വളരെ യാദൃച്ഛികമായിട്ടാണ് പി. സായ്നാഥിൻെറ ‘എവരിബഡി ലവ്സ് എ ഗുഡ് ഡ്രോട്ട്’ (Everybody Loves a Good Drought) എന്ന പുസ്തകം വായിക്കാനിടയായത്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ഒരു സെമിനാറിൽ ഉപഹാരമായാണ് ഈ പുസ്തകത്തിൻെറ 20ാം പതിപ്പ് ലഭിച്ചത്.
ഇന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളിലൂടെ, അവിടുത്തെ മനുഷ്യരുടെ ആശയറ്റ ജീവിതങ്ങളിലൂടെ പി. സായിനാഥ് എന്ന മാധ്യമപ്രവർത്തകൻെറ യാത്രയാണ് പുസ്തകത്തിൽ. തൊണ്ണൂറുകളിൽ, അദ്ദേഹം വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്ത്, ഇല്ലായ്മയിൽ ഉഴറിയിരുന്ന ഗ്രാമീണ മനുഷ്യരുടെ കൂടെ തങ്ങി, വർഷങ്ങളെടുത്ത് ചെയ്ത അന്വേഷണറിപ്പോർട്ടിങ് പരമ്പരയുടെ സമാഹാരം. ആ കാലഘട്ടത്തിലെ ഇന്ത്യൻ ഗ്രാമങ്ങളുടെ സാമൂഹിക- സാമ്പത്തിക യാഥാർത്ഥ്യങ്ങളെയും പൊതുസംവിധാനത്തിൻ്റെ നിർമമതയെയും തുറന്നുകാട്ടിയ ഈ കൃതി ഇന്നും ആധികാരിക രേഖയായാണ് കണക്കാക്കപ്പെടുന്നത്.
ഫിക്ഷനോളം വൈകാരികതയും ആത്മരോഷവും അനുഭവിപ്പിക്കുന്ന നോൺ ഫിക്ഷൻ, അതും റിപ്പോർട്ടിങ് ശൈലിയിലുള്ളത് - അത്തരത്തിൽ ഒന്നായിട്ടാണ് ഈ കൃതിയെ വായിച്ച പുസ്തകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നത്.
പത്ത് അദ്ധ്യായങ്ങളുള്ള ഈ പുസ്തകത്തിലെ ഓരോ അധ്യായവും ആരോഗ്യം, വിദ്യാഭ്യാസം, പലായനം, ഭൂമിത്തർക്കം, ഗോത്രങ്ങളുടെ അസ്തിത്വം, നിയമവ്യവഹാരങ്ങൾ, ബാധ്യതകൾ, ജലം, വരൾച്ച എന്നിങ്ങനെ ഓരോരോ വിഷയങ്ങളുമായി ബന്ധപ്പെട്ടവയാണ്. തൊണ്ണൂറുകളിലെ ഇന്ത്യൻ ഗ്രാമങ്ങളുടെ നേർക്കാഴ്ച. സാധാരണയായി പ്രകൃതി ദുരന്തങ്ങളുടെ ഭാഗമായി മാത്രം, അല്ലെങ്കിൽ സർവേ കണക്കുകളെ അടിസ്ഥാനപ്പെടുത്തി മാത്രം വിവരിക്കപ്പെട്ടുകേൾക്കുന്ന ഒന്നാണ് ഇന്ത്യൻ ഗ്രാമങ്ങളിലെ ദാരിദ്ര്യം. ഇതിന് വിഭിന്നമായി പട്ടിണിയും പരിവട്ടവുമായി ജീവിക്കുന്ന ഒരു ജനതയുടെ ഉള്ളിലേക്കിറങ്ങി, അതിൻ്റെ സാഹചര്യങ്ങൾ മനസ്സിലാക്കി, പൊതുസംവിധാനം എങ്ങനെ പരാജയപ്പെടുന്നു എന്ന് വിവരിക്കുന്ന കൃതി. ഇല്ലായ്മയുടെ, നിസ്സഹായതയുടെ, ചൂഷണത്തിൻ്റെ പല മാനങ്ങൾ സായ്നാഥ് വിശദീകരിക്കുന്നു. ലളിതമായ വിവരണവും സൂക്ഷ്മമായ ഗവേഷണവും, മടുപ്പില്ലാതെ ഈ കൃതി വായിക്കാൻ പ്രേരിപ്പിക്കും.
കുട്ടികളില്ലാത്ത വിദ്യാലങ്ങൾ, അധ്യാപകർ എത്താത്ത വിദ്യാലയങ്ങൾ, പട്ടികവർഗ്ഗക്കാരുടെ വീടുകളിലെത്താത്ത, അവർ യാത്ര ചെയ്യാൻ സാധ്യതയില്ലാത്ത വഴികളിൽ പട്ടികവർഗ്ഗ ഫണ്ടിൽ നിന്നുണ്ടാക്കിയ റോഡുകൾ, ആനുകൂല്യങ്ങളിൽ നിന്നും ആശ്വസനിധിയിൽ നിന്നും പങ്കു പറ്റാൻ ഒരു വരൾച്ച വരാൻ കാത്തിരിക്കുന്ന ഉദ്യോഗസ്ഥരും ഇടനിലക്കാരും, തകർന്ന പൊതുജനാരോഗ്യ സംവിധാനം. ഇങ്ങനെ… ദാരിദ്ര്യത്തേക്കാൾ നിരാശ്രയത്വത്തിൻ്റെ ആഴം തുറന്നു കാട്ടുന്ന ഈ കൃതി വായിക്കുമ്പോൾ സ്വയം നിരാശയുടെ കയങ്ങളിലേക്ക് ആഴ്ന്നുപോകുന്നതായും ആത്മനിന്ദയാൽ ശ്വാസം മുട്ടുന്നതായും തോന്നി.
ജീവിക്കാൻ മറന്നു പോയ, പിന്നോട്ട് തിരിയാൻ പറ്റാത്തതിനാൽ മാത്രം മുന്നോട്ട് നിരങ്ങി നീങ്ങിയ ഒരു ജനതയുടെ സത്യസന്ധമായ വിവരണം നൽകുന്ന ഈ കൃതി, എക്കാലവും പ്രസക്തമായ അടിസ്ഥാന രേഖയായി നിലകൊള്ളും.
ഫിക്ഷനുകളിൽ നിന്ന് നോൺ ഫിക്ഷനുകളിലേക്ക് വായന മെല്ലെ ചുവടുമാറ്റിയിട്ട് കുറച്ചായിരിക്കുന്നു. ഫിക്ഷനോളം വൈകാരികതയും ആത്മരോഷവും അനുഭവിപ്പിക്കുന്ന നോൺ ഫിക്ഷൻ, അതും റിപ്പോർട്ടിങ് ശൈലിയിലുള്ളത് - അത്തരത്തിൽ ഒന്നായിട്ടാണ് ഈ കൃതിയെ വായിച്ച പുസ്തകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നത്. തൊണ്ണൂറുകളിലെ ദാരിദ്ര്യത്തിൽ നിന്നും അന്നത്തെ പൊതുസേവന സംവിധാനങ്ങളിൽ നിന്നും മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം ഏറെ മാറ്റങ്ങൾ വന്നിട്ടുണ്ടാവാം. എന്നാൽ ജീവിക്കാൻ മറന്നു പോയ, പിന്നോട്ട് തിരിയാൻ പറ്റാത്തതിനാൽ മാത്രം മുന്നോട്ട് നിരങ്ങി നീങ്ങിയ ഒരു ജനതയുടെ സത്യസന്ധമായ വിവരണം നൽകുന്ന ഈ കൃതി, എക്കാലവും പ്രസക്തമായ അടിസ്ഥാന രേഖയായി നിലകൊള്ളും. അതിനാൽ തന്നെയാണ് ഈയടുത്ത് വായിച്ച പുസ്തകങ്ങളിൽ ഏറെ പ്രിയപ്പെട്ട ഒന്നായി ഈ കൃതി മനസ്സിൽ നിറഞ്ഞുനിൽക്കുന്നതും.