ബെസ്റ്റ് സെല്ലറുകൾ മാത്രമാകുന്ന വായനാഘോഷങ്ങൾ

അത്യുദാത്ത സുന്ദര സുരഭില വിശേഷണങ്ങളാൽ വായനയെ ആദർശാത്മകമായി പ്രതീകവൽക്കരിക്കുന്നതിനുള്ള വേദിയായി നമ്മുടെ വായനാഘോഷങ്ങൾ മാറുകയും വായനയുടെ അമിത കാൽപ്പനികവൽക്കരണം നമ്മുടെ വിദ്യാഭ്യാസ- സാമൂഹ്യ പൊതുസംവിധാനങ്ങളിൽ പ്രബലമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പുസ്തകങ്ങൾ മാത്രമല്ല, വായനാഘോഷങ്ങളും ബെസ്റ്റ് സെല്ലറുകൾ ആകുന്നത് വായനയെ സംബന്ധിച്ച് ഒട്ടും ആശാവഹമല്ല- വിനോദ്കുമാർ കുട്ടമത്ത് എഴുതുന്നു.

രിക്കൽ കാഫ്ക്ക മറ്റൊരാളോടൊപ്പം പ്രാഗിലെ തെരുവിലൂടെ നടക്കുകയായിരുന്നു. വഴിയരികിലെ പുസ്തകശാലക്കുമുന്നിലെത്തിയപ്പോൾ കൂടെയുണ്ടായിരുന്നയാൾ നടത്തം നിർത്തി. അയാൾ പുസ്തകങ്ങളുടെ തലക്കെട്ടുകൾ ജനാലയിലൂടെ പണിപ്പെട്ട് വായിക്കാൻ തുടങ്ങി.

അപ്പോൾ കാഫ്ക ചോദിച്ചു; ‘നിങ്ങളൊരു പുസ്തകപ്രേമിയാണോ?’
‘അതെ, പുസ്തകങ്ങളാണ് എന്റെ ലോകം. അതില്ലാതെ എനിക്ക് നിലനിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല’- സുഹൃത്തിന്റെ മറുപടി കേട്ട കാഫ്ക്ക ചിരിച്ചു.

‘അതൊരു തെറ്റായ ധാരണയാണ്. പുസ്തകങ്ങൾക്ക് നിങ്ങളുടെ ലോകത്തിനു പകരം നിൽക്കാൻ കഴിയില്ല. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിത്വത്തിന്റെ സ്വാധീനത്താൽ സ്വന്തം അനുഭവങ്ങളെ മറികടക്കാൻ കഴിയില്ല’.
വായനദിന, വായനപക്ഷ പ്രബോധനങ്ങൾക്കിടയിൽ കാഫ്കയുടെ ഈ ചിന്തകൾക്ക് പ്രസക്തിയുണ്ട് എന്നുതോന്നുന്നു.

ഫ്രാൻസ് കാഫ്‌ക
ഫ്രാൻസ് കാഫ്‌ക

അത്യുദാത്ത സുന്ദര സുരഭില വിശേഷണങ്ങളാൽ വായനയെ ആദർശാത്മകമായി പ്രതീകവൽക്കരിക്കുന്നതിനുള്ള വേദിയായി നമ്മുടെ വായനാഘോഷങ്ങൾ മാറുകയും വായനയുടെ അമിത കാൽപ്പനികവൽക്കരണം നമ്മുടെ വിദ്യാഭ്യാസ- സാമൂഹ്യ പൊതുസംവിധാനങ്ങളിൽ പ്രബലമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

വായനാഘോഷവും അനുബന്ധ പ്രവർത്തനങ്ങളും പരിശോധിച്ചാൽ പലതും മത്സരാധിഷ്ഠിതമാണെന്നും കുട്ടികളിൽ സമ്മർദ്ദങ്ങളുണ്ടാക്കുന്നവയാണെന്നും മനസ്സിലാകും. വായനവാര പ്രവർത്തനങ്ങളിൽ ഏറ്റവും എളുപ്പം സംഘടിപ്പിക്കാൻ കഴിയുന്നത് ക്വിസ് മത്സരങ്ങളും വായനാക്കുറിപ്പ് മത്സരങ്ങളുമൊക്കെയാണ്. കുട്ടികളുടെ നിലവാരം, താൽപര്യങ്ങൾ, മുൻവായനാനുഭവങ്ങൾ എന്നിവ പരിഗണിക്കപ്പെടാറില്ല.

ഇത്തരം മത്സരങ്ങളിൽ താല്പര്യപ്രകാരമല്ല കുട്ടികൾ പങ്കെടുത്തു കൊണ്ടിരിക്കുന്നതും. നിരന്തര മത്സരങ്ങളും അവയിൽ നിന്നേൽക്കാവുന്ന പരാജയങ്ങളും സമ്മർദ്ദങ്ങളും കുട്ടികൾ വായനയിൽ നിന്നകന്നു പോകാൻ കാരണമാകുന്നുണ്ട്. ഇത് മനഃശാസ്ത്ര പരമായി ഒരു നെഗറ്റീവ് അസോസിയേഷനാണ്. ആൽഫി കോഹ്ൻ 'Punished by Rewards' എന്ന പുസ്തകത്തിൽ ഇതു സംബന്ധിച്ച കൃത്യമായ വിശകലനം നടത്തുന്നുണ്ട്. നമ്മുടെ വായനാഘോഷപ്രവർത്തനങ്ങൾ പലതും വായനയുമായി കുട്ടികൾക്ക് നെഗറ്റീവ് അസോസിയേഷനുണ്ടാക്കുന്ന സാഹചര്യങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

ആൽഫി കോഹ്ൻ
ആൽഫി കോഹ്ൻ

വായനാഘോഷ പ്രവർത്തനങ്ങളോടനുബന്ധിച്ച് കൂടുതൽ പുസ്തകങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് വായിക്കേണ്ടിവരുന്നതും വിവിധങ്ങളായ വായനാനുബന്ധപ്രവർത്തനങ്ങളിൽ പങ്കെടുക്കേണ്ടിവരുന്നതും ഉപരിപ്ലവ വായനയിലേക്കു നയിക്കുന്നു.

ഗ്രന്ഥശാലകളിൽ നടക്കുന്ന വായനാ മത്സരങ്ങളും പുസ്‌തക ചർച്ചകളും ഇതിൽ നിന്ന് വിഭിന്നമല്ല. ചർച്ചയിൽ അവതാരകരൊഴികെ മറ്റാരും പുസ്തകം വായിക്കണമെന്നില്ല. മറ്റു പങ്കാളികൾ ശ്രോതാക്കളെന്ന നിലയിൽ വിവിധ പുസ്തകങ്ങളെക്കുറിച്ച് അവതാരകരുടെ ഭാഷ്യങ്ങൾ നിരന്തരം കേൾക്കുന്നവരാണ്.

പുസ്തകങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള അറിവ് പകരുക എന്ന വിജ്ഞാനപരിപാടിയ്ക്കപ്പുറം വായനയുടെ തുറസിലേക്ക് അത് പ്രവേശിക്കുന്നില്ല. വായനശാലാ പ്രവർത്തനങ്ങൾക്കുള്ള ഗ്രാൻഡ് ലഭിക്കുന്നത് നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ എണ്ണം, അതിന് ലഭിക്കുന്ന പോയിന്റുകൾ, തുടർന്ന് ലഭിക്കുന്ന ഗ്രേഡിങ്ങുമായതിനാൽ പ്രവർത്തനങ്ങളുടെ ഗുണത്തിനപ്പുറം ഗണമാണ് കാര്യങ്ങൾ നിശ്ചയിക്കുന്നത്.

നിരന്തര മത്സരങ്ങളും അവയിൽ നിന്നേൽക്കാവുന്ന പരാജയങ്ങളും  സമ്മർദ്ദങ്ങളും കുട്ടികൾ വായനയിൽ നിന്നകന്നു പോകാൻ  കാരണമാകുന്നുണ്ട്.
നിരന്തര മത്സരങ്ങളും അവയിൽ നിന്നേൽക്കാവുന്ന പരാജയങ്ങളും സമ്മർദ്ദങ്ങളും കുട്ടികൾ വായനയിൽ നിന്നകന്നു പോകാൻ കാരണമാകുന്നുണ്ട്.

വായിച്ച പുസ്തകങ്ങളുടെ എണ്ണവും എഴുതിയ കുറിപ്പുകളുടെ കനവും മികച്ച വായനയുടെ മാനദണ്ഡങ്ങളായി പലപ്പോഴും മാറുന്നുണ്ട്. 'I do not count the number of books, but I weigh them’ എന്ന മൊണ്ടെയ്നിന്റെ പ്രസിദ്ധമായ വാക്കുകളുണ്ട്. വായിച്ച പുസ്തകങ്ങളുടെയും ലൈബ്രറിയിലെ വോള്യങ്ങളുടെയും എണ്ണം അന്തസ്സും അഭിമാനവുമായി കരുതിയിരുന്ന പൗരാണികത്വത്തിൽനിന്ന് നാം അധിക ദൂരമൊന്നും സഞ്ചരിച്ചിട്ടില്ല എന്നാണർത്ഥം.

വായനാഘോഷ പ്രവർത്തനങ്ങളുടെ സംഘാടനത്തിനും പ്രചാരത്തിനും സമൂഹത്തിൽ അന്തസ്സും അംഗീകാരവും ഉണ്ട്. വേണ്ടത്ര ഉള്ളടക്കവും വിഭവങ്ങളുമില്ലെങ്കിലും ഏതു സ്ഥാപനങ്ങൾ ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചാലും അതിനൊരു പൊതുസ്വീകാര്യതയുണ്ട്. അതൊരു പ്രസ്റ്റീജ് ആണ് (Prestige without substance).

പുസ്തകങ്ങൾക്കും വായനയ്ക്കുമൊപ്പം ചേർന്ന് രൂപപ്പെട്ട ഒരു കൾചറൽ എലൈറ്റിസം അഥവാ സാംസ്കാരിക വരേണ്യത സമാന്തരമായി ശക്തിപ്പെടുന്നതും ബോർദിയു മുതലുള്ള ചിന്തകന്മാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബോർദിയുവിന്റെ പ്രസിദ്ധമായ Distinction: A social critic of the Judgement of Taste എന്ന പുസ്തകം കലയിലെയും സാഹിത്യത്തിലെയും രുചികൾ പാകം ചെയ്തെടുക്കുന്ന വരേണ്യ സാംസ്കാരികതയെ വിമർശനപൂർവം പരിശോധിക്കുന്നുണ്ട്.

വായനയെ പ്രകടനാത്മക വ്യവഹാരമാക്കുന്നതിലുള്ള എതിർപ്പാണ് മൊണ്ടെയ്ൻ അന്നുതന്നെ ഉയർത്തിയത്. അത് വായനയുടെ കമേഴ്സ്യലൈസേഷനോടുള്ള എതിർപ്പായിക്കൂടി ഇന്ന് കാണേണ്ടതുണ്ട്.

കാരണം വിപണിയുടെ താൽപ്പര്യങ്ങളാൽ കൂടി നിയന്ത്രിക്കപ്പെടുന്ന അഭിരുചിയാണ് വായന. വായനയിൽ ഒരൊറ്റ രുചി എന്ന വലിയ മാർക്കറ്റ് തന്ത്രം കൂടി അതിനകത്തുണ്ട്. ബെസ്റ്റ് സെല്ലറുകളുടെ വിപണീ മനഃശാസത്രം അതാണ്.

വായനക്കാരിൽ ഒരൊറ്റ രുചി മാത്രം സൃഷ്ടിക്കുക എന്നതിന് വിപണിമൂല്യവും സാംസ്കാരിക മൂല്യവുമുണ്ട്. ഒരേ ഉൽപ്പന്നം നിർമാണച്ചെലവ് കുറച്ച് കൂടുതൽ പേരിലേക്കെത്തിക്കാൻ കഴിയുന്നു എന്നതുപോലെ ഒരു ഉൽപ്പന്നത്തിന് ഒരേ രുചിബോധമുള്ള ഉപഭോതാക്കാളെ സൃഷ്ടിക്കാൻ കൂടി കഴിയുന്നു എന്നതാണ് സമീപകാലത്തെ വലിയ സാമൂഹിക പരിണാമം.

വായനയുടെ സ്റ്റാൻഡേർഡൈസേഷൻ വൈവിധ്യങ്ങളെ നിരാകരിച്ചു കൊണ്ട് ഇത്തരത്തിൽ, സാംസ്കാരിക ഏകീകരണം (cultural homogenisation) വേഗത്തിൽ സാധ്യമാക്കുന്ന ഒരു കമേഴ്സ്യൽ ടൂൾ കൂടിയാണ്.

ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ പറ്റിയ പുസ്തകം എന്ന് ബെസ്റ്റ് സെല്ലറുകളായ പല പുസ്തകങ്ങളെക്കുറിച്ചും പറയാറുണ്ട്. ഒറ്റയിരിപ്പ് വായന എന്നത് മികച്ച പുസ്തകങ്ങളുടെ ബെഞ്ച് മാർക്കായി മാറിയിട്ടുമുണ്ട്. എന്നാൽ നല്ല പുസ്തകങ്ങളെന്ന് തോന്നിയവയൊന്നും ഒറ്റയിരുപ്പിന് വായിക്കാൻ കഴിഞ്ഞതായി അനുഭവമില്ല.

ഒറ്റയിരിപ്പ് വായന എന്നത് മികച്ച പുസ്തകങ്ങളുടെ  ബെഞ്ച് മാർക്കായി  മാറിയിട്ടുണ്ട്. എന്നാൽ നല്ല പുസ്തകങ്ങളെന്ന് തോന്നിയവയൊന്നും  ഒറ്റയിരുപ്പിന്  വായിക്കാൻ കഴിഞ്ഞതായി അനുഭവമില്ല.
ഒറ്റയിരിപ്പ് വായന എന്നത് മികച്ച പുസ്തകങ്ങളുടെ ബെഞ്ച് മാർക്കായി മാറിയിട്ടുണ്ട്. എന്നാൽ നല്ല പുസ്തകങ്ങളെന്ന് തോന്നിയവയൊന്നും ഒറ്റയിരുപ്പിന് വായിക്കാൻ കഴിഞ്ഞതായി അനുഭവമില്ല.

മികച്ച പുസ്തകങ്ങൾ വായനക്കാരെ അതിന്റെ പേജുകളിൽ കെട്ടിയിടും. മുന്നോട്ടു വായിച്ചു പോകാൻ പറ്റാത്ത വിധം കൊളുത്തിയിടും. മുൻപേജുകളിലേക്കുതന്നെ വീണ്ടും തിരിച്ചു പോകാൻ പ്രേരിപ്പിക്കും. അറിഞ്ഞവയിൽ നിന്നും അനുഭവിച്ചവയിൽ നിന്നും അത് വായനക്കാരെ മോചിപ്പിച്ച് പുതിയ അനുഭവങ്ങളെ സൃഷ്ടിക്കും. വായിക്കുന്നയാൾ തൻ്റേതായ അർത്ഥവും ആശയവും സൃഷ്ടിക്കും. വായിക്കുന്നയാൾ തന്നെ പുതിയ പാഠമായി മാറും.

ദയസ്തേവ്സ്കിയെ വായിക്കുമ്പോൾ എന്ന എമിൽഫില്ലയുടെ പെയിൻ്റിംഗ് വായനയുടെ ആഴങ്ങളിൽ സ്വയം നഷ്ടപ്പെടുന്ന നിസ്സഹായനായ വായനക്കാരെത്തന്നെ പാഠമാക്കുന്നുണ്ട്. പുസ്തകങ്ങളിൽ ഒരു ലോകമുണ്ടെന്ന് പറയുന്നത് വായനക്കാരനുഭവിക്കുന്ന ലോകമാണ്. അത് വായനക്കാർ നിർമിക്കുന്ന ലോകമാണ്. അത് പല ലോകങ്ങളാണ്. ഒരു ടെക്സ്റ്റിന്റെ പല അർത്ഥങ്ങളാണ്.

അർത്ഥവത്തായതും ആഴത്തിലുള്ളതുമായ ബൗദ്ധിക വൈകാരിക അനുഭവമാകണം വായന എന്നും അത് നമ്മുടെ മനസ്സിനെ ആനന്ദിപ്പിക്കുമെന്നും ചിന്തയെ ഉണർത്തുമെന്നും മനോഭാവങ്ങളിൽ പ്രതിഫലിക്കുമെന്നും അനുഭവങ്ങളിൽ സമന്വയിക്കുമെന്നുമൊക്കെയുള്ള പണ്ടുമുതലേ പുലർത്തി വരുന്ന സാമാന്യ ധാരണയുണ്ട്. അതിനുമപ്പുറം ടെക്സ്റ്റിൽ സൂചിതമായ അർത്ഥങ്ങളും ബന്ധങ്ങളും മനനം ചെയ്ത് കണ്ടെത്തുകയും അതിനെ യാഥാർത്ഥ്യവൽക്കരിക്കുകയും ചെയ്യുന്ന അർത്ഥനിർമാതാവായി വായനക്കാർ പരിണമിച്ചു കഴിഞ്ഞു (Reader as co-creator of meaning).

‘ദയസ്തേവ്സ്കിയെ വായിക്കുമ്പോൾ’ എന്ന എമിൽ ഫില്ലയുടെ പെയിൻ്റിംഗ്.
‘ദയസ്തേവ്സ്കിയെ വായിക്കുമ്പോൾ’ എന്ന എമിൽ ഫില്ലയുടെ പെയിൻ്റിംഗ്.

അത്തരത്തിൽ സ്വാധികാരത്തിൻ്റേയും സർഗപരതയുടേയും തുറസ്സനുഭവിക്കുന്ന വായനക്കാർ കാഫ്ക സൂചിപ്പിച്ചതുപോലെ കൂട്ടിലിട്ട പാട്ടു പക്ഷിയല്ല. ഉപരിപ്ലവമായ വായനാഘോഷങ്ങളുടെ കൂട്ടിനകത്തേക്ക് അവർ ഒരിക്കലും കയറുകയുമില്ല. അതുകൊണ്ട് വായനാഘോഷങ്ങളുടെ ഉപരിപ്ലവതയിൽ നിന്ന് സ്വതന്ത്രവായനയുടെ ആഴങ്ങളിലേക്ക് നയിക്കാൻ കഴിയുന്ന അർത്ഥവത്തായ വായനാപോഷണ പരിപാടികളായിരിക്കണം നമുക്കുണ്ടാകേണ്ടത്.

വായനയുടെ അമിത കാൽപ്പനികവൽക്കരണമല്ലാതെ തികഞ്ഞ യാഥാർത്ഥ്യബോധത്തോടെയുള്ള, പ്രായോഗിക സമീപനമായിരിക്കും മികച്ച വായനക്കാരെ സൃഷ്ടിക്കാൻ അഭികാമ്യമാവുക. അത് പാഠ്യപദ്ധതിയ്ക്കകത്ത് ഗൗരവപൂർവം ഉൾച്ചേർക്കപ്പെടേണ്ടതാണ്. അമിത കാല്പനികവൽക്കരണം മാർക്കറ്റിന്റെ ആവശ്യമാണ്. വായനാഘോഷങ്ങൾക്ക് ഇത്രയും പ്രചാരം ലഭിക്കുന്നത് അവ മികച്ച മൂലധനമായതുകൊണ്ടു ( cultural capital) കൂടിയാണ്. പുസ്തകങ്ങൾ മാത്രമല്ല, വായനാഘോഷങ്ങളും ബെസ്റ്റ് സെല്ലറുകൾ ആകുന്നത് വായനയെ സംബന്ധിച്ച് ഒട്ടും ആശാവഹമല്ല.

Comments