നാലഞ്ചു പുസ്തകമെഴുതാൻ ശേഖരിച്ചുവച്ച ഫയലുകൾ പൊലീസ് കത്തിച്ചു;
‘അടിമമക്ക’ ചർച്ചയിൽ സി.കെ. ജാനു

ട്രൂകോപ്പിയുടെ ബുക്സ് ഡിവിഷനായ റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ആദ്യ പുസ്തകമായ സി.കെ. ജാനുവിന്റെ ആത്മകഥ ‘അടിമമക്ക’യെക്കുറിച്ചുള്ള ചർച്ചയിൽ എം. ഗീതാനന്ദൻ, ഡോ. ടി.എസ്. ശ്യാംകുമാർ, കെ.കെ. സുരേന്ദ്രൻ എന്നിവരും പ​ങ്കെടുത്തു.

Think

നാലഞ്ചു പുസ്തകം എഴുതാനുള്ള മാറ്റർ തന്റെ കൈയിലുണ്ടായിരുന്നുവെന്നും എന്നാൽ അവയെല്ലാം പൊലീസ് കത്തിച്ചുകളഞ്ഞുവെന്നും സി.കെ. ജാനു. ട്രൂകോപ്പിയുടെ ബുക്സ് ഡിവിഷനായ റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'അടിമമക്ക' എന്ന ആത്മകഥയെക്കുറിച്ച് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.

അനീതിക്കെതിരായി താൻ പോരാട്ടത്തിനിറങ്ങിയ നാൾ മുതലുള്ള കാര്യങ്ങളെല്ലാം ഫയലാക്കി ശേഖരിച്ചുവച്ചിരുന്നു. പക്ഷെ, നാലഞ്ചു തവണ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയപ്പോഴെല്ലാം അവർ ഈ ഫയലുകളും കത്തിച്ചുകളഞ്ഞു. അങ്ങനെ രേഖകളെല്ലാം നഷ്ടമായി. അങ്ങനെയാണ് മനസ്സിലുള്ള കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് തീരുമാനിക്കുകയും 'അടിമമക്ക' എഴുതുകയും ചെയ്തത്. എഴുത്തുകാരി എന്ന നിലയ്ക്ക് അറിയപ്പെടാനല്ല, മറിച്ച് പൊതുസമൂഹത്തിന് ആദിവാസി വിഭാഗങ്ങളുമായുള്ള അന്തരം കുറയ്ക്കാൻ ഒരു പുസ്തകം സഹായിക്കുമെങ്കിൽ നല്ലത് എന്നു കരുതി. അടിമമക്കയെക്കുറിച്ച് ഭീകരമായ ചർച്ച വരുമെന്നാണ് താൻ കരുതിയത്. താൻ ജീവിച്ചിരിക്കുമ്പോൾ അവയ്‌ക്കെല്ലാം മറുപടി പറയാൻ തയാറെടുത്തിരുന്നു. പക്ഷെ, പുസ്തകം വായിച്ച് എല്ലാവരും നല്ല അഭിപ്രായം പറയുന്നുണ്ടെങ്കിലും ചർച്ച വന്നതേയില്ല.

സി.കെ. ജാനു

''എന്നെക്കുറിച്ച് ഒരു പാട് തെറ്റിധാരണകൾ ഈ സമൂഹത്തിലുണ്ട്. അത് തിരുത്തേണ്ടത് എന്റെ മാത്രം ബാധ്യതയാണ്, അത് സമൂഹത്തിന്റേതല്ല, അത് തിരുത്താൻ കൂടിയാണ് ഈ പുസ്തകം എഴുതിയത്''.

ചരിത്രം, ഭരണസംവിധാനം, പൊളിറ്റിക്‌സ്, സാമൂഹിക വ്യവസ്ഥിതി തുടങ്ങിയ സംവിധാനങ്ങളോടൊപ്പം നിൽക്കാനും അതിനകത്ത് നിന്നുകൊണ്ട് കൃത്യമായ നിലപാടെടുക്കാനും കഴിയുന്ന ആളുകളാണ് ഞങ്ങൾ എന്ന കാര്യം ഈ പുസ്തകം എഴുതുമ്പോഴാണ് തനിക്ക് കൂടുതൽ ബോധ്യപ്പെട്ടതെന്ന് ജാനു പറഞ്ഞു.

''മനുഷ്യഗണത്തിൽ പെട്ട ആളുകൾ ചെയ്യുന്നത് ഞാനും ചെയ്യുമ്പോൾ എനിക്കെതിരെ എതിർപ്പുണ്ടാകാറുണ്ട്. ഞാൻ ആധുനിക രീതിയിൽ ജീവിക്കുകയം സാരി ഉടുക്കുകയും വാഹനമോടിക്കുകയും ചെയ്യുന്നത് ഒരു വലിയ കുറ്റമായാണ് പലരും പറയുന്നത്. എല്ലാ മനുഷ്യരും ചെയ്യുന്നത് എനിക്ക് ചെയ്യാനാകില്ലേ? ആറു വർഷത്തെ ലോണിലാണ് വണ്ടി വാങ്ങിയത്. കേരളത്തിൽ കാസർകോഡ് മുതൽ കന്യാകുമാരി വരെ പകൽ റോട്ടിൽ വണ്ടികളാണ്. എന്നിട്ട് സി.കെ. ജാനു ഒരു ചെറിയ വണ്ടി വാങ്ങിയത് വലിയ കുറ്റമായി. അവിടെയാണ്, ഞാൻ എന്നെ തിരിച്ചറിയുന്നത്. സാധാരണ മനുഷ്യസംവിധാനത്തിനകത്ത് എന്നെയൊന്നും ഉൾക്കൊള്ളിച്ചിട്ടില്ല എന്നെനിക്ക് മനസ്സിലായി. അതുകൊണ്ടാണ് മനുഷ്യഗണത്തിൽ പെട്ടവർ ചെയ്യുന്ന കാര്യങ്ങൾ ഞാൻ ചെയ്യുമ്പോൾ എതിർപ്പുവരുന്നത്. ഇത്തരമൊരു എഴുത്തുകൊണ്ട് ഈ ധാരണ തിരുത്താനാകുമെങ്കിൽ അത് നല്ലതല്ലേ? എന്റെ ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്'', സി.കെ. ജാനു പറഞ്ഞു.

അഞ്ചോ ആറോ പുസ്തകം എഴുതാനുള്ള അനുഭവമുള്ളവരാണ് ആദിവാസികളിൽ ഓരോരുത്തരും, അവർ ആരും എഴുതുന്നില്ല, അവർക്ക് ഒരു പ്രചോദനം കൂടിയാകണം ഈ പുസ്തകം, അവർ പറഞ്ഞു.

എം. ഗീതാനന്ദൻ

കേരളത്തിലെ ഏറ്റവും അടിച്ചമർത്തപ്പെട്ട ഒരു വിഭാഗത്തിലെ, അതിൽത്തന്നെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഒരു കമ്യൂണിറ്റിയിലെ പ്രതിനിധി എഴുതിയ ആത്മകഥ എന്ന ചരിത്രപ്രാധാന്യം 'അടിമമക്ക'ക്കുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത് എം. ഗീതാനന്ദൻ പറഞ്ഞു. ഒരു ആദിവാസി സ്ത്രീ എന്ന നിലയ്ക്കുള്ള എക്‌സ്പ്രഷൻ കൂടിയാണ് ഈ പുസ്തകം. സ്ത്രീപക്ഷത്തുനിന്നാണ് അത് പറയപ്പെടുന്നത്.

‘‘ജാനുവിന്റെ ഫെമിനിറ്റിയാണ് അവരുടെ ശക്തിയായി തോന്നിയിട്ടുള്ളത്. ജാനുവിന് കൂടുതലും പെൺകൂട്ടുകളാണുള്ളത്. അവരുടെ ഏറ്റവും ഇന്റിമേറ്റ് റിലേഷൻസ് സ്ത്രീകളാണ്. ഏറ്റവും ഊഷ്മളമായ ബന്ധങ്ങൾ പെൺകുട്ടികളുമായാണ്. ഞാനൊക്കെ വളരെ അസൂയയോടെയാണ് ഇതിനെ നോക്കിയിരുന്നത്. അതുകൊണ്ടുതന്നെ ജാനുവിന്റെ മൂവ്‌മെന്റുകളിലെ ഫെമിനിൻ കണ്ടന്റ് വളരെ ശക്തമാണ്. കാരണം, ഗോത്രവിഭാഗങ്ങളിൽ ഏറ്റവം തീക്ഷ്ണമായ അനുഭവങ്ങളുള്ളത് സ്ത്രീകൾക്കാണ്. അതുകൊണ്ടുതന്നെ അവരാണ് പൊരുതുന്നത്''.

സാധാരണ നിലയ്ക്ക് ഗോത്രസഭാ മൂവ്‌മെന്റുകൾ ആദിവാസി മൂപ്പന്മാരുടെയും ഗ്രാമസഭാ കൗൺസിലിന്റെയുമൊക്കെ ഫോർമേഷനായാണ് വരിക. എന്നാൽ, ജാനു, തന്റെ ഫെമിനിൻ പവർ വച്ച് ഒറ്റക്കാണ് പോകുന്നത്. അതിന്റെ ആവിഷ്‌കാരം എന്ന നിലയ്ക്കുകൂടി ഈ ആത്മകഥയെ വായിക്കാമെന്നും ഗീതാനന്ദൻ പറഞ്ഞു.

കെ. കെ. സുരേന്ദ്രൻ

ഗോത്രപരമായ സ്വത്വത്തിൽനിന്ന് ഒറിജിനേറ്റ് ചെയ്യുന്ന വ്യക്തിത്വമാണ് ജാനുവിന്റേത്. സോഷ്യൽ ആന്ത്രപ്പോളജിക്കൽ ഘടനയാണ് അടിമമക്കയുടെ ശക്തി, ജാനുവിന്റെ സാമൂഹിക ഇടപെടലുകളുടെ ശക്തി അവിടെനിന്നാണ് വരുന്നത്. അത് ആത്മകഥയിലൂടെ നന്നായി രചിക്കപ്പെട്ടിട്ടുണ്ട്. ഗോത്രസ്വത്വത്തിൽനിന്നുകൊണ്ടുതന്നെയുള്ള ഒരു സെക്യുലർ മനുഷ്യന്റെ സാധ്യതയും ശേഷിയും സഹവർത്തിത്തത്തിൻേറതായ രാഷ്ട്രീയത്തിലൂടെയാണ് ജാനു ആവിഷ്‌കരിക്കുന്നത്. അടിമമക്ക 'എന്റെ വംശത്തിന്റെ ചരിത്ര'മായി മാറാതിരുന്നത് അതുകൊണ്ടാണെന്നും ഗീതാനന്ദൻ പറഞ്ഞു.

സത്യത്തിൽ, ആദരവോടെയല്ലാതെ ഈ പുസ്തകം വായിക്കാനാകില്ലെന്ന് കെ. കെ. സുരേന്ദ്രൻ പറഞ്ഞു. ജാനുവിന്റെ ജീവിതാനുഭവം അവരുടെ മാത്രതല്ല, ആദിവാസി സ്ത്രീകളുടെയാകെ ജീവിതമാണ്. ഒരു സ്ത്രീയുടെ മുൻകൈയിൽ സ്ത്രീകൾ നടത്തിയ സമരമാണ് മുത്തങ്ങ. അതിനെ പിന്നീട് പൊതുസമൂഹവും ഭരണകൂടവും പാർട്ടികളും നേരിട്ടത് എങ്ങനെയാണ് എന്നത് എല്ലാവർക്കും അറിയാം. ആ കാര്യങ്ങങൾ സത്യസന്ധമായി പാരായണസുഖമുള്ള ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നു അടിമമക്കയിൽ എന്ന് അദ്ദേഹം പറഞ്ഞു.

‘‘എനിക്ക് ചെറുപ്പം മുതലേ ആദിവാസികളെക്കുറിച്ച് അറിയാം. ഞാൻ ജനിച്ചുവളർന്നത് കോളിയാടി എന്ന സ്ഥലത്താണ്. അവിടെ കുറിച്യരില്ല. വീടിന്റെ ചുറ്റുവട്ടത്ത് അഞ്ചെട്ട് പണിയ കോളനികളുണ്ട്. ഒരു ഊരാളി കോളനിയും കാട്ടുനായ്ക്ക കോളനിയുമുണ്ട്. കുറുമക്കോളനികൾ ഇഷ്ടം പോലെയുണ്ട്. ഇവരെക്കുറിച്ച് എനിക്ക് ചെറുപ്പം മുതലേ അറിയാം. അതുകൊണ്ട് ആദിവാസികളെക്കുറിച്ച് എനിക്ക് നന്നായി പറയാൻ കഴിയും, ഞാൻ പഠിച്ചിട്ടുണ്ട് എന്ന നല്ല അഹങ്കാരമുണ്ടായിരുന്നയാളാണ് ഞാൻ. അതിനുശേഷം മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസിൽ പെട്ടു. അതോടെ ആദിവാസികളെക്കുറിച്ച് ആധികാരികമായി പറയേണ്ടയാൾ ഞാൻ തന്നെയാണ് എന്ന ബോധം എന്റെ മനസ്സിലുണ്ടായിരുന്നു. ഈ പുസ്തകത്തിൽ എനിക്കറിയാത്ത എന്താണുണ്ടാകുക എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. ഇതെല്ലാം രണ്ടു ദിവസം കൊണ്ട്, 'അടിമമക്ക' വായിച്ചതോടെ ഇല്ലാതെയായി’’- കെ. കെ. സുരേന്ദ്രൻ പറഞ്ഞു.

ഡോ. ടി.എസ്. ശ്യാംകുമാർ

ഇത്ര വേദനയോടെ, മുറിവേറ്റ മനസ്സോടെ അടുത്ത കാലത്തൊന്നും ഒരു പുസ്തകവും താൻ വായിച്ചിട്ടില്ലെന്ന് ഡോ. ടി.എസ്. ശ്യാംകുമാർ പറഞ്ഞു. അടിമമക്ക കേവലമൊരു ആത്മകഥയല്ല. കേരളത്തിലെ ആദിവാസികളോട് മലയാളികൾ ചെയ്ത ക്രൂരതയുടെ ചരിത്രമാണ്. ഇന്ത്യൻ ജനാധിപത്യം എത്രമാത്രം തകർക്കപ്പെട്ട ഒന്നാണ് എന്ന് ബോധ്യപ്പെടുന്നത് ഈ പുസ്തകം വായിക്കുമ്പോഴാണ്. ഭരണഘടനാ ജനാധിപത്യം വന്നശേഷവും ആദിവാസികൾക്ക് ലഭിക്കേണ്ടിയിരുന്ന സ്വയംഭരണാവകാശത്തിൽനിന്നും ഭൂസ്വത്തിനു മേലുളള അവകാശത്തിൽനിന്നും അധികാരത്തിലും പ്രാതിനിധ്യത്തിലുമുള്ള അവകാശങ്ങളിൽനിന്നെല്ലാം പുറന്തള്ളപ്പെട്ടതിന്റെ ചരിത്രം 'അടിമമക്ക' പറയുന്നുണ്ട്.

ജയിലിനുള്ളിലേതിനേക്കാൾ എത്രയോ ക്രൂരമാണ് പുറത്തെ സമൂഹം എന്ന് ജാനു പറഞ്ഞുവക്കുന്നു. നമ്മുടെ സമൂഹം എത്രമാത്രം പൈശാചികവൽക്കരിച്ചുകൊണ്ടാണ് ആദിവാസികളോട് ഇടപെടുന്നത് എന്നും ഈ പുസ്തകം പറഞ്ഞുവക്കുന്നു. മലയാളിയെ പ്രതിസ്ഥാനത്തുനിർത്തുന്ന പുസ്തകമാണിത്. മലയാളി അവകാശപ്പെടുന്ന പുരോഗമനമൂല്യത്തെയും ജനാധിപത്യത്തെയും നിശിതമായി വിചാരണ ചോദ്യം ചെയ്യുന്ന പുസ്തകം. അത്രമാത്രം ജനാധിപത്യരഹിതമായി, സാഹോദര്യരഹിതമായി, സമത്വരഹിതമായി നമ്മുടെ സമൂഹം ആദിവാസികളോട് പെരുമാറിയതിന്റെ ചരിത്രരേഖയും രാഷ്ട്രീയ രേഖയുമാണ് 'അടിമമക്ക'. ഏറ്റവും വിനയത്തോടെയും ആദരവോടെയും കൈയിലെടുത്തുവായിക്കേണ്ട പുസ്തകമാണിതെന്ന് ഡോ. ശ്യാകുമാർ പറഞ്ഞു.

മാർച്ച് ഒമ്പതിന് ട്രൂകോപ്പി അസംബ്ലി ഹാളിൽ നടന്ന പുസ്തകചർച്ചയിൽ അടിമമക്കയുടെ വായനക്കാരായ നിരവധി പേർ പ​ങ്കെടുത്തു. സദസ്യർ വായനാനുഭവം പങ്കുവച്ചു. അവരുടെ ചോദ്യങ്ങൾക്ക് സി.കെ. ജാനുവും ഗീതാനന്ദനും കെ. കെ. സുരേ​ന്ദ്രനും മറുപടി പറഞ്ഞു. കെ. കണ്ണൻ മോഡറേറ്ററായിരുന്നു.

റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച സി.കെ. ജാനുവിൻ്റെ ആത്മകഥ ‘അടിമമക്ക’ ഓര്‍ഡര്‍ ചെയ്യാം

Comments