ്ട്. നോവലിലെ യേശു പാസ്റ്റർ എന്നു പേരുള്ള ഒരു ആട്ടിടയന്റെ കൂടെ നാലു കൊല്ലം ആടുമേച്ച് ജീവിക്കുന്നുണ്ട്. അയാൾ പിശാചു തന്നെയാണ്. മരുഭൂമിയുടെ വിശാലശൂന്യതയിൽ ജീവിക്കുന്ന ആ കാലത്ത് ഒരു ആടിനെ ബലിനൽകാനായി യേശു ജറുസലേം ദേവാലയത്തിൽ എത്തുന്നുണ്ട്. എന്നാൽ ആ ആടിനെ ബലി നൽകാതെ പോരുകയാണ്. യേശുവിനെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം ഹെറോദീസിന്റെ കാലത്ത് ഒരുപാട് കുട്ടികൾ തന്റെ പേരിൽ കൊല്ലപ്പെട്ടു എന്നതാണ്. തന്റെ പിതാവ് ജോസഫ് തന്നെ മാത്രം രക്ഷിക്കാനാണ് നോക്കിയത്. മറ്റു കുട്ടികളെ രക്ഷിക്കാൻ ഒന്നും ചെയ്തില്ല എന്നതാണ്. യേശു തന്റെ സഹോദരിയുടെ വിവാഹത്തിന് മഗ്ദലന മറിയം നല്കിയ സ്വർണ നാണയങ്ങൾ നല്കുന്നുണ്ട്. പിന്നീട് യേശുവും മഗ്ദലന മറിയവും മറിയത്തിന്റെ വീടിന് തീയ്യിട്ട് മുക്കുവരുടെ ഇടയിലേക്ക് പോകുന്നു.

അവിടെ യേശു തന്റെ ശിഷ്യരെ കണ്ടെത്തുന്നുണ്ട്. ഗലീലി കടലിന്റെ പ്രത്യേക ഭാഗത്ത് യേശു പറഞ്ഞ പ്രകാരം വല വീശുന്ന മുക്കുവർക്ക് ധാരാളം മീനുകൾ കിട്ടുന്നുണ്ട്. പിശാചുബാധിതരിൽ നിന്ന് പിശാചുക്കൾ ആവശ്യപ്പെട്ടതനുസരിച്ച് പിശാചുക്കളെ പന്നിക്കൂട്ടങ്ങളിലേക്ക് വിടുന്ന ക്രിസ്തുവിനോട് പന്നിക്കൂട്ടങ്ങളുടെ ഉടമസ്ഥർ കലഹിക്കുന്നുണ്ട്. കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കുന്നുണ്ട് ക്രിസ്തു എങ്കിലും ലാസറിനെ ഉയിർത്തെഴുന്നേല്പിക്കുന്നതിൽ നിന്ന് യേശു പിന്തിരിയുന്നത് ഒരാൾ രണ്ടു വട്ടം മരിക്കേണ്ടതില്ല എന്ന അഭിപ്രായത്തിന്റെ പേരിലാണ്. ദൈവം യേശുവിനോട് ബലിയാണ് ആവശ്യപ്പെടുന്നത്. അതിലൂടെ ദൈവത്തിനും യേശുവിനും അതിജീവിക്കാൻ കഴിയും എന്ന ചരിത്ര യാഥാർത്ഥ്യം നോവലിൽ വെളിപ്പെടുന്നുണ്ട്. ചെറിയ ഒരു വട്ടത്തിൽ വ്യാപരിച്ചിരുന്ന യഹൂദമതത്തിൽ നിന്ന് വ്യത്യസ്തമായി ക്രിസ്തുമതം ലോകവ്യാപകമായത് അങ്ങനെയാണ്.
ക്രിസ്തുവിന്റെ കുരിശുമരണത്തോടെ സരമാഗുവിന്റെ നോവൽ അവസാനിക്കുകയാണ്. ഉയിർപ്പും മറ്റും നോവലിൽ ഇല്ല. മനുഷ്യർക്ക് ഉയിർപ്പിന്റെ ആവശ്യമില്ല. കാരണം മൃഗങ്ങളും അതിനു വേണ്ടി വാദിക്കും.
ക്രിസ്തുവിന്റെ കുരിശുമരണത്തോടെ സരമാഗുവിന്റെ നോവൽ അവസാനിക്കുകയാണ്. ഉയിർപ്പും മറ്റും നോവലിൽ ഇല്ല. മനുഷ്യർക്ക് ഉയിർപ്പിന്റെ ആവശ്യമില്ല. കാരണം മൃഗങ്ങളും അതിനു വേണ്ടി വാദിക്കും. ക്രിസ്തുവിന്റെ ആശയങ്ങൾ ആണ് ഉയർത്തത്. സുവിശേഷങ്ങൾ നിഷേധിക്കാത്ത ഒരു കാര്യമാണ് ഉയർത്ത ശേഷം ക്രിസ്തുവിനെ ആദ്യം കാണുന്നത് മഗ്ദലന മറിയമാണ് എന്നത്. അവർ തമ്മിലുള്ള ബന്ധം അത്ര ദൃഢമായതുകൊണ്ടാണല്ലോ അങ്ങനെ സംഭവിക്കുന്നത്. ഗുഹകളിലും മരച്ചോട്ടിലുമാണ് അവർ ജീവിച്ചത്. പാട്ടുപാടിക്കൊണ്ട് വഴിയേ നടന്നു പോകുന്ന യേശുവിനെയും മഗ്ദലന മറിയത്തേയും സരമാഗു അവതരിപ്പിക്കുന്നുണ്ട്. ഏതൊരു പുരുഷന്റെയും ഏറ്റവും വലിയ സുഹൃത്ത് തന്റെ അപരമായ സ്ത്രീ തന്നെയാണ്. അവർ പരസ്പരാപരവും ആകുന്നു. ഭൂമിയിലെ ഒരേ ജീവിവർഗത്തിലെ A യും B യും ആണ് സ്ത്രീയും പുരുഷനും. അവർ വിവാഹം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യട്ടെ. പക്ഷേ പരസ്പരം അറിയണം. അവർ ശരിക്കും കെട്ടിപ്പിടിച്ചാൽ വിടവുണ്ടാവില്ല. അതിനുള്ള വഴി പ്രണയവും രതിയും ആകുന്നു. അത് ആത്മാർത്ഥമാകണം. ക്ഷണികമെങ്കിലും അതിന്റെ സംതൃപ്തിയിലാണ് ജീവിതത്തിന്റെ താക്കോൽ. എല്ലാ കലകളും ദൃശ്യപരമാണ് എന്ന അഭിപ്രായം ഹെർബർട്ട് റീഡിൻ്റേതാണ്. ഈ നോവലിലെ സംഭവങ്ങൾ ഒരു സിനിമയിലെന്നപോലെ ദൃശ്യപരമാകുന്നുണ്ട്.
