ഒരു പുസ്തകം,
വിസ്മയകരമായ
ചില യാദൃച്ഛികതകൾ…

2025-ലെ വായനയിലെ യാദൃച്ഛികമായ ഒരു സന്ദർഭം തെ​രഞ്ഞെടുക്കുന്നു, ഡോ. പ്രസന്നൻ പി.എ: കെ.ആർ. മീരയുടെ 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' എന്ന നോവലിന്റെ ഇംഗ്ലീഷ് വിവർത്തനം 'Jezebel'.

ഒന്ന്

കുറച്ച് വർഷങ്ങൾക്കുമുമ്പാണ്, ഞാൻ സിങ്കപ്പൂരിലെ ട്രാൻസിറ്റ് ലോഞ്ചിലിരുന്ന് ഉറക്കം തൂങ്ങുകയായിരുന്നു.
"ഡോ, എന്തുറക്കമാണിത്?"
അപ്പോൾ കണ്ടുകൊണ്ടിരുന്ന സ്വപ്നവുമായി ചേർന്നുപോകുന്ന ചോദ്യമായിട്ടാണ് ഞാൻ ആദ്യം കേട്ടത്. ഷോൾഡറിൽ നനുത്ത ഒരു തട്ട് വീണപ്പോഴാണ് കണ്ണ് തുറന്നത്. മുന്നിൽ വർഷങ്ങൾക്കുമുമ്പ് മെഡിക്കൽ കോളേജിലെ ഒന്നാം ദിവസം അനാട്ടമി ഡിസക്ഷൻ ഹാളിൽ രണ്ട് cadaver കൾക്കപ്പുറത്തുനിന്ന് എന്നെ നോക്കി ചിരിച്ച അതേ ചിരി; ജിസി കീഴേക്കാരൻ.
"എന്നെ മനസ്സിലായോ?"
"ഏതാണ്ട് മനസ്സിലായി, ലേശം കൂടെ മനസ്സിലാവാനുണ്ട്"
"അതെന്തെണാവോ ആ ലേശം?"
"കാമ്പസ് വിട്ടശേഷം നമ്മൾ കണ്ടിട്ടില്ലല്ലോ? അതുകൊണ്ട് നീ ഇപ്പോൾ എന്ത് ചെയ്യുന്നു, ഈ സിംഗപ്പൂർ എയർപോർട്ടിൽ നിന്റെ റോൾ എന്താണ്, ഐ മീൻ പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്താണ് കാര്യം, അങ്ങനത്തെ ലേശം".
"തമാശക്കൊക്കെ അന്നത്തെ അതേ നിലവാരം, ഒട്ടുമേ കൂടിയിട്ടില്ല’’.
"പരിശ്രമം നല്ലോണമുണ്ട്, തമാശ പറഞ്ഞ് പരിശീലിക്കുന്നുമുണ്ട്, നിലവാരം, അതെന്തോ കൂടുന്നില്ല. എനി ട്രീറ്റ്മെന്റ്?"
"അതിന് ഞാൻ സൈക്കിയാട്രിസ്റ്റ് അല്ല", അവൾ ചിരിച്ചു.
പിന്നെയെന്താണ് നീ എന്ന് ചോദിക്കുമ്പോഴേക്കും സമപ്രായം തോന്നിക്കുന്ന ഒരു സായിപ്പ് അവളുടെ അടുത്തേക്ക് വന്നു.
"ഇത് ഫ്രെഡ്. എന്റെ ഹസ്ബൻഡ്", ഫ്രെഡിനോട് രണ്ട് വാക്ക് ഉപചാരം പറയുമ്പോഴേക്കും അവരുടെ ഫ്ലൈറ്റിന്റെ ബോർഡിങ് അനൗൺസ്‌മെന്റ് വന്നു. "വിശദമായി പിന്നെ സംസാരിക്കാം".
"നീ നമ്പർ താ, ഞാൻ വിളിക്കാം’’.
"ഞാൻ നമ്മുടെ ബാച്ച് ഗ്രൂപ്പിലുണ്ട്, നീ പോയി നോക്ക് പ്ര-സ-ന്നാ" എന്നും പറഞ്ഞ് അവളും ഫ്രെഡും കൂടെ ഗേറ്റിലോട്ട് നടന്നകന്നു.

മെൽബണിലേക്കുള്ള ഫ്ലൈറ്റിന് ഇനിയും സമയമുണ്ട്. ഞാൻ ജിസിയെ കുറിച്ച് ആലോചിച്ചു.

പാറിപ്പറന്ന് നടക്കും പോലുള്ള ഒരു പ്രകൃതമായിരുന്നു ജിസിയുടേത്. കൃത്യമായ നിലപാടുകളും, എല്ലാ കാര്യങ്ങൾക്കും സ്വയം ഉണ്ടാക്കിയെടുത്ത പ്രത്യേക അച്ചടക്കവും ജിസിക്കുണ്ടായിരുന്നു. അച്ഛൻ നേരത്തെ മരിച്ചിരുന്നതുകൊണ്ട് അമ്മയോട് വളരെ അറ്റാച്ചഡ് ആയിരുന്നു ജിസി. അമ്മയെ കുറിച്ച് ധാരാളമായി സംസാരിക്കുമായിരുന്നു. അമ്മക്ക് മകളും, മകൾക്ക് അമ്മയും എന്നതാണ് ഓർമ്മയിൽ ജിസി വരച്ചിട്ട ചിത്രം.

ജിസിയെ പറ്റി ഇടയ്ക്കിടെ ഓർക്കാറുണ്ടെങ്കിലും എവിടെയാണ്, എന്താണ് എന്നൊന്നും അന്വേഷിച്ചില്ല ഇക്കാലമത്രയും. തീർത്തും യാദൃച്ഛികമായ ഈ കണ്ടുമുട്ടലും അവളെ കുറിച്ച്‌ കാര്യമായ അറിവുകളൊന്നും കൈമാറാതെ കടന്നുപോയി.

കെ.ആർ. മീരയുടെ 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' എന്ന നോവലിന്റെ ഇംഗ്ലീഷ് വിവർത്തനം 'Jezebel'.
കെ.ആർ. മീരയുടെ 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' എന്ന നോവലിന്റെ ഇംഗ്ലീഷ് വിവർത്തനം 'Jezebel'.

മാസങ്ങൾ കഴിഞ്ഞ് ഓസ്‌ട്രേലിയെ പറ്റി എന്തോ ചോദിച്ചുകൊണ്ടുള്ള അവളുടെ വാട്ട്സ്ആപ്പ് മെസ്സേജ് വന്നപ്പോഴാണ് ഞാൻ അവളെ വീണ്ടും ഓർക്കുന്നത്. കോവിഡ് ഒന്ന് ഒതുങ്ങി കാര്യങ്ങൾ നോർമൽ ആയി വന്ന സമയത്താണ് ഞാൻ ജിസിയെ വിളിച്ചത്.
"അമേരിക്കക്കാരിയാണിപ്പോൾ".
"ഇപ്പോഴല്ല, കുറെ കാലമായി".
"എങ്ങനെയുണ്ട് അമേരിക്ക?"
"ഹെൽത്ത് കെയർ സിസ്റ്റം വളരെ മോശമാണ്".
"അതറിയാമല്ലോ, നിന്റെ ജീവിതം എങ്ങനയുണ്ടെന്ന് പറ".

എന്റെ ആ ചോദ്യത്തിന് ഉത്തരമായി ജിസി പറഞ്ഞത് ഒരു അതിജീവനത്തിന്റെ കഥയായിരുന്നു. ബാച്ചിൽ പൊതുവെ ഉണ്ടായിരുന്ന 'ജിസി ഈസ് വെരി ബോൾഡ്' എന്ന അഭിപ്രായത്തിന്റെ തുടർച്ചയെന്നോണം ജിസി തീരുമാനിച്ചത് സർജൻ ആകാനായിരുന്നു. സർജറി പെണ്ണുങ്ങളുടെ ഇടയിൽ അത്ര പോപ്പുലറായ ഒരു പോസ്റ്റ്ഗ്രാജുവേഷൻ ചോയ്സ് അല്ല.

"MS കഴിഞ്ഞ് സർജനായി ജോലി തുടങ്ങിയപ്പോഴാണ് ഇനി ഒരു കല്യാണം കഴിച്ചാലോന്ന് ഞാനാലോചിച്ചത്"
"നാച്ചുറലി" ഞാൻ പറഞ്ഞു.
"എനിക്ക് ചില തീരുമാനങ്ങളുണ്ടായിരുന്നു, ഒന്ന് dowery കൊടുത്തൊരു റിലേഷൻ വേണ്ട, പാർട്ടണർ ആയി വരുന്ന ആൾക്ക് നല്ല വിദ്യഭ്യാസം വേണം".

സെപ്തംബറിൽ നാട്ടിൽ വന്നപ്പോൾ, ഒരു കൂലംകഷ സായാഹ്ന ചർച്ചയിൽ വിഷയമായത് തൃശ്ശൂരിലെ കല്യാണങ്ങളിൽ അനുദിനം വർദ്ധിച്ചു വരുന്ന ആർഭാടങ്ങളായിരുന്നു.

കേൾക്കുമ്പോൾ ജിസി ആഗ്രഹിച്ചതിൽ തെറ്റ് പറയാനൊന്നുമില്ല എന്ന് തോന്നാം. അന്നത്തെ ചുറ്റുപാടിൽ, ഉന്നതവിദ്യഭ്യാസമുള്ള ഒരു മിഡിൽ ക്ലാസ് പെൺകുട്ടിക്ക് സ്യൂട്ടബിൾ അലയൻസ് കിട്ടുക എന്നത് അത്ര എളുപ്പമായിരുന്നില്ല. വിദ്യഭ്യാസവും, യോഗ്യതയുമുള്ള ആണുങ്ങളിൽ ഭൂരിപക്ഷവും ആഗ്രഹിച്ചിരുന്നത് ഉയർന്ന സ്ത്രീധനമാണ്. കോംപ്രമൈസ് ചെയ്യേണ്ടിവന്നിരുന്നത് ജിസിയെ പോലുള്ള പെൺകുട്ടികൾക്കാണ്. അങ്ങനെയിരിക്കുമ്പോൾ ജിസി ആഗ്രഹിച്ചതുപോലുള്ള ഒരു പ്രപ്പോസൽ വന്നു. അമേരിക്കയിൽ ജോലി, വിദ്യഭ്യാസവുമുണ്ട്. സ്ത്രീധനത്തിനെതിരെയുള്ള നിലപാടും. ജിസിക്ക് താത്പര്യമായി.

ഒരു അമ്മയും മകളും ഇൻഡിപെൻഡന്റ് ആയി ജീവിക്കുമ്പോൾ ബന്ധുക്കളിൽ നിന്നുള്ള സഹകരണം പല കാരണം കൊണ്ടും വേണ്ടത്രയുണ്ടാകാറില്ല. അതുകൊണ്ട് ചെറുക്കനെ പറ്റി അന്വേഷിക്കുക എന്നത് ബുദ്ധിമുട്ടായിരുന്നു. പരിമിതമായ അന്വേഷണങ്ങളിൽ നിന്ന് കിട്ടിയ റിപ്പോർട്ട് പോസിറ്റിവ് ആയിരുന്നത് കൊണ്ട് ജിസി സമ്മതിച്ചു.

അമേരിക്കയിലെത്തി അടിസ്ഥാന പരീക്ഷകൾ പാസായി ജോലി ചെയ്യാൻ തുടങ്ങിയപ്പോഴാണ് സ്ത്രീധനം വേണ്ട എന്ന നിലപാടിന്റെ പിന്നിലുള്ള ഗൂഢ ഉദ്ദേശ്യം ഭർത്താവും അങ്ങേരുടെ അമ്മയും അച്ഛനും ചേർന്ന് ജിസിക്ക് മനസ്സിലാക്കി കൊടുത്തത്.

"ഞങ്ങളുടെ കുടുംബത്തിൽ പെണ്ണുങ്ങൾ ശമ്പളം ഭർത്താവിനെ ഏൽപ്പിക്കണം. ചെലവിനുള്ളത് ഭർത്താവിൽ നിന്ന് ചോദിച്ച് വാങ്ങണം. അതുകൊണ്ട് ജിസി സ്വന്തമായി പണം കൈകാര്യം ചെയ്യുന്ന രീതി ഈ കുടുംബത്തിൽ നടപ്പില്ല’’.

ചോദിച്ച് വാങ്ങുക എന്നതിന് എരക്കുമ്പോൾ തരുന്നത് വാങ്ങി തൃപ്തിപ്പെടുക എന്നാണ് അർത്ഥമെന്നുകൂടി പിന്നീടുള്ള നാളുകളിൽ ജിസി അനുഭവിച്ചറിഞ്ഞു.
"ലിറ്റററലി ട്രാപ്പ്ഡ്", അതായിരുന്നു അവളുടെ അവസ്ഥ.

ഇന്ത്യയിൽ നിന്ന് വരുന്ന ഒരാൾക്ക് അമേരിക്കയിൽ സർജനാകുക, ഇറ്റ് ഈസ് എക്സ്ട്രീമിലി ഡിഫിക്കൽട്ട്. ജിസി പക്ഷേ കോൺഫിഡന്റ് ആയിരുന്നു, സർജിക്കൽ ട്രെയിനിങ്ങിന് ശ്രമിക്കാമെന്നതിന്. പക്ഷെ ഈ ചുറ്റുപാടിൽ എങ്ങനെ മുന്നോട്ട് പോകും?

ഭർത്താവും, വീട്ടുകാരും, ബന്ധുക്കളും ചേർന്ന് ഒരു മാഫിയ ഗാങ്ങ് പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ജിസിക്ക് മനസ്സിലായി. തന്റെ ഓരോ നീക്കവും കൃത്യമായി എത്തിച്ചുകൊടുക്കാൻ ആളുകളുണ്ട്.

അമേരിക്കയിൽ നിന്ന് രക്ഷപ്പെടുക എന്നത് അസാദ്ധ്യമായിരിക്കെ അവിടെയെങ്ങിനെ പിടിച്ച് നിൽക്കാമെന്നതിനായി ജിസിയുടെ പിന്നത്തെ ശ്രമങ്ങൾ.

"ഏഴു വർഷമെടുത്തു പ്രസന്നൻ, ആ തടവറയിൽ നിന്ന് രക്ഷപ്പെടാൻ. അതും അവരെ കുറിച്ചറിയാമായിരുന്ന അവരുടെ ഒരകന്ന ബന്ധു സഹായിച്ചതിനാൽ".

അനിശ്ചിതമായ സർജിക്കൽ ട്രെയിനിങ്ങിന് വേണ്ടി ശ്രമിച്ച് സമയം കളയരുതെന്നുള്ള തന്നെ സഹായിച്ചവരുടെ ഉപദേശം ജിസി അനുസരിച്ചു. അങ്ങനെയാണ് താരതമ്യേന എളുപ്പമായ ഫിസിഷ്യൻ ട്രെയിനിങ്ങിന് ചേർന്നത്. ഫിസിഷ്യനായി ജീവിതം സ്റ്റേബിളായപ്പോൾ മാത്രമാണ് ദുരിതപൂർണ്ണമായ നാളുകളുടെ യഥാർത്ഥ വിവരം ജിസി അമ്മയോട് പറഞ്ഞത്. അധികം താമസിയാതെ ഫ്രെഡ് ജിസിയുടെ ജീവിതത്തിലേക്ക് കടന്നുവന്നു.

"ഇപ്പോൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ഞാനും ഫ്രെഡും, ഞങ്ങടെ രണ്ട് പൂച്ചക്കുട്ടികളും".

വാട്ട്സ്ആപ്പ് സ്ക്രീൻ നിറയുന്ന അവളുടെ ചിരി.
യെസ്, ഷി ഈസ് ഹാപ്പി.

രണ്ട്

"ഞാൻ ബാഗ്ലൂര്ന്ന് തൃശൂരിലേക്ക് വരുന്നുണ്ട്, വിത്ത് ബിനോയ്, നീ അവിടെയുണ്ടെങ്കിൽ മറ്റെന്നാൾ നമുക്ക് ബ്രേക്ഫാസ്റ്റ് ഒരുമിച്ചാകാം"- കഴിഞ്ഞ ഡിസംബറിൽ അവധിക്ക് വന്നപ്പോഴായിരുന്നു നിഖിതയുടെ മെസ്സേജ്. ഞാൻ അവധിക്ക് വന്ന കാര്യം അവളോട് പറയാൻ വിട്ടുപോയിരുന്നു. ഡിസംബർ അല്ലേ, ഒരു സാദ്ധ്യത പരിഗണിച്ച് അയച്ച മെസ്സേജ് ആയിരുന്നു അത്.

നിഖിതയും ഞാനും ഒരേ സമയത്താണ് ഹൗസ് സർജൻസി ചെയ്തത്. അങ്ങനെയാണ് ഞങ്ങൾ ഫ്രണ്ട്സ് ആയത്.
തോംസൺ റെസ്റ്റോറന്റിൽ മസാല ദോശ കഴിച്ചുകൊണ്ടിരുമ്പോഴാണ് 'ഹൗ ഈസ് ലൈഫ്' എന്ന എന്റെ ചോദ്യത്തിന് ഉത്തരമായി നിഖിത പറഞ്ഞത്, "ഞാൻ വളരെ ഹാപ്പിയാണ്, ബിനോയിയുടെ കാര്യം ബിനോയ് പറയും".

"എനിക്കും സന്തോഷത്തിന് ഒരു കുറവുമില്ല", ബിനോയിയുടെ മറുപടി പെട്ടെന്ന് വന്നു.
"ഇനി വൈവാഹിക ജീവിതമാണ് ഉദ്ദേശിച്ചതെങ്കിൽ അതും ഗോയിങ് വെൽ".
ആ ഒരു ഡയമെൻഷനും എന്റെ ചോദ്യത്തിനുണ്ടായിരുന്നു എന്നതാണ് ശരി, കാരണം നിഖിതയും, ബിനോയിയും ജീവിതപങ്കാളികളായിട്ട് നാല് വർഷമേ ആയിട്ടുള്ളൂ. അതിന് അഞ്ചു വർഷം മുമ്പായിരുന്നു വിജയ്ചന്ദ്രന്റെ മരണം. നിഖിത കാർഡിയോളോജിസ്റ്റ്, വിജയ് ചന്ദ്രൻ ന്യൂറോസർജൻ. ദാമ്പത്യം നന്നായി പോകുമ്പോഴാണ് വിജയ്ന് മാസ്സീവ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. വിജയ് മരിക്കുമ്പോൾ അവരുടെ മകൻ സഞ്ജയ്ന് പതിനഞ്ച് വയസ്സ്. ഇന്ന് അവൻ ജർമ്മനിയിൽ എൻജിനീയർ ആണ്.

ഭർത്താവും, വീട്ടുകാരും, ബന്ധുക്കളും ചേർന്ന് ഒരു മാഫിയ ഗാങ്ങ് പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ജിസിക്ക് മനസ്സിലായി. തന്റെ ഓരോ നീക്കവും കൃത്യമായി എത്തിച്ചുകൊടുക്കാൻ ആളുകളുണ്ട്.

വിജയ് യുടെ മരണശേഷം നിഖിത വിജയ് യുടെ അമ്മയോടൊപ്പമായിരുന്നു. അവധിക്ക് വരുമ്പോൾ ഞാൻ നിഖിതയെ കാണാറുണ്ടായിരുന്നു. ബ്രെക്ക് ഫാസ്റ്റ് സംസാരത്തിനിടയിൽ സമൂഹത്തിലെ സ്ത്രീയുടെ അവസ്ഥ വിഷയമായി വന്നു. ഞാൻ ജിസിയുടെ അമേരിക്കൻ ജീവിതത്തെ കുറിച്ച് പറഞ്ഞു.

"എനിക്കത് റിലേറ്റ് ചെയ്യാൻ പറ്റും. വിജയ് യുടെ മരണശേഷം ഞാൻ അനുഭവിച്ചതാണ്"- നിഖിതയുടെ ആ പ്രതികരണം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി.
"ഞാൻ അവിടെ വരുമ്പോഴെല്ലാം എല്ലാം വളരെ ഫ്രണ്ട്ലി ആയിട്ടാണല്ലോ കണ്ടിരുന്നത്".
"അതൊക്കെ ഉപരിതലത്തിലല്ലേ, പ്രശ്നങ്ങൾ ഭീകരമായത് ഞാൻ വീണ്ടും കല്യാണം കഴിക്കാൻ തീരുമാനിച്ചപ്പോഴാണ്"
"റിയലി?"
"വിജയ് യുടെ അമ്മയും, പ്രത്യേകിച്ച് സിസ്റ്റേഴ്സ്".
"അവർക്കെന്താണ് പ്രശ്നം?"
"അമ്മയെ ആര് നോക്കുമെന്ന്, ഞാൻ വേറെ ജീവിതം തുടങ്ങിയാൽ".
"ഈസ് ഇറ്റ് യുവർ റെസ്പോൺസ്സിബിലിറ്റി?"
"അത് ചോദിച്ചപ്പോൾ പിന്നെ ഞാൻ ഒരു ഭീകരജീവിയായി. സ്വഭാവഹത്യ, അപവാദങ്ങൾ... വിജയ് യുടെ ബന്ധുക്കളെല്ലാം എന്റെ ശത്രുക്കളായി. ഞാനും ബിനോയും തീരുമാനമെടുക്കാനെടുത്ത രണ്ട് വർഷങ്ങൾ, ‘‘ഇറ്റ് വാസ് ഹൊറിബിൾ".

ഞാൻ ശരിക്കും ഞെട്ടിപ്പോയി. വിജയ് എന്റെ അകന്ന ബന്ധു കൂടിയാണ്. അവരുടെ കുടുംബക്കാരൊക്കെ വളരെ പ്രോഗ്രസ്സിവ് ആണെന്നാണ് ഞാൻ കരുതിയിരുന്നത്.

"പ്രോഗ്രെസ്സിവെനെസ്സ് ഒക്കെ പലപ്പോഴും വെറും സൂപ്പർഫിഷ്യൽ ആണ്. ആളുകളുടെ യഥാർത്ഥനേച്ചർ പുറത്ത് വരുന്നത് ചില പ്രത്യേക ഘട്ടങ്ങളിലാണ് പ്രസന്നാ".

"ശരിയാണ്" ഐ അഗ്രിഡ് വിത്ത് ബിനോയ്.

Megan Barnard
Megan Barnard

മൂന്ന്.

സെപ്തംബറിൽ നാട്ടിൽ വന്നപ്പോൾ പട്ടണക്കാടനുമായുള്ള ഒരു കൂലംകഷ സായാഹ്ന ചർച്ചയിൽ വിഷയമായത് തൃശ്ശൂരിലെ കല്യാണങ്ങളിൽ അനുദിനം വർദ്ധിച്ചു വരുന്ന ആർഭാടങ്ങളായിരുന്നു. എങ്ങനെയോ ചർച്ച എത്തിനിന്നത് ജിസിയിലും, നിഖിതയിലുമായിരുന്നു. പെട്ടെന്ന് പട്ടണക്കാടൻ പോയി അവന്റെ ഓഫീസ് റൂമിനോട് ചേർന്നുള്ള ലൈബ്രറിയിൽ നിന്ന് ഒരു പുസ്തമെടുത്ത് കൊണ്ട് വന്നു.
"ഇത് കഴിഞ്ഞ അവധിക്ക് വന്നപ്പോൾ ചേട്ടച്ചാര് അവന്റെ മോൾക്ക് വേണ്ടി വാങ്ങിച്ചതാണ്. അവൾക്ക് മലയാളം വായിക്കാനറിഞ്ഞുകൂടാ, അതുകൊണ്ടാണിത് വാങ്ങിയത്. വായിച്ചിട്ട് ഇതൊക്കെയാണോ ഈ ദേശത്ത് സംഭവിക്കുന്നത് എന്നും പറഞ്ഞ് അവൾ ഇവിടെയിട്ടിട്ട് പോയതാണ്".

ഞാൻ പുസ്തകം വാങ്ങിനോക്കി.
കെ.ആർ. മീരയുടെ 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' എന്ന നോവലിന്റെ ഇംഗ്ലീഷ് ട്രാൻസ്‌ലേഷൻ 'Jezebel'. ഒറ്റ ഇരുപ്പിൽ ഞാൻ അത് വായിച്ചുതീർത്തു. ജിസിയെയും, നിഖിതയെയും അറിയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ വിചാരിച്ചേനെ, 'മീര നോവലിന് വേണ്ടി സംഭവങ്ങൾ ഓവർഡോസ് ആക്കി അവതരിപ്പിച്ചതാണെന്ന്'.

നോവലിലെ Jezbel ഒരു ഡോക്ടറായത് തീർത്തും യാദൃച്ഛികമാണ്, പക്ഷെ ആ യാദൃച്ഛികത എന്നിലുളവാക്കിയ വിസ്മയം വിട്ടുമാറാതെ ഇപ്പോഴും...


Summary: Dr Prasannan PA chooses English translation of K.R. Meera's novel sooryane aninja oru sthree, 'Jezebel' as book of the year 2025.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments