ഒന്ന്
ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് സ്കൂൾ അടച്ചാൽ കുട്ടികളേയും കൊണ്ട് അവർ ദൂരെയുള്ള അമ്മയുടെ വീട്ടിലേക്ക് യാത്ര പോകും. കുട്ടികളെ നോക്കി അമ്മമ്മയും ശുപ്പുരുവും കാത്തിരിപ്പുണ്ടാവും. മലയും അതിൽ നിന്നൊഴുകിവരുന്ന വെള്ളത്തിൽ തെന്നിപ്പാറുന്ന പരലുകളും കാലമർത്തിയാൽ അമങ്ങുന്ന പാടങ്ങളും പഴത്തൊലി / ചക്കമടൽ കൊടുത്താൽ നക്കുന്ന പശുക്കളും അവരെ ഓർത്തെടുക്കും.
ക്രിസ്തുമസിന്റെ ജോലിത്തിരക്കുള്ളതിനാൽ അമ്മയേയും കുട്ടികളേയും അവിടെയാക്കി അച്ഛൻ തനിയെ വീട്ടിലേക്ക് തിരികെ പോകാൻ തയ്യാറായി. അമ്മയോരോന്ന് അച്ഛനെ പറഞ്ഞ് ഏൽപ്പിക്കുകയാണ്. പാലിന്റെ കുപ്പി ഇവിടെ വെക്കണം, റവ മൂന്നാം തട്ടിലിരിപ്പുണ്ട്, കുരുമുളക് വെയിലത്തിടണം, ലില്ല്യേച്ചിക്ക് ഒരു ഗ്ലാസ് പഞ്ചസാര കൊടുക്കാനുണ്ട്. അച്ഛനെല്ലാം തലകുലുക്കി സമ്മതിച്ചു. അമ്മയില്ലാതെ അച്ഛനെങ്ങനെ ഭക്ഷണം കഴിക്കും, എങ്ങനെ ജീവിക്കും എന്ന് ഓർത്തുനിൽക്കെ, അതാ പാലം കടന്ന് അച്ഛൻ കാഴ്ച്ചയിൽ നിന്ന് മറയുന്നു. ഏറ്റവുമിളയ കുട്ടി അതും നോക്കി കരഞ്ഞു. സാധാരണ പോലെ അത് തനിയെ ശമിച്ചില്ല. കരച്ചിൽ മാറ്റാൻ അണ്ണാനും കിളികളും മനുഷ്യരും വന്നു. ശുപ്പുരു കടലാസുകൊണ്ട് പല രൂപങ്ങളുണ്ടാക്കി കൊടുത്തു, സിനിമയിലെ രംഗങ്ങളനുകരിച്ചു ചിരിപ്പിക്കാൻ നോക്കി. എന്നിട്ടും എന്താണാ സങ്കടമെന്ന് പറയാനാകാതെ ആ കുട്ടി കരച്ചിൽ തുടർന്നു. അങ്ങാടിയിലെ വർണ്ണങ്ങളിൽ കൊണ്ടുപോയി പന്തും സാന്റായുടെ മുഖംമൂടികളും വാങ്ങിക്കൊടുത്തപ്പോൾ ആ മുഖത്തിന്റെ വീർപ്പ് കുറഞ്ഞു. അന്ന് കവിൾ തെളിഞ്ഞതിനു കാരണമായി വാങ്ങിയ പുതിയ ചെരിപ്പ് ആ കുട്ടിക്ക് പാകമായില്ല. വളരുന്ന കുട്ടികൾക്ക് പാകമായതൊന്നും ലഭിക്കാത്ത കാലം. ചെന്നപ്പോൾ അമ്മ കുട്ടിയുടെ തലമുടി ചീകിയൊതുക്കി പതിപ്പിച്ചു.

“നന്നായി, കുറച്ചധികകാലം ഇടാലോ”
അങ്ങനെത്തന്നെ കരുതിയിട്ടാവണം *നസ്സെർ അലിഖാൻ തന്റെ മകൾക്കും വലിപ്പം കൂടിയ ചെരിപ്പ് വാങ്ങി നൽകിയിരിക്കുക. തന്റെ ഭാര്യ ചെയ്യുന്നത് കണ്ടാണ് അയാൾ രണ്ടു സൈസ് കൂടിയ ചെരിപ്പ് മകൾക്കായി വാങ്ങുന്നത്. എന്നാൽ ഭാര്യ അയാളെ വഴക്ക് പറയുന്നു. ഷൂസിൽ പാഡ് വെച്ച് അഡ്ജസ്റ്റ് ചെയ്യാം, എന്നാൽ ചെരിപ്പെങ്ങനെ? നാളുകൾ കഴിഞ്ഞ് നസ്സെർ അലിഖാൻ മരിക്കാൻ തീരുമാനിക്കുന്ന സമയം കുറച്ചു കൂടി വളർന്ന മകളെ അടുത്തു വിളിച്ച് ചോദിക്കുന്നുണ്ട്; “ആ പിങ്ക് ചെരിപ്പ് ഇട്ടോ?”
“നവംബറിൽ അതിടാൻ പാടില്ലെന്ന് അമ്മ പറഞ്ഞു”.
“സമ്മറിലിടാമല്ലോ?”
“അപ്പോഴേക്കുമെന്റെ കാല് വലുതാകും”.
പേർഷ്യൻ സംഗീതോപകരണമായ ടാർ മുഴക്കുന്നതിൽ വളരെ വിദഗ്ദനാണ് നസ്സെർ അലി. കുട്ടികളെ നോക്കുന്നില്ല, ജോലിക്ക് പോകുന്നില്ല, വീട്ടുകാര്യം ശ്രദ്ധിക്കുന്നില്ല എന്നിങ്ങനെയുള്ള പല കാരണങ്ങളാൽ തമ്മിൽ ഉരസാറുണ്ടെങ്കിലും ഇളയ മകനെ ഡോക്ടറെ കാണിക്കാൻ മറന്നത് കാരണം ഭാര്യ ഫരിങ്കീസ് അന്ന് കലി തുള്ളി.
“ഇതിനി ഇവിടെ നടപ്പില്ല. എല്ലാം ഞാൻ തന്നെ നോക്കണമെന്ന് വെച്ചാ. അലക്കണം, ഇസ്തിരിയിടണം. വീട് ക്ലീൻ ചെയ്യണം, ഇതിനൊക്കെ പുറമേ ജോലിക്കും ഞാൻ തന്നെ പോണം. ദൈവത്തെയോർത്ത് പറയുവാ. കുടുംബം നോക്കേണ്ടത് ആണുങ്ങളാ. പക്ഷെ പണിയെടുത്താ ഇവിടൊരാളുടെ കയ്യിലെ വള ഊരിപ്പോകുമല്ലോ”.
“നീയൊരു സംഗീതജ്ഞനെയാ കല്യാണം കഴിച്ചത്, കൂലിക്കാരനെയല്ല”.
“നിങ്ങളെ കെട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്”.
ഇത്രയും പറഞ്ഞ് ഭാര്യ ടാർ വാങ്ങി തല്ലിപ്പൊട്ടിക്കുന്നു. അലിയുടെ ഗുരു നൽകിയ ടാർ ആയിരുന്നത്. അത്രയും മധുരതരമായ സംഗീതം പിന്നൊരു ടാർ ഉപകരണത്തിൽ നിന്നും ലഭിക്കാതെ വന്നതോടെ അലി മരിക്കാൻ തീരുമാനിക്കുന്നു. അതിനു മറ്റൊരു കാരണം കൂടിയുണ്ട്.
പഠനക്കാലത്താണ് അയാൾ കവിതയെഴുതി തുടങ്ങിയത്. കവിത മനസ്സിലാകുന്ന ആ നിമിഷം, അതിന്റെ സൗന്ദര്യത്തെ പിടികിട്ടുന്ന ഉള്ളിടി. സൈക്കിൾ ചവിട്ട് പഠിച്ച കുട്ടിയെപ്പോലെ സൈക്കിളും കൊണ്ട് അയാൾ അക്ഷരങ്ങളിൽ തേരാ പാരാ പാഞ്ഞു.
എല്ലായ്പ്പോഴും സംഗീതോപകരണം മുഴക്കുന്ന അലിയെ അമ്മയുടെ മുടി ചീകലേറ്റയാൾക്ക് പരിചയമുണ്ട്. പഠനക്കാലത്താണ് അയാൾ കവിതയെഴുതി തുടങ്ങിയത്. കവിത മനസ്സിലാകുന്ന ആ നിമിഷം, അതിന്റെ സൗന്ദര്യത്തെ പിടികിട്ടുന്ന ഉള്ളിടി. സൈക്കിൾ ചവിട്ട് പഠിച്ച കുട്ടിയെപ്പോലെ സൈക്കിളും കൊണ്ട് അയാൾ അക്ഷരങ്ങളിൽ തേരാ പാരാ പാഞ്ഞു. പല കവിതകളിലും കഥകളിലും സൗന്ദര്യം തിരഞ്ഞു. തേടൽ പതിയെ കവിതകളിൽ നിന്ന് ജീവിതത്തിലേക്ക് മാറി. മരങ്ങളിൽനിന്നും ബഞ്ചീ ജമ്പ് ചെയ്യുന്ന പുഴുക്കളെ നോക്കി നിന്നു. സുവർണ്ണരശ്മിയിൽ പൊടിപടലങ്ങളുടെ ബാലെ കണ്ടു. പുഴയ്ക്ക് മുകളിലൂടെ പായും പക്ഷികളുടെ ഇരുണ്ട പ്രതിബിംബം നോക്കിനിന്നു. കവിത മൂലം മറ്റൊന്നും ചെയ്യാനാകാത്ത അവസ്ഥ. ജീവിതത്തിൽ കവിത തിരഞ്ഞുകൊണ്ടിരുന്ന ആ ഉന്മാദത്തിന് നസ്സെർ അലിയെ മനസ്സിലാകും. രോഗിയായ അമ്മയ്ക്കായി രാപ്പകലില്ലാതെ ടാർ മീട്ടിയത് മനസ്സിലാകും. അയാളുടെ പരാജയപ്പെട്ട ദാമ്പത്യത്തെ മനസ്സിലാവും. പങ്കാളിയുടെ ജൽപ്പനങ്ങളെ, ജീവിതം ഒറ്റയ്ക്ക് താങ്ങേണ്ടിവരുന്ന അവരുടെ ഗതികേടിനെ മനസ്സിലാവും. ഏക ആശ്രയമായിരുന്ന സംഗീതത്തെ ഇല്ലാതാക്കിയപ്പോൾ കതകടച്ച് മരണത്തെ കാത്ത നസ്സെർ അലിയുടെ അവസാന എട്ടു ദിനങ്ങളെ അനുഭവിക്കാനുമാകും.
വിഷാദത്തിന്റെ അമ്ലം നിറച്ച പുളിയനുറുമ്പുകൾ
തലച്ചോറിന്റെ മടക്കുകളിൽ കൂടുകൂട്ടിയിരിക്കുന്നു.
പൂർണ്ണമായും പുരുഷനല്ലാത്ത, പൂർണ്ണമായും സ്ത്രീയല്ലാത്ത എഴുത്തു ദിനങ്ങളിലിരുന്ന് എഴുത്താൾ, ബാൽക്കണിയിൽ ഉണക്കാനായി വിരിച്ചിട്ടപ്പോൾ വസ്ത്രങ്ങൾക്കിടയിൽ വന്നു പറ്റിയ പ്രാവിന്റെ പൂടകൾ കുടയുന്നു. അയാളുടെ അമ്മയുടെ ശവക്കല്ലറക്ക് മുകളിൽ നിന്ന പൂടകളുടെ മേഘം അയാൾക്കായി സംഗീതമായി ധ്വനിക്കുമോ?
രണ്ട്
തൊട്ടുമുൻപ് വായിച്ച **നോവലിൽ, എത്ര ഫ്ലഷ് ചെയ്തിട്ടും പോകാതെ നിൽക്കുന്ന രണ്ട് സൂര്യകാന്തി വിത്തുകളെപ്പറ്റി വിവരിക്കുന്നുണ്ട്. വായനക്കാരനത് സ്വന്തം ടോയ്ലറ്റിൽ കണ്ടെത്തിയത് അയാളെ സംശയാലുവാക്കി. അയാളതിൽ നിന്ന് വിടുതൽ നേടാൻ പല രീതിയിൽ ശ്രമിക്കുന്നു. ഒരുവേള തന്റെ പൂച്ച കൊണ്ടിട്ടതാകുമോ ഈ രണ്ട് വിത്തുകളെന്ന് ഓർത്ത് അയാൾക്ക് പൂച്ചയോട് ഈർഷ്യ തോന്നുന്നുണ്ട്. അതിരാവിലെകളിലൊന്നിൽ തന്റെ ദേഹത്ത് അണയാനായി വരുന്ന പൂച്ചയെ അയാൾ അകറ്റിനിർത്തുന്നു. രണ്ട് വിത്തുകളിൽ ഇതെന്തിരിക്കുന്നെന്ന് അയാൾ സ്വയം ചോദിക്കും. എന്നാൽ ആ വിത്തുകൾ അയാളെ പൂർവ്വ കാമുകിയെ ഓർമിപ്പിക്കുന്നുണ്ട്. അതയാൾക്ക് പ്രത്യക്ഷത്തിൽ അറിയില്ലെങ്കിലും വിത്തുകളോട് എന്തോ ഒരു അസഹിഷ്ണുത അയാൾ സ്വകാര്യമായി സൂക്ഷിക്കുന്നുണ്ട്. ഉറക്കത്തിൽ സൂര്യകാന്തിപ്പൂക്കളെ സ്വപ്നം കണ്ടെഴുന്നേറ്റ് കയ്യിൽ ഉറയൊന്നുമിടാതെ അയാൾ ക്ലോസറ്റിൽ കയ്യിടുന്നു. എന്നാൽ അവ മീനുകളെപ്പോഴെ വഴുതിമാറുന്നു. ജീവനുള്ള വിത്തുകൾ. മതിഭ്രമമെന്ന് കരുതി കണ്ണുകൾ പലവട്ടം കഴുകുന്നുണ്ട്. ഒടുവിൽ നിരാശയോടെ ഫ്ലഷ് ചെയ്യാൻ കഴിയാത്ത ആ രണ്ട് സൂര്യകാന്തി വിത്തുകളുമായി ജീവിക്കുവാൻ അയാൾ തീരുമാനിക്കുന്നു. തന്റെ വിരസമായ ജീവിതത്തിലേക്ക് ഈ വിത്തുകൾ കൊണ്ടുവന്ന ചടുലതയെക്കുറിച്ച് ഓർത്ത് അത്ഭുതപ്പെട്ടാണ് ഉറക്കത്തിലേക്കയാൾ തിരികെപോകുന്നത്.

സൂര്യകാന്തി വിത്തുകളെക്കുറിച്ച് മിറിയത്തോട് അയാൾ പറഞ്ഞു. മിറിയം ഇറാൻകാരിയാണ്. വീട്ടിൽ ഒരുപാട് ഗുസ്തി പിടിച്ചിട്ടാണ് സ്വന്തം രാജ്യം വിട്ട് മറ്റൊരിടത്ത് വന്നിട്ടുള്ളത്. കോവിഡ് കാലത്ത് വാക്സിനെതിരായിരുന്നു അവർ. മതിയായ തെളിവുകളില്ലാതെ ഇതിൽ തലവെക്കരുതെന്ന് കാണുന്നവരെയെല്ലാം ഉപദേശിക്കും. പക്ഷേ നാട്ടിലുള്ള അവരുടെ മൂത്ത സഹോദരിക്കും ഭർത്താവിനും കോവിഡ് വന്നു. ഭർത്താവ് മരിച്ചു പോയതോടെ സഹോദരിയുടെ നിർബന്ധത്തിനു വഴങ്ങി മിറിയം വാക്സിൻ എടുത്തു. അതീവ ദുഃഖിതയായി നാട്ടിൽ കഴിയുന്ന സഹോദരിയേയും കുട്ടിയേയും തന്റെ അടുക്കലിലേക്ക് കൊണ്ടുവരാൻ അവൾ കഴിവതും പരിശ്രമിച്ചു. തടസ്സമായി നിന്നത് സഹോദരിയുടെ ഭർതൃവീട്ടുകാരാണ്. അവരുടെ സമ്മതപത്രമില്ലാതെ രാജ്യം വിടാൻ കഴിയില്ല. ഇറാൻ റെജിമിനെ കുറിച്ചും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും അവർ മിക്കപ്പോഴും സംസാരിക്കും. അങ്ങനൊരു ദിനത്തിലാണ് അയാൾ അവൾക്ക് വിത്തുകൾ കാണിച്ചുകൊടുക്കുന്നത്. അത്ഭുതം! മിറിയത്തിനത് കാണാൻ സാധിക്കുന്നില്ല. അടുത്ത വട്ടം കോഫീഷോപ്പിൽ വെച്ച് കണ്ടപ്പോൾ വാക്സിൻ എടുത്ത ശേഷം കണ്ണുകളിലൊന്ന് ചെറുതായിപ്പോയത് അവർ അയാൾക്ക് കാണിച്ചുകൊടുത്തു.
“ശരിയാണോ”
“അതെ”
“നിന്റെ വിത്തുകൾ എന്റെ കണ്ണുകൾ പോലെ വെവ്വേറെ ആകൃതിയിലാണോ?”
അവർ ഒരുമിച്ച് ചിരിച്ചു.
“നമുക്കാ സൂര്യകാന്തിപ്പൂവിത്തുകൾ കളയണ്ടേ?”
“വേണം”
അവൾ ബാഗിൽ നിന്നുമൊരു പുസ്തകം അയാൾക്ക് സമ്മാനിച്ചു. ഒരു ഇറാനിയൻ എഴുത്തുകാരിയുടേത്. തിരികെ പോകാനായി നടക്കുന്ന സമയം തെരുവിനോരത്ത് ഇറാനിലെ വിദ്യാർത്ഥി വിപ്ലവത്തിൽ ബലിയാടായവർക്കും ജയിലിലടച്ചവർക്കുമായി നടത്തുന്ന പിരിവിൽ ഏതാനും ചില്ലറ നാണയങ്ങൾ മിറിയം കൊട്ടി. തെരുവിന്റെ ചിലങ്ക കിലുങ്ങി.
മൂന്ന്
തെരുവിന്റെ ചിലങ്കയേതെന്ന് അയാൾക്ക് സംശയം തോന്നി. മാൻഹോളിലൂടെ വണ്ടികൾ കയറിയിറങ്ങുമ്പോഴുള്ള ശബ്ദമാണതെന്ന് അഭിപ്രായമുള്ളൊരാൾ ഉണ്ട്. അയാളുടെ ***പുസ്തകം തുടങ്ങുന്നത് “ശ്രദ്ധിച്ചാൽ കേൾക്കാം നഗരത്തിന്റെ പാട്ട്” എന്നും പറഞ്ഞിട്ടാണ്. അതിൽ വായിക്കുന്നവർക്ക് എതിരഭിപ്രായമുണ്ടായിരുന്നു. സംഗീതമെന്നല്ലേ ചേരുക. പാട്ടിൽ സ്വരമെവിടെ? എയർകണ്ടീഷന്റെ മൂളക്കം, എഞ്ചിനുകളുടെ ഇരമ്പം ചുറ്റികകളുടെ താളം, കാർ ഡോറുകളുടെ അടയ്ക്കൽ എന്നിങ്ങനെ പലതുകളുടെ ****ശബ്ദമഹാസമുദ്രം. ഒച്ചകൾക്ക് ശേഷം പെട്ടെന്നുള്ളൊരു നിശ്ശബ്ദതയെപ്പറ്റിയാണ് അടുത്ത പേജ്.
“അപൂർവവും പവിത്രവുമായ, വൈകിയുറങ്ങുന്നവർക്കും പുലർ പക്ഷികൾക്കും ഇടയിലുള്ള നിർജ്ജീവമായ സമയത്ത്, നിശ്ശബ്ദതയുടെ ഒരു അത്ഭുതം” .

നിശ്ശബ്ദതയെ ഹൃദയമിടിപ്പുകൾക്കിടയിലെ ഇടർച്ചയായും മറ്റു പലതുകളുമായും എഴുത്തുകാരൻ വിവരിക്കുന്നു.
തെരുവിൽനിന്ന് മിറിയം നടന്നകലുന്നത് അയാൾ നോക്കിനിന്നു. അധികം ദൂരെയെത്തുന്നതിനു മുൻപ് അവൾ വിളിച്ചു പറഞ്ഞു; “വിത്തുകൾ കിട്ടിയാൽ വിടണ്ട, കൊണ്ട് കുഴിച്ചിട്”.
റോഡിലുള്ളവർ ട്രാഫിക്ക് സിഗ്നൽ നോക്കി നിൽക്കുന്നു. ഓറഞ്ചാവുന്നുണ്ടോ പച്ചയാകുന്നുണ്ടോ? പെട്ടെന്ന് ആകാശം ഓറഞ്ചിൽ നിന്ന് ചുവപ്പിലേക്ക് നിറം മാറി. പക്ഷികൾക്കിടയിൽ ട്രാഫിക്ക് ബ്ലോക്കുണ്ടായി.
“എല്ലാവരും അവിടുണ്ടായിരുന്നു. ജനിച്ചവരും മരിച്ചവരും ഇനി ജനിക്കാനിരിക്കുന്നവരും ഒരേ നിമിഷത്തിൽ കെട്ടുപിണഞ്ഞുകൊണ്ട്. അവരെയെല്ലാം താങ്ങി ആ തെരുവും”.
അയാൾ കയ്യിൽ പിടിച്ച പുസ്തകത്തിൽനിന്ന് നസ്സെർ അലിയുടെ ടാർ സംഗീതമൊഴുകി. കാറ്റിൽ ഉള്ളിലിരുന്നൊരു സൂര്യകാന്തിയാടി.

▮
* Chicken with Plums - Marjane Satrapi
** The Fox Was Ever the Hunter - Herta Müller
*** If Nobody Speaks of Remarkable Things - Jon McGregor
**** ശബ്ദമഹാസമുദ്രം - എസ്. കലേഷ്.