റഷ്യൻ വിപ്ലവം എന്ന ലോക ചരിത്രപരമായ മഹാ രാഷ്ട്രീയ സംഭവത്തിന് നേതൃത്വം കൊടുത്ത ലെനിന്റെ ജീവിതം കേന്ദ്രമാക്കി ഒരു നോവൽ രചിക്കുക എന്നത് ഏത് എഴുത്തുകാരെ സംബന്ധിച്ചും വലിയ വെല്ലുവിളികൾ നിറഞ്ഞ ഒരു സാഹസിക സംരംഭമാണ്. ഈ സാഹസം ധീരമായി ഏറ്റെടുത്ത സി. അനൂപ് മലയാളികളുടെ അഭിനന്ദനം അർഹിക്കുന്നു.
സോവിയറ്റ് യൂണിയനും അതുകൊണ്ടുതന്നെ അതിന്റെ പിതാവും മഹാനായ നേതാവുമായ ലെനിനും ആധുനിക മലയാളി സമൂഹത്തിന്റെ രാഷ്ട്രീയ അബോധ (Political Unconscious ) നിർമ്മിതിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് അതിന് കാരണം.
ലെനിനിസം ഭീകരമായ സ്റ്റാലിനിസ്റ്റ് സർവ്വാധിപത്യമായി മാറുകയും സോവിയറ്റ് യൂണിയൻ സമ്പൂർണ്ണ തകർച്ചയിലേക്ക് പതിക്കുകയും അവശേഷിക്കുന്ന സോഷ്യലിസ്റ്റ് രാഷ്ട്രീയം മുതലാളിത്ത വികസനത്തിന്റെ മറ്റൊരു ധാരയായി പരിണമിക്കുകയും ചെയ്തുകഴിഞ്ഞ ഇക്കാലത്ത് ഈ നോവലിലൂടെ ഉയർത്തിയെടുക്കാൻ ശ്രമിക്കുന്ന ലെനിന്റെ ജീവിതത്തിന് എന്താണ് പ്രസക്തി എന്നൊരു ചോദ്യം ഉയർന്നേക്കാം. എന്നാൽ ബഹുഭൂരിപക്ഷം വരുന്ന വിവിധ ലോക കീഴാള വർഗ്ഗങ്ങൾ അവരുടെ ജീവിതമോചനത്തിനു വേണ്ടി ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന നാനാമുഖമായ സമരങ്ങൾ, പരാജയപ്പെട്ട പഴയ സമരപരീക്ഷണങ്ങളുടെ തുടർച്ച തന്നെയാണ് എന്ന് കണ്ണു തുറന്നു കാണുമ്പോഴാണ് ഈ നോവൽ പ്രസക്തമാകുന്നത്.
അങ്ങനെ നോക്കുമ്പോൾ വിപ്ലവനായകൻ എന്ന നിലയിൽ തീവ്രവും സംഘർഷഭരിതവുമായ ഒട്ടേറെ ജീവിതസന്ദർഭങ്ങൾ നിറഞ്ഞ ലെനിന്റെ ബാഹ്യരാഷ്ട്രീയ ജീവിതത്തെ മാറ്റിനിർത്തി ലെനിൻ എന്ന വ്യക്തിയുടെ സ്വകാര്യ ജീവിത സന്ദർഭങ്ങളിലൂടെ മറ്റൊരു നൂതന ഭാവി വിപ്ലവരാഷ്ട്രീയ വ്യവഹാരത്തിന്റെ ആഖ്യാനമാണ് ഈ നോവൽ ലക്ഷ്യമാക്കുന്നത് എന്നു കാണാം.
ലെനിന്റെ ബാല്യകാലം മുതൽ മരണവും ’മരണാനന്തര’ ജീവിതവും വരെയുള്ള തെരഞ്ഞെടുത്ത വ്യക്തിജീവിതസന്ദർഭങ്ങളുടെ ആവിഷ്കാരത്തിലൂടെ പഴയ വിപ്ലവങ്ങളുടെ പരാജയങ്ങളിലേക്കും ഭാവിയിലെ വിപ്ലവങ്ങളുടെ സാധ്യതകളിലേക്കും ഒരേസമയം വാതിൽ തുറന്നു വെക്കുന്ന ഒരു നൂതന രാഷ്ട്രീയമാണത്.
‘സ്നേഹം’ ഒരു രാഷ്ട്രീയഗണ (Political category) മായി മാറുന്ന ഈ നൂതന രാഷ്ട്രീയ തൃഷ്ണയുടെ പരോക്ഷ തീവ്രശക്തികളിൽ (Virtual Powers) നിന്നാണ് ഈ നോവൽ ഒരു കലാസൃഷ്ടിയായി ഉയരുന്നത്.
ലെനിന്റെ പ്രസിദ്ധമായ ജീവചരിത്രം രചിച്ച ക്രിസ്റ്റഫർ റീഡ് ഈ നോവലിൽ ലെനിനെ കുറിച്ചുള്ള ഈ നോവലിന്റെ രചയിതാവായ ഒരു കഥാപാത്രമായി മാറുകയും ജീവചരിത്രരചനയിൽ നിന്ന് ഭിന്നമായ നോവൽ രചനയുടെ സർഗ്ഗാത്മകമായ വെല്ലുവിളികൾ ഏറ്റെടുക്കുകയും ചെയ്യുന്നു. ഈ പരിശ്രമത്തിൽ ക്രിസ്റ്റഫർ റീഡ് കൈവരിക്കുന്ന വിജയവും പരാജയവും അനൂപ് തന്റെ രചനയിലൂടെ നമുക്ക് കാട്ടിത്തരുന്നു. അങ്ങനെ ഒരു നൂതന വിപ്ലവ രാഷ്ട്രീയ തൃഷ്ണയുടെ സന്ദിഗ്ദ്ധതകൾ ഒരു കലാസൃഷ്ടിയുടെ സന്ദിഗ്ദ്ധതകളായി നാം ഇതിൽ അനുഭവിക്കുന്നു.

▮
ലെനിൻ, ഒരു നോവൽ
സി.അനൂപ്
ചുനക്കരയിലെ എന്റെ വീട്ടിലും ചുറ്റുവട്ടമുള്ള കൊച്ചയ്യം, വലിയവിള ലക്ഷം വീട് കോളനികളിലും ചുമരുകളിൽ കണ്ട ഫോട്ടോകൾ:
ശബരിമല ശ്രീഅയ്യപ്പൻ, മഹാത്മാഗാന്ധി, പി. കൃഷ്ണപിള്ള, എ.കെ.ജി, എം.എൻ. ഗോവിന്ദൻ നായർ- അങ്ങനെ നിരവധി ചിത്രങ്ങൾ. അവരിൽ നിന്നൊക്കെ രൂപം കൊണ്ടും ഭാവം കൊണ്ടും വ്യത്യസ്തരായ രണ്ടുപേർ. അവർ ആരാണെന്ന് കുട്ടിക്കാലത്തൊന്നും മനസ്സിലായില്ല. പൂർവ്വ പരമ്പരകളിൽ ചിലരുടെ ഫോട്ടോയും ആ കൂട്ടത്തിലുണ്ടായിരുന്നു.
ബാലസംഘം പരിപാടികളിൽ വെച്ചാണ് ആ രണ്ടുപേരുടെ പേര് മനസ്സിലായത്. അമ്മയോട് അവരാരെന്നു ചോദിച്ചപ്പോൾ കമ്മ്യൂണിസ്റ്റുകാരാണെന്ന പ്രാഥമിക വിവരമേ ലഭിച്ചുള്ളു. അമ്മ അടിയുറച്ച കോൺഗ്രസ് കുടുംബത്തിലാണ് ജനിച്ചുവളർന്നത്. അച്ഛൻ 1950 കളുടെ തുടക്കത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറും സജീവ പ്രവർത്തകനുമായിരുന്നു. അച്ഛന്റെ സ്വാധീനത്തിലാവണം പിൽക്കാലത്ത് അമ്മയുടെ രാഷ്ട്രീയ വീക്ഷണത്തിലും മാറ്റമുണ്ടായത്.
1980- കളുടെ രണ്ടാം പകുതിയിൽ പന്തളം എൻ.എസ്.എസ് കോളജിൽ പ്രീഡിഗ്രി പഠനത്തിനെത്തിയപ്പോഴാണ് വീട്ടിൽ കണ്ട താടിക്കാരെക്കുറിച്ച് കൂടുതൽ മനസ്സിലായത്. അവരുടെ ചിത്രങ്ങൾ കലാലയമതിലുകളിലും പോസ്റ്ററിലും ബാനറിലുമൊക്കെ നിറഞ്ഞുനിന്ന കാലമായിരുന്നു അത്.
കാൾ മാർക്സും ലെനിനുമായിരുന്നു അത്. എംഗൽസിന്റെ ചിത്രവും ഇടയ്ക്ക് കാണാനായി. ശേഷമുള്ള പല വായനാകാലങ്ങളിലാണ് ഇവർ രണ്ട് ഭൂഖണ്ഡങ്ങളിലിരുന്ന് ലോകത്തെ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർക്കുവേണ്ടി സ്വയം എരിഞ്ഞവരാണെന്ന് മനസ്സിലായത്. മാർക്സ് യൂറോപ്പിലിരുന്ന് മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങൾ വിശകലനം ചെയ്തപ്പോൾ ലെനിൻ റഷ്യയിൽ മനുഷ്യ ജീവിതത്തെ ഉടച്ചുവാർത്തു. മണ്ണും ജലവും ഫലവുമെല്ലാം വായു പോലെ മനുഷ്യന് ഒരേ വിധം അവകാശപ്പെട്ടതാണെന്നും അതിനെതിര് നിൽക്കുന്നവരുടെ അധികാരം ആദ്യം കൊയ്യണമെന്നും അവർ ഉറപ്പിച്ചു.
അതൊക്കെ ചരിത്രം.
മാർക്സിസവും ലെനിനിസവും പല കാലങ്ങളിൽ പല രാജ്യങ്ങളിൽ പല രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയും പ്രയോഗിക്കപ്പെടുകയും ചെയ്തു. യഥാർത്ഥ മനുഷ്യനുവേണ്ടി നിർമിച്ച ഒരു രാഷ്ട്രീയ ദർശനത്തിന് മനുഷ്യൻ തന്നെ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി. സംഭവിക്കാവുന്നതും സംഭവിക്കരുതാത്തതുമായ പലതും സംഭവിച്ചു. അത് ദർശനവൈകല്യമല്ല. ദർശനരഹിതരായവർ നേതൃപദത്തിലെത്തിയതു കൊണ്ടുണ്ടായതാണ്. അതൊക്കെ ചരിത്ര പഠിതാക്കൾ വീണ്ടും വീണ്ടും അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യട്ടെ.
അര നൂറ്റാണ്ടുമുമ്പ് വീടിന്റെ ചെങ്കൽ ചുമരിൽ കണ്ട ആ മഹാമനുഷ്യൻ എങ്ങനെയാണ് പല പ്രത്യക്ഷങ്ങളായി മനസ്സിൽ നിറഞ്ഞതെന്ന് തേടലാണ് ഈ നോവൽ.

വർഷങ്ങൾ പലത് കഴിഞ്ഞു. റഷ്യയും ചൈനയും ക്യൂബയുള്ള രാജ്യങ്ങൾ പല പല വഴിത്തിരിവുകൾ പിന്നിട്ടുകൊണ്ടിരിക്കുന്നു. പല രാഷ്ട്രങ്ങളിലേയും സാമൂഹ്യ മുന്നേറ്റങ്ങളിലുടെ കടന്നുവരുമ്പോൾ രണ്ടു മഹാജന്മങ്ങൾ ഏതൊക്കെയോ രീതിയിൽ നമ്മെ സ്വാധീനിക്കുകയും ചേർത്തുനിർത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. മഹാത്മാഗാന്ധിയും വ്ലാദിമിർ ഇല്ലിച്ച് ലെനിനുമാണ് അവർ.
വിമർശനങ്ങൾക്ക് അതീതരല്ല ഇരുവരും. തെറ്റും പിഴയുമെല്ലാമുള്ള മനുഷ്യരാണ് തങ്ങളെന്ന് സ്വയം വിശ്വസിച്ചവർ. എന്നാൽ അവയെയെല്ലാം അതിജീവിക്കുന്ന ഒരു മാന്ത്രികപരിമളം അവരുടെ ചിരിയിലും വേദനയിലും നിറഞ്ഞുനിന്നിരുന്നു.
ഒരാളെ നേരിട്ടു കണ്ടില്ലെങ്കിലും ഹൃദയരക്തത്തിൽ ലയിപ്പിക്കാൻ സാധിക്കും. ഗാന്ധിയും ലെനിനും അക്കാര്യം നിരന്തരം ഓർമപ്പെടുത്തു ന്നവരാണ്. അവരുടെ കുട്ടിക്കാലം, രക്ഷിതാക്കൾ, പഠനം, കൂട്ടുകാർ, സമരങ്ങൾ. യാതനകൾ, ലക്ഷ്യത്തിനു വേണ്ടിയുള്ള നിരന്തര പ്രയത്നവും പ്രതിസന്ധിയും വിജയവും, ആന്തരിക സംഘർഷങ്ങൾ, മരണമുഹൂർത്തം - ഇതൊക്കെ മനസ്സിലാക്കാൻ ശ്രമിക്കുന്തോറും അത്ഭുതം അതിരില്ലാതെ വളർന്നുകൊണ്ടിരുന്നു. അറിയുന്തോറും അല കടൽ പോലെ അത്ഭുതം തോന്നിപ്പിക്കുന്നത് ചില ജന്മങ്ങളുടെ നിയോഗമാകണം.
ദക്ഷിണാഫ്രിക്കൻ യാത്രക്കിടയിൽ പീറ്റർമാരിസ്ബർഗ് റെയിൽവേ സ്റ്റേഷനിൽ നിൽക്കെ അരണ്ട വെളിച്ചത്തിലൂടെ രണ്ടു പേർ ആത്മമിത്രങ്ങളെപോലെ നടന്നുവരുന്നത് കണ്ടു. ഒരാൾ റഷ്യക്കാരനും മറ്റൊരാൾ ഇന്ത്യക്കാരനും. അതിലൊരാൾ ഗാന്ധിയും മറ്റൊരാൾ ലെനിനുമാണെന്ന് വെറുതെ സങ്കല്പിച്ചു. ചില കല്പനകൾ കടന്നുവരുന്നത് ചില തോന്നലുകളിൽ നിന്നാവും. അത് പല വിതാനങ്ങളിലേക്ക് വളരുമെന്നൊന്നും അന്ന് തോന്നിയില്ല. പക്ഷെ പല പിരിവുകളിലൂടെയും ഉൾപ്പിരിവുകളിലൂടെയും അത് വളർന്നുവരികയായിരുന്നു.
ഭാവനയിലെ ഒരാൾ റഷ്യൻ ജനതയുടെ സ്വപ്നങ്ങൾക്ക് ഭീമൻചിറക് സമ്മാനിച്ചു. രണ്ടാമൻ ഇന്ത്യൻ ഭൂപടത്തിന്റെ മഹാസ്വപ്നങ്ങൾക്കും.
ഗാന്ധിയും ലെനിനും രണ്ട് രാജ്യങ്ങളിലാണ് ജനിക്കുകയും ജീവിക്കുകയും ചെയ്തതെങ്കിലും അവരുടെ ഹൃദയമിടിപ്പ് ഒരേ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു. സാർ ചക്രവർത്തിമാരുടെ കിരാത മുഖമുടച്ച് ലെനിൻ ഒരു ജനതയ്ക്ക് ജീവൻ പകർന്നപ്പോൾ മറ്റൊരാൾ ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യൻ ജനതക്ക് സ്വാതന്ത്ര്യത്തിന്റെ അർത്ഥം പകർന്നു. ഒരാൾക്ക് കസ്തൂർബ പ്രാണവായൂ പോലെ പ്രിയപ്പെട്ടവളായി. ലെനിന് ക്രൂപ്സ്കയയും.
അങ്ങനെ പല കാലങ്ങളിൽ മനസ്സിലാക്കിയ ലെനിനും ഗാന്ധിയും പല വിതാനങ്ങളിൽ അകമേ പന്തലിച്ചുവന്നു. അവരുടെ ജീവിതനിയോഗങ്ങൾ വ്യത്യസ്തമായിരുന്നു. എതിരിടാൻ ചെല്ലുന്നവർ നമ്രശിരസോടെ തിരിച്ചുപോകുന്ന ചില ജന്മങ്ങളുണ്ട്. ഭൂമിയുടെ തായ്‌വേരിൽ നിന്നും ഊർജ്ജം ലഭിച്ചവർ. അവർക്ക് കാവലൊരുക്കുന്നതും കാതൽ പകരുന്നതും ഈ പ്രകൃതി തന്നെയാണ്.
2021 ജൂണിലെ നല്ല മഴയുള്ള ഒരു രാത്രി. അന്ന് AARK-ൽ (എന്റെ വീട്) ഞാൻ ഒറ്റയ്ക്കായിരുന്നു. കാറ്റും കൊല്യാനും ഇടിയും തിമിർത്തുകൊണ്ടിരിക്കെ അർത്ഥരാത്രിയോടടുത്ത നേരത്ത് ഞാൻ വരാന്തയിലേക്കിറങ്ങി. ഒരു മിന്നലിനും മറ്റൊരു മിന്നലിനും മദ്ധ്യേ വീണ്ടും അവർ പ്രത്യക്ഷരായി. പ്രവിശ്യകളും പ്രദേശങ്ങളും പിന്നിട്ട് അവർ ഒന്നിച്ച് ഒരേ മൺപാതയിലെ നനവിലൂടെ നടന്നു വന്നു. അത്ര നാളും കേൾക്കാത്ത ഏതോ ഭാഷയിൽ ഏതോ പീഡിതരായ മനുഷ്യരെക്കുറിച്ച് അവർ സംസാരിച്ചു. നിശ്ശബ്ദരായി നിന്നു. ഉച്ചത്തിൽ ചിരിച്ചു. മഴപ്പെരുക്കത്തിൽ തോന്നിയ വല്ലാത്തൊരു ഭയവും ഒറ്റപ്പെടലും എന്നിൽ നിന്നും തോർന്നു മാറാൻ തുടങ്ങി. മുന്നിൽ അവർ അധൈര്യത്തിന്റെ ആകാശം മായ്ക്കും പോലെ ഒരു മറകെട്ടി.

മഴ തോർന്നു. നേരം പുലർന്നു വരുന്നതേയുള്ളൂ. കയ്യെത്തും ദൂരത്തിരുന്ന വലിയൊരു ഡയറിയിൽ എന്തൊക്കെയോ കുറിച്ചുവെക്കാൻ തുടങ്ങിയ ഞാൻ അന്നു രാത്രിയിൽ ഈ നോവലിന്റെ ആദ്യ അധ്യായം എഴുതി തുടങ്ങി.
പക്ഷെ എഴുത്ത് മുന്നേറിയില്ല.
തൊട്ടടുത്ത ദിവസങ്ങളിലൊന്നിൽ അയൽക്കാരിയും പ്രിയ സുഹൃത്തും കവിയുമായ അനിതാ തമ്പിയെ കണ്ടു. ആലപ്പുഴ വെള്ളം പോലെ ഞങ്ങൾ അകം പകർന്ന് സംസാരിക്കാറുണ്ട്. അതിനിടയിലാണ് ഞാൻ എഴുതാൻ തുടങ്ങുകയും എന്നാൽ തുടരാൻ കഴിയാതെ നിലച്ചുപോകുകയും ചെയ്ത നോവലിനെക്കുറിച്ച് പറഞ്ഞത്. ഒന്നാലോചിച്ചിരുന്ന ശേഷം അനിത ചില എഴുത്തു രഹസ്യങ്ങൾ വെളിപ്പെടുത്തി.
... മറ്റ് എഴുത്തുരൂപങ്ങളിൽ നിന്നു വ്യത്യസ്തമാണ് നോവൽ. നിരന്തരമായ ശ്രമവും പരിശ്രമവും അതിന് ആവശ്യമുണ്ട്. ഓരോ ദിവസവും ജീവിതപ്പാച്ചിലുകൾക്കിടയിൽ സമയം കണ്ടെത്തി തുടർച്ചയറ്റുപോകാതെ എഴുതാൻ കഴിഞ്ഞാൽ മാത്രമേ നോവൽ എഴുതി പൂർത്തിയാക്കാനാകൂ...
അനിതയുമായുള്ള സംസാരം വീണ്ടും തുടങ്ങി വെച്ച നോവലിലേക്ക് എന്നെ തിരികെയെത്തിച്ചു.
കുട്ടിക്കാലം മുതൽ കേട്ടതും വായിച്ചതുമായ ലെനിൻ ഓർമകൾ ഞാൻ ഒരു നോട്ടുപുസ്തകത്തിൽ എഴുതി വെക്കാൻ തുടങ്ങി. പതിവുപോലെ ആ ദിവസങ്ങളിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി ലൈബ്രറിയിലെത്തി ലെനിൻശേഖരത്തിലൂടെ കടന്നുപോകാൻ തുടങ്ങി. ഒപ്പം goodby lenin ഉൾപ്പെടെയുള്ള സിനിമകളും ഡോക്യുമെന്ററികളും കണ്ടു. അവയൊക്കെ ലെനിന്റെ ജീവിതത്തെയും ആത്മസമർപ്പണത്തെയും വെളിപ്പെടുത്തുകയായിരുന്നു. ഒരു നൂറ്റാണ്ടു മുമ്പ് ജീവിക്കുകയും ഒരു ജനതയുടെ ഭാവിഭാഗധേയം നിർണ്ണയിക്കുകയും മാത്രമല്ല, അതിവിദൂര കാലത്തെ ദീർഘദർശനം ചെയ്യുക കൂടിയായിരുന്നു ലെനിൻ.
ക്രിസ്റ്റഫർ റീഡ് ലെനിന്റെ ജീവചരിത്രകാരനാണ്. ദീർഘകാലത്തെ ജാഗ്രത്തായ പഠനവും അന്വേഷണവും നടത്തിയശേഷം എഴുതിയ 'ലെനിൻ എ റെവല്യൂഷനറി ലൈഫ്' എന്ന ഗ്രന്ഥം ലെനിന്റെ ജീവിതത്തിന്റെ നേർക്കാഴ്ചയായി മാറി.
ലെനിന്റെ പിറവിയും ജീവിതവും സമരവും പ്രതിരോധവവും ഏകാന്തതയും ദുഃഖവും മരണവും അതിനിടയിലെ അത്ഭുതകരമായ ഉയർന്നു പറക്കലുമെല്ലാം നോവലിലേക്ക് പകരാൻ തുടങ്ങിയപ്പോൾ ക്രിസ്റ്റഫർ റീഡ് ഒരു കഥാപാത്രമായി എഴുത്തുനേരങ്ങളിലേക്ക് കടന്നുവരുകയായിരുന്നു. ഒപ്പം ഇറീനയും. സാങ്കൽപ്പിക കഥാപാത്രമായ ഇറീന ക്രിസ്റ്റഫറിന്റെ എഴുത്തുവേവുകൾക്ക് തണലും തണുപ്പുമായി ഒപ്പം കൂടി. ജീവിതത്തിന്റെ അലയും ആലയും ഏറ്റുവാങ്ങി നീറിസഞ്ചരിച്ച നോവലിലെ ക്രിസ്റ്റഫറിന് ലെനിന്റെ ജീവിതം പകർന്നാടുന്ന നോവലെഴുത്തിന് ഇന്ധനം പകരുകയാണ് ഇറീന എന്ന കഥാപാത്രം.
നേരിട്ടു കാണാത്ത ആകാശങ്ങളിൽ നിന്നും ജീവിച്ചിരുന്നവരും സാങ്കല്പികവുമായ കഥാപാത്രങ്ങൾ ഓരോരുത്തരായി ഇറങ്ങിവരാൻ തുടങ്ങി. ഗോർക്കിയും ടോൾസ്റ്റോയിയും ട്രോട്സ്കിയും ക്രൂപ് സ്കയയും ഡോ. ബെക്തവുമെല്ലാം ലെനിന്റെ ജീവിതത്തിന് ചിറകും ചലനവും നൽകിയവരാണ്.
പല രാപ്പകലുകൾ എഴുതിയും വെട്ടിയും നോവലെഴുത്ത് തുടർന്നു. മാധ്യമപ്രവർത്തകനെന്ന നിലയിലുള്ള യാത്രകളും തിരക്കും ചിലപ്പോൾ എഴുത്തിന്റെ തുടർച്ചയെ വീണ്ടും തടസ്സപ്പെടുത്തി. എങ്കിലും ചെറിയ ചെറിയ ഇടവേളകൾക്കുശേഷം ലെനിന്റെ ജീവിതഛായയിലേക്ക് തിരിച്ചെത്തി. അപ്പോഴൊക്കെ ലെനിന്റെ ജീവിതം നന്നായി അറിയുന്ന ക്രിസ്റ്റഫർ റീഡ് അതേ ജീവിതം കേന്ദ്രീകരിച്ച് നോവലെഴുതാൻ തുടങ്ങിയപ്പോൾ അനുഭവിച്ച അതേ പ്രതിസന്ധികൾ എനിക്ക് മുന്നിലും എഴുന്നുവന്നു. അതിനെ എങ്ങനെ മറികടക്കണം എന്ന ചിന്തയിൽ തടഞ്ഞു നിൽക്കാതെ എഴുത്ത് പല വിതാനങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടുരുന്നു.
ലെനിന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന് കരുതാനാവില്ല. ലോകമറിയുന്ന ലെനിനു പിന്നിൽ ലോകമറിയാത്ത ഒരു ലെനിൻ ജീവിച്ചിരുന്നു. ഈ തോന്നലാണ് പലപ്പോഴും എഴുത്തിനെ മുന്നോട്ടു നയിച്ചത്.
ക്രിസ്റ്റഫർ റീഡ് അന്വേഷിച്ചറിഞ്ഞതിനപ്പുറമുള്ള ഒരു ജീവിതം ലെനിൻ ജീവിച്ചിരുന്നു. യഥാർത്ഥ ജീവചരിത്രത്തിനപ്പുറം നോവലിലെ കഥാപാത്രമായ ക്രിസ്റ്റഫർ മറ്റു ചിലത് കൂടി എഴുതുന്നുണ്ട്. അത് എഴുത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ്.
നോവൽ പൂർത്തിയായശേഷം നിരവധി മാസങ്ങൾ. അതിലേക്കൊരിക്കൽ കൂടി പൂർണ്ണാർത്ഥത്തിൽ തിരിച്ചുപോകാൻ കഴിഞ്ഞില്ല. എങ്കിലും ഇടയ്ക്കിടെ താളുകൾ മറിച്ച് ലെനിന്റെ ജീവിതകാലത്തിന്റെ ചരിത്രമുഴക്കങ്ങൾ അനുഭവിച്ചു. തുടർന്ന് ചില വെട്ടലുകളും തിരുത്തലുകളുമായി മാസങ്ങൾ കടന്നുപോയി. അതിനിടയിൽ പ്രിയപ്പെട്ട ചിലർക്ക് നോവൽ വായിക്കാൻ നൽകി. അവരുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ ചില വെട്ടലുകൾക്കും തിരുത്തലുകൾക്കും സഹായിച്ചു.
മഹാരഥന്മാരുടെ നോവലുകളും കഥകളും കവിതകളും മറ്റ് സാഹിത്യരൂപങ്ങളും വായിക്കുമ്പോൾ ആത്മവിശ്വാസമെന്ന പക്ഷി ചില നേരങ്ങളിൽ പറന്നകലും. കാരമസോവ് ബ്രദേഴ്സും , ധർമരാജയും ഖസാക്കിന്റെ ഇതിഹാസവുമുൾപ്പെടെ നൂറുകണ്ണിന് നോവലുകൾ ചുറ്റും ചിറകടിച്ചെത്തും. നൂറു കണക്കിന് വ്യത്യസ്ത രുപികളും സ്വഭാവികളുമായ കഥാപാത്രങ്ങൾ സംഘനൃത്തം ചെയ്യും.
പൂർണമായും ഭാവനയിലൂടെ സൃഷ്ടിച്ച ഒരു കഥയോ കഥാപാത്രമോ അല്ല ഇത്. മറിച്ച് ലോകചരിത്രത്തെ അഗാധമാക്കിയ ലെനിനും അദ്ദേഹം ജീവിച്ച കാലവുമാണ് ഇവിടെ പുനഃസൃഷ്ടിക്കാൻ ശ്രമിച്ചിരിക്കുന്നത്.

കാലം പിന്നെയും കഴിഞ്ഞു.
അങ്ങനെ വീണ്ടും നോവലിൽ പല തിരുത്തലുകൾ വരുത്തി. നൂറുകണക്കിന് കഥാപാത്രങ്ങളും കഥാമുഹൂർത്തങ്ങളും കടന്നുവന്നു. ഒരു ഘട്ടമെത്തിയപ്പോൾ ഇനി ലെനിൻജീവിതത്തെ സ്വകാര്യ മുറിയിൽ നിന്ന് വായനക്കാരുടെ മുന്നിലേക്ക് പറഞ്ഞയയ്ക്കണമെന്ന് നിശ്ചയിച്ചു. ട്രൂ കോപ്പി വെബ്സീനിലാണ് ഒരു വർഷത്തിലേറെക്കാലം 'ദ്വസ്വിദാനിയ ലെനിൻ' (Good bye Lenin) ശബ്ദരേഖസഹിതം പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത്.
നോവൽ ഖണ്ഡശ്ശഃ വന്നു തുടങ്ങിയ ശേഷം പല ദേശങ്ങളിൽ നിന്ന് വായനക്കാരും ശ്രോതാക്കളും അവരുടെ അഭിപ്രായങ്ങൾ നേരിട്ടും ഫോണിലും അറിയിച്ചു. അവയിൽ പലതും പലതരം ലെനിൻ അനുഭവങ്ങളിലേക്കുള്ള ജാലകം തുറക്കലായി മാറുകയും ചെയ്തു. മലയാളിയുടെ മനസ്സിൽ ലെനിൻബാധ എത്രമാത്രം ശക്തമായിട്ടുണ്ടെന്നതിന്റെ പല ഓർമകളിലൂടെ ആ നാളുകളിൽ സഞ്ചരിക്കാനായി.
ഇപ്പോൾ, മാതൃഭൂമി ബുക്സ് നോവൽ പ്രസിദ്ധീകരിക്കുന്നത് ‘അദൃശ്യ സന്ദർശനം’ എന്ന പേരിലാണ്. നോവൽ പുസ്തകരൂപത്തിലാകുന്നതിനു മുമ്പുള്ള പല ഘട്ടങ്ങളിൽ എന്റെ എഴുത്തു ജീവിതത്തെ സ്നേഹപൂർവ്വം അനുഗ്രഹിക്കാറുള്ള ഓരോരുത്തരുടേയും മുഖം ഓർക്കുന്നു. വിമർശിച്ചും അഭിനന്ദിച്ചും അവർ നൽകിയ കരുതൽ നോവൽ പൂർത്തീകരിക്കാൻ സഹായിച്ചിട്ടുണ്ട്.
അപരിചിതമായ ഒരു ദേശത്ത് ജനിച്ച് അവിചാരിതമായ വഴികളിലൂടെ സഞ്ചരിച്ച് അവിശ്വസനീയമായ മുന്നേറ്റങ്ങൾ കൈവരിച്ച ഒരാൾ. അങ്ങനെയുള്ള ചില മനുഷ്യരുടെ പിറവിയും ജീവിതവുമാണ് ഭൂമിയെ അത്യന്തം പ്രകാശമാനമാക്കുന്നത്. അവർ സ്വയം സമർപ്പിച്ച് സൃഷ്ടിക്കാൻ ശ്രമിക്കുന്നത് പുതിയൊരു ലോകമാണ്. പുതിയൊരു ആകാശമാണ്. അവിടെ തെളിയുന്നതാകട്ടെ അത്ര നാളും കാണാത്ത ലോക നീതിയും നിയമവുമായിരിക്കും. അത് പുതിയൊരു ജൈവ കാലത്തിന് പിറവിയൊരുക്കും. റഷ്യയിൽ ലെനിൻ അതാണ് നടപ്പിലാക്കിയത്.
വാക്കുകൾ കൊണ്ട് സ്വപ്നഗോപുരങ്ങൾ തീർത്ത മഹാരഥന്മാരുടെ രചനകൾ വായിക്കുമ്പോൾ സ്വന്തം നിസ്സാരതയും നാം തിരിച്ചറിയുന്നു. ഏതു പ്രതിസന്ധിയെയും മറികടക്കാൻ നാലാം വയസ്സിൽ മണ്ണിലെഴുതി പഠിച്ച ആ 51 അക്ഷരങ്ങൾ ഒപ്പമുണ്ടെന്ന തോന്നലാണ് ആകെയുള്ള ധൈര്യം. പലപ്പോഴും ഏതു കഠിനകാലത്തെ നേരിടാനും തിന്മയോട് എതിര് നിൽക്കാനും കരുത്ത് പകരുക അതു മാത്രമാണ്.
ആ സ്വരവ്യഞ്ജനങ്ങൾക്ക് നന്ദി പറയാതെ വയ്യ.
