എൻ.ഇ. സുധീർ

ഈ നൂറ്റാണ്ടിൽ ഇങ്ങനെയൊരു പുസ്തകം
വായിക്കേണ്ടിവരുന്നത്​ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു

ഫാഷിസ്റ്റുകൾക്കുകീഴിൽ ജീവിക്കേണ്ടി വന്നേക്കാമെന്ന താക്കീതോടെയുള്ള ഒരു പുസ്തകം. ഇങ്ങനെയൊരു പുസ്തകം ഈ നൂറ്റാണ്ടിൽ വായിക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയതല്ല. ബ്രിട്ടീഷ് എഴുത്തുകാരനായ പോൾ മേസൺ രചിച്ച ‘How to Stop Fascism - History, Ideology, Resistance' എന്ന പുസ്തകത്തിന്റെ വായന 2022ലെ ഞെട്ടിപ്പിച്ച അനുഭവമായിരുന്നു.

21-ാം നൂറ്റാണ്ടിലും മാനവരാശി ഫാഷിസത്തെ ഭയപ്പെടേണ്ടിവരുന്നു എന്നത് എന്തൊരു ദുരന്തമാണ്? ചരിത്രത്തിൽനിന്ന് നമ്മളൊന്നും പഠിക്കുന്നില്ല എന്ന പഴയ ചൊല്ല് ഇവിടെ അന്വർത്ഥമാവുകയാണ്. വിദ്യാഭ്യാസ കാലത്ത് പാഠപുസ്തകങ്ങളിൽ നിന്നറിഞ്ഞ ഭൂതകാല പ്രഹേളിക മാത്രമായിരുന്നു ആദ്യമൊക്കെ ഫാഷിസം. പിന്നീട് ചരിത്രവും സാഹിത്യവും ഗൗരവമായി വായിച്ചുതുടങ്ങിയപ്പോൾ 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഫാഷിസ്റ്റ് നരാധമന്മാരുടെ പേടിപ്പെടുത്തുന്ന കൊടും ക്രൂരതകൾ വായിച്ചറിഞ്ഞത് ഞെട്ടലോടെയായിരുന്നു. ഫാഷിസ്റ്റുകാലത്തെ നേരിൽ അഭിമുഖീകരിക്കേണ്ടി വന്നവർ രചിച്ച അനുഭക്കുറിപ്പുകളിലെ വേദനകൾ ജീവിതാന്ത്യം വരെ മനസ്സിൽ നിലനിൽക്കുന്ന വിങ്ങലായി എന്നിലെ വായനക്കാരനിൽ അവശേഷിച്ചു. ക്രൂരനാവാനുള്ള മനുഷ്യന്റെ ശേഷി വലിയ പ്രഹേളികയായി. എന്തിനും മടിക്കാത്ത ആൾക്കൂട്ടങ്ങൾ ഈ ഭൂമിയിൽ ഈ നൂറ്റാണ്ടിൽ തന്നെ സഹജീവികളായി ഉണ്ടായിരുന്നു എന്ന തിരിച്ചറിവ് ഞെട്ടിക്കുന്നതായിരുന്നു. ആ ചരിത്രം അവിടെ അവസാനിക്കുമെന്നും അതിനു തുടർച്ചയുണ്ടാവില്ല എന്നതുമായിരുന്നു പിന്നീട് വന്ന തലമുറകളുടെ ഉറച്ച വിശ്വാസം.

ആ വിശ്വാസത്തോടെയാണ് ലോകം തുടർന്നിങ്ങോട്ട് ഇത്രയും ദൂരം സഞ്ചരിച്ചത്.

ഫാഷിസത്തിന്റെ രണ്ടാം വരവ് അസംഭാവ്യമല്ല എന്നാണ് ലോകമിപ്പോൾ ഭയത്തോടെ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നത് /photo: wikimedia.org

ഹിറ്റ്‌ലർക്കും മുസോളിനിക്കും അവരുടെ ഭരണകാലത്ത് അനുയായികളുണ്ടായിരുന്നു. ചെറിയ അനുയായിക്കൂട്ടങ്ങളല്ല, ലക്ഷക്കണക്കിനു പേർ ഉൾപ്പെട്ട വലിയ ആൾക്കൂട്ടങ്ങൾ. ചിന്താശേഷി നഷ്ടപ്പെട്ട ആ ആൾക്കൂട്ടങ്ങളായിരുന്നു ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ശക്തി. ഒരു ജനതയെ ആ ജനതയ്‌ക്കെതിരെ തന്നെ ഉപയോഗിക്കാനുള്ള ശക്തിയായിരുന്നു അത്. സർവാധിപത്യത്തിന്റെ പ്രത്യയശാസ്ത്രം മാനവരാശിയിലേല്പിച്ച പ്രഹരം ഒറ്റപ്പെട്ട ചരിത്രമായി അവസാനിക്കും എന്നാണ് അന്നൊക്കെ കരുതിയത്. ഫാഷിസ്റ്റു പ്രസ്ഥാനങ്ങളെല്ലാം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ ഇടം നേടുമെന്നു കരുതിയത് വെറുതെയായി. സംഭവിച്ചത് അതൊന്നുമായിരുന്നില്ല. പുതിയ നൂറ്റാണ്ടിൽ കാര്യങ്ങൾ മാറിമറഞ്ഞു. ചരിത്രം ആവർത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഫാഷിസത്തിന്റെ രണ്ടാം വരവ് അസംഭാവ്യമല്ല എന്നാണ് ലോകമിപ്പോൾ ഭയത്തോടെ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നത്.

ഫാഷിസം എന്ന ആശയത്തിന്​ മരണമില്ലെന്നാണ് ബ്രിട്ടീഷ് എഴുത്തുകാരനായ പോൾ മേസൺ രചിച്ച ‘How to Stop Fascism - History, Ideology, Resistance' എന്ന പുസ്തകം കാണിച്ചുതരുന്നത്.

ഈ വർഷം വായിച്ച ഒരു പ്രധാന പുസ്തകത്തെ പരിചയപ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് ഇത്രയും കുറിച്ചത്. ഇങ്ങനെയൊരു പുസ്തകം ഈ നൂറ്റാണ്ടിൽ വായിക്കേണ്ടിവരുമെന്ന് ഞാനൊരിക്കലും കരുതിയതല്ല. ഫാഷിസ്റ്റുകൾക്കുകീഴിൽ ജീവിക്കേണ്ടി വന്നേക്കാമെന്ന താക്കീതോടെയുള്ള ഒരു പുസ്തകം. ബ്രിട്ടീഷ് എഴുത്തുകാരനായ പോൾ മേസൺ രചിച്ച ‘How to Stop Fascism - History, Ideology, Resistance' എന്ന പുസ്തകം മനുഷ്യനിലുള്ള എന്റെ വിശ്വാസത്തിന് വല്ലാതെ പോറലേല്പിച്ചിരിക്കുന്നു. അതിന്റെ വായന എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. ഇന്നലെകൾ ആവർത്തിച്ചേക്കാം എന്ന തോന്നൽ എന്നിൽ ശക്തമാവുന്നു. ആശയങ്ങൾക്ക് മരണമില്ല എന്നാണ് ചരിത്രം പഠിപ്പിക്കുന്നത് എന്നു പറഞ്ഞത് ഫാഷിസ്റ്റു വിരുദ്ധനായ കാൾ ലോവെൻസ്റ്റയിനായിരുന്നു. 1937- ലാണ് അദ്ദേഹമത് പറഞ്ഞത് എന്നാണ് മേസൺ രേഖപ്പെടുത്തിയിരിക്കുന്നത്. ഫാഷിസം എന്ന ആശയത്തിനും മരണമില്ലെന്നാണ് വർത്തമാനകാല ലോകം തെളിയിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ വ്യക്തമായ ചിത്രമാണ് ഈ പുസ്തകം കാണിച്ചുതരുന്നത്.

പോൾ മേസൺ

ചുറ്റും നിറഞ്ഞുകൊണ്ടിരിക്കുന്ന ഫാഷിസത്തിന്റെ ലക്ഷണങ്ങളെയും അവയുയർത്തിയ ഭീഷണികളെയും നമ്മളൊക്കെ ലഘൂകരിച്ചുകണ്ടു എന്നതാണ് ഒരു സത്യം. അതിന്റെ മുഖ്യകാരണം ഫാഷിസം ഇനിയങ്ങോട്ട് അസംഭാവ്യമാണ് എന്ന ഉറച്ച വിശ്വാസം തന്നെയായിരുന്നു. ഫാഷിസത്തിന്റെ പുതിയ കവാടങ്ങൾ തുറന്നിട്ട അമേരിക്കയിലെ ഡൊണൾഡ് ട്രംപിനെയും ബ്രസീലിലെ ബോൾസോനാരോയെയും, എന്തിന് ഇന്ത്യയിലെ നരേന്ദ്രമോദിയേയും ഞാനുൾപ്പടെയുള്ള ഫാഷിസ്റ്റ് വിരുദ്ധർ കുറച്ചു കണ്ടു. ട്രംപിനെയും ബോൾസോനാരോയെയും ജനങ്ങൾ തൽക്കാലത്തേക്ക് പടിയിറക്കി എന്നിപ്പോൾ ലോകത്തിന് ആശ്വസിക്കാം. എന്നാൽ മോദി? അയാൾ എത്ര കാലത്തേക്കിങ്ങനെ തുടരുമെന്ന് ആർക്കറിയാം എന്ന് എന്നെപ്പോലെ ഈ ഗ്രന്ഥകാരനും ആശങ്കപ്പെടുന്നു.

ഫാഷിസ്റ്റ് സംസ്‌കാരത്തെ ഏറ്റെടുക്കുവാൻ മടിയില്ലാത്ത ഒരാൾക്കൂട്ടം നമുക്കിടയിലങ്ങനെ നിർമിക്കപ്പെടുകയാണ്. പുതിയ കാലത്ത് അത്തരമൊരാൾക്കൂട്ടം ഓൺലൈനായും സാധിക്കുന്നു എന്നതിനാൽ കൂടുതൽ ഭയപ്പെടേണ്ടതുണ്ട്.

ഡോണൾഡ് ട്രംപിന്റെ ലാറ്റിനമേരിക്കൻ പതിപ്പായിരുന്നല്ലോ ബോൾസോനാ​രോ. മോദി ഇതിനെയെല്ലാം കടത്തിവെട്ടുമെന്ന കാര്യത്തിൽ പോൾ മേസണുപോലും സംശയമില്ല. ഇതിന്റെയൊക്കെ പ്രത്യാഘാതം കടുത്തതും ആഗോളതലത്തിലുള്ളതുമാണ് എന്നാണ് ഗ്രന്ഥകാരൻ വിശദീകരിക്കുന്നത്. ഫാഷിസ്റ്റ് സംസ്‌കാരത്തെ ഏറ്റെടുക്കുവാൻ മടിയില്ലാത്ത ഒരാൾക്കൂട്ടം നമുക്കിടയിലങ്ങനെ നിർമിക്കപ്പെടുകയാണ്. പുതിയ കാലത്ത് അത്തരമൊരാൾക്കൂട്ടം ഓൺലൈനായും സാധിക്കുന്നു എന്നതിനാൽ കൂടുതൽ ഭയപ്പെടേണ്ടതുണ്ട്. ഡിജിറ്റൽ വിപ്ലവം ഫാഷിസ്റ്റ് പ്രൊപ്പഗാൻഡയെ വൻതോതിൽ സഹായിക്കുന്നു.

‘Fascism is the mobilisation of people's fear of freedom after they've seen a glimpse of freedom- of the possibility that technological modernity and education and universal rights could actually free us'- പുതിയകാല ഫാഷിസത്തെ നിർവചിക്കുകയാണ് പോൾ മേസൺ.

ബോൾസോനാ​രോയും നരേന്ദ്രമോദിയും

കൃത്യതയുള്ള ഒരു ഫാഷിസ്റ്റ് സ്റ്റേറ്റ് ലോകത്തിപ്പോൾ നിലവിലുണ്ടെന്ന് അദ്ദേഹം കരുതുന്നില്ല. ഇപ്പോഴവർക്കതിന്റെ ആവശ്യമില്ല എന്നതാണ് കാര്യം. അവരുടെ ആവശ്യങ്ങൾ നിർവഹിക്കുവാൻ തയ്യാറായ വലതുപക്ഷ പോപ്പുലിസ്റ്റ് ഭരണകൂടങ്ങൾ ഇന്നിപ്പോൾ ഏറെയുണ്ട്. ജനാധിപത്യത്തെയും സത്യത്തെയും അക്കാദമിക സ്വാതന്ത്ര്യത്തെയും സ്ഥാപനങ്ങളെയും ദുർബ്ബലപ്പെടുത്തുന്നതിൽ അവർ വിജയം കണ്ടുതുടങ്ങി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ നിരത്തിയാണ് മേസൺ വിശദീകരിക്കുന്നത്. ലോകമെമ്പാടും ജനാധിപത്യം ഭീഷണിയിലാണ്. കാലത്തിനു പൊരുത്തപ്പെടുന്ന തലത്തിലുള്ള ഫാഷിസമാണ് അവിടങ്ങളിലെല്ലാം തലപൊക്കുന്നത്. തീവ്ര - വലതുപക്ഷവത്ക്കരണം, വലതുപക്ഷ പോപ്പുലിസം, സർവ്വാധിപത്യ സ്വഭാവമുള്ള യാഥാസ്ഥിതികത- ഇങ്ങനെ വ്യത്യസ്ത ഭാവങ്ങളിൽ തലപൊക്കുന്ന ഇവയുടെയെല്ലാം വേരുകളുള്ളത് ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ തന്നെയാണ്.

ജനാധിപത്യത്തിന്റെ മറവിലൂടെ അധികാരത്തിലെത്താറുള്ള ഫാഷിസമെന്ന പ്രോസസ്സിനെ ആഴത്തിൽ ഈ പുസ്തകത്തിൽനിന്ന്​ മനസ്സിലാക്കാം. തിരഞ്ഞെടുപ്പുകളെ കൗശലപൂർവ്വം ചൂഷണം ചെയ്​താണ്​ ഫാഷിസ്റ്റുകൾ അധികാരത്തിലെത്തുന്നത്​.

1930 കളിലെ നാസികൾ ഒരു ടൈം - ട്രാവൽ നടത്തി 2020 ലെത്തുകയാണെങ്കിൽ ലക്ഷ്യം കണ്ടുവല്ലോ എന്ന സംതൃപ്തിയോടെ അവർ വിശ്രമിക്കും എന്നാണ് മേസൺ വാദിക്കുന്നത്. ഈ വാദം സാധൂകരിക്കുന്ന പല വർത്തമാനകാല സംഭവങ്ങളും അദ്ദേഹം എടുത്തെഴുതുന്നുണ്ട്. പൗരത്വ രേഖകളില്ലാത്തതിന്റെ പേരിൽ മുസ്​ലിംകളെ മാത്രം ഒഴിവാക്കാനുണ്ടാക്കിയ ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമവും അദ്ദേഹം ഈ ഭാഗത്ത് പരാമർശിക്കുന്നു. ഗ്രീസ് - തുർക്കി അതിർത്തിയിൽ ഗ്രീക്കുകാർ നടത്തിയ അക്രമാസക്തമായ പ്രതിഷേധവും ബോൾസോനാരോക്കെതിരേ അന്വേഷണം നടത്താൻ ആലോചിച്ച ബ്രസീലിയൻ സുപ്രീംകോടതിയിൽ ആയുധധാരികളായ തീവ്ര- വലതുപക്ഷ പൗരസേനക്കാർ നടത്തിയ ഭീഷണിയും ജർമൻ സൈന്യത്തിൽ നിയോ - നാസികൾ എന്ന പേരിലൊരു സെല്ലുണ്ടെന്ന വെളിപ്പെടുത്തലും ഒക്കെ വിരൽ ചൂണ്ടുന്നത് ഫാഷിസത്തിന്റെ തിരിച്ചുവരവിനെയാണ്. ഇതിന്റെയൊക്കെ പുറകിൽ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വേരുകൾ കണ്ടെത്താം. വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇതിന്റെ പുറകിൽ സജീവമായി പ്രവർത്തിക്കുന്നത്.

ഫാഷിസത്തിന്റെ ചരിത്രത്തെയും തത്വശാസ്ത്രത്തെയും വിശദീകരിച്ചുകൊണ്ടാണ് പോൾ മേസൺ പുസ്തകം തുടങ്ങിയിരിക്കുന്നത്. ജനാധിപത്യത്തിന്റെ മറവിലൂടെ അധികാരത്തിലെത്താറുള്ള ഫാഷിസമെന്ന പ്രോസസ്സിനെ ആഴത്തിൽ മനസ്സിലാക്കാനുതകുന്ന രീതിയിലാണ് പുസ്തകം ചിട്ടപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പുകളെ കൗശലപൂർവ്വം ചൂഷണം ചെയ്ത് അധികാരത്തിലെത്തുന്ന ഫാഷിസ്റ്റുകൾ അന്നും ഇന്നും സമൂഹത്തിലുണ്ടെന്ന് നമ്മൾ തിരിച്ചറിയണം. നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ ശോഷണമോ വളർന്നു വരുന്ന സർവ്വാധിപത്യ ഭരണകൂടങ്ങാളോ ഫാഷിസ്റ്റ് ലക്ഷണങ്ങളാണെന്ന് വിശ്വസിക്കാത്തവരോട് മേസൺ ചരിത്രത്തിലേക്ക് നോക്കാൻ ആവശ്യപ്പെടുന്നുണ്ട്. 1930-കളിൽ ജർമനിയിലും ഇറ്റലിയിലും ഇതുതന്നെയാണ് നടന്നത്. അന്നും ആരും ഇത് മുൻകൂട്ടി കണ്ടില്ല. അക്കാലത്തെ ലിബറലുകളും ഇടതുപക്ഷക്കാരും അവരെന്തിനെയാണ് നേരിടുന്നത് എന്ന് തിരിച്ചറിഞ്ഞതുമില്ല. അതുകൊണ്ടുതന്നെ അവർക്ക് ഫാഷിസത്തെ പ്രതിരോധിക്കാൻ ഒന്നും ചെയ്യാനായില്ല. അന്നവർ വേണ്ട വിധം ഇടപെട്ടിരുന്നുവെങ്കിൽ ഇറ്റലിയിലെയും ജർമനിയിലെയും ഫാഷിസ്റ്റു മുന്നേറ്റങ്ങളെ തടയുവാനാവുമായിരുന്നു എന്നാണ് മേസൺ കരുതുന്നത്.

പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിൽ ഷഹീൻ ബാഗിൽ മുദ്രാവാക്യം വിളിക്കുന്ന സ്ത്രീകൾ

ആശയസമരങ്ങളിലൂടെ വേണം ഫാഷിസത്തെ നേരിടാൻ എന്നാണ് മേസണും വിശ്വസിക്കുന്നത്. അതിനാദ്യം ചെയ്യേണ്ടത് ഫാഷിസത്തെ സൂക്ഷ്മമായി മനസ്സിലാക്കുക എന്നതാണ്. സ്വാതന്ത്ര്യത്തിനെതിരായ മുന്നേറ്റം എന്ന നിലയിൽ അതിനെ ഉൾക്കൊള്ളണം. മുകളിൽ ഫാഷിസത്തെ നിർവചിച്ച്​ പറഞ്ഞ വാക്കുകൾ ഓർക്കുക. അവർ ഭയപ്പെടുന്നത് സ്വാതന്ത്ര്യത്തെയാണ്. ഇന്നിപ്പോൾ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നേട്ടങ്ങളിലൂടെ മനുഷ്യർ വലിയ വലിയ സ്വാതന്ത്ര്യങ്ങൾ അനുഭവിക്കുവാൻ തുടങ്ങിയിട്ടുണ്ട്. ഇതിനെതിരേയാണ് ഫാഷിസം പ്രവർത്തിക്കുന്നത്. പുതിയ ആശയങ്ങൾ, പുതിയ നീതിബോധം, പുതിയ ചിന്താഗതികൾ ഇതൊക്കെയാണ് വലതുപക്ഷ തീവ്രവാദക്കാരുടെ ശത്രുക്കൾ. അതിനെയാണ് അവർ കൂട്ടത്തോടെ എതിർക്കുന്നത്. ഈ ഭാഗം ഗ്രന്ഥകാരൻ പുസ്തകത്തിൽ ഭംഗിയായി വിശദീകരിക്കുന്നുണ്ട്. ചരിത്രപരമായ വസ്തുതകളെ വർത്തമാനകാല സംഭവങ്ങളുമായി ചേർത്തുവായിച്ച് പരിഹാരം അന്വേഷിക്കുകയാണ് ഗ്രന്ഥകാരൻ.

ഭൂമിയെ ജീവസാധ്യതയില്ലാത്ത ഒന്നാക്കി മാറ്റാൻ പോലും ഇടയുള്ള കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിസന്ധിയെ ഫാഷിസ്റ്റുകൾ തകിടം മറിച്ചേക്കും എന്ന് ഈ പഠനം താക്കീതു ചെയ്യുന്നു.

ഇപ്പോൾ ലോകം ഫാഷിസ്റ്റുകളുടെ പിടിയിലമർന്നാൽ പുതിയൊരു വെല്ലുവിളി കൂടി മാനവരാശിക്കു മുന്നിലുണ്ട് . അത് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായേക്കാവുന്ന ഭീഷണിയാണ്. ഭൂമിയെ ജീവസാധ്യതയില്ലാത്ത ഒന്നാക്കി മാറ്റാൻ പോലും ഇടയുള്ള പ്രതിസന്ധിയാണത്. ഇപ്പോൾ നമ്മുടെയെല്ലാം ശ്രദ്ധ പതിയേണ്ട ഈ വിഷയത്തെ ഫാഷിസ്റ്റുകൾ തകിടം മറിച്ചേക്കും എന്ന് ഈ പഠനം താക്കീതു ചെയ്യുന്നു. ഇങ്ങനെ ലോകത്തിന്റെ മുന്നിലെ നിലവിലെ പ്രധാന വെല്ലുവിളികളെ അക്കമിട്ട് നിരത്തുന്നുണ്ട് ഗ്രന്ഥകാരൻ. ആധുനിക ഫാഷിസത്തെ സഹായിക്കുന്ന ഘടകങ്ങളെപ്പറ്റിയും വിശദമായി ചർച്ച ചെയ്യുന്നുണ്ട്. വലിയൊരു ജനാധിപത്യ കൂട്ടായ്മയിലൂടെ മാത്രമെ ഇതിനെ ചെറുത്തു തോല്പിക്കുവാനാകൂ എന്ന ഖണ്ഡിതമായ നിഗമനത്തിലാണ് ഗ്രന്ഥകാരൻ പുസ്തകം അവസാനിപ്പിക്കുന്നത്. ലിബറലുകളും ഇടതുപക്ഷക്കാരും എല്ലാം മറന്ന് ഇതിനായി കൈകോർക്കണം.

ചരിത്രപരമായും സാമൂഹ്യശാസ്ത്രപരമായും ഫാഷിസമെന്ന പ്രഹേളികയെ ആഴത്തിൽ മനസ്സിലാക്കാനും അതോടൊപ്പം അതിനെ പ്രതിരോധിക്കുവാനായി ലോകത്തിന്റെ മുന്നിലുള്ള വഴികൾ തേടാനുമാണ് ഈ ഗ്രന്ഥത്തിലൂടെ ശ്രമിച്ചിരിക്കുന്നത്. ഞാൻ ജീവിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തെ വായിച്ചെടുക്കാൻ സഹായിച്ച പുസ്തകം എന്ന നിലയിലാണ് ഞാനിതിനെ ഉയർത്തിക്കാട്ടുന്നത്. ഞാനെന്തു വായിക്കണം എന്ത് വായിക്കരുത് എന്ന് എനിക്കു ചുറ്റുമുള്ള ഫാഷിസ്റ്റുകൾ തീരുമാനിക്കുന്ന ഒരു നാളെയെ ഞാൻ ഭയപ്പെടുന്നുണ്ട്. ആ ഭയം അസ്ഥാനത്തല്ല എന്ന് ബോധ്യപ്പെടുത്തുകയാണ് പോൾ മേസൺ എന്ന എഴുത്തുകാരൻ. ▮

(How to Stop Fascism - History, Ideology, Resistance' Paul Mason - Penguin Books 2022)


എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments