Photo : unsplash.com

മലയാളത്തിൽ, പ്രസാധനം​ ഒരു പറ്റിക്കൽ കൂടിയാണ്​

മലയാളത്തോട് വലിയ മമതയൊന്നുമില്ലാത്ത മലയാളിയ്ക്കായി 5000 പുസ്തകങ്ങൾ പുതിയതായി ഇറങ്ങുന്നു. എന്താണ് ഇതിന്റെ ഗുട്ടൻസ്? അതാണ് പുസ്തക പ്രസാധകരംഗവും മാധ്യമങ്ങളും ഇന്ന് ചർച്ച ചെയ്യേണ്ട വിഷയം.

1970-80 കാലഘട്ടത്തിൽ, മലയാളത്തിൽ ഒരു പുസ്​തകത്തിന്​ 5000നും 8000നും ഇടക്ക്​ കോപ്പികളാണ്​ ​ഇറങ്ങിക്കൊണ്ടിരുന്നത്​. സാഹിത്യഗ്രന്ഥങ്ങളുടെ കാര്യമാണ്. വിരലിലെണ്ണാവുന്ന പ്രസാധകർ, മിക്ക പ്രസാധകർക്കും ഔട്ട്‌ലെറ്റുകൾ. ഒരു വർഷം പരമാവധി 500 ടൈറ്റിലുകൾ പ്രിന്റും റീപ്രിന്റുമായി ഇറങ്ങും. ഏഷ്യയിലെ ഏറ്റവും വലിയ പ്രസാധക സഹകരണ സ്ഥാപനമായ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ കുത്തക കാലഘട്ടം. എഴുത്തുകാർക്ക് 30 ശതമാനം വരെ റോയൽറ്റി. സ്വകാര്യ പ്രസാധകർ പുസ്തകം വിൽക്കാൻ എൻ.ബി.എസിനെ ആശ്രയിക്കുന്ന കാലം.

‘ഈ എഴുത്തുകാരൻ ഇല്ലായിരുന്നുവെങ്കിൽ മലയാള സാഹിത്യം എത്ര ശുഷ്‌കമാകുമായിരുന്നുവെന്ന് ഈ പുസ്തകം വായിച്ചപ്പോൾ എനിക്കുതോന്നി' എന്ന് 8000 രൂപ പ്രതിഫലം വാങ്ങി സ്ഥിരം പ്രസംഗിക്കുന്ന ഒരു സാഹിത്യകാരനെ എറണാകുളത്തുകാർക്ക് അറിയാം.

അരനൂറ്റാണ്ടു കഴിഞ്ഞ്, 2023ലെത്തുമ്പോൾ മലയാളത്തിൽ അച്ചടിക്കുന്ന സാഹിത്യഗ്രന്ഥങ്ങളുടെ കോപ്പികൾ 100, 150, 200, പരമാവധി 500.
അച്ചടിച്ച് ഒരു വർഷം പുറത്തിറങ്ങുന്ന ടൈറ്റിലുകളുടെ എണ്ണം മുമ്പ് 500 ആയിരുന്നത് ഇപ്പോൾ 5000നുമുകളിൽ. പ്രസാധകരുടെ എണ്ണം 300നുമുകളിൽ.
മലയാളത്തോട് വലിയ മമതയൊന്നുമില്ലാത്ത മലയാളിയ്ക്കായി 5000 പുസ്തകങ്ങൾ പുതിയതായി ഇറങ്ങുന്നു. എന്താണ് ഇതിന്റെ ഗുട്ടൻസ്? അതാണ് പുസ്തക പ്രസാധകരംഗവും മാധ്യമങ്ങളും ഇന്ന് ചർച്ച ചെയ്യേണ്ട വിഷയം.
ഇങ്ങനെ ഇറങ്ങുന്ന പുസ്തകങ്ങൾ വായനക്കാരുടെ താൽപര്യങ്ങളെ ഏതെങ്കിലും വിധത്തിൽ സംരക്ഷിക്കുന്നുണ്ടോ? ഇല്ല എന്നാണ്, ഈ 5000-ൽ 4950 പുസ്തകവും നൂറിനും 250നും 500നും ഇടയ്ക്ക് കോപ്പികൾ മാത്രം അച്ചടിക്കുന്നതിൽനിന്ന് മനസ്സിലാക്കാവുന്നത്.

കൊച്ചിയിലെ സി.ഐ.സി.സി ബുക്​ ഹൗസ്​

മുമ്പ് ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ അവരുടെ കൃതി ഏതെങ്കിലും വാരികക്ക് - മാതൃഭൂമിയാകാം, മലയാളമാകാം, മംഗളമാകാം- അയച്ചുകൊടുത്ത് അവരുടെ പേര് അഥവാ ഐഡന്റിറ്റി തെളിയിച്ചശേഷം പുസ്തക പ്രസാധകർ അവരുടെ കൃതി വിറ്റുപോകും എന്നുറപ്പുവരുത്തി, എഴുത്തുകാരെ സമീപിച്ച് കരാർ ചെയ്ത് അഡ്വാൻസ് കൊടുത്ത് പുസ്തകമിറക്കുന്നു. അങ്ങനെ പുസ്തകം പ്രസാധകരെക്കൊണ്ട് അച്ചടിപ്പിച്ച എഴുത്തുകാരാണ്​, പേരു പറഞ്ഞാൽ നമുക്ക് അറിയാൻ കഴിയുന്ന എല്ലാ ‘സാഹിത്യകാരന്മാരും'- അതിൽ എം.ടിയും പെടും, കെ.വി. അനിലും പെടും. എന്നാൽ കഴിഞ്ഞ പത്ത്- പതിനഞ്ചുവർഷമായി കണ്ടുമുട്ടുന്ന മലയാളികളിൽ മിക്കവരും സാഹിത്യകാരന്മാരാണ്. കൈയിൽനിന്ന് പണം മുടക്കി എന്തു സാധനവും സാഹിത്യമാക്കാമെന്നതാണ് പുതിയ ട്രെൻറ്​. അടുത്തൂൺ പറ്റിയ ഒരുമാതിരി കാശുള്ളവരൊക്കെയും സാഹിത്യകാരന്മായി, അവരുടെ ഇടനിലയായി എഴുത്തുകാരെയും പ്രസുകാരെയും തമ്മിൽ കൂട്ടിമുട്ടിക്കുന്ന ബ്രോക്കർമാർ മുഴുവൻ പ്രസാധകരും.

ആരും വാങ്ങി വായിച്ചില്ലെങ്കിലും 200 കോപ്പി പുസ്തകം പ്രിൻറ്​ ഓൺ ഡിമാന്റിൽ അച്ചടിപ്പിച്ച് ‘സാഹിത്യകാരൻ' ആയില്ലെങ്കിൽ എന്തോ ഒരു കുറവുപോലെ. 10,000 രൂപ കോസ്റ്റ് ഓഫ് പ്രൊഡക്ഷനുവരുന്ന ഒരു പുസ്തകത്തിന് 60,000 രൂപ മുടക്കാനും ഇവർക്ക് ഒരു മടിയുമില്ല. ഈ പുസ്തകം പിന്നെ ഒരു 50,000 രൂപ മുടക്കി പ്രകാശനച്ചടങ്ങ് നടത്താനും ഒരു മടിയുമില്ല.

ആരും വാങ്ങി വായിച്ചില്ലെങ്കിലും 200 കോപ്പി പുസ്തകം പ്രിൻറ്​ ഓൺ ഡിമാന്റിൽ അച്ചടിപ്പിച്ച് ‘സാഹിത്യകാരൻ' ആയില്ലെങ്കിൽ എന്തോ ഒരു കുറവുപോലെ. 10,000 രൂപ കോസ്റ്റ് ഓഫ് പ്രൊഡക്ഷനുവരുന്ന ഒരു പുസ്തകത്തിന് 60,000 രൂപ മുടക്കാനും ഇവർക്ക് ഒരു മടിയുമില്ല. ഈ പുസ്തകം പിന്നെ ഒരു 50,000 രൂപ മുടക്കി പ്രകാശനച്ചടങ്ങ് നടത്താനും ഒരു മടിയുമില്ല. ‘ഈ എഴുത്തുകാരൻ ഇല്ലായിരുന്നുവെങ്കിൽ മലയാള സാഹിത്യം എത്ര ശുഷ്‌കമാകുമായിരുന്നുവെന്ന് ഈ പുസ്തകം വായിച്ചപ്പോൾ എനിക്കുതോന്നി' എന്ന് 8000 രൂപ പ്രതിഫലം വാങ്ങി സ്ഥിരം പ്രസംഗിക്കുന്ന ഒരു സാഹിത്യകാരനെ എറണാകുളത്തുകാർക്ക് അറിയാം. പണ്ട് ഏറ്റവും കൂടുതൽ കണ്ടുമുട്ടുക എൽ.ഐ.സി ഏജന്റിനെയും കവികളെയുമായിരുന്നുവെങ്കിൽ ഇന്ന് ഏറ്റവും കൂടുതൽ കണ്ടുമുട്ടുന്നത് ഫേസ്ബുക്ക് സാഹിത്യകാരന്മാരെയും ഫേസ്ബുക്ക് പ്രസാധകരെയുമാണ് (നേരത്തെ സൂചിപ്പിച്ച ബ്രോക്കർമാരാണ് ഈ ഫേസ്ബുക്ക് പ്രസാധകർ). കോവിഡ് കഴിഞ്ഞശേഷം മലയാളത്തിൽ പുതിയ 80 സാഹിത്യകാരന്മാരെങ്കിലും ഉദയം ചെയ്തിട്ടുണ്ട്. അതിൽ 40 പേരും ക്രൈം നോവൽ എഴുത്തുകാരാണ്​.

സി.ഐ.സി.സി ജയചന്ദ്രൻ ഒരു സാംസ്​കാരിക പരിപാടിയിൽ

കൈയിൽ കാശുള്ളവരൊക്കെ സാഹിത്യകാരന്മാരാകുമ്പോൾ കൈയിൽ കാശില്ലാത്ത യഥാർഥ എഴുത്തുകാർ പൂർണമായും പുറന്തള്ളപ്പെടുകയാണ്. ഈ പ്രവണത എത്രമാത്രം അഭിമാക്യമാണ് എന്നത് ചർച്ച ചെയ്യപ്പെടണം. യഥാർഥ എഴുത്തുകാരെ കൈപിടിച്ചുയർത്താൻ ഒരു എൻ.വി. കൃഷ്ണവാര്യരും വാസുദേവൻ നായരും കെ.എം. തരകനും ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല.

ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും കടൽതീരത്തെ മണൽത്തരികളെ പോലെയും സാഹിത്യകാരന്മാരും പ്രസാധകരും മലയാളത്തിൽ നിറയട്ടെ എന്നാശംസിക്കുന്നു. ▮


സി.ഐ.സി.സി ജയചന്ദ്രൻ

കൊച്ചിയിലെ സി.ഐ.സി.സി ബുക് ഹൗസിലൂടെ, നാല് പതിറ്റാണ്ടായി പുസ്തക പ്രസാധന- വിൽപന രംഗത്ത് സജീവം. സാംസ്‌കാരിക രംഗത്തും ഇടപെട്ട് പ്രവർത്തിക്കുന്നു.

Comments