ഡോ. എ.കെ. ജയശ്രീ

വെറുപ്പ്
രാഷ്ട്രീയത്തിൽ കലരുന്ന കാലത്ത്
വായിക്കാനൊരു പുസ്തകം

2025-ലെ വായനയിലെ വേറിട്ട പുസ്തകമായി ഡോ. എ.കെ. ജയ​ശ്രീ തെരഞ്ഞെടുക്കുന്നു: നിസാർ അഹമ്മദ് എഴുതിയ Metaphysics and the politics of compassion: An Indian perspective.

Metaphysics and the politics of compassion: An Indian perspective, നിസാർ അഹമ്മദിന്റെ പേരിൽ 2023- ൽ പുറത്തിറങ്ങിയ 93 പേജുകൾ മാത്രമുള്ള ചെറു പുസ്തകം. മൗലികമായ ചിന്തയുടെ ഘനം കൊണ്ട് വേറിട്ടുനിൽക്കുന്ന കൃതിയാണിത്. അതുകൊണ്ടുതന്നെ എളുപ്പം വായിച്ചുപോകാൻ കഴിയില്ല. കോഴിക്കോട് ആസ്ഥാനമായ ഇൻസൈറ്റ് പബ്ലിക്കയാണ് പ്രസാധകർ.

തത്വചിന്തയിലും ബൗദ്ധദർശനത്തിലും വേദാന്തത്തിലും അനുശീലനം ചെയ്തിട്ടില്ലാത്തതുകൊണ്ട് ഒരു സാധാരണ പ്രാക്ടീഷണറുടെ സമീപനമായി ഈ വായനയെ കണ്ടാൽ മതി. ജീവിക്കുക എന്ന പ്രക്രിയയാണ് പ്രാക്ടീസ് എന്നതുകൊണ്ട് ഉദ്ദേശിച്ചത്.

പുസ്തകത്തിൽ മൂന്ന് അദ്ധ്യായങ്ങളാണുള്ളത്. ആദ്യത്തേത് മാത്രമാണിവിടെ സ്പർശിക്കുന്നത്. നമ്മുടെ പരിസരത്തുനിന്നുള്ള മൗലികമായ ചിന്ത, രാഷ്ട്രീയത്തിന്റെ പുനർവിചിന്തനം, തത്വചിന്തയുടെയും രാഷ്ട്രീയത്തിന്റേയും ഇഴയിടൽ എന്നീ നിലകളിൽ ഇത് താല്പര്യമുണർത്തും.

അക്കാദമികൾക്ക് പുറത്തായാൽ പോലും, അധികാരത്തിന്റെ സൂക്ഷ്മനിയന്ത്രണങ്ങൾക്ക് വഴങ്ങാത്ത സ്വതന്ത്ര ചിന്ത ഉന്മേഷകരമാണ്. അതിലേക്ക് വഴി തുറക്കുന്നതാണ് നിസാർ അഹമ്മദിന്റെ Metaphysics and the politics of compassion: An Indian perspective എന്ന പുസ്തകം.

സാമ്പ്രദായികമായ അർത്ഥത്തിൽ മെറ്റാഫിസിക്‌സും പൊളിറ്റിക്‌സും തമ്മിൽ ചേർന്നുപോകുമോ എന്ന് സംശയമാണ്. ഇന്ദ്രിയഗോചരമല്ലാത്തതും മാറ്റമില്ലാതെ നിലകൊള്ളുന്നതുമായ യാഥാർഥ്യത്തെ കണ്ടെത്താൻ ശ്രമിക്കുകയാണ് മെറ്റാഫിസിക്സ് ചെയ്യുന്നത്. അതിന് ഫിസിക്സ് പോലെയുള്ള ഭൗതിക ശാസ്ത്രങ്ങൾക്ക് മുകളിലായി സ്ഥാനം നൽകിപ്പോന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയ വിമർശങ്ങൾക്ക് വിധേയമായ ജ്ഞാനപദ്ധതിയാണത്. ലോകത്തെ മാറ്റിത്തീർക്കാനാണ് രാഷ്ട്രീയം ശ്രമിക്കുന്നത്. മാറ്റമില്ലാതെ നിലകൊള്ളുന്ന യാഥാർഥ്യത്തെ അത് പരിഗണിക്കാറില്ല. ഇങ്ങനെ നോക്കുമ്പോൾ ഇവ തമ്മിൽ വൈരുദ്ധ്യം തോന്നാം.

ഈ വൈരുദ്ധ്യത്തെ മറികടക്കുന്നിടത്ത് ഈ പുസ്തകത്തിലെ ചിന്ത മൗലികമാകുന്നു. നമ്മുടെ ഉപഭൂഖണ്ഡത്തിൽ മനുഷ്യർ ജീവിച്ചുപോന്ന രീതികളും ഉൾക്കാഴ്ചകളും രാഷ്ട്രീയവും ഇപ്പോൾ അധികം ചിന്തക്ക് വിധേയമാക്കപ്പെടാറില്ല. സാർവ്വത്രികമെന്ന് കരുതപ്പെടുന്ന അക്കാദമിക് മാനദണ്ഡങ്ങളിലേക്ക് അറിവ് ചുരുക്കപ്പെടുന്നു. അതിനും രാഷ്ട്രീയമുണ്ട്. അക്കാദമിക വൃത്തങ്ങളിൽ നേടുന്നതും നിർമ്മിക്കപ്പെടുന്നതുമായ അറിവ് അതിന്റെ വൃത്തത്തിനുള്ളിൽ സുഘടിതവും കണിശതയോടും കൂടിയതായാൽ പോലും, ഇവിടുത്തെ രാഷ്ട്രീയപ്രക്രിയയിലോ അധികാരരൂപങ്ങളിലോ കാര്യമായ സ്വാധീനം ചെലുത്താൻ പര്യാപ്തമാകുന്നില്ല. പലപ്പോഴും, അധികാരത്തിന്റെ സ്വാധീനം കൊണ്ടു തന്നെ കണിശതയില്ലാത്ത, അയഞ്ഞ ഉപയോഗശൂന്യമായ ലിഖിതങ്ങളായി ഏതെങ്കിലും മൂലകളിൽ തള്ളപ്പെടുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അതിനുള്ള പ്രവണതയാണ് കൂടുതൽ കാണുന്നത്. അതിനാൽ, അക്കാദമികൾക്ക് പുറത്തായാൽ പോലും, അധികാരത്തിന്റെ സൂക്ഷ്മനിയന്ത്രണങ്ങൾക്ക് വഴങ്ങാത്ത സ്വതന്ത്ര ചിന്ത ഉന്മേഷകരമാണ്. അതിലേക്ക് വഴി തുറക്കുന്നതാണ് ഈ പുസ്തകമെന്നതാണ് ഒരു സവിശേഷത.

Metaphysics and the politics of compassion: An Indian perspective, നിസാർ അഹമ്മദിന്റെ പേരിൽ 2023- ൽ പുറത്തിറങ്ങിയ 93 പേജുകൾ മാത്രമുള്ള ചെറു പുസ്തകം. മൗലികമായ ചിന്തയുടെ ഘനം കൊണ്ട് വേറിട്ടുനിൽക്കുന്ന കൃതിയാണിത്.
Metaphysics and the politics of compassion: An Indian perspective, നിസാർ അഹമ്മദിന്റെ പേരിൽ 2023- ൽ പുറത്തിറങ്ങിയ 93 പേജുകൾ മാത്രമുള്ള ചെറു പുസ്തകം. മൗലികമായ ചിന്തയുടെ ഘനം കൊണ്ട് വേറിട്ടുനിൽക്കുന്ന കൃതിയാണിത്.

മനുഷ്യർക്ക് ഇഹലോകത്തിൽനിന്ന് വിടുതൽ നേടി, പരലോകത്തിൽ പ്രതീക്ഷ വെക്കാൻ വേണ്ടി മെറ്റാ ഫിസിക്സിനെ ഉപയോഗപ്പെടുത്താനല്ല ഇതിൽ ശ്രമിക്കുന്നത്. അതെങ്ങനെയാണ് മനുഷ്യജീവിതത്തെ ക്രമപ്പെടുത്തുന്നതെന്നത് ഒഴിവാക്കുന്നില്ല. ഉണ്മ തിരയുന്നതിലൂടെ, അതിന്റെ ഇടപെടലുകളും ആന്തരിക വൈരുദ്ധ്യങ്ങളും ചലനങ്ങളും ഉൾക്കൊണ്ട് എങ്ങനെയാണ് മനുഷ്യർ രാഷ്ട്രീയനിലയിലെത്തുന്നതെന്ന് ഇതിൽ വിശദീകരിക്കുന്നുണ്ട്. സംസാരത്തിന്റേയും സംസ്കാരത്തിന്റെയും വ്യവഹാരങ്ങളുടെയും കെട്ടുപാടുകളിൽ നിന്നുള്ള മോചനം ഉണ്മയുടെ, അറിയലാണ് (സംസാരവും, സംസ്കാരവും, വ്യവഹാരവും വേദാന്തത്തിലും ബൗദ്ധ ദർശനത്തിലും ഉപയോഗിക്കുന്ന പരികല്പനകളാണ്. ലോകത്തെ തന്നെയാണ് ഒരർത്ഥത്തിൽ സംസാരമായി കാണുന്നത്).

മെറ്റാഫിസിക്സിന്റെ ചിന്താമാതൃകയിൽ വരുന്ന ഈ പരികല്പനകളും, അതോട് ചേർന്നുവരുന്ന സാമ്പ്രദായികമായ ഒട്ടേറെ ആചാരങ്ങളും മാമൂലുകളും കീഴ്‌വഴക്കങ്ങളും ഒക്കെ കലർത്തിയാണ് ഇവിടെ നമ്മൾ സാമൂഹ്യജീവിതം നയിക്കുന്നത്. എന്നാൽ, അക്കാദമിക ലോകത്ത് ആധിപത്യം പുലർത്തുന്നത് ആധുനിക പാശ്ചാത്യ ചിന്തയും അതിന്റെ സമ്പ്രദായങ്ങളുമാണ്. അതിന്റെ സ്വാധീനം നമ്മുടെ ജീവിതത്തിലും, ചിന്തയിലും രാഷ്ട്രീയത്തിലും കലരുന്നുണ്ട്. ഇവയെല്ലാം കൂടി ചേർന്നതാണ് നമ്മുടെ ജീവിതം. ഇവയെ, ഇന്നത്തെ ജീവിതത്തിന്റെ പ്രകരണത്തോട് ചേർത്തുവച്ച് പരിശോധിക്കാനും ജീവിതം സ്വതന്ത്രവും സുന്ദരവും ആക്കാനുമുള്ള ദിശ നൽകാൻ ഒരുപക്ഷേ, ഈ നൂതന ചിന്തകൾക്ക് കഴിഞ്ഞേക്കും.

ഉണ്മയിലേക്ക് തിരിയുകവഴി, രാഷ്ട്രീയത്തെ കരുണാർദ്രമായി അറിയാനുള്ള സന്ദർഭം കൂടി ഇവിടെ ഉയർന്നുവരുന്നുണ്ട്. വെറുപ്പ് രാഷ്ട്രീയത്തിന്റെ പ്രകടസ്വഭാവമായി മാറുന്ന ഈ കാലത്ത് ഈ ഉണർവ്വ് ശ്രദ്ധേയമാണ്. രാഷ്ട്രീയം, സാധാരണ സങ്കല്പിക്കപ്പെടുന്നത് നിയതമായ സൈദ്ധാന്തിക അടിത്തറയിൽ സുനിശ്ചിതത്വത്തോടെ നിർണ്ണയിക്കപ്പെട്ട ലക്ഷ്യങ്ങളും അതിനുള്ള മാർഗ്ഗങ്ങളും എന്ന നിലക്കാണ്. അവിടെ മത്സരം അനിവാര്യമാവുകയും പിന്നാലെ വെറുപ്പ് ഉണ്ടാവുകയും ചെയ്തേക്കാം. എന്നാൽ ഇവിടെ സംസാരത്തിന്റെയും സംസ്കാരത്തിന്റെയും കെട്ടുപാടുകളിൽ നിന്ന് മോചിതമാകുന്ന ജീവൽ ശരീരം അപരത്വം വെടിഞ്ഞ് മറ്റു ജീവൽശരീരങ്ങളോട് അനുകമ്പപ്പെടുന്നു. അത് ആഴമാർന്ന രാഷ്ട്രീയതയായി തിരിച്ചറിയപ്പെടുന്നു.

മെറ്റാഫിസിക്സ്, യാഥാർഥ്യത്തെ അറിയാൻ ശ്രമിക്കുമ്പോൾ തന്നെ സംസ്കാരത്തിലൂടെയും സംസാരത്തിലൂടെയും വ്യവഹാരത്തിലൂടെയും അവ്യവസ്ഥാപിതമായ ചിട്ടവട്ടങ്ങളും നിയമങ്ങളും നില നിർത്തുന്നതിനാൽ, മനുഷ്യർ അതിൽ തന്നെ പെട്ടുപോകുന്നത് കാണാം. അത് ജീവിതത്തിന് ക്രമവും അർത്ഥവും നൽകുന്നതിന് ഉദ്ദേശിക്കുന്നു എങ്കിലും സംസാരത്തിൽ പെട്ടുപോകുന്ന ആളിന് ഉണ്മയിലേക്ക് കടക്കാൻ അതിന്റെ വ്യവഹാരങ്ങൾ തന്നെ തടസ്സമാകുന്നുണ്ട്. അധികാരബന്ധങ്ങളെ ചോദ്യം ചെയ്യാതെ, കീഴടങ്ങിനിൽക്കുന്നതിനും അത് ഇടമൊരുക്കുന്നു. ഇത് മുന്നേ, ഉള്ളിൽ നിന്ന് ലഭ്യമായ, ചിന്താശൂന്യമായ കാഴ്ചയാണെങ്കിൽ, വിമർശാത്മകമായി പുറമേ നിന്ന് കാണുന്നതിനും മെറ്റാ ഫിസിക്സ് ഇടം നൽകുന്നു. ആദ്യത്തേതിന് നോൺ സ്പെസിഫിക് മെറ്റാഫിസിക്സ് (N metaphysics) എന്നും രണ്ടാമത്തേതിന് സ്പെസിഫിക് മെറ്റാ ഫിസിക്സ് (S metaphysics) എന്നും നാമകരണം ചെയ്തിട്ടുണ്ട്. രണ്ടാമത്തേത്, ഊഹാടിസ്ഥാനത്തിൽ (speculative) ഉള്ളതെങ്കിലും ക്രമമായി മുന്നോട്ട് നീങ്ങുന്നതാണ്. ഇവ രണ്ടും അർത്ഥം തേടുന്നു എങ്കിലും വിപരീതദിശയിൽ നീങ്ങുന്നു.

സംസാരത്തിനും അതിന്റെ വ്യവഹാരങ്ങൾക്കും മെറ്റാഫിസിക്സ് എന്ന അവകാശവാദമുള്ളപ്പോഴും അദ്വൈതം, ബുദ്ധിസം എന്നിങ്ങനെയുള്ള നമ്മുടെ ജ്ഞാനപാരമ്പര്യത്തിൽ അവ, അവിദ്യയായാണ് കണക്കാക്കിയിട്ടുള്ളത്.

സംസാരത്തിനും അതിന്റെ വ്യവഹാരങ്ങൾക്കും മെറ്റാഫിസിക്സ് എന്ന അവകാശവാദമുള്ളപ്പോഴും അദ്വൈതം, ബുദ്ധിസം എന്നിങ്ങനെയുള്ള നമ്മുടെ ജ്ഞാനപാരമ്പര്യത്തിൽ അവ, അവിദ്യയായാണ് കണക്കാക്കിയിട്ടുള്ളത്. സംസാരത്തിൽ, വ്യവഹാരങ്ങളിലൂടെ ജീവൽ ശരീരങ്ങളും, അവരുടെ പ്രവർത്തനങ്ങളും കൂട്ടായ്മകളും, അവയുടെ ക്രമത്തെ അംഗീകരിക്കുകയോ, പ്രതിരോധിക്കുകയോ, പുനഃ:സ്ഥാപിക്കുകയോ ചെയ്യാൻ പാകത്തിലാണ് അടുക്കിയിരിക്കുന്നത്. അതിനാൽ, പുറമേനിന്നുള്ള ദാർശനികമായ വിലയിരുത്തലിലൂടെ ഈ ക്രമത്തെ അസ്ഥിരപ്പെടുത്താനുള്ള സാദ്ധ്യത നിലനിൽക്കുന്നു. ഇവിടെ മെറ്റാഫിസിക്സ് രാഷ്ട്രീയ സാന്ദ്രമാകുന്നുണ്ട് എന്നതാണ് കണ്ടെത്തുന്നത്. (n- meta physics, s- metaphysics, N-Metaphysics, S-Metaphysics എന്നീ പരികല്പനകൾ ഉപയോഗിച്ചാണ് ഇത് പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്നത്)
എസ് മെറ്റാഫിസിക്സ് (s metaphysics) ആണ് ഇത് നിർവ്വഹിക്കുന്നത്. അദ്വൈതദർശനത്തിന്റെ പ്രയോഗം ഇതിനുദാഹരണമാണ്. നാഗാർജ്ജുനന്റെ ബൗദ്ധ- തത്വചിന്തയുടെ നിദർശനം, പിന്നീട് വരുന്ന അദ്ധ്യായങ്ങളിൽ നന്നായി വിശദീകരിക്കുന്നുണ്ട്.

സംസ്കാരത്തിന്റെയും സംസാരത്തിന്റെയും കെട്ടുപാടുകളിൽ നിന്ന് സ്വതന്ത്രമാകുന്ന ബോധം വ്യാവഹാരികമായ പ്രമാണങ്ങളിൽ നിന്നും ബന്ധങ്ങളിൽ നിന്നും മോചിതമാവുകയാണ്. മുൻകൂട്ടി നിർണയിക്കപ്പെട്ട ബന്ധങ്ങളിൽ നിന്ന് വിടുതൽ നേടിയ ശരീരങ്ങൾ അനന്യതയും അതിരും കടന്ന് നിൽക്കുന്നു. ബോധത്തിലെ ഏകത്വം മറ്റു ശരീരങ്ങളെ വ്യത്യാസമില്ലാതെ പരിഗണിക്കേണ്ട നിലയിലെത്തിക്കും. ആ അർത്ഥത്തിൽ അത് അങ്ങേയറ്റം രാഷ്ട്രീയപരമാണ്.

മെറ്റാഫിസിക്സിന്റെ ചിന്താമാതൃകയിൽ വരുന്ന ഈ പരികല്പനകളും, അതോട് ചേർന്നുവരുന്ന  സാമ്പ്രദായികമായ ഒട്ടേറെ ആചാരങ്ങളും മാമൂലുകളും കീഴ്‌വഴക്കങ്ങളും ഒക്കെ കലർത്തിയാണ് ഇവിടെ നമ്മൾ സാമൂഹ്യജീവിതം നയിക്കുന്നത്.
മെറ്റാഫിസിക്സിന്റെ ചിന്താമാതൃകയിൽ വരുന്ന ഈ പരികല്പനകളും, അതോട് ചേർന്നുവരുന്ന സാമ്പ്രദായികമായ ഒട്ടേറെ ആചാരങ്ങളും മാമൂലുകളും കീഴ്‌വഴക്കങ്ങളും ഒക്കെ കലർത്തിയാണ് ഇവിടെ നമ്മൾ സാമൂഹ്യജീവിതം നയിക്കുന്നത്.

അദ്വൈത ദർശനത്തിലൂടെ, സമഭാവനയിൽ എത്തിയ ബോധം സ്വന്തം ആനന്ദം, അപരരുടെ ആനന്ദമായി തിരിച്ചറിയുന്നു. നാരായണ ഗുരുവിന്റെ ആത്മോപദേശ ശതകം ഈ സന്ദർഭത്തിൽ ഓർമ്മിക്കാവുന്നതാണ്.

അവനിവനെന്നറിയുന്നതൊക്കെയോർത്താ ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു
ന്നവയപരന്നു സുഖത്തിനായ് വരേണം
(ആത്മോപദേശ ശതകം. ശ്ലോകം 24).

ഇവിടെ രാഷ്ട്രീയം, ‘നിരാധാര’ (groundless) മാവുകയും എതിരിടൽ സ്വഭാവം വെടിയുകയുമാണ്. ഇതിന്റെ പ്രഭാവം പൂർവ്വ നിശ്ചിതമായിരിക്കില്ല. ഓരോരുത്തരും മറ്റുള്ളവരോട് കരുതലുള്ളവരാവുന്നു. പരസ്പരം പുൽകുന്ന പരിചരണം ഭാവിക്കായി ഒന്നും രേഖപ്പെടുത്തുന്നുമില്ല. നിരാധാരമായ ഈ രാഷ്ട്രീയം നിലവിലുള്ള ബന്ധങ്ങളെ പുനഃ:സ്ഥാപിക്കുകയോ നിലനിർത്തുകയോ ചെയ്തേക്കാം.

ഇപ്പോഴുള്ള ക്രമങ്ങളെ നിലനിർത്തുകയോ മാറ്റുകയോ ചെയ്യുന്നിടത്ത് അധികാരത്തിന്റെയും കർതൃത്വത്തിന്റെയും പ്രയോഗം ഉണ്ടാവും. അതിനാൽ വീണ്ടും അത് രാഷ്ട്രീയമാണ്. എന്നാൽ അതെങ്ങനെയാണ്? ഉണ്മയെ മറയ്ക്കുന്ന കെട്ടുപാടുകളെയും അതിന്റെ അസംബന്ധത്തെയും തിരിച്ചറിയുന്ന അവസ്ഥ അതിരിനെ ഭേദിക്കുന്ന ബോധമായതിനാൽ അത് കരുണാർദ്രമായിരിക്കും എന്നതാണ്. മറ്റൊരാളെ മാറ്റുന്നതിന് മുൻപ്, ഉണ്മ അറിയുന്ന ആളിൽ അനുകമ്പ ഉണ്ടാകുന്നു. മറ്റൊരാളെ മാറ്റലല്ല അനുകമ്പ; അത് പ്രവർത്തനമാണ്. അനുകമ്പയാർന്ന പ്രവർത്തനത്തിന് മുൻ മാതൃകകളില്ല. ആവർത്തനങ്ങളുമില്ല. ഓരോ മാത്രയിലും അത് പുതുതായി കണ്ടെത്തേണ്ടിയിരിക്കുന്നു. ആധാരമല്ല, അനുകമ്പയാണ് ഈ രാഷ്ട്രീയത്തെ നിലനിർത്തുന്നത്. രാഷ്ട്രീയത്തിലെ വെറുപ്പിന്, അനുകമ്പ പകരമാകേണ്ട ഇന്നത്തെ കാലത്ത് ഈ പുസ്തകത്തിന്റെ വായന ഗുണകരമായിരിക്കും.


Summary: Dr AK jayasree chooses Metaphysics and the politics of compassion: An Indian perspective by  Nizar ahammad as his book of the year to read in 2025.


ഡോ. എ. കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു. ‘എഴുകോൺ’ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments