സാമൂഹ്യശാസ്ത്രജ്ഞര്‍ സമുദായങ്ങളെയും ജാതികളെയും പഠിക്കുമ്പോള്‍, അവയെല്ലാം ഒരു പറ്റം ആള്‍ക്കാര്‍ക്ക് പഠിക്കാനുള്ളതാണെന്ന മുന്‍ധാരണ തന്നെയും ഒരധികാരരൂപമാണ്. 1.5 ശതമാനം മാത്രമുള്ള കേരളത്തിലെ ആദിവാസികളെപ്പറ്റി നൂറില്‍പരം പഠനങ്ങള്‍ നടന്നിട്ടുണ്ട്. അതൊക്കെ, ആദിവാസികള്‍ പഠിക്കപ്പെടേണ്ട വിഭാഗമാണെന്ന ധാരണയില്‍ നടത്തിയിട്ടുള്ളതാണ്. 'ഞങ്ങള്‍ നിങ്ങള്‍ക്ക് പഠിക്കാനുള്ള ദത്തങ്ങളല്ല, നിങ്ങളുടെ മ്യൂസിയത്തില്‍ സൂക്ഷിച്ചുവെക്കാനുള്ള ഉപകരണമോ സാധനമോ അല്ല ഞങ്ങള്‍' എന്ന് ആദിവാസികള്‍ തിരിച്ചുപറഞ്ഞാല്‍ തീരുന്ന പഠനങ്ങളേ സാമൂഹ്യശാസ്ത്രജ്ഞര്‍ ചെയ്യുന്നുള്ളൂ.
ഒന്നിനെ പഠിക്കുന്ന മറ്റനേകം കൂട്ടര്‍, ആ ഒന്നിനെ സ്വന്തം അറിവിന്റെ ലോകത്തുനിന്ന് നോക്കുമ്പോള്‍, ആ ജനതകളെ വര്‍ഗീകരിക്കുകയും അറിവധികാരം അവരുടെമേല്‍ ഒരര്‍ഥത്തില്‍ പതിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍, എല്ലാതരം ജനവിഭാഗങ്ങള്‍ക്കും അവര്‍ സ്വീകരിച്ച തൊഴിലിലൂടെയും അനുഭവത്തിലൂടെയും ആര്‍ജിക്കുന്ന അറിവ് അവരുടെ തന്നെ ജീവിതത്തിന്റെ അധികാരമായി മാറുകയും അത് അവരുടെ ജീവിതത്തിന്റെ ശക്തിരൂപങ്ങളെ നിര്‍ണയിക്കുന്നതുമായി വര്‍ത്തിക്കുന്നു. രാജാക്കന്മാര്‍, ചക്രവര്‍ത്തിമാര്‍, പുരോഹിതര്‍, ഭൂപ്രഭുക്കന്മാര്‍, മന്ത്രവാദികള്‍, കവികള്‍, തത്വജ്ഞാനികള്‍ എന്നിവരെല്ലാം ഒരുതരത്തില്‍ അവരുടെ അറിവിനാല്‍ ശക്തി പ്രയോഗിക്കുന്നവരായി മാറുന്നു. മതത്തിലൂടെയും അനുഷ്ഠാനരൂപങ്ങളിലൂടെയും പട്ടാളച്ചിട്ടയിലൂടെയും കലയിലൂടെയും മന്ത്രവാദത്തിലൂടെയും ഈ അറിവ്- ശക്തിയുടെ ഭാവങ്ങള്‍ സമൂഹത്തില്‍ വേരൂന്നുന്നുണ്ട്.
യൂറോപ്യന്‍ കൊളോണിയല്‍ ഭരണക്രമത്തില്‍ രൂപപ്പെട്ട വിവിധങ്ങളായ സ്ഥാപനങ്ങള്‍- സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവ- ഭരിക്കപ്പെടുന്ന ജനതകളെ നിയന്ത്രിക്കാനും വര്‍ഗീകരിക്കാനുമാണ് അറിവ്- അധികാരങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. 20-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലെ ജനജീവിതത്തില്‍ എങ്ങയെല്ലാമാണ് അറിവും ജ്ഞാനവും അധികാരവും വ്യത്യസ്ത ജാതികളില്‍ പ്രതിപ്രവര്‍ത്തിച്ചത് എന്ന ചോദ്യം മരപ്പണി കൈത്തൊഴിലായ ആശാരിമാരെയും പൗരോഹിത്യത്തില്‍ ജീവിച്ചിരുന്ന നമ്പൂതിരിമാരുടെ ആചാരങ്ങളെയും മുന്‍നിര്‍ത്തി വിശദീകരിക്കുകയും വിവരിക്കുകയും ചെയ്യുന്ന പുസ്തകമാണ് കെ.എന്‍. സുനന്ദന്‍ എഴുതി 2022-ല്‍ കേംബ്രിഡ്ജ് സര്‍വകലാശാല പ്രസിദ്ധീകരിച്ച Caste, Knowlege and Power: Ways of knowing in Twentieth- Century Malabar.
ജാതിയിലൂന്നിയ ഉന്നത സ്ഥിതി അഥവാ അധീശത്വ പെരുമാറ്റരീതികള്‍ ശുദ്ധാശുദ്ധ ബന്ധങ്ങളാല്‍ എല്ലാ കാലത്തും വ്യത്യസ്ത ഇടങ്ങളിലും ഒരുപോലെയായിരുന്നില്ല എന്ന നിലപാടില്‍നിന്നാണ് ബ്രിട്ടീഷ് മലബാറിലെ ആശാരിമാരുടെ അറിവുറവിടത്തെ പറ്റിയും അറിവിന്റെ പ്രയോഗത്തെക്കുറിച്ചും പഠിക്കുന്നത്. നമ്പൂതിരിമാര്‍ ശുദ്ധാശുദ്ധി ബന്ധത്തിലൂടെയും ആചാരം പാലിച്ചും ജീവിക്കുന്ന ജനവിഭാഗമായിട്ടാണ് അവരുടെ അധികാരവും അറിവും പ്രയോഗിക്കുകയും പരിപാലിക്കുകയും ചെയ്തത്. ഈ രണ്ട് ജാതികളുടെയും അറിവ് ആര്‍ജിക്കുന്ന രീതികള്‍ വ്യത്യസ്തമായിരുന്നു. ജ്ഞാനാധികാരപ്രയോഗത്തിലൂടെ, വ്യത്യസ്തമായ രീതിയിലാണ് അവരുടെ ലോകത്തുനിന്ന് അറിവിനെ അറിയാന്‍ ശ്രമിച്ചത്. നമ്പൂതിരിമാര്‍ ആചാരത്തിലൂടെ സാമൂഹിക ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ആശാരിമാര്‍ അറിവിനെ അറിയുന്നതില്‍ കിണഞ്ഞ് ശ്രമിക്കുകയായിരുന്നു.
നമ്പൂതിരിമാര്‍ ആചാരം കൊണ്ട് എല്ലാ ജാതികളെയും മനസ്സിലാക്കുകയും ആചാരക്രമത്തില്‍ അവരുടെ ഇടത്തെ നിര്‍വചിക്കുകയും ചെയ്തു. അങ്ങനെയാണ് നമ്പൂതിരിയുടെ അറിവുവഴികളും അധികാരശ്രമവും രൂപപ്പെട്ടത്. നമ്പൂതിരിമാര്‍ ചില ആചാരങ്ങള്‍ പാലിക്കുമ്പോള്‍ അവയുടെ വിവിധ രൂപങ്ങള്‍ മറ്റു ജാതികളും തുടരണമെന്ന് അനുഷ്ഠാന അധികാരത്തിന്റെ മേല്‍ക്കോയ്മയില്‍ നിര്‍ബന്ധിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ നമ്പൂതിരിമാര്‍ അവരുടെ തന്മയെ ഉണ്ടാക്കിയെടുത്തത് ആചാരസംരക്ഷകരെന്ന തലത്തിലാണ്. എന്നാല്‍, ആശാരിമാര്‍ സ്വയം അവരെ നിര്‍വചിക്കുകയും അവരുടെ തന്മയെ ഉണ്ടാക്കുകയും ചെയ്തത് ആശാരിപ്പണിയിലൂടെയാണ്. ഒരു ആശാരി, ആ വ്യക്തി ആശാരി ജാതിയില്‍ പിറന്നതുകൊണ്ടുമാത്രം ആശാരിയായിത്തീരില്ല. മികവും മരത്തെ വ്യത്യസ്ത ഉപയുക്തതയുള്ള സാധനങ്ങളാക്കി മാറ്റുന്ന അറിവും അതിന്റെ പ്രയോഗവും ഒത്തുചേരുന്ന ആശാരിപ്പണിയിലൂടെയാണ് ആശാരി എന്ന ജാതിസ്വത്വം രൂപപ്പെടുത്തുന്നത്. ആശാരിപ്പണി അറിവിന്റെ പ്രയോഗമായിട്ടാണ് മനസ്സിലാക്കുന്നത്.
20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ മലബാറില്‍ വന്ന സാമൂഹികമാറ്റം, അവരുടെ ജ്ഞാനപ്രയോഗത്തെ വ്യത്യസ്ത തലങ്ങളില്‍ ക്രമീകരിക്കുന്നത് പഠനവിധേയമാക്കുന്നുണ്ട് ഈ പുസ്തകം. ബ്രിട്ടീഷ് കോളനിവാഴ്ച, മലബാറിലെ ജാതി- ബന്ധങ്ങളെ പാടേ ഉലയ്ക്കുന്നുണ്ട് എന്നത് പൂര്‍ണമായും ശരിയല്ല എന്ന നിലപാടാണ് ഗ്രന്ഥകര്‍ത്താവ് സ്വീകരിക്കുന്നത്. കോളനിവാഴ്ചക്കാലത്ത് ജാതിയുടെ അധീശത്വസ്വഭാവത്തിന് ഇടിച്ചിലുണ്ടാകുമ്പോഴും നേരത്തെ നിലനിന്ന ബ്രാഹ്മണിക്കലായ അറിവ് അധീശത്വം നിലനില്‍ക്കുന്നുണ്ട്. കോളനിവാഴ്ച പുതിയ അറിവിന്റെ ലോകത്തെ കൊണ്ടുവരുമ്പോള്‍ പോലും ബ്രാഹ്മണരൂപത്തിലുള്ള അധികാര അറിവുരൂപം പുതിയ വ്യവസ്ഥയോടൊപ്പം സമരസപ്പെട്ടുനില്‍ക്കുന്നു. അതിനെ കോളനിവാഴ്ചാ ബ്രാഹ്മണിസം എന്നു വേണമെങ്കില്‍ പറയാം. അതായത്; 19, 20 നൂറ്റാണ്ടുകളിലെ ജാതിവ്യവസ്ഥ ബ്രാഹ്മണ്യത്താല്‍ നിയന്ത്രിതമായതിനാല്‍ അതിന്റെ അധീശത്വഭാവം തുടര്‍ന്നു എന്നുവേണം കരുതാന്‍. ആധുനികമായ അറിവിന്റെ വരവ് കോളനിവാഴ്ചക്കാലത്തുണ്ടാകുന്നുണ്ടെങ്കിലും, ഈ ആധുനികതയില്‍ ബ്രാഹ്മണിക്കലായ അറിവ് അധികം ചോദ്യം ചെയ്യപ്പെടാതെ നിലനിന്നു. ആധുനിക അറിവുരൂപങ്ങള്‍ വസ്തുനിഷ്ഠാപരവും കുടുതല്‍ സിദ്ധാന്തപരവുമായി മാറിയപ്പോള്‍ ആ അറിവ് പാശ്ചാത്യ ജ്ഞാനബോധമായി് മാറ്റപ്പെട്ടു. അപ്പോള്‍, അറിവിന്റെ സ്വഭാവത്തിലും അതിനെ കാണുന്ന രീതിയിലും മാറ്റങ്ങളുണ്ടായി.
പ്രായോഗികമായ ആശാരിപ്പണി ജ്ഞാനോല്‍പ്പാദനത്തിന്റെ രണ്ടാം തരത്തിലേക്ക് മാറ്റപ്പെട്ടു. ഈ പ്രക്രിയ മനസ്സിലാക്കാന്‍ വെറും പാശ്ചാത്യ കോളനിവാഴ്ചയുടെ യുക്തി മതിയാകില്ല. അധികാര- ജ്ഞാന ബന്ധത്തെ ജാത്യാധികാര ജ്ഞാനക്രമമായിട്ടുവേണം മനസ്സിലാക്കാന്‍. പുതുതായി നിര്‍മിക്കപ്പെട്ട സ്ഥാപനങ്ങള്‍ വഴിയും പുതിയ സാമൂഹികക്രമത്തിലും ജാതി പ്രതിപ്രവര്‍ത്തിക്കുകയും ചിലപ്പോള്‍ ഈ ആധുനിക സ്ഥാപനങ്ങള്‍ ജാതിപീഡന വ്യവസ്ഥാക്രമമായി മാറുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട്, മാറുന്ന സാമൂഹിക ക്രമത്തിലും ആധുനികമായി ഉണ്ടായിവന്ന അറിവ് ജ്ഞാനക്രമത്തിലും ജാതിയുടെ രൂപ- പ്രതിരൂപങ്ങള്‍ വര്‍ത്തിക്കുകയും ജാതികളുടെ നിത്യജീവിതപ്രയോഗത്തിലൂടെ ഈ മാറ്റത്തെ അവര്‍ മനസ്സിലാക്കുകയും സ്വയം മാറിത്തീരാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യവഹാരം ഈ കാലത്ത് ഉണ്ടായിട്ടുണ്ട് എന്നു വിശദീകരിക്കുന്നതാണ് പുസ്തകത്തിലെ അധ്യായങ്ങള്‍.
പ്രധാനമായും രണ്ട് ചര്‍ച്ചകളെ മുന്‍നിര്‍ത്തിയാണ് ജ്ഞാനനിര്‍മിതിയെയും ജ്ഞാനക്രമത്തെയും ഇവിടെ വിശദീകരിക്കുന്നത്. ഒന്ന്, വസ്തുനിഷ്ഠാപരവും ആധുനികമായും കോളനിവാഴ്ചയിലൂടെയും നിര്‍മിച്ചെടുത്ത സാര്‍വത്രികമായ ജ്ഞാനബോധം. രണ്ട്, ജാതിയും ജ്ഞാനോല്‍പാദനവും തമ്മിലുള്ള ബന്ധം, അത് പാശ്ചാത്യ ജ്ഞാനരൂപങ്ങളെ വിമര്‍ശിക്കുന്നു, അതുവഴി തദ്ദേശീയമായ ജ്ഞാനോല്‍പാദനത്തിന്റെ വഴികള്‍ തുറന്നിടുകയും ചെയ്യുന്നു. അതോടൊപ്പം, കീഴാള ദര്‍ശനത്തില്‍ ജാതി ജ്ഞാനോല്‍പാദനക്രമത്തെ ബ്രാഹ്മണ്യപരമായ ഒന്നായി കണ്ട് വിമര്‍ശിക്കുകയും ചെയ്യുന്നു. ഈ ചര്‍ച്ചകള്‍, ആധുനികമായ ജ്ഞാനവ്യവസ്ഥകളെ നോക്കിക്കാണാനും ജാതി- ബ്രാഹ്മണ്യത്തിലൂന്നിയ തദ്ദേശീയ ജ്ഞാനോല്‍പാദനത്തെയും അധികാരത്തെയും വിമര്‍ശനബുദ്ധിയാലേ നോക്കിക്കാണാനും, വിമര്‍ശനത്തിലൂടെ പുതിയ വഴികളിലേക്ക് വെളിച്ചം വീശാനും സഹായിക്കുന്നു. അതോടൊപ്പം, സ്വത്താര്‍ജിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ത്വര കാരണം മറ്റു രാജ്യങ്ങളെയും ദേശങ്ങളെയും കൊള്ളയടിക്കുകയും കോളനികളാക്കുകയും വഴിയാണ്, ശാസ്ത്രജ്ഞാനത്തിന്റെ വികസനവും വ്യാപനവും സംഭവിച്ചത്. ഈ ആധുനിക അറിവുരൂപങ്ങള്‍ ലോകത്താകമാനും ഒരറിവുരൂപമായി സ്വീകാര്യമായത് കോളനിവാഴ്ചയിലൂന്നിയ ഭരണക്രമത്തിലാണ്.
ജ്ഞാനോല്‍പാദനത്തിലെ തരംതിരിവുകളില്‍ എഴുത്തുരൂപത്തെ കേമവും ആധികാരികവുമായ അറിവായി കണ്ടു. അതുകൊണ്ട് പാരമ്പര്യ ഇന്ത്യയെക്കുറിച്ചുള്ള അറിവ് വേദങ്ങളില്‍നിന്നും മറ്റു സംസ്‌കൃത പാഠങ്ങളില്‍നിന്നുമാണ് ലഭിക്കുന്നത്. ആ അറിവുരൂപങ്ങള്‍, പ്രയോഗത്തിലൂടെ നിരന്തരം അനുശീലിച്ച് ഉണ്ടാക്കിയെടുക്കുന്ന ആശാരിപ്പണി പോലുള്ള അറിവിനെ ഒരു ജ്ഞാനക്രമമാണെന്നുപോലും അംഗീകരിക്കാന്‍ ജ്ഞാനത്തിന്റെ തരംതിരിവുകള്‍ അനുവദിക്കുന്നില്ല. ആധുനിക സ്ഥാപനങ്ങളായ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ പിറവിയെടുത്തപ്പോഴും ജ്ഞാനം ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള അറിവുരൂപങ്ങള്‍ ലിഖിതത്തിലൂന്നിയതാണ്. അതുകൊണ്ടായിരിക്കണം കോളനിവാഴ്ചക്കാലത്തെ വിദ്യാഭ്യാസം ആധിപത്യ ജാതികള്‍ക്കുമാത്രമേ എത്തിപ്പിടിക്കാന്‍ കഴിഞ്ഞുള്ളൂ. സാഹിത്യവും ഗണിതശാസ്ത്രവും ദര്‍ശനശാഖകളും വരേണ്യജാതികള്‍ക്കുമാത്രമേ പഠിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ജ്ഞാനത്തിന്റെ ജാതി വളരെ പ്രകടമായിരുന്നു. അറിവിന്റെ പ്രയോഗങ്ങളായ ആശാരിപ്പണി ചെയ്തത് വ്യവസായിക പണിശാലകളിലെ ജനങ്ങള്‍ മാത്രമായിരുന്നു. അതിന് സര്‍വകലാശാലകളുടെ ആവശ്യമില്ലെന്നര്‍ഥം.
16-ാം നൂറ്റാണ്ടുതൊട്ട് വളര്‍ന്നുവികസിച്ച ശാസ്ത്രപഠനം പുതിയ ഇടങ്ങളെയും ഉണ്മയെയും സാധനങ്ങളെയും മനുഷ്യര്‍ക്ക് പരിചയപ്പെടുത്തി. മിഷനറിമാര്‍, കോളനികാലത്തെ ഉദ്യോഗസ്ഥര്‍, കച്ചവടക്കാര്‍, ലോകം ചുറ്റാനിറങ്ങിയ യാത്രക്കാര്‍ എന്നിവരെല്ലാം ഈ അധിനിവേശ ജ്ഞാനക്രമത്തെ വികസിപ്പിക്കാനും ക്രമീകരിക്കാനും ശ്രമിച്ചു. അതുവഴി പുതിയ തരം വിഷയങ്ങള്‍ യൂറോപ്യന്‍ പരിസരത്തുനിന്ന് മറ്റു രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും വ്യാപിച്ചു. ഈ അറിവിന്റെ വ്യാപനം കോളനിവാഴ്ചയുടെ അധിനിവേശത്തെ കേന്ദ്രത്തില്‍നിന്ന് അരികുകളിലേക്ക് പടര്‍ത്തി. ചരിത്രം, നരവംശശാസ്ത്രം, ഭൂമിശാസ്ത്രം, ആധുനിക വൈദ്യശാസ്ത്രം എന്നിവയോടൊപ്പം വ്യത്യസ്ത സ്ഥലങ്ങളെ പാളിനോക്കി രേഖപ്പെടുത്താനും ഈ കോളനിവാഴ്ചാ പദ്ധതിക്കു കഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍, ശാസ്ത്രീയ കാഴ്ചപ്പാട് കോളനിവാഴ്ചയിലൂടെയും സാമ്രാജ്യത്വ ആശയത്തോടെയും പിന്നാക്ക ജനതയിലേക്കും സ്ഥലകാല ഇടങ്ങളിലേക്കും വേരൂന്നി. പരിസ്ഥിതിയെ കുറിച്ചും ജനങ്ങളുടെ സ്വഭാവ സവിശേഷതകളെക്കുറിച്ചും പഠിക്കാനും അതൊരു ജ്ഞാനവ്യവസ്ഥയായി രൂപാന്തരപ്പെടുത്തുവാനും ഈ പാഠ്യപദ്ധതികള്‍ക്ക് കഴിഞ്ഞു. വസ്തുനിഷ്ഠത, ഉപയോഗപ്രദമായ ജ്ഞാനം എന്നിങ്ങനെ അറിവിനെ വേര്‍തിരിച്ച് ജ്ഞാനം എന്നതിനെ തന്നെയും ചരിത്രവല്‍ക്കരിക്കാന്‍ കോളനിവാഴ്ചാ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കഴിഞ്ഞു. അതായത്, ഉപയോഗമില്ലാത്ത ഒരറിവും അറിവല്ലാതാക്കിയിരിക്കുന്നു.
ഉദാഹരണത്തിന്, കാലാവസ്ഥാ പഠനം യൂറോപ്പിനെ കേന്ദ്രീകരിച്ചുമാത്രമായി. യൂറോപ്പിന്റെ കാലാവസ്ഥക്ക് അനുസരിച്ചതല്ലാത്ത കാലാവസ്ഥയെ പറ്റിയായി പഠനം. യൂറോപ്പ് എല്ലാത്തിന്റെ ഉല്‍ഭവകേന്ദ്രവും പഠനകേന്ദ്രവുമായി മാറി. ഇത് ജനസാമാന്യത്തിന്റെ പഠനത്തിലും വന്നുചേര്‍ന്നു. യൂറോപ്പിലെ ജനങ്ങള്‍ മാതൃകകളായി മാറി, യൂറോപ്പിലെ ജനങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുകയും ജീവിതരീതികള്‍ പിന്തുടരുകയും ചെയ്യുന്ന ജനങ്ങളുടെ ജീവിതത്തെ കൗതുകവും വിചിത്രവുമായി കണ്ട് അത് രേഖപ്പെടുത്തുന്നു. അതുകൊണ്ടായിരിക്കാം, കേരളത്തിലെ ആദിവാസികളെയും വ്യത്യസ്ത ജാതികളെയും യൂറോപ്യന്മാര്‍ പഠിച്ചപ്പോള്‍ അവരുടെ ശരീരത്തെയും സംസ്‌കാരത്തെയും അളന്നുതിട്ടപ്പെടുത്തി അത് യൂറോപ്യന്റെ വിപരീതമായി വിസ്തരിച്ച് ക്രമപ്പെടുത്തിയത്. ജ്ഞാനം അധികാരത്തിലൂടെയും പ്രയോഗത്തിലൂടെയും നിര്‍മിക്കപ്പെടുന്നതും നിര്‍വചിക്കപ്പെടുന്നതുമാകുന്നു. നിങ്ങള്‍ മനുഷ്യരെയും ജീവിതരീതികളെയും വര്‍ഗീകരിച്ച് പഠിക്കുമ്പോള്‍ നാം നമ്മളെത്തന്നെയാണ് വര്‍ഗീകരിക്കുന്നത് എന്ന ബോധം നഷ്ടപ്പെടുന്നു. അവിടെയാണ് 'നമ്മള്‍' 'അവരെ' പഠിക്കാന്‍ തയാറാകുകയും നമ്മളില്‍നിന്ന് അവരുമായി നിലനില്‍ക്കുന്നതൊക്കെ അപരവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നത്. ഇതുകൊണ്ടാണ് വെള്ളക്കാരനായ ഒരാള്‍ ജ്ഞാനത്തിന്റെ ഉന്നതിയിലും ആദിവാസിയായ സ്ത്രീ കീഴ്‌നിലയിലും പ്രതിഷ്ഠിക്കപ്പെടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മ്യൂസിയങ്ങള്‍ എന്നിവ ഈ ക്രമത്തില്‍ രൂപപ്പെട്ടതുകൂടിയാണ്.
ജ്ഞാനനിര്‍മിതിയുടെ ക്രമത്തില്‍ ഏറ്റവും സവിശേഷമായ ഒരു നിരീക്ഷണം ഈ പുസ്തകം മുന്നോട്ടുവക്കുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ ജ്ഞാനവ്യവസ്ഥാശ്രേണീബന്ധം ജാതിവ്യവസ്ഥയിലും ക്രമപ്പെടുത്തി. ഇന്ത്യന്‍ പാരമ്പര്യജ്ഞാനം, അറിവുല്‍പ്പാദനം എന്നിവയുടെ ഉറവിടം ബ്രാഹ്മണരിലേക്കും ഹിന്ദു നിര്‍മിത പാഠങ്ങളിലേക്കും കെട്ടിയിട്ടു. നേരത്തെ എഴുത്തുരൂപങ്ങളില്‍ ശ്രദ്ധിച്ചിരുന്ന ബ്രാഹ്മണരുടെ ലിഖിതരൂപത്തെ പാരമ്പര്യ ജ്ഞാനമായി കണ്ടു. ശരീരം കൊണ്ട് അധ്വാനിക്കുകയും പണി ചെയ്യുകയും ചെയ്യുന്ന അറിവുപ്രയോഗങ്ങളെ രണ്ടാംകിടയായി കണ്ട് ജ്ഞാനത്തിന്റെ ഏറ്റവും താഴത്തെ നിലയില്‍ ഉള്‍ച്ചേര്‍ത്തു. ഈ പ്രക്രിയയിലൂടെയാണ് ആശാരിമാരുടെ അറിവുരൂപങ്ങള്‍ രണ്ടാം കിടയായി കരുതിപ്പോരുന്നത്. അതായത്, ജ്ഞാനോല്‍പ്പാദനം ബ്രാഹ്മണരുടെതും അറിവിന്റെ പ്രയോഗങ്ങള്‍ താഴ്ന്ന ജാതികളുടേതുമായി തീര്‍ന്നു.
പാഠകേന്ദ്രിതവും ശരീരപ്രയോഗത്തിലൂന്നിയതും, സംരക്ഷിതരും പ്രത്യേകതയുള്ളവരും, സാര്‍വത്രികമായതും പ്രാദേശികമായതും, ബൗദ്ധികമായതും കഠിനാധ്വാന തൊഴിലും, വസ്തുനിഷ്ഠവും ആത്മനിഷ്ഠവും എന്ന തരത്തില്‍ ജ്ഞാനരൂപങ്ങളെ വിപരീത ദിശയില്‍ നിര്‍വചിച്ച് വേര്‍തിരിച്ചു. അതിനെ ബ്രാഹ്മണിക്കലായതും താഴ്ന്ന ജാതിക്കാരുടേതും എന്ന തരത്തില്‍ അറിവിനെ ദ്വന്ദങ്ങളില്‍ കണ്ണിചേര്‍ത്തു. സുനന്ദന്‍ ഈ പ്രക്രിയയെ രണ്ട് സംവര്‍ഗങ്ങളായി തിരിക്കുന്നുണ്ട്. ആദ്യത്തേത് ജ്ഞാനോല്‍പാദനമായും മറ്റേത് അറിവിന്റെ പ്രയോഗമായും. ജ്ഞാനോല്‍പാദനത്തില്‍ പഠിക്കുക എന്ന പ്രക്രിയയെ ജ്ഞാനോല്‍പ്പാദനത്തില്‍നിന്ന് വേര്‍തിരിക്കുന്നുണ്ട്. അതായത്, പഠിക്കുക എന്നത് വിദഗ്ധന്മാരുടെ പ്രവര്‍ത്തനമായാണ് കരുതുന്നത്. സര്‍വകലാശാലകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ പഠനത്തിനായി തുറന്നുവന്നിട്ടുള്ളതാണ്. എന്നാല്‍, അറിവിന്റെ പ്രയോഗമായ രണ്ടാം തരത്തില്‍ 'ചെയ്യുക' എന്നത് വിദഗ്ധമായ അറിവും പഠനവുമാണ്. ബൗദ്ധികവും ശാരീരികവുമായ വേര്‍തിരിവ് അവിടെ കാണില്ല. സിദ്ധാന്തവല്‍ക്കരിക്കുന്നതും ശാരീരിക പ്രക്രിയയില്‍ 'ചെയ്യുന്നതും' ഒരേ തരത്തിലും തലത്തിലും ഉള്‍ച്ചേരുന്ന പ്രവൃത്തിയാണ്. ഇത്തരത്തിലുള്ള അറിവ് സാര്‍വദേശീയവുമാണ്. അതുകൊണ്ട് ഈ പുസ്തകത്തില്‍ സമര്‍ഥിക്കുന്ന പ്രധാന വാദം ഇതാണ്: അറിവിന്റെ പ്രയോഗം വ്യത്യസ്തമാണെങ്കിലും അത് ജ്ഞാനോല്‍പാദനത്തിന്റെ വിപരീതമല്ല എന്നതാണ്. ആശാരിമാരുടെ ശാരീരിക പ്രയോഗം അഥവാ ആശാരിപ്പണി എന്നത് ഒരേസമയം അറിവുല്‍പാദനവും അറിവിന്റെ പ്രയോഗവുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ജാതിയും ജ്ഞനോല്‍പ്പാദനവും തമ്മില്‍ ഇന്ത്യയില്‍ കാതലായ ബന്ധം നിലനിര്‍ത്തുന്നു എന്നതാണ് നമ്പൂതിരിമാരുടെയും ആശാരിമാരുടെയും അറിവുലോകങ്ങളെ മുന്‍നിര്‍ത്തി ഇവിടെ പഠനവിധേയമാക്കുന്നത്. ജാതിയുടെ ഉന്നത ശ്രേണീതലം ബ്രാഹ്മണര്‍ക്ക് ഇന്ത്യയില്‍ ജ്ഞാനോല്‍പാദനത്തിലെ ഉന്നത സ്ഥിതി പ്രദാനം ചെയ്തു.
ആശാരിമാരുടെ ജാതിയും തൊഴിലും വേര്‍തിരിച്ചുകാണാന്‍ കഴിയില്ല. ആശാരി എന്നത് ജാതിയും അതേസമയം തൊഴിലുമാണ്. ആശാരിപ്പണി ചെയ്യാത്ത ആശാരി ആശാരിയായിത്തീരുന്നില്ല. എന്നുവെച്ചാല്‍, ആശാരിജാതിയില്‍ പിറന്ന ഒരാള്‍ മറ്റേതെങ്കിലും തൊഴില്‍ ചെയ്താണ് ജീവിക്കുന്നത് എങ്കില്‍ അഥവാ, അയാള്‍ക്ക് ആശാരിപ്പണി അറിയില്ല എങ്കില്‍ അയാള്‍ ആശാരിയല്ലാതാകുന്നു. പുലയരുടെയും കാര്യം ഇങ്ങനെത്തന്നെയാണ്. പുലം എന്നത് നിലം ആണ്. അവിടെ പണി ചെയ്യുന്നവര്‍ പുലയരാകുന്നു. അത് അറിവിന്റെ പ്രയോഗമാണ്, അതുവഴി അറിവുല്‍പാദകരുമാണ്. എന്നാല്‍, ദേശീയമായും ജാതിവ്യവസ്ഥയിലൂടെയും രൂപമെടുക്കുന്ന അറിവിന്റെ ക്രമപ്പെടുത്തല്‍ ശാരീരിക അറിവുകളെ അഥവാ പ്രയോഗങ്ങളെ താഴ്ന്ന ജാതിക്കാരുടെ ജോലിയായി മാത്രം കാണുന്നത് തെറ്റായ നോട്ടമെന്നാണ് സുനന്ദന്‍ വാദിക്കുന്നത്. ആശാരിമാര്‍ വെറും അറിവുപ്രയോഗങ്ങള്‍ മാത്രമല്ല ചെയ്തത്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരളത്തിലെ റോഡും തീവണ്ടിപ്പാതകളും കെട്ടിടങ്ങളും നിര്‍മിക്കുന്നവരായി മാറിയപ്പോഴും കോളനിവാഴ്ചാ ഇടപെടലുകളെ എതിര്‍ത്തും അവര്‍ അനേകം ഇടങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. നമ്പൂതിരിമാരേക്കാള്‍ ആ കാലത്ത് ഭൗതികമായി സംഭാവന ചെയ്തതും ആശാരിമാരാണ്. ആശാരി എന്ന ജാതി മറ്റു ജാതികളില്‍നിന്ന് വ്യത്യസ്തമാകുന്നത്, ആചാരം കൊണ്ടോ ജാതിനില കൊണ്ടോ അല്ല. മറിച്ച്, അവരുടെ അറിവിന്റെ പ്രയോഗത്തിലുള്ള നിപുണത കൊണ്ടാണ്. ജാതിയുടെ നിയമങ്ങളല്ല, ആശാരിയെ ആശാരിയാക്കുന്നത്, മറിച്ച് നിത്യമായി നടത്തുന്ന ആശാരിപ്പണിയിലൂടെയാണ്.
എന്നാല്‍, 21-ാം നൂറ്റാണ്ടോടെ ആശാരിമാരില്‍ പ്രകടമായ മാറ്റം സംഭവിക്കുന്നുണ്ട്. അവരുടെ അറിവുരൂപങ്ങള്‍ക്ക് ബ്രാഹ്മണരീതി പ്രകടിപ്പിക്കാന്‍, അവര്‍ക്കിടയിലെ നവീകരണ പ്രവൃത്തികള്‍ക്ക് കഴിഞ്ഞു. ആശാരിമാര്‍ വിശ്വകര്‍മരായി മാറുന്നത് ഈ ഘട്ടത്തിലാണ്. ഈ പ്രപഞ്ചത്തിന്റെ നിര്‍മാതാക്കള്‍ ആശാരിമാരാണ് എന്ന വ്യാഖ്യാനം അനുഷ്ഠാനതലത്തിലും ആചാരത്തിലും ജാതി നിയമങ്ങളിലും രക്തബന്ധങ്ങളിലും ഉള്‍ച്ചേര്‍ത്തപ്പോള്‍ ആശാരിപ്പണി അറിയാത്ത ഒരാളും ആശാരിയായി അറിയപ്പെടുന്ന സമ്പ്രദായം രൂപപ്പെട്ടു. കല്യാണവ്യവസ്ഥയും ജാതിസംഘടനകളും മറ്റു ജാതികളെപ്പോലെ ആശാരിമാരെയും ബ്രാഹ്മണിക് മൂല്യത്തില്‍ തളച്ചിട്ടു. ഈ രൂപാന്തരത്തെ ചരിത്രദൃഷ്ടിയിലും വിവരണങ്ങളിലൂടെയും ശക്തമായി മുന്നോട്ടുവെക്കുകയാണ് ഈ പുസ്തകം.
നമ്പൂതിരിമാരുടെ ആചാരകേന്ദ്രിത ജീവിതത്തെയും ജ്ഞാനോല്‍പാദനത്തെയും 21-ാം നൂറ്റാണ്ടിലെ നവീകരണ പ്രസ്ഥാനങ്ങള്‍ കാര്യമായി മാറ്റിത്തീര്‍ത്തിട്ടുണ്ട്. ആചാരത്തില്‍നിന്ന് ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് മാറിയ നമ്പൂതിരി യുവാക്കള്‍ ആചാരങ്ങളെ ചോദ്യം ചെയ്യാതെ തന്നെ, അതല്ല, ജ്ഞാനത്തിന്റെ ഉറവിടമെന്ന നിലപാടില്‍ ഉറച്ചുനിന്നു. നവീകരണ പ്രസ്ഥാനങ്ങള്‍ നമ്പൂതിരിമാരെ മനുഷ്യരാക്കുന്നതില്‍ പ്രവര്‍ത്തിച്ചതുപോലെ, ആധുനിക മനുഷ്യരായി യുക്തികേന്ദ്രിത ലോകം വിഭാവനം ചെയ്യുന്ന സമുദായമാക്കിയും മാറ്റുന്നുണ്ട്. ഉദാഹരണത്തിന്, തൊട്ടുകൂടായ്മയെ അവര്‍ക്കനുസൃതമായി മാറ്റുന്ന സംഭവങ്ങള്‍ രസകരമാണ്. നെല്ല് നായര്‍ തൊട്ടാല്‍ അശുദ്ധമാകുമെന്ന ആചാരത്തെ, നായരെ അല്ലാതെ മറ്റൊരാളെ ആ പണിക്ക് ലഭിക്കില്ല എന്നറിഞ്ഞപ്പോള്‍, അവരെ ആ പ്രവൃത്തിയില്‍നിന്ന് പുറത്താക്കുന്നില്ല. ഓല മേഞ്ഞിരുന്ന വീടുകളില്‍ ഓടുവന്നപ്പോള്‍ ഓലയ്ക്കുണ്ടായിരുന്ന അയിത്തം ഓടിനു കല്‍പ്പിക്കാന്‍ അവര്‍ തയാറായില്ല, ഓടുകൊണ്ടുള്ള മറ്റു ഉപകരണങ്ങള്‍ക്കും.
ആധുനികമായി ഉണ്ടായിവന്ന ഉല്‍പാദനത്തിന് അയിത്തം ഇല്ലാതാകുന്നതും ആചാരത്തിനുമേല്‍ യുക്തിയും പ്രയോഗത്തിനുമേല്‍ കാലവും വരുത്തുന്ന ഭാവമാറ്റങ്ങളിലൂടെയാണ്. അഞ്ച് അധ്യായങ്ങളിലായി ആശാരിമാരുടെയും നമ്പൂതിരമാരുടെയും അറിവുലോകങ്ങളെ അപഗ്രഥിച്ചും വിശകലനം ചെയ്തും അതിസൂക്ഷ്മമായി ജ്ഞാനാധികാരത്തിന്റെ ക്രമങ്ങളെ നിര്‍മിച്ചതിന്റെ ചരിത്രമാണ് ഇവിടെ അനാവരണം ചെയ്യുന്നത്. ആശാരിമാരുടെ അറിവുരൂപങ്ങളും അവരുടെ ലോകവീക്ഷണവും അതിന്റെ മാറ്റങ്ങളും നമ്പൂതിരിമാരുടെ ജ്ഞാനക്രമബോധത്തെയും അതിന്റെ കാലാന്തരത്തിലുള്ള മാറ്റങ്ങളെയും ചരിത്രത്തിലും വര്‍ത്തമാനകാലത്തുമുള്ള ജീവിതങ്ങളെ നേരില്‍ കണ്ടും ചോദിച്ചും നിര്‍മിച്ചിട്ടുള്ള ഈ പുസ്തകം 20-ാം നൂറ്റാണ്ടിലെ മലബാറിനെയും ജാതി ജീവിതങ്ങളെയും അടയാളപ്പെടുത്തുന്നു.
Caste, Knowledge and Power: Ways of knowing in Twentieth Century Malabar
K N Sunandan- 2022, Cambridge University Press