ഫർസാന, ഡോ. ഉമർ തറമേൽ.

കിള,
എഴുത്തിലെ
പതിവ് തെറ്റിക്കുന്ന
‘ബൻ കിള’

ഏകകാലികമായ മനുഷ്യബന്ധങ്ങളിൽ ചുറ്റിത്തിരിയാതെ ബഹുകാലികമായ സ്ഥല- കാല- സാംസ്കാരിക ബന്ധങ്ങളിൽ മേഞ്ഞുനടക്കുന്ന മനുഷ്യരെ ചുറ്റിപ്പറ്റിയുള്ള നോവലാണ് ഫർസാനയുടെ കിള- ഡോ. ഉമർ തറമേൽ എഴുതുന്നു.

ചെറിയ ചെറിയ ആഖ്യാനഖണ്ഡങ്ങൾ കോർത്തുകോർത്ത് അതൊരു കഥാമാലയായി തീരുന്നു, മുഹയിദ്ദീൻമാല പോലെ.

‘എല്ലാ കിളയിലും ബൻകിളയായോവർ
എല്ലാ തിശയിലും കേളിമികന്തോവർ’.

എന്നാൽ, ഇതൊരു മദ്ഹ് പാട്ടല്ല.
ബൈത്തിന്റെ ഈണമുള്ള ആഖ്യാനങ്ങളുടെ നാരങ്ങാചെത്തുകൾ.

സേബയുടെയും ജഹനാരയുടെയും കുടുംബ ചരിത്രത്തിൽ തുടങ്ങി ജസീറത്തുൽ അറബിയിലേക്ക് ഒഴുകിപ്പരക്കുന്ന കഥയാണ്, ഫർസാനയുടെ കിള എന്ന നോവലിലേത്. നായകൻ /പ്രതിനായകൻ, നായിക / പ്രതിനായിക എന്നിങ്ങനെ എളുപ്പം വർഗീകരിക്കാൻ കഴിയാത്ത ഒന്ന്. പല ഡയസ്പോറകളിലൂടെ ചുറ്റിത്തിരിഞ്ഞ് മനുഷ്യ ജീവിതത്തിന്റെ ഗോത്രപരമായ (ഖബീല) സഞ്ചാരങ്ങളെയും സംഘർഷങ്ങളെയും വായനക്കാർക്കുമുമ്പിൽ തുറക്കുന്നൊരു പുസ്തകം. ഖുതുബ് എന്നൊരു പ്രവാസിയുടെയും സഹധർമ്മിണിയായ സേബായുടെയും ജീവിതത്തെ ചുറ്റിപറ്റി വളർന്നുവരുന്ന ഒരു സ്ത്രീ -പുരുഷ സംഘർഷകഥ ചരിത്രത്തിന്റെ പല ദിശകളിലൂടെയും ചുറ്റിപ്പിണഞ്ഞ് വലുതാവുന്നു.

ഖുതുബ് സേബയോട് പറഞ്ഞ കുടുംബവംശാവലീചരിതകഥകൾ, ചുരുൾ നിവരുന്നതും സേബയുടെ ഓർമകളിലൂടെത്തന്നെ. ഖുതുബിനുമുമ്പ് ശൈഖിന്റെ തന്നെ ആശ്രിതനായിരുന്ന പിതാവ് ലിയാഖത്തലിയുടെ സംഭവബഹുലമായ കഥകൾ.

ഏകകാലികമായ മനുഷ്യബന്ധങ്ങളിൽ ചുറ്റിത്തിരിയാതെ ബഹുകാലികമായ (Diachronic) സ്ഥല- കാല- സാംസ്‌കാരിക ബന്ധങ്ങളിൽ മേഞ്ഞുനടക്കുന്ന മനുഷ്യരെ ചുറ്റിപ്പറ്റിയുള്ളത്.

മലയാളത്തിലെ ആധുനികമായ നോവലുകൾ അടക്കം അനുവർത്തിച്ച കുടുംബകഥയുടെ ഒരു രീതിശാസ്ത്രമുണ്ട്. അത് തെറ്റിച്ചിടത്താണ്, കെ. പി അപ്പനെപ്പോലുള്ള ആധുനികതാ വിമർശകർ, ‘നോവൽ കലയിൽ ഒരു വഴിമാറിനടപ്പ്’ എന്ന്, നവോത്ഥാന നോവലുകളിൽനിന്ന് ഭിന്നമായി ആധുനിക(താ) നോവലുകളുടെ ലാവണ്യ യുക്തിയെ വിശേഷിപ്പിച്ചത്. അവ പിന്തുടർന്ന ലാവണ്യ സംസ്കാരം ഒരു പരിധിവരെ യൂറോ -കേന്ദ്രിതമായിരുന്നു. അങ്ങനെയുള്ളൊരു താത്വിക അടിത്തറയിലായിരുന്നു, മലയാളത്തിലെ ആധുനിക സാഹിത്യം അതിന്റെ വെന്നിക്കൊടി നാട്ടിയത്. മിഷനറിഗദ്യത്തിന്റെ തുടർച്ചയായിട്ടാണല്ലോ, മലയാളത്തിലെ ആധുനിക ഗദ്യസാഹിത്യത്തിന്റെ തന്നെ വളർച്ചയെ നമ്മുടെ സാഹിത്യചരിത്രം വിലയിരുത്തിപ്പോന്നത്.

എന്നാൽ ഇന്നത്തെ നോവലെഴുത്തിൽ നമ്മുടെ കുടുംബനോവലുകളോ ആധുനികതയുടെ കാലത്തെ നോവലുകളോ പുലർത്തിപ്പോന്ന ഭാഷാ /ശില്പപരമായ ട്രന്റ് തീരെ മെലിഞ്ഞുപോയിരിക്കുന്നു. അതിനു കാരണം, ആധുനികതക്കുശേഷം മലയാളി, പ്രവാസത്തിന്റെ പുതുമേച്ചിൽപ്പുറങ്ങളിലേക്ക് കുടിയേറുകയുണ്ടായി. മലയാളഭാഷയുടെ തന്നെ പുതിയൊരു കവല പുതിയ നോവലെഴുത്തിൽ ഇന്ന് രൂപപ്പെട്ടുവന്നിട്ടുണ്ട്.

കേരളത്തിലെ ആധുനികതയടക്കം നിന്നുതിരിഞ്ഞത് കരയുടെയും അവിടുത്തെ മനുഷ്യരുടെയും ചുറ്റുമായിരുന്നു. കടൽ കടന്നുപോകുന്നത് നിഷിദ്ധമാണെന്ന ഫ്യൂഡൽ കാല നിയമം ഒരുപക്ഷേ ആധുനികതയും ഒരു പരിധി വരെ പാലിച്ചിരുന്നു.

കേരളത്തിലെ ആധുനികതയടക്കം നിന്നുതിരിഞ്ഞത് കരയുടെയും അവിടുത്തെ മനുഷ്യരുടെയും ചുറ്റുമായിരുന്നു. കടൽ കടന്നുപോകുന്നത് നിഷിദ്ധമാണെന്ന ഫ്യൂഡൽ കാല നിയമം ഒരുപക്ഷേ ആധുനികതയും ഒരു പരിധി വരെ പാലിച്ചിരുന്നു. കാരണം, അതുണ്ടാക്കിയ സാഹിത്യങ്ങൾ ഒട്ടുമുക്കാലും കരയിലെ മനുഷ്യരും അധികാരത്തിനുവേണ്ടിയുള്ള അവരുടെ ഇതിഹാസവുമായിരുന്നു. കേരളത്തെ, മനുഷ്യ ജീവിതത്തിന് പാകമാക്കിയ സമുദ്രങ്ങളും ജലശയങ്ങളും ജീവിതത്തെക്കുറിച്ചുള്ള ഓർമകളും വിസ്‌മൃതമാവുകയും അവ സാമൂഹ്യശാസ്ത്രത്തിലെ പാഠങ്ങളായി അവശേഷിക്കുകയുമാണുണ്ടായത്. കടൽസഞ്ചാരങ്ങൾ ഇന്ന് മലയാളിക്ക് സുപ്രധാനമായൊരു ജീവിതായോധന മാർഗമല്ലെങ്കിലും ചരിത്രത്തിൽനിന്ന് അടിയോടെ വെട്ടിമാറ്റാനാകാതെ നിലനിൽപ്പിന്റെ ഭാഗമായി പുതിയ ചരിത്രശാസ്ത്രത്തിന്റെ (Historiography) വീണ്ടുവിചാരങ്ങളിലേക്ക് നാം മടങ്ങിക്കൊണ്ടിരിക്കുന്നു.

ഭൂമിയുടെ 29 ശതമാനം വരുന്ന കരയിലായിരുന്നില്ല നമ്മുടെ വ്യവഹാരങ്ങൾ അധികവും ചുറ്റിസ്സഞ്ചരിച്ചത് എന്ന ചരിത്രപരമായ തിരിച്ചറിവ് ആധുനികത സമ്മാനിച്ച / അടിച്ചേൽപ്പിച്ച ലാവണ്യ യുക്തികളെ ആശങ്കകളോടെ നോക്കാൻ വീണ്ടും നമ്മെ പ്രേരിപ്പിക്കുകയാണ്.

മനുഷ്യർക്ക് അധികാരസ്ഥരാവാനുള്ള അടയാളവും പുലരേണ്ട മനുഷ്യസംസ്കാരവും എങ്ങനെയായിരിക്കണം എന്നു ചോദിച്ചാൽ എന്നും വ്യക്തമായ ഒരുത്തരമില്ല.

ഫർസാനയുടെ കിള എന്ന നോവലിന് ഇങ്ങനെയൊരു മേൽക്കുറിപ്പ് ആവശ്യമാകുന്നത്, മനുഷ്യസംസ്കാരത്തോട് വിവേചനപരമായൊരു വിധി കൽപ്പിക്കാതെ അദൃശ്യമായ മനുഷ്യഖബീലയിലേക്ക് ചില സൂചനകൾ നൽകുന്നൊരു പ്രമേയം അത് അവതരിപ്പിക്കുന്നു എന്നതിനാലാണ്.

സേബയുടെയും ജഹനാരയുടെയും കുടുംബ ചരിത്രത്തിൽ തുടങ്ങി ജസീറത്തുൽ അറബിയിലേക്ക് ഒഴുകിപ്പരക്കുന്ന കഥയാണ്, ഫർസാനയുടെ കിള എന്ന നോവലിലേത്.
സേബയുടെയും ജഹനാരയുടെയും കുടുംബ ചരിത്രത്തിൽ തുടങ്ങി ജസീറത്തുൽ അറബിയിലേക്ക് ഒഴുകിപ്പരക്കുന്ന കഥയാണ്, ഫർസാനയുടെ കിള എന്ന നോവലിലേത്.

അറബികളുമായും മഗ്‌രിബ് - ആഫ്രിക്കൻ വംശജരുമായും ഒക്കെയുള്ള മലബാറിന്റെ / കേരളത്തിന്റെ മനുഷ്യബന്ധങ്ങൾ അതിസങ്കീർണ്ണമായ ഒന്നാണ്. അറബ് - ചൈനീസ് സഞ്ചാരികളികളുടെയും കോളനി എഴുത്തുകാരുടെയും രേഖപ്പെടുത്തലുകൾ ഒരു നവ പൗരസ്ത്യവാദവായനക്ക് വിധേയമാക്കപ്പെടുന്നൊരു കാലം കൂടിയാണിത്. ദിലീപ് മേനോനെപ്പോലുള്ളവരുടെ സമുദ്ര യാത്രാ പഠനങ്ങൾ ഇന്ന് നമ്മുടെ മുമ്പിലുണ്ട്.

കഥയും ചരിത്രവും ഐതിഹ്യവും മിത്തുകളുമൊക്കെയായി കൂടിക്കുഴഞ്ഞുകിടക്കുന്ന നീണ്ടൊരു ആഖ്യാനപാതയിലൂടെ പുനഃസഞ്ചാരമില്ലാതെ മലയാളിയുടെത്തന്നെ സ്വത്വത്തിന്റെ അംശങ്ങളെ അളന്നെടുക്കാനാവില്ല എന്നൊരു വീണ്ടുവിചാരം ഇന്നുണ്ട്. ചരിത്രത്തേക്കാൾ കഥകളെ മനുഷ്യർ കൂടുതൽ ഇഷ്ടപ്പെടുന്നു എന്ന് വ്യക്തമാക്കുന്ന താരത്തിൽ വലിയ നോവലുകൾ നമുക്കുണ്ടായിക്കൊണ്ടിരിക്കുന്ന കാലവുമാണിത്.

മലയാള നോവൽചരിത്രത്തിൽ ചില കൃതികളെങ്കിലും കാലത്തിന്റെ നടപ്പു ഭാവുകത്വത്തെ, ശീലങ്ങളെ തെറ്റിച്ചിട്ടുണ്ട്. സംസ്കാരങ്ങൾ തമ്മിൽ ഇണ ചേരുമ്പോഴുണ്ടാവുന്ന അന്യാദൃശത നിറഞ്ഞ കഥകൾ സംഭവിക്കുമ്പോഴാണ്, അങ്ങനെ തോന്നുക. ഉറൂബിന്റെ ഉമ്മാച്ചു അമ്മാതിരിയുള്ള ഒന്നായിരുന്നു. എങ്ങനെ ഒരു ഉമ്മാച്ചു സംഭവിച്ചു, എന്ന് അന്ന് മലയാളി വായനക്കാർ അന്തംവിട്ടിരുന്നു.

കരയും കടലും തമ്മിലുള്ള ഒരു വിദൂര സംഘർഷത്തിന്റെ ഒരാനം ഉമ്മാച്ചുവിലുണ്ട്. എൻ. പി. മുഹമ്മദ് ഉമ്മാച്ചുവിനെഴുതിയ അവതാരികയിൽ അക്കാര്യം സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, കരയിലുറഞ്ഞുപോയവരുടെ അധികാരവും ചരിത്രവുമായാണ് ഉമ്മാച്ചുവിനെ പലരും വിലയിരുത്തിയത്. മനുഷ്യവംശത്തിന്റെ കാര്യത്തിലെന്നപോലെ സരസ്വതിയുടെ വിളയാട്ടത്തിലും സംസ്കാരങ്ങളുടെ ഒരടിയൊഴുക്കുണ്ടെന്ന്, ഇന്ന് കൂടുതൽ ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഫർസാനയുടെ കിളയിലെത്തുമ്പോൾ കരവിട്ട് കടലിലൂടെ വീണ്ടും മലയാളി ഏറെ സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. സഞ്ചാരത്തിന്റെ ഭൂപടം ഏറെ മാറിയിരിക്കുന്നു.

ഫർസാനയുടെ കിളയിലെത്തുമ്പോൾ കരവിട്ട് കടലിലൂടെ വീണ്ടും മലയാളി ഏറെ സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. സഞ്ചാരത്തിന്റെ ഭൂപടം ഏറെ മാറിയിരിക്കുന്നു. പഴയ കോളനിബന്ധങ്ങൾ മിത്തുകളെപ്പോലെ പെരുമാറിത്തുടങ്ങിയിരിക്കുന്നു. പ്രവാസം നമ്മുടെ സാമൂഹ്യഭൂമിശാസ്ത്രത്തിന്റെ തന്നെ ഊടും പാവും മാറ്റിയിരിക്കുന്നു.

അറബിനാടുമായുള്ള പുരാതീനമായ കച്ചവടസംസ്ക്കാരം മനുഷ്യബന്ധങ്ങളിൽ ഉണ്ടാക്കിയത് പല കലാരൂപങ്ങളിലൂടെയും നാമറിഞ്ഞുകൊണ്ടിരിക്കുന്നു. കല പല വിധാനങ്ങളിൽ ചരിത്രസംവാഹകമെന്ന നിലക്കുള്ള അതിന്റെ റോൾ ഉയർത്തിക്കാട്ടിക്കൊണ്ടിരിക്കുന്നു. കെട്ടു / കേട്ടു കഥകൾ എന്ന് വിശ്വസിച്ചിരുന്ന പലതും ചരിത്രത്തിന്റെ ചിറകുവച്ച് വലുതാവുകയാണ്. കൊച്ചി മുസ്‌രിസ് ബിനാലെയിലെ സവിശേഷമായ ചില ഇനങ്ങൾ കണ്ടപ്പോഴൊക്കെ ഞാനോർത്തുപോയ കാര്യവും മറ്റൊന്നല്ല. കല, ചരിത്രത്തെക്കാൾ സത്യമാണെന്നും ബോധ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു.

പ്രവാസത്തിന്റെ ആധുനിക ഭൂമികയിൽനിന്നും പുറകോട്ടുള്ള ഒരു ചരിത്ര- കഥാ സഞ്ചാരം കിളയുടെ അടിപ്പടവായി വർത്തിക്കുന്നു. അത് പ്രകാശിപ്പിക്കാനുള്ള ഒരു ഭാഷ ‘പാലിലെ വെണ്ണ പോൽ’ കൃതിക്കകത്ത് പാലിച്ചിട്ടുണ്ട്. ഈ ഭാഷയാണ് / കഥ പറച്ചിലാണ് ഈ ഫിക്ഷന്റെ വേറിട്ട പ്രത്യേകത.

ആധുനിക സ്ത്രീയുടെ അസ്തിത്വത്തിന്റെ അങ്കലാപ്പുകൾക്കകത്താണ് ഈ കൃതിയുടെ മുഖ്യമായൊരു ധാര കുടികൊള്ളുന്നത്. അത് സമകാലികമായ ഒരു കുടുംബത്തിന്റെ മാത്രം എന്നതിനേക്കാൾ മലബാർ കുടുംബബന്ധങ്ങളുടെ ചരിത്രത്തിൽ മുമ്പേ സന്നിദ്ധ്യമുറപ്പിച്ചിട്ടുള്ള മാതിരിയാണ്, നമുക്ക് തോന്നുക.

പ്രവാസികളായ ഖുത്ബിന്റെയും സേബയുടെയും ബന്ധങ്ങളിലെ വൈരുധ്യങ്ങളിൽനിന്നും സേബയുടെ കാഴ്ചക്കോണുകളിലേക്ക് മാറുന്ന കഥപറച്ചിലാണ് ലിയാഖത്തലിയുടെയും കപ്പലാടന്റെയും അനുബന്ധ ചരിത്രങ്ങളിലേക്ക് വായനക്കാരെ കൊണ്ടുചെന്നെത്തിക്കുന്നത്. അതിനുവേണ്ടി അവൾ ഓർമ്മകളിലൂടെ വാതായനം തുറക്കുന്നുവെക്കുന്നു. കഥ പറയുവാൻ പ്രയോജനപ്പെടുത്തുന്ന സ്ത്രീസഹജമായ ഒരു കോണുണ്ട്, ഈ നോവലിൽ. ഷെയ്ഖിന്റെ കൊട്ടാരമാണ് കഥയുടെ മുഖ്യ പാശ്ചാത്തലം. കാരുണ്യനിധിയായ ഷെയ്ഖിന്റെയും ഭാര്യയുടെയും കീഴിലായിരുന്നല്ലോ ഖുതുബിന്റെ പിതാവായ ലിയാഖത്തലിക്കും ജോലി.

ഒരുമ്മയുടെ മക്കളെങ്കിലും ജഹാനാരയുടെയും സേബയുടെയും ജീവിതം പെൺജീവിതത്തിന്റെ രണ്ടറ്റങ്ങളെ തൊടുന്നു. പിതാവിന്റെ സാന്നിധ്യവും അഭാവവും ഒരുപോലെ അലോസരപ്പെടുത്തുന്നതാണ്. രണ്ടാം പ്രസവത്തിലും പെൺകുട്ടി തന്നെയാവർത്തിച്ചപ്പോൾ ‘ഇതും പെണ്ണന്നേ’ എന്നു പറഞ്ഞ് ഉമ്മ അരിവാ കത്തികൊണ്ട് സേബക്കും തനിക്കുമിടയിലുള്ള പൊക്കിൾക്കൊടി മുറിച്ചുമാറ്റിയത് നമ്മെ അന്ധാളിപ്പിച്ചേക്കാം. അജ്ഞാനകാലത്തെ (Age of Ignorance) അറേബിയയിൽ പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയിരുന്നു. അതിനൊരു മാറ്റം വന്നതും സ്ത്രീക്ക് അവളുടെ അവകാശങ്ങൾ കുറച്ചെങ്കിലും അളന്നുകിട്ടിയതും പ്രവാചകന്റെ കാലത്തോടെയായിരുന്നു.

വൈക്കം മുഹമ്മദ് ബഷീർ ന്റുപ്പൂപ്പാക്കൊരാണെണ്ടാർന്നു എന്ന നോവലിൽ ചിത്രീകരിക്കുന്ന ഒരു ഫ്യൂഡൽ ഇസ്ലാമിന്റെ ലോകമുണ്ട്. പ്രവാചകൻ സ്ത്രീക്ക് നൽകിയ വെളിച്ചത്തിന്റെ മുക്കാൽ വശവും അണച്ചുകളഞ്ഞ ഒരു കാലത്തെക്കുറിച്ചു കൂടിയാണ്, ആ കഥ. അതേസമയം കോളനിവിരുദ്ധ പോരാട്ടങ്ങളിലൂടെ യാതനയും സാഹസവും കൈമുതലാക്കി ജീവിച്ച മാപ്പിളമാരുടെ ചരിത്രവും തൊട്ടുകിടക്കുന്നു. ഏക കാലത്തുതന്നെ രണ്ട് ഇണർപ്പുകൾ മലബാറിലെ മുസ്ലിം സമൂഹത്തിനകത്ത് വർത്തിച്ചിരുന്നു എന്നുവേണം കരുതാൻ.

കിളയിൽ ആ കാലത്തിന്റെ കുറേക്കൂടി പിറകോട്ട് പോകുന്ന മലബാറിലെ മുസ്ലിം കുടുബങ്ങളിലെ സ്ത്രീചരിത്രത്തിന്റെ കോറിയിടലുകളുണ്ട്. കഥാഗതിക്കനുസൃതമായി ചില സൂചന മാത്രം നൽകി അവ അപ്രത്യക്ഷമാവുന്നു. പ്രസവം ഒരേസമയം സ്ത്രീക്ക് പുണ്യവും ശാപവുമാക്കി മാറ്റുന്ന കഥകൾ എന്നും ലോകത്തെമ്പാടുമുണ്ട്. എന്തുകൊണ്ടായിരിക്കാം, സെബായുടെയും ജഹാനാരയുടെയും ഉമ്മ, സ്വജീവിതം തന്നെ അവരെ വേട്ടയാടിയപ്പോൾ അങ്ങനെയൊക്കെ ചിന്തിച്ചുപോയത്?

പ്രസവവേദനക്ക് നമ്മുടെ നാട്ടിൽ ഔഷധം കണ്ടുപിടിച്ചിട്ടില്ലാത്ത കാലത്ത്, പെണ്ണുങ്ങളുടെ മാനസികവും ശാരീരികവുമായ വിങ്ങലിന് ദിവ്യ ഔഷധമായി കവിത വർത്തിച്ച ഒരു കാലം കൂടിയത്രേ അത്. നഫീസത്ത്‌ മിസ്രിയെന്ന (ഈജിപ്ത്) സൂഫിച്ചിയെ ഓർമ്മിച്ചുകൊണ്ട് അറബി മലയാളത്തിൽ ഒരു നഫീസത്ത്‌ മാല ഉണ്ടായിട്ടുണ്ടെങ്കിൽ, അതായിരുന്നു ഇവിടുത്തെ മുസ്ലിം സ്ത്രീകൾ കരുതിവച്ച അമൂല്യമായ ഔഷധം. ഈ നഫീസത്ത്‌ മാല പാടിയാണ് സേബായുടെ ഉമ്മയെയും ഒസ്സാത്തി പ്രസവിപ്പിച്ചത്. എന്നിട്ടും എന്തുകൊണ്ടാണ്, ആ ഉമ്മ മകളുടെ പ്രസവസമയത്ത്, അങ്ങനെയൊരു കടുംകൈ ആലോചിച്ചുപോയത്?

ഈ മാലപ്പാട്ട് ഒരേസമയം പെൺവിരുദ്ധമായ ചരിത്രത്തിനകത്ത് ദൃക്സാക്ഷിയായോ മാപ്പു സാക്ഷിയായോ ഒക്കെയായി വർത്തിച്ച കഥകൾ ഇങ്ങനെ ഏറെയുണ്ട്.

മനുഷ്യവംശം ഖുർആൻ വീക്ഷണപ്രകാരം ഉമ്മത്താണ്‌. പലതരം വംശങ്ങളായും ഗോത്രങ്ങളുമായി (ഖബീല) മനുഷ്യവർഗം ഭൂമിയിൽ പരക്കുന്നു. ഖുർആന്റെ ചരിത്രവീക്ഷണത്തിന്റെ അടിപ്പടവ് മറ്റൊന്നല്ല. ഇങ്ങനെ, ഖബീലയെന്ന ആശയം ഒരുപക്ഷേ ഈ നോവലിന്റെ താക്കോൽ ആശയമായി കുടികൊള്ളുന്നുണ്ട്. ഭൂതകാലം ഈ നോവലിൽ പ്രത്യക്ഷപ്പെടുന്നത് ഈ ഖബീലകളുടെ പല രീതിയിലുള്ള പെരുമാറ്റത്തിന്റെയും പ്രവർത്തനത്തിന്റെയും അടിസ്ഥാനത്തിലാണ്.

ആരാണ്, ഇത്രമേൽ ഭാരം മനുഷ്യവംശത്തിനുമേൽ ഏറ്റിവെച്ചത്? വ്യക്തികളുടെ ഇടവും സ്വഭാവവും ചരിത്രത്തിൽനിന്ന് വെട്ടിക്കളഞ്ഞാൽ അവ അപൂർണ്ണമാവും എന്ന ചരിത്രവീക്ഷണം മുഴുവൻ തള്ളിക്കളയാൻ പറ്റില്ല. ജനിതകശാസ്ത്രം കൂടുതൽ ശക്തി പ്രാപിച്ചുവരുന്ന കാലത്ത് വംശത്തിന്റെയും ഗോത്രങ്ങളുടെയും കാണാമറയത്തുള്ള മനുഷ്യ സംസ്കാരത്തിനുമുണ്ട് ഒരു ആഴമനഃശാസ്ത്രം (Deep Psychology).

ഖബീല എന്ന സംവർഗത്തിന്റെയാടിസ്ഥാനത്തിൽ ഈ സംഘമനഃശാസ്ത്രത്തെ പ്രക്ഷേപ്പിക്കുന്ന ഒരുതരം കഥാരീതിശാസ്ത്രം നോവലിലുണ്ട്.

ദരിദ്രരുടെയും സ്ത്രീയുടെയും സഹനങ്ങൾക്കെല്ലാം ആരാണുത്തരവാദി?, ചരിത്രമാണോ?- ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഏകപക്ഷീയമായ ഇരവാദം ഈ കൃതി ഉന്നയിക്കുന്നില്ല. അതാണല്ലോ ഇപ്പോൾ നമുക്കിടയിലെ പതിവ്. ആ പതിവ് തെറ്റിക്കുന്നിടത്താണ് കിള, ‘ബൻ കിള’ യാവുന്നത്. സംസ്കാരാന്തരമായ മനുഷ്യബന്ധങ്ങളുടെ ഉള്ളിലേക്കും ഉള്ളുകള്ളികളിലേക്കും വായനക്കാരെ കൂട്ടിക്കോണ്ടുപോകുകയാണത്. മനുഷ്യ ബന്ധങ്ങൾക്കിടയിലെ സങ്കീർണ്ണമായ ശ്രേണീ ബന്ധത്തിലാണ്, കിള കഥ പറയുന്നത്.

ബഷീറിന്റെ കുഞ്ഞുതാച്ചുമ്മയും ഉറൂബിന്റെ ഉമ്മാച്ചുവും ഉണ്ടായിവന്ന ചരിത്രത്തിന്റെ വിപര്യയങ്ങൾക്ക് ഒറ്റവാക്കിൽ മറുപടി പറഞ്ഞ് ചരിത്രത്തെ പറ്റിക്കാനാവില്ല. ഇവിടെയാണ്, കടൽ ബന്ധങ്ങളുടെയും ഖബീലാബന്ധങ്ങളുടെയും ഇരുണ്ട കഥകൾ കേരളത്തിലെയടക്കം മനുഷ്യ ജീവിതത്തിന്റെ സാരസാഗരമായി ഇപ്പോൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.

സേബയുടെ ഓർമ്മയും ചിന്തയും മുന്നോട്ടും പിറകോട്ടും സഞ്ചരിക്കുന്നവയാണ്. സഹോദരി ജഹാനാരയെയും മകൻ ലാദുവിനെയും കൂടിപ്പിടിച്ചുകൊണ്ടുതന്നെയാണ് അവളുടെ യാത്ര. എരിയുന്ന വർത്തമാനവും അതിനേക്കാൾ സംഭവബഹുലമായ ചരിത്രത്തിന്റെ ഏടുകളും മാറിമറിഞ്ഞ് കഥകളായി നോവലിൽ കയറിവരുന്നുണ്ട്. ഖുതുബിന്റെ അവസ്ഥാ പരിണമാവും സ്വജീവിതസമരവും അകത്തും പുറത്തും ഒരു സഞ്ചാരിയാക്കി അവളെ മാറ്റുന്നു. പ്രവാസി ഇടങ്ങളിലെ ജോലിയും മനുഷ്യരും അവൾക്ക് സമ്മാനിക്കുന്നത് ചരിത്രത്തിന്റെ രണ്ടു ഭൂഖണ്ഡങ്ങളാണ്. നിർബന്ധിക്കപ്പെട്ട മറവികൾ ഓർമ്മയുടെ ആർക്കൈവ് തുറക്കാൻ ആർക്കും കൂടുതൽ സഹായകമാവും.

സുൽത്താൻ എന്നൊരു അറബിനായകൻ കഥയിലേക്ക് കയറിവരുന്നത് ചരിത്രത്തോട് ഗൃഹാതുരത്വമുള്ള അവളുടെ ഹൃദയസാന്നിദ്ധ്യത്തിലേക്ക് കൂടിയത്രേ. അല്ലെങ്കിൽ അയാളും അവളും ചരിത്രത്തിന്റെ ഇടനാഴിയിൽ എന്നോ സന്ധിച്ചവരെപ്പോലെയാണ്.

ആരായിരുന്നു കപ്പലാടൻ?
നോവലിലെ കാലഗണന വച്ചുനോക്കിയാൽ 1920-കളിലും മുപ്പതുകളിലുമായി മലബാറിൽ സംഭവിച്ച നിരവധി ചരിത്രങ്ങൾക്കിടയിൽ എവിടെയോ ഇടപ്പെട്ട സഹസികനായ ഒരാളായിരുന്നു അയാളെന്ന് ചില സൂചനകളുണ്ട്. അതിനേക്കാൾ മുമ്പുള്ള ബ്രിട്ടീഷ് വിരുദ്ധ മലബാറിലെ ഒരു മനുഷ്യസ്നേഹിയായ ഖബീലയിലെ ഒരു തുടർച്ചയുമാവാം. കഥയിൽ ചോദ്യമില്ല എന്ന് പറയുംപോലെയാണ്, ചരിത്രത്തിന്റ കിടപ്പ്.

കടൽവാണിജ്യ ബന്ധങ്ങൾ മലബാറിലെ സംസ്കാരത്തെത്തന്നെ ഉഴുതുമറിച്ചു, വിശിഷ്യാ അറബി വണിക്കുകകളുടെ. ചരക്ക് കയറ്റിയുള്ള കപ്പലുകളുടെ വന്നെത്തലും കപ്പൽച്ചേതങ്ങളും നിറഞ്ഞ ചരിത്രം. ഇവിടുത്തെ മുസ്ലിം പ്രമാണിമാരിലും അവരുടെ കുടുംബങ്ങളിലും വരെ അവയുണ്ടാക്കിയ ഇളക്കങ്ങൾ ചെറുതല്ല. ഒരു കുടുംബത്തിലെ ഒരംഗമെങ്കിലും മുസ്ലിമാകണം എന്ന സാമൂതിരിയുടെ യുക്തി അറബികളോടും അവർ മലബാർ തീരത്തിന് നൽകിയ സാംസ്‌കാരിക - വാണിജ്യക്ഷേമങ്ങളോടും കൂടിയുള്ള സ്നേഹപ്രകടനമായിരുന്നു. മലബാർ തീരത്ത് അറബിക്കല്യാണങ്ങൾ കുറേക്കൂടി നിയമപരമാവുന്നത് ഒരുപക്ഷേ ഇങ്ങനെയുള്ള ഉത്തരവിന്റെ കൂടി ഫലമായിരുന്നു. പിൽക്കാലത്ത്, അവയുണ്ടാക്കിയ ഐശ്വര്യവും കെടുതിയും ഒരുപോലെയനുഭവിക്കാൻ ഒരുപക്ഷേ, മലബാറിനായി.

കടൽ യാത്രികനായി പത്തേമാരിയിൽ വന്നെത്തിയ ഇസ്സയിലേക്കും അയാളുടെ വാണിജ്യ സ്രോതസ്സുകളിലേക്കും വായനക്കാർ ചെന്നെത്തിപ്പെടുന്നുണ്ട്. അതിരസകരമായ ഒരു കഥ കൂടിയാണത്. പ്രതാപിയായ അദ്രയാജിയിലേക്കും  അയാളുടെ അഹങ്കാരതുല്യമായ പത്രാസുകളിലേക്കും സുന്ദരിയായ മകൾ കൈജിവീയിലേക്കും നാം സഞ്ചരിക്കും. സാമൂതിരിയുടെ കാലത്തുതന്നെയായിരിക്കണം ഉറച്ച മതവിശ്വാസിയും കൊല്ലിനും കൊലയ്ക്കും അധികാരവുമുള്ള അദ്രയാജിയുടെ ചരിത്രം മലബാറിൽ സംഭവിച്ചിട്ടുണ്ടാവുക.

ഫർസാന. കിളയിൽ ആ കാലത്തിന്റെ കുറേക്കൂടി പിറകോട്ട് പോകുന്ന മലബാറിലെ മുസ്ലിം കുടുബങ്ങളിലെ സ്ത്രീചരിത്രത്തിന്റെ കോറിയിടലുകളുണ്ട്. കഥാഗതിക്കനുസൃതമായി ചില സൂചന മാത്രം നൽകി അവ അപ്രത്യക്ഷമാവുന്നു.
ഫർസാന. കിളയിൽ ആ കാലത്തിന്റെ കുറേക്കൂടി പിറകോട്ട് പോകുന്ന മലബാറിലെ മുസ്ലിം കുടുബങ്ങളിലെ സ്ത്രീചരിത്രത്തിന്റെ കോറിയിടലുകളുണ്ട്. കഥാഗതിക്കനുസൃതമായി ചില സൂചന മാത്രം നൽകി അവ അപ്രത്യക്ഷമാവുന്നു.

കരയിലെ പെൺകുട്ടികൾക്ക് അറബി പഠിപ്പിച്ച മനുഷ്യസ്നേഹിയായ ഇസ്സയുടെ കഥകൾ നോവലിലെ ഒരു ഉപകഥ (Sub plot) തന്നെയായിക്കാണണം. വാണിജ്യവും സാക്ഷരതയും തമ്മിൽ ഇങ്ങനെ വലിയൊരു ചരിത്രബന്ധമുണ്ട്. അറബി മലയാളം എന്നൊരു ഭാഷാ പദ്ധതി തന്നെ അറേബ്യയിയിൽനിന്നുള്ള വണിക്ക് സമൂഹവുമായി ബന്ധപ്പെട്ടതാണല്ലോ.

കരക്കാരോട് അത്രമേൽ സ്നേഹമയിയായിരുന്ന അയാൾക്ക് അദ്രയാജിയുടെ കല്പനക്ക് മുമ്പിൽ അടിപതറേണ്ടിവന്നു. മകൾ കൈജിവീ അയാളുടെ മണവാട്ടിയായി. ഇസ്സയിൽനിന്നും കപ്പലാടന്റെ ഖബീലയിലേക്കുള്ള കാലദൂരത്തിന്റെ ഒരു പാളി തുറന്നും മറുപാളി അടഞ്ഞും കിടക്കുന്ന രീതിയിൽ കഥയിൽ സംവിധാനിച്ചിരിക്കുന്നു.

മലബാർമണ്ണിന്റെ കോളനിവിരുദ്ധ സമരവീര്യം കപ്പലാടന്റെ കഥകളിലൂടെ നോവലിൽ ധ്വനിപ്പിക്കപ്പെടുന്നുണ്ട്. കപ്പലാടന്റെയും വിശ്വസ്തനായ കൊയപ്പക്കിയുടെയും ചരിത്രം മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെയും കൂടിയാണ്. അതിവിചിത്രമായ അയാളുടെ കഥകൾ ഒരു ട്രാജിക് ഹീറോയെപ്പോലെ വായനക്കാരുടെ മനസ്സിൽ കുടിയിരിക്കാൻ പാകമുള്ള രീതിയിലാണ്. കരയിൽ പോയി പെൺകുട്ടികളെ തെരഞ്ഞുപിടിച്ച് അയാൾ പോറ്റി. അയാളുടെ സഞ്ചാരത്തിന്റെ ആഴവും പരപ്പും പറയാനില്ല. കലയും സമരവും കലർപ്പുമായിരുന്നു കപ്പലാടന്റെ സ്വത്വം. ഏഴിലന്റെ നാടകസംഘവും ബ്രിട്ടീഷുകാർക്കെതിരെ കലയെ അവർ ഉപയോഗിക്കുന്നതിന്റെയും സൂചന കപ്പലാടന്റെ കഥയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. താന്തോന്നിയായ ഒരു സാഹസിക ജന്മം.

സായ്‌പിന്റെ പറങ്കിപ്പുണ്ണ് പകർന്നുകിട്ടിയ പെണ്ണുമ്മയിലൂടെ അവസാനം തനിക്കും പകർന്നു കിട്ടി ‘അഭിമാനകരമായ’ രോഗം. അയാൾ സഹനത്തോടെ അത് കൊണ്ടുനടക്കുന്നതും വിശ്വസ്തനായ പക്കിയുടെ സഹായത്തോടെ ജീവിക്കുന്നതും അതീവ ഹൃദ്യമായി പറഞ്ഞുവച്ചിട്ടുണ്ട്. പെണ്ണുമ്മ നാടുവിട്ടപ്പോൾ അയാൾ അവളെയന്വേഷിച്ചു പോകുന്ന കഥയും കഥാന്ത്യവും മനുഷ്യസഞ്ചാരങ്ങളുടെ അനിശ്ചിതമായ ഭൂമിശാസ്ത്രം വെളിപ്പെടുത്തുന്നു. അയാളുടെ തേട്ടത്തിനും ആസക്തിക്കും അന്ത്യമുണ്ടായില്ല. ഒരുതരം അവധൂതത്വം അയാളെ പൊതിഞ്ഞുനിൽപ്പുണ്ട്.

ലിയാഖത്തലി ആരായിരുന്നു, അയാൾക്ക്? അവസാനമായി അയാൾ പോകുന്ന വഴിയേ അത്ഭുതത്തോടെ നോക്കിനിൽക്കുന്നുണ്ട്, ലിയാഖത്തലി.

‘അല്പം കൂടി നടന്നാൽ വൃദ്ധന്റെ വഴി അവസാനിക്കുക കാമാത്തിപുരയിലാണ്’ എന്നും ആ ചെറുപ്പക്കാരൻ ആലോചിക്കുന്നുണ്ട്. കൈവിരലിൽ തിളങ്ങുന്ന ഒരു തടിച്ച പച്ചമോതിരത്തിലൂടെയാണ് കപ്പലാടനെ നാം എവിടെയും തിരിച്ചറിയുന്നത്. ചരിത്രം എന്നും അയാൾക്ക് രമണീയമായ ഒരാനന്ദമായിരുന്നു. അവധൂതനെപ്പോലെ അവസാനം അറേബ്യൻ മരുഭൂമിയുടെ നോമാൻസ് ലാന്റിലേക്കെന്ന പോലെ അയാൾ നടന്നുപോകുന്നു, പി.ടി. കുഞ്ഞുമുഹമ്മദിന്റെ പരദേശിയിലെ കാരാടന്റെ (അബ്ദുറഹ്മാൻ /ജഗതി ശ്രീകുമാർ) ഒരു ഛായ എവിടെയോയുണ്ട്, കപ്പലാടന്.

കഥയും ചരിത്രവും പുകമഞ്ഞുമൂടിക്കുഴയുന്ന  ശില്പത്തിനകത്താണ് കിളയിലെ ഭാഷ ഏറെ മനുഷ്യസഹജമാവുന്നത്.

ശൈഖിന്റെയും കുടുംബത്തിന്റെയും കഥയിലെ കാരുണ്യമാണ് കൃതിയിൽ നിറഞ്ഞുനിൽക്കുന്ന മറ്റൊരു രസം. കാരുണ്യക്കടൽ എന്നു​ പറയുന്ന ദൈവികസങ്കല്പത്തിന്റെ മനുഷ്യപ്രതിനിധി കൂടിയാണ്, ശൈഖും സഹധർമ്മിണിയും. ഖുതുബിന്റെ അവസ്ഥാന്തരങ്ങൾ സേബയെപ്പോലെ ശൈഖിനെ ബാധിച്ചിരുന്നോ എന്ന് കഥയിൽ പറയുന്നില്ല. എന്നാൽ ലിയാഖത്തലിയുമായുള്ള ശൈഖിന്റെ അതിതീവ്രമായ സ്നേഹബന്ധം, ദേശ നിയമങ്ങളുടെ നൂലാമലയിൽ കുരുങ്ങിയമരുന്നത് ഹൃദയഭേദകമാണ്‌.

ചായയും മനുഷ്യബന്ധങ്ങളും 

ലിയാഖത്തലിയും ശൈഖും കുടുംബവും തമ്മിലുള്ള ബന്ധം തുടങ്ങുന്നതുതന്നെ ചായക്കഥയിൽ നിന്നാണ്. പുറമ്പോക്കിലെ തട്ടുചായക്കടക്കാരന്റെ ചായക്ക് അത്രയും സുഗന്ധവും രുചിയുമായിരുന്നു. പിന്നെപ്പിന്നെ ശൈഖിന്റെ ചായക്കാരനും ആശ്രിതനുമായി അയാൾ ആ (രാജ) കുടുംബത്തോട് കണ്ണിചേർക്കപ്പെട്ടു.

അറബിക്കഥകളും മോയിൻകുട്ടി വൈദ്യരുടെ ബദറുൽ മുനീർ ഹുസ്നുൽ ജമാലും റൂമിയുടെ മസ്നവിയും മറിയക്കുട്ടിയുടെ കത്തും ഒക്കെ കൂടിക്കലരുന്ന ഒരു ഭാഷയുടെ സംസ്കാരതലം കിളയിലുണ്ട്.

ഏതൊരു പ്രവാസിക്കും അവരവരുടെ തൊഴിലിടങ്ങളിൽ അസൂയയും വെറുപ്പും അനുഭവിക്കുക സാധാരണമാണ്. തൂക്കിയിടപ്പെട്ട (Hanging) ഒരുതരം സ്വത്വമാണ്, ഏതു പ്രവാസിയുടെയും എവിടെയും. എന്നാൽ ലിയാഖത്തലിയുടെ കാര്യത്തിൽ എറ്റവും കഠിനമായ ജീവൻ -മരണ പരീക്ഷണത്തോളം അതെത്തി. അതിനോടുള്ള പ്രായശ്ചിത്തം കൂടിയായിരുന്നു, ഖുതുബിന്റെ ശൈഖ് കുടുംബത്തിലെ തുടർച്ച.

ശൈഖ് ഉറക്കമുണരുമ്പോൾ ചായയുമായി കാത്തുനിന്ന ഖുതുബിന്റെ കാരുണ്യത്തോട് അയാൾ പറയുന്നത് ഇങ്ങനെയാണ്: ‘പ്രപഞ്ചനാഥൻ സ്വയം പൂട്ടിക്കെട്ടുന്ന മിഴികളെ അവനായിട്ട് തുറക്കണം’. (പു. 106)

ചായയുടെ രുചി കിഴക്കിന്റെ സൗഹൃദത്തിന്റെ അടയാളം കൂടിയാണ്. മധ്യധരണ്യാഴിയുടെ സംസ്കാരത്തിൽ അതിന്റെ വേരുകൾ വളരെ ആഴത്തിൽ പടർന്നിറങ്ങിയിരിക്കുന്നു. എന്തിനധികം, ധ്യാനബുദ്ധമതസന്യാസിമാരുടെ ചായക്കുടുക്കയോളം അതിന്റെ ചരിത്രം നീണ്ടുപോകുന്നുണ്ട്.

‘ഒരു വൃക്ഷമാകാൻ എന്നതിനേക്കാൾ അതിന്റെ അർത്ഥമാകുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്’ എന്ന ഓർഹാൻ പാമുക്കിന്റെ വാക്കുകൾ ഈ നോവൽ ആഖ്യാനത്തിന്റെ ചില ഇടനാഴികകളിൽ വെച്ചെങ്കിലും നാം ഓർമ്മിച്ചേക്കും.

ശൈഖ് പങ്കുവെക്കുന്ന കഥകളിൽനിന്നാണ് ഒരു പക്ഷേ ഖുതുബ്, ഇസ്സയുടെ വാണിജ്യ - സാഹസിക കഥകളിൽ എത്തിപ്പെടുന്നത്. ശൈഖിന്റെ വല്യ അബ്ബാക്ക് മലബാറിലെ പ്രമാണിമാർ സമ്മാനമായി നൽകിയ ആദരങ്ങളുടെയും കുരുമുളകിന്റെയും കഥകളിൽനിന്ന് ഇസ്സ എന്ന ചരിത്രപുരുഷന്റെ കഥകളിലേക്ക് പാലമുണ്ടാവുന്നു. ഇസ്സയുടെയും ശൈഖിന്റെയും കാരുണ്യത്തിന്റെ അടയാളങ്ങൾ ഒരേ അറിവിൽനിന്നും വേരിൽനിന്നും ഉതിർത്തുവരുന്നതാണെന്ന തിരിച്ചറിവ് ചരിത്രം പിടിച്ചടക്കലിന്റെ മാത്രമല്ല, സഹവർത്തിത്വത്തിന്റെ കൂടി ഗാഥയാണെന്നുകൂടി വായനക്കാരോട് പറയുന്നുണ്ട്.

ഇനി മലബാറിലേക്ക് തന്റെ കുടുംബത്തിൽനിന്ന് ആരും പൊയ്ക്കൂടാ എന്ന വസിയ്യത്ത് പിൽക്കാലത്ത് അക്ഷരാർത്ഥത്തിൽ പാലിക്കപ്പെട്ടു. അദ്രയാജിയുടെ ഉഗ്രശാസനം ഇസ്സയുടെ ജീവിതത്തെ കൊണ്ടുചെന്നെത്തിച്ച നിർബന്ധിതമായ ദുരന്തങ്ങളിലേയ്ക്ക് കഥ തിരിഞ്ഞും മറിഞ്ഞും എത്തുന്നില്ലേ?
ഇതാണ്, മനുഷ്യഖബീലയുടെ വേരോട്ടങ്ങൾ.

അനുരാഗത്തിന്റെ
പ്രാർത്ഥനാരൂപം

സുൽത്താനെപ്പോലെ സുന്ദരനും അതിരൂപവാനും മനുഷ്യബന്ധത്തിന്റെ പ്രാർത്ഥനാരൂപവുമായി നിൽക്കുന്ന ഒരാൾ സേബയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതും ഇതേ തുടർച്ചയിൽനിന്നാവണം. അതിനുമാത്രം ക്രിയാശേഷിയും അറിവും കലാചാതുര്യവും അയാൾ പ്രകടിപ്പിക്കുന്നു. അനുരാഗത്തിന്റെ ഉദാത്തമായ സന്നിധാനത്തിൽ വച്ച് സുൽത്താൻ ഒരിക്കൽ സേബയോട് പറയുന്നുണ്ട്, ഏറ്റവും വെറുക്കുന്നയാൾക്കുവേണ്ടി മനമുരുകി പ്രാർത്ഥിക്കാൻ കഴിയുമെങ്കിൽ അതിനോളം പോന്ന ഉദാത്തമായ ഒരു മനുഷ്യപ്രവൃത്തി വേറെയില്ലെന്ന്.

സ്ഥിരമല്ലാത്ത മനുഷ്യജീവിതത്തിന്റെ ഗതിവിഗതികൾ, യാത്രകൾ, തമ്പു ജീവിതം, പലായനങ്ങൾ എന്നുവേണ്ട എല്ലാം കൂടിച്ചേർന്ന മനുഷ്യജീവിതത്തിൽ ആരാണ് നിത്യ ശത്രു? ആരാണ് നിത്യ മിത്രം? ഇങ്ങനെയുള്ള ചോദ്യങ്ങൾ ഈ നോവൽ ഉയർത്തിക്കൊണ്ടുവരുന്നുണ്ട്.

കലാനിപുണനായ സുൽത്താന്റെ അന്വേഷണം ഇങ്ങനെയുള്ള ഒരാശയ സംസ്കാരത്തിലാണ് വ്യവഹരിക്കുന്നത്. പൂർത്തിയാവാത്ത പെയിന്റിംഗിൽ പൂരിപ്പിക്കപ്പെടാതെ ഇരിക്കുന്നിടം അയാളെ സംബന്ധിച്ച് ചുരുളഴിയാനുള്ള ഖബീലയുടെ ബാക്കി രഹസ്യങ്ങൾക്കു കൂടിയുള്ളതത്രേ. അതിൽ ആരൊക്കെയായിരിക്കും കക്ഷികൾ എന്ന പ്രത്യാശയിലേക്കാണ്, സേബയുടെ ബാക്കി നോട്ടങ്ങൾ. അല്ലാതെ, കേവലമൊരു പ്രണയ ബന്ധത്തിൽ കുരുങ്ങിപ്പോയവർ മാത്രമല്ല അവർ.

ഞാൻ കേൾക്കുന്നത് / വായിക്കുന്നത് എന്റെ തന്നെ മലയാളമാണോ എന്ന് തോന്നുന്നിടത്ത് നാമറിയാതെ സംസ്കാരത്തിന്റെ കൂട്ടുവഴികളിലേക്കിറങ്ങിത്തുടങ്ങാറുണ്ട്.

സി. വി യുടെ രാമരാജബഹദൂർ, ബഷീറിന്റെ ന്റുപ്പാപ്പ…, ഉറൂബിന്റെ ഉമ്മാച്ചു, ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം…അങ്ങനെയുള്ള ചില കൃതികളെങ്കിലും പ്രിയപ്പെട്ട വായനക്കാർ മറക്കാതെയിരിക്കുന്നത് ഒരുപക്ഷെ ഭാഷയുണ്ടാക്കിയ കൂട്ടുകവലയിൽ അവർ അനുഭവിച്ച ഒരുതരം ഏകാന്തമായ അന്യത്വത്തിലായിരുന്നു. നാമറിയാതെ നമ്മുടെ ഭാഷാസ്വത്വത്തിലേക്കുള്ള ഒളിച്ചുകടക്കൽ കൂടിയത്രേ അത്.

സർജുവിന്റെ കവിതയിൽ പറയുമ്പോലെ,

‘പെണ്ണേ
ഒരിടത്തേക്ക് നമ്മെ ചേർത്തുപറയുന്നത് എന്തിനാകണം?
എവിടുത്തുകാരൻ-/ എവിടുത്തുകാരി
ഈ ചോദ്യത്തിന് എന്നും ഒരേയുത്തരമായിരുന്നില്ല
മൂത്താപ്പ വാരിയ ചാണകം പോലെ
ഏതു വഴികളിൽനിന്നും ഒന്നിച്ചുവാരണം
നമ്മെക്കിട്ടാൻ.’
(‘സ്വാതന്ത്യദിനത്തിൽ മനാൽ ബിൻ അമ്രോയുടെ ചിത്രങ്ങളെക്കുറിച്ച്’)

സ്ഥിരമല്ലാത്ത മനുഷ്യജീവിതത്തിന്റെ ഗതിവിഗതികൾ, യാത്രകൾ, തമ്പു ജീവിതം, പലായനങ്ങൾ എന്നുവേണ്ട എല്ലാം കൂടിച്ചേർന്ന മനുഷ്യജീവിതത്തിൽ ആരാണ് നിത്യ ശത്രു? ആരാണ് നിത്യ മിത്രം? ഇങ്ങനെയുള്ള ചോദ്യങ്ങൾ കിള എന്ന നോവൽ ഉയർത്തിക്കൊണ്ടുവരുന്നുണ്ട്.

അറബിക്കഥകളും മോയിൻകുട്ടി വൈദ്യരുടെ ബദറുൽ മുനീർ ഹുസ്നുൽ ജമാലും റൂമിയുടെ മസ്നവിയും മറിയക്കുട്ടിയുടെ കത്തും ഒക്കെ കൂടിക്കലരുന്ന ഒരു ഭാഷയുടെ സംസ്കാരതലം കിളയിലുണ്ട്. കിള എന്ന നോവൽ യാതൊരർത്ഥത്തിലും ഇവയുടെയൊന്നും അനുകരണമേയല്ല. എന്നാൽ മുതലയുടെ പുറത്തിരിക്കുന്ന കുരങ്ങൻ ‘എവിടെയോ’ മറന്നുവച്ച ഒരു ഹൃദയത്തിന്റെ കഥയിലേക്ക് കിള വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ. ധാരമുറിയാത്ത മനുഷ്യ ഖബീലയിലേക്ക് വായനയിലൂടെ ചെന്നെത്തിപ്പെടുന്ന ഒരനുഭവവും അനുഭൂതിയും കിള നൽകിയേക്കും.

രണ്ട് നൂറ്റാണ്ടുമുമ്പ് യൂറോപ്യന്മാർ പറഞ്ഞതും എഴുതിയത് വായിച്ചുമാണ് നാം കടൽ കടന്ന സംസ്കാരങ്ങളെയും കീഴടക്കലുകളെയും  അറിഞ്ഞതെങ്കിൽ ഇന്ന് നേരിട്ട് കണ്ടും കോളനി ചരിത്രകാര ആഖ്യാനങ്ങളെ തിരിച്ചുവായിച്ചും നാമത് സ്വയമറിഞ്ഞുതുടങ്ങിയിരിക്കുന്നു. കിളയിലെ കഥകളിൽ ഈ നേരും പോരും അവ്യാഖ്യേയമായ മട്ടിൽ ഇണച്ചേർന്നുകിടക്കുന്നുണ്ട്.


Summary: Dr Umer Tharamel writes about his favourite book of the year 2025. Kila a Malayalam novel written by Farsana.


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ, ഒരു മാപ്പിള ചെക്കന്റെ സിൽമാകൊട്ടകകൾ, ഒളിനോട്ടക്കാരന്റെ ചിത്രജാലകം തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments