ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പ്രത്യേകിച്ച് എന്തെങ്കിലും വികാരം (ഈഴവവികാരമോ ഹിന്ദുവികാരമോ സമാനമായ മറ്റെന്തെങ്കിലും വികാരമോ) ഇല്ലാത്ത സാമാന്യ വായനക്കാർക്ക് വായിക്കാൻ കൊള്ളാവുന്ന ഒരു ജീവചരിത്രകൃതി അദ്ദേഹത്തെക്കുറിച്ച് ഇംഗ്ളീഷിൽ ഇല്ലെന്നതാണ് വാസ്തവം. മലയാളത്തിലും ഇല്ല. അതുകൊണ്ടാണ് പി.കെ.ബാലകൃഷ്ണൻ 'നാരായണഗുരു' എന്ന സമാഹാരഗ്രന്ഥത്തിന്റെ ആമുഖത്തിൽ, "തുറന്ന മനസ്സും പഠനതാല്പര്യവുമുള്ള ഈഴവേതരനായ ഒരു സാമൂഹ്യശാസ്ത്ര വിദ്യാർത്ഥിക്കു പോലും താല്പര്യമുളവാക്കുന്ന രീതിയിലല്ല ഇന്ന് 'ശ്രീനാരായണ സാഹിത്യ'ത്തിന്റെ പോക്ക് " എന്നു പ്രസ്താവിച്ചത്.
ശശി തരൂർ ഗുരുവിനെക്കുറിച്ച് ഒരു കൃതി പ്രസിദ്ധീകരിക്കുമ്പോൾ സ്വാഭാവികമായും ആ വിടവ് അല്പമെങ്കിലും നികത്തപ്പെടുമെന്ന പ്രതീക്ഷയാണ് നമ്മിൽ ഉണരുക. എന്നാൽ പുസ്തകത്തിലേക്ക് പ്രവേശിക്കുന്ന കവാടം മുതൽ അപകട സൂചനകളാണ് കാണുന്നത്.
പുസ്തകത്തിന്റെ പേരും കവറുമാണല്ലോ രണ്ടു പ്രവേശനകവാടങ്ങൾ. 'The Sage Who Reimagined Hinduism: The Life, Lessons, & Legacy of Sree Narayana Guru' എന്നതാണ് പുസ്തകത്തിന്റെ തലക്കെട്ട്. ഇതിലെ പ്രധാന ഭാഗം, ‘ഹിന്ദുമതത്തെ പുനർവിഭാവനം ചെയ്ത ഋഷി' എന്നു തർജ്ജുമ ചെയ്യാം. എന്നാൽ ഈ പുസ്തകത്തിൽ നിന്നുമൊരു ഭാഗം തർജ്ജുമ ചെയ്തു പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസ്താവിച്ചിട്ടുള്ളത് "ശ്രീനാരായണ ഗുരു: ഹൈന്ദവതയുടെ ഭാവി ദർശിച്ച യോഗി" എന്ന പേരിൽ മലയാള പരിഭാഷ വരാൻ പോവുകയാണ് എന്നാണ്. പുസ്തകത്തിന്റെ ഉള്ളടക്കം വായിച്ച ആവേശത്തിൽ പരിഭാഷകൻ കയ്യിൽ നിന്നും ഇട്ടതാവാം ഇത്! ആ അർത്ഥത്തിൽ പുസ്തകത്തിന് ചേരുന്ന തലക്കെട്ടു തന്നെയാണ് ഇതും.
ശരിയാണ്; ഗുരു സ്ത്രോത്രങ്ങൾ എഴുതിയിട്ടുണ്ട്, ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. എന്നാൽ ഇതൊക്കെ ഹിന്ദുവായിട്ടാണ് എന്നത് പുറമെ നിൽക്കുന്നവരുടെ ആരോപണമാണ്. ഗുരു സ്വയം അങ്ങനെ ആയതിന്റെ യാതൊരു തെളിവുകളും ഇല്ല.
തർജ്ജുമയുടെ പ്രശ്‌നം മാറ്റിവെച്ച് കാതലായ ഒരു ചോദ്യം ഇവിടെ ഉന്നയിക്കേണ്ടതുണ്ട്: ശ്രീനാരായണ ഗുരുവിന് ഹിന്ദുമതത്തെ പുനർവിഭാവനം ചെയ്യേണ്ട എന്ത് ആവശ്യമാണ് ഉണ്ടായിരുന്നത്? ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്ന് പറഞ്ഞാൽ ‘ഒരു ജാതി, ഹിന്ദു മതം, ഹിന്ദു ദൈവം’ എന്നാണോ അർഥം?
ഹിന്ദുമതം എങ്ങനെ ആയിരിക്കണമെന്ന് ഗുരു ചിന്തിച്ചതിനെക്കുറിച്ച് യാതൊരു സൂചനകളും ഇതു വരെ ലഭിച്ചിട്ടില്ല. ‘ഒരു മതം’ എന്ന് അദ്ദേഹം പറയുന്നത് ഏതെങ്കിലും പ്രത്യേക മതത്തെക്കുറിച്ചല്ല. സി. വി.കുഞ്ഞുരാമനുമായി ഇക്കാര്യം വിശദമായി സംസാരിക്കുമ്പോൾ, ഗുരു ആശയവ്യക്തതയോടെ ഏതർത്ഥത്തിലാണ് മതം എന്ന സംജ്ഞയെ താൻ മനസ്സിലാക്കുന്നത് എന്ന് എടുത്തുപറയുന്നുണ്ട്. ഒരു കുടുംബസാദൃശ്യം (family resemblance) എന്ന രീതിയിലാണ് അദ്ദേഹം മതത്തെ എടുക്കുന്നത്. കുടുംബസാദൃശ്യം എന്നത് ലുഡ്‌വിഗ് വിഗ്ഗൻസ്റ്റൈൻ ആവിഷ്കരിച്ച സൈദ്ധാന്തിക സംവർഗ്ഗമാണ്. ഏതെങ്കിലും ഒരു ഗണത്തെ (category) മനസ്സിലാക്കാൻ അതിലുൾപ്പെട്ട എല്ലാ അംഗങ്ങളും പൊതുവായി പങ്കിടുന്ന ഏതെങ്കിലും സ്വഭാവവിശേഷം തേടുന്ന പതിവ് നിർവചനങ്ങൾക്കുണ്ട്. സാമാന്യതയോടുള്ള അത്യാർത്തി (craving for generality) എന്നാണ് വിഗ്ഗൻസ്റ്റൈൻ അതിനെ വിളിക്കുന്നത്. ഈ രോഗം ഒഴിവാക്കാൻ കുടുംബസാദൃശ്യം എന്ന സങ്കല്പനം സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങൾ തമ്മിൽ മൂക്കിന്റെ കാര്യത്തിൽ സാദൃശ്യം കാണാം. രണ്ടാമത്തെയാളും മൂന്നാമത്തെ മെമ്പറും തമ്മിൽ ചെവിയുടെ കാര്യത്തിൽ സാദൃശ്യം കാണാം. എന്നാൽ എല്ലാ അംഗങ്ങൾക്കും പൊതുവായി എന്തെങ്കിലും സാദൃശ്യം കാണണമെന്നില്ല. അതായത് മൂന്നു പേരുടെയും മൂക്ക് ഒരു പോലെയല്ല. മൂന്നു പേരുടെയും ചെവിയും ഒരു പോലെയല്ല. പൊതു സാദൃശ്യങ്ങൾ ഇല്ലെന്നിരിക്കിലും കുടുംബത്തിലെ രണ്ടു പേരെ ഒരുമിച്ചു കണ്ടാൽ ഒറ്റനോട്ടത്തിൽ തന്നെ അവർ ഒരേ കുടുംബത്തിലാണെന്നു മനസ്സിലാക്കാൻ സാധിക്കും.
ഹിന്ദു മതം എന്നതിൽ വരുന്ന വ്യത്യസ്തതകളെക്കുറിച്ചും ഏകമതം എന്ന സാധ്യതയെക്കുറിച്ചും ഗുരു വിശദീകരിക്കുന്നത് ഇതിനു സദൃശമായ രീതിയിലാണ്:
‘‘വൈദികമതം, പൗരാണികമതം, സാംഖ്യമതം, വൈശേഷികമതം, മീമാംസാമതം, ദ്വൈതമതം, അദ്വൈതമതം, വിശിഷ്ടാദ്വൈതമതം, ശൈവമതം, ശാക്തേയമതം, വൈഷ്ണവമതം എന്നിങ്ങനെ പ്രത്യക്ഷത്തിൽ വിഭിന്നങ്ങളായിരിക്കുന്ന അനേക മതങ്ങൾക്ക് എല്ലാറ്റിനും കൂടി ഹിന്ദുമതം എന്ന് ഒരു പൊതുപ്പേരു പറയുന്നത് യുക്തിഹീനമല്ലെങ്കിൽ, മനുഷ്യജാതിക്കെല്ലാറ്റിനും മോക്ഷപ്രാപ്തിക്ക് ഉപയുക്തങ്ങളായി ദേശകാലാവസ്ഥകൾ അനുസരിച്ച് ഓരോ ആചാര്യന്മാർ ഈഷദീഷൽ ഭേദങ്ങളോടു കൂടി ഉപദേശിച്ചിട്ടുള്ള എല്ലാ മതങ്ങൾക്കും കൂടി ഏകമായ ലക്ഷ്യത്തോടു കൂടിയ ' ഏകമതം ' എന്നു പറയുന്നതിൽ എന്തിനാണ് യുക്തി ഹീനതയെ സംശയിക്കുന്നത്? " (നാരായണഗുരു, ഡി.സി.ബുക്സ്, പുറം 175).
ഗുരു പറഞ്ഞത് എന്താണെന്നതിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്റെ പറച്ചിലുകളും ചെയ്തികളും ചരിത്രപരമായി എന്തു ധർമമാണ് നിർവഹിച്ചതെന്നതിനെക്കുറിച്ച് നമുക്ക് നമ്മുടേതായ നിഗമനങ്ങളിൽ എത്തിക്കൂടേ എന്ന ചോദ്യം ഇവിടെ ഉയരാം. തീർച്ചയായും സാധ്യമാണ്. എന്നല്ല ആവശ്യമാണ്. എന്നാൽ ഒരാൾ ചെയ്തതും നിലകൊണ്ടതുമായ കാര്യങ്ങളെ തീരെ കണക്കിലെടുക്കാതെ അതിനു നേർ വിപരീതമായ സ്ഥാപിച്ചെടുക്കുന്നത് ശരിയാണോ എന്നതാണ് പ്രശ്നം.
മുമ്പ് തന്നെ ഹിന്ദുപാരമ്പര്യത്തിലെ ഒരു ആചാര്യനായി ഗുരുവിനെ വിലയിരുത്തിയ ഒരാൾ സി.പി. രാമസ്വാമി അയ്യരാണ്. അദ്ദേഹം അതിനു കണ്ട ന്യായം, ‘‘വിപരീതഭാവങ്ങളെ ഉള്ളിലേക്ക് സ്വീകരിക്കാനുള്ള കഴിവ്’’ ഹിന്ദു പാരമ്പര്യത്തിനുണ്ടെന്നതാണ്. അതേസമയം യുക്തിവാദിയായിരുന്ന എം.സി. ജോസഫ് മതവിശ്വാസമലീമസമല്ലാത്ത യുക്തിവാദമനസ്സാണ് ഗുരുവിനുണ്ടായിരുന്നതെന്ന് വാദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ യുക്തി ഇനി പറയും വിധമാണ്: "മദ്യമേതായാലും മനുഷ്യനു സുബോധമുണ്ടായാൽ മതി എന്ന അനുകരണവാക്യത്തിലെ ധ്വനി മദ്യപാനത്തെ അനുകൂലിക്കുന്നതോ പ്രതികൂലിക്കുന്നതോ എന്നു മനസ്സിലാക്കി സ്വാമിയുടെ സൂക്തിയുമായി താരതമ്യം ചെയ്‌താൽ അർഥം വെളിപ്പെട്ടു കാണാം’’ (നാരായണഗുരു, പുറം 333). എം.സി. ജോസഫ് മാത്രമല്ല ഗുരുവിലേക്ക് ആകൃഷ്ടനായ യുക്തിവാദി എന്നതും സുവിദിതമായ കാര്യമാണ്.
ഇക്കാലത്ത് ശക്തി പ്രാപിക്കുന്ന വിഭാഗം ഹിന്ദുയിസത്തിനു പകരം യുക്തിവാദമായിരുന്നെങ്കിൽ തീർച്ചയായും 'ശ്രീനാരായണ ഗുരു: യുക്തിവാദത്തിന്റെ ഭാവി ദർശിച്ച മനീഷി’ എന്നൊരു പുസ്തകം വന്നേനെ. ഒരു ഹിന്ദുസന്യാസി ആയിരുന്നെങ്കിൽ ഇത്രയും വൈവിധ്യപൂർണമായ പശ്ചാത്തലങ്ങളിലും കാഴ്ചപ്പാടുകളിലും ഉണ്ടായിരുന്ന ആളുകൾ അദ്ദേഹത്തിലേക്ക് ആകൃഷ്ടനാവുകയില്ലായിരുന്നു. (ഹിന്ദു സന്യാസി എന്നത് തന്നെ നല്ല കോമഡിയാണ്. സന്യാസി എന്ന വാക്കിന്റെ അർഥം എല്ലാം കൈ വിട്ട ആൾ എന്നാണല്ലോ. എല്ലാം കൈ വിട്ട ഒരാൾ എങ്ങനെയാണ് ഹിന്ദു എന്ന സ്വത്വം കൈ വിടാതെ കാക്കുക?)
ശരിയാണ്; ഗുരു സ്ത്രോത്രങ്ങൾ എഴുതിയിട്ടുണ്ട്, ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. എന്നാൽ ഇതൊക്കെ ഹിന്ദുവായിട്ടാണ് എന്നത് പുറമെ നിൽക്കുന്നവരുടെ ആരോപണമാണ്. ഗുരു സ്വയം അങ്ങനെ ആയതിന്റെ യാതൊരു തെളിവുകളും ഇല്ല. അരുവിപ്പുറം പ്രതിഷ്ഠയടക്കം ഗുരു എന്തെങ്കിലും ചെയ്തിട്ടുള്ളത് ആൾക്കാർ വന്ന് പ്രശ്നങ്ങൾ അവതരിപ്പിക്കുമ്പോൾ അതിനുള്ള പരിഹാരം എന്ന നിലയ്ക്കാണ്. അങ്ങനെ മാത്രമാണ്. അല്ലാതെ സ്വയം ഒരു പദ്ധതിയുണ്ടാക്കി ആസൂത്രിതമായ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായല്ല. ഇനിയഥവാ യുക്തിവാദികളോ ഹിന്ദുവല്ലാത്ത മതാനുയായികളോ വന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഇതു പോലെ എന്തെങ്കിലും ചെയ്തേനെ - അത് എന്താവുമെന്ന് പ്രവചിക്കാൻ സാധിക്കില്ലെങ്കിലും. ഹിന്ദുമതത്തിനുള്ളിലെ ഒരാൾ എന്നതായിരുന്നു ഗുരുവിന്റെ നിലയെങ്കിൽ "ധർമപരിപാലനയോഗം" അല്ലല്ലോ ഉണ്ടാക്കുക.

ഗുരുവിനെ 'നമ്മളുടെ ആളാ'ക്കാനുള്ള ശ്രമങ്ങൾ അദ്ദേഹം ജീവിച്ചിരുന്ന കാലത്തു തന്നെ തുടങ്ങിയതാണ്. അതിനായി അൽപ്പം ബലപ്രയോഗങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ വേഷവിധാനം മാറ്റുന്നത് ഇത്തരത്തിലുള്ള ചെറിയ ബലപ്രയോഗത്തിലൂടെയാണ്. ജീവിതസായാഹ്നം വരെയും ഗുരുവിന്റെ വേഷം വെള്ള മുണ്ടും വെളുത്ത മേൽമുണ്ടുമായിരുന്നു. 1924- ൽ സിലോണിലേക്ക് രണ്ടാമതും യാത്ര പോവാൻ പുറപ്പെട്ട് മണ്ഡപത്തിൽ നിൽക്കുമ്പോൾ ശിഷ്യന്മാർ മഞ്ഞമുക്കിയ വസ്ത്രങ്ങൾ കൊടുക്കുന്നതിനെക്കുറിച്ച് പി.കെ.ബാലകൃഷ്ണൻ വിവരിക്കുന്നത് ഇങ്ങനെയാണ്: ‘‘വെള്ള വസ്ത്രങ്ങളെല്ലാം, സ്വാമിയെ ഒരു സന്യാസിവര്യനാക്കണമെന്ന ശാഠ്യബുദ്ധിയോടെ അവർ മാറ്റുകയും ചെയ്തിരുന്നു. 'നാമിതു ധരിക്കേണമോ?' എന്ന് സഹജമായ ചോദ്യം സഹജമായ ചിരിയോടെ ചോദിച്ചുകൊണ്ട് അദ്ദേഹം ആ മഞ്ഞവസ്ത്രം ധരിച്ചു" (നാരായണഗുരു, പുറം 135).
വേഷം തുടങ്ങിയ നിസ്സാരമായ കാര്യങ്ങൾ എന്തു കൊണ്ട് പ്രധാനമാണെന്ന് ഈ ഉപന്യാസത്തിനു എഴുതിയ ഇൻട്രോയിൽ, ‘‘ഭക്തശിഷ്യന്മാർ സ്വാമിക്ക് കമണ്ഡലുവും ഭിക്ഷാപാത്രവും കാഷായവും കൊടുത്തു മാമുനിയാക്കികൊണ്ടിരിക്കുന്ന" അന്നത്തെ സമകാലകാലാവസ്ഥയെ മുൻ നിർത്തിയാണ് പി.കെ.ബാലകൃഷ്ണൻ എടുത്തു കാട്ടിയത്.
ഈ പശ്ചാത്തലത്തിലാണ് പുസ്തകത്തിന്റെ കവർ പരിശോധനയർഹിക്കുന്നത്. കാഷായം ധരിച്ച അർദ്ധനഗ്നനായ ശ്രീനാരായണഗുരുവിന്റെ ചിത്രമാണ് കവറിലുള്ളത്. കാതറിൻ എബ്രഹാം എ ഐയുടെ സഹായത്താൽ തയ്യാറാക്കിയതാണ് ഈ ഇമേജെന്ന് ക്രഡിറ്റ് കൊടുത്തിട്ടുണ്ട്. ഇതേ ഇമേജ് 2018- ൽ ദ ഹിന്ദു പുറത്തിറക്കിയ 'Sree Narayana Guru: The Sage of Sivagiri' എന്ന പുസ്തകത്തിന്റെ കവറായും വന്നിട്ടുണ്ട്. അതിൽ പക്ഷേ വസ്ത്രത്തിന്റെ നിറം കാവിയല്ല, വെള്ളയാണ്. അതു കഴിഞ്ഞ് ചില ഓൺലൈൻ പ്ലാറ്റുഫോമുകളിലും വാട്സാപ്പ് ഗ്രൂപ്പ് ഐക്കണുകൾ ആയുമൊക്കെ കാവിരൂപം വന്നിട്ടുണ്ടെന്ന് ഈ വിഷയത്തിൽ ഗവേഷണം ചെയ്യുന്ന സൗമ്യയോട് അന്വേഷിച്ചപ്പോൾ അറിയാനായി.
എത്രത്തോളം ഉദാസീനവും അശ്രദ്ധവുമാണ് ഗുരുവിനെക്കുറിച്ചുള്ള ശശി തരൂരിന്റെ ആഖ്യാനമെന്നതിന് തെളിവ്, മോദിയുടെ പ്രസംഗങ്ങളാണ് രണ്ടിടത്ത് പ്രമാണങ്ങളായി സ്വീകരിച്ചിട്ടുള്ളത് എന്നതാണ്. എന്തെങ്കിലും വിമർശനപരമായ പര്യാലോചനകൾക്കായല്ല അങ്ങനെ ചെയ്യുന്നത്.
ഗുരുവിന്റെ പഴയ ഫോട്ടോഗ്രാഫുകളിൽ വെള്ള കോറത്തുണിയാണ് വേഷം. മുപ്പതു വയസ്സിനടുത്തുള്ള ചിത്രം ‘‘ദൃഢമായ ചട്ടക്കൂടുള്ള മെലിഞ്ഞ ഒരു യുവാവിന്റേതാണ്" എന്നും "അക്കാലത്ത് ആ പ്രായമുള്ള ഒരു സാമാന്യക്കാരൻ ധരിക്കാവുന്ന സാമാന്യവേഷത്തിൽ കവിഞ്ഞ അണിയങ്ങളൊന്നും ആ ചിത്രത്തിൽ ചമ്പ്രം പടഞ്ഞിരിക്കുന്ന യുവാവിനില്ല" എന്നും പി.കെ. ബാലകൃഷ്ണൻ (നാരായണഗുരു, പുറം 131) നിരീക്ഷിച്ചിട്ടുണ്ട്. വെള്ള മാറ്റി മഞ്ഞയുടുപ്പിക്കുന്നതും കാവിയുടുപ്പിക്കുന്നതും ഒക്കെ ഉടുത്ത ആളെക്കുറിച്ചല്ല, ഉടുപ്പിക്കുന്നവരെക്കുറിച്ചും അവരുടെ കാലത്തെക്കുറിച്ചുമാണ് കൂടുതൽ സൂചനകൾ നൽകുന്നത്.
എന്തുതന്നെയായാലും ഈ ചിത്രവും തലക്കെട്ടും പുസ്തകത്തിലെ പ്രധാനപ്പെട്ട വാദമുഖങ്ങളെ സംഗ്രഹിക്കുന്നതിൽ വിജയിക്കുന്നുണ്ട്. അതു കൊണ്ടാണ് (വേണമെങ്കിൽ തിരുത്താവുന്ന) ഈ രണ്ടു മൂലകങ്ങളിൽ എന്റെ പുസ്തകവിചാരം ഒതുങ്ങിനിൽക്കുന്നത്. ഗുരുവിനെക്കുറിച്ച് ഇംഗ്ളീഷിലുള്ള കുറെ സോഴ്‌സുകളെ വിവേചന ബുദ്ധിയില്ലാതെ അവലംബിക്കുകയും പാരമ്പര്യത്തിൽനിന്ന് ആധുനികതയിലേക്ക് എന്ന കഥാഗതിയും ഹിന്ദുമതത്തെ ഉള്ളിൽ നിന്നും രക്ഷിക്കുകയും മതപരിവർത്തനത്തെ തടയുകയും ചെയ്ത ഒരാൾ എന്ന കഥാഗതിയും പിന്തുടരുകയും ചെയ്യുന്ന ദുർബലമായ ഒരു കൃതിയാണിത്.

എത്രത്തോളം ഉദാസീനവും അശ്രദ്ധവുമാണ് ഈ ആഖ്യാനമെന്നതിന് തെളിവ് മോദിയുടെ പ്രസംഗങ്ങളാണ് രണ്ടിടത്ത് പ്രമാണങ്ങളായി സ്വീകരിച്ചിട്ടുള്ളത് എന്നതാണ്. എന്തെങ്കിലും വിമർശനപരമായ പര്യാലോചനകൾക്കായല്ല അങ്ങനെ ചെയ്യുന്നത്. ഉദാഹരണത്തിന്, 23-ാം അധ്യായം തുടങ്ങുന്നത് മോദി 2025 ജൂൺ 24 നു ദൽഹിയിൽ നടത്തിയ പ്രസംഗം ഉദ്ധരിച്ചാണ്. വിവേചനങ്ങൾ ഇല്ലാതാക്കാൻ സമകാല ഇന്ത്യയിൽ നടക്കുന്ന (സ്‌കിൽ ഇന്ത്യ തുടങ്ങിയ ) മുൻകയ്യുകൾക്ക് ഗുരുവിന്റെ ഉദ്ബോധനങ്ങളാണ് പ്രചോദനം തുടങ്ങിയ പതിവുപടി വിരസോക്തികൾ മാത്രമാണ് അതിന്റെ ഉള്ളടക്കം.
ഗുരു കേരളത്തിനു പുറത്തുള്ളവർക്ക് പ്രായേണ അപരിചിതനാണെന്നും ഈ പരിമിതി പരിഹരിക്കലാണ് പുസ്തകത്തിന്റെ ലക്ഷ്യമെന്നും ആമുഖത്തിൽ പ്രസ്താവിക്കുന്നുണ്ട്. ലോകത്ത് അപൂർവമായി മാത്രം ഉണ്ടാവുന്ന തത്വദർശികളിൽ ഒരാളായി ഗുരുവിനെ മനസ്സിലാക്കുന്ന ഒരാളിൽ കേരളം /ഇന്ത്യ / ലോകം എന്ന ഉച്ചനീച ക്രമം അപകർഷം തീർക്കുകയില്ല. ഒരു പ്രാദേശിക മഹാത്മാവിനെ അഖിലേന്ത്യാ ശ്രദ്ധയിലേക്ക് കൊണ്ടു വരിക എന്ന പ്രഖ്യാപിത രക്ഷാകർതൃദൗത്യം തന്നെയാണ് ഇന്ത്യയിലെ ഹൈന്ദവ പരിഷ്കർത്താക്കളിൽ ഒരാൾ എന്ന ചിത്രത്തിലേക്ക് ഗുരുവിനെ ബലാൽ ചേർക്കാനുള്ള ശ്രമമായി തരൂരിന്റെ ശ്രമം ചുരുങ്ങാൻ ഇട വരുത്തിയത്. ശശി തരൂരിനുള്ള ബ്രാൻഡ് വാല്യു മാത്രമാണ് ഇതിന് പ്രചാരം നൽകുന്നത്. അതുകൊണ്ടുതന്നെയാണ് അങ്ങേയറ്റം ഉപരിപ്ലവമായ ഈ കൃതി അത്യന്തം അപകടകരമായി മാറുന്നതും.

