മലയാളത്തിലെ പ്രസിദ്ധനായ ഒരു എഴുത്തുകാരൻ ഒരു പ്രസിദ്ധീകരണ സ്ഥാപനത്തിലേക്ക് അയച്ച കത്ത് തുടങ്ങുന്നതിങ്ങനെയാണ്:
‘‘പ്രിയ...
ബഷീറിന് 500 രൂപ വെച്ച് അയക്കുന്നതുപോലെ എനിക്കും ഒന്നാം തീയതി തോറും 500 രൂപ അയച്ചുതരണമെന്ന് അവിടെ വന്നപ്പോൾ പറഞ്ഞിരുന്നു. അടുത്ത മാസം ഒന്നാം തീയതി മുതൽ 500 രൂപ എനിക്ക് അയച്ചുതരണം. അതു മാത്രമാണ് ഇപ്പോഴത്തെ എന്റെ ആശ്രയം. പെൻഷൻ 150 രൂപയുണ്ട്. അതും മാസാമാസമായി ഇപ്പോൾ കിട്ടുന്നില്ല. ഒൻപത് മാസത്തോളമായി കിട്ടിയിട്ട്. 500 രൂപയായി വർദ്ധിപ്പിക്കണമെന്ന് നിങ്ങളെല്ലാവരും കൂടി മുഖ്യമന്ത്രിയെ കണ്ട് പറയണം. വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഒട്ടും താമസിക്കരുത്. മരുന്നുകൾക്കും മറ്റു ചെലവുകൾക്കുമായി യാതൊരു നിർവ്വാഹവുമില്ല. ഈ കുടുംബത്തെ രക്ഷിക്കാൻ വേണ്ടത് ചെയ്യുക’’.
എന്ന്,
സ്വന്തം
............
ഈ കത്ത് എൺപതുകളിൽ എഴുതിയതാണ്.
മലയാളത്തിൽ ജനപ്രിയ സാഹിത്യവും ആധുനിക സാഹിത്യവും തമ്മിലുള്ള സംവാദങ്ങളും വിവാദങ്ങളും നടക്കുന്നതും ഇക്കാലത്താണ്. അന്ന് ഏറ്റവും പ്രസിദ്ധനായ ആ എഴുത്തുകാരന്റെ ദുഃഖം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കപ്പെട്ടതുകൊണ്ട് പരിഹരിക്കപ്പെട്ടില്ല. ഈ കത്തിലൂടെ കടന്നുപോകുമ്പോൾ എഴുതി ജീവിക്കുന്ന എഴുത്തുകാരും പുസ്തകം വിൽക്കുന്ന പ്രസാധകരും നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാവും.
വായന എന്ന പ്രക്രിയയെ, പ്രിന്റ് ചെയ്യുന്ന പുസ്തകത്തിന്റെ വായന എന്ന രീതിയിലേക്ക് ചുരുക്കുന്നത് ശരിയല്ല എന്നും വായനയെ എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത് എന്നും മനുഷ്യൻ എന്തിന് വായിക്കണം എന്നുമുള്ള ചോദ്യങ്ങൾക്കുള്ള എല്ലാ ഉത്തരവും മേൽപറഞ്ഞ എഴുത്തുകാരന്റെ കത്തിൽ തന്നെയുണ്ട്.
വായനയെന്നത് കേവലം യാന്ത്രിക പ്രവർത്തനമല്ല. മനുഷ്യന്റെ ജൈവപ്രക്രിയയാണത്. നിത്യജീവിതത്തിലെ ഒരു പ്രധാന ഘടകം. നമ്മുടെ ശരീരത്തിന്റെ ഓരോ അവയവവും പ്രവർത്തിക്കുന്നതുപോലെയാണ് വായനയും അതിന്റെ പ്രവർത്തനം നിർവ്വഹിക്കുന്നത്. നമ്മുടെ മനസ്സിന്റെ ഒരു തുലനമാണത്. വെറും ആനന്ദം മാത്രമല്ല വായന.
ലോകത്തെ ഏതു ജനസമൂഹത്തിനും വായന അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. പുസ്തകം മാത്രമല്ല വായന. പുസ്തകമെന്നത് ഡോക്യുമെന്റ് ചെയ്ത റഫറൻസ് മാത്രമാണ്. അതിന് ജീവനുണ്ട് എന്നതാണ് അതിലേക്ക് നമ്മെ അടുപ്പിക്കുന്നത്. പുസ്തകത്തിന്റെ ജീവൻ എന്നത് നമ്മുടെ മനസ്സുമായിട്ടുള്ള കമ്മ്യൂണിക്കേഷന്റെ തലമാണ്. സ്വിച്ചിട്ടാൽ ബൾബ് പ്രകാശിക്കുന്നതുപോലെ പുസ്തകം കൈയിലെടുക്കുമ്പോൾ നമ്മുടെ മനസ്സ് പ്രകാശിക്കുന്നു. ഊർജ്ജം പകരുന്നു.
നിങ്ങളുടെ മൊബൈൽ കൈയിലെടുക്കുമ്പോൾ, ലാപ്‌ടോപ്പും കമ്പ്യൂട്ടറും തുറക്കുമ്പോൾ ഈ ഊർജ്ജപ്രവാഹം അനുഭവിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ പലതരം ആപ്പുകളിലൂടെ വിസർജ്ജിക്കുന്നതെന്തും നിങ്ങൾ ഭക്ഷിക്കാറില്ല. അവിടെ സെലക്റ്റീവ് ആകുന്നു. നമുക്ക് ആവശ്യമുള്ളതുമാത്രം തെരഞ്ഞെടുത്ത് വായിക്കുന്നു. അതിൽ ന്യൂസുകളും ഗെയിമുകളും ഇൻഫർമേഷനുമൊക്കെ ഉണ്ടാകാം.
പരീക്ഷ എഴുതാൻ വേണ്ടി കുട്ടികൾ വായിക്കുന്നതുപോലെയല്ല, കിടപ്പറയിൽ എങ്ങനെ പെരുമാറണമെന്ന് യൂട്യൂബിലൂടെ നിങ്ങൾ വായിച്ചെടുക്കുന്നത്. പാചകം ചെയ്യാനും കൃഷി ചെയ്യാനും മൃഗസംരക്ഷണത്തിനും എന്നുവേണ്ട നിത്യജീവിതവുമായി ബന്ധപ്പെട്ട നിരവധി വായനകളും പഠിപ്പുകളും നാം നേടുന്നു. ഒരു സാക്ഷരതാ സമൂഹം എങ്ങനെയെന്നത് പഠിക്കാൻ കേരളത്തിലെ ഒരു വീടു മാത്രം നിങ്ങൾ റിസർച്ച് ചെയ്താൽ മതിയാകും. അതുകൊണ്ട് എന്തിനു വായിക്കണമെന്നത് ഒരു ജൈവിക പ്രക്രിയയാണെന്ന് നാം മനസ്സിലാക്കുന്നു. ഇതൊരു ആത്മീയാനുഭവം കൂടിയാണ്. വായന മരിക്കുന്നുവെന്നത് മനുഷ്യൻ മരിക്കുന്നുവെന്നതിന് തുല്യമാണ്.
ബെസ്റ്റ് സെല്ലറുകളുടെ വിപണി
എഴുത്തുകാർ പോപ്പുലറാകുക, അവരുടെ കൃതികൾ ബെസ്റ്റ് സെല്ലറാകുക എന്നത് ലോകത്തിലെ മുഴുവൻ ജനസമൂഹത്തിന്റെയും പോപ്പുലാരിറ്റിയല്ല. ആത്യന്തികമായി ഇതൊരു വിപണിയാണ്. വിപണിയുടെ ഉല്പന്നങ്ങളാണ് പുസ്തകങ്ങൾ. അവിടെ കൂടുതൽ പ്രചരിപ്പിക്കുന്ന, ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന പുസ്തകം ലോകത്തെ മുഴുവൻ ജനങ്ങളും വായിക്കാറില്ല. അങ്ങനെ നോക്കിയാൽ ലോകത്തെ ഏറ്റവും വലിയ ബെസ്റ്റ് സെല്ലർ പുസ്തകം ബൈബിളും ഖുറാനുമാണ്. അതിനെ മറികടക്കാൻ മഹാഭാരതത്തിനോ ഭഗവദ്ഗീതയ്‌ക്കോ രാമായണത്തിനോ മാർകേസിന്റെ കൃതികൾക്കോ ഹാരി പോർട്ടറിനോ കഴിഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പോലും ലോകത്ത് ഒരു കാലത്തും ബെസ്റ്റ് സെല്ലറായിട്ടില്ല. കാരണം ഒരാൾക്ക് കമ്മ്യൂണിസ്റ്റ് ആയി ജീവിക്കാൻ മാനിഫെസ്റ്റോ വായിക്കേണ്ട ആവശ്യമില്ല. ഒരു കർഷകതൊഴിലാളിയുടെയും മറ്റു തൊഴിൽ ചെയ്യുന്നവരുടെയും വീടുകളിൽകമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ നിങ്ങൾക്ക് കാണാനാവില്ല. അവിടെ ബൈബിളോ ഖുറാനോ രാമായണമോ കണ്ടെന്നിരിക്കും.
ഒരു മതവിശ്വാസിയാണെങ്കിൽ അതിന്റെ ആചാരാനുഷ്ഠാനങ്ങൾ പിൻതുടരുന്നതുകൊണ്ടാണ് വേദപുസ്തകം നിങ്ങളുടെ വീട്ടിൽ വാങ്ങിെവക്കുന്നതും വായിക്കാൻ നിർബ്ബന്ധിതമാകുന്നതും. മഹാത്മാ ഗാന്ധിയുടെ ആത്മകഥ അങ്ങനെ വീട്ടിൽ സൂക്ഷിക്കപ്പെടേണ്ട ഗ്രന്ഥമല്ല. ഒരു സ്‌കൂൾ പാഠപുസ്തകമാണത്. ഇതിഹാസപുരാണങ്ങൾ അമ്മമാർക്ക് കുട്ടികൾക്ക് പറഞ്ഞുകൊടുക്കാനുള്ള കഥകളാണ്. ഗീതാവ്യാഖ്യാനങ്ങൾ, വിവേകാനന്ദസൂക്തങ്ങൾ, ഗുരുദേവവചനങ്ങൾ- ഇവ നിങ്ങൾ സെലക്റ്റ് ചെയ്ത് മാത്രം വായിക്കുന്നതാണ്. ഈ ഗ്രന്ഥങ്ങൾ വായിക്കണമെന്ന് ഹിന്ദുമതം നിങ്ങളെ നിഷ്‌കർഷിക്കാറില്ല. അറിവിന്റെ അധികാരഘടന അതൊരു പ്രത്യേക ജാതിയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതുകൊണ്ടും അതിനൊരു സെമറ്റിക് മതഘടനയില്ലാത്തതുകൊണ്ടുമാണ് അത് സംഭവിക്കാത്തത്.
മഹാഭാരതം വീട്ടിൽ വാങ്ങിവെക്കരുത് എന്നൊരു അന്ധവിശ്വാസംതന്നെ നമ്മുടെ നാട്ടിൽ നിലവിലുണ്ട്. അത് വീട്ടിൽ വെച്ചാൽ സമാധാനം ഉണ്ടാകില്ലത്രേ. യുദ്ധത്തോടു യുദ്ധമായിരിക്കും ഫലം. എന്നു പറഞ്ഞാൽ വീട്ടിൽ കലഹമൊഴിയില്ല എന്ന് സാരം. രാമായണമാസം ആചരിക്കുമ്പോൾ ആ മാസം മാത്രം രാമായണവായന പതിവാക്കിയ ചില ഹിന്ദുകുടുംബങ്ങളുണ്ട്. എങ്കിലും ഇന്ത്യയിലെ മുഴുവൻ ഹിന്ദുകുടുംബങ്ങളിലും ഇത് ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല.
ഒരു പുസ്തകം ബെസ്റ്റ് സെല്ലറാകുന്നതുകൊണ്ട് നമ്മുടെ വായനാസംസ്‌കാരത്തിനോ ഭാവുകത്വത്തിനോ ക്ഷതം സംഭവിക്കുന്നില്ല. ഗ്ലോബൽ മാർക്കറ്റിൽ വില്ക്കാൻ വച്ചിരിക്കുന്നവരാണ് നമ്മുടെ എല്ലാ എഴുത്തുകാരും. സ്വയം ബ്രാൻഡ് അംബാസിഡർമാരായ അവരുടെ കൃതികൾ തന്ത്രങ്ങളിലൂടെ പരസ്യപലകകളിൽ തൂങ്ങിക്കിടക്കുകയാണ്. ഇത് പുതിയ ലോകത്തിന്റെ മാറുന്ന ചിത്രമാണ്. ഇതിൽ ചില ബ്രാൻഡുകൾ പുതിയ ബ്രാൻഡുകൾ വരുന്നതോടെ താഴെ പോകും. കാരണം പഴയ ബ്രാൻഡിന്റെ വായനക്കാരല്ല പുതിയ മാർക്കറ്റിലെ ഉപഭോക്താക്കൾ. ഇത് ഇങ്ങനെ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് അഖിൽ ധർമ്മജന്റെയും നിമ്‌ന വിജയുടെയും പുസ്തകങ്ങൾ ബഷീറിന്റെയും കമലാ സുരയ്യയുടെയും പുസ്തകങ്ങളേക്കാൾ പുതിയ തലമുറ തിരക്കുന്നത്. എന്നു കരുതി മാധവിക്കുട്ടിയോ എം.ടിയോ ബഷീറോ വായിക്കപ്പെടാതിരിക്കുന്നുവെന്നർത്ഥമില്ല. ഇതൊരു താല്ക്കാലിക പ്രതിഭാസമാകാം. വിപണിയുടെ കയറ്റിറക്കങ്ങളിൽ സാഹിത്യവും പെടുന്നു. എന്തുകൊണ്ടിതു സംഭവിക്കുന്നു- ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഭാഷയും അത് വിനിമയം ചെയ്യുന്നതുകൊണ്ട്. അവർ പാരമ്പര്യത്തിന്റെ എല്ലാ അടരുകളിൽനിന്നും മാമൂലുകളിൽ നിന്നും മോചിതരാണ്. എല്ലാ കെട്ടുകളും പൊട്ടിച്ച സ്വതന്ത്ര സമൂഹമാണ് പുതിയ കുട്ടികൾ. ഒരു സാംസ്‌കാരിക പാരമ്പര്യവും അവർപേറുന്നില്ല. വളരെ ട്രാൻസ്പരന്റായി ആടയാഭരണങ്ങൾ അഴിച്ചുവെച്ച ഭാഷയോടാണ് പുതിയ തലമുറ വിനിമയം ചെയ്യപ്പെടുന്നത്.
ഭാഷ കണ്ടെത്തുന്നതിലാണ് ഇതര ജീവികളിൽ നിന്ന് മനുഷ്യനെ വേർതിരിക്കുന്നത്. മൃഗങ്ങളുടെ ക്രമരഹിതമായ ശബ്ദവിനിമയത്തിൽനിന്ന് വ്യത്യസ്തമായി ഭാഷയിലൂടെ ക്രമാനസൃതമായ ആശയവിനിമിയത്തിലേക്ക് മനുഷ്യൻ വളരുകയാണ്. ഭാഷയിലൂടെയുള്ള ഈ വിനിമയം സ്വാഭാവികമായ വികാസപ്രക്രിയയാണ്. അതിന്റെ ഏറ്റവും വലിയ വികസിത രൂപമാണ് ഇന്നത്തെ പുസ്തകവിപണി.
ആധുനികതയും
ഇടതുപക്ഷവും
ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു പത്രങ്ങളും പുസ്തകങ്ങളുമെല്ലാം. എല്ലാ ദേശീയ നേതാക്കളും പത്രപ്രവർത്തകരുമായിരുന്നു. എഴുത്തുകാരുമായിരുന്നു. കേരളത്തിന്റെ സാമൂഹികപരിഷ്‌കരണത്തിൽ നിർണ്ണായക പങ്കാണ് പത്രങ്ങളും പുസ്തകങ്ങളും വഹിച്ചത്. വിവേകോദയം പോലുള്ള പത്രത്തിൽ ജോലി ചെയ്തുകൊണ്ടാണ് കുമാരനാശാൻ തന്റെ വിഖ്യാതകൃതികൾ രചിച്ചത്. സഹോദരൻ എന്ന പത്രത്തിന്റെ പേരിലാണ് അയ്യപ്പനെ സഹോദരൻ അയ്യപ്പനാക്കിയത്. ആശയവിനിമയത്തിന്റെ മാധ്യമമായി പത്രങ്ങളും പുസ്തകങ്ങളും നിലകൊണ്ടു. ജാതിവിവേചനത്തിന്റെ, അയിത്തത്തിന്റെ ഭീകരതയെ നേരിട്ടത് ഇത്തരം ആശയപ്രചാരണമാധ്യമങ്ങളിലൂടെയാണ്. എല്ലാവരും പത്രങ്ങളും പുസ്തകങ്ങളും വായിക്കുകയല്ല, വായന പലതരം രീതിയിൽ സംഭവിക്കുകയാണ്. അക്കാലത്തെ നാടകങ്ങൾ, കഥാപ്രസംഗങ്ങൾ, സിനിമകൾ എല്ലാം ജനം കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ അവരുടെ മനസ്സിൽ ഒരു വായന സ്വാഭാവികമായി സംഭവിക്കുകയാണ്. ആ വായനയുടെ മനഃപരിപവർത്തനമാണ് ഇന്നത്തെ മലയാളിയെ രൂപപ്പെടുത്തിയത്.
ഏതുകാലത്തും സാഹിത്യത്തിന്റെയും ഭാവുകത്വത്തിന്റെയും ഗതികൾ പലവഴി സഞ്ചരിച്ചിട്ടുണ്ട്. കാല്പനികമായ ഒരു ഭാവുകത്വം പൂർണ്ണമായും ശരിയല്ല എന്ന നിലപാട് ഒരു കാലത്തും ഉണ്ടായിരുന്നില്ല. ഒന്നിനെ ബ്രേക്ക് ചെയ്യുന്ന മറ്റൊന്ന് ഭാഷയിലും സാഹിത്യത്തിലും സംഭവിക്കുന്നു. മലയാളത്തിലെ ഇന്നത്തെ ഭാവുകത്വ വ്യതിയാനത്തിന് കേരളത്തിലെ ഇടതുപക്ഷങ്ങൾ വഹിച്ച പങ്ക് വിമർശിക്കപ്പെടേണ്ടതാണ് എന്ന് അഭിപ്രായമുണ്ട്.
ജനങ്ങളുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന കൃതികൾ എന്ന് പറഞ്ഞ സാഹിത്യകൃതികളെല്ലാം വായനക്കാർ തള്ളിക്കളഞ്ഞു. അന്ന് അവർ എതിർത്ത സാഹിത്യകൃതികൾ ഇന്നും നിലനിൽക്കുന്നു. ഭാഷയിൽ ഓരോ കാലത്തും സംഭവിക്കുന്ന മാറ്റങ്ങൾ വികസനവമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന പുതിയൊരു ലോകക്രമത്തിന്റെ ഫലമായി സംഭവിക്കുന്നതാണ്.
നമ്മുടെ സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും അഭിരുചികളെയും മാറ്റിമറിക്കുന്ന വലിയ കൊടുങ്കാറ്റുകൾ ഭാഷയിലുണ്ടായിട്ടുണ്ട്. അങ്ങനെ വന്നതാണ് ആധുനികത. സത്യത്തിൽ ആധുനികത മലയാളത്തിൽ കാലംതെറ്റി വന്നതാണ്. നമ്മുടെ ഭാഷാസാഹിത്യത്തിന്റെ സ്വാഭാവികപ്രക്രിയയായിട്ടല്ല അതു സംഭവിച്ചത്.
നമ്മുടെ മിത്തുകളിലും നാട്ടുമൊഴികളിലും ഇതിഹാസ കഥകളിലൂടെയും ആവിഷ്‌കരിക്കപ്പെട്ട സാഹിത്യരൂപങ്ങളുടെ സ്വാഭാവികവളർച്ചയെ ആധുനികത തടസ്സപ്പെടുത്തി. അതിന് ഒരു കാരണം ഇടതുപക്ഷത്തിന്റെ സൗന്ദര്യശാസ്ത്ര സങ്കല്പങ്ങൾ, വൈരുദ്ധ്യാത്മക പ്രത്യയശാസ്ത്രത്തിന്റെ മാനദണ്ഡം വെച്ച് വിലയിരുത്തി എന്നതാണ്. വരേണ്യത സാഹിത്യത്തിൽമാത്രമല്ല നമ്മുടെ സമൂഹശരീരത്തിൽ ഒന്നാകെ പടർന്നുകിടക്കുന്നതാണ്. സമൂഹശരീരത്തിൽ നിന്ന് അത് മാറാത്തതിനു കാരണം ജാതിവ്യവസ്ഥയാണ്.
മലയാളി സ്വന്തം വീടും ദേശവും ഭാഷയും വിട്ട് സഞ്ചരിക്കപ്പെടാൻ തുടങ്ങിയതോടെയാണ് സാഹിത്യത്തിൽ മാറ്റമുണ്ടാകുന്നത്. പ്രവാസജീവിതത്തേക്കാൾ മറ്റു ഭാഷകളിൽ നിന്നുള്ള, ദേശങ്ങളിൽ നിന്നുള്ള കൃതികൾ നമ്മുടെ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നതോടെയാണ് നമ്മുടെ സാഹിത്യത്തിന് വിസ്തൃതിയും വികാസവും സംഭവിക്കുന്നത്. മറ്റു ജീവിതങ്ങളെ തൊട്ടറിയാനും താരതമ്യം ചെയ്യാനും പഠിച്ചു. ഇത് ഓരോ ജനറേഷനിലും സംഭവിച്ചിട്ടുണ്ട്. എഴുത്തച്ഛന്റെ രാമായണം മുതൽ നാലപ്പാടന്റെ പാവങ്ങൾ മുതൽ ഈ തുടർച്ച സംഭവിച്ചുപോരുന്നു. നാം ഇന്നറിയുന്ന ആഗോളസാഹിത്യമെന്നത് ഓരോ പ്രാദേശിക ഭാഷകളിലേയും സാഹിത്യവും സംസ്‌കാരവുമാണ്. ഗ്ലോബൽ സാഹിത്യമെന്നത് ഇന്നു നാം വായിക്കുന്ന സോഷ്യൽമീഡിയ സാഹിത്യമാണ്.
പവിത്രത
നഷ്ടമാകുന്ന
പുസ്തകങ്ങൾ
പലതരം വിപണിതന്ത്രങ്ങളിലൂടെയാണ് വായനയെ ആഘോഷമാക്കി മാറ്റുന്നത്. അത് ഒരു വ്യാവസായിക സ്ഥാപനങ്ങളുടെ ഉല്പന്നങ്ങൾ വിറ്റഴിക്കാൻ ചെയ്യുന്ന കച്ചവടം മാത്രമാണ്. വിപണിയെ പ്രലോഭിപ്പിക്കുക എന്നതാണ് ആ തന്ത്രം. ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന പുസ്തകങ്ങൾ ഏറ്റവും മികച്ച കൃതിയാകണമെന്നില്ല. ഇതുകൊണ്ട് ഒരു മൂല്യശോഷണവും സമൂഹത്തിൽ സംഭവിക്കുന്നില്ല. പുസ്തകമെന്നത് പവിത്രമായ എന്തോ ആണെന്നും അത് ചന്തയിൽ വിറ്റഴിക്കാനുള്ളതല്ലെന്നുമുള്ള യാഥാസ്ഥിതിക നിലപാട് ഇന്ന് മാറിയിട്ടുണ്ട്.
പുസ്തകവിപണിയെപ്പറ്റി പറയുമ്പോൾ ആദ്യം നമ്മുടെ പത്രമാധ്യമങ്ങളെപ്പറ്റിയാണ് പറയേണ്ടത്. മലയാളിയെപ്പോലെ അരിച്ചുപെറുക്കി പത്രം തിന്നുന്ന വായനക്കാർ ലോകത്ത് ഒരിടത്തും ഉണ്ടാകാൻ സാധ്യതയില്ല. ചായക്കടകളിലും വായനശാലകളിലും തുടങ്ങി പത്രത്തിന്റെ അന്നത്തെ തലക്കെട്ടുകൾ, രാഷ്ട്രീയവിഷയങ്ങൾ സംവാദമാക്കിയ ഒരു തലമുറയാണ് ഇന്ന് കേരളത്തിന്റെ സാംസ്‌കാരിക-അധികാരസ്ഥാനങ്ങളിലിരിക്കുന്നത്.
മനുഷ്യന്റെ ആശയവിനിമയത്തിന്റെ ഒരു ഉപാധിയെന്ന നിലയിലാണ് ഇവ രൂപപ്പെട്ടതും വലിയൊരു വിപണിയായി വളർന്നതും. വിവിധ ഘട്ടങ്ങളിലായി നാം നേടിയ ഭാഷാജ്ഞാനം, ലിപിയുടെ കണ്ടെത്തൽ, അച്ചടി ഇവയാണ് ഇതിന്റെ അനന്തസാധ്യതയെ തുറന്നുതന്നത്.
ലിറ്റററി ഫെസ്റ്റിവലുകൾ ഒരർത്ഥത്തിൽ പുസ്തകവിപണിക്ക് ഉണർവുണ്ടാക്കുകയാണ് ചെയ്യുന്നത്. അവിടെ മറ്റൊരു സാംസ്‌കാരിക വിനിമയവും സംഭവിക്കുന്നില്ലെങ്കിലും ഉല്പന്നത്തിന്റെയും ഉല്പാദകരുടെയും വിപണിമൂല്യം വർദ്ധിക്കുന്നുണ്ട്. ഇത് ചെറിയ കാര്യമല്ല. ഇവിടെയാണ്, ആദ്യം പറഞ്ഞ എഴുത്തുകാരന്റെ കത്തിലെ ദയനീയത ഓർക്കേണ്ടത്. ആയിരക്കണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന ഈ മേഖലയെക്കുറിച്ച് സർക്കാരിന് ഉത്തരവാദിത്തമില്ലാത്തതെന്ത്?
കൊമേഴ്‌സ്യലൈസേഷൻ എന്നത് ഏതു രംഗത്തുമുണ്ട്. പ്യൂരിറ്റേറിയൻ അവസ്ഥ- അങ്ങനെയൊന്ന് ഇന്നത്തെ മാർക്കറ്റിലില്ല. എല്ലാം ഈ കടലിന്നുള്ളിലാണ്. ആത്മീയതയും ദൈവങ്ങളും രാഷ്ട്രീയവും പാരമ്പര്യവും മൂല്യങ്ങളും എല്ലാം ഇതിനകത്താണ്. ഏതു വലിയ തിമിംഗലങ്ങൾക്കും വിഴുങ്ങാൻ പാകത്തിൽ അത് വായ തുറന്നിരിക്കുകയാണ്. ഇവിടെ നിന്നുള്ള മോചനമെന്നത് അസാധ്യമായ ഒന്നാണ്. ഇതു ഭൂമിയുടെതന്നെ ചാക്രികതയിൽ സംഭവിക്കുന്ന മാറ്റങ്ങളാണ്. ഈ ഭൂമിയും വിഭവങ്ങളും അനന്തകോടി വർഷങ്ങളോളം നിലനിൽക്കുമെന്ന പ്രതീക്ഷതന്നെ അസ്ഥാനത്താണ്.
നമ്മുടെ വിദ്യാർത്ഥികളാണ്- പ്രത്യേകിച്ച് സ്‌കൂൾ വിദ്യാർത്ഥികൾ- ഓർഗാനിക്കായി ചിന്തിക്കുന്നത്. ഒരു തരത്തിലുള്ള സമ്മർദ്ദവും അവരെ ബാധിക്കുന്നില്ല. എഴുതി കുന്നുകൂട്ടിയിട്ടിരിക്കുന്ന പുസ്തകങ്ങളുമായി അവർക്ക് വിനിമയം സാധ്യമല്ല. അവരുടെ ഭാഷ വേറെയാണ്. ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിലെ അധ്യാപകനും കവിയുമായ ടി.പി. വിനോദ് എന്ന സുഹൃത്തിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് പുതിയ കാലത്തെ അഭിരുചികളെയും കുട്ടികളുടെ ഭാഷയേയും സംബന്ധിച്ച് ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല എന്നു ചൂണ്ടിക്കാട്ടുന്നതാണ്.
ആ പോസ്റ്റിന്റെ സാരമിതാണ്: നാലാം ക്ലാസിൽ പഠിക്കുന്ന തന്റെ ഒൻപത് വയസ്സുള്ള മകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാളം സിനിമകൾ പ്രേമലു, ആവേശം എന്നിവയാണ്. മകളുടെ നിർബ്ബന്ധത്തിനു വഴങ്ങി മോളെ തിയേറ്ററിൽ കൊണ്ടുപോയി സിനിമ കാണിക്കുന്നു. തിയേറ്ററിൽ പോയി സിനിമ കണ്ടതിനുശേഷം അഞ്ചുതവണയെങ്കിലും ഈ സിനിമകൾ അവൾ ഒ.ടി.ടിയിൽ കണ്ടിട്ടുണ്ട്. ഓരോ സിനിമയുടെയും ദൃശ്യ- ശ്രാവ്യ വിശദാംശങ്ങൾ മോൾക്ക് മനഃപാഠമാണ്. ഇനിയും എത്ര തവണ കണ്ടാലും അവൾക്ക് ഈ സിനിമ മടുക്കുമെന്ന് തോന്നുന്നില്ല. ഞാനടക്കമുള്ള തന്തവൈബുകാർക്ക് ഒരുതരത്തിലും പിടിതരാത്ത വിധത്തിൽ ഭാവുകത്വം മാറിയതിന്റെ പലവിധ തെളിവുകളിൽ ഒന്നാണിത് എന്ന് വിനോദ് തുടരുന്നു.
രണ്ടുദിവസം മുമ്പ് ആമസോൺ പ്രൈമിൽ 'ആവേശം' സിനിമ വീണ്ടുമവൾ കാണുന്നു. കാണുന്നതിനിടയിൽ പോസ് ചെയ്ത് ഒരു ഡീറ്റെയിൽസ് കാണിച്ചുതരുന്നു. പിള്ളേരെ അടിക്കാനും പിടിച്ചുകൊണ്ടുപോകാനുമായി സീനിയർ തെമ്മാടികൾ പിജിയിലെത്തുമ്പോഴുള്ള രംഗമാണ്. ജൂനിയേഴ്‌സിലെ ശാന്തൻ എന്ന കഥാപാത്രം സീനിയേഴ്‌സിനെ ദയനീയമായി നോക്കി തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് ഉരസി എന്തോ ആംഗ്യം കാണിക്കുന്നു. ഒന്നോ രണ്ടോ സെക്കന്റ് മാത്രമാണ് ആംഗ്യം സ്‌ക്രീനിലുള്ളത്. അതുകണ്ട് മോൾ ചിരിയോടു ചിരി. വീഡിയോ പോസ് ചെയ്തിട്ട് തമാശ മനസ്സിലായോ എന്ന് മോൾ ചോദിക്കുന്നു. എനിക്ക് യാതൊന്നും പിടികിട്ടിയില്ല. അക്കണ്ടത് Finger Hearts എന്ന ആംഗ്യമാണെന്നും അത് കൊറിയൻ സംഗീതട്രൂപ്പായ ബി ടി എസ് വഴി പ്രശസ്തമായ ഒന്നാണെന്നും അവൾ പറയുമ്പോഴാണ് ഞാനറിയുന്നത്. സ്‌നേഹവും സൗഹാർദ്ദവും പ്രകടിപ്പിക്കാനാണ് വിരലുകൾ തമ്മിലുരസിക്കൊണ്ടുള്ള ഈ ഹൃദയചിഹ്നം. അടിക്കാൻ വരുന്നവരോട് ഈ ചിഹ്നം പ്രയോഗിച്ചതിലുള്ള തമാശയാണ് കുഞ്ഞിനെ ചിരിപ്പിക്കുന്നത്.
ഇതാണ് പുതിയ കുട്ടികളുടെ ദൃശ്യസാക്ഷരത. ഇന്നത്തെ സിനിമകൾ പോലെ തന്നെ നമ്മുടെ സാഹിത്യവും മാറിയിരിക്കുന്നു. സാഹിത്യഭാഷയെന്നത് പുതിയ കാലത്തിന്റെ കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് രൂപപ്പെട്ടു വരുന്ന, അവർക്ക് പരിചിതമായ ഒരു ഭാഷയാണ്. കൂമൻകാവിൽ ബസ് വരാൻ കാത്തുകിടക്കുന്ന രവിയെ നോക്കി, ഇയാൾക്കെന്താ ബസ് കിട്ടാത്തതെന്ന് പുതിയ കുട്ടികൾ ചോദിക്കും. അവർ ആരെയും കാത്തുനില്ക്കുകയില്ല. ഭാവുകത്വത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് അവർ പറക്കുകയാണ്.
ആ പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ്, വിധേയൻ എന്ന സിനിമയിൽ പട്ടേലരുടെ അടികൊണ്ട തൊമ്മി കിടന്നിടത്തുതന്നെ കിടക്കുമ്പോൾ ആകാശത്ത് പക്ഷികൾ പറക്കുന്നത് കാണിക്കുകയാണ്. ഇതുകാണുമ്പോൾ യേശുക്രിസ്തുവിനെ ഓർമ്മവരണമെന്നാണ് തന്റെ ആഗ്രഹമെന്ന് അടൂർ ഗോപാലകൃഷ്ണൻ വിധേയനുമായി ബന്ധപ്പെട്ട വിവാദസമയത്ത് പറയുകയുണ്ടായി. അന്നത്തെ ബുദ്ധിജീവി സിനികളിൽ കണ്ടിരുന്ന ഇത്തരം സംഭവങ്ങൾ ഇപ്പോഴത്തെ മാസ് സിനിമകളിൽ ഈസിയായി വർക്കാവുന്നുണ്ട്. ഇത് ഇപ്പോഴത്തെയോ പണ്ടത്തെയോ സിലബസുകളെക്കുറിച്ചല്ല എന്ന് വിശ്വസിക്കാനാണ് താല്പര്യമെന്ന് പറഞ്ഞുനിർത്തുന്നു.
ഇതിനൊരു അനുബന്ധം കൂടിയുണ്ട്.
അന്ന് വിവാദസമയത്ത് വിധേയൻ സിനിമയെക്കുറിച്ച് സംവിധായകൻ ഫാസിൽ പറഞ്ഞത്, എനിക്കിത് മനസ്സിലായില്ല, എന്റെ മകൻ ഇരുന്നു കാണുന്നുണ്ട് എന്നാണ്. അന്നുകണ്ട ആ മകൻ തന്നെയാണ് ആവേശം സിനിമയിലെ നായകൻ ഫഹദ് ഫാസിൽ.
തലമുറകളിൽ സംഭവിക്കുന്ന ഈ ഭാവുകത്വ വ്യതിയാനത്തെ മനസ്സിലാക്കാതെ വായന മരിച്ചു, പുസ്തകം മരിച്ചു എന്നു പറഞ്ഞ് വിലപിക്കുന്നതിൽ അർത്ഥമില്ല.