എഴുത്തിലും വായനയിലും നിരന്തര നവീകരണം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് വായിച്ചതിൽ നിന്ന് മികച്ച ഒന്നിനെ തിരഞ്ഞെടുക്കുക പ്രയാസകരമാണ്. മികച്ചത് എന്നതിന് വായനക്കാരുടെ രാഷ്ട്രീയ- സാമൂഹിക- സർഗ്ഗാത്മക നിലപാടുമായി ആഴത്തിലുള്ള ബന്ധമുണ്ട്. അപ്പോഴും ചില വായനകൾ നമ്മുടെ മനസ്സിനെ ആർദ്രമാക്കുകയും നമുക്ക് അന്യമായ ലോകത്തെക്കുറിച്ചും അവിടുത്തെ മനുഷ്യരെക്കുറിച്ചും അറുതിയില്ലാത്ത ആശങ്കകൾ പങ്കുവയ്ക്കുകയും ചെയ്യുന്നു. അത്തരത്തിൽ വായിച്ചൊരു നോവലാണ് ഇ. സന്തോഷ് കുമാറിന്റെ ‘തപോമയിയുടെ അച്ഛൻ’. ഒരു നോവലിന് ആവശ്യമായ ആഖ്യാനസൗന്ദര്യം അതിലെ ഭാഷയും രാഷ്ട്രീയവും ദേശത്തിനതീതമായ മനുഷ്യാവസ്ഥയുമായി ലയിച്ചുചേരുന്നതാണ് ഈ നോവലിന്റെ സ്വഭാവം. അഭയാർത്ഥിത്വവും മനുഷ്യരുടെ വ്യക്തിപരമായ ദുഃഖങ്ങളും ഇത്രമേൽ ആവിഷ്കരിച്ച മറ്റൊരു നോവൽ അടുത്തകാലത്തൊന്നും വായിച്ചിട്ടില്ല.
പഠനങ്ങളും നിരൂപണങ്ങളും മലയാള സാഹിത്യത്തിൽ അപൂർവമാണിന്ന്. അത്രയേ മാധ്യമ പ്രാധാന്യവും ചർച്ചകളും ഇത്തരം കൃതികളെ ആസ്പദമാക്കി നടക്കാറുള്ളൂ. അതിനിടയിൽ സാംസ്കാരികപക്ഷത്തുനിന്ന് രാഷ്ട്രീയമായ ചർച്ചയ്ക്ക് തുടക്കം കുറിച്ച പുസ്തകമാണ് ഡോ. പി കെ പോക്കറുടെ ആത്മകഥ ‘എരിക്കിൻ തീ’. മലയാളത്തിൽ അപൂർവമായി സംഭവിക്കുന്നവയാണ് ഇത്തരം ധൈഷണിക കൃതികൾ. ഒരു ബുദ്ധിജീവിയുടെ ആത്മകഥ എന്ന സവിശേഷത കൂടി ഈ പുസ്തകത്തിനുണ്ട്. തൻ്റെ മുസ്ലിം നാമം പഠനകാലം മുതൽ അക്കാദമിക് - സാഹിത്യ രംഗങ്ങളിലും സാംസ്കാരികയിടങ്ങളിലും മാഷിനുണ്ടാക്കിയ അനുഭവങ്ങൾ (വ്യക്തിപരമാണെങ്കിലും), അതിൻ്റെ കാര്യകാരണങ്ങൾ പൂർണ്ണമായും രാഷ്ട്രീയമാണ്. അതിലെ വസ്തുതകളെ ധൈഷണികമായി പരിശോധിക്കുന്ന ആത്മകഥ കൂടിയാണിത്.
ഇത്തരം വായനകൾക്കിടയിലും ഇന്ത്യയിലെ സവിശേഷ രാഷ്ട്രീയ- സാമൂഹിക സാഹചര്യങ്ങളിൽ ജാതിയുമായി ബന്ധപ്പെട്ട വായനക്ക് അതീവ പ്രാധാന്യമുണ്ട്. അതിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ആധികാരികമായ അറിവ് നൽകുന്നതുമായ പുസ്തകമാണ്, ദിവ്യ ദ്വിവേദി, ഷാജ് മോഹൻ എന്നിവർ എഴുതിയ ‘ഇന്ത്യൻ ഫിലോസഫി, ഇന്ത്യൻ റവല്യൂഷൻ: ജാതിയും രാഷ്ട്രീയവും’ (Indian Philosophy, Indian Revolution: On Caste and Politics, വിവർത്തനം: ശരത് കുമാർ ജി. എൽ. പ്രസാധനം - പുസ്തക പ്രസാധക സംഘം.)

മറ്റൊരു പുസ്തകം ഉമ ചക്രവർത്തി എഴുതിയ ‘ജാതിയെ ലിംഗവൽക്കരിക്കുമ്പോൾ’ (Gendering Caste: Through a Feminist Lens, വിവർത്തനം: പി. എസ്. മനോജ്കുമാർ, പ്രസാധനം ഫേബിയൻ ബുക്സ്). അതീവ ഗൗരവത്തിൽ ചർച്ച ചെയ്യപ്പെടേണ്ട പുസ്തകമാണിത്. ജാതിവ്യവസ്ഥയ്ക്കുള്ളിൽ സ്ത്രൈണലൈംഗികത നേരിടുന്ന പ്രശ്നങ്ങളിലേക്ക് വഴിതുറക്കുന്ന ഗൗരവവായന ആവശ്യപ്പെടുന്ന പുസ്തകം.
പ്രവാസത്തിൽ നിന്നിറങ്ങിയ, 18 രാജ്യങ്ങളിലെ പ്രവാസികളായ സ്ത്രീകൾ എഴുതിയ ‘പെണ്ണയനങ്ങളുടെ ഭൂപടങ്ങൾ’ വ്യത്യസ്ത ജീവിതാനുഭവങ്ങളാണ് പറയുന്നത്. (എഡിറ്റർ: രമേഷ് പെരുമ്പിലാവ്, ഗൂസ് ബെറി ബുക്സ്) ഇങ്ങനെ നീണ്ടുപോകുന്ന ഈ വർഷത്തെ വായനയിൽ പരിചയപ്പെടുത്തുന്ന പുസ്തകം മനീഷ് മുഴക്കുന്ന് എഴുതിയ നോവൽ ‘കീളുവാരങ്ങൾ’ (മാതൃഭൂമി ബുക്സ്) ആണ്.
എന്തുകൊണ്ട് ‘കീളുവാരങ്ങൾ’ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയുന്നുണ്ട് ഈ നോവൽ. ചരിത്രം എന്ന അധികാരരൂപം എഴുത്തിലേക്ക് വരുമ്പോൾ എഴുത്തുകാരുടെ രാഷ്ട്രീയത്തിന് വളരെ പ്രാധാന്യമുണ്ട്. തെരഞ്ഞെടുക്കുന്ന പ്രമേയവും അതിനോട് കാണിക്കുന്ന നിലപാടിലെ സത്യസന്ധതയും പ്രധാന ഘടകങ്ങളാണ്. ഒ. ചന്തുമേനോൻ്റെ ഇന്ദുലേഖ മലയാളത്തിൽ ചർച്ച ചെയ്യപ്പെട്ടതുപോലെ എന്തുകൊണ്ട് പോത്തേരി കുഞ്ഞമ്പുവിൻ്റെ സരസ്വതീവിജയം, പിന്നീടു വന്ന നാരായൻ്റെ കൊച്ചരേത്തി എന്നീ നോവലുകൾ ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്നത് അന്നത്തെപ്പോലെ ഇന്നത്തെയും ചോദ്യമാണ്. അതിനെ ഒരു നോവലായിട്ടുപോലും മലയാളത്തിലെ നിരൂപകർ അംഗീകരിച്ചിട്ടില്ലെന്ന് 2006-ൽ പ്രസിദ്ധീകരിച്ച ‘ദളിത് പാതകൾ’ (എഡിറ്റർ: ബോബി തോമസ്) എന്ന പുസ്തകത്തിൽ പി. കെ. രാജശേഖരൻ എഴുതിയിട്ടുണ്ട്.
കീഴാള-പാർശ്വവൽകൃത ജീവിതങ്ങളുടെ ആഖ്യാനങ്ങൾ വേണ്ട രീതിയിൽ ചർച്ചയിലേക്ക് വരുന്നില്ല. എന്നാൽ എഴുത്തുകാരുടെ പേരുകൊണ്ടും സാമൂഹ്യപദവി കൊണ്ടും മികച്ചതല്ലാത്ത ചില പുസ്തകങ്ങൾ ആഘോഷിക്കപ്പെടുകയും ചെയ്യുന്നു
‘‘ഇന്ദുലേഖയും പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീവിജയവുമാണ് പുനർവായിക്കപ്പെട്ടു കൊണ്ടിരിക്കുന്ന രണ്ട് നോവലുകൾ. നമ്പൂതിരിയുടെ അകാരണമായ മർദ്ദനമേറ്റ ദളിതൻ ക്രിസ്തുമതം സ്വീകരിച്ച് വിദ്യാസമ്പന്നനായി മാറുന്ന കഥ പറഞ്ഞ 'സരസ്വതീവിജയം' പ്രമേയപരമായി വിപ്ലവകരമായിരുന്നു. എന്നാൽ നോവൽ എന്ന നിലയിൽ അത് ഒരു മികവില്ലാത്ത സൃഷ്ടിയാണ്. ആശയങ്ങൾ നോവലുകളായി തീരാറില്ല. അതിന് നോവലീകരണം എന്ന പ്രക്രിയയിലൂടെ കടന്നു പോകേണ്ടതുണ്ട്. ഇന്ദുലേഖ ആ പ്രക്രിയയിൽ വിജയിച്ചു. സരസ്വതീവിജയത്തിന് സാഹിത്യ ചരിത്രപരമായ പ്രാധാന്യമേയുള്ളൂ. ക്രിസ്തുമതവും അന്നത്തെ ബ്രിട്ടീഷ് കോളനി മേലാളന്റെ അംഗീകാരവുമാണ് ദളിതന്റെ സ്വത്വപൂർത്തിയെന്ന് സരസ്വതീവിജയം നിഷ്കളങ്കമായി വിശ്വസിച്ചു. ഇംഗ്ലീഷാണ് പരിഷ്കാരത്തിന്റെയും പരിഷ്കൃതരായി അംഗീകരിക്കപ്പെടുന്നതിൻ്റെയും മാനദണ്ഡമെന്ന് ഇന്ദുലേഖയും സരസ്വതീവിജയവും ഒരേപോലെ വിശ്വസിച്ചിരുന്നു. ദളിത്പക്ഷവാദത്തിന്റെ പുനർവായന സരസ്വതീവിജയത്തെ മഹത്തായ നോവൽ എന്ന് വാഴ്ത്തുമ്പോൾ (ഒരർത്ഥത്തിൽ) മോശപ്പെട്ട സാഹിത്യമാണ് ദളിത് സാഹിത്യത്തിൻ്റെ രീതിയെന്നും സമ്മതിച്ചു കൊടുക്കുകയാണ്. "കൊച്ചരേത്തി"യെ വാഴ്ത്തിയതും ഇതേ അളവുകോൽ വച്ചുതന്നെയാണ്. ശ്രദ്ധിക്കപ്പെടാതെ കിടന്നതോ ഉപേക്ഷിക്കപ്പെട്ടതോ ആയ ചില ചരിത്രബാധ്യതകൾ വീണ്ടും അവതരിപ്പിച്ച് ആരും കണ്ടിട്ടില്ലാത്ത പുത്തൻ കണ്ടെത്തലുകൾ എന്ന മട്ടിൽ ഉമ്മാക്കി സൃഷ്ടിക്കുന്ന ഗവേഷണമിടുക്കിന്റെ ഭാഗമാണ് ഇത്തരം പുനർവായനകൾ. കാര്യങ്ങൾ മുഴുവൻ പിടിയില്ലാത്ത സാമാന്യജനങ്ങൾ അത് വൻസംഭവം തന്നെയാണെന്ന് അന്ധാളിച്ചു പോകും. ആധികാരികത നൽകുന്ന ഉദ്ധരണികളും അഭ്യൂഹങ്ങളും യുക്തിപരമായ വ്യാഖ്യാനവും കൊണ്ട് സാധൂകരിക്കപ്പെട്ട വ്യാജവിജ്ഞാനമാണത്’’.
(‘ദളിത് പാതകൾ’, പഠനം- പേജ് 37, സൈൻ ബുക്സ്).

മലയാളത്തിലെ സാഹിത്യ നിരൂപകന്മാർ വെച്ചു പുലർത്തുന്ന ഈ സമീപനം ഏറെക്കുറെ ഇന്നും തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ കീഴാള-പാർശ്വവൽകൃത ജീവിതങ്ങളുടെ ആഖ്യാനങ്ങൾ വേണ്ട രീതിയിൽ ചർച്ചയിലേക്ക് വരുന്നില്ല. എന്നാൽ എഴുത്തുകാരുടെ പേരുകൊണ്ടും സാമൂഹ്യപദവി കൊണ്ടും മികച്ചതല്ലാത്ത ചില പുസ്തകങ്ങൾ ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. നിലവിലെ സാമൂഹിക സാഹചര്യങ്ങളിൽ പുസ്തകത്തിൻ്റെ ഉള്ളടക്കവും പ്രമേയവും പ്രശ്നവല്‍ക്കരിക്കുന്നത് വർത്തമാനകാല ജീവിതവുമായി ബന്ധപ്പെട്ടായിരിക്കും. അത് സാഹിത്യത്തിൽ നിർബന്ധമാണെന്നതിന് യാതൊരു അടിസ്ഥാനവുമില്ല. എന്നാൽ എഴുത്തും വായനയും ജീവിക്കുന്ന കാലത്തിൻ്റെ അടയാളപ്പെടുത്തലാണെന്ന് ചിന്തിക്കുന്നവർക്ക് ഈ രീതിയിലേ പുസ്തകങ്ങളെ സമീപിക്കാൻ കഴിയൂ. ആ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ‘കീളുവാരങ്ങൾ’ മലയാളത്തിൽ ചർച്ച ചെയ്യപ്പെടേണ്ട മികച്ച നോവലായി വായനയ്ക്കു മുമ്പിൽ എത്തുന്നത്.
സരസ്വതീവിജയം മുന്നോട്ടുവെച്ച പ്രമേയം കീഴാള സ്വത്വത്തിനുമേൽ അടിച്ചേൽപ്പിക്കപ്പെട്ട വരേണ്യ അധികാരത്തിന്റെ അടയാളമാണ്. നോവലിൽ നമ്പൂതിരി, ചെർമ്മി എന്നീ പ്രയോഗങ്ങൾ ആഖ്യാനങ്ങളിലെ അധികാര ഭാഷാപ്രയോഗങ്ങളാണ്. അധികാരം മേലാളന്റെ പരിധിയിൽ സുരക്ഷിതമാവുകയും കീഴാളൻ അടിമയായി ജീവിക്കാൻ വിധിക്കപ്പെടുകയും ചെയ്യുമ്പോൾ സാഹിത്യത്തിലെ കീഴാള ആഖ്യാനങ്ങൾ പ്രതിരോധഭാഷയായി പരിണമിക്കുന്നു. കാരണം, കലയിലും സാഹിത്യത്തിലും അതിൻ്റെ ആഖ്യാനസൗന്ദര്യത്തെ നിർമ്മിച്ചതും വ്യാഖ്യാനിച്ചതും മേലാളന്റെ ജ്ഞാനബോധത്തിൽ നിന്നാണ്. അതുമാത്രമാണ് ആഖ്യാനസൗന്ദര്യത്തിന്റെ അടിസ്ഥാനം എന്ന പരികൽപ്പന സവർണ ബുദ്ധിജീവികളുടെ ശാഠ്യങ്ങൾ മാത്രമാണ്. അപ്പോഴും അവർക്ക് നോവലിന്റെ ഉള്ളിൽ തിളച്ചുമറിയുന്ന മനുഷ്യരുടെ ജീവിതത്തെ കാണാൻ കഴിയുന്നില്ല. അതിനു കാരണം, അവർക്ക് കീഴാളവായനയിലെ ജീവിതത്തിൻ്റെ തീവ്രത എന്താണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. (അത്തരം ജീവിതാനുഭവങ്ങൾ അവർക്ക് പരിചിതമല്ല). ഇത്തരം ഒരു ബോധ്യം നോവലിന്റെ ആമുഖത്തിൽ സോമൻ കടലൂർ പങ്കുവെക്കുന്നുണ്ട്. "ആദിവാസികൾ മാറാനുള്ളവരും ഞങ്ങൾ മാറ്റാനുള്ളവരുമാണെന്നുമുള്ള ആധിപത്യപരമായ തോന്നൽ തന്നെയാണ് ഇപ്പോഴും നാട്ടുമനുഷ്യർക്കുള്ളത്. ഭൗതിക ചൂഷണത്തോടൊപ്പം ആദിവാസിയുടെ സാംസ്കാരികസ്വത്വത്തെ പരിഗണിക്കാതെ തങ്ങളിലൂടെ അവരെ പരിണമിപ്പിക്കുമ്പോഴുള്ള ക്രൂരത ഭയങ്കരമാണ്. 'അടിമയും അതുവഴി അധമരും നിന്ദ്യരുമാണ് ഗോത്രവർഗ്ഗം' എന്ന തീർത്തും പ്രതിലോമകരമായ ആശയങ്ങളാണ് പലതരത്തിൽ പൊതുബോധത്തിൽ പ്രവർത്തിക്കുന്നത്. അത്തരം മനുഷ്യവിരുദ്ധതയുടെ പ്രത്യയശാസ്ത്രത്തെ ചിന്താപരമായ ധീരതയോടെ നേരിടുന്നതിന്റെ അക്ഷര സാക്ഷ്യമാണ് ഈ നോവൽ.
പ്രകൃതിയും കീഴാള സമൂഹവും തമ്മിലുള്ള ആത്മബന്ധത്തെ ഊട്ടിയുറപ്പിച്ച മാനസിക അടിമബോധത്തിൽ നിന്ന് അടിത്തട്ട് മനുഷ്യരെ വിമോചിക്കാൻ കഴിയുന്നില്ല. ഗോത്രാചാരഘടനയെ ബലപ്പെടുത്തുന്ന വിശ്വാസങ്ങളെ മറികടക്കാനാവശ്യമായ അറിവുൽപാദനം ഇപ്പോഴും കീഴ്ത്തട്ടിൽ വേണ്ട രീതിയിൽ സംഭവിക്കുന്നില്ല
ഈ തിരിച്ചറിവ് കൃത്യതയോടെ വെളിവാക്കുന്നുണ്ട് കീളുവാരങ്ങൾ. ഈ നോവൽ ഒരേസമയം മൂന്ന് സാമൂഹ്യസ്വഭാവങ്ങളെ സ്പഷ്ടതയോടെ അവതരിപ്പിക്കുന്നുണ്ട്.
അതിലൊന്ന്, മേലാള അധികാരഘടനയാണ്. രണ്ട്, ഗോത്രസമൂഹത്തിലെ അടിമബോധമാണ്. മൂന്ന്, ഗോത്രസമൂഹത്തിൻ്റെ പ്രകൃതിബോധമാണ്. നോവലിലുടനീളം വ്യാപിച്ചുകിടക്കുന്ന സാമൂഹ്യസ്വഭാവം സവർണ്ണ ജാതിഘടനയുമായി ബന്ധപ്പെട്ടതാണ്. മേലാളർ നടത്തുന്ന ക്രൂരമായ പീഡനങ്ങൾ അധികാരത്തിന്റെ ഭാഗമാണ്. ഇത് ഞങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരാണെന്ന വിശ്വാസം ഗോത്രസമൂഹത്തിൽ നിലനിൽക്കുന്നു. ഈ അധികാരബോധത്തെ കീഴാള ഗോത്ര സമൂഹങ്ങൾക്കുമേൽ എളുപ്പത്തിൽ പ്രയോഗിക്കാൻ അവർ ഉപയോഗിക്കുന്നത് ഗോത്രവിശ്വാസത്തെയും ആ വിശ്വാസത്തിന്റെ അടിസ്ഥാനസ്വഭാവമായി നിലനിൽക്കുന്ന പ്രകൃതിബോധത്തെയുമാണ്. നോവലിന്റെ ആത്മാവായി നിലനിൽക്കുന്ന വള്ളിയൂർക്കാവ് ഒരേസമയം വിശ്വാസവും അതിനെ നിലനിർത്തുന്ന പ്രകൃതിയുമാണ്. മേലാളവർഗ്ഗം തങ്ങളുടെ അടിമത്ത വ്യാപാരത്തിനും ലൈംഗികതയ്ക്കും ഉപയോഗിക്കുന്നത് അവരുടെ വിശ്വാസത്തെയാണ്.
ഇതൊരു പ്രതീതി മാത്രമാണെന്ന് നോവലിൽ തിരിച്ചറിയുന്നതും ഗോത്രജീവിതത്തിൻ്റെ ഭാഗമായ കരിയാത്താനാണ്. അയാൾ നോവലിൽ മൂന്നാം തലമുറയെയാണ് പ്രതിനിധാനം ചെയ്യുന്നത്. അയാളുടെ അച്ഛനായ വെള്ളൻ മരിക്കുന്നത് അമ്മ മാലയെ കാര്യസ്ഥൻ ബലാത്സംഗം ചെയ്യുന്നതിനെതിരെ നടത്തിയ പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ്. നോവലിൽ കരിയാത്തൻ പ്രതിരോധത്തിന്റെ പ്രതീക്ഷയായി വളരുമ്പോഴും താൻ കാണുന്ന ജീവിതയാഥാർത്ഥ്യവും അതിലുള്ളിൽനിന്ന് രൂപപ്പെടേണ്ട ചെറുത്തുനിൽപ്പും ഒരു പ്രതീതി മാത്രമാണെന്ന് ചിലപ്പോഴൊക്കെ സ്വയം തിരിച്ചറിയുന്നുണ്ട്.
കാരണം, അത്രമാത്രം പീഡനത്തിൽ മുങ്ങിത്താഴുമ്പോഴും വള്ളിയൂർക്കാവുമായി ബന്ധപ്പെട്ട വിശ്വാസത്തെ നിരാകരിക്കാൻ കഴിയാത്ത വിധം ഗോത്രസമൂഹം പ്രകൃതിയുമായി ലയിച്ചുപോയിട്ടുണ്ട്. അവർ വിധിയിൽ വീണു പോയിരിക്കുന്നു. ഒരിടത്ത് ഇങ്ങനെ വായിക്കാൻ കഴിയുന്നുണ്ട്:
‘‘ഉത്തരം ഒന്നേയുള്ളൂ, കാടിൻ്റെ മക്കൾക്ക് സ്നേഹിക്കാനറിയാം. പരസ്പരമുള്ള കൈത്താങ്ങ് അവരുടെ രക്തത്തിൽ ചേർന്നതാണ്. കാട്ടിലെ ഏത് അപകട ജീവിയെയും അവൻ തിരിച്ചറിയും. എങ്ങനെ അവരെ മെരുക്കണമെന്നും ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. പക്ഷേ കാടുകയറി വരുന്ന നാട്ടു മനുഷ്യരുടെ ഉള്ളറിയാൻ ആർക്കു കഴിയും.? ഇരയായി വീഴുമ്പോഴാകട്ടെ ഇതൊക്കെ തങ്ങളുടെ വിധിയാണെന്ന് കൂടി കാടിൻ്റെ മക്കൾ കരുതുന്നു. ഓരോ മനുഷ്യന്റെയും കരുത്തിനെ ചോർത്തിക്കളയാൻ അതുതന്നെ ധാരാളം. അവൻ അവനെത്തന്നെ ദുർബലനാക്കുന്നു. ഉറച്ച മാംസപേശികൾ സ്വയം അയച്ചിടുന്നു’’.
അവർക്കെല്ലാം വള്ളിയൂർക്കാവ് സത്യത്തിൻ്റെ, നീതിയുടെ തീർപ്പാണ്. അവിടെ വച്ച് വല്ലിപ്പണിക്കു വേണ്ടി സ്വയം അടിമത്തം ഏറ്റുവാങ്ങുമ്പോൾ അതിനെ നിഷേധിക്കാൻ അവർക്കാകുന്നില്ല. ക്രൂര പീഡനങ്ങൾക്ക് വിധേയമാകുമ്പോഴും മേലാളൻ്റ മുമ്പിൽ താഴ്ന്നുനിൽക്കുന്നത് വള്ളിയൂർക്കാവിന് മുമ്പിൽ നിന്നെടുത്ത പ്രതിജ്ഞയോടുള്ള പ്രതിബദ്ധതകൊണ്ടാണ്. ഈ വിശ്വാസത്തെയാണ് കരിയാത്തൻ സ്വയം നിഷേധിക്കാനും അതുവഴി തൻ്റെ സമൂഹത്തെ പരിവർത്തനപ്പെടുത്താനുമുള്ള ശ്രമം നടത്തിയത്. പക്ഷേ അയാൾ ദയനീയമായി പരാജയപ്പെടുത്തപ്പെടുന്നത് സ്വന്തം സമൂഹത്തിൽ നിന്നാണ്. ഒരിക്കലും സാമൂഹ്യയാഥാർത്ഥ്യത്തിലേക്ക് വികസിക്കാത്ത ഒരു ജനതയുടെ ഏറ്റുപറച്ചിൽ കൂടിയാണ് സ്വന്തം മനുഷ്യരിൽ നിന്ന് കരിയാത്തന് ഏറ്റുവാങ്ങേണ്ടിവന്ന ചതി.

ഇതിനു സമാനമായ കീഴാളപ്രമേയാഖ്യാനം മലയാള നോവലിൽ നടന്നിട്ടുള്ളത് എം. മുകുന്ദൻ്റെ പുലയപ്പാട്ടിലാണ്. ഈ നോവലിൻ്റെ സാമൂഹ്യ പശ്ചാത്തലവും മൂന്ന് തലമുറയുടെ അതിജീവനത്തിലൂടെയാണ് വികസിക്കുന്നത്. മൂന്നാം തലമുറ ഈ അടിമബോധത്തെ പ്രതിരോധിക്കുന്നത് അറിവുകൊണ്ടാണ്. ഗൗതമനും ഗൗരിയും സ്കൂളിൽ പോകുന്നതും പഠിക്കുന്നതും അവർക്കുവേണ്ടി മാത്രമല്ലെന്ന് വിളിച്ചുപറയുന്നുണ്ട്. സ്വന്തം സമുദായത്തെ മേലാള വർഗ്ഗത്തിൽ നിന്ന് വിമോചിപ്പിക്കാൻ അറിവുകൊണ്ട് മാത്രമേ സാധ്യമാകൂ എന്ന തിരിച്ചറിവ് നോവലിൻ്റെ ആത്മാവാണ്. അക്ഷരങ്ങളെ അറിഞ്ഞുകൊണ്ടുള്ള അറിവാണ് അധികാരവർഗ്ഗത്ത പ്രതിരോധിക്കാനുള്ള ശരിയായ ആയുധമെന്ന് ഗൗതമനും ഗൗരിയും തിരിച്ചറിയുന്നുണ്ട്.
പുലയപ്പാട്ടിൻ്റെ രചനാകാലം സ്വാതന്ത്ര്യസമര കാലവുമായി അടുത്തുനിൽക്കുന്നതാണ്. കീഴാളസമൂഹം പതുക്കെപ്പതുക്കെ ഉയർന്നുവരുന്ന കാലം. എന്നാൽ കീളുവാരങ്ങൾ അതിനും മുമ്പുള്ള വയനാടൻ ജീവിതത്തെയാണ് ചിത്രീകരിക്കുന്നത്. അത് പൂർണമായും കൊളോണിയൽ ആധിപത്യകാലമായിരുന്നു. എന്നാൽ രണ്ട് നോവലുകളിലും മേൽജാതിക്കാരുടെ അയിത്താചരണത്തിലും കീഴാളരായ സ്ത്രീകളോടുള്ള ശാരീരിക ആസക്തിക്ക് സമാനസ്വഭാവം കാണാം. ശരീരത്തിൽ അശുദ്ധി പ്രകടിപ്പിക്കുകയും ശാരീരിക ബന്ധത്തിൽ അതില്ലാതാവുകയും ചെയ്യുന്ന വരേണ്യ-ആഢ്യത്വത്തിൻ്റെ പ്രതിനിധികളെ നോവലുകളിൽ കാണാം. കീഴാളസ്ത്രീകൾക്കാകട്ടെ ഇത് അഭിമാനത്തിന്റെ പ്രശ്നമാണ്. ജന്മിയുടെ അനുവാദമില്ലാതെ വിവാഹം കഴിച്ചതിന് അടിമയായ മാണിയോട് ഭാര്യയേയും കൂട്ടി ജന്മിയുടെ അടുത്തെത്താൻ കാര്യസ്ഥൻ പറയുന്നുണ്ട്. അയാളതിന് തയ്യാറാവുന്നില്ല. മാത്രമല്ല, അരിവാൾ കൊണ്ട് കാര്യസ്ഥനെ പ്രതിരോധിക്കുന്നു. എന്നാൽ പിന്നീട് മാണിയെ മരത്തിൽ തൂങ്ങിക്കിടക്കുന്നതാണ് കാണുന്നത്. ഇതിനോടുള്ള പ്രതികാരം ഭാര്യയായ മാല ചെയ്ത് തീർക്കുന്നുണ്ട്. മാണിയെ കെട്ടിത്തൂക്കിയ അതേ മരക്കൊമ്പിൽ കാര്യസ്ഥന്റെ ശരീരവും തൂങ്ങിക്കിടന്നു. എന്നാൽ നോവലിന്റെ പൊതുസ്വഭാവവുമായി ഇത്തരം ഒരു പ്രതിരോധത്തെ വളർത്തിക്കൊണ്ടു വരാൻ കഴിയുന്നില്ല. അതിന് കാരണമായ കീഴാള സാമൂഹ്യബോധത്തെയാണ് നോവൽ പ്രശ്നവൽക്കരിക്കുന്നത്.
അതിൽ തന്നെ പ്രകൃതിയും കീഴാള സമൂഹവും തമ്മിലുള്ള ആത്മബന്ധത്തെ ഊട്ടിയുറപ്പിച്ച മാനസിക അടിമബോധത്തിൽ നിന്ന് അടിത്തട്ട് മനുഷ്യരെ വിമോചിക്കാൻ കഴിയുന്നില്ല. ഗോത്രാചാരഘടനയെ ബലപ്പെടുത്തുന്ന വിശ്വാസങ്ങളെ മറികടക്കാനാവശ്യമായ അറിവുൽപാദനം ഇപ്പോഴും കീഴ്ത്തട്ടിൽ വേണ്ട രീതിയിൽ സംഭവിക്കുന്നില്ല. ഇത്തരം കാരണങ്ങളാണ് നോവലിനെ ഇക്കാലത്തും പ്രസക്തമാകുന്നത്.
ഭൂതകാലചരിത്രത്തിൽ നിന്ന് രക്തമൂറുന്ന സാമൂഹ്യ ജീവിതത്തെ പുതിയ കാലത്ത് അവതരിപ്പിക്കുമ്പോൾ, ആ കാലത്തെ മനുഷ്യരുടെ പുതുതലമുറ നമുക്കുമുമ്പിൽ ഇപ്പോഴും എങ്ങനെ ജീവിക്കുന്നു എന്ന ചോദ്യം കീളുവാരങ്ങൾ മുന്നോട്ടുവയ്ക്കുന്നു. പ്രകൃതിയും ആദിവാസിഗോത്ര സമൂഹവും തമ്മിലുള്ള ആത്മബന്ധങ്ങളുടെ രാഷ്ട്രീയമറിയാത്ത നവ അധികാരവർഗ്ഗത്തിന് അടിത്തട്ട് മനുഷ്യരോടുള്ള സമീപനം, അവരുടെ ജീവിതബോധത്തെ തിരിച്ചറിഞ്ഞതു കൊണ്ടല്ല. അവിടെയാണ് ഈ നോവൽ സമകാലത്തോട് സംവദിക്കാൻ പാകപ്പെട്ടു നിൽക്കുന്നത്.
മനീഷ് മുഴക്കുന്ന് തന്റെ രചനയിലൂടെ നിർവഹിച്ച ഈ രാഷ്ട്രീയദൗത്യം മുഖ്യധാരാ സാഹിത്യ വിമർശകർ എങ്ങനെ കാണുന്നു എന്നത് കൂടി ഉത്തരം കിട്ടേണ്ട ചോദ്യമാണ്. അത് ഈ നോവൽ മികച്ചതാണെന്ന് അടയാളപ്പെടുത്തലിന് വേണ്ടിയല്ല. മറിച്ച്, നോവൽസാഹിത്യം മലയാളത്തിൽ ആഘോഷിക്കപ്പെടുമ്പോൾ ഇത്തരം നോവലുകളിലെ മിന്നാമിനുങ്ങുവെട്ടം ചുറ്റിലെ ഇരുട്ടിനെ അകറ്റുന്നുണ്ടെന്ന് രേഖപ്പെടുത്താൻ വേണ്ടിക്കൂടിയാണ്. മലയാള നോവൽശാഖയിൽ കീളുവാരങ്ങൾ ആഖ്യാനസൗന്ദര്യം കൊണ്ടും ഗോത്രഭാഷാപ്രയോഗം കൊണ്ടും വ്യത്യസ്തമായ വായനാനുഭവമാണ് സമ്മാനിക്കുന്നത്.
