സ്വപ്നത്തിൻ്റെ ഭാവനയോ ഭാവനയിൽ കാണുന്ന സ്വപ്നമോ നൽകുന്ന അതിദീപ്തിയാണ് സാധാരണയായി നോവലുകളുടെ ആഖ്യാനം. എഴുത്തുകാരുടെയോ കഥാപാത്രങ്ങളുടെയോ ഭാവനാഭരിതമായ ചിത്തവൃത്തിയിലൂടെ ഒരു ചരിത്രത്തെയോ ഭൂതകാലത്തെയോ ആണ് നോവലുകൾ നിർമ്മിച്ചെടുക്കുന്നത്. നോവലുകൾ ഭൂതകാലത്തിൻ്റേതും കവിതകൾ ഭാവിയുടേതുമാകും. രണ്ടിലും അതിഭാവനയുടെ വിദ്യുൻമേഖല പൂകി യാഥാർത്ഥ്യങ്ങളെ മറികടക്കാനുള്ള വായനക്കാരുടെ മാനസികാഭിലാഷങ്ങളാണ് പൂർത്തീകരിക്കപ്പെടുന്നത്.
സ്വപ്നമായി തന്നെ നിലകൊണ്ട് സ്വപ്നത്തെ മറികടക്കുകയും ഭാവനയായി പ്രവർത്തിച്ച് യാഥാർത്ഥ്യത്തെ ചിത്രീകരിക്കുകയും ചെയ്യുക എന്നത് ഭാഷകൊണ്ട് അധികം സാധിക്കുന്നതല്ല. ഭാഷ യാഥാർത്ഥ്യത്തിൻ്റെ പ്രതിഫലനാത്മകമായ ഒരു ആകാരമല്ല. യാഥാർഥ്യത്തിൻ്റെ തന്നെ നിർമ്മിത സാമഗ്രിയാകുമത് എന്ന് ഴീൽ ദല്യൂസ് പറയുന്നുണ്ട്. ആ വിധം നേരായ ഒരു ഭൂതകാലത്തിൻ്റെ അവതരണമായിത്തീരുന്നുണ്ട് എസ്. ഹരീഷിൻ്റെ പട്ടുനൂൽപ്പുഴു എന്ന നോവൽ.
വാക്കിനെ വാക്കുകൾക്കപ്പുറത്തേയ്ക്കു സഞ്ചരിക്കുംവിധം ഉപയോഗിക്കുക എന്നതാണ് സർഗാത്മകമായ വാക്കിൻ്റെ പ്രവൃത്തിയെന്നിരിക്കെ അർത്ഥത്തിനപ്പുറത്തേയ്ക്ക് പോകാൻ മടിക്കുന്ന ഒരു ഭാഷ കൊണ്ട് ഹരീഷ് പട്ടുനൂൽപ്പുഴുവിനെ ഒരു നവീന ഭാഷാശില്പമാക്കി മാറ്റിയിരിക്കുന്നു.
വിഷാദമധുരമായ ഒരു മോഹനകാവ്യമെന്ന് ഒറ്റവാക്യം കൊണ്ട് പൂർത്തിയാക്കാമെന്നു തോന്നുന്ന ഒരു ആഖ്യാനരീതിയാണ് പട്ടുനൂൽപ്പുഴുവിലേത്.
"ഒരു ദിവസം ഉറങ്ങിയെഴുന്നേറ്റപ്പോൾ പതിവില്ലാത്ത മട്ടിൽ, പുലർച്ചെയുള്ള സ്വപ്നം താൻ മാത്രമല്ല മറ്റൊരാൾക്കൂടി കണ്ടുകൊണ്ടിരിന്നതായി സാംസയ്ക്ക് അനുഭവപ്പെട്ടു. അതുകൊണ്ട് എക്കാലവും ഓർത്തിരിക്കുന്ന ദിവസം ഇതുതന്നെയായിരിക്കുമെന്ന് പകുതി ഉണർച്ചയിലേ അവനു തോന്നി’’- ഈ വിധം പകുതി ഭാവനയും പകുതി യാഥാർത്ഥ്യവും കൂടിക്കലർന്ന ഒരു സംക്രമണസന്ധിയിലാണ് പട്ടുനൂൽപ്പുഴു എന്ന നോവലിലെ ജീവിതം തെളിയുന്നത്. അതിൽ പാർക്കുന്നത് നിശ്ശബ്ദരായ കുറേ മനുഷ്യരാണ്. ഏകാന്തരായിരുന്ന് വിഷാദം കുടിക്കുന്നവർ, നിരുൻമേഷത കൊണ്ട് ഉന്മാദത്തെ പൂകുന്നവർ, ഭ്രാന്തും പ്രണയം സന്ധിച്ച് വിഭ്രമങ്ങളിൽ പെട്ടുഴലുന്നവർ. ഇങ്ങനെ പലയിടങ്ങളും ആളുകളെ കൊണ്ട് ശബ്ദമുഖരിതമാവുമ്പോഴും വിഷാദത്തിൻ്റെ ഒരു കരിമേഘം എല്ലാവരിലും പടരുന്നുണ്ട്. വിഷാദമധുരമായ ഒരു മോഹനകാവ്യമെന്ന് ഒറ്റവാക്യം കൊണ്ട് പൂർത്തിയാക്കാമെന്നു തോന്നുന്ന ഒരു ആഖ്യാനരീതി.

ഏകാന്തത മാത്രമേയുള്ളൂ എന്ന ഗ്രന്ഥകർത്താവിൻ്റെ അവകാശവാദത്തെ നമുക്ക് മുഖവിലയ്ക്ക് എടുക്കാതിരിക്കേണ്ടതില്ല. പക്ഷേ തൻ്റെ നോവലിനെ വായനക്കാർ എങ്ങനെ കാണണം എന്നൊരു മുൻവിധി ഗ്രന്ഥകർത്താവ് പണിയുന്നുണ്ട്. ആ പരിമിതിയെ മറി കടക്കുന്നതാവും സർഗാത്മകമായ ഓരോ വായനയും. കർതൃപാരായണത്തെ അതിലംഘിക്കുന്ന വായനയാണ് ജീവസ്സുറ്റ വായന.
നിശ്ശബ്ദതയ്ക്കിടയിലും ശബ്ദമുഖരിതമായ ഇടങ്ങൾ നോവലിൽ പലയിടത്തും ചിതറി നിൽപ്പുണ്ട്. ഭ്രാന്തൻമൂല അത്തരമൊരു ഇടമാണ്. അവിടെ ധാരാളം ചിത്തരോഗികളുണ്ട്. ചിലപ്പോൾ മാത്രം ലക്ഷ്യസ്ഥാനത്ത് എത്തുന്ന ദൂരസ്ഥലത്തേയ്ക്ക് ജോലിക്ക് പോകുന്ന സാവുൾ, സ്വന്തം മകളെ തല്ലിക്കൊന്ന പൊന്നൻ മാനേജർ, പിന്നെ സാംസയ്ക്ക് ഏറ്റവും അടുപ്പമുള്ള സ്റ്റീഫൻ. എല്ലാവരും ചിത്തരോഗികളാണ്. വർഷത്തിലൊരിക്കൽ സ്റ്റീഫന് ഭ്രാന്തിളകും. ആളുകൾ അവനെ ഈന്തു മരത്തിൽ ബന്ധിക്കും. അവൻ്റെ കരച്ചിലും ശകാരവും ഈന്തിൻ മരത്തിൻ്റെ തടത്തിൽ തളം കെട്ടിനിൽക്കും.
ഇങ്ങനെ ചിത്തഭ്രമം ബാധിച്ച മനുഷ്യരുടെ ഇടങ്ങൾ അസ്വസ്ഥതകളുടെയും കലമ്പലകളുടേതുമാണ്. ഈ ശബ്ദലോകമാണ് നോവലിനെ നിശ്ശബ്ദതയുടെ ആഖ്യാനമാക്കി മാറ്റുന്നത്. ശബ്ദത്തിൻ്റെ കൂടിക്കലരലുകളില്ലാതെ നിശ്ശബ്ദത അനുഭവിക്കാൻ കഴിയില്ലല്ലോ.
മറ്റു നോവലുകളിൽനിന്ന് ഈ നോവലിനെ അനന്യമാക്കിത്തീർക്കുന്ന ഒന്നുണ്ട്. അത് എല്ലാ തരം വായനക്കാരുടെയും ആത്മഭാവത്തിൽ ഈ നോവൽ പ്രവർത്തിക്കുന്നു എന്നതാണ്. കുട്ടികളുടെ ലോകവുമായാണ് വായനക്കാരായ കുട്ടികൾ കൂടിക്കലരുന്നത് എങ്കിൽ പിന്നിട്ട ഭൂതകാലത്തിൻ്റെ നൈർമല്യങ്ങളെയാണ് യൗവനം കഴിഞ്ഞ ഓരോരുത്തരും അനുഭവിക്കുന്നത്.
ഏതു ബഹളങ്ങളിലും ഒറ്റയായിത്തീരുന്ന ജീവിതത്തിൻ്റെ ഒരു രസതന്ത്രം എല്ലാ കഥാപാത്രങ്ങളിലുമുണ്ട്.
പ്രണയവിവാഹിതരെങ്കിലും ഭർത്താവിനാൽ പരിത്യക്തരായിത്തീരുന്നതിൻ്റെ നഷ്ടബോധങ്ങൾ വിങ്ങിനിൽപ്പുണ്ട് ഓരോ ഭാര്യമാരിലും. നഷ്ടങ്ങളുടെ ആവർത്തനങ്ങൾ തീണ്ടിയിട്ടും വീണ്ടും വീണ്ടും പുതിയ ബിസിനസ് സംരംഭങ്ങളിൽ ഏർപ്പെടുന്ന വിജയൻ നഗരമായിത്തീരുന്ന നാട്ടിൻപുറം പുരുഷൻ്റെ പ്രതിബിംബമാണ്. പരാജിതനായ ഒരു പുരുഷനെ എല്ലാവരുടെ ആണുങ്ങളിലും വിജയൻ ഉണർത്തുന്നുണ്ട്. ആ വിധം സമഗ്രമായ ഒരു വായനാസമൂഹത്തിൻ്റെ ഒരു വ്യൂഹത്തെ നോവലിനു ചുറ്റും നിർമ്മിച്ചുനിർത്താൻ കഥാകൃത്തിനു കഴിയുന്നു.
ഒറ്റപ്പെട്ടവരുടെ തുരുത്താണ് കഥാകൃത്ത് നിർമ്മിക്കുന്നത്. ഗ്രിഗർ സാംസ, സ്റ്റീഫൻ, ആനി, വിജയൻ, നടാഷ, ഇലു- എല്ലാവരും ഒറ്റപ്പെട്ടു നിൽക്കുന്ന ജീവിതതുരുത്തുകൾ തന്നെ. ഏതു ബഹളങ്ങളിലും ഒറ്റയായിത്തീരുന്ന ജീവിതത്തിൻ്റെ ഒരു രസതന്ത്രം എല്ലാ കഥാപാത്രങ്ങളിലുമുണ്ട്.
ഗ്രിഗർ സാംസയെ നോക്കൂ. എപ്പോഴും ഒറ്റപ്പെട്ട വ്യക്തിയാണ് സാംസ. കളിക്കുമ്പോൾ പോലും അവൻ ഒറ്റപ്പെടും. കുട്ടികൾ ഏറു പന്തുകളിക്കുമ്പോൾ അവൻ കൂടെ ചേരും. എപ്പോഴും സാംസയ്ക്കായിരിക്കും ഏറു കിട്ടുക. ഒരിക്കൽ പോലും പന്ത് അവൻ്റെ കൈയിൽ കിട്ടില്ല. ഒരാളെ തന്നെ എറിയുന്നതിൽ രസമില്ലെന്നു കരുതി എല്ലാവരും അവനെ ഒഴിവാക്കും. ക്രിക്കറ്റ് കളിക്കുമ്പോഴും അങ്ങനെ തന്നെ. വളരെ വേഗം കുറഞ്ഞതാണ് സാംസയുടെ ഏറ്. രണ്ടോ മൂന്നോ ബോളുകൾക്ക് ശേഷം എല്ലാവർക്കും പ്രവചിക്കാവുന്ന ഒരു ക്യാച്ച് കൊടുത്ത് സാംസയ്ക്ക് മടങ്ങേണ്ടിവരും. അങ്ങനെ അവിടെയുണ്ടെങ്കിലും അവിടെയില്ലാത്ത ആളായി സാംസ മാറും. സുഹൃത്തുക്കളുമായി ഉത്സാഹപൂർവം കലരുന്ന കളിക്കളത്തിൽ പോലും സാംസ ഒറ്റപ്പെട്ടാണ് നിൽക്കുന്നത്.

കാഴ്ചയിലും പെരുമാറ്റത്തിലും സംസാരത്തിലും യാതൊരു കുഴപ്പവുമില്ലാത്ത ആളാണ് സ്റ്റീഫൻ. വർഷത്തിലൊരിക്കൽ ഭ്രാന്തിളകുമ്പോൾ ആളുകൾ അവൻ്റെ പിന്നാലെ കൂടുന്നു. പിടിച്ചുകെട്ടാൻ ഓടുന്നു. അങ്ങനെ ഈന്തുമരത്തിൽ തളയ്ക്കപ്പെടുന്നു. മദം പൊട്ടിയ മൃഗത്തെ പോലെ ഈന്തിനു ചുറ്റും ചങ്ങലയും വലിച്ചാണ് സ്റ്റീഫൻ്റെ പിന്നീടുള്ള നടപ്പ്. പൊരിവെയിലത്ത് കരിഞ്ഞ്, മഴയാണെങ്കിൽ നനഞ്ഞ്, മഞ്ഞാണെങ്കിൽ വിറച്ച് സ്റ്റീഫൻ അങ്ങനെ നിൽക്കും.
ഭർത്താവിൻ്റെ ലാളനകളോ സമുദായത്തിൻ്റെ പരിഗണനകളോ ഇല്ലാതെ കഴിഞ്ഞുകൂടുന്ന ആനി. ആരും തിരിച്ചറിയാത്ത സംഘർഷഭരിതമായ മനോഘടനയുമായി ജീവിക്കേണ്ടി വരുന്ന പരാജിതനെന്ന് സ്വയം കരുതുന്ന വിജയൻ. പിന്നെ ജീവിച്ചിരിപ്പില്ലാത്ത മരിച്ച പെൺകുട്ടി. എല്ലാവരും വിഷാദത്തിൻ്റെയും ഏകാന്തതയുടെയും ശൂന്യസ്ഥലികളിൽ ജീവിക്കാൻ വിധിക്കപ്പെട്ട വരാണ്.
യഥാർഥത്തിൽ ആരും ഉള്ള മനുഷ്യരല്ല. അവർ കഥാപാത്രങ്ങൾ മാത്രമാണ്. ഗ്രിഗർ സാംസ കാഫ്കയുടെ മെറ്റമോർഫോസിസിലെ കഥാപാത്രമാണ്. നടാഷ റഷ്യൻ ക്ലാസിക്കിലെ മറ്റൊരു കഥാപാത്രം. ഉന്മാദിയായ സ്റ്റീഫൻ ജീവിതം വെറും പ്രതീതിയായി തോന്നിപ്പിക്കുന്ന ഒരാളാണ്. വിജയൻ പരാജിതനാണ്. പിന്നെ ആനിയ്ക്കു മാത്രമേ സ്വന്തമായി ഒരു നിലനിൽപ്പുള്ള ജീവിതമുള്ളു ആ നിലയിൽ ഭാവനയിൽ മെനഞ്ഞ യഥാതഥ കഥയാണ് പട്ടുനൂൽപ്പുഴു. അതിൽ ചരിത്രമല്ലാതായിത്തീർന്ന സാധാരണ മനുഷ്യരുടെ ഭൂതകാലജീവിതത്തിൻ്റെ അനിതരസാധാരണമായ ഒരു സ്പർശമുണ്ട്.

