2025-ലെ ഹിറ്റ് പുസ്തകം അരുന്ധതി റോയിയുടെ "മദർ മേരി കംസ് റ്റു മി" ആകണം. പുസ്തകം വില്പനകൊണ്ട് ഹിറ്റായി എന്നതു മാത്രമല്ല, വിപുലമായ വായനാസമൂഹവും അരുന്ധതിയുടെ ഓർമപ്പുസ്തകത്തെ സർവാത്മനാ സ്വാഗതം ചെയ്തിരിക്കുന്നു.
പുസ്തകം വില്പനകൊണ്ടു വിജയമാവുകയും നല്ല വായനക്കാരുടെ അംഗീകാരവും ലഭിക്കുക അപൂർവ സംഗതിയാണ്. അരുന്ധതി റോയിക്ക് ഈ ഭാഗ്യം സിദ്ധിക്കുന്നത് രണ്ടാമത്തെ തവണയാണ്. ആദ്യം കൊച്ചു കാര്യങ്ങളുടെ തമ്പുരാൻ, ഇപ്പോൾ മേരി മാതാവ് എന്നെ തേടി വരുന്നു എന്ന പുസ്തകവും.
"മദർ മേരി കംസ് റ്റു മി" ഹിറ്റാണെന്ന അനുമാനത്തിലേക്ക് ഞാൻ എത്തിയത് പുസ്തകത്തിന്റെ റിവ്യൂകളും ലൈബ്രറികളിലെ റിസർവേഷൻ ക്യൂവും പരിഗണിച്ചാണ്. അരുന്ധതി റോയിയുടെ രചനകൾ ഹിറ്റാകുമ്പോൾ വല്ലാത്ത സന്തോഷം തോന്നും. അവരുടെ നിർഭയ നിലപാടുകൾ കാരണമായിരിക്കാം, അല്ലെങ്കിൽ മലയാളി എഴുത്തുകാരി എന്ന നിലയ്ക്കുള്ള കേരളീയ സങ്കുചിതത്വം നിമിത്തമാകാം. അതുമല്ലെങ്കിൽ അരുന്ധതിയുടെ പ്രസന്നമായ മുഖഭാവം നൽകുന്ന ആത്മവിശ്വാസവുമാകാം കാരണങ്ങൾ.
മാധവിക്കുട്ടി നമ്മുടെ സാംസ്കാരിക ജീവിതത്തിൽ നിന്ന് മറഞ്ഞുപോയതിന്റെ അഭാവം ഒരു പരിധിവരെയെങ്കിലും പരിഹരിച്ചത് അരുന്ധതി റോയ് കാരണമാണ്. ഞാൻ പല തവണ വായിച്ച പുസ്തകമാണ് കൊച്ചു കാര്യങ്ങളുടെ തമ്പുരാൻ. മേരി മാതാവിന്റെ കൂടെ വീണ്ടും 2025-ലും വായിച്ചു. അരുന്ധതിക്ക് നോബൽ സമ്മാനം ലഭിക്കുന്ന പ്രഖ്യാപനത്തിനായി കാത്തുനിൽക്കുന്നു. ഒരുവേള, അരുന്ധതിയുടെ മികച്ച രചന ഇനിയും വരാനിരിക്കുന്നു എന്നോർമിപ്പിക്കുക കൂടി ചെയ്യുന്നു മദർ മേരി കംസ് റ്റു മി.
അരുന്ധതിയുടെ മേരി മാതാവിൽ നിന്നും ഒരു വരി മാത്രം:
"My first Act of Literature would be a private pact me and the Meenachil river."
ഞാൻ ഈ പുസ്തകം വായിച്ചതിനുശേഷം അന്വേഷിച്ചുകൊണ്ടിരിക്കുന്നത് അയ്മനം ജോൺ എങ്ങനെ വായിച്ചുവെന്നറിയാനാണ്. ഉണ്ണി ആർ. എഴുതിയത് വായിച്ചിരുന്നു. എന്റെ മകൻ ഈ പുസ്തകം വായിച്ചതിനുശേഷം പറഞ്ഞ അഭിപ്രായംകേട്ടു ഞാൻ മിണ്ടാതെയിരുന്നു. ജെൻ-സി വീക്ഷണമാണ്: "Abuse is not a excuse.... but Revolutionary ആയവർക്ക് personal affection കുറയും. അവരുടെ eccentricity കൂടിയാണ് rebel instinct".
ഞാൻ ആലോചിക്കുന്നത്, അരുന്ധതി റോയിയുടെ ഈ വർഷത്തെ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം ഇതായിരിക്കുമെന്നാണ്. എന്റെ ഊഹം ശരിയാണെങ്കിൽ അത് ആനന്ദ് തെൽതുംബ്ദെയുടെ ‘The Cell and the Soul’ ആകും. പുസ്തകത്തിന്റെ മുഖപേജിൽ അരുന്ധതിയുടെ വാക്കുകൾ ഇപ്രകാരം കുറിച്ചിട്ടുണ്ട്:

"Anand Teltumbde is one of the most important intellectuals at work in India today. He is one of the few who takes on the bigotry of caste and the depredations of big capital that reinforces both caste and class. His arrest and incarceration only underlines how important he is and how much we need him."
പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രിയപ്പെട്ട അനുജനായ മിലിന്ദിനാണ് ആനന്ദ് തെൽതുംബ്‌ദെ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. അനിയനുമായുള്ള ആർദ്രമായ ബന്ധവും മിലിന്ദിന്റെ പ്രതിജ്ഞാബദ്ധമായ രാഷ്ട്രീയമെന്തായിരുന്നുവെന്നും ആനന്ദ് ഒരു അധ്യായത്തിൽ ഓർത്തെടുക്കുന്നുണ്ട്.
മുംബൈയിലെ തലോജ ജയിലിൽ ഭീമ കൊറേഗാവ് കേസിൽ വിചാരണതടവുകാരനായി കഴിഞ്ഞ 31 മാസത്തെ ജയിലനുഭവമാണ് ‘തടവറയും ആത്മാവും’ എന്ന പുസ്തകം. ജയിൽ അനുഭവം മാത്രമല്ല, ജയിൽ എന്ന ജീവിതവ്യവസ്ഥയെക്കുറിച്ചുള്ള സൂക്ഷ്മ നീരിക്ഷണങ്ങളിലൂടെ സ്റ്റേറ്റിന്റെ, ബ്രാഹ്‌മണിക്കൽ സ്റ്റേറ്റിന്റെ അധികാരം, എപ്രകാരം നിഷ്ട്ടൂരമായി നിലനിർത്തപ്പെടുന്നുവെന്ന് മാനുഷ്യാവസ്ഥയെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ അഗാധമായ ദർശനത്തിന്റെ വെളിച്ചത്തിൽ വിശദീകരിക്കുകയാണ് ആനന്ദ് തെൽതുംബ്ദെ. ജയിലിലെ സഹതടവുകാരുമായുള്ള സമ്പർക്കങ്ങളെ വൈകാരികമായി രേഖപ്പെടുത്തുന്ന ആനന്ദ് ജയിലധികാരികളുടെ നിരാർദ്രമായ സമീപനങ്ങളാൽ മരിച്ച വയോധികനായ ജെസ്യൂട്ട് പിതാവ് സ്റ്റാൻ സാമിയുടെ യാതനകളെ ആർദ്രചിത്തനായി വേദനയോടെ വിവരിക്കുന്നുണ്ട്.
‘We lost Stan’ എന്ന അധ്യായത്തിൽ ആനന്ദ് എഴുതുന്നു:
"Stan drew his inspiration from the historical Jesus of Nazareth, who fought for the oppressed and exploited. For Stan, the Eucharist symbolized a commitment to continue Jesus's unfinished work. He aimed to bring systemic change in society, ensuring dignity and freedom for every individual. This mission led him to join the Adivasis' struggle for land, forest and water by adopting constitutional and legal means to combat displacement and dispossession."
ഞാൻ ഈ വാചകങ്ങൾ പുസ്തകത്തിൽ നിന്ന് പകർത്തുന്നത് ക്രിസ്മസ് ദിവസത്തിലാണ്. ഇന്നലെ കേട്ട വാർത്തകൾ ക്രിസ്മസ് കരോൾ സംഘത്തിനെതിരെ കേരളം ഉൾപ്പെടെ രാജ്യത്തെ പല സ്ഥലങ്ങളിലും ഹിന്ദു വർഗീയവാദികളുടെ ആക്രമണമണത്തെ പറ്റിയാണ്.
ആനന്ദ് തെൽതുംബ്ദെ കുറിച്ചിരിക്കുന്ന ഈ വാക്കുകൾ കൂടി കേൾക്കുക:
“I am convinced that if Stan had been released from prison, hew would not have died at the time he did."
പ്രകാശ് അംബേദ്‌കറാണ് അറസ്റ്റിലായ ദിവസം ജയിലിലേക്ക് ആനന്ദിനെ അനുഗമിക്കുന്നത്. അംബേദ്‌കർ കുടുംബം പൂർണമായും ഈ പ്രതിസന്ധി ഘട്ടത്തിൽ തുടർന്നും ഒപ്പം നിന്നു എന്നാണ് ആനന്ദ് വിവരിക്കുന്നതിൽ നിന്നും മനസ്സിലാവുക.
സ്‌റ്റാനിന്റെ മരണം ലോകമെമ്പാടും പ്രതിഷേധങ്ങൾ ഉയർത്തി. സ്റ്റാനിനെ അനുസ്മരിച്ച് ജയിലിൽ ഒരു മീറ്റിംഗ് ചേരാൻ അധികൃതർ സമ്മതിച്ചു. ജയിൽ എന്ന സാഡിസ്റ്റിക് ലോകത്തിൽ അപൂർവമായി സംഭവിക്കുന്ന മാനവികമായ ഒരു മുഹൂർത്തമാണിത്. തൊട്ടടുത്ത അധ്യായത്തിൽ, ജയിലിൽ കഴിയവേ അനിയൻ മിലിന്ദ് കൊല്ലപ്പെട്ട വാർത്ത കേട്ടതിനെപ്പറ്റി പറയുന്നു. അതുണ്ടാക്കുന്ന നടുക്കത്തെയും മിലിന്ദിന്റെ വ്യക്തിസവിശേഷതകളെയും കുടുംബത്തിലെ ബന്ധങ്ങളെയും വേദനാപൂർവ്വം ഓർത്തെടുക്കുന്നുണ്ട്.
ഭീമ കൊറേഗാവ് കേസിൽ താൻ പ്രതിചേർക്കപ്പെട്ടിരിക്കുന്നുവെന്നത് ആനന്ദിന് ആദ്യം വിശ്വസിക്കാനാകുന്നില്ല. ആനന്ദ് അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ആക്ടിവിസ്റ്റ് മാത്രമല്ല അറിയപ്പെടുന്ന ഇടതുപക്ഷ ധൈഷണിക വിശാരദനും ചിന്തകനുമെന്നതിനുപുറമേ കോർപറേറ്റ് മേഖലയിൽ ഉന്നത സ്ഥാനം വഹിച്ചിരുന്ന വ്യക്തിയുമായിരുന്നു. ഇതിനുശേഷം, ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഇന്ത്യയിൽ മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിൽ ആദ്യമായി ബിഗ് ഡാറ്റ അനലിറ്റിക്സ് കേന്ദ്രീകരിച്ചു ഒരു പുതിയ അക്കാദമിക്ക് പ്രോഗ്രാം തുടങ്ങാനുള്ള തിരക്കുക്കൾക്കിടയിലാണ് അറസ്റ്റിനുള്ള നീക്കങ്ങൾ നടക്കുന്നത്. ഈ പ്രോഗ്രാമിന് ചേർന്ന വിദ്യാർത്ഥികളും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരും ആനന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അദ്ദേഹം പഠിച്ച ഐ.ഐ.എം അഹമ്മദാബാദിലെ ഡയറക്ടർ ഉൾപ്പെടെ അലുമ്നി സംഘടനയും ആനന്ദിനൊപ്പം നിലകൊണ്ടു, സ്വന്തം ബാച്ചിലെ വിദ്യാർത്ഥികൾ മാത്രം മാറിനിന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.
ബാബ സാഹേബ് അംബേദ്കറുടെ മകളുടെ മകളെയാണ് ആനന്ദ് തെൽതുംബ്ദെ വിവാഹം കഴിച്ചിരിക്കുന്നത്. പ്രകാശ് അംബേദ്‌കറാണ് അറസ്റ്റിലായ ദിവസം ജയിലിലേക്ക് ആനന്ദിനെ അനുഗമിക്കുന്നത്. അംബേദ്‌കർ കുടുംബം പൂർണമായും ഈ പ്രതിസന്ധി ഘട്ടത്തിൽ തുടർന്നും ഒപ്പം നിന്നു എന്നാണ് ആനന്ദ് വിവരിക്കുന്നതിൽ നിന്നും മനസ്സിലാവുക.

"എന്റെ പുതിയ അഡ്രസ്സ്' എന്ന അദ്ധ്യായത്തിൽ, നിയമനടപടി ക്രമങ്ങൾ തന്നെ വിചാരണതടവിന്റെ സമയങ്ങളിൽ ശിക്ഷയാകുന്നതെന്ന് ആനന്ദ് വിശദീകരിക്കുന്നു. ആനന്ദ് ഈ പീഡനപർവത്തെപ്പറ്റി പറയുന്നു:
"I pursued quashing and anticipatory bail- had already exposed me to the celebrated myth of the "rule of law" in this country. Once imprisoned, the battle for bail could drag on indefinitely" .
UAPA കരിനിയമത്തിന്റെ അടിസ്ഥാനത്തിൽ ചാർജ് ചെയ്യപ്പെട്ടവരുടെ ജീവിതം ജയിൽ നരകത്തിൽ ജാമ്യമില്ലാതെ പിടിച്ചിടുക എന്നതാണ് ഭരണകൂടം ചെയ്യുന്നത്. ഉമർ ഖാലീദിന്റെയും ഷർജിൽ ഇമാമിന്റെയും ഭീമ കൊറേഗാവ് കേസിൽ പ്രതിചേർക്കപ്പെട്ടവരുടെയും ജീവിതാവസ്ഥ ഇതുതന്നെ.
2025-ലെ വായനയിൽ ‘Cell and Soul’ പ്രസക്തമാകാൻ ഒരു കാര്യം കൂടിയുള്ളത്, ഹാനി ബാബുവിന് നീണ്ട അഞ്ചുവർഷത്തിനുശേഷം ബോംബെ ഹൈക്കോടതി ജാമ്യം നൽകിയതാണ്. കർക്കശ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിട്ടുള്ളതെങ്കിലും ഈ കേസ് പിന്തുടരുന്നവർക്ക് ഇത് ആശ്വാസകരമായിട്ടാണ് അനുഭവപ്പെടുക. ജാമ്യത്തെ തുടർന്ന് ഹാനി ബാബു പറഞ്ഞത് ഭാര്യയുടെയും മകളുടെയും കൂടെ സമയം ചെലവാക്കണമെന്നാണ്. ഹാനി ബാബുവിനെതിരായ കുറ്റാരോപണത്തിന് കാരണമാകുന്നത് ഡൽഹി സർവകലാശാല സഹ അധ്യാപകനായ ജി.എൻ സായിബാബയുടെ മോചനത്തിനായി ഒരു സമിതിയുണ്ടാക്കി എന്നതാണ്.
പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രിയപ്പെട്ട അനുജനായ മിലിന്ദിനാണ് ആനന്ദ് തെൽതുംബ്‌ദെ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. അനിയനുമായുള്ള ആർദ്രമായ ബന്ധവും മിലിന്ദിന്റെ പ്രതിജ്ഞാബദ്ധമായ രാഷ്ട്രീയമെന്തായിരുന്നുവെന്നും ആനന്ദ് ഒരു അധ്യായത്തിൽ ഓർത്തെടുക്കുന്നുണ്ട്.
എഴുത്തിന്റെ ഉള്ളടക്കത്തിന്റെയും ആഖ്യാനത്തിന്റെയും തലത്തിൽ നിന്നും നോക്കുകയാണെങ്കിൽ ജയിലെഴുത്ത് (Prison writing) എന്ന വിഭാഗത്തിലേക്ക് വലിയ മുതൽക്കൂട്ടാണ് ഈ പുസ്തകം. ഗ്രാംഷിയുടെ പ്രിസൺ റൈറ്റിംഗ്‌സ് ശരിയായ അർത്ഥത്തിൽ ജയിലെഴുത്താകില്ല. നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തലും അങ്ങനെ തന്നെ. ജയിലിലായിരിക്കെ എഴുതിയതാണെങ്കിലും ജയിൽ ജീവിതത്തെക്കുറിച്ചുള്ളതല്ല ഗ്രാംഷിയുടെയും നെഹ്‌റുവിന്റെയും പുസ്തകങ്ങൾ.
ഇന്ത്യൻ ജയിലെഴുത്തിൽ വ്യത്യസ്തമായ രചനകളുണ്ട്. അരബിന്ദോയുടെ ‘ജയിൽ ദിവസങ്ങൾ’ തുടങ്ങി മേരി ടെയ്‌ലറുടെ "എന്റെ ജയിൽ വർഷങ്ങൾ", അരുൺ ഫെറേരയുടെ "കളേഴ്സ് ഓഫ് കേജ്’’ എന്നിവ ജയിൽ എഴുത്തുകളാണ്. സുധ ഭരദ്വാജിന്റെ 'യെർവാദ ജയിലിലെ സ്ത്രീകളുമൊത്ത്’ മറ്റൊരു ജയിൽ അനുഭവ പുസ്തകമാണ്. മുരളിയുടെ യെർവാദ സ്മരണകൾ മലയാളത്തിൽ എഴുതിയ ജയിൽ അനുഭവമാണ്.
ജയിലിലെ കൊടും യാതനകൾ നിറഞ്ഞ നരകതുല്യമായ ലോകത്തിൽ മാനവികത കണ്ടെത്തുന്നുവെന്നതാണ് ഈ എഴുത്തുകളുടെ പ്രത്യേകത.
2025-ൽ പല ജാതി (!) പുസ്തകങ്ങളും വായിച്ചുകാണും. ഈ വർഷം തന്നെ പ്രസിദ്ധീകരിച്ചത് തന്നെയാകണമെന്നില്ല. വർഷങ്ങളല്ല നൂറ്റാണ്ടുകൾക്ക് മുമ്പേ പ്രസിദ്ധീകരിച്ച പുസ്തകവും വായിച്ചിട്ടുണ്ടാകും, അല്ലെങ്കിൽ റെഫർ ചെയ്തിട്ടുണ്ടാവും. വർഷക്കണക്ക് നല്ല വായനയ്ക്ക് ചേർന്നതല്ല. വായിച്ചതിനേക്കാൾ കൂടുതൽ ഈ വർഷം വാങ്ങിയും കാണും. ഭാവിയിൽ വായിച്ചേക്കാമെന്ന പ്രതീക്ഷയിൽ അത് അവിടിവിടെ സ്ഥാനം തെറ്റികിടക്കുന്നുമുണ്ടാകാം. ആനന്ദ് തെൽറ്റുംബ്ദെയുടെ cell and soul- നെക്കുറിച്ചു പറഞ്ഞതിനുശേഷം സ്വയമേ വിനീതനാകാതെ നമ്മുടെ ഞായറാഴ്ച വായനക്കാരെ പോലെ (ഞായറാഴ്ച കോൺഗ്രസ്സ് പോലെ എന്തോ!) ഡംബടിക്കുകയാണെങ്കിൽ വായിച്ചതിന് എന്ത് പ്രസക്തി?
