‘‘Each of us is more than one person, many people, a proliferation of our one self. That's why the same person who scorns his surroundings is different from the person who is gladdened or made to suffer by them. In the vast colony of our being, there are many different kinds of people, all thinking and feeling differently’’.
- Fernando Pessoa, The Book of Disquiet
▮
എൻ. പ്രഭാകരന്റെ ‘മഹാനടനം’ എന്ന നോവൽ വായിച്ചുകഴിഞ്ഞതേയുള്ളൂ.
’ഞാൻ വിളയറിയാതെ വിത്തെറിയുന്ന കൃഷിക്കാരനാണ് എന്ന് പറഞ്ഞുകൊണ്ട്, ഇനി നീ എഴുതിക്കോളൂ, ഞാനിവിടെ മാറിനിന്ന് നോക്കി കൊള്ളാം എന്നു പറഞ്ഞ്, എഴുത്ത് പേനയ്ക്ക് സ്വതന്ത്രമായി വിട്ടുകൊടുത്തപ്പോഴുണ്ടായ നോവലാണ് ‘മഹാനടനം’.
‘എങ്കിലും ഞാനായിത്തന്നെ നിന്നുകൊണ്ട് ഇടയ്ക്കൊക്കെ കുറച്ചൊന്ന് മാറിനിന്ന് എന്നെ നിരീക്ഷിച്ചുകൊണ്ട് ഞാൻ സംസാരിക്കും' എന്ന് നോവലിസ്റ്റ് ഇടയ്ക്ക് പറയുന്നുണ്ട്.
ഇവിടെ കഥാപാത്രങ്ങളെ ആരും നിയന്ത്രിക്കുന്നില്ല, ശരി- തെറ്റുകളെ പറ്റി പറയുന്നില്ല, ഭാഷ കൊണ്ടുള്ള സർക്കസ് കളിയില്ല, വാക്കുകൾക്ക് നെറ്റിപ്പട്ടം കെട്ടി ആഢംബര എഴുന്നള്ളിപ്പില്ല, അതുകൊണ്ടുതന്നെ ഒഴുക്കുള്ള ഒരു വെള്ളത്തിലെ കടലാസ് തോണിയിലിരുന്ന് എളുപ്പത്തിൽ വായനക്കാർക്ക് ഗഗനോടൊപ്പം യാത്ര ചെയ്യാം.
വർഷങ്ങൾക്കുമുമ്പ് (1998-99) `തീയ്യൂർ രേഖകളിലെ `വാർദ്ധ ഗോപാലനും അരിവാൾ അച്ച്വേട്ടനും ആമു ജിന്നും ദേവയാനിയും കോണേരി വെള്ളനും’ നടന്ന ജീവിതം പോലെ പരപ്പുകളും ഒളിയിടങ്ങളും താഴ്ച്ചകളും ഉയർച്ചകളും തിരിവുകളും മറവുകളും പലപല തെളിച്ചങ്ങളുമെല്ലാമുള്ളതെങ്കിലും അവയൊന്നും ഇല്ലെന്ന് ഭാവിച്ച്, കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന' മാടായിപ്പാറയിലൂടെ ഇപ്പോൾ ഇങ്ങേത്തലയ്ക്കൽ ഗഗനും സഹയാത്രികനും പലപല വേഷങ്ങളിൽ നടക്കുകയാണ്.
2020 നവംബറിൽ കോവിഡ് കാലത്ത് തന്റെ 68-മത്തെ വയസ്സിൽ വിഷാദരോഗത്തിന്റെ പടുകുഴിയിൽ വീണുപോയ ഗഗൻ കഥ പറഞ്ഞു തുടങ്ങുന്നു.
തന്നെപ്പറ്റി കുറച്ചു കാര്യങ്ങൾ പറഞ്ഞശേഷം കഥ പറയാനുള്ള അധികാരം അയാൾ നോവലിസ്‌റ്റിന് നൽകുകയാണ്. തന്റെയുള്ളിൽ കൊണ്ടുനടക്കുന്ന അസ്വസ്ഥതകളും സന്ദേഹങ്ങളും പ്രതീക്ഷകളും കഥാപാത്രത്തെക്കൊണ്ട് പറയിപ്പിച്ച്, മാറിനിന്ന് ഒളിഞ്ഞുനോക്കുന്ന നോവലിസ്റ്റിന്റെ രചനാതന്ത്രം (ഉദാ: ഒരു മലയാളി ഭ്രാന്തന്റെ ഡയറി) മറ്റു പല കഥകളിലും പോലെ ഇവിടെയും കാണാം. ഈ നോവലിൽ ഗഗൻ ഒരേസമയം ഒരാളായും അനേകം പേരായും നമുക്ക് അനുഭവപ്പെടുന്നുണ്ട്

'ഞാൻ ജീവിക്കുന്നത് മറ്റാരൊക്കെയോ ആയാണ്. ഓർമ്മയിൽ നിന്നും കയറിവരുന്ന കഥാപാത്രങ്ങളാണ് അവരിലേറെയും. കടന്നുപോയ പല വർഷങ്ങളായി നാടകവേദികളിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ. അവർ സമ്മതത്തിന് കാത്തു നിൽക്കാതെ കടന്നുവരും, പിന്നെ മണിക്കൂറോളം, ചിലപ്പോൾ ദിവസങ്ങളോളം ഞാൻ അവരായിരിക്കും' എന്ന് ഒന്നാമധ്യായത്തിൽ ഗഗൻ പറയുമ്പോൾ, ഫെർണാണ്ടോ പെസ്സോവയെ (Fernando Pessoa) നമുക്കോർമ്മവരും (I’ve created various personalities within. I constantly create personalities... I’m the empty stage where various actors act out various plays). ഫെർണാണ്ടോ പെസ്സോവയുടെ ഭിന്നനാമങ്ങളെക്കുറിച്ചുള്ള ആശയം - ഒന്നിലധികം വ്യക്തിത്വങ്ങൾ ഉള്ളിൽ സഹവർത്തിക്കുന്നു - ഈ ആഖ്യാനത്തിന്റെ ഘടനയിൽ എവിടെയോ ഇഴചേർന്നിരിക്കുന്നതായി നമുക്കനുഭവപ്പെടും
ചിത്രകാരനും നാടകനടനുമായ ഗഗന്റെ മനസ്സിന്റെ സ്റ്റേജിൽ താൻ നാടകവേദിയിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ ഓരോരുത്തരായി കടന്നുവന്ന് ആത്മഭാഷണത്തിലേർപ്പെടുകയും വായനക്കാരുമായി സംഭാഷണത്തിലേർപ്പെടുകയും ചെയ്യുന്നു. പലപ്പോഴും കഥാപാത്രത്തിൽ നിന്നും രക്ഷ നേടാനാകാതെ അയാൾ മാടായിപ്പാറയിലൂടെ തെക്കുവടക്ക് നടക്കുകയാണ്. മാടായിപ്പാറ എന്ന ജൈവവൈവിധ്യം നിറഞ്ഞ ദേശത്തിന്റെ, ആകൃതിയും കാലാവസ്ഥയും സൗന്ദര്യവും നോവലിലെ കഥാപാത്രമാണ്. മാടായിപ്പാറ ഗഗന് അമ്മയുടെ മടിത്തട്ട് പോലെ അഭയസ്ഥാനമാണ്.
കറങ്ങുന്ന അനേകം സ്റ്റേജുകളിൽ നടക്കുന്ന പലതരം മനുഷ്യരെക്കുറിച്ചുള്ള അനേകം നാടകങ്ങളായാണ് ഓരോ അധ്യായവും നമ്മളെ അനുഭവിപ്പിക്കുന്നത്. അവരിൽ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആത്മഹത്യ ചെയ്തവരും സന്യാസത്തിലും ലഹരിയിലും അഭയം പ്രാപിച്ചവരും ഉണ്ട്. ഇതിലെ പല കഥാപാത്രങ്ങളും അവരവരുടെ ജീവിതത്തിൽ പല രീതിയിലുള്ള വേഷങ്ങൾ ആടി തീരത്ത് അരങ്ങൊഴിഞ്ഞവരാണ്. ഈ അധ്യായ നാടകങ്ങളിലെ വിവിധ സംഭാഷണങ്ങൾ നമ്മെ അസ്വസ്ഥരാക്കും, ചിലപ്പോൾ ചിന്തിപ്പിക്കും.
കറങ്ങുന്ന അനേകം സ്റ്റേജുകളിൽ നടക്കുന്ന പലതരം മനുഷ്യരെക്കുറിച്ചുള്ള അനേകം നാടകങ്ങളായാണ് ഓരോ അധ്യായവും നമ്മളെ അനുഭവിപ്പിക്കുന്നത്. അവരിൽ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആത്മഹത്യ ചെയ്തവരും സന്യാസത്തിലും ലഹരിയിലും അഭയം പ്രാപിച്ചവരും ഉണ്ട്.
നിലനിൽക്കുന്ന ജാതിവ്യവസ്ഥ മനുഷ്യബന്ധങ്ങളിൽ ഇടപെടുന്നതിൽ വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നതിനെ പറ്റി ‘ചണ്ഡാലഭിക്ഷുകി’യിലെ സംഭാഷണങ്ങളിൽ ഭാർഗ്ഗവൻമാഷ് അവതരിപ്പിക്കുന്നുണ്ട്. ആണ്ടി അമ്പു ഏട്ടന്റെ "Both hell and Heaven Are Flat"എന്ന മറുപടിയും മറ്റ് പല കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും ജീവിതം നമ്മൾ നിരന്തരം വേഷങ്ങൾ മാറ്റുന്ന ഒരു മഹത്തായ നാടകവേദിയാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.
കഥാപാത്രങ്ങളെ വ്യത്യസ്ത ഐഡന്റിറ്റികൾക്കുള്ള മനുഷ്യരാക്കുന്നു, ഓരോന്നിനും അതിന്റേതായ കഥ, ആഗ്രഹങ്ങൾ, വൈരുദ്ധ്യങ്ങൾ എന്നിവയുണ്ട്. പ്രണയം, മോഹം, മോഹഭംഗം, ലൈംഗിക ആവശ്യങ്ങൾ, വിശപ്പ്, ആഗ്രഹം, ദുർബലത, നിലപാടുകൾ എന്നിവയുടെ പരസ്പരബന്ധം ഈ നോവലിൽ പല വീക്ഷണകോണിൽ പരിശോധിക്കുന്നു, പലതരം അനുഭവങ്ങൾക്കിടയിലുള്ള പിരിമുറുക്കങ്ങളെ ഇവിടെ അന്വേഷിക്കുന്നു.
മുമ്പ് മാർക്സിസ്റ്റ് പാർട്ടിയോട് മാനസികമായി നല്ല അടുപ്പം പുലർത്തിയിരുന്ന ശിവൻ മാഷ് പരന്ന വായനക്കാരനാണ്. ജാതിവ്യവസ്ഥ സൃഷ്ടിച്ച നൂറായിരം പ്രശ്നങ്ങൾ മുഴുവൻ അടുത്തുള്ള വർഗാടിസ്ഥാനത്തിൽ സംഘടിച്ചാൽ തീരും എന്ന പാർട്ടിയുടെ ഉറച്ച വിശ്വാസത്തെ പറ്റിയും, പാരമ്പര്യത്തിൽ നിന്ന് മോചിപ്പിച്ച് ജനങ്ങളെ മുഴുവൻ ഭൗതികവാദത്തിന്റെ ഉപയോക്താക്കളായി മാറ്റാമെന്ന ധാരണ ശരിയായിരുന്നില്ല എന്നതിനെകുറിച്ചും നോവലിൽ ഒരിടത്ത് ശിവൻമാഷ് ചർച്ച ചെയ്യുന്നുണ്ട്.

മനുഷ്യ അസ്തിത്വത്തിന്റെ അർത്ഥശൂന്യതയും അസംബന്ധവും എടുത്തുകാണിക്കുന്ന “ഗോദോവിനെക്കാത്ത്”എന്ന നാടകത്തിൻ്റെ സംവിധായകൻ സുഗുണൻ എല്ലാം വിട്ട് മരണത്തിലേക്കോടിപ്പോയതും മറ്റൊരു വായനാനുഭവമാകുന്നു.
"കേക്ക് പോക്ക് "ഇല്ലാണ്ട് എനിക്ക് ശരിയാവില്ല എന്ന് പറഞ്ഞ ചിണ്ടൻ മന്ത്രവാദിയും, എഴുപതുകളുടെ ആരംഭത്തിൽ ബോംബെയിൽ എത്തിയ കുറുക്കൻ കണ്ണനും, “സ്ഥിരമായ ഒരു പ്രകൃതം ആർക്കുമില്ല അഥവാ ഉണ്ടായാൽ തന്നെ ജീവിതം അതിനെ തല്ലിച്ചതച്ച് ആവശ്യത്തിനനുസരിച്ച് ഓരോ പുതിയ രൂപത്തിലാക്കും, അതിൽ അത്ഭുതപ്പെടാനൊന്നുമില്ല’’ എന്നു പറഞ്ഞ തമിഴ് സ്വാമിയും, 'വളരെ സാധാരണമായ ജീവിതാനുഭവങ്ങളിൽ നിന്നും വളരെ ഉയരമുള്ള ഒരു തലത്തിലേക്ക് കൊണ്ടുപോകുമ്പോൾ മാത്രമാണ് സാഹിത്യവും കഥയും ഒക്കെ യാഥാർത്ഥ്യമായിത്തീരുന്നത്, അത് സംഭവിക്കാത്ത എല്ലാ കലാസൃഷ്ടികളും തൽക്കാലത്തേക്കുള്ള സംഗതികൾ മാത്രമാണ്' എന്ന് പറഞ്ഞ, കഥകളും നോവലുകളും മാത്രം വായിക്കുന്ന വിജയനും, ‘എ കെ ജി ഉള്ള പാർട്ടിയിലേ ഞാൻ നിൽക്കൂ’ എന്ന് പറഞ്ഞ ജോൺ ഏട്ടനും നോവൽ വായിച്ചുകഴിഞ്ഞാലും നമ്മോടൊപ്പമുണ്ടാകും.
പ്രപഞ്ചത്തെക്കുറിച്ചുള്ള നാനാതരം സംശയങ്ങളെ പറ്റിയും തീക്ഷ്ണമായ മാനസികാവസ്ഥകളെയും മനുഷ്യാനുഭവങ്ങളെയും കുറിച്ചും മനുഷ്യന്റെ ജീവശാസ്ത്രപരമായ ആവശ്യങ്ങളായ പ്രണയം, ലൈംഗികത തുടങ്ങിയവയെക്കുറിച്ചും സമകാലീന രാഷ്ട്രീയത്തെ ക്കുറിച്ചും ചർച്ച ചെയ്യാനായി വായനക്കാർക്കുവേണ്ടി മറ്റൊരു വേദി നോവലിന്റെ അവസാനമായപ്പോഴേക്കും രൂപപ്പെട്ടുവരുന്നുണ്ട് എന്നതുകൊണ്ട് കൂടി ‘മഹാനടനം’ വ്യത്യസ്ത വായനാനുഭവമാകുന്നു.
