കണ്ടെത്തലുകളുടെ വായനക്കാലമാണ് കടന്നുപോകുന്നത്. പതിവ് വിഭവങ്ങളായ ഫിക്ഷൻ, നോൺ ഫിക്ഷൻ, ഓർമ്മ, എന്നിവയ്ക്കപ്പുറം ചില വായനകൾ പുതിയ അനുഭവങ്ങൾ തന്നുവെന്നതാണ് ഇക്കൊല്ലത്തെ പുസ്തകാനുഭവങ്ങളെ വേറിട്ടതാക്കുന്നത്. സർഗ്ഗധനരായ എഴുത്തുകാർ ദൈനംദിന ജീവിതത്തിൽ കണ്ടുമുട്ടുന്ന അറിവുകളും അനുഭവങ്ങളും ഫിക്ഷൻ സാമിഗ്രികളായി മാറ്റാറുണ്ട്. സത്യത്തിൽ അവർ ജീവിതത്തിന്റെ ഒൻറ്റോലൊജിക്കൽ അപഗ്രഥനം നടത്തുകയാണെന്ന് തോന്നിപ്പോകും. നോവൽ വായനയിലൂടെ സാഹസിക യാത്രയെന്നോണം കടന്നുപോകാവുന്ന രണ്ടു പുസ്തകങ്ങളാണ് പറയാൻ ശ്രമിക്കുന്നത്. അതിനുമുമ്പ് ചിരപരിചിതമായ രണ്ട് പുസ്തകങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് പുതുവായനയിലേയ്ക്ക് കടക്കാം.
"അവളുടെ വിറയ്ക്കുന്ന ചുണ്ടുകൾ പതുക്കെ, നന്നേ പതുക്കെ, ഹൃദയങ്ങൾക്കു മാത്രം കേൾക്കാൻ കഴിയുന്നത്ര പതുക്കെ പിറുപിറുത്തു: 'യുധിഷ്ഠിരാ, ഞാൻ ഉറങ്ങട്ടെ’’- പി. കെ. ബാലകൃഷ്ണൻ രചിച്ച 'ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന നോവലിന്റെ പ്രസിദ്ധമായ അന്ത്യവരികളാണിവ.
‘‘എന്നാൽ വരൂ അങ്ങോട്ട് വിട്ടിട്ടു പോകാം’’.
"വേണ്ട. എനിക്കപ്പുറത്തു പോയിട്ട് കുറച്ചുകൂടി കാര്യമുണ്ട്."
"എന്നാൽ നിക്കട്ടെ, വിമലേ’’.
‘ഓ’, വിമല ചിരിച്ചു.
കാർ നീങ്ങി.
മിനി ഒന്നും മിണ്ടാതെ അവൾക്ക് ചാരൻ കുഷ്യൻ നീക്കി വെച്ചുകൊടുത്തു’’.
രാജലക്ഷ്മിയുടെ 'ഉച്ചവെയിലും ഇളം നിലാവും' അവസാനിക്കുന്നതിങ്ങനെയാണ്.
പി. കെ. ബാലകൃഷ്ണൻറെയും രാജലക്ഷ്മിയുടെയും കഥപറച്ചിൽ അവസാനിക്കുന്നില്ലെന്ന പ്രതീതി നൽകിക്കൊണ്ട് എഴുത്തുകാർ രംഗം വിടുന്നു. വായനക്കാർക്കും ചിലതുണ്ട് ചിന്തിക്കാൻ; ദ്രൗപതിയും യുധിഷ്ഠിരനും ഇനി എന്താവും പറയുക. എന്തെല്ലാം അനുഭവങ്ങളാവും ഈ അവസ്ഥയിലും അവരെ അലട്ടുന്നത്. എന്തുകൊണ്ടീ നിമിഷം തെരഞ്ഞെടുത്തു, നോവലവസാനിപ്പിക്കാൻ. വായനക്കാർ ദ്രൗപതിയായോ യുധിഷ്ഠിരനായോ സ്വയം സങ്കല്പിച്ചുനോക്കും, തങ്ങൾ വായിച്ചെടുത്ത കഥാഭൂമിക യുക്തിഭദ്രമാണോ എന്ന്. ഇതുതന്നെയാവും എഴുത്തുകാരുടെയും ആകുലതകൾ. സമൂഹത്തിലെ എന്തെല്ലാം കാഴ്ചകളാവും തങ്ങളെ കഥാപാത്രങ്ങളിലൂടെ യാത്രചെയ്യിച്ചത് എന്ന് ചിലപ്പോഴെങ്കിലും എഴുത്തുകാർ ചിന്തിച്ചു കൂട്ടുന്നുമുണ്ടാവും. നോവലെഴുതിയതിന് രാജലക്ഷ്മിക്കുമേൽ കുറച്ചൊന്നുമല്ല അമ്പുകൾ പതിച്ചത്. കഥാപാത്രങ്ങൾ തങ്ങളാണെന്നും, സ്വകാര്യ ജീവിതങ്ങൾ ആരുടെയും വെയിലും നിലവും ആകുന്നില്ലെന്നും പറഞ്ഞുള്ള ആക്രമണം രാജലക്ഷ്മിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.
അകമഴിഞ്ഞ സത്യസന്ധത, ഗംഭീര നറേറ്റീവ്, വ്യക്തികളെയും അനുഭവങ്ങളെയും ഉള്ളറിയുന്ന രീതിയിൽ നമ്മെ സ്പർശിക്കുന്ന ആഖ്യാന മികവ്, എല്ലാം ഹെലൻ ഗാണർ രചിച്ച ‘കഥ അവസാനിപ്പിക്കുന്ന വിധം' എന്ന പുസ്തകത്തെ വേറിട്ടതാക്കുന്നു.
നോവലിസ്റ്റ് കടന്നുപോകുന്ന ഓൺറ്റോലോജിക് അനുഭവങ്ങൾ സത്യത്തിൽ നോവൽ രചനയുടെ ദാർശനിക വേഷവുമായി ബന്ധമുണ്ട്. എന്നാൽ നോവലിസ്റ്റ് ഇതെല്ലാം എഴുതിവെച്ചില്ലെങ്കിൽ നമുക്ക് അറിയാനുള്ള സാധ്യതയുണ്ടാവുന്നുമില്ല. നോവലിസ്‌റ്റിന്റെ പണിപ്പുര അവരുടെ മസ്തിഷ്കമാണ്; അവിടെ നടക്കുന്ന അമൂർത്തകല്പനകൾ വായനക്കാരും ഭാവിഎഴുത്തുകാരും ആവേശത്തോടെയാവും വരവേൽക്കുക. അത്തരത്തിൽ ഒരു പുസ്തകമാണ് 2025-ൽ ഏറെ ശ്രദ്ധയാകർഷിച്ച ഹെലൻ ഗാണർ രചിച്ച ‘കഥ അവസാനിപ്പിക്കുന്ന വിധം' (How to End a Story: Collected Diaries by Helen Garner - Pantheon Books, 2025).
രണ്ടു ഭാഗങ്ങൾ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും മൂന്ന് വോള്യങ്ങളും ചേർത്ത് പ്രസിദ്ധീകരിക്കുന്നത് ഈ വർഷം ആദ്യമാണ്. ജേണൽ രൂപത്തിൽ എഴുതപ്പെട്ട പുസ്തകത്തിൽ എഴുത്ത്, വായന, സമൂഹം, വ്യക്തിജീവിതം, ബന്ധങ്ങൾ എന്നിവ നമുക്കു മുന്നിലെത്തുന്നു. പുസ്തകത്തിന് ഇതിനകം ഓസ്‌ട്രേലിയയിലെ പ്രധാന പുരസ്‌കാരമായ ബെയ്‌ലി ഗിഫഡ് സമ്മാനം ലഭിക്കുകയുണ്ടായി.
അറിയപ്പെട്ട നോവലിസ്റ്റും കഥാകൃത്തും നോൺ-ഫിക്ഷൻ എഴുത്തുകാരിയുമാണ് ഹെലൻ ഗാണർ. മറ്റു പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമായതെന്തെല്ലാമാണ് ഈ പുസ്തകത്തിലുള്ളത് എന്ന ചിന്ത പ്രസക്തമാണ്. ഉദാത്തമായ സാഹിത്യസൃഷ്ടിയായി ലോകമെമ്പാടുമുള്ള നിരൂപകർ ഇതിനകം പുസ്തകത്തെ വിലയിരുത്തിക്കഴിഞ്ഞു. അതിന് കാരണമുണ്ട്. അകമഴിഞ്ഞ സത്യസന്ധത, ഗംഭീര നറേറ്റീവ്, വ്യക്തികളെയും അനുഭവങ്ങളെയും ഉള്ളറിയുന്ന രീതിയിൽ നമ്മെ സ്പർശിക്കുന്ന ആഖ്യാന മികവ്, എല്ലാം പുസ്തകത്തെ വേറിട്ടതാക്കുന്നു.

നമുക്ക് ചുറ്റും കാണുന്ന ലോകത്തെ നാം മനസ്സിലാക്കുന്നതും സമൂഹം നമ്മോടു പ്രതികരിക്കുന്നതും അതിസൂക്ഷ്മമായി അവർ കണ്ടെത്തുന്നു. എഴുത്തിന്റെ മാനസിക പ്രവർത്തനം കോറിയിടുകവഴി സർഗ്ഗാത്മകതയുടെ സംഘർഷങ്ങൾ മനസ്സിലാക്കാൻ പറ്റുന്നു. സമൂഹത്തിൽനിന്ന് എഴുത്തുകാർ ഉൾക്കൊള്ളുന്ന വിഭവങ്ങൾ എന്തെല്ലാം പ്രക്രിയകളിലൂടെ കടന്നുപോകണം, ജീവിച്ചിരിക്കുന്നവർ കഥാപാത്രങ്ങളാവുമ്പോൾ എഴുത്തുകാരുടെ നൈതികതാബോധം പ്രവർത്തിക്കുന്നതെങ്ങനെ എന്നെല്ലാം അവർ പറയുകയാണ്. ഒപ്പം എഴുത്തുകാർക്ക് സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് ഒളിച്ചോടാനാകില്ല എന്നും.
അമേരിക്കക്കാർക്ക് തോക്കിനോട് ഇത്ര ആസക്തി എന്തുകൊണ്ട്? അമേരിക്കൻ നേതാവിന്റെ മറുപടിയിങ്ങനെ: അവർ തോക്കുമായി നടക്കുന്നത് ജീവന്റെ ചിഹ്നമായി കാണുന്നു എന്നതുതന്നെ. ഒരു കുഞ്ഞുണ്ടായത് തന്റെ വ്യക്തിഗത ഭാഗ്യമായി കാണുന്നുവെന്നും അവർ അഭിപ്രായപ്പെടുന്നു. പ്രസിഡൻറ്റ് റെയ്‌ഗനെ ആരോ വെടിവെച്ചു വീഴ്ത്തി; അദ്ദേഹം മരിച്ചില്ല, രക്ഷപ്പെട്ടു. പിറ്റേന്നാൾ ലൈബ്രേറിയനെ കണ്ടപ്പോൾ ചോദിച്ചു, 'റെയ്‌ഗൻവിശേഷമറിഞ്ഞോ?'
അയാൾ പറഞ്ഞു; ‘ഉവ്വ്, അറിഞ്ഞു. പണ്ട് കെന്നഡിയെ വെടിവെച്ചു വീഴ്ത്തിയപ്പോൾ ഞാൻ ഏതു ചെയ്യുകയായിരുന്നു എന്ന് ഞാൻ കൃത്യമായി ഓർക്കുന്നു. ഇക്കുറി ഞാൻ വൃഥാ ചിന്തിച്ചു,
ഹും... ഹാ!’.
ഇങ്ങനെയുള്ള അനേകം സൂക്ഷ്മ നിരീക്ഷണങ്ങളുണ്ട് അവരുടെ ശേഖരത്തിൽ.
'സ്ത്രീ, ലൈംഗികത, അശ്ലീലരചന' എന്ന പേരിൽ ബിയാട്രിസ് ഫൗസ്റ്റ് ഒരു പുസ്തകം രചിച്ചിരുന്നു. അതേക്കുറിച്ച് റിവ്യൂ എഴുതാൻ ഒരു ജേണൽ ഹെലൻ ഗാണറിനോട് ആവശ്യപ്പെട്ടു. സംഭാഷണരൂപത്തിൽ ഗാണർ റിവ്യൂ എഴുതി അയച്ചു. തീർത്തും ആസ്വദിച്ചെഴുതിയ റിവ്യൂ മാഗസിൻ തിരസ്കരിച്ചു. അവർക്ക് സാധാരണരീതിയിൽ എഴുതപ്പെട്ട റിവ്യൂ മതിയത്രെ. ഗാണറിന്റെ ആദ്യ പ്രതികരണം ദേഷ്യവും പുച്ഛവും ആയിരുന്നു. ഉള്ളിയും ഉരുളക്കിഴങ്ങും നുറുക്കുന്നതിനിടയിൽ തിരസ്കാരത്തിന്റെ വേദനയറിഞ്ഞു. പെട്ടെന്ന് താൻ പഠിപ്പിക്കുന്ന വിദ്യാർത്ഥികളുടെ മുഖം തെളിഞ്ഞുവന്നു. അവരുടെ അസൈൻമെന്റ് നിർദാക്ഷണ്യം വെട്ടിത്തിരുത്തുമ്പോൾ അവർ എന്താവും ചിന്തിച്ചിരുന്നത്? താൻ ചെയ്ത തെറ്റുതിരുത്തൽ വേദനിപ്പിച്ചിരിക്കാം; എന്നാൽ അവർ നിശ്ശബ്ദരായി പോകയാണ് പതിവ്. അവരുടെ വിനയം തനിക്ക് ഒരു പാഠമാകുന്നുവെന്ന് ഗാണർ അറിയുന്നു. റിവ്യൂ മാറ്റിയെഴുതാമെന്ന് എഡിറ്ററെ അറിയിക്കുന്നു.
ഹെലൻ ഗാണർ സ്വാഭിമാനം (Honour) എന്ന ലഘുനോവൽ എഴുതിയിട്ടുണ്ട്. അത് വായിച്ച ഒരു സ്ത്രീയുടെ ഫോൺ കാൾ ഗാണറെ ഞെട്ടിച്ചുകളഞ്ഞു. അവർ നോവൽ വായിക്കുകയും പൊട്ടിക്കരയുകയും ചെയ്തുവത്രേ. വലിയ ആശ്വാസമായിരുന്നു വായനാനുഭവം. അവരുടെ സംസാരം കരച്ചിലും ചിരിയുമായി ഇടതൂർന്നു നീണ്ടു. അകന്നു താമസിക്കുന്ന ദമ്പതികളേയും അവരുടെ ചെറിയ കുട്ടിയേയും കേന്ദ്രമാക്കിയാണ് കഥ മുന്നോട്ടുനീങ്ങുന്നത്. അതിനിടയിൽ ഭർത്താവ് മറ്റൊരു പങ്കാളിയെ കണ്ടെത്താൻ ശ്രമിക്കുന്നു. നോവൽ വരച്ചിടുന്ന സമ്മർദ്ദങ്ങൾ ഫോൺ കാളിൽ പ്രത്യക്ഷപ്പെട്ട സ്ത്രീയും അനുഭവിക്കുന്നുണ്ട്. അവരുടെ നിർബന്ധത്തിനു വഴങ്ങി ഒരുനാൾ ഉച്ചഭക്ഷണത്തിന് ഹെലൻ അവരുടെ വീട്ടിൽ പോകുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങളാണ് പിന്നീടുള്ളത്.
തികച്ചും സങ്കല്പികമായ ഒരു പ്രശ്നം ഹെലൻ ഗാണർ ഉന്നയിക്കുന്നത് നോക്കാം. ഫെമിനിസ്റ്റ് ആശയങ്ങളെത്തുന്നതിന് മുമ്പുള്ള (pre-feminist) കാലത്ത് ജീവിക്കുന്ന പുരുഷനായിരുന്നു താൻ, എങ്കിൽ ജീവിതം എന്തായിരിക്കുമെന്ന ചിന്താപരീക്ഷണം (thought experiment) നമ്മുടെ കണ്ണ് തുറപ്പിക്കും.
ഹെലൻ ഗാണർ അതിങ്ങനെ വിവരിക്കുന്നു:
'Chin always lifted and thrust forward in defensive posture. Her hair cut to shoulder - length, swept away to the left in a movie - star style. She’s always fiddling with it but not tentatively — rather she will seize the comb that’s holding it off her face, bunch the hair up at the back of her head and thrust the comb into it again, thus creating an entirely new hairdo. She did this at least ten times while I was there. Something shocking about her relationship with inanimate objects. She moved around the kitchen with violence: open a cupboard door, look inside, slam it again with a loud report. She did not seem to know where anything was. I cut up some vegetables: first I wasn’t cutting fine enough, then I cut too fine, but it didn’t matter, she didn’t ‘give a damn’ how I cut them, it wasn’t important to her at all.'
നോക്കൂ; തീർത്തും അപരിചിതയായ സ്ത്രീ, തന്റെ നോവലിലെ കഥാപാത്രമെന്നോണം കടന്നുവരുന്നത്. സർവസാധാരണം എന്ന് തോന്നാവുന്ന ശ്ലഥദാമ്പത്യത്തിന്റെ ഉള്ളറകളിൽ മാത്രം കാണപ്പെടുന്ന പ്രക്ഷുബ്ധാവസ്ഥകളും ആകുലതകളും കണ്ടെത്തുകയാണ് ഹെലൻ; മുൻവിധികൾ ഒട്ടുമില്ലാതെ, നിസ്സംഗതയോടെ. എഴുത്തുകാർ ആർജ്ജിക്കേണ്ട നൈതികത ഇതൊക്കെയാവണം. പരിചിതരും അപരിചിതരുമായ അനേകം വ്യക്തകൾ, അവരുടെ അരക്ഷിതത്വങ്ങൾ എല്ലാം എഴുത്തുകാരുടെ ചിന്തകളുടെ ഭാഗമായിക്കൊണ്ടിരിക്കും. അവരുടെ ചെറു ചലനങ്ങളും ഭാവങ്ങളും നിരീക്ഷിക്കുക എന്നത് നോവലിസ്‌റ്റിൻറെ ദൗത്യമാകുമ്പോൾ മാത്രമേ ഭംഗിയുള്ള രചനകൾ ഉണ്ടാകൂ. അപ്പോൾ നോവലിസ്റ്റിന് ധാർമിക രോഷവും ഈർഷ്യയും ഉണ്ടായിക്കൂടെ? ഉണ്ടാകാം. എന്നാലത്തിനോടും സമചിത്തതയോടെ പ്രതികരിക്കണം.

ഇപ്പോൾ ഹെലൻ ഗാണർ ഭക്ഷണശാലയിലാണ്. അപ്പുറത്ത് മേശയ്ക്ക് ചുറ്റും രണ്ടോ മൂന്നോ ദമ്പതികൾ ആർത്തിയോടെ ഭക്ഷണം കഴിക്കുന്നു. ആണുങ്ങൾ നിക്കറും ടി-ഷർട്ടും, പെണ്ണുങ്ങൾ ഒതുക്കമുള്ള വേഷവും ധരിച്ചിട്ടുണ്ട്. അപ്പോഴാണ് മുന്വാതിലിലൂടെ കൗമാരക്കാരായ രണ്ടു പെൺകുട്ടികൾ കടന്നുവന്നത്. അതിൽ മെല്ലിച്ച പെൺകുട്ടിക്ക് സാധാരണ വേഷം. രണ്ടാമത്തെ പെൺകുട്ടിക്ക് അല്പം വണ്ണക്കൂടുതൽ. വല്ലാത്ത പ്രകടനപരതയാണ് അവളുടെ വേഷത്തിൽ. കടുത്ത പിങ്ക് ബോ തലയിൽ കെട്ടിയിരിക്കുന്നു. അടുത്ത മേശയിലിരുന്നവരിൽ ഒരു പുരുഷൻറെ ശ്രദ്ധ തലയിൽ ബോ കെട്ടിയ പെൺകുട്ടിയിൽ പതിച്ചു. അയാളുടെ വായ തുറന്നുപോയി, അതിശയത്താൽ. ഒപ്പമുണ്ടായിരുന്ന മറ്റൊരു പുരുഷന്റെ നോട്ടവും അതേപിന്തുടർന്ന് അവളിൽ പതിഞ്ഞു. അത്യുക്തി കലർന്ന പൊട്ടിച്ചിരിയായിരുന്നു അയാളുടെ പ്രതികരണം. പിന്നീട് അവരുടെ മേശയ്ക്ക് ചുറ്റും ചിരി വ്യാപിച്ചു; പുരുഷന്മാരും സ്ത്രീകളും എല്ലാം ചിരിയുടെ ഭാഗമായി. അടക്കാനാവാത്ത നിലയിൽ, ഉച്ചത്തിൽ, അപരിഷ്‌കൃതമെന്നപോൽ പരിഹാസം തിരകളായി അവിടം നിറഞ്ഞു. തൊട്ടടുത്ത മേശയിൽ ഇരുന്ന ഹെലന് ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു വെന്ന് സ്പഷ്ടം. ഹെലന് പ്രതികരിക്കണമെന്നുണ്ടായിരുന്നു. തൻറെ ആത്മസംയമനം അതനുവദിച്ചില്ല. അവർ അതൊരു ആത്മഭാഷണത്തിൽ ചുരുക്കി:
‘What makes you think you’ve got the right to mock her? Quite a few people in this restaurant, if they didn’t have better manners, might well point and laugh at you, for wearing those shorts and combing your hair into a fringe and holding your knife pencil - grip and drinking a milkshake with a meal.’
പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയസാമൂഹിക ചിഹ്നങ്ങൾക്കുമേൽ, എഴുത്തുകാരുടെ നോട്ടം (gaze) പതിക്കുന്നത് വ്യക്തമാക്കാൻ ഇതുപകരിക്കും. സാമൂഹിക ജീവി എന്ന നിലയിൽ നമ്മുടെ വ്യവഹാരരീതികളിൽ അടങ്ങിയ ചാലകശക്തികളെ കാട്ടിത്തരാൻ ഹെലൻ ഗാണർ ശ്രമിക്കുന്നതായി ഈ സംഭവം വിലയിരുത്തപ്പെടും. സ്ത്രീപുരുഷർക്ക് തുല്യപങ്കാളിത്തവും തുല്യാധികാരങ്ങളും ഉള്ള സമൂഹമായാണല്ലോ സമൂഹത്തെ നാം അറിഞ്ഞിരിക്കുന്നത്. സാമൂഹിക സദാചാരം, നൈതികത എന്നിവയിൽ തെളിയുന്ന ന്യൂനതാരേഖകൾ (faultlines) ചിത്രത്തിലെന്നോണം നമുക്കു കാണാം.
തികച്ചും സങ്കല്പികമായ ഒരു പ്രശ്നം ഹെലൻ ഗാണർ ഉന്നയിക്കുന്നത് നോക്കാം. ഫെമിനിസ്റ്റ് ആശയങ്ങളെത്തുന്നതിന് മുമ്പുള്ള (pre-feminist) കാലത്ത് ജീവിക്കുന്ന പുരുഷനായിരുന്നു താൻ, എങ്കിൽ ജീവിതം എന്തായിരിക്കുമെന്ന ചിന്താപരീക്ഷണം (thought experiment) നമ്മുടെ കണ്ണ് തുറപ്പിക്കും. അന്നത്തെ പുരുഷന് വീടും ഭാര്യയും കുട്ടികളും ഉണ്ടാവും. ഭക്ഷണം തയ്യാറാക്കലും, വീട് വെടിപ്പാക്കലും, കുട്ടികളെ പരിപാലിക്കലും ഭാര്യ ഏറ്റെടുത്തോളും. വീട്ടിലെ നിസ്സാരകാര്യങ്ങളിൽ അയാൾക്ക് ചിന്തിക്കേണ്ടതില്ല: രാത്രിഭക്ഷണത്തിനെന്ത് വിഭവമൊരുക്കും, അടുത്തുള്ള ലെബനീസ് ഭക്ഷണശാലയിലേയ്ക്ക് തന്റെ പെൺകുട്ടികളെ അയയ്ക്കാമോ, പുറത്തുപോകുമ്പോൾ നായ ഏകാന്തതയിൽ ഉഴറുമോ, മാർക്കറ്റിൽ പോകുമ്പോൾ ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യണോ, ഇന്നത്തെ ക്ഷീണം വെറും മനസികാവസ്ഥയാണോ, തുടങ്ങിയ അസംഖ്യം ചോദ്യങ്ങൾ പുരുഷനെ അലട്ടുന്നില്ലെന്ന് അവർ കണ്ടെത്തും. അതിനാൽത്തന്നെ, അന്നത്തെ പുരുഷന് വിപുലവും ഗണനീയവും ഉത്കൃഷ്ടവുമായ ചിന്തകളിൽ വ്യാപാരിക്കാം. ഇഷ്ടമുള്ള തൊഴിൽ ചെയ്യാനും, രാത്രികാലം ചെലവിടാനും, ഒഴിവുസമയം ആസ്വദിക്കാനും അയാൾക്കാവും.
തന്റെ അടുത്ത ബന്ധുക്കളെ അക്ഷരങ്ങൾ മാത്രം ഉപയോഗിച്ചാണ് ഹെലൻ ഗാണർ പരാമർശിക്കുന്നത്. മൂന്നാവർത്തി വിവാഹം കഴിക്കുകയും മൂന്നിലും ദൃഢത കണ്ടെത്താനാവാതിരിക്കലും പുസ്തകത്തിൽ പലേടത്തും കാണാം. മകൾ ആലീസിനെ A എന്നും, മൂന്നാം ഭർത്താവ് മറേ ബെയ്‍ലിനെ (Murray Bail) V എന്നുമാണ് സൂചിപ്പിച്ചിരിക്കുന്നത്. രണ്ടുപേരും നോവലിസ്റ്റുകൾ; എന്നിട്ടും ഹെലനും മറേയും തമ്മിലുള്ള ബന്ധങ്ങളിൽ പൊരുത്തക്കേടുകളും വിള്ളലുമുണ്ടായി. അതേക്കുറിച്ചും അനേകം കുറിപ്പുകളുണ്ട് പുസ്തകത്തിൽ.
വിടവാങ്ങലുകൾ ഓർക്കാറുണ്ടോ? ഒരുവേള മറക്കാനാവാത്തത് അതായിരിക്കും. അമ്മൂമ്മയുടെ വീട്ടിൽ നിന്ന് പോരുമ്പോൾ അവർ മുറിക്കുള്ളിൽ നിന്ന് മെല്ലെ കൈവീശി വിടപറഞ്ഞു. ഇരുണ്ടമുറിയായിരുന്നു, അകലെനിന്ന് വരുന്ന പ്രകാശം അമ്മൂമ്മയുടെ പിന്നിൽ കാണാമായിരുന്നു; അതിൽ അമ്മുമ്മയുടെ അരണ്ട രൂപം മാത്രം കാണാനായി.
ഒരിക്കൽ ഹെലൻ ശുചിമുറി വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് മറേ അവിടെത്തുന്നത്. ശുചിമുറിയുടെ വാതിൽക്കൽ കൈകെട്ടിനിന്നുകൊണ്ട് മറേ ഉറക്കെ ചിന്തിക്കുന്നു: ഹെലന്റെ നോവലുകൾ 70-കളിൽ പ്രതിഷ്ഠിക്കപ്പെട്ടവയാണ്. അതൊരു പഴഞ്ചൻ കാലമായിരുന്നു. അതിനാൽ അക്കാലത്തെ സൂചിപ്പിക്കുന്ന നോവലെഴുത്ത് നിർത്തണമെന്നാണ് മറേയുടെ അഭിപ്രായം. വലിയ സാമൂഹിക മാറ്റങ്ങളുടെ കാലമായിരുന്നു 70- കൾ. അതിപ്പോഴും പ്രതിഫലിക്കുന്നുണ്ടെന്ന് ഹെലൻ കരുതുന്നു. അതൊന്നും തേച്ചുമിനുക്കിയാൽ എന്നിൽ നിന്നോ എൻറെ കഥാപാത്രങ്ങളിൽ നിന്നോ ഒഴിഞ്ഞുപോവില്ല, ശുചിയാക്കാൻ തുടർന്നുകൊണ്ട് ഹെലൻ പറഞ്ഞു. തന്റെ നോവലുകളിൽ സ്ഥലകാല സൂചനകളില്ലെന്ന് മറേ കൂട്ടിച്ചേർത്തു. മറേയുടെ നോവലുകൾ 50- കളെ സൂചിപ്പിക്കുന്നുവെന്ന് ഹെലന് തോന്നാറുണ്ട്; അതിന് കാലഘട്ട സൂചനകൾ ആവശ്യമില്ല. സ്ത്രീപുരുഷരുടെ ബന്ധങ്ങളിൽ അവ തെളിഞ്ഞുവരും.
ചർച്ച ക്രമേണ തർക്കമായി പരിണമിച്ചപ്പോൾ ഹെലൻ ചിന്തിച്ചു:
'I forbore to point out that in the simple fact that I was on my knees scrubbing the porcelain as we talked, and in the fact (which he had only the other evening admitted publicly without shame or remorse) that he has ‘never cleaned a lavatory in his life’, resided a thundering piece of…whatever it is we were talking about: a whopping great assumption about men, women and domestic labour which dates him, and judges him, as accurately as does any misplaced nostalgia that I have been reproached with.'
മോയ കോസ്റ്റല്ലോ (Moya Costello) പുസ്തകത്തെക്കുറിച്ചു പറയുമ്പോൾ രണ്ട് ആശയങ്ങൾ മുന്നോട്ട് വെയ്ക്കുന്നു. ശരീരങ്ങളെ തീക്ഷ്ണമാക്കൽ, ഇന്ദ്രിയാനുഭവങ്ങളെ വിസ്തരിക്കൽ (enhancement or intensification of bodies and elaboration of sensations); സംഗീതം പോലെ. തീർച്ചയായും, ഹെലനും മറേയും പിരിയിഞ്ഞേ തീരൂ എന്ന അവസ്ഥയായി. ഇനി പരസ്പരം കാണേണ്ട എന്ന തീരുമാനം പരസ്പരം പറഞ്ഞുകൊണ്ട് എല്ലാം അവസാനിപ്പിക്കണം എന്നായിരുന്നു ഹെലന്. അത്ര ഉറപ്പില്ലായിരുന്നു മറേയ്ക്ക്. പക്ഷെ തങ്ങൾ എത്തപ്പെട്ടിരിക്കുന്ന അവസ്ഥയോട് പൊരുത്തപ്പെടാനേ അവർക്കാകുമായിരുന്നുള്ളു. ഒറ്റയ്ക്കായ വീട്ടിൽ ദുഃഖം പൂണ്ടിരിക്കാൻ ഹെലന് ആകുമായിരുന്നില്ല. പുതിയ കർട്ടൻ, വിളക്കുകൾ, സോഫ, പൂക്കൾ. വീടൊരുക്കാൻ പണിക്കാരെത്തി. സോഫയുടെ പാക്കിങ് മാറ്റി മുറിയിൽ സ്ഥാപിച്ച്, ജനാല തുറന്നു. വസന്തം അതിന്റെ പ്രഭാത രശ്മികൾ ചൊരിഞ്ഞു. മൂന്നു പണിക്കാരും ഹെലനും അത് കണ്ടുനിന്നു. ഒരു കഥ അവസാനിപ്പിക്കേണ്ടതെങ്ങനെ (How To End a Story) എന്നുനാം അറിയുന്നു. നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്നു.
ജെനി ഏപൻബെക്ക് (Jenny Erpenbeck) എഴുതിയ 'ഇല്ലാതാകുന്ന വസ്തുക്കൾ' 2025 തിളക്കമാർന്ന രചനയാണ്. ഹെലൻ ഗാണർ തന്ന അനുഭവത്തിന്റെ വേറിട്ടൊരു പതിപ്പ്. പ്രതിഫലങ്ങളും ഓർമകളും അടങ്ങുന്ന ലഘുലേഖനങ്ങളുടെ സമാഹാരമാണ് ഏപൻബെക്ക് ഒരുക്കുന്ന പുസ്തകം. വെറും 120 പേജിൽ ജീവിതം എന്ന അത്ഭുതത്തെ സാമ്യമില്ലാത്തെ രീതിയിൽ നമ്മളിൽ എത്തിക്കുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രമാണ് ഇതിൻറെ ഇംഗ്ലീഷ് പരിഭാഷയുണ്ടായത്. (Jenny Erpenbeck - Things That Disappear; translation - Kurt Beals, Granta Books, 2025)

ഏപൻബെക്ക് 2024- ൽ ബുക്കർ സമ്മാനം നേടി. കൈറോസ് (Kairos - Jenny Erpenbeck) ആണ് അവരുടെ മുഖ്യ കൃതി. അപ്രത്യക്ഷമാകുന്ന പലതിനും ഇടയിലാണ് നാം ജീവിക്കുന്നത്. ദിനോസറുകൾ പോയതും വെള്ളപ്പൊക്കവും കെടുതിയലിലും പെട്ട് ഗ്രാമങ്ങളും വലിയ പ്രദേശങ്ങളും അപ്രത്യക്ഷമായിട്ടുണ്ട്. എന്നാൽ നാമറിയാതെ നമുക്കുചുറ്റും വിസ്‌മൃതമാകുന്നതും അപ്രത്യക്ഷമാകുന്നതും എന്തെല്ലാമുണ്ട്?
ഒത്തിരിയുണ്ട്. നാം ചിന്തിക്കുന്നില്ല, അതിനാൽ കാണുന്നുമില്ല. അവർക്കു മാത്രം കഴിയുന്ന രീതിയിൽ ഏപൻബെക്ക് നമ്മെ നിലക്കണ്ണാടിക്കുമുന്നിൽ നിർത്തിയിരിക്കുന്നു. ഇനി ചിന്തിക്ക് എന്തെല്ലാം അദൃശ്യമായി നമ്മിൽ നിന്ന്? ഒരു ചോദ്യം: സമയമെല്ലാം എവിടെപ്പോയി?
"Where does all the time go, I once read in the letters of a girl who had to live apart from her parents for two years in fascist Germany. A year later she was dead, killed by the Nazis. Where does all the time go?"
കുട്ടിക്കാലത്തുണ്ടായിരുന്ന നമ്മുടെ സുഹൃത്തുക്കളെ നാം അദൃശ്യരാക്കിയോ? ചില സൗഹൃദങ്ങൾ മറവിയിലാണ്ടുപോകുന്നു. അവിടെ ശാന്തതയും കൊടുംകാറ്റുമുണ്ടാവാം. അവയിൽ ചിലപ്പോൾ സൗഹൃദം ഒളിഞ്ഞുപോകും, തിരിച്ചെടുക്കാനാവാതെ. ചിലപ്പോൾ ശാന്തതയാവില്ല അതിനു പിന്നിൽ, നിശ്ശബ്ദതയാവും. എല്ലാം മാറിമാറി വരാനും ഇടയുണ്ട്. എങ്കിൽ കാണാതാകൽ ചാക്രികവസ്ഥയായി മാറും.
വിടവാങ്ങലുകൾ ഓർക്കാറുണ്ടോ? ഒരുവേള മറക്കാനാവാത്തത് അതായിരിക്കും. അമ്മൂമ്മയുടെ വീട്ടിൽ നിന്ന് പോരുമ്പോൾ അവർ മുറിക്കുള്ളിൽ നിന്ന് മെല്ലെ കൈവീശി വിടപറഞ്ഞു. ഇരുണ്ടമുറിയായിരുന്നു, അകലെനിന്ന് വരുന്ന പ്രകാശം അമ്മൂമ്മയുടെ പിന്നിൽ കാണാമായിരുന്നു; അതിൽ അമ്മുമ്മയുടെ അരണ്ട രൂപം മാത്രം കാണാനായി. അതിനുശേഷം രണ്ടുനാൾ കഴിഞ്ഞു അമ്മുമ്മ വീണ് എല്ലുപൊട്ടി. പിന്നീട് അമ്മൂമ്മയെ കാണുമ്പോൾ അവരുടെ കണ്ണുകൾ മൂടിയിരുന്നു, അബോധാവസ്ഥയിലായതിനാൽ ഒന്നും പറയാനായില്ല. ഏതാനും നാളുകൾക്കുള്ളിൽ അവരുടെ മരണവാർത്ത അറിഞ്ഞു. നമ്മുടെ ഓർമ്മകൾ വല്ലാത്തൊരവസ്ഥയിൽ കൊണ്ടെത്തിക്കും നമ്മെ. കാണണോ, കേൾക്കാനോ, സ്പർശിക്കാനോ ആവാത്ത അവസ്ഥ. ഇല്ലാത്ത ഒരാളിനെക്കുറിച്ചുള്ള ഓർമ്മകൾ എന്തെല്ലാം അനുഭവങ്ങളാണ് നമുക്ക് നൽകുക? ജീവിക്കുമ്പോൾ പോലും നാം പലതും മറന്നുപോകും: കുട്ടിക്കാലത്ത് കളിച്ചതും, കുത്തിയിരുന്ന് ടീവി കണ്ടതും, മൂക്കു ചീറ്റിയതും എങ്ങനെയാണെന്ന് ഓർമയിൽ തങ്ങുന്നില്ല. നമ്മളും കുറേശ്ശേ ഓർമയിൽ നിന്ന് വിടപറയുന്നുണ്ടോ?

മുപ്പത്തൊന്ന് ചെറു ലേഖനങ്ങളുടെ സമാഹാരമാണ് പുസ്തകം. അവസാനത്തേത് രചയിതാവിനെക്കുറിച്ചാണ്. ആരെക്കുറിച്ചുമാവാം, നമ്മെക്കുറിച്ചും. അപൂർണമായ ഒരു വാക്യമാണ് മുപ്പത്തൊന്നാം ലേഖനം. അതിത്രയേയുള്ളു: 'Surely you’ve also heard the theory that the author is disap …'. അദൃശ്യരാകുന്നത് നോവലിസ്റ്റും വായനക്കാരും പുസ്തകവും വായനയും ഓർമയും എല്ലാമല്ലേ?
അപ്പോൾ പി. കെ. ബാലകൃഷ്ണനും രാജലക്ഷ്മിയും അവരുടെ മസ്തിഷ്കത്തിൽ സൂക്ഷിച്ചിരുന്ന പണിപ്പുരകളിൽ എന്തെല്ലാം നടന്നിരിക്കും. എന്തെല്ലാം രാസവിദ്യകളാണ് അതിന്റെ ആൽക്കമി. ഈ വർഷത്തിൽ എന്നെ സ്പർശിച്ച ആൽക്കമി ഇങ്ങനെയാണ്.
