സി.കെ. ജാനു

സി.കെ. ജാനുവിന്റെ
UDF പ്രവേശനവും
‘അടിമമക്ക’യിലെ
രാഷ്ട്രീയജീവിതവും

സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പാർട്ടി യു.ഡി.എഫിൽ ​അസോസിയേറ്റ് അംഗമായി മാറുകയും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജാനു മത്സരരംഗത്തുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, അവർ സ്വീകരിച്ച പുതിയ രാഷ്ട്രീയ നിലപാടിനെ, ‘അടിമമക്ക’ എന്ന ആത്മകഥയുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുകയാണ് ഇ.കെ. ദിനേശൻ.

സി.കെ. ജാനു രാഷ്ട്രീയപ്രാധാന്യമുള്ള മറ്റൊരു നിലപാട് സ്വീകരിച്ച ഈ അവസരത്തിൽ, ‘അടിമമക്ക’ എന്ന അവരുടെ ആത്മകഥ ചർച്ചക്കെടുക്കുന്നത് പ്രസക്തമായിരിക്കും.

2003- ലെ മുത്തങ്ങാ സമരത്തിൻ്റെ പശ്ചാത്തലത്തിൽ സി.കെ. ജാനുവും ഗീതാനന്ദനും കേരളത്തിലെ ആദിവാസി- അടിത്തട്ട് പോരാട്ടഭൂമിയിലെ ഒരുകാലത്തും മറക്കാൻ കഴിയാത്ത പേരുകളാണെന്ന് ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞതാണ്. ഇപ്പോഴും കേരളത്തിൽ ആദിവാസി- ദലിത് വിഷയങ്ങൾ ഉയർന്നുവരുമ്പോൾ ഈ രണ്ടുപേരുടെയും പേരുകളാണ് ആദ്യം പരാമർശിക്കപ്പെടുന്നത്. അത് മുത്തങ്ങാ സമരനേതൃത്വം എന്ന രീതിയിൽ മാത്രമല്ല. അതിനപ്പുറം, സി.കെ. ജാനു മുന്നോട്ടുവെക്കുന്ന അടിത്തട്ട് മനുഷ്യരുടെ അതിജീവനവും അതിൻ്റെ രാഷ്ട്രീയവും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എങ്ങനെ നിരന്തരം മറവുചെയ്യുന്നു എന്നത് ഇനിയും കേരളം വേണ്ട രീതിയിൽ ചർച്ച ചെയ്തിട്ടില്ല. പുറത്തുനിന്നു നോക്കുമ്പോൾ, അതൊരു തിരസ്കരണമായി തോന്നാം. എന്നാൽ, സി. കെ. ജാനുവിന്റെ ജീവിതം വായിക്കുമ്പോൾ അതിൻ്റെ രാഷ്ട്രീയത്തിന് സാമൂഹിക അംഗീകാരം ലഭിക്കാതെ പോകുന്നതിന് കൃത്യമായ കാരണങ്ങളുണ്ടെന്നു കാണാം. പുറന്തള്ളപ്പെടുന്ന മനുഷ്യരോടുള്ള സവർണ്ണ രാഷ്ട്രീയത്തിന്റെ ബോധപൂർവ്വമായ തീരുമാനമാണതെന്ന് ബോധ്യപ്പെടും. അതിനോടുള്ള ജാനുവിന്റെ പോരാട്ടം തന്നെയാണ് ഇന്നേവരെയുള്ള അവരുടെ ജീവിതം. അത് രാഷ്ട്രീയമായി പരിശോധിക്കുമ്പോൾ, എൻ.ഡി.എയോട് അവർ ​മുമ്പ് സ്വീകരിച്ച നിലപാട് അവരുടെ പോരാട്ടത്തെ ഒന്നും റദ്ദ് ചെയ്യുന്നില്ല. അത് ബോധ്യപ്പെടുത്തുന്നുണ്ട് അടിമമക്ക എന്ന ജീവിത പുസ്തകം.

റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച സി. കെ. ജാനുവിന്റെ ആത്മകഥ 'അടിമമക്ക' ഇപ്പോൾ 10% ഡിസ്‌കൗണ്ടിൽ ഓഡർ ചെയ്യൂ...

15-ാമത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ബ്രാഞ്ച് മെമ്പറും കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു സി.കെ. ജാനു. 1987-ൽ പാർട്ടി വിട്ട് ആദിവാസി വികസന പ്രവർത്തക സമിതി എന്ന സംഘടന രൂപീകരിച്ചു. 1994-ൽ അമ്പുകുത്തി സമരവും ആദ്യ ജയിൽവാസവും. അതേ വർഷം ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുത്തു സംസാരിച്ചു. ഇതിൽ ഏറ്റവും പ്രധാനം, കമ്മ്യൂണിസ്റ്റായ ജാനു എന്തിന് ആദിവാസി സംഘടന രൂപീകരിച്ചും എന്നും അവർക്ക് എങ്ങനെ എൻ.ഡി.എയോട് അടുപ്പം പുലർത്താൻ കഴിഞ്ഞു എന്നീ ചോദ്യങ്ങളാണ്. അത്തരം ചോദ്യങ്ങളിൽ നിന്നു മാത്രമേ മുത്തങ്ങ സമരത്തിലേക്ക് അവരെ എത്തിച്ച രാഷ്ട്രീയ ബോധത്തെ മനസ്സിലാക്കാൻ കഴിയും.

15-ാമത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ബ്രാഞ്ച് മെമ്പറും കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു സി.കെ. ജാനു. 1987-ൽ പാർട്ടി വിട്ട് ആദിവാസി വികസന പ്രവർത്തക സമിതി എന്ന സംഘടന രൂപീകരിച്ചു.
15-ാമത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ബ്രാഞ്ച് മെമ്പറും കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു സി.കെ. ജാനു. 1987-ൽ പാർട്ടി വിട്ട് ആദിവാസി വികസന പ്രവർത്തക സമിതി എന്ന സംഘടന രൂപീകരിച്ചു.

അടിമമക്ക’യുടെ ആമുഖത്തിൽ കമൽറാം സജീവ് എഴുതുന്നു: "സ്വന്തം ജീവിതത്തെ സഹമനുഷ്യരുമായും അവരുടെ ചുറ്റുപാടുകളുമായും ഒരുവിധ ഉപാധികളുമില്ലാതെ ചേർത്തുനിർത്തുന്ന രാഷ്ട്രീയ വ്യക്തിത്വമാണ് ജാനുവിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുപ്പിക്കുന്നത്. എന്നാൽ പാർട്ടിയുമായുള്ള ജാനുവിന്റെ വിനിമയങ്ങൾ, ആദിവാസി സമൂഹത്തോടുള്ള മുഖ്യധാരാ പൊതുസമൂഹത്തിന്റെ വംശീയതയിലൂന്നിയ ചൂഷണമനസ്സ്, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി അതേ തീവ്രതയിൽ പങ്കിടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന അനുഭവം കൂടിയായി മാറുന്നുണ്ട്. ജാനുവിന്റെ സ്വാഭാവികമായ രാഷ്ട്രീയ ചോയ്സ് ആയിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി. പാർട്ടിജാഥക്ക് പോയിപ്പോയി അവർ പാർട്ടി അംഗമായി. രണ്ട് രൂപയിൽ നിന്ന് 25 പൈസ കൂട്ടി കൂട്ടിക്കിട്ടുവാൻ പാർട്ടിക്ക് കീഴിൽ സമരം ചെയ്തു. പതിനഞ്ചാമത്തെ വയസ്സിൽ പാർട്ടി മെമ്പറും കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായി. പാർട്ടി ജാനുവിനെ എന്തെങ്കിലും പഠിപ്പിച്ചോ എന്ന് ചോദിച്ചപ്പോൾ ‘ഇല്ല’ എന്ന ഉത്തരമാണ് കിട്ടിയത്. പതുക്കെ അവർ തിരിച്ചറിയുന്നു, പാർട്ടി ജാഥകളിൽ മുദ്രാവാക്യം വിളിക്കാനുള്ള ശബ്ദങ്ങൾ മാത്രമാണ് ആദിവാസികൾ’’.

ഇത്തരമൊരു നിരീക്ഷണത്തിൽ നിന്നാണ് സി.കെ. ജാനുവിന്റെ ഇതുവരെയുള്ള സമരജീവിതത്തെ വായിച്ചെടുക്കേണ്ടത്.

READ: സി.കെ. ജാനു
എന്തുകൊണ്ട് UDF-ൽ
പ്രതീക്ഷയർപ്പിക്കുന്നു?

ഒരേസമയം കേരളത്തിലെ ആദിവാസി, ദലിത്, പാർശ്വവൽകൃത വിഭാഗങ്ങളുടെ ദൈനംദിന ജീവിതാവസ്ഥകളോട് സ്റ്റേറ്റ് എടുക്കുന്ന നിലപാടുകളും അതിനെതിരെയുള്ള പോരാട്ടങ്ങളും തന്നെയാണ് അടിത്തട്ട് മനുഷ്യരുടെ ഇതുവരെയുള്ള സാധാരണ ജീവിതത്തിൻ്റെ ബാക്കിപത്രം. അത്തരം ജീവിതങ്ങൾ കേരളത്തിൻ്റെ പുറമ്പോക്ക് ദേശങ്ങളിൽ ചിതറിക്കിടക്കുമ്പോൾ അവരെ തിരിച്ചറിവുള്ള രാഷ്ട്രീയബോധമുള്ള മനുഷ്യരാക്കി വളർത്തിയതിൽ പ്രധാന പങ്കുണ്ട് സി.കെ. ജാനുവിന്. അവിടെ സ്ത്രീയെന്ന പരികല്പന ഏറ്റവും പ്രധാനപ്പെട്ടതാണ്.

‘അടിമമക്ക’യുടെ അവതാരികയുടെ തലക്കെട്ട് "ഗൗരി അജിത ജാനു: നഷ്ടതുടർക്കഥകൾ’’ എന്നതാണ്. ഈ മൂന്നു പേരിൽ നിന്ന് ജാനു എങ്ങനെ വ്യത്യസ്തയാകുന്നു എന്നത് അവരുടെ ജൈവസ്വത്വത്തിലും അവരോടുള്ള പൊതുസമൂഹത്തിന്റെ സമീപനത്തിലും ഇന്നും നിലനിൽക്കുന്നതാണ്. അത്തരമൊരു സ്വത്വപ്രതിസന്ധി എങ്ങനെ രാഷ്ട്രീയമായി രൂപപ്പെടുന്നെന്നും അതിനെ മറികടക്കാൻ അവർ നടത്തിയ പോരാട്ടങ്ങൾ എങ്ങനെയെന്നും കാണിച്ചുതരുന്നുണ്ട്, അടിമമക്ക.

1987-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി വിട്ടുകൊണ്ടാണ് ജാനു ആദിവാസി ഗോത്ര സമൂഹത്തിനു വേണ്ടിയുള്ള രാഷ്ട്രീയം രൂപപ്പെടുത്തുന്നത്. അത്തരമൊരു രൂപീകരണപ്രക്രിയയ്ക്ക് വളമായിത്തീരുന്നത് അവരുടെ ജീവിതം തന്നെയാണ്.

2003- ലെ മുത്തങ്ങാ സമരത്തിൻ്റെ  പശ്ചാത്തലത്തിൽ സി.കെ. ജാനുവും ഗീതാനന്ദനും കേരളത്തിലെ ആദിവാസി- അടിത്തട്ട് പോരാട്ടഭൂമിയിലെ ഒരുകാലത്തും മറക്കാൻ കഴിയാത്ത പേരുകളാണെന്ന് ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞതാണ്.
2003- ലെ മുത്തങ്ങാ സമരത്തിൻ്റെ പശ്ചാത്തലത്തിൽ സി.കെ. ജാനുവും ഗീതാനന്ദനും കേരളത്തിലെ ആദിവാസി- അടിത്തട്ട് പോരാട്ടഭൂമിയിലെ ഒരുകാലത്തും മറക്കാൻ കഴിയാത്ത പേരുകളാണെന്ന് ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞതാണ്.

1970 ജൂലൈ 14ന് ആദിവാസി 'അടിയ' സമുദായത്തിലെ കരിയൻ്റെയും വെളിച്ചിയുടെയും അഞ്ചുമക്കളിൽ രണ്ടാമത്തെ മകളായാണ് ജാനു പിറക്കുന്നത്. ജന്മിത്വത്തിന്റെ കൊടുംക്രൂരതയിലും ചൂഷണത്തിലും പൊറുതിമുട്ടിയ കുട്ടിക്കാലം. അഞ്ചു വയസ്സുള്ളപ്പോൾ അവരുടെ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോകുന്നു. ആറാമത്തെ വയസ്സിൽ തന്നെ ജാനു തൻ്റെ പ്രതിരോധ ജീവിതത്തെ രൂപപ്പെടുത്തുന്നുണ്ട്. ജന്മിയുടെ വീട്ടിൽ ജോലിക്ക് പോകുന്ന കാലം. ജോലിയൊന്നും ചെയ്യാതെ നിന്നവരെ ജന്മിയുടെ ഭാര്യ ചോദ്യം ചെയ്യുന്നുണ്ട്. അതിന് അവർ നൽകുന്ന മറുപടി ഇങ്ങനെയാണ്: ''എപ്പോഴും ദോശയുണ്ടാക്കി നിങ്ങള് തന്നെയല്ലേ തിന്നുന്നത്, ഞങ്ങൾക്ക് പഴങ്കഞ്ഞിയല്ലേ തരുന്നത്, അതുകൊണ്ട് നിങ്ങളുടെ പണി നിങ്ങൾ തന്നെ ചെയ്തോ."

പിന്നീടുള്ള അവരുടെ ജീവിതത്തിൽ ഈയൊരു തിരിച്ചറിവിൻ്റേയും പ്രതിരോധത്തിന്റെയും തീ ആളിപ്പടരുന്നത് കാണാം. ഇതിനിടയിലും അവർക്ക് വലിയ വലിയ സ്വപ്നമുണ്ടായിരുന്നു:

"ഒരാളെങ്കിലും പഠിക്കട്ടെ എന്ന് കരുതി ഇളയ അനുജൻ മല്ലനെ തൃശ്ശിലേരി യു പി സ്കൂളിൽ ചേർത്തു. രാത്രി മല്ലൻ പഠിക്കാനിരിക്കുമ്പോൾ അവൻ വായിക്കുന്ന അക്ഷരങ്ങൾ കണ്ടും കേട്ടും ഞാൻ പഠിച്ചു’’ എന്ന് ജാനു എഴുതുന്നുണ്ട്. പിന്നീട് സാക്ഷരതാക്ലാസ്സിൽ പഠിക്കാൻ പോയ ജാനു രണ്ടാമത്തെ വർഷം സാക്ഷരതാ ഇൻസ്പെക്ടറായി നിയമിക്കപ്പെടുന്നുണ്ട്.

കുട്ടിക്കാലത്തെ സമഭാവന ജാനുവിന്റെ മനസ്സിലുണ്ട്: ‘‘എനിക്കെല്ലാം ആളുകളുമായി കൂട്ടുകൂടാനായിരുന്നു ഇഷ്ടം. പണിയെടുത്ത് കിട്ടുന്ന പൈസ എല്ലാവർക്കും കൊടുക്കും."
ഈ ചിന്താധാരയിലൂടെയാണ് അവരുടെ രാഷ്ട്രീയബോധം ശക്തിപ്പെടുന്നത്. എന്നാൽ ചെറുപ്പത്തിലെ ഉണ്ടായ കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം പിന്നീട് അവരിലുണ്ടാക്കിയത് കടുത്ത നിരാശയാണ്. ആദിവാസി സമൂഹത്തോടുള്ള മുഖ്യധാരാ പാർട്ടികളുടെ വിവേചനപൂർണ്ണമായ സമീപനത്തെ അവർ തിരിച്ചറിയുന്നുണ്ട്. അപ്പോഴേക്കും തികഞ്ഞ രാഷ്ട്രീയബോധമുള്ള വനിതയായി ജാനു മാറിക്കഴിഞ്ഞു. പത്തൊമ്പതാം വയസ്സിലാണ് റേഷൻ കാർഡിൽ അവരുടെ പേര് ചേർക്കുന്നത്. അതിന് സമ്മതിക്കാതിരുന്ന വില്ലേജ് ഓഫീസറോട് ജാനു പറയുന്നുണ്ട്; "ഒറ്റ മണിക്കൂർ കൊണ്ട് നിങ്ങൾ ഈ സർട്ടിഫിക്കറ്റിൽ എൻ്റെ പേര് ചേർക്കുന്നത് ഞാൻ കാണിച്ചു തരാം."

‘‘വില്ലേജ് ഓഫീസിൽ നിന്ന് ഞാനിറങ്ങിയപ്പോൾ വില്ലേജ് ഓഫീസർ പുറകെ വന്ന് എന്നെ തിരിച്ചു വിളിച്ചു. സർട്ടിഫിക്കറ്റിൽ പേര് ചേർത്തുതന്നു. ഞാനത് സപ്ലൈ ഓഫീസിൽ കൊണ്ടുകൊടുത്തു റേഷൻ കാർഡിൽ പേര് ചേർത്തു’’.
ഈ ആർജ്ജവം തന്നെയാണ് പിന്നീട് അങ്ങോട്ടുള്ള ജാനുവിന്റെ രാഷ്ട്രീയ ജീവിതത്തെ ശക്തിപ്പെടുത്തുന്നത്.

കേരളത്തിലെ ഭരണകൂടം തുടക്കത്തിൽത്തന്നെ ആദിവാസി- ദലിത്- പിന്നാക്ക വിഭാഗങ്ങളോട് സ്വീകരിച്ച നിലപാട് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധതയുടേതായിരുന്നു. ഭൂപരിഷ്കരണ നിയമം നടപ്പാക്കി തുടങ്ങിയപ്പോൾ ആദിവാസികളെയും ദലിത് പിന്നാക്ക വിഭാഗ മനുഷ്യരെയും പുറമ്പോക്കിലേക്ക് വലിച്ചിട്ടതിന്റെ ദുരന്തം ഇപ്പോഴും ആ മനുഷ്യർ അനുഭവിക്കുന്നുണ്ട്. കേരളത്തിൽ ഇതുവരെ നടന്ന മുഴുവൻ ഭൂസമരങ്ങളിലേയും ഇരകൾ ആദിവാസി- ദലിത്- പിന്നാക്ക വിഭാഗങ്ങൾ തന്നെയാണ്. ഇപ്പോഴും അവരിൽ വലിയ വിഭാഗം ഭൂമിയിൽ രേഖയില്ലാത്ത മനുഷ്യരായി തുടരുന്നു. അത്തരമൊരു വിഷയത്തെ അഭിസംബോധന ചെയ്യാൻ എന്തുകൊണ്ട് മുഖ്യധാരാ പുരോഗമന പ്രസ്ഥാനങ്ങൾക്ക് കഴിയുന്നില്ല?

കുട്ടിക്കാലത്തെ സമഭാവന ജാനുവിന്റെ മനസ്സിലുണ്ട്: ‘‘എനിക്കെല്ലാം ആളുകളുമായി കൂട്ടുകൂടാനായിരുന്നു ഇഷ്ടം. പണിയെടുത്ത് കിട്ടുന്ന പൈസ എല്ലാവർക്കും കൊടുക്കും." ഈ  ചിന്താധാരയിലൂടെയാണ് അവരുടെ രാഷ്ട്രീയബോധം ശക്തിപ്പെടുന്നത്.
കുട്ടിക്കാലത്തെ സമഭാവന ജാനുവിന്റെ മനസ്സിലുണ്ട്: ‘‘എനിക്കെല്ലാം ആളുകളുമായി കൂട്ടുകൂടാനായിരുന്നു ഇഷ്ടം. പണിയെടുത്ത് കിട്ടുന്ന പൈസ എല്ലാവർക്കും കൊടുക്കും." ഈ ചിന്താധാരയിലൂടെയാണ് അവരുടെ രാഷ്ട്രീയബോധം ശക്തിപ്പെടുന്നത്.

ജാനുവിന് ഇത്തരം അനുഭവങ്ങൾ നൽകിയത് പൊരുതി മുന്നോട്ടു പോകാനുള്ള അനുഭവസമ്പത്താണ്. അതുകൊണ്ടാണ് മുന്നിൽ വാ പിളർത്തി നിൽക്കുന്ന പരിമിതികളെ മറികടന്ന് ലോകരാഷ്ട്രങ്ങളിലെ പ്രതിനിധികൾക്കുമുമ്പിൽ അവർക്ക് ആദിവാസി പ്രശ്നങ്ങൾ ഉന്നയിക്കാൻ കഴിഞ്ഞത്. 1993-ലും 98- ലും അവർ തായ്‌ലൻഡിൽ ആദിവാസി വിഷയങ്ങളെ മുൻനിർത്തി സംസാരിക്കുന്നുണ്ട്. ഇതെല്ലാം സാധ്യമാകുന്നത് അവരുടെ മനോധൈര്യം കൊണ്ട് മാത്രമാണെന്ന് അടിമമക്ക എന്ന പുസ്തകം വായിക്കുമ്പോൾ നമ്മൾ തിരിച്ചറിയുന്നുണ്ട്.

രണ്ട്:
സി.കെ. ജാനു:
വ്യക്തിയും രാഷ്ട്രീയവും

സി.കെ. ജാനുവിന്റെ ജീവിതം കേരളത്തിലെ അടിത്തട്ട് മനുഷ്യരുടെ തുറന്ന വായനയാണ്. ആ വായന അടിമുടി രാഷ്ട്രീയമാകുന്നത് കേരളത്തിൻ്റെ ഇതുവരെയുള്ള സാമൂഹ്യ- രാഷ്ട്രീയ വളർച്ചയിൽ ആദിവാസി- ദലിത് സമൂഹങ്ങൾ ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്ന് ചോദ്യത്തിന് മുന്നിലാണ്. ഒരുപക്ഷേ കേരളത്തിലെ മധ്യ- ഉപരിവർഗ്ഗ സമൂഹത്തിന് മനസ്സിലാകാത്തവിധം അവഗണനയുടെയും തിരസ്കരണത്തിന്റെയും തിക്തമായ അനുഭവങ്ങൾ ഇപ്പോഴും ആദിവാസി സമൂഹം ഏറ്റുവാങ്ങുന്നുണ്ട്. അത് സമ്മതിച്ചു കൊടുക്കാൻ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറല്ല. അതിൽ ഇടത്- വലത് എന്നോ ഹിന്ദുത്വ പാർട്ടിയെന്നോ വ്യത്യാസമില്ല. എന്നിട്ടും പതിനഞ്ചാമത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റായ സി.കെ. ജാനുവിന് എങ്ങനെ ബി.ജെ.പിയുമായി ബന്ധമുള്ള മുന്നണി സംവിധാനത്തിൽ നിൽക്കാൻ കഴിഞ്ഞു എന്ന ചോദ്യം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. അത്തരമൊരവസ്ഥയിൽ ജാനുവിനെ എത്തിച്ചതിന് കേരളത്തിലെ മുഴുവൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. അത് തുറന്ന പറയുന്നുണ്ട് ‘അടിമമക്ക’.

സി.കെ. ജാനുവിൻ്റെ രാഷ്ട്രീയം മനസ്സിലാക്കാൻ ആത്മകഥ വായിച്ചാൽ മാത്രം പോരാ. ഓരോ കാലത്തും അവർ സ്വീകരിച്ചിട്ടുള്ള രാഷ്ട്രീയ നിലപാടുകളെ കൃത്യമായി വിശകലനം ചെയ്യണം. അതൊരു വ്യക്തി എന്നതിനപ്പുറം ആ വ്യക്തി പ്രതിനിധീകരിക്കുന്ന ജനസമൂഹത്തിന്റെ സാമൂഹ്യ ജീവിതത്തെയും അവർ പരിപാലിച്ചുപോകുന്ന പാരസ്ഥിതിക ജീവിതത്തെയും എങ്ങനെയാണ് നവകാലത്ത് പരിഷ്കൃത മനുഷ്യരുടെ പുരോഗതിയുടെ ഭാഗമായി നഷ്ടമാകുന്നതെന്നും തിരിച്ചറിയേണ്ടതുണ്ട്. ആ നഷ്ടങ്ങൾ കേവലം ഭൗതികപരം മാത്രമല്ല. അവരുടെ ആചാര വിശ്വാസങ്ങളെക്കൂടി ബാധിക്കുന്നതായി വായനക്കാർക്ക് ബോധ്യമാകും.

ഒരു ഗോത്രസമൂഹം എന്ന രീതിയിൽ അവർ എല്ലാ അർത്ഥത്തിലും പിൻന്തള്ളപ്പെടേണ്ടവരാണെന്നും നിലവിലെ സാമൂഹ്യ പുരോഗതിക്കൊപ്പം അവരെ മുന്നോട്ടു നയിക്കാൻ പറ്റില്ല എന്നുമുള്ള സാമ്പ്രദായിക ധാരണയെ മറികടക്കുന്നുണ്ട് ജാനുവിന്റെ ജീവിതം. അവിടെ ഒരു വ്യക്തി തന്നെ ഒരു രാഷ്ട്രീയ ദർശനമായി തീരുമ്പോഴാണ്, ജാനു ഓരോ കാലത്തും സ്വീകരിച്ച രാഷ്ട്രീയ നിലപാടിലെ വ്യത്യസ്തതകളും അത് ഉയർത്തിവിടുന്ന വിവാദങ്ങളും എത്രമാത്രം അവരുടെ ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ട് കിടക്കുന്നു എന്ന് ബോധ്യമാകുന്നത്. അത്തരമൊരു സംവാദത്തെ ഈ ആത്മകഥ തുറന്നുവെക്കുന്നുണ്ട്. കാരണം, അവർ പൂർണ്ണമായും ഒരു രാഷ്ട്രീയ വനിതയാണ്. അത്രയധികം പിന്നാക്കം നിൽക്കുന്ന അവസ്ഥയിൽ നിന്നാണ് അവർ തൻ്റെ സമൂഹത്തിനുവേണ്ടി പുതിയ വഴി വെട്ടിത്തുറക്കുന്നത്.

2000-ൽ ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ എന്ന യു.എൻ പോഷക സംഘടനയുടെ സാർവദേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ജാനു സൗത്താഫ്രിക്കയിലെ ദർബാനിലെത്തി. കേരളത്തിൽ നിന്നുള്ള പ്രതിനിധിയായിരുന്നു അവർ. നെൽസൺ മണ്ടേല ഉദ്ഘാടനം ചെയ്ത ആ പരിപാടിയിൽ അവർ അവതരിപ്പിച്ചത് "സൗത്ത് ഇന്ത്യൻ ട്രൈബൽ എക്സ്പീരിയൻസ് ഇൻ നാഗർഹോൾ ആൻഡ് മുത്തങ്ങ" എന്ന പേപ്പർ ആയിരുന്നു. അതായത് അടിത്തട്ട് മനുഷ്യരുടെ രാഷ്ട്രീയത്തെ ലോകവേദിയിൽ എത്തിക്കാൻ ജാനു തയ്യാറായി. അതുവഴി തന്റെ രാഷ്ട്രീയത്തെ കൃത്യമായി അവർ പ്രഖ്യാപിക്കുകയായിരുന്നു.

തന്റെ ജീവിതത്തെ പൂർണ്ണമായും രാഷ്ട്രീയവൽക്കരിച്ച ജാനു കേരളത്തിൽ നടന്ന ആദിവാസി ഭൂസമരങ്ങൾക്കും രാഷ്ട്രീയമായ ദിശാബോധം നൽകുന്നുണ്ട്. അതിനുവേണ്ടി അവർക്ക് നിരന്തരമായി സമരം ചെയ്യേണ്ടിവന്നു.

പതിനഞ്ചാമത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റായ സി.കെ. ജാനുവിന് എങ്ങനെ  ബി.ജെ.പിയുമായി ബന്ധമുള്ള മുന്നണി സംവിധാനത്തിൽ  നിൽക്കാൻ കഴിഞ്ഞു എന്ന ചോദ്യം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. അത്തരമൊരവസ്ഥയിൽ  ജാനുവിനെ എത്തിച്ചതിന് കേരളത്തിലെ മുഴുവൻ  രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും  ഉത്തരവാദിത്തമുണ്ട്. അത് തുറന്ന പറയുന്നുണ്ട് ‘അടിമമക്ക’.
പതിനഞ്ചാമത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റായ സി.കെ. ജാനുവിന് എങ്ങനെ ബി.ജെ.പിയുമായി ബന്ധമുള്ള മുന്നണി സംവിധാനത്തിൽ നിൽക്കാൻ കഴിഞ്ഞു എന്ന ചോദ്യം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. അത്തരമൊരവസ്ഥയിൽ ജാനുവിനെ എത്തിച്ചതിന് കേരളത്തിലെ മുഴുവൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. അത് തുറന്ന പറയുന്നുണ്ട് ‘അടിമമക്ക’.

2006- ലെ വനവകാശനിയമം പ്രാബല്യത്തിൽ വന്നിട്ടും, പത്തേക്കർ ഭൂമി വരെ കൊടുക്കേണ്ടിടത്ത് പത്തും പതിനഞ്ച് സെൻറ് ഭൂമി കൊടുക്കുന്ന നിലപാട് ഗവൺമെൻറ് സ്വീകരിച്ചപ്പോൾ ജാനു അതിനെതിരെ പോരാടി. ഏറ്റവും ഒടുവിൽ, ലൈഫ് പദ്ധതി മനുഷ്യാവകാശ ലംഘനമാണെന്ന് പ്രഖ്യാപിക്കുന്നുണ്ട് ജാനു. അതിന് കൃത്യമായ കാരണം, പറയുന്നുണ്ട്. കേരളത്തിൽ ലക്ഷക്കണക്കിനേക്കർ ഭൂമിയുണ്ടെന്ന് ഭരണാധികാരികൾക്കും രാഷ്ട്രീയപാർട്ടികൾക്കും ജനങ്ങൾക്കും അറിയാം. കൃഷി ചെയ്താൽ അത് വീതിച്ച് ഭൂരഹിതമനുഷ്യർക്ക് കൊടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേരളം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കില്ലാതെ പോയെന്ന് അവർ നിരന്തരം പ്രഖ്യാപിക്കുന്നു. മാത്രമല്ല, അതിൻ്റെ കാരണങ്ങൾ അവർ അടിവരയിട്ടു പറയുന്നു. അധ്വാനിക്കുന്ന ജനങ്ങളുടെ കൈകളിലേക്ക് ഭൂമി കൊടുക്കണം. അപ്പോൾ മാത്രമേ കാർഷിക വിപ്ലവം നടക്കുകയുള്ളെന്ന് തിരിച്ചറിയുന്നുണ്ട് ജാനു. ഭൂമിക്ക് വേണ്ടിയുള്ള സമരജീവിതത്തിൽ ലൈഫ് മിഷന്റെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് അവർ പറയുന്നുണ്ട്:
‘‘മുമ്പ് രണ്ടും മൂന്നും സെന്റിൽ ആയിരുന്നു കോളനിയെങ്കിൽ ഇന്നത് കുറച്ച് മണ്ണിൽ മേലോട്ട് ഉയരുന്നു’’.

‘‘സർക്കാരും സമൂഹവും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ആദിവാസികൾക്കും ദലിതർക്കും പാർപ്പിടമല്ല പ്രശ്നം. ഉപജീവനമാണ്. അതിന് കൃഷി ചെയ്യാനാണ് ഭൂമി ആവശ്യപ്പെടുന്നത്. ബാക്കിയെല്ലാം അതിനുപുറകെ വികസിച്ചു കൊള്ളും. സർക്കാർ ശമ്പളം വാങ്ങുന്നവരുടേത് പാർപ്പിട പ്രശ്നമാണെന്ന് പറഞ്ഞാൽ അവർക്ക് ഫ്ലാറ്റ് നിർമിച്ചു കൊടുത്താൽ അത് മനസ്സിലാകും. പക്ഷേ ആദിവാസികളുടെയും ദലിതരുടെയും പ്രശ്നത്തെ പാർപ്പിട പ്രശ്നമായി കാണരുത്. ആദിവാസികൾക്ക് ഫ്ലാറ്റ് കൊടുക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. കാർഷിക മേഖലയിലും തൊഴിലിടത്തും കൃഷി ചെയ്തു ജീവിക്കുന്ന ആദിവാസികൾക്ക് സ്വന്തമായി ഭൂമിയില്ലെങ്കിൽ ഉള്ളവരുടെ ഭൂമിയിൽ പണിയെടുത്താണ് അവരുടെ ഉപജീവനം. ആദിവാസികളുടെ ജീവിതവും സംസ്കാരവും കലയും ആചാരങ്ങളും എല്ലാ മണ്ണിനോട് ഇഴുകിച്ചേർന്നതാണ്. മണ്ണും ആദിവാസികളും തമ്മിൽ വേർപെടുത്താനാവാത്ത ബന്ധമുണ്ട്. മണ്ണിൽ നിന്ന് ആദിവാസികളെ മാറ്റുന്നതോടെ അവരുടെ ഐഡന്റിറ്റി പൂർണമായും നഷ്ടപ്പെടും. മണ്ണില്ലെങ്കിൽ അവരെ വംശഹത്യ ചെയ്യുന്നതിന് തുല്യമാണ്. ഫ്ലാറ്റ് സംസ്കാരം ഇഷ്ടപ്പെടുന്നവർ അവിടേക്ക് പോകട്ടെ. പക്ഷേ ആദിവാസികൾക്ക് മണ്ണാണ് വേണ്ടത്. അതിനുപകരം എന്തിനാണ് അവരെ സർക്കാർ പണിത് നൽകുന്ന കാരാഗ്രഹത്തിൽ അടയ്ക്കുന്നത്?"

ഈ വിഷയത്തിൽ ഇത്രമാത്രം ഗഹനമായ ഒരു സ്റ്റേറ്റ്മെൻറ് മറ്റുള്ളവർക്ക് അവതരിപ്പിക്കാൻ കഴിയാത്തത്, ജാനു ആദിവാസി ഗോത്ര സംസ്കാരത്തിൻ്റെ ഭാഗമായി ജീവിക്കുന്നത് കൊണ്ടാണ്.

ഇതൊക്കെയാണെങ്കിലും ജീവിതത്തിൽ തനിക്ക് പ്രണയിക്കാൻ അറിയില്ലെന്നും തനിക്കുവേണ്ടി ജീവിക്കാനും മറന്നു പോയി എന്ന് അവർ പറയുന്നുണ്ട്. അതായത് തനിക്കൊപ്പമുള്ള മനുഷ്യരുടെ ജീവിതപുരോഗതിക്ക് വേണ്ടിയുള്ള പ്രയത്നത്തിൽ അവർ സ്വന്തം ജീവിതം മറന്നു. അതിനെക്കുറിച്ച് പറയുന്നുണ്ട്:

"കല്യാണാലോചനകൾ ഒരുപാടു വന്നിട്ടുണ്ട്. എന്റെ സുഖങ്ങളും സങ്കൽപ്പങ്ങളും ആഗ്രഹങ്ങളും താല്പര്യങ്ങളും മാത്രം നോക്കിയിരുന്നെങ്കിൽ ഞാൻ പൊതുപ്രവർത്തനത്തിന രംഗത്തേക്ക് വരില്ലായിരുന്നു. കല്യാണം കഴിച്ച് ജീവിക്കുന്നത് മാത്രമാണ് ജീവിതം എന്നാണ് കൂടുതൽ പേരും ധരിക്കുന്നത്. പക്ഷേ കല്യാണം കഴിച്ചു കുടുംബമായി ജീവിക്കുന്നത് ജീവിതത്തിന്റെ നൂറിൽ ഒരു ഭാഗം മാത്രമാണ്. നമ്മുടെ പ്രവർത്തികളിലൂടെ മറ്റുള്ളവർക്ക് ഗുണം ഉണ്ടാവുന്നതാണ് ബാക്കിയുള്ള ജീവിതം. പ്രകൃതിയിലേക്ക് ജനിച്ചുവീഴുമ്പോൾ നമ്മളിൽ ചില ഉത്തരവാദിത്തങ്ങളും കർത്തവ്യങ്ങളുമെല്ലാം അർപ്പിച്ചിട്ടുണ്ട്. ഈ ലോകത്തോട് സമൂഹത്തോടും മാതാപിതാക്കളോടും സഹോദരങ്ങളോടും കുഞ്ഞുങ്ങളോടും സമുദായങ്ങളൊടുമെല്ലാം ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്വത്തിൽ നിന്ന് ആളുകൾ ഒഴിഞ്ഞുമാറുകയോ ഒളിച്ചോടുകയോ ചെയ്യും. ചിലർ ഒതുങ്ങിപ്പോകും. നമ്മളിൽ അർപ്പിച്ച കർത്തവ്യം നമുക്ക് മാത്രമേ ചെയ്യാനാവൂ. വേറെ ആർക്കും ചെയ്യാനാകില്ല. നമ്മൾ ജീവിച്ചു എന്നതിൻ്റെ പ്രാധാന്യം, എങ്ങനെ ജീവിച്ചു എന്നതിനാണ്. നമ്മളെക്കൊണ്ട് എത്ര ആളുകളുടെ ജീവിതം നിലനിർത്താൻ സാധിച്ചു എന്നിടത്താണ് നമ്മുടെ ജീവിതം അർത്ഥപൂർണ്ണമാകുന്നത്’’.

ജാനു മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ ചേർത്തു പിടിച്ച് ഇടതുപക്ഷ പ്രസ്ഥാനത്തിന് എന്തുകൊണ്ട് അടിത്തട്ടു മനുഷ്യരുടെ രാഷ്ട്രീയത്തെ പുരോഗമന രാഷ്ട്രീയത്തിന്റെ ഭാഗമായി ഉൾക്കൊള്ളാൻ കഴിയുന്നില്ല? ആ ചോദ്യം പ്രസക്തമാണ്.
ജാനു മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ ചേർത്തു പിടിച്ച് ഇടതുപക്ഷ പ്രസ്ഥാനത്തിന് എന്തുകൊണ്ട് അടിത്തട്ടു മനുഷ്യരുടെ രാഷ്ട്രീയത്തെ പുരോഗമന രാഷ്ട്രീയത്തിന്റെ ഭാഗമായി ഉൾക്കൊള്ളാൻ കഴിയുന്നില്ല? ആ ചോദ്യം പ്രസക്തമാണ്.

ആത്മകഥയുടെ അവസാന ഭാഗത്താണ് എൻ.ഡി. എയുടെ ഭാഗമായതിനെക്കുറിച്ച് ജാനു മനസ്സ് തുറക്കുന്നത്. അവർ ഇക്കാര്യം വിശദീകരിക്കുന്നത് ഇങ്ങനെയാണ്: 2004-ൽ ആദിവാസി ദളിത് പ്രവർത്തകരുടെ നേതൃത്വത്തിൽ രാഷ്ട്രീയ മഹാസഭ എന്ന രാഷ്ട്രീയപാർട്ടി രൂപീകരിച്ചു. എം. ഗീതാനന്ദൻ സണ്ണി എം. കപിക്കാട്, ശ്രീരാമൻ കൊയ്യോൻ, വി.ടി. ഐസക്ക്, കോട്ടയത്തുള്ള തോമസ്, ശാന്തൻ സാർ, എം.ജി. മനോഹരൻ, സി.ജെ. തങ്കപ്പൻ തുടങ്ങിയവരെല്ലാം ഇതിൽ ഉണ്ടായിരുന്നു. തുടർന്ന് രാഷ്ട്രീയ മഹാസഭയുടെ സ്ഥാനാർത്ഥിയായി ഇടുക്കി പാർലമെൻറിൽ മണ്ഡലത്തിൽ ജാനു മത്സരിച്ചെങ്കിലും 12000 വോട്ടാണ് ലഭിച്ചത്. പിന്നീട് 2016- ലാണ് ആദിവാസി- ദലിത് കൂട്ടായ്മയിൽ ഒരു രാഷ്ട്രീയപാർട്ടി രൂപീകരണം എന്ന ചർച്ച നടന്നത്. എന്നാൽ 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ ഭാഗമായി മത്സരിക്കാൻ സമ്മർദ്ദം ഉണ്ടാകുന്നു. അതിനു വഴിപ്പെടാതെ പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ടവരെ ഉൾപ്പെടുത്തി ജനാധിപത്യ രാഷ്ട്രീയസഭ എന്ന പാർട്ടി രൂപീകരിക്കുകയും പിന്നീട് അത് എൻ. ഡി.എയുടെ ഘടകകക്ഷിയായി മാറുകയും ചെയ്യുന്നു. 2016-ലെ പരാജയത്തിനുശേഷം 2018-ൽ ആ മുന്നണിയിൽ നിന്ന് മാറുന്നു. അതിനുശേഷം ഇടതുപക്ഷവുമായി ഒന്നിച്ചു പോകാനുള്ള ചർച്ചകൾ നടക്കുകയും ഘടകകക്ഷി എന്നർത്ഥത്തിൽ ഉൾപ്പെടുത്താമെന്ന ധാരണ നിലയിൽ വരികയും ചെയ്തു. അക്കാലത്ത് മുഖ്യമന്ത്രിയെ പോലും കണ്ട് ചർച്ച നടത്തിയെങ്കിലും അവസാന ഘട്ടത്തിൽ, ഒന്നിച്ച് പ്രവർത്തിച്ചതിനുശേഷം മുന്നണിയിലേക്കുള്ള പ്രവേശനം ആലോചിക്കാം എന്ന് മറുപടിയാണിയാണ് ലഭിക്കുന്നത്. പിന്നീട് 2021-ൽ വീണ്ടും വീണ്ടും എൻ ഡി എ മുന്നണിയിൽ എത്തിച്ചേരുന്നു.

ജാനു മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ ചേർത്തു പിടിച്ച് ഇടതുപക്ഷ പ്രസ്ഥാനത്തിന് എന്തുകൊണ്ട് അടിത്തട്ടു മനുഷ്യരുടെ രാഷ്ട്രീയത്തെ പുരോഗമന രാഷ്ട്രീയത്തിന്റെ ഭാഗമായി ഉൾക്കൊള്ളാൻ കഴിയുന്നില്ല? ആ ചോദ്യം പ്രസക്തമാണ്.

(തുടരും).


Summary: E. K. Dineshan analyzes C. K. Janu’s new political shift to the UDF and expectations of her contesting the next Assembly election in the light of her autobiography Adimamakka.


ഇ.കെ. ദിനേശൻ

രണ്ടു പതിറ്റാണ്ടായി പ്രവാസിയാണ്. ധ്യാനപ്രവാസം ,കോവിഡ് കാലവും പ്രവാസ ജീവിതവും, പ്രവാസത്തിന്റെ വർത്തമാനം ,ഗൾഫ് കൂടിയേറ്റത്തിന്റെ സാമൂഹ്യപാഠങ്ങൾ, ഒരു പ്രവാസിയുടെ ഏകാന്ത ദിനങ്ങൾ, നീല രാഷ്ട്രീയത്തിന്റെ ചുവപ്പു വായന, ഇന്ത്യ @ 75 ഗാന്ധി, അംബേദ്ക്കർ, ലോഹ്യ തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

Comments