യമ

വായനക്കാർ മാറുന്നുണ്ട്​, പുസ്​തകങ്ങളോ?

വായനയുടെയും പുസ്​തകങ്ങളുടെയും ലോകത്ത്​ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ സമഗ്രമായി വിലയിരുത്തുകയാണ് ഇന്നിറങ്ങുന്ന​ ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 117.

Truecopy Webzine

‘‘വായനയുടെ ലോകമെന്തെന്നു മനസിലാക്കാതെ തന്നെ പലപ്പോഴും പെൺകുട്ടികൾ ജീവിതത്തിൽ നിന്ന്​ പുറത്താക്കപ്പെടുന്നു. ചെറുപ്പത്തിൽ ഞാൻ ലൈബ്രറിയിൽ നിന്ന്​ എടുത്തുവന്ന പുസ്തകങ്ങൾ എന്റെ അമ്മ വീടിനു പുറത്തേക്കു വലിച്ചെറിഞ്ഞു. ഞാൻ കണക്കും സയൻസും ദുഃഖവും എല്ലാം കുത്തികുറിച്ചിരുന്നൊരു പുസ്തകം തീയിലിട്ടു. നിഷേധിയായ എനിക്ക്, വേണ്ടാത്തത് പറഞ്ഞുതരുന്നത് പുസ്തകങ്ങളാണെന്ന് അമ്മ വെറുതെ ധരിച്ചു. അന്ന് എന്റെ അമ്മ മുറ്റത്തേക്ക് വലിച്ചെറിഞ്ഞത് ബഷീറിന്റെ സമ്പൂർണ കൃതികൾ ഒന്നാം വോള്യം ആയിരുന്നു. ‘കൊസ്രാക്കൊള്ളി സ്ത്രീയെ, വെറുതെ നീയെന്റെ മേല് നോവിച്ചു' എന്ന് ബഷീർ പറഞ്ഞുകാണണം.’’


ദാമോദർ പ്രസാദ്​

‘‘പുസ്തകം വ്യക്തിയുടെ ചിന്തയെയും ആശയത്തെയും പ്രതീകവല്കരിക്കുന്നു. അധീശത്വ വ്യവഹാരങ്ങളിൽ നിന്നും അറിവുകളിൽ നിന്നും വിഭിന്നവും വ്യതിരിക്തവുമായി പലപ്പോഴും മുഖ്യധാരയോട് ഇടഞ്ഞുനിൽക്കുന്ന അന്വേഷങ്ങളുടെയും സമൂഹഭാവനയുടെയും ആന്തരികസത്തയാണ് പുസ്തകങ്ങളിൽ ഉൾക്കൊണ്ടിട്ടുള്ളത് എന്നതിനാലാണ് പ്രതീകാത്മകമായെങ്കിലും എഴുത്തിനെതിരെയുള്ള രോഷം പുസ്​തകത്തിനെതിരായുള്ള രോഷമായി പ്രകടമാകുന്നത്.’’


സി.ഐ.സി.സി ജയചന്ദ്രൻ

‘‘2023-ലെത്തുമ്പോൾ മലയാളത്തിൽ അച്ചടിക്കുന്ന സാഹിത്യഗ്രന്ഥങ്ങളുടെ കോപ്പികൾ 100, 150, 200, പരമാവധി 500. അച്ചടിച്ച് ഒരു വർഷം പുറത്തിറങ്ങുന്ന ടൈറ്റിലുകളുടെ എണ്ണം മുമ്പ് 500 ആയിരുന്നത് ഇപ്പോൾ 5000നുമുകളിൽ. പ്രസാധകരുടെ എണ്ണം 300നുമുകളിൽ.മലയാളത്തോട് വലിയ മമതയൊന്നുമില്ലാത്ത മലയാളിയ്ക്കായി 5000 പുസ്തകങ്ങൾ പുതിയതായി ഇറങ്ങുന്നു. എന്താണ് ഇതിന്റെ ഗുട്ടൻസ്? അതാണ് പുസ്തക പ്രസാധകരംഗവും മാധ്യമങ്ങളും ഇന്ന് ചർച്ച ചെയ്യേണ്ട വിഷയം. ഇങ്ങനെ ഇറങ്ങുന്ന പുസ്തകങ്ങൾ വായനക്കാരുടെ താൽപര്യങ്ങളെ ഏതെങ്കിലും വിധത്തിൽ സംരക്ഷിക്കുന്നുണ്ടോ? ഇല്ല എന്നാണ്, ഈ 5000-ൽ 4950 പുസ്തകവും നൂറിനും 250നും 500നും ഇടയ്ക്ക് കോപ്പികൾ മാത്രം അച്ചടിക്കുന്നതിൽനിന്ന് മനസ്സിലാക്കാവുന്നത്.’’


അജയ്​ പി. മങ്ങാട്ട്​

‘‘കോവിഡ് ലോക്ക്​ഡൗൺ സമയത്താണ്​ ഞാൻ ഇ- ബുക് പതിവായി വായിക്കാൻ തുടങ്ങിയത്. അക്കാലത്ത് നല്ല ഒരുപാടു പുതിയ പുസ്തകങ്ങൾ ഡിജിറ്റലായി ലഭിച്ചു. എനിക്കു തടസ്സമില്ലാതെ അവ വായിക്കാനും സാധിച്ചു. എന്നാൽ ലോക്ക്​ഡൗൺ പിൻവലിച്ചതിനു തൊട്ടുപിന്നാലെ ഇ- ബുക്കായി വായിച്ചതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടവയുടെയെല്ലാം അച്ചടിച്ച പ്രതികൾ വാങ്ങുകയും അതു വീണ്ടും വായിക്കുകയും ചെയ്തു.’’


രശ്​മി കിട്ടപ്പ

‘‘ലളിതമായ, എഴുത്തുകാരുടെ പടമില്ലാത്ത പുസ്തകച്ചട്ട എന്ന രീതിയിൽ നിന്ന്​പരീക്ഷണങ്ങളുടെയും മാറ്റങ്ങളുടെയും ലോകത്തിലേക്ക് പുസ്തകങ്ങൾ എത്തിപ്പെട്ടിരുന്ന എൺപതുകളുടെ അവസാനത്തിലാണ് കരിംപച്ച നിറമുള്ള കവറുമായി ഒരു പുസ്തകം ഞങ്ങളുടെ അലമാരയിലെത്തുന്നത്. കവി സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത് മൾബെറി ബുക്‌സ് പ്രസിദ്ധീകരിച്ച നെരൂദയുടെ തിരഞ്ഞെടുത്ത കവിതകൾ ആയിരുന്നു അത്. പുസ്തകത്തിന്റെ കവറിനുനടുവിൽ ഇടതുഭാഗത്തായി സച്ചിദാനന്ദന്റെ പടവും മുകളിൽ വലതുഭാഗത്ത് ഒരു ശില്പത്തിനരികിലായി നിൽക്കുന്ന നെരൂദയുടെ പടവുമുണ്ട്. ‘മലയാളത്തിൽ വളരെ അപൂർവ്വമായ ഒരു രീതിക്ക് ഞങ്ങളീ പുസ്തകത്തിലൂടെ തുടക്കം കുറിക്കുന്നു’ എന്നു തുടങ്ങുന്ന കുറിപ്പുള്ള ആ പുസ്തകത്തിന്​, പ്രസാധനത്തിൽ പുതിയ സാധ്യതകളെ കണ്ടെത്തുന്നതിന്റെ ഉറപ്പും വിശ്വാസവുമുണ്ടായിരുന്നു.’’


സന്ധ്യ എൻ.പി.

‘‘പുസ്തകങ്ങളല്ലാതെ മണത്തും തൊട്ടും അനുഭവിക്കാൻ കഴിയുന്ന മറ്റെന്ത് എഴുത്താണുള്ളത്? അനുഭവത്തിന്റെ ഏറ്റവും അടിസ്ഥാനമായ മണവും സ്പർശനവും തരാത്ത വായന വായനയായി തോന്നുകയില്ല. ഡിജിറ്റൽ വായനയുടെ ഏറ്റവും വലിയ കുറവാണ് Physical reading ന്റെ ഏറ്റവും വലിയ അനുഗ്രഹം.’’


പ്രിയ ഉണ്ണികൃഷ്​ണൻ

‘‘എന്റെ വീട്ടിലെത്തുന്ന ഒരു സുഹൃത്തിന് പുസ്തക അമാരയിലോ അലക്ഷ്യമായി മറ്റെവിടെയെങ്കിലുമോ ഉള്ള പുസ്തകം തുറന്ന് നോക്കാം, എഴുത്തുകാരെയോ ആ പുസ്തകത്തിന്റെ കവർചിത്രത്തിന്റെ ആകർഷണീയതയെക്കുറിച്ചോ ഉള്ളടക്കത്തെക്കുറിച്ചോ ആകാംക്ഷയോടെ അന്വേഷിക്കാം, ചർച്ച ചെയ്യാം. പുസ്തകത്തിന്റെ കാഴ്ച മറ്റൊരാളുടെ വായനയ്ക്ക് പ്രചോദനവുമാകുന്നു. എന്നാൽ, ഇ- ബുക്ക്​ അത്തരത്തിൽ ഒരു പ്രചോദനവും ഉണ്ടാക്കുന്നില്ല. പുസ്തകങ്ങളുടെ കവർപേജുകളുടെ ഭംഗി അല്ലെങ്കിൽ കൗതുകം physical touch ൽ മാത്രമാണ് അതിന്റെ മൂല്യത്തെ നിലനിർത്തുന്നത്. ഡിജിറ്റൽ വായന പെ​ട്ടെന്ന് വായനക്കാരെ മറ്റൊന്നിലേക്ക് വ്യതിചലിപ്പിക്കുന്നു എന്നതും ഒരു ന്യൂനതയാണ്.’’


ആർ. സംഗീത

‘‘മഹാവ്യാധിയുടെ അടച്ചു പൂട്ടൽ കാലത്താണ് kindle പരിചയപ്പെടുന്നത്. സ്‌ക്രീൻ വായന അത്യന്തം ശ്രമകരമായ ഒരാളെന്ന നിലയിൽ ഞാൻ അനുശീലനത്തിന്റെ തടവറയിൽ കുടുങ്ങികിടന്നു കുറച്ചുനാൾ. ഇപ്പോഴും റഫറൻസിനുവേണ്ടിയല്ലാതെ kindle വായന കുറവാണ്. Story tell ഉം പരീക്ഷിച്ചുനോക്കി. പക്ഷെ കണ്ണുകൾ മനസ്സിലുണ്ടാക്കുന്ന കടലിരമ്പങ്ങൾ കാതുകൾക്ക് സൃഷ്ടിക്കാൻ സാധിക്കില്ല എന്ന് മനസ്സിലായി. മാത്രമല്ല, കേൾവി പെട്ടെന്ന് പാസീവായി മാറുന്ന ഒന്നാണ്. വായന സൃഷ്ടിക്കുന്ന മനനത്തിന്റെ അഗാധത കേൾവിക്കില്ല.’’


വി.സി. തോമസ്​

‘‘എഴുത്ത് എഴുത്തുകാരുടെ പ്രധാന തൊഴിൽ / വരുമാന സ്രോതസ്സ് ആയിരുന്ന ഒരു കാലമുണ്ടായിരുന്നു - 1960കളിലൊക്കെ. അന്ന് എഴുത്തുകാർ ‘പബ്ലിഷിംഗ് എക്കോസിസ്റ്റത്തിലെ' പ്രധാന കണ്ണിയായിരുന്നു. ഇന്ന് എഴുത്തുകാർക്ക്​ ആ സ്റ്റാറ്റസ് നഷ്ടമായിരിക്കുന്നു. മിക്കവർക്കും സ്വന്തം രചനയുടെ മൂല്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന തരത്തിൽ വിപണി ആധിപത്യം ഏറ്റെടുത്തിരിക്കുന്നു- ‘നിന്റെ എഴുത്തിന്റെ മൂല്യം എന്റെ വില്പനയുടെ മിടുക്കാണ്​' എന്ന തരത്തിൽ. എഴുത്തുകാർ ഒപ്പിട്ടുകൊടുക്കുന്ന അച്ചടിച്ച പ്രസാധന ഉടമ്പടി വായിച്ചാൽ ഈ കാര്യം മനസിലാകും. അതിനാൽത്തന്നെ പ്രതിഭയുണ്ടായിരിക്കെ എഴുത്തിനെ മികവിലെത്തിക്കാനുള്ള ഊർജം എഴുത്തുകാർക്ക്​ പലപ്പോഴും നഷ്ടമാകുന്നു.’’

ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 117
വായിക്കാം,​ കേൾക്കാം

Comments