​ജോയ്​ മാഷിൽനിന്ന്​ ഒരു ഡ്രാക്കുള അനുഭവം

കസേരയിൽ നിന്നെഴുന്നേറ്റ ശേഷം കോളറിനു പിടിച്ചൊരു തള്ളായിരുന്നു ആദ്യം. പിന്നാലേ വന്നു അടി. ഞാനക​ട്ടെ തെറിച്ച്​ റൂമിന്റെ മറ്റേ തലക്കലെത്തി. സ്​റ്റാഫ്​ റൂം മുഴുവൻ സ്തബ്ദമായി പോയി; ഒരു നിമിഷം.

ചെറുപ്പത്തിൽ തന്നെ നല്ല പുസ്തകങ്ങൾ വായിച്ചു വളരാൻ ഭാഗ്യം സിദ്ധിച്ച ബാല്യമായിരുന്നു എന്റേത്. അച്ഛന്റെ മുറിയിൽ അലമാരയിലും കട്ടിലിലും മേശയിലും നിലത്തുമായി കാലുകുത്താനും അടിച്ചുവാരാനും ഇടമില്ലാത്ത വിധം പുസ്തകങ്ങൾ അടുക്കിവെച്ചിരുന്നു അന്ന്. ദുഃഖം എന്താണെന്നുവച്ചാൽ, ഇവയൊന്നും തൊടാനുള്ള അധികാരം പോലും എനിക്കോ അമ്മയ്ക്കോ ഉണ്ടായിരുന്നില്ല. ദിവസങ്ങൾക്കു മുന്നേ ആവശ്യപ്പെട്ടാൽ സമയം കിട്ടുമ്പോൾ
നാടിന്പുറത്തെ ലൈബ്രേറിയനെപ്പോലെ ഓരോന്നായി അച്ഛൻ തന്നെ എടുത്തു തരിക എന്നതായിരുന്നു പതിവ്. എന്നിരുന്നാലും കുട്ടിക്കാലത്തേ തിമിരം ബാധിച്ചു കാഴ്ച ശക്തി കുറഞ്ഞുപോയ അച്ഛനെ എളുപ്പത്തിൽ പറ്റിച്ചു
പുസ്തകങ്ങൾ അടിച്ചു മാറ്റിയിരുന്നു ഞാൻ.

പിന്നീട് വളർന്നു വലുതാവുംതോറും യഥേഷ്ടം പുസ്തകങ്ങളെടുക്കാനും വായിക്കാനുമുള്ള സ്വാതന്ത്ര്യം അച്ഛനെനിക്ക് നൽകിപ്പോന്നു. എങ്കിലും ആ പുസ്തകങ്ങൾ ഏറെയൊന്നും ഉപകാരപ്രദമായിരുന്നില്ല. മിക്കവയും
എന്റെ വായനാശേഷിക്ക് പുറത്തുള്ളവയായിരുന്നു. മറ്റു ചിലവ ആവട്ടെ, ഹോര ശാസ്ത്രം, വടക്കൻ പാട്ടുകൾ, ഉണ്ണുനീലീ ചരിതം തുടങ്ങി എന്റെ ബാല്യ കൗമാര ചാപല്യങ്ങളെ നിഹനിക്കുന്നവയും. എങ്കിലും വായിക്കാനുള്ള താല്പര്യത്തെ പോഷിപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുപാടുള്ള ഒരു ഗ്രാമപ്രദേശമായതിനാൽ, വൈകുന്നേരമായാൽ അടുത്തുള്ള സമദർശിനി ഗ്രന്ഥാലയത്തിലോ സ്കൂൾ ലൈബ്രറിയിലോ പോയി പുസ്തകമെടുക്കുക എന്നത്, ചില്ലറ കലഹങ്ങളും സൗന്ദര്യ പിണക്കങ്ങളും ഉണ്ടാക്കി സമയം കൊല്ലാൻ മാത്രം സഹോദരങ്ങൾ ഇല്ലാതിരുന്ന എനിക്ക്, ഒഴിവാക്കാൻ പറ്റാത്ത ഒരു വിനോദമായി മാറി.
ചാവശ്ശേരി ഗവൺമെൻറ്​ ഹൈസ്കൂളിലായിരുന്നു ഞാൻ പഠിച്ചത്. ഓല കൊണ്ട് മേഞ്ഞ ആ മഹാ വിദ്യാലയത്തിൽ കുട്ടികൾ നാലായിരത്തി ചില്വാനം കാണും എന്ന മേന്മയോഴിച്ചാൽ കാര്യങ്ങൾ പരിതാപകരമായിരുന്നു.

ഞാൻ എസ്.എസ്.എൽ.സി പാസായ വർഷം വിജയ ശതമാനം പതിനേഴോ മറ്റോ ആയിരുന്നു എന്ന് പറഞ്ഞാൽ കാര്യം വ്യകതമാവുമല്ലോ. പ്രതിഭാശാലികലായ വിദ്യാർഥികളെ തിരിച്ചറിയാൻ വയ്യാത്ത ശുഷ്കരായ അധ്യാപകരും നല്ല അധ്യാപകരെ നിയമിക്കാൻ പറ്റാത്ത വിധം
ഗതികെട്ടുപോയ ‍ഗവൺമെൻറുമൊക്കെ ചേർന്ന് ആ സ്ഥാപനത്തിൽ വിദ്യ അർഥിച്ചുവരുന്ന നിർധനരായ ഗ്രാമീണ ബാലികാബാലകന്മാരെ ആലസ്യത്തി​െൻറ ‍നിത്യഗർത്തങ്ങളിലെയ്ക്ക് തള്ളിവിട്ടിരുന്നു, അന്ന്.

ഇതൊക്കെയാണെങ്കിലും ഞങ്ങളെ ചിത്രകല അഭ്യസിപ്പിച്ച അദ്ധ്യാപകൻ ജോയ്കുമാർ വിദ്യാർഥികളുടെയാകമാനം സ്നേഹാദരം ആർജിച്ച അസാധാരണ വ്യക്തിയായിരുന്നു. വിശന്നിരിക്കുന്ന കുട്ടിയോട് "ഊണു കഴിച്ചോ' എന്ന് ആത്മാർഥതയോടെ ചോദിക്കാനുള്ള ആ ഗുണം - മനുഷ്യത്വം - ഉണ്ടായിരുന്നു അദ്ദേഹത്തിന്. മാഷിനു തന്നെയായിരുന്നു സ്കൂൾ ലൈബ്രേറിയന്മാരുടെയും ചുമതല. ക്ലാസുകഴിഞ്ഞാൽ ഓരോ കുട്ടിയുടെയും വായനാ ശീലത്തിനും ശേഷിക്കും അനുഗുണമായി "നീയിതെടുത്തോ' "നീയതെടുക്കണ്ടാ " "അതടുത്തകൊല്ലം വായിച്ചാപ്പോരേ' എന്നൊക്കെ പറഞ്ഞു മാഷ്‌ സ്നേഹപൂർവ്വം പുസ്തകങ്ങൾ കൊടുത്തയക്കുമായിരുന്നു.

സത്യത്തിൽ "ഡ്രാക്കുള' അച്ചടിമഷി മണക്കുന്ന പുത്തൻ പുസ്തകമായിരുന്നു. "കുറച്ചു മടുപ്പിക്കുമെങ്കിലും നല്ല പുസ്തകം' എന്നോ മറ്റോ വരുംകാല വായനക്കാർക്കൊരു മുന്നറിയിപ്പായിക്കോട്ടേ എന്ന ‍ വ്യംഗ്യത്തിൽ കമൻറ്​ പാസാക്കിയതായിരുന്നു പ്രശ്നം. അത് അധികപ്രസംഗം ആയിപ്പോയില്ലേ എന്ന് മാഷിനു തോന്നീട്ടുണ്ടാവണം

അന്ന് വൈകുന്നേരം പുസ്തകമെടുക്കനായി കുറച്ചുപേരെ ഉണ്ടായിരുന്നുള്ളൂ. എനിക്ക് തിരിച്ചേൽപ്പിക്കാനുണ്ടയിരുന്നത് ഡ്രാക്കുളയും ‍എൻ. മോഹനന്റെ
കഥകളും ആണെന്നാണ്‌ ഓർമ. പുസ്തകം വാങ്ങി മറിച്ചുനോക്കവേ അനിയന്ത്രിതമായ കോപാവേശേത്താൽ ചുവന്നുപോയ അദ്ദേഹം ചെവിടടച്ചു ഒരടി വെച്ചുതന്നു എനിക്ക്. ഉദ്ധൃതക്രുദ്ധനായി കസേരയിൽ നിന്നെഴുന്നേറ്റ ശേഷം കോളറിനു പിടിച്ചൊരു തള്ളായിരുന്നു ആദ്യം. പിന്നാലേ വന്നു അടി. ഞാനക​ട്ടെ തെറിച്ച്​ റൂമിന്റെ മറ്റേ തലക്കലെത്തി. സ്​റ്റാഫ്​ റൂം മുഴുവൻ സ്തബ്ദമായി പോയി; ഒരു നിമിഷം.

"ആരാടാ നിന്നെയിതെഴുതാൻ ഏൽപ്പിച്ചത്’, ‘ഹോ ! അവന്റെയൊരു...' "ബ്രോം സ്റ്റോക്കറിനാണ്​ ടിപ്പണി "എന്നൊക്കെ പറഞ്ഞായിരുന്നു അടി. ദുരഭിമാനവും ഭയവും കൊണ്ട് പകച്ചുപോയ ഞാൻ തൽക്കാലം
കരയാതെ ഒപ്പിച്ചുവെങ്കിലും ഏറെ വിങ്ങിയും ഇടയ്ക്ക് അലറിക്കരഞ്ഞുമാണ് ആർത്തു പെയ്യുന്ന മഴയിൽ അന്ന് പുസ്‌തകമില്ലാതെ വീട്ടിലേക്കോടിപ്പോയത്.

സത്യത്തിൽ "ഡ്രാക്കുള' അച്ചടിമഷി മണക്കുന്ന പുത്തൻ പുസ്തകമായിരുന്നു. മീന ലൂസിക്കയച്ച കത്തും, ലൂസി മീനക്കയച്ച മറുപടികളും ജോനാതന്റെ
അന്തമില്ലാത്ത യാത്രകളും വായിച്ചു ബോറടിച്ച ഞാൻ "കുറച്ചു മടുപ്പിക്കുമെങ്കിലും നല്ല പുസ്തകം' എന്നോ മറ്റോ വരുംകാല വായനക്കാർക്കൊരു മുന്നറിയിപ്പായിക്കോട്ടേ എന്ന ‍ വ്യംഗ്യത്തിൽ കമൻറ്​ പാസാക്കിയതായിരുന്നു പ്രശ്നം. അത് അധികപ്രസംഗം ആയിപ്പോയില്ലേ എന്ന് മാഷിനു തോന്നീട്ടുണ്ടാവണം. പിന്നീടെപ്പോഴോ, മാസങ്ങൾക്ക് ശേഷം ഞാൻ മാഷിനോട് വീണ്ടും മിണ്ടാനും ചിരിക്കാനും പതിവുപോലെ പുസ്തകങ്ങൾ എടുക്കാനും തുടങ്ങി.

ഇപ്പോൾ, ഈയ്യിടെ പത്തു പതിനാറു വർഷങ്ങൾക്കു ശേഷം, നല്ല മഴയുള്ള ഒരു വൈകുന്നേരം കണ്ണൂരിൽ നിന്നും ഇരിട്ടിയിലെക്കുള്ള ഒരു കെ.എസ്.ആർ.ടി.സി ബസ്സിൽ ഓടിക്കയറിയതായിരുന്നു ഞാൻ. പുറകിലെ സീറ്റിന്റെ
അങ്ങേ തലക്കൽ മാഷിരിക്കുന്നുണ്ടായിരുന്നു. "മാഷിതെവിടെ പോയി' എന്ന എന്റെ പതിവ് കുശലാന്വേഷണത്തിന്, "ലൈബ്രറിയിലേക്ക്​ കുറച്ചു ബുക്കെടുക്കാനുണ്ടായിരുന്നു " എന്ന സ്നേഹ പൂർണമായ മറുപടിയോടെ മടിയിലുണ്ടായിരുന്ന ഒരുകെട്ട്‌ പുസ്തകത്തിൽ കൈകളൂന്നി മാഷിരുന്നു; കാലാകാലമായി തുടരുന്ന സാർത്ഥക വൃത്തിയുടെ പരിപൂർണ സംതൃപ്തിയിൽ.
ഞാനാകട്ടെ നിരുപദ്രപകരമായൊരു മൗനത്തിനിടെ താൽകാലിക സ്വച്ഛന്ദതയിൽ അദ്ദേഹത്തെ നോക്കാതെ, മിണ്ടാതെ നിന്നു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments