പുസ്​തകങ്ങളുടെ​വംശഹത്യ

മുഖ്യധാരയോട് ഇടഞ്ഞുനിൽക്കുന്ന അന്വേഷങ്ങളുടെയും സമൂഹഭാവനയുടെയും ആന്തരികസത്തയാണ് പുസ്തകങ്ങളിൽ ഉൾക്കൊണ്ടിട്ടുള്ളത് എന്നതിനാലാണ് പ്രതീകാത്മകമായെങ്കിലും എഴുത്തിനെതിരെയുള്ള രോഷം പുസ്​തകത്തിനെതിരായുള്ള രോഷമായി പ്രകടമാകുന്നത്.

‘Whenever they burn books, they will also, in the end, burn human beings.’- Heinrich Heine, 1823.

‘No to decadence and moral corruption! Yes to decency and morality in family and state! The future German man will not just be a man of books, but a man of character. It is to this end that we want to educate you....You do well to commit to the flames the evil spirit of the past. This is a strong, great ad symbolic deed.'- Joseph Goebbels giving a rousing speech at the book burning event.

വമാധ്യമവും പരമ്പരാഗതമാധ്യമവും തമ്മിൽ കണ്ണിമയ്ക്കാതെ കൺകോർത്ത ഒരു സംഭവംകൂടിയായിരുന്നു വീരാൻകുട്ടിയുടെ കവിതാസമാഹാരമായ ‘മൺവീറ്' കത്തിക്കുന്ന ദൃശ്യം, ഇതുചെയ്ത വ്യക്തി തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചുകൊണ്ട്​ പരിസ്ഥിതി കവികളോടുള്ള തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.

സർഗാത്മകതയെയും ധൈഷണികതയെയും പ്രതീകവൽക്കരിക്കുന്ന ഒരു വസ്തു എന്ന നിലയിൽ അച്ചടിപുസ്തകത്തിന്​ സാംസ്‌കാരിക ലോകത്തിൽ ഇപ്പോഴും വലിയ പ്രാധാന്യമുണ്ട്. പുസ്തകമായി എഴുത്തിനെ പ്രസാധനം ചെയ്യാത്തവരെ എഴുത്തുകാരായി കാണാൻ സംസ്‌കാരം അനുവദിക്കുന്നില്ലത്രെ. നവമാധ്യമത്തിന്റെ മേനി എന്തുതന്നെയാണെങ്കിലും പുസ്തകമായി പിറന്നാലേ എഴുതുന്നു എന്ന്​ പറയപ്പെടുന്ന ആൾ എഴുത്തുകാരാകുകയുള്ളൂ എന്നൊരു ധാരണ വെച്ചുപുലർത്തപ്പെടുത്തുന്നുണ്ട്. എഴുത്തുകാർ എന്ന ലേബൽ ലഭിക്കണമെങ്കിൽ എഴുത്തിനെ പുസ്തകമായി രൂപാന്തരപ്പെടുത്തി ഗ്രന്ഥകർത്താക്കളാകണം. പുസ്തകമായി രൂപാന്തരപ്പെടാനുള്ള ത്വര ഈയൊരു സാമൂഹികാംഗീകാരത്തെ അഭിലാഷിച്ചാകണം. ഒരു പക്ഷെ, ഒന്നോ രണ്ടോ തലമുറയോടെ ഈ ധാരണ തിരുത്തപ്പെടാം. യുട്യൂബിനെയും നിർമിത ബുദ്ധി യന്ത്രങ്ങളെയും വിവരത്തിനായി പരിപൂർണമായും ആശ്രയിക്കുന്ന ഒരു തലമുറ പുസ്തകത്തെ ഒരു ആർക്കൈവൽ വസ്തു എന്ന നിലയ്ക്കു മാത്രമായിരിക്കും കാണുക. ഭാവി എന്തുതന്നെയാണെങ്കിലും. നിലവിലെ സാംസ്‌കാരിക ലോകത്തിൽ പുസ്തകത്തിനുള്ള പ്രതീകാത്മക മൂല്യം തന്നെയാണ് പുസ്തകം കത്തിക്കൽ എന്ന പ്രതീകാത്മക പ്രതിഷേധത്തിനും ഹേതുവാകുന്നത്.

വീരാൻ കുട്ടിയുടെ കവിതാസമാഹാരമായ ‘മൺവീർ’ കത്തിച്ച്​ പ്രശോഭ് കെ. സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത ചിത്രം.

‘മൺവീറ്' എന്ന അച്ചടിക്കപ്പെട്ട കവിതകളുടെ പുസ്തകം കത്തിച്ച്​ പ്രതിഷേധിച്ച വ്യക്തി തന്റെ രോഷത്തിന്റെ പ്രതീകാത്മക പ്രകടനത്തിന്​ വെന്യുവായി (venue) തിരഞ്ഞെടുത്തത് സാമൂഹമാധ്യമമാണ്. രണ്ടുമൂന്ന് കാരണങ്ങൾ കൊണ്ടാകണം സാമൂഹമാധ്യമം തന്നെ പുസ്തകം കത്തിക്കൽ പ്രതിഷേധ പരിപാടിക്ക് അയാൾ തിരഞ്ഞെടുത്തത്. വ്യക്തിപരമായ ഒരു കൃത്യമാണ് ആ വ്യക്തി നിർവഹിക്കുന്നത്. ആളെക്കൂട്ടിയുള്ള വൻപ്രതിഷേധപ്രകടനമല്ല. അതുകൊണ്ടുതന്നെ സാമൂഹ മാധ്യമം തന്നെയാണ് തന്റെ രോഷപ്രകടനം പൊതുശ്രദ്ധയിലേക്കെത്തിക്കാൻ ഏറ്റവും ഉചിതമായ വേദിയായി അയാൾ കണ്ടത്. വിവാദങ്ങൾ പൊടുന്നനവേ വൈറലാകുന്ന പ്രകൃതമാണല്ലോ സാമൂഹമാധ്യമങ്ങളുടേത്​. ഏറ്റവും ചെലവു കുറഞ്ഞതും താരതമ്യേന റിസ്‌ക് കുറഞ്ഞതുമായ പ്രതിഷേധ പരിപാടികൾക്ക് സാമൂഹ മാധ്യമം തന്നെയാണ് നിലവിൽ ലഭ്യമായ ഏറ്റവും ഉചിതമായ ഫോറം. പുസ്തകമാണ് കത്തിക്കുന്നതെന്നുള്ള നല്ല ബോധ്യവും പ്രതിഷേധിക്കുന്ന വ്യക്തിക്കുണ്ട്. വീരാൻ കുട്ടിയുടെ തന്നെ കവിതകൾ സാമൂഹമാധ്യമങ്ങളിലും യു ട്യൂബിലും ലഭ്യമാണ്. പക്ഷെ പ്രസ്തുത ഉപാധികളിലൂടെയുള്ള കവിതകളുടെ ശബ്ദമായും പാഠവുമായുള്ള ഡിജിറ്റൽ രൂപാന്തരങ്ങളെ മുൻനിർത്തിയുള്ള പ്രതിഷേധം, ഒരു വേള, പുസ്തകം കത്തിക്കൽ പോലുള്ള പ്രതീകാത്മക മൂല്യമുള്ള രോഷപ്രകടനത്തിന്റെ ആഘാതം സൃഷ്ടിക്കാൻ പര്യാപ്തമല്ല.

ഗീബൽസിന്റെ പരികാർമികത്വത്തിൽ, അഗ്‌നികുണ്ഡത്തിലെ പുസ്തകങ്ങളെ ഹവനം ചെയ്തുകൊണ്ടാണ് ആര്യൻ ദേശവിശുദ്ധിയുടെ ആചാരസംരക്ഷണം നിർവ്വഹിക്കപ്പെട്ടത്. വംശവിശുദ്ധക്ക് അത്യന്താപേക്ഷിതമാണ് അശുദ്ധമായ ആശയങ്ങളെ ഹോമിക്കുക എന്നത്.

‘മൺവീറ്' എന്ന കവിതാ സമാഹാരം കത്തിക്കുമ്പോൾ തീർച്ചയായും പുസ്തകം കത്തിക്കൽ പ്രതിഷേധങ്ങളുടെ ആഗോള ചരിത്രത്തെ ഇത് അനുസ്മരിപ്പിക്കുമെന്നുള്ള ആലോചന കത്തിച്ചയാളിന്റെയും പിന്തുണച്ചവരുടെയും മനസ്സിലൂടെ കടന്നുപോകാതിരുന്നിട്ടുണ്ടാവില്ല. ഡിജിറ്റൽ ഉപാധികൾ അധിനിവേശിച്ചും ക്രാക്കു ചെയ്തും പ്രതിഷേധങ്ങൾ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അതൊക്കെ സൈബർ ക്രൈമിന്റെ പരിധിയിൽ വരുന്നതിനാലും സാങ്കേതിക പരിജ്ഞാനം അനിവാര്യമായതിനാലും പുസ്തകം കത്തിക്കുന്ന ഇടപാട് പോലെ അത്രതന്നെ എളുപ്പമല്ല എന്ന യാഥാർഥ്യവുമുണ്ട്. പുസ്തകം അഗ്‌നിക്കിരയാക്കുമ്പോഴുള്ള വിഷ്വൽ ഇംപാക്​റ്റ്​ വേറെതന്നെയാണ്. (‘രാജമാണിക്യ'ത്തിൽ വിഷ്വൽ ഇംപാക്​റ്റിനെക്കുറിച്ച്​ ഈമാതിരിയൊരു ഡയലോഗ് സൈമൺ നാടാർ മാണിക്യത്തോട് പറയുന്നുണ്ട്). ‘മൺവീറ്' കത്തിക്കൽ പ്രതിഷേധത്തെ തുടർന്നുനടന്ന വാദപ്രതിവാദങ്ങളിൽ രണ്ടു വ്യത്യസ്ത സ്വഭാവത്തിലുള്ള പുസ്തകം കത്തിക്കൽ പ്രതിഷേധത്തെ പറ്റി സമൂഹ മാധ്യമത്തിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായി.

വീരാൻ കുട്ടി

കുപ്രസിദ്ധമായ നാസി പുസ്തകം കത്തിക്കൽ കലിയെയാണ് പലരും ഈ സംഭവത്തിൽ ഓർത്തെടുത്തത്. വിദ്വേഷത്തിന്റെ ഉള്ളടക്കം വീരാൻ കുട്ടിയുടെ കവിതാസമാഹാരം കത്തിക്കുന്നതിൽ പ്രകടമായിരുന്നുവെങ്കിലും നാസി പുസ്തകം കത്തിക്കലുമായി താരതമ്യം ചെയ്തത് അതിശയോക്തിപരമാണെന്നു പറയേണ്ടി വരും. ഭരണകൂടത്തിന്റെയും സാമൂഹികാധികാരശക്തിയുടെയും പിൻബലത്തിലാണ് നാസികൾ കൂട്ടംകൂട്ടമായി പുസ്തകങ്ങൾ കത്തിച്ചത്. പുസ്തകങ്ങളുടെ മഹജ്വലനമാണ് (bonfire of books) നാസികൾ നടത്തിയത്.

സ്വതന്ത്രമായ ആവിഷ്‌ക്കാരം തന്റെ വിശ്വാസങ്ങൾക്കും അനുഭവത്തിനുമെതിരാണെങ്കിൽ അഗ്‌നിക്കിരയാക്കുക എന്നത് ഫാഷിസത്തിന്റെ ലക്ഷണമൊത്ത പ്രതികരണരീതിയാണ്.

ഗീബൽസിന്റെ പരികാർമികത്വത്തിൽ, അഗ്‌നികുണ്ഡത്തിലെ പുസ്തകങ്ങളെ ഹവനം ചെയ്തുകൊണ്ടാണ് ആര്യൻ ദേശവിശുദ്ധിയുടെ ആചാരസംരക്ഷണം നിർവ്വഹിക്കപ്പെട്ടത്. ഗ്യാസ്‌ചേംബറിന്റെ പ്രതീകാത്മകതയുണ്ടായിരുന്നു ഈ ഹവനപ്രക്രിയയ്ക്ക്. വംശവിശുദ്ധക്ക് അത്യന്താപേക്ഷിതമാണ് അശുദ്ധമായ ആശയങ്ങളെ ഹോമിക്കുക എന്നത്. (ഇതു പറയുമ്പോൾ ചരിത്രകാരനായ നെഹ്രുവിന്റെ പിൻഗാമികൾ എന്ന്​ സ്വയം തെറ്റിദ്ധരിക്കുന്ന യൂത്തു കോൺഗ്രസുകാർ ഇ.എം.എസിന്റെ ‘ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം' കത്തിച്ച സംഭവവും മറക്കേണ്ടതില്ല. ഇതിനോടുള്ള ബി. രാജീവന്റെ പ്രസിദ്ധമായ പ്രതികരണ ലേഖനമാണ് ‘മിഥ്യ ചരിത്രത്തിനും ചരിത്രമിഥ്യയ്ക്കുമപ്പുറം').

ബെർലിനിൽ വച്ച് പുസ്തകങ്ങൾ കൂട്ടത്തോടെ കത്തിക്കുന്ന നാസികൾ / Photo: Wikimedia Commons

ഏതായാലും, ഒറ്റപ്പെട്ട വ്യക്തിയുടെ വൈകാരിക പ്രകടനത്തിന്​ ഇരുപതാം നൂറ്റാണ്ടിലെ ആദ്യ പാദത്തിലെ നാസികളുടെയും സമകാലത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളിൽ വൈറസു പോലെ ബാധിതമായ നവ അർബൻ നാസികളുടെയും പ്രവൃത്തികളുമായി പ്രത്യക്ഷബന്ധമില്ലെങ്കിലും പ്രതിഷേധത്തിന്റെ നൈസർഗികസ്വഭാവത്തിൽ സാദൃശ്യമുണ്ടെന്നുതന്നെ വേണം കരുതാൻ. കാരണം, സ്വതന്ത്രമായ ആവിഷ്‌ക്കാരം തന്റെ വിശ്വാസങ്ങൾക്കും അനുഭവത്തിനുമെതിരാണെങ്കിൽ അഗ്‌നിക്കിരയാക്കുക എന്നത് ഫാഷിസത്തിന്റെ ലക്ഷണമൊത്ത പ്രതികരണരീതിയാണ്.

വികസനത്തെക്കുറിച്ചുള്ള സാമാന്യവൽക്കരിക്കപ്പെട്ട ഭരണവർഗത്തിന്റെ ആശയങ്ങൾ കവിതയിൽ പുനരുല്പാദിപ്പിക്കപ്പെടുന്ന അവസ്ഥ സർഗാത്മകതയുടെ അന്ത്യമായിരിക്കും.

എന്നാൽ, പുസ്തകം കത്തിക്കലിന്റെ വിമതചരിത്രം ചൂണ്ടിക്കാട്ടിയാണ് വീരാൻ കുട്ടിയുടെ കവിതാസമാഹാരം കത്തിച്ചതിന്​ സാമൂഹ മാധ്യമങ്ങളിലെ ‘ന്യായീകരണിസ്റ്റുകൾ’ ഒരു വ്യഖ്യാനം നൽകിയത്. ബ്രാഹ്മണവിരുദ്ധ ദ്രാവിഡ പ്രസ്ഥാനങ്ങളും അംബേദ്കറിസ്റ്റുകളും പ്രതിഷേധത്തിന്റെ ഭാഗമായി മനുസ്മൃതിയും രാമായണവും തീയിട്ടുണ്ട് എന്നാണ് പ്രസ്തുത വ്യാഖ്യാനം. പ്രത്യക്ഷത്തിൽ സദൃശ യുക്തിയുടെ പ്രതീതി സൃഷ്ടിക്കമെങ്കിലും മനുവിലും സ്മൃതിയിലും രാമനിലും അയോധ്യയിലും ഉള്ളടങ്ങിയിട്ടുള്ള സാമൂഹികമായ കേവലാധികാരം വീരാൻ കുട്ടിയിലുമുണ്ടെന്നു പറയുന്നവർ അസാമാന്യ വിവേചനശക്തിയുള്ളവരാണെന്നു സമ്മതിക്കേണ്ടിവരും. മനുസ്മൃതിയും രാമായണവും കത്തിച്ചതിന്റെ സാമൂഹിക ചരിത്രം ഈ സാമാന്യവൽക്കരിക്കപ്പെട്ട ന്യായീകരണത്തിൽ നിർലോപിച്ചു പോകുന്നുവന്നതാണ് കാതലായ പ്രശ്‌നം.

ഡോ. ബി.ആർ. അംബേദ്കർ

പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമായി സാമൂഹ മാധ്യമത്തിന്റെ ‘പ്രതിധ്വനി ചേംബറു’കളിൽ (echo chamber) സംഭവിക്കുന്ന ഏറ്റവും വലിയ വിജ്ഞാനദ്രോഹം ചരിത്രനിരപേക്ഷകമായ ഈമാതിരിയുള്ള സാമാന്യവത്കരണങ്ങളാണ്. രാമായണവും മനുസ്മൃതിയും അധികാരത്തെ സശരീരമാക്കിയിരിക്കുന്ന (embodied power) പാഠങ്ങളാണ്. സാമൂഹിക ശ്രേണിവൽക്കരണത്തെയും അപരനിർമിതിയെയും അതിനാധാരമായ അധികാരഘടനയെയും വ്യവസ്ഥീകരിച്ചിരിക്കുന്ന ലിഖിതപാഠങ്ങളാണ് ഈ പാഠങ്ങൾ. വീരാൻ കുട്ടിയുടെ കവിതകൾ അധികാരത്തിന്റെ എന്തു പാഠമാണ് ഉൾക്കൊണ്ടിട്ടുള്ളത്? ഏതു അധികാരത്തിന്റെ, ശ്രേണിവൽക്കരണത്തിന്റെ പാഠമാണ് വീരാൻകുട്ടിയുടെ കവിതകളിൽ ഉൾക്കൊള്ളുന്നത്? എന്നാൽ, വ്യവസ്​ഥാപിതത്വത്തിനെതിരെ ന്യൂനപക്ഷാത്മക ആശയത്തിന്റെ സംവേദനം (minoritarian idea) എന്ന നിലയിൽ അധികാരത്തിന്റെ അമിതഭാഷണങ്ങളോടുള്ള ചെറുത്തുനിൽപ്പായി എഴുത്തിന്റെ സർഗാത്മകതയുടെ ഭാവാത്മകമായ പ്രതിരോധമാണ് കവിത ഉയർത്തുന്നത്.

പുസ്തകം കൂട്ടത്തോടെ കത്തിച്ചുവെന്നല്ലാതെ നാസികളും ഫാഷിസ്റ്റുകളും മക്കാർത്തിയിസ്റ്റുകളും പിനോഷെയിസ്റ്റുകളും, പുസ്തകം കത്തിച്ചില്ലെങ്കിലും പുസ്തക നിരോധനത്തിൽ ആനന്ദം കണ്ടെത്തിയ സ്റ്റാലിനിസ്റ്റുകളും ഉൽപ്പാദിപ്പിച്ച മികവുറ്റ ഒരു സാഹിത്യ രചനയെങ്കിലുമുണ്ടോ?

വികസനത്തെക്കുറിച്ചുള്ള സാമാന്യവൽക്കരിക്കപ്പെട്ട ഭരണവർഗത്തിന്റെ ആശയങ്ങൾ കവിതയിൽ പുനരുല്പാദിപ്പിക്കപ്പെടുന്ന അവസ്ഥ സർഗാത്മകതയുടെ അന്ത്യമായിരിക്കും. എഴുത്തും എഴുത്തുകാരും അതോടെ അവസാനിച്ചിരിക്കും. പുസ്തകം കൂട്ടത്തോടെ കത്തിച്ചുവെന്നല്ലാതെ നാസികളും ഫാഷിസ്റ്റുകളും മക്കാർത്തിയിസ്റ്റുകളും പിനോഷെയിസ്റ്റുകളും, പുസ്തകം കത്തിച്ചില്ലെങ്കിലും പുസ്തക നിരോധനത്തിൽ ആനന്ദം കണ്ടെത്തിയ സ്റ്റാലിനിസ്റ്റുകളും ഉൽപ്പാദിപ്പിച്ച മികവുറ്റ ഒരു സാഹിത്യ രചനയെങ്കിലുമുണ്ടോ? ഇല്ല എന്നതാണ് വാസ്തവം. (ജോസഫ് സ്റ്റാലിൻ പുസ്തകങ്ങളുടെ ആരാധകനായിരുന്നു എന്നൊരു വസ്തുത വിസ്മരിച്ചുകൊണ്ടല്ല ഇത് പറയുന്നത്). എന്നാൽ, നരഹത്യാസമഗ്രാധികാരവാഴ്വിനെതിരെ വിമതശബ്ദമുയർത്തിയ പുസ്തകങ്ങളാണ് സംസ്‌കാരത്തിന്റെ മികവുറ്റ ഈടുവെയ്പുകളായി മാറിയത്.

ജോസഫ് സ്റ്റാലിൻ, അഗസ്റ്റോ പിനാഷേ

ധിഷണയുടെയും സര്ഗാത്മകതയുടെയും ലോകത്തിൽ എടുത്തുപറയത്തക്ക ഒരു പ്രഖ്യാത രചനയെങ്കിലും നാസികൾക്കും ഫാഷിസ്റ്റുകൾക്കും സ്​റ്റാലിനിസ്റ്റുകൾക്കും എന്തുകൊണ്ട്​ സൃഷ്ടിക്കാൻ പറ്റാതെ പോയി? അധികാരവും അക്കാദമികൾ ഉൾപ്പെടെ സർവവിധ വൈജ്ഞാനിക അന്തർഘടനകളും ലഭ്യമായിട്ടും കലയുടെയും സാഹിത്യത്തിന്റെയും മണ്ഡലത്തിൽ ഇത്രമേൽ പരാജിതരും നിരാധാരരുമായി വലതുപക്ഷ സമഗ്രാധിപത്യ വ്യവസ്ഥകൾ തീർന്നത് എന്തുകൊണ്ടാണ്? ഹിന്ദു രാഷ്ട്രവാദികളുടെ ഭരണത്തിലും ഇതുതന്നെയാണ് ആവർത്തിക്കാൻ പോകുന്നത്. ലോകത്തെ ഈടുറ്റ രചനകളായി പിൽക്കാലങ്ങളിൽ വാഴ്ത്തപ്പെട്ടത് ഒറ്റപ്പെട്ടവരുടെയും രാജ്യഭ്രഷ്ടരാക്കപ്പെട്ടവരുടെയും എല്ലാം നഷ്ടപ്പെട്ടവരുടെയും വിമതവും പ്രതിരോധാത്മകവുമായ രചനകളാണ്. പുസ്തകം എന്ന വൈഞ്ജാനിക വിനിമയ രൂപവും അതിന്റെ കെട്ടും മട്ടും പ്രദാനം ചെയ്യുന്ന സത്തയും ഈ പ്രതിരോധത്തിൽ എന്തെങ്കിലും പങ്കുവഹിച്ചിട്ടുണ്ടോ?

ന്യുട്ട് ഹാംസണെ പോലുള്ള എഴുത്തുകാർ നാസി വംശീയ ആശയത്തിന്​എഴുത്തിന്റെ മേഖലയിൽ അംഗീകാരം നൽകിയ ഒരാളായിരുന്നു.

പുസ്തകം എന്ന അച്ചടിവസ്തുവിന്റെ ഘടനയും സാംസ്‌കാരികസ്വരൂപവും പ്രതിരോധരൂപമായി എന്നത് വെറും ഊഹം മാത്രമാകാം. എളുപ്പം നിരാകരിക്കാവുന്ന ഊഹവുമാണത്. കാരണം, വംശീയവും വിദ്വേഷജനകവും മനുഷ്യവിരുദ്ധവും പ്രകൃതിനശീകരണവാദപരവുമായ എത്രയോ എഴുത്തുകൾ പുസ്തകരൂപത്തിൽ ജ്ഞാനോദയം മുതൽ തന്നെ പ്രചുരപ്രചാരം നേടിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ വംശഹത്യക്ക് പ്രേരകമായ എഴുത്തുകളും പുസ്തകമായി തന്നെ ലഭ്യമായിരുന്നു. ‘ഉബർ മാൻ' തുടങ്ങിയ സങ്കല്പനത്തിലൂടെ ഫ്രഡറിക്​ നീത്​ഷേ നാസികൾക്ക് ധൈഷണിക പിൻബലമായി എന്നൊരു വിമർശനം തത്വചിന്തയുടെ മണ്ഡലത്തിലുണ്ട്.

ഫ്രഡറിക്​ നീത്​ഷേ

ഹൈഡഗർ മൂന്നാം റീഖിനെ ആദ്യഘട്ടത്തിൽ പിന്തുണച്ചിരുന്നു എന്നത് ഹൈഡഗറുടെ ചിന്തയ്ക്കെതിരെ ഉയർത്തുന്ന പ്രധാന വിമർശനമാണ്. ന്യുട്ട് ഹാംസണെ പോലുള്ള എഴുത്തുകാർ നാസി വംശീയ ആശയത്തിന്​ എഴുത്തിന്റെ മേഖലയിൽ അംഗീകാരം നൽകിയ ഒരാളായിരുന്നു. അതുപോലെ, നാസി ജൂറിസ്റ്റ് കാൾ ഷിമിത് ജനാധിപത്യത്തെ നിരാകരിക്കുന്ന നാസി രാഷ്ട്രതന്ത്രത്തിന്​ സൈദ്ധാന്തിക അടിത്തറ പാകിയ രാഷ്ട്രീയ തത്വചിന്തകനാണ്. ഇവരുടെ എഴുത്തുകൾ ഗൗരവത്തോടെ ഇന്നും വായിക്കപ്പെടുന്നു, പഠിക്കപ്പെടുന്നു. നാസികൾ അധികാരത്തിൽ വന്നശേഷം, നാസിഅധികാരത്തിന്റെ സാധൂകരണമായി ഇവർ വായിക്കപ്പെട്ടിരുന്നു. എങ്കിലും ഇവരെ നാസി എഴുത്തുകാർ എന്നു വിളിക്കാൻ കഴിയുകയില്ല. കാരണം, നാസി അച്ചടിപ്രസാധന വ്യവസായം സൃഷ്ടിച്ച എഴുത്തുകാരായിരുന്നില്ല ഇവർ.

പ്രസാധകരംഗത്ത്​ ഇത്ര ‘കൈക്കരുത്തു'ണ്ടായിട്ടും നാസികൾ കുപ്രസിദ്ധമായ പുസ്തകം കത്തിക്കലിന്റെ പേരിലാണ് ഇന്നും ഓർക്കപ്പെടുന്നത്. വേറിട്ടൊരു രചന പോലും അവർക്ക് പ്രസിദ്ധീകരിക്കാനായില്ല എന്നതല്ലേ വാസ്തവം.

ലെനി റീഫൻസ്റ്റാൾ മാത്രമായിരിക്കും നാസി ഭരണത്തിന്റെ പിന്തുണയോടെ കലയുടെ മേഖലയിൽ ശ്രദ്ധ നേടിയ ഒരാൾ. പുസ്തക പ്രസാധനത്തിന്റെ പരിപൂർണ ഉത്തരവാദിത്തം ഗീബൽസ് കൈകാര്യം ചെയ്​തിരുന്ന സാംസ്‌കാരിക വകുപ്പിനായിരുന്നു. പ്രസാധകരംഗത്ത്​ ഇത്ര ‘കൈക്കരുത്തു'ണ്ടായിട്ടും നാസികൾ കുപ്രസിദ്ധമായ പുസ്തകം കത്തിക്കലിന്റെ പേരിലാണ് ഇന്നും ഓർക്കപ്പെടുന്നത്. വേറിട്ടൊരു രചന പോലും അവർക്ക് പ്രസിദ്ധീകരിക്കാനായില്ല എന്നതല്ലേ വാസ്തവം. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന്​ നാസി വിരുദ്ധവും വിമോചനാത്മകവുമായ സാഹിത്യവും എഴുത്തും ജൈവപ്രതിരോധമുയർത്തി ലോകമാകെ പ്രചരിക്കുകയും ചെയ്തു. അനുമാനിക്കാവുന്ന ഒരു കാര്യം, പുരോഗമനചിന്തയുടെ സംസ്‌കാരത്തിൽ മേൽകൈ എന്നു പറയാവുന്നത് വിമോചന പ്രതീക്ഷകളും പ്രത്യാശകളും ആവിഷ്‌ക്കരിച്ചിരുന്ന പുസ്തകങ്ങൾക്കുതന്നെയായിരുന്നുവെന്നാണ്.

ജോസഫ് ഗീബൽസിനൊപ്പം ലെനി റീഫൻസ്റ്റാൾ

റിച്ചാർഡ് ഓവൻഡെൻ ‘Burning the books: a history of knowledge under attack' എന്ന പുസ്തകത്തിൽ പ്രത്യേക ശ്രദ്ധയർഹിക്കുന്ന ഒരു നീരിക്ഷണം നടത്തുന്നുണ്ട്​: ‘ജർമൻ സമൂഹം നാസിസത്താൽ ഉന്മത്തരായി. പുസ്തകങ്ങളും ആശയങ്ങളും അറിവും കുറ്റകൃത്യപരമായി ഇതിലേക്ക് ചേർക്കപ്പെട്ടു. യഹൂദ വിരുദ്ധ നിയമങ്ങൾ പാസാക്കപ്പെടുകയും ഇതിന്റെ ഭാഗമായി യഹൂദ ലൈബ്രറികൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ഈ നശീകരണ പ്രവണത ഹോളോകാസ്​റ്റിന്റെ അഭിവാജ്യ ഘടകമായിരുന്നു. സംഘടിതമായ സാംസ്‌കാരിക ഉന്മൂലനം-ഇതായിരുന്നു ഈ ആക്രമണത്തെ പ്രചോദിപ്പിച്ച കാര്യം.'

​​​​​​​നിരോധനം പോലുമല്ല നാസികൾ മുന്നോട്ട് വെച്ചത്, കത്തിച്ചു ചാമ്പലാക്കുക എന്നതിനുതന്നെയാണ് അവർ പ്രാധാന്യം നൽകിയത്. വംശഹത്യയുടെ അതേ മാതൃക തന്നെ. നിരോധനം, കത്തിക്കൽ പരിപാടിയുടെ ആദ്യപടിയാകാനുള്ള സാധ്യതയെക്കുറിച്ച്​ ജനാധിപത്യവാദികൾ ജാഗരൂകരാകേണ്ടതുണ്ട്.

മനുഷ്യരെ പോലെ തന്നെ പുസ്തകങ്ങളെയും വംശഹത്യ ചെയ്യുക എന്നതാണ് നാസികളെ പ്രചോദിപ്പിച്ച ഹിംസാത്മക ആശയം. ഏകശിലരൂപമായ രാഷ്ട്രത്തിൽ വിമതമോ വ്യത്യസ്തമോ വൈവിധ്യമാർന്നതോവായ ചിന്തകൾ ആവശ്യമല്ല. അത്തരം ആശയങ്ങൾ മനുഷ്യരെ ദേശാഭിമാനബോധത്തിൽനിന്ന് വഴിതെറ്റിക്കുന്നതാണ്. നിരോധനം പോലുമല്ല നാസികൾ മുന്നോട്ട് വെച്ചത്, കത്തിച്ചു ചാമ്പലാക്കുക എന്നതിനുതന്നെയാണ് അവർ പ്രാധാന്യം നൽകിയത്. വംശഹത്യയുടെ അതേ മാതൃക തന്നെ. നിരോധനം, കത്തിക്കൽ പരിപാടിയുടെ ആദ്യപടിയാകാനുള്ള സാധ്യതയെക്കുറിച്ച്​ ജനാധിപത്യവാദികൾ ജാഗരൂകരാകേണ്ടതുണ്ട്. പക്ഷെ ഇന്നത്തെ ധൈഷണികവിരുദ്ധ വിജ്ഞാനവിരുദ്ധ വലതുപക്ഷത്തിനു മുമ്പിൽ ആശയങ്ങളെയും അഭിപ്രായങ്ങളെയും നിഷ്‌കാസനം ചെയ്യാൻ പുസ്തകം കത്തിക്കൽ പോലുള്ള പ്രകടമായ ഹിംസയെ മറികടക്കാനുള്ള ഉപായം, സാമൂഹ്യ മാധ്യമങ്ങളിലെ പ്രതീതി ജനാധിപത്യ ലോകം നൽകുന്നുണ്ട്. സാമൂഹ്യ മാധ്യമ മണ്ഡലത്തിൽ പുസ്തകം കത്തിക്കൽ പരിപാടി അരങ്ങേറുമ്പോൾ വാസ്തവത്തിൽ സംഭവിക്കുന്നത്, പ്രതിഷേധ പ്രതീതിക്കപ്പുറം, വ്യാജമായ ആശയങ്ങൾ ഉല്പാദിപ്പിച്ച്​ഹിംസാത്മക രാഷ്ട്രീയത്തിന് സാധ്യതയൊരുക്കുക എന്നതാണ്.

ഉപയോഗിച്ച്​ ക്ലിഷേയായെങ്കിലും ‘പോസ്റ്റ് ട്രൂത്ത്' എന്ന സംഗതി ഉല്പാദിക്കപ്പെടുന്നത് പുസ്തകത്തിന്റെ സന്ദർഭത്തിലല്ല; പകരം സാമൂഹ്യ മാധ്യമത്തിന്റെ, ജനാധപത്യ പ്രതീതി സൃഷ്ടിക്കുന്ന വ്യാജ സംവാദത്തിന്റെ ലോകത്തിലാണ്. സമൂഹ മാധ്യമത്തിൽ മാത്രമല്ല നവമാധ്യമ വിജ്ഞാന സ്രോതസ്സായ വിക്കിപീഡിയ പോലുള്ള പൊതു സർവവിജ്ഞാനകോശവും വ്യാജ അറിവിന്റെ നിർമിതിക്ക് വഴിപ്പെടുകയാണ്. ഏറ്റവും സമീപകാല ഉദാഹരണം, അദാനിയുടെ പബ്ലിക്ക് റിലേഷൻസ് ഏജൻസി കമ്പനിക്ക് അനുകൂലമായി വിക്കിപീഡിയ ഉപയോഗപ്പെടുത്തിയ കാര്യം തന്നെ. വസ്തുതകൾ തന്നെ ആപേക്ഷികമാകുന്നതോടെ നിജമായ അറിവിനാണ് തുരങ്കം വെയ്ക്കപ്പെടുന്നത്. നിജമായ ജ്ഞാനം എന്നാൽ കേവല സത്യമല്ല. കേവല സത്യമെന്നൊന്നില്ല എന്നും അറിവ് വികസിതമാകുന്നത് നിരന്തരം ചോദ്യമുയർത്തുന്നതിലൂടെയാണെന്നുമാണ് ജ്ഞാനാന്വേഷണങ്ങൾക്ക് പ്രേരകമാകുന്നത്. തുറന്ന സമൂഹത്തിലെ ജ്ഞാനം രൂപീകരിക്കപ്പെടുന്നത് അങ്ങനെയാണ്. എന്നാൽ, അവാസ്തവങ്ങൾക്കും നുണകൾക്കും ബദൽ വസ്തുതകൾക്കും നിജമായ ജ്ഞാനത്തിന്​ തത്തുല്യമായ സ്ഥാനം നല്കുകയും സംഘടിതബലത്തിന്റെ അടിസ്ഥാനത്തിൽ ഇത് സ്ഥാപിക്കപ്പെടുകയും വ്യവഹരിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് സമൂഹ മാധ്യമങ്ങളെ പ്രതിധ്വനീ ചേംബറുകളാക്കുന്നത്. കാലാവസ്ഥമാറ്റത്തിന്റെയും വംശഹത്യയുടെയും നിരാകരണവും (denial) സമൂഹ മാധ്യമങ്ങളിലൂടെ സ്ഥാപിതമാകുന്നതിനുള്ള കാരണവും ഇതുതന്നെ. തീവ്ര വലതുപക്ഷ രാഷ്ട്രീയം ഉപയോഗപ്പെടുത്തുന്നത് ഈ വിപൽസാധ്യതയെയാണ്. പുസ്തകങ്ങളുടെ ലോകത്തിൽ നിന്ന് ഭിന്നമായി അറിവുകളിൽ വിഷം കലർത്താൻ നവസാങ്കേതികവിദ്യാ വിനിമയ സ്രോതസ്സുകൾ ഒരുക്കുന്ന ബഹുസാധ്യതകളാണ് വലതുപക്ഷ വായാടികളെ ത്രില്ലടിപ്പിക്കുന്നത്. വൈജ്ഞാനിക ഹൊറോറിസത്തിന്​ (knowledge horror) ഇതു കാരണമാകുന്നു.
പുസ്തകങ്ങളെ കൂട്ടമായും അതുവഴി വിജ്ഞാനത്തെയും ഉന്മൂലനം ചെയ്യുന്നതിനേക്കാൾ കാര്യക്ഷമവും ഫലപ്രദവുമാണ് നുണകൾ സമൂഹമാധ്യമങ്ങളിലൂടെ പെരുപ്പിക്കുക എന്നതാണ് നവവലതുപപക്ഷം അവലംബിച്ചിരിക്കുന്ന മാർഗം.

പുസ്തകം കത്തിക്കൽ എന്ന പ്രതീകാത്മക പ്രതിഷേധം സമൂഹ മാധ്യമത്തിലൂടെ പ്രകടിപ്പിക്കുമ്പോൾ തീവ്ര വലതുപക്ഷത്തിന്റെ പരമ്പരഗതമായ വിജ്ഞാനഹത്യയുടെ ആൾക്കൂട്ടഹിംസയെ പുനഃസൃഷ്ടിക്കാൻ സാധിക്കുന്നു.

പുസ്തകം കത്തിക്കൽ എന്ന പ്രതീകാത്മക പ്രതിഷേധം സമൂഹ മാധ്യമത്തിലൂടെ പ്രകടിപ്പിക്കുമ്പോൾ തീവ്ര വലതുപക്ഷത്തിന്റെ പരമ്പരഗതമായ വിജ്ഞാനഹത്യയുടെ ആൾക്കൂട്ടഹിംസയെ പുനഃസൃഷ്ടിക്കാൻ സാധിക്കുന്നുവെന്നു മാത്രമല്ല, വിമതാശയങ്ങളെയും സ്വതന്ത്ര ചിന്തയെയുമൊക്കെ പ്രതിധ്വനി ചേംബറുകളുടെ അകത്തടച്ച്​ നിഷ്​ഠൂരമായി വധിക്കാനും സാധിക്കുന്നു. ആസൂത്രിതമായ ആലോചനയുടെ അടിസ്ഥാനത്തിലാകില്ല ഒരു വ്യക്തിയുടെ ഇൻസ്റ്റൻറ്​ പ്രതികരണം അരങ്ങേറിയത് എന്നു മനസ്സിലാക്കുമ്പോഴും ഈ പ്രതികാരാത്മക പ്രതികരണത്തെ ഒരാൾക്കൂട്ടം തുടർന്ന്​ ഉപയോഗപ്പെടുത്തിയ രീതി തിരിച്ചറിയപ്പെടേണ്ടതുണ്ട്. ‘പ്ലാറ്റോണിക്' ഘടകങ്ങളുമുണ്ട് ഈ തീയിടൽ ആചാരത്തിൽ. പ്ലേറ്റോ തന്റെ റിപ്പബ്‌ളിക്കിൽ നിന്ന് കവികളെ ബഹിഷ്‌ക്കരിച്ചത് അവരുടെ വിമതഭാവന മനുഷ്യരെ വഴിതെറ്റിക്കാനുള്ള സാധ്യത കാരണമാണല്ലോ. പക്ഷെ ഇതേ പ്ലേറ്റോ തന്നെ, നിലനില്പിനായി നുണകൾ പറയുന്നത് അപരാധമല്ലെന്നും പറയുന്നുണ്ട്. കവികളുടെ വിമതഭാവനയ്ക്ക് ഇടം നൽകാത്ത പ്ലേറ്റോ അത്യാവശ്യഘട്ടത്തിൽ നുണകളാവാമെന്ന കാര്യത്തിൽ സംശയരഹിതനാണ്. കുലീനമായ നുണ (noble lie) എന്നാണ് ഇതിനെ വിവക്ഷിക്കുന്നത്.

Photo: Wikimedia Commons

നുണകളെ ന്യായീകരണവാദമായി സംഘടിതമായി പലതവണയാവർത്തിച്ച്​ ബലപ്പെടുത്തുക എന്ന ഗീബൽസിയൻ തന്ത്രത്തിന്റെ അഭിവാജ്യ ഭാഗമാണ് പുസ്തകം കത്തിക്കൽ എന്ന വിജ്ഞാനവിരോധ ആൾക്കൂട്ട ഹിംസയും. പ്രതീകാത്മക ആൾക്കൂട്ട ഹിംസയുടെ ഏറ്റവും പ്രമുഖ വേദി ഇന്ന് സമൂഹമാധ്യമങ്ങളിലെ പ്രതിധ്വനി ചേംബറുകളാണ്. ആശയത്തെ ആശയം കൊണ്ട് ​നേരിടണമെന്ന ഉദാരവാദ പാസിഫിസമൊന്നും രോഷത്തിന്റെ മുമ്പിൽ വിലപ്പോവില്ലെന്ന്​ പലതവണ കണ്ടതാണ്. രോഷത്തിന്റെ പ്രതീകാത്മക പ്രകടനമായാണ് പുസ്തകം കത്തിക്കൽ നടത്തിയെതെങ്കിലും അസംഘടിതനായ ഒരു എഴുത്തുകാരനെ ആക്രമണത്തിനായി ചൂണ്ടിക്കാണിച്ചുകൊടുക്കുകയാണ് യഥാർത്ഥത്തിൽ നടന്നത്. പുസ്തകം കത്തിക്കൽ പരിപാടിയുടെ എല്ലാക്കാലത്തേയും ഉദ്ദേശ്യം ഇതുതന്നെയായിരുന്നു. അസംഘടിത എഴുത്തുകാരെ ആൾകൂട്ട രോഷത്തിനു മുമ്പിലേക്കിട്ടുകൊടുക്കുക.

പുസ്തകം വ്യക്തിയുടെ ചിന്തയെയും ആശയത്തെയും പ്രതീകവല്കരിക്കുന്നു. അധീശത്വ വ്യവഹാരങ്ങളിൽ നിന്നും അറിവുകളിൽ നിന്നും വിഭിന്നവും വ്യതിരിക്തവുമായി പലപ്പോഴും മുഖ്യധാരയോട് ഇടഞ്ഞുനിൽക്കുന്ന അന്വേഷങ്ങളുടെയും സമൂഹഭാവനയുടെയും ആന്തരികസത്തയാണ് പുസ്തകങ്ങളിൽ ഉൾക്കൊണ്ടിട്ടുള്ളത് എന്നതിനാലാണ് പ്രതീകാത്മകമായെങ്കിലും എഴുത്തിനെതിരെയുള്ള രോഷം പുസ്​തകത്തിനെതിരായുള്ള രോഷമായി പ്രകടമാകുന്നത്. ▮


ദാമോദർ പ്രസാദ്

എജ്യുക്കേഷണൽ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. മലയാളത്തിലും ചിലപ്പോൾ ഇംഗ്ലീഷിലും എഴുതുന്നു.

Comments