അൽപ ഷാ

എന്നിട്ടും സുഖം തന്നെയാണത്രേ,
‘ജനാധിപത്യത്തിന്റെ മാതാവി’ന്

2024-ലെ വായനയിൽനിന്ന് ഡോ. ഔസാഫ് അഹ്സൻ തെരഞ്ഞെടുക്കുന്ന പുസ്തകം അൽപ ഷായുടെ The Incarcerations ആണ്. ‘ബി. കെ 16’ എന്ന പേരിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഭീമ കൊറേഗാവ് അറസ്റ്റിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്ന പുസ്തകമാണിത്.

“ഇന്ത്യ ജനാധിപത്യ രാഷ്ട്രങ്ങളുടെ മാതാവാണ്” -
2023 മാർച്ചിൽ ജനാധിപത്യ ഉച്ചകോടി സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാചകമാണിത്. ലജ്ജാകരം. അനീതിയുടെ കഥകളൊരുപാട് അദ്ദേഹത്തിലേക്കും അദ്ദേഹത്തിന്റെ ഭരണകൂടത്തിലേക്കും ചേർത്തപ്പെട്ടുകഴിഞ്ഞു. പീഡനങ്ങളുടെയും വിവേചനത്തിന്റെയും ഭരണകൂടഹിംസയുടെയും വാർത്തകളും പറച്ചിലുകളും എല്ലായിടത്തും പരന്നു. കരച്ചിലിന്റെയും ഭീതിയുടെയും നോവിന്റെയും ഓർമകൾ പലവേളകളിൽ പറയപ്പെട്ടു. എന്നിട്ടും, ജനാധിപത്യരാഷ്ട്രങ്ങളുടെ മാതാവത്രേ ഇന്ത്യ.

“ഇന്ത്യ ജനാധിപത്യരാഷ്ട്രങ്ങളുടെ മാതാവാണ്” -
‘ദ ഇൻകാഴ്സറേഷൻസ്(The Incarcerations) ആരംഭിക്കുന്നത് ഈയൊരു വാചകം പറഞ്ഞാണ്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ സാമൂഹിക നരവംശശാസ്ത്ര വിഭാഗം പ്രൊഫസറായ അൽപ ഷായുടേതാണ് കൃതി. ‘നൈറ്റ് മാർച്ചെ’ന്ന വിസ്ഫോടന പുസ്തകത്തിനുശേഷം അവരുടേതായി പുറത്തിറങ്ങിയ പ്രശസ്ത കൃതിയാണിത്.

ഇന്ത്യൻ ഭരണകൂടത്തിന്റെ ഒടുങ്ങാത്ത ആക്രമണങ്ങളുടെ വിറങ്ങലിപ്പിക്കുന്ന മറ്റൊരധ്യായമാണ് ഇൻകാഴ്സറേഷനിലൂടെ അൽപ ഷാ തുറന്നുവെക്കുന്നത്.

ഇന്ത്യയിലെ നക്സൽ ഗൊറില്ലകളുടെ വേദനിപ്പിക്കുന്ന ഓർമകളും ഭരണകൂടത്തിന്റെ തീരാത്ത പകയുമാണ് നൈറ്റ് മാർച്ചിലൂടെ അവർ വരച്ചിട്ടത്. ഒരുപാട് അവാർഡുകൾക്ക് ഈ കൃതി ക്ഷണിക്കപ്പെട്ടു. ഗൗരവമായ അക്കാദമിക ചർച്ചകൾക്ക് വഴിയൊരുക്കിയ ഈ കൃതി അവർക്ക് ജനപ്രീതി നേടിക്കൊടുത്തു. ഇന്ത്യൻ ഭരണകൂടത്തിന്റെ ഒടുങ്ങാത്ത ആക്രമണങ്ങളുടെ വിറങ്ങലിപ്പിക്കുന്ന മറ്റൊരധ്യായമാണ് ഇൻകാഴ്സറേഷനിലൂടെ അവർ തുറന്നുവെക്കുന്നത്. അനീതിയുടെ ഏറ്റവും ബീഭത്സവും ഭീകരവുമായ ഇന്ത്യാചരിത്രത്തിലെ ഒരേടാണിത്. പതിനഞ്ചിലധികം മനുഷ്യാവകാശ പ്രവർത്തകരെ അകാരണമായി മോദിയുടെ പോലീസ് തുറങ്കിലടക്കുകയും, അവർക്ക് ജാമ്യം നിഷേധിക്കുകയും വെള്ളം തടഞ്ഞുവെക്കുകയും ചെയ്ത തീരാനോവിന്റെ വേദനിപ്പിക്കുന്ന അന്വേഷണമാണ് ഈ കൃതി.

‘ബി കെ 16’ എന്ന പേരിൽ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്ത ഭീമ കൊറേഗാവ് അറസ്റ്റിന്റെ യഥാർഥ കഥയാണ് ഈ പുസ്തകം ചർച്ചക്കെടുക്കുന്നത്. ഇതുവരെ പറഞ്ഞുകേട്ട അർധസത്യങ്ങളുടേയും കെട്ടിച്ചമച്ച വാർത്തകളുടേയും സത്യാവസ്ഥ പുറത്തുകൊണ്ടുവരികയാണ് ഈ കൃതി ചെയ്യുന്നത്. ഭീമാ പുഴയോട് ചേർന്നുകിടക്കുന്ന, ദലിതുകൾ തിങ്ങിപ്പാർക്കുന്ന മഹാരാഷ്ട്രയിലെ ഒരു പ്രദേശമാണ് കൊറേഗാവ്. 1818-ലെ കൊറേഗാവ് യുദ്ധത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2018 ജനുവരി ഒന്നിന് മഹാറുകൾ അവിടെ മൈതാനത്ത് ഒരുമിച്ചുകൂടുന്നു. സന്തോഷാരവങ്ങളുടെ ഇടയിലേക്ക് മേൽജാതിക്കാരായ ആളുകൾ ഇരച്ചുകയറുകയും കല്ലെറിയുകയും ആക്രമണങ്ങളഴിച്ചുവിടുകയും ചെയ്തു. സമ്മേളനത്തിൽ പങ്കെടുത്ത 28 വയസ്സുകാരൻ മരിച്ചു. ഒരുപാടുപേർക്ക് പരിക്കേറ്റു. അകാരണമായുണ്ടായ ഈ ആക്രമണത്തിന് കാരണക്കാരായവരെ ചൂണ്ടിക്കാണിച്ച് സാധാരണക്കാരായ ആളുകൾ പോലീസ് സ്റ്റേഷൻ കയറിയിറങ്ങി. പോലീസ് കേസെടുത്തു. മേൽജാതിക്കാരുടെ വാശിയും വീറും പൂണ്ട വിവേചനത്തിന്റെയും അസമത്വത്തിന്റെയും അസഹിഷ്ണുതയുടെയും കാരണമായി ഇത് അടയാളപ്പെടുത്തപ്പെട്ടു. പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുമെന്നും അവരെ തുറങ്കിലടക്കുമെന്നും പോലീസ് പ്രഖ്യാപിച്ചു.

ഇന്ത്യയിലെ പ്രധാനപ്പെട്ട അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും കവികളും എഴുത്തുകാരും അക്കാദമിക്കുകളും പ്രൊഫസർമാരുമായ 16 പേർ പലേടങ്ങളിലായി അറസ്റ്റു ചെയ്യപ്പെടുന്നു. അവരാണെത്രെ ഗൂഡാലോചനക്ക് ചിന്താപദ്ധതിയൊരുക്കിയവർ.

സംഭവങ്ങളുടെ തുടക്കമിങ്ങനെയാണ്.
ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യ ഭരിക്കുന്ന സമയം. 1818-ൽ മറാത്ത പെഷ് വാ ബാജിറാവൂ രണ്ടാമന്റെ 28,000 വരുന്ന സൈന്യത്തെ 500-ഓളം വരുന്ന മഹാറുകൾ തോൽപിച്ചു.
നിഷ്ഠൂരമായ വർണവിവേചനത്തിന്റെയും ജാതിവിരോധത്തിന്റെയും അന്നവും വെള്ളവും വിദ്യാഭ്യാസവും നിഷേധിച്ചതിന്റെയും കാര്യമന്വേഷിച്ചുചെന്ന മഹാറുകളെ അവർ നിരന്തരമായി വേട്ടയാടുകയായിരുന്നു. പ്രതികരിക്കണമെന്ന തീർച്ചയോടെ മഹാറുകൾ ബാജിറാവൂവിനെതിരെ രംഗത്തിറങ്ങി. ആദ്യമൊക്കെ പരാജയമായിരുന്നുവെങ്കിലും, ഒടുവിലവർ വിജയിച്ചു. ഈയൊരു വിജയത്തിന്റെ നൂറാം വാർഷികാഘോഷവേളയിലാണ് മേൽജാതിക്കാരായ ക്രൂരന്മാർ നിഷ്ഠൂരമായ അഴിഞ്ഞാട്ടം നടത്തിയത്. തുടർന്നുള്ള പോലീസിന്റെ പ്രസ്താവനയെ വിശ്വസിച്ച് ജനങ്ങൾ അന്ന് സമാധാനത്തോടെ വീടകങ്ങളിലേക്ക് മടങ്ങി. പക്ഷെ, ഭീകരതയുടെ മറ്റൊരധ്യായം തുടങ്ങുന്നത് ഇവിടെയാണ്.

നീതിയും പ്രതീക്ഷിച്ച് കുറച്ചുനാൾ കഴിഞ്ഞ് ആളുകൾ ഒരുമിച്ചുകൂടിയപ്പോൾ പ്രതികൾ മാറിയിരിക്കുന്നു. ഇരകൾ പ്രതികളായിരിക്കുന്നു. പോലീസ് വന്നവരെ ആട്ടിയോടിക്കാനും ഉപദ്രവിക്കാനും തുടങ്ങുന്നു. പോലീസുകാരുടെ ന്യായമാണ് അതിശയകരം. അന്ന്, ആ സമ്മേളനത്തിൽ ആളുകൾ തടിച്ചുകൂടിയത് ഇന്ത്യ ഭരണകൂടത്തിന്റെ പരമാധികാരത്തെ തച്ചുടക്കാനാണെത്രെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊന്നൊടുക്കാനുള്ള ഗൂഡാലോചനക്ക് പദ്ധതിയിടുകയായിരുന്നുവെത്രെ, അവിടെ സംഗമിച്ചവർ. ആളുകൾ ഞെട്ടിപ്പോയി. ഇതെന്തൊരന്യായമാണ്. കഥ പാടേ മാറിയിരിക്കുന്നു.

 ഭീമാ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് കെട്ടിച്ചമച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ
ഭീമാ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് കെട്ടിച്ചമച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ

പിന്നീടുള്ള മോദി ഭരണകൂടത്തിന്റെ അനീതിയുടെ ഏടാണ് ഈ പുസ്തകം പങ്കുവെക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും കവികളും എഴുത്തുകാരും അക്കാദമിക്കുകളും പ്രൊഫസർമാരുമായ 16 പേർ പലേടങ്ങളിലായി അറസ്റ്റു ചെയ്യപ്പെടുന്നു. അവരാണെത്രെ ഗൂഡാലോചനക്ക് ചിന്താപദ്ധതിയൊരുക്കിയവർ. അവരോരുത്തരും അനീതിക്കെതിരെ ഉറക്കെ ശബ്ദിച്ചവരായിരുന്നു. ഭരണകൂട ഭീകരതയോട് കലഹിച്ചവരായിരുന്നു. സർക്കാറിനെതിരെ പലപ്പോഴായി സമരം നടത്തിയവരായിരുന്നു. അനീതിയോട് പൊരുത്തപ്പെടാത്തവരായിരുന്നു. ശബ്ദമില്ലാത്തവർക്കും അപരിഷ്കൃതരെന്ന് മുദ്രകുത്തപ്പെട്ട ആദിവാസികൾക്കും താഴ്ത്തപ്പെട്ട ജാതിക്കാർക്കുമൊപ്പം നിലകൊണ്ടവരായിരുന്നു.

ഇന്നലെകളിൽ കേട്ട വാർത്തയല്ല പിന്നീട് കേൾക്കുന്നത്. അറസ്റ്റുകളുടെ കഥയാണ് തുടർച്ചയായി വന്നത്. അപ്പോഴും മോദിക്ക് ഇന്ത്യ, ജനാധിപത്യത്തിന്റെ നെടുംതൂണാണ്.

അൽപ ഷാ ആമുഖവിവരണം കഴിഞ്ഞശേഷം, ആ 16 പേരുടെ ഓർമകൾ വെവ്വേറെ എടുത്തെഴുതുകയാണ്. ഇന്ത്യൻ ഭരണകൂടം വേട്ടയാടുന്നത് എങ്ങനെയെന്നും നിയമത്തെ തങ്ങളുടെ താന്തോന്നിത്തരത്തിന് ഉപയോഗിക്കുന്നതെങ്ങനെയെന്നും കൃത്യമായി ചോദ്യം ചെയ്യുകയാണ് ഈ കൃതിയിലൂടെ.

‘അടച്ചിടപ്പെട്ട കൂട്ടിലെ പക്ഷിയും ഒരുനാൾ പാടും’, അറസ്റ്റു വരിച്ചവരിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഒരാളായ സ്റ്റാൻ സാമിയുടെ വാക്കാണിത്. ഈയൊരു വാചകമാണ് അൽപ ഷായുടെ പുസ്തകം തുറക്കുമ്പോൾ ആദ്യം കാണാനാവുക. തുറങ്കിലടക്കപ്പെട്ടവർക്കും അവർക്കൊപ്പം നിന്നവർക്കും പുസ്തകം സമർപ്പിച്ചുകൊണ്ടാണിത് മുന്നോട്ടുപോകുന്നത്. ഈ കഥയിൽ പങ്കുകൊണ്ടവരെയും അവർക്കൊപ്പം നിന്നവരെയും തുടക്കത്തിലേ പേരെടുത്ത് എണ്ണിയെണ്ണി ഗ്രന്ഥകാരി വെളിച്ചത്തുകൊണ്ടുവരുന്നു.

നിരന്തരമായ അറസ്റ്റുകൾ, കെട്ടിച്ചമച്ച തെളിവുകൾ, യു.എ.പി.എയുടെ പേരിലുള്ള കിരാത മർദ്ദനങ്ങൾ, തെളിവു നശിപ്പിക്കലുകൾ, കത്തുകൾ പടച്ചുണ്ടാക്കൽ അങ്ങനെ പോകുന്നു ഭരണകൂട നീതിനിഷേധങ്ങൾ. അൽപ ഷാ എല്ലാത്തിനെയും ചോദ്യം ചെയ്യുന്നു, തുറന്നുകാട്ടുന്നു.

2018 ആഗസ്റ്റ് 18-ലെ കഥയാണിത്.
‘എണീക്ക്, നമ്മുടെ വീട് അരിച്ചുപെറുക്കാൻ പോലീസുകാരെത്തിയിട്ടുണ്ട്, എണീക്ക് മോളെ’, പുസ്തകത്തിലേക്ക് അൽപ ഷാ പ്രവേശിക്കുന്നത്, ഉറങ്ങുന്ന തന്റെ 21 കാരിയായ മകളെ ഉണർത്തുന്ന സുധ ഭരദ്വാജിന്റെ വാചകവുമായാണ്. കാര്യമറിയാതെ മകൾ ദേഷ്യപ്പെടാൻ തുടങ്ങി. അവരുടെ ഫോൺ, ജി-മെയിൽ അടക്കം പരിശോധിക്കാനും ഉപയോഗിക്കാനും തുടങ്ങി. പിന്നീടറിയുന്നത്, ഗോസ്വാമിയടക്കം വാർത്താലേഖകർ പറയുന്നതായാണ്; ഭീകരവാദപ്രവർത്തനത്തിന് സുധ അറസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നു. അവരുടെ കഥയിലൂടെ പുസ്തകം മുന്നോട്ടുപോകുന്നു.

“ഭരണകൂട ഭീകരതയുടെ നിയമം തെളിവില്ലാതെ പൗരർക്കുനേരെ ഉപയോഗിക്കുമ്പോൾ യഥാർഥത്തിൽ ആരാണ് ഭീകരവാദം പുറത്തെടുക്കുന്നത്? ബലഹീനർക്കുവേണ്ടി പ്രവർത്തിക്കുന്നവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിലൂടെ രാജ്യത്തിന് ഭീതി പടർത്തുന്നത്,” റോമിലാ ഥാപ്പറുടെ ചോദ്യം എടുത്തിട്ട് അൽപ ഷാ ഭരണകൂടത്തിന്റെ തെളിവ് നശിപ്പിക്കലിനെയും സൈബർ ക്രൂരതയെയും ചോദ്യം ചെയ്യുന്നു.

“സ്റ്റാൻ സാമിയുടെ കഥയാണ് വേദനാജനകം. 80 കഴിഞ്ഞ രോഗിയായ വ്യക്തിയെ മഹാമാരിയുടെ സമയത്ത് പിടിച്ചുകൊണ്ടുപോകുന്നത് തീർത്തും ക്രൂരമാണ്’’- സ്റ്റാൻ സാമിയുടെ കൂട്ടാളി സോളമന്റെ വാക്കാണിത്. ഭക്ഷണവും ചികിത്സയും നിഷേധിക്കപ്പെട്ട് ജയിലിൽ കിടന്ന് ജെസ്യൂട്ട് പുരോഹിതനായ സ്റ്റാൻ സാമി മരിച്ചു. ആദിവാസികൾക്കുവേണ്ടി പ്രവർത്തിച്ചുവെന്നതാണ് കാരണം. ‘ആദിവാസികളെ സഹായിച്ചത് എന്നെ രാജ്യദ്രോഹിയാക്കുമെങ്കിൽ നിങ്ങളാക്കിക്കൊളൂ’, സ്റ്റാൻ സാമി വീണ്ടും വീണ്ടും അവരെ നോക്കി പറഞ്ഞു.

‘ആദിവാസികളെ സഹായിച്ചത് എന്നെ രാജ്യദ്രോഹിയാക്കുമെങ്കിൽ നിങ്ങളാക്കിക്കൊളൂ’, സ്റ്റാൻ സാമി വീണ്ടും വീണ്ടും അവരെ നോക്കി പറഞ്ഞു.
‘ആദിവാസികളെ സഹായിച്ചത് എന്നെ രാജ്യദ്രോഹിയാക്കുമെങ്കിൽ നിങ്ങളാക്കിക്കൊളൂ’, സ്റ്റാൻ സാമി വീണ്ടും വീണ്ടും അവരെ നോക്കി പറഞ്ഞു.

അറസ്റ്റുകളുടെ നിരന്തര കഥയാണ് പുസ്തകം പിന്നീട് തുറന്നുവെക്കുന്നത്. പ്രമുഖ ഗ്രന്ഥകാരൻ ആനന്ദ് തെൽതുംബ്ദെ, കബീർ കലാമഞ്ച് ആർടിസ്റ്റ് സുധീർ ധവാലെ, ഷോമ സെൻ, മഹേഷ് റാവുത്ത്, സുരേന്ദ്ര ഗാഡ്ലിങ്, റോണ വിൽസൺ, വെർണൻ ഗോൺസ്ലാവ്സ്, അരുൺ ഫെരേറ, ഹാനി ബാബു, ഗൌതം നവലാഖ, വരവരറാവു തുടങ്ങിയവരെല്ലാം തുറങ്കിലടക്കപ്പെട്ടു.

ജയിൽ ഒരു ഭീതിദപ്രദേശമാണ്. സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് വേദനാജനകമാണ്. ജയിൽ കമ്പികളിലൂടെ ആകാശത്തിന്റെ നീലിമ കാണുന്നതുവരെ പ്രയാസകരമാണ്. ഭൂമിയുടെ പ്രതലമോ മരത്തിന്റെ പച്ചപ്പോ അന്യമാകുന്നത് ഏറെ ദുരിതപൂർണമാണ്. സമത്വത്തിനുവേണ്ടി ഘോരഘോരം ശബ്ദിക്കാറുണ്ടായിരുന്ന ഈ കവികളും അധ്യാപകരും ആക്ടിവിസ്റ്റുകളും ജയിലഴി കണ്ടു.
അൽപ ഷാ ഓരോരുത്തരെയായി ഉദ്ധരിക്കുന്നു:

“ആയുധങ്ങളോ ബോംബുകളോ ഞങ്ങളാർക്കും നൽകിയില്ല, വേദനിക്കുന്നവർക്കൊപ്പം നിന്നു. അതുമതി അവർക്ക് നിന്നെ വേട്ടയാടാൻ. നിന്റെ വീട്ടിലെ ഒരു മുറിയിൽ തീ കത്തുന്നത് കാണുമ്പോൾ നിനക്ക് നിന്റെ മുറിയിലിരുന്ന് പ്രാർഥിക്കാനാവുമോ?, പ്രാർഥിക്കുമെങ്കിൽ നമുക്കിടയിൽ മിണ്ടാനൊന്നുമില്ല’’, കവി ദയാൽ സെക്സേന പറയുന്നു.

“നിന്റെ സഹോദരൻ കുത്തിനുറുക്കപ്പെട്ടിരിക്കുന്നു, എന്തു പട്ടണമാണിത്, എന്നിട്ടും, നീ മിണ്ടാതിരിക്കുകയാണോ. നമുക്കു മുമ്പിൽ നിശ്ശബ്ദതയുടെ ഒരു മതിൽ പണിതിരിക്കുന്നു അധികാരികൾ. നമ്മുടെ ശബ്ദം അവർ അടക്കിവെച്ചിരിക്കുന്നു. എഴുത്തുകാരാ, സംസാരിച്ചാൽ നീ ഉന്നം വെക്കപ്പെടും. പക്ഷെ, നീ അടങ്ങരുത്. നമ്മുടെ ഉറക്കം അവർ കെടുത്തുന്നു, അലർച്ചയുടെയും ഭീകരതയുടെയും ശബ്ദം നീ വീണ്ടും വീണ്ടും കേൾക്കും, നീ നിർത്തരുത്. നീതി എന്നായിരിക്കും നമ്മെത്തേടിയെത്തുക. കൊറേഗാവിലെ എല്ലാവരും അറസ്റ്റു വരിച്ച് കഴിഞ്ഞതിനു ശേഷമാകാം. ഉണർന്നെണീക്കുക. നിന്റെ വേദനയിലൂടെയാണ് വെളിച്ചം വരിക. വൈകിവരുന്ന നീതി നിഷേധമാണ്. നമുക്ക് പോരാടേണ്ടതുണ്ട്. നീതിക്കുവേണ്ടിയുള്ള പോരാട്ടം ലോകത്തിന്റെ നാനാദിക്കിലുമുള്ളവരുടെ സാമൂഹികവും സാമ്പത്തികവുമായ സമത്വത്തിനുവേണ്ടി കൂടിയാണ്. പോരാടേണ്ടതുണ്ട്, അവർ നമ്മുടെ വീട്ടിലെത്തിയിട്ടുണ്ട്.” അൽപ ഷാ കവികളെയും ഇന്ത്യൻ എഴുത്തുകാരെയും ഉദ്ധരിച്ച് പറയുന്നു.

വാർത്തകൾ മാറുന്നതിന്റെയും കഥ മാറ്റിയെഴുതുന്നതിന്റെയും ഭരണകൂടസത്യം കോടതിക്കും ഉത്തരമാകുന്നതിന്റെയും ചോദ്യമാണ് അൽപ ഷായുടെ The Incarcerations എന്ന പുസ്തകം.

നിരന്തരമായ അറസ്റ്റുകൾ, കെട്ടിച്ചമച്ച തെളിവുകൾ, യു.എ.പി.എയുടെ പേരിലുള്ള കിരാത മർദ്ദനങ്ങൾ, തെളിവു നശിപ്പിക്കലുകൾ, കത്തുകൾ പടച്ചുണ്ടാക്കൽ അങ്ങനെ പോകുന്നു ഭരണകൂട നീതിനിഷേധങ്ങൾ. അൽപ ഷാ എല്ലാത്തിനെയും ചോദ്യം ചെയ്യുന്നു, തുറന്നുകാട്ടുന്നു.

ഭരണകൂട താൽപര്യമെന്തെന്ന് അൽപ ഷാ ചോദിക്കുന്നു. സാമ്രാജ്യത്വ മുതലാളിത്ത താൽപര്യമത്രേ അത്. ‘ഗുജറാത്ത് മോഡൽ’ പുരോഗതിയാണ് മോദി ഇവിടെ കൊണ്ടുവരാനിരിക്കുന്നതെന്ന് മോദി ഭക്തർ പറയുന്നു. ജനാധിപത്യത്തിന്റെ വക്താവ് ഫാഷിസത്തിന്റെ വിത്താണിടുന്നത്. ആ വിത്ത് വിതറി പരക്കെ നിറയ്ക്കുന്നു.
“ഇവിടെ സങ്കൽപിക്കാനും കഥ മെനയാനുമുള്ള അവകാശമുണ്ട്. പക്ഷെ, സത്യം സത്യമായിരിക്കും. അത് മറനീക്കി ഒരുനാൾ പുറത്തുവരും, തീർച്ച’’, അൽപ ഷാ വിളിച്ചു പറയുന്നു.

എന്നിട്ടും, മോദി പറയുന്നു, ഇവിടെ എല്ലാം സുഖമാണെന്ന്.
രാജ്യം നന്നായി പോകുന്നില്ലേ, ഇന്ത്യയിൽ എല്ലാം നന്ന്.

അൽപ ഷാ കൃത്യമായി കാര്യങ്ങളെ ചികഞ്ഞും അന്വേഷിച്ചും അടയാളപ്പെടുത്തുന്നു. വാർത്തകൾ മാറുന്നതിന്റെയും കഥ മാറ്റിയെഴുതുന്നതിന്റെയും ഭരണകൂടസത്യം കോടതിക്കും ഉത്തരമാകുന്നതിന്റെയും ചോദ്യമാണ് ഈ പുസ്തകം. വായനക്കാരെ അറിഞ്ഞ് ഉൾക്കൊണ്ടെഴുതിയ സുന്ദരമായ എഴുത്ത്. സരളമായ ഭാഷ. ഭീമാ കൊറേഗാവ് വിഷയം പറഞ്ഞ ഒരുപാട് കൃതികളുണ്ട്. പക്ഷെ, മൗലികമായും അക്കാദമികമായും തികഞ്ഞ വൈഭവത്തോടെയും ശ്രദ്ധയോടെയും കണിശതയോടെയും അവതരിപ്പിച്ച ഗഹനമായ മറ്റൊരു കൃതി ശ്രദ്ധയിൽ പെട്ടിട്ടില്ലായിരുന്നു. തികഞ്ഞ സൂക്ഷ്മതയും അനന്യമായ അന്വേഷണവുമാണ് ഈ കൃതിയുടെ പ്രത്യേകത. വളരെ അച്ചടക്കത്തോടെയും എടുപ്പോടെയും ചിട്ടയോടെയും അവതരിപ്പിക്കുന്ന ശൈലിയാണ് അൽപ ഷാ പിന്തുരുന്നത്. വിഷയത്തിൻെറ ആഴമറിഞ്ഞ്, തീക്ഷ്ണത അനുഭവിച്ച ആളുകളെ കേട്ടും അവരുടെ കുടുംബത്തോട് സംസാരിച്ചുമാണ് അൽപ ഷായുടെ എഴുത്ത്. സംഭവം നടന്ന ദിവസവും അറസ്റ്റു നടന്ന ദിവസങ്ങളും കൂടെച്ചേർക്കുന്നു. ചിലപ്പോഴെങ്കിലും, ഫോട്ടോകളും ചേർത്തുവെച്ചിട്ടുണ്ട്.

ഇവിടെയെല്ലാം സുഖമാണ്, ജനാധിപത്യത്തിന്റെ മാതാവിനും.

ഈ വർഷത്തെ എന്റെ വായനയിൽ ഭരണകൂട ഭീകരതയുടെ ആഴങ്ങളിലേക്ക് എന്നെ നയിച്ച കൃതിയാണിത്.

Comments