അക്ഷരം അറിയാവുന്നവരുടെ ബലഹീനതയാണ് വായന. കണ്ണിൽ പെടുന്ന ഒരക്ഷരവും സാക്ഷരരായ ഒരാൾക്ക് വായിക്കാതിരിക്കാനാവില്ല. അക്ഷരം എങ്ങനെയാണ് നമ്മെ കീഴ്പ്പെടുത്തിയിരിക്കുന്നത് എന്നറിയണമെങ്കിൽ ഒരു അക്ഷരത്തിൽ നോക്കി അത് വായിക്കാതിരിക്കാൻ ശ്രമിച്ചുനോക്കണം. ഒരു നീല പേന ഉയർത്തിപ്പിടിച്ച് ‘This is a red pen’ എന്നു പറയാൻ ശ്രമിക്കുന്നുണ്ട് Liar, Liar എന്ന ചിത്രത്തിൽ ജിം കാരിയുടെ കഥാപാത്രം. കിണഞ്ഞു ശ്രമിച്ചിട്ടും അതിനു സാധിക്കാതെ പല പരാക്രമങ്ങളും കാണിക്കുന്നുണ്ട് അയാൾ. ഒരു അക്ഷരത്തെ നോക്കി അത് വായിക്കാതിരിക്കാനുള്ള ശ്രമവും ഇപ്പറഞ്ഞതുപോലെ പരാക്രമങ്ങൾ മാത്രമായി അവശേഷിക്കും.
ബസിൽ യാത്ര ചെയ്യുന്ന ഒരാൾ വഴിയരികിൽ കാണുന്ന ഏതാണ്ട് എല്ലാ ചുവരെഴുത്തുകളും ബോർഡുകളും നോട്ടീസുകളും മനഃപൂർവ്വമല്ലാതെ വായിച്ചുകൊണ്ടേയിരിക്കുന്നു. 100 കിലോമീറ്റർ യാത്ര ചെയ്യുമ്പോഴേക്ക് ഒരു ചെറിയ പുസ്തകത്തിലുള്ള അത്രയും വാക്കുകളും വാചകങ്ങളും അയാൾ വായിച്ചിരിക്കും. ഒരോ ചെറിയ ദേശങ്ങളേയും കടന്നുപോകുമ്പോൾ കുറച്ച് വിവരങ്ങളും അയാളറിയാതെ കടന്നുകയറിയേക്കാം. ആ ദേശത്തെ പ്രധാന വ്യവസായം, അവിടെ നിലനിൽക്കുന്ന രാഷ്ട്രീയപ്പാർട്ടികൾ, മതങ്ങൾ, ആചാരങ്ങൾ, അന്നാട്ടിലെ സമരങ്ങൾ, കായിക വിനോദങ്ങൾ എന്നിങ്ങനെ കുറേ കാര്യങ്ങൾ നാം വായിക്കുന്ന ചെറിയ ചെറിയ വാക്കുകളിലും നോട്ടീസുകളും ചുവരെഴുത്തുകളിലുമായി ചിതറിക്കിടക്കുന്നു.
അക്ഷരങ്ങൾ ഒറ്റയ്ക്കായിരിക്കുമ്പോൾ ഒരു ഗുണവും കൂട്ടം ചേരുമ്പോൾ മറ്റൊരു ഗുണവുമാണ് കാണിക്കുന്നത്. പുസ്തകങ്ങളിൽ അക്ഷരങ്ങളുടെ വലിയ കൂട്ടങ്ങളാണുള്ളത്. വായനക്കാരെ പ്രലോഭിപ്പിക്കുന്നതിനോ ദുഃഖിപ്പിക്കുന്നതിനോ പ്രകോപപ്പിക്കുന്നതിനോ പ്രണയാതുരനാക്കുന്നതിനോ വേണ്ടി അവ സംഘം ചേർന്ന് ഗൂഢാലോചന നടത്തുന്നു. അക്ഷരക്കൂട്ടങ്ങളുടെ ഇത്തരം ‘ആക്രമണങ്ങളിൽ’ നിന്ന് കുതറിമാറുവാൻ മനുഷ്യർക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. മിക്കപ്പോഴും അക്ഷരങ്ങൾ വിജയിക്കുന്നു.
പരമാവധി പ്രത്യുല്പാദനം എന്ന അക്ഷരങ്ങളുടെ അന്തർലീനസ്വഭാവത്തെ ഡിജിറ്റലിന്റേതായ പുതിയ പ്രജനനനിലം ഉത്തേജിപ്പിക്കുന്നു.
ഏത് പ്രതലത്തിലും ജീവിക്കാനുള്ള ശേഷി അക്ഷരങ്ങൾക്കുണ്ട്. കുറേക്കാലം അവ ഗുഹാന്തർഭാഗങ്ങളിലും മരത്തിലും കല്ലിലും ജീവിച്ചു. അവിടെനിന്ന് താളിയോലകളിലേക്കും അവിടെനിന്ന് പേപ്പറിലേക്കും ഇഴഞ്ഞുകയറി. അതോടെ അക്ഷരങ്ങളുടെ പ്രജനനശേഷി കൂടി. പേനകളുടെ സ്ഖലനങ്ങളിലൂടെ അവ പേപ്പറിൽ നൂറുനൂറ് കുഞ്ഞുങ്ങളെ വിരിയിച്ചു. അച്ചുകൂടങ്ങൾക്കുള്ളിൽ മുട്ടയിടാം എന്നായതോടെ ആയിരക്കണക്കായ മുട്ടകളിട്ട് വിസ്ഫോടനമുണ്ടാക്കി. ഇന്ന് അവ പേപ്പറിൽ നിന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് തങ്ങളുടെ സന്തതിപരമ്പരകളെ സംക്രമിപ്പിക്കുന്നു. പരമാവധി പ്രത്യുല്പാദനം എന്ന അക്ഷരങ്ങളുടെ അന്തർലീനസ്വഭാവത്തെ ഡിജിറ്റലിന്റേതായ പുതിയ പ്രജനനനിലം ഉത്തേജിപ്പിക്കുന്നു. ഓരോ ദിവസവും അക്ഷരങ്ങൾ പതിന്മടങ്ങായി വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു.
ഈ ഘട്ടത്തിലും പേപ്പറിൽ അച്ചടിക്കപ്പെടുന്ന എഴുത്തുകൾക്ക് മറ്റുള്ളവയെ അപേക്ഷിച്ച് പ്രത്യേകതയും വരേണ്യതയുമുണ്ടെന്ന് കരുതുന്നവർ ഒട്ടേറെയുണ്ട്. ഒരു കഥയോ ലേഖനമോ അച്ചടിക്കപ്പെട്ടാലേ അതിന് മൂല്യമുള്ളൂ എന്ന ചിന്താഗതിയും പ്രബലമാണ്. പേപ്പറിൽ രേഖപ്പെടുത്തുക എന്നത് ഒരു ‘യാഥാർഥ്യമായും’ ഡിജിറ്റലിൽ രേഖപ്പെടുത്തുക എന്നത് ഒരു ‘പ്രതീതി’യായും കരുതുന്നതാവാം ഈ ചിന്താഗതിക്കു കാരണം. ഡിജിറ്റൽ മീഡിയങ്ങളുമായി സമരസപ്പെടാത്ത ഒരു തലമുറ നിലനിൽക്കുന്നതുകൊണ്ടും മനുഷ്യരുടെ ശീലങ്ങൾ ഉൾപ്പടെയുള്ള പല കാരണങ്ങൾ കൊണ്ടും പുസ്തകങ്ങൾ നിലനിൽക്കും എന്നതിൽ കവിഞ്ഞ് പുസ്തകത്തിലെ വാക്കുകൾക്ക് ഡിജിറ്റലിലേതിനേക്കാൾ മൂല്യം കൽപ്പിക്കുന്നതിൽ അർഥമുണ്ടെന്ന് കരുതാൻ വയ്യ.
ആറു മില്യൺ പുസ്തകങ്ങളാണ് ഇതിനകം Amazon Kindle ൽ മാത്രമുള്ളത്. ദിനംപ്രതി 7500-ൽ പരം പുസ്തകങ്ങൾ അതിലേക്ക് ചേർന്നുകൊണ്ടുമിരിക്കുന്നു.
ലോകത്തിലെ പുസ്തകപ്രേമികളിൽ വലിയൊരു വിഭാഗം ഇന്ന് ഡിജിറ്റൽ വായനകളിലേക്ക് തിരിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഇതുവരെ 20 ശതമാനത്തിൽ എത്തിനിൽക്കുന്ന ഡിജിറ്റൽ വായന വരും വർഷങ്ങളിൽ അധികരിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി ഡിജിറ്റൽ റീഡിംഗ് കൂടുതൽ എളുപ്പമാക്കാനുള്ള വഴികൾ തേടുകയാണ് ഈ മേഖലയിലെ കമ്പനികൾ. വായനാശീലങ്ങളെ കണ്ടറിഞ്ഞുകൊണ്ടാണ് Amazon Kindle പോലെയുള്ള ബുക്ക് റീഡിംഗ് ഡിവൈസുകൾ ഇതിനകം രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളത്. കൊണ്ടുനടക്കാനുള്ള സൗകര്യം, പേപ്പറിൽ എന്നപോലെയുള്ള ഇന്റർഫേസ്, ഇരുട്ടിലും വായിക്കാനുതകും വിധമുള്ള ബാക്ക്ലൈറ്റ് ക്രമീകരണങ്ങൾ, ഫോണ്ടുകളുടെ സ്റ്റൈലും സൈസും തെരഞ്ഞെടുക്കാനുള്ള സൗകര്യം, വാക്കുകളുടെ അർഥം പ്രെഡിക്റ്റ് ചെയ്തുള്ള ഡിക്ഷ്നറി സിസ്റ്റം, ക്വോട്ടുകൾ ഹൈലൈറ്റ് ചെയ്തു സൂക്ഷിക്കാനുള്ള സൗകര്യം തുടങ്ങി വായനയെ സുഗമമാക്കുന്ന ഒട്ടേറെ ഓപ്ഷനുകൾ ഇത്തരം ഡിവൈസുകളിൽ ലഭ്യമാണ്. പുസ്തകങ്ങൾ തൽക്ഷണം വാങ്ങാനാവും എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. ഡിജിറ്റൽ പുസ്തകങ്ങൾക്ക് ഭാരമില്ല എന്നതുകൊണ്ട് യാത്രകൾക്കിണങ്ങുന്ന കൂട്ടുകാരാണ് അവ. 6 മില്യൺ പുസ്തകങ്ങളാണ് ഇതിനകം Amazon Kindle ൽ മാത്രമുള്ളത്. ദിനംപ്രതി 7500-ൽ പരം പുസ്തകങ്ങൾ അതിലേക്ക് ചേർന്നുകൊണ്ടുമിരിക്കുന്നു.
അതേസമയം, സോഷ്യൽ മീഡിയയിലെ ഡിജിറ്റൽ റീഡിംഗ് ഉയർത്തിവിട്ട വായനാവിപ്ലവം പ്രിന്റ് മീഡിയയേയും വലിയ തോതിൽ സഹായിക്കുന്നതായി കാണാം. സോഷ്യൽ മീഡിയ ശക്തിപ്രാപിച്ച കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ കേരളത്തിൽ മാത്രമുണ്ടായിട്ടുള്ള പുസ്തകപ്രസാധകരുടെ എണ്ണമെടുത്താൽ അത് മനസ്സിലാക്കാവുന്നതേയുള്ളൂ. സോഷ്യൽ മീഡിയയിൽ തുടങ്ങുന്ന വായനാശീലങ്ങളെ ഉപയോഗപ്പെടുത്തുകയാണ് ഇവിടെ അച്ചടിമാധ്യമങ്ങൾ ചെയ്യുന്നത്. പ്രസാധകരിൽ നിന്നു പക്ഷേ, ഡിജിറ്റൽ മീഡിയയെ സമ്പന്നമാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവുന്നില്ല. വളരെ കുറച്ച് പുസ്തകങ്ങൾ മാത്രമേ നമ്മുടെ പ്രധാന പ്രസാധകരുടേതായി ഡിജിറ്റൽ ഫോർമാറ്റുകളിലേക്ക് ഇതുവരെ ‘മൊഴിമാറ്റം’ ചെയ്യപ്പെട്ടിട്ടുള്ളൂ. ഫിക്ഷനുകളും നോൺ ഫിക്ഷനുകളും പേപ്പറിൽ മാത്രം ലഭ്യമാക്കിക്കൊണ്ട് അച്ചടിയുടെ പ്രാധാന്യവും വരേണ്യതയും നിലനിർത്തുക എന്നൊരു അജണ്ടകൂടി ഇതിനു പിന്നിലുണ്ടാവാം.
ഈ പശ്ചാത്തലത്തിൽ, ഡിജിറ്റൽ വായനയെ നമ്മുടെ പ്രസാധകർ ഭയക്കുന്നുണ്ടോ എന്നുപോലും സംശയിക്കാവുന്നതാണ്. ഡിജിറ്റൽ വായനാശീലം വ്യാപിക്കുന്നതോടെ പ്രസാധകർക്ക് പ്രാധാന്യമില്ലാത്ത അവസ്ഥ വന്നുചേർന്നേക്കും. നിലവിൽ അവർക്കുള്ള എല്ലാ പുസ്തക ഔട്ട്ലെറ്റുകളും അപ്രസക്തമാകുന്ന ഒരു അവസ്ഥയാണത്. പ്രസാധകരുടെ സോഷ്യൽ മീഡിയ റീച്ചും ഫോളോവേഴ്സിന്റെ എണ്ണവുമാവും ഇക്കാര്യത്തിൽ അവർക്ക് പ്രയോഗിക്കാനാവുന്ന ഒരേയൊരു മാർക്കറ്റിംഗ് ടൂൾ. ഇക്കാര്യത്തിൽ ആമസോൺ പോലെയുള്ള കോർപ്പറേറ്റുകളെ വെല്ലുവിളിക്കാനാവാതെ നമ്മുടെ പ്രസാധനരംഗം തളർന്നു വീഴാനുള്ള സാധ്യതയുമുണ്ട്. ഡിജിറ്റൽ ജയന്റുകളിൽ ലഭ്യമായ ‘സ്വയം പ്രസാധന’ സാധ്യതകളെ പുതിയ എഴുത്തുകാർ ഉപയോഗപ്പെടുത്തുവാൻ തുടങ്ങിയിട്ടുള്ളത് തദ്ദേശീയ പ്രസാധനരംഗത്തെ ബാധിക്കാതിരിക്കില്ല.
ഡിജിറ്റൽ ലോകത്തോട് പുറംതിരിഞ്ഞു നിൽക്കുന്നത് വേഗതയാർജ്ജിച്ച നമ്മുടെ കാലത്തോട് യോജിച്ച നടപടിയല്ല. ഡിജിറ്റൽ വിരുദ്ധ ചിന്താഗതി പലപ്പോഴും എഴുത്തിന്റെ സവിശേഷതയായ സ്പൊണ്ടേനിറ്റിയെ പരോക്ഷമായി വെല്ലുവിളിക്കുന്നുകൂടിയുണ്ട്. പേപ്പർ എന്ന മീഡിയം അതിദ്രുതം മാറുന്ന നമ്മുടെ ലോകത്തെ പ്രതികരണങ്ങളേയും മറ്റും സ്ലോ ഡൗൺ ചെയ്യുന്നുണ്ട്. ഇക്കാലത്ത് ആനുകാലികങ്ങളിൽ ഒരു പ്രതികരണം വന്നുതുടങ്ങുമ്പോഴേക്ക് ആ വിഷയം അപ്രസക്തമായിത്തീരുന്നത് കാണാനാവും.
പുസ്തകങ്ങൾ നിലനിൽക്കും എന്നതിനെ സംബന്ധിച്ച് ഉംബെർട്ടോ എക്കോ പറയുന്നത്, ‘മോട്ടോർ സൈക്കിൾ വന്നപ്പോഴും സൈക്കിളുകൾ നിലനിൽക്കുന്നതുപോലെ ഡിജിറ്റൽ യുഗത്തിലും പുസ്തകങ്ങൾ നിലനിൽക്കും’ എന്നാണ്. പുസ്തകങ്ങൾ നിലനിൽക്കുമെന്നത് ശരി. സൈക്കിളിന്റേതുപോലെ, ഏതർഥത്തിൽ, എത്രയളവിൽ എന്നതാണ് കാര്യം. നമ്മുടെയൊക്കെ വീടുകളിൽ ഇപ്പോൾ എത്ര സൈക്കിളുകൾ ഉണ്ട്?