സ്‍നേഹത്തിൽ സത്യത്തേക്കാൾ ആനന്ദം തിരയുന്ന സ്ത്രീ, സ്ത്രീകൾ

മരിക്കുന്നതുവരെ സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും ഭാഗ്യം ലഭിച്ച അപൂർവ്വം ചില എഴുത്തുകാരിൽ ഒരാളാണ് മാധവിക്കുട്ടി.എഴുത്തുകാരി ഭാവിയുടേതാണ് എന്ന് അവർ അന്നേ മനസ്സിലാക്കിയിരുന്നു.

ർഷം ഓർമ്മയില്ല. ഇന്നത്തെ പോലെ ഒരുവീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേയ്ക്ക് നേരിട്ട് ഫോൺ വിളിക്കാൻ പറ്റാത്ത കാലമായിരുന്നു അതെന്ന് നല്ല ഓർമ്മയുണ്ട്. ടെലഫോൺ എക്സ്ചേഞ്ചിൽ വിളിച്ച് വിളിക്കേണ്ട നമ്പർ കൊടുക്കുക. അവരാനമ്പർ നമുക്ക് കണക്റ്റ് ചെയ്ത് തരും.

ഈയൊരു കാലത്താണ് ഞാനാദ്യമായി മാധവിക്കുട്ടിയുടെ കോളിളക്കം സൃഷ്ടിച്ച ‘എന്റെ കഥയെ’ ക്കുറിച്ച് കേൾക്കുന്നത്.
പപ്പ രാവിലെ പോയിക്കഴിഞ്ഞാൽ പിന്നെ വരുന്നത് രാത്രി പത്തുമണിയൊക്കെ ആകുമ്പോഴാണ്. അതുവരെ മമ്മിയുടെ സ്ത്രീലോകമാണ് വീട്ടിൽ. പപ്പ വീട്ടിൽ നിന്നിറങ്ങാൻ നോക്കിയിരിക്കും മമ്മി. വണ്ടി ഗേറ്റ് കടന്നു എന്ന് ഉറപ്പായാൽ മമ്മി ഓടും. സ്വീകരണമുറിയിലെ ഫോണിനരികിലുള്ള പതിവ് സീറ്റിലിരുന്ന്, എക്സ്ചേഞ്ചിലേയ്ക്ക് വിളിച്ച് മമ്മിയുടെ ആത്മസുഹൃത്ത് വത്സമ്മയാന്റിയുടെ നമ്പർ കൊടുക്കും. പിന്നൊരു ഒന്ന് രണ്ട് മണിക്കൂർ മാധവിക്കുട്ടിയും എന്റെ കഥയുമാണ് താരങ്ങൾ.
വിദഗ്ദ മനശ്ശാസ്ത്രജ്ഞരെ പോലെ അവർ രണ്ടുപേരും മാധവിക്കുട്ടി എന്ന വ്യക്തിയെയും അവരെഴുതിയ എന്റെ കഥയെയും നുള്ളിക്കീറി അപഗ്രഥിയ്ക്കും.

എക്സ്ചേഞ്ചിലേയ്ക്ക് വിളിച്ച് മമ്മിയുടെ ആത്മസുഹൃത്ത് വത്സമ്മയാന്റിയുടെ നമ്പർ കൊടുക്കും. പിന്നൊരു ഒന്ന് രണ്ട് മണിക്കൂർ മാധവിക്കുട്ടിയും എന്റെ കഥയുമാണ് താരങ്ങൾ.

ഇങ്ങനെ ദിവസങ്ങളോളം ദീർഘമായി ചർച്ച ചെയ്യാൻ മാത്രം ഇവരെന്താണിത്ര എഴുതിവെച്ചിരിക്കുന്നത് എന്നാലോചിച്ച് ഞാൻ വശംകെട്ടു. ചെവിവട്ടം പിടിച്ച് ഇവരുടെ വർത്തമാനം മുഴുവൻ സ്പോഞ്ച് പോലെ ഒപ്പിയെടുത്തുകൊണ്ടിരുന്ന ഒരു കുട്ടി തൊട്ടടുത്ത മുറിയിലുണ്ടെന്നുള്ളത് മമ്മി ഒരിക്കൽ പോലും അറിഞ്ഞതേയില്ല.
പറയുന്നത് മുഴുവനൊന്നും ആ പ്രായത്തിൽ മനസ്സിലാകുന്നതല്ലായിരുന്നു.
‘‘ഇവരെഴുതിയിരിക്കുന്നത് ശരിയായിരിക്കുമോ?’’
‘‘ഇങ്ങനെ തുറന്നെഴുതാൻ എങ്ങനെ ധൈര്യം വന്നു?
അവരുടെ .... ഭർത്താവ് ശരിക്കും അങ്ങനെയാണോ...’’
‘‘ആ ഇറ്റാലിയൻ...... ശരിക്കുമുള്ളതാണോ?’’ എന്നിങ്ങനെ പോയി ആത്മഗതങ്ങളും ചോദ്യങ്ങളും സംശയങ്ങളും.
എന്നാലും എന്റെ വത്സേ!!! എന്നാലും എന്റെ വത്സേ!! എന്ന മമ്മിയുടെ അതിശയപ്രകടനം ഇപ്പോഴും എന്റെ ചെവിയിൽ കേൾക്കാം.

എന്തായാലും അന്നുമുതൽ മമ്മിയെ ഒരു ബാധ പോലെ പിടികൂടി മാധവിക്കുട്ടി.
അവരുടെ കിട്ടാവുന്ന പുസ്തകങ്ങളെല്ലാം തന്നെ തൊടുപുഴ മുനിസിപ്പൽ ലൈബ്രറിയിൽ നിന്ന് വീട്ടിലെത്തി മമ്മിയുടെ കട്ടിലിൽ നിരന്നു.

ഈ സ്ത്രീയ്ക്ക് ശരിയ്ക്കും ഭ്രാന്താണ് എന്ന് പറഞ്ഞ്‌, മമ്മി അത്യുത്സാഹത്തോടെ അവരെഴുതുന്നത് വായിച്ച് ആവേശം കൊണ്ടു.
മനസ്സിലാക്കാനുള്ള പ്രായം ആയോ എന്നുപോലും നോക്കാതെ അവരുടെ ചില കഥകൾ നുറുങ്ങുകളായി എന്നെ പറഞ്ഞ് കേൾപ്പിച്ചു.

Photo: DC books

അങ്ങനെ കേട്ടതാണ്‌, മരിക്കാൻ കിടക്കുന്ന ഒരു സ്ത്രീയ്ക്ക് മാലയിടാനുള്ള കൊതിയെക്കുറിച്ചുള്ള കഥ.

നുണ പറയുന്ന കുട്ടിയെകുറിച്ചുള്ള കഥ

രണ്ടുപെൺകുട്ടികൾ തമ്മിലുള്ള സ്വവർഗ്ഗാനുരാഗത്തിന്റെ കഥ.

പിന്നെയും ഒരുപാട് വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ എന്റെ കഥ വായിക്കുന്നത്‌. അപ്പോഴേയ്ക്കും വിവാഹിതയായി, കുട്ടികളായി. സ്വന്തമായ, സ്വതന്ത്രമായ ചിന്തയുടെ ഉടമയായി.

എഴുത്തും എഴുത്തുകാരും രണ്ട് എന്ന ബോദ്ധ്യത്തിൽ മാത്രമാണ് അന്നും ഇന്നും പുസ്തകങ്ങൾ വായിക്കുന്നത്‌. വായിക്കുന്ന പുസ്തകത്തിലെ ലിറ്ററേച്ചർ മൂല്യമാണ് എന്നെ എല്ലാക്കാലത്തും മോഹിപ്പിക്കുന്നത്‌. അങ്ങനെ നോക്കുമ്പോൾ മാധവിക്കുട്ടിയുടെ എന്റെ കഥ എന്നെ ഏറ്റവും സന്തോഷിപ്പിച്ച പുസ്തകങ്ങളിലൊന്നാണ്‌. അതിൽ പറഞ്ഞിരിക്കുന്നത് സത്യമാണെങ്കിലും നുണയാണെങ്കിലും എനിയ്ക്ക് ഒരു ചുക്കുമില്ല.

‘‘ഞാൻ സുന്ദരി ആയിരുന്നില്ലെങ്കിലും, സൗന്ദര്യമില്ലായ്മ ഒരു പ്രശ്നമായി എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. പലപ്പോഴും ഞാൻ സുന്ദരിയാണെന്ന ബോധം എന്നിൽ ഉണ്ടായിട്ടുണ്ട്‌. എന്റെ വലിയ മുലകളെ പ്രശംസിക്കാൻ എന്നും ഏതെങ്കിലും വിഡ്ഡി ഉണ്ടായിരുന്നു’’.

‘‘....ഞാനവ ഭദ്രമായി സൂക്ഷിക്കുകയും എന്റെ തുറുപ്പ് ശീട്ടായി ഉപയോഗിക്കുകയും ചെയ്തു’’.
ആമുഖത്തിൽ പറഞ്ഞിരിക്കുന്ന ഈ വരികൾ വായിച്ചിട്ട് എനിയ്ക്ക് ചിരി അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

ആത്മവിശ്വാസമുള്ള എഴുത്തുകാരി. വാക്കുകൾ വരുതിയിലാക്കി കൃത്യമായി കരുക്കൾ നീക്കിയ കൗശലക്കാരി. വിരൽതുമ്പിലെ പാവകളെപ്പോലെ വായനക്കാരെ ചലിപ്പിച്ച ബുദ്ധിമതി.

മാധവിക്കുട്ടി

വേറൊരിടത്ത് അവർ പറയുന്നുണ്ട്‌, ‘‘എനിക്ക് എന്നും കാണികളുണ്ടായിരുന്നു, എന്റെ സംഭാഷണത്തിന് എന്നും ശ്രോതാക്കളുണ്ടായിരുന്നു, എന്റെ തപാൽപെട്ടിയിൽ പ്രേമലേഖനങ്ങളുണ്ടായിരുന്നു”.

സ്വന്തം കഴിവിൽ പൂർണ്ണ ബോദ്ധ്യമുള്ള, സ്വാതന്ത്യം പൂർണ്ണമായും ആസ്വദിച്ച ഒരു സ്ത്രീയുടെ വാക്കാണിത്‌. സ്ത്രീയുടെ ഉള്ളിലെ അപരലോകം ഇത്ര മനോഹരമായി തുറന്നിട്ട വേറെ ഏത് എഴുത്തുകാരിയാണ് മലയാള സാഹിത്യത്തിലുള്ളത്‌?

പാരിസ് റിവ്യൂവിന്റെ 239 -ാം ലക്കത്തിൽ നൊബേൽ സമ്മാന ജേതാവായ Annie Ernaux എഴുതിയ ഡയറിക്കുറിപ്പുകൾ വായിച്ചപ്പോൾ മാധവിക്കുട്ടി എഴുതിയതുപോലെ തന്നെ എന്നാണ് എനിക്ക് തോന്നിയത്‌. എത്ര മനോഹരവും സത്യസന്ധവുമായിട്ടാണ് മനസ്സിന്റെ deep longing, yearning and passion നെക്കുറിച്ച് Annie Ernaux എഴുതിയിരിക്കുന്നത്‌.

Annie Ernaux

"As for me, I am the writer, the foreigner, the whore-the free woman too. I am not the “good woman” whom one possesses and displays, the one who gives consolation. I can’t console anyone. "
"I have never wanted anything but love. And literature. I only write to fill the void, to give myself a way to tell…. "
"Now I no longer seek truth in love, but the preference of a relationship, beauty, pleasure "എന്നും അവരെഴുതി.

ഇതൊക്കെതന്നെയല്ലേ മാധവിക്കുട്ടിയും പറഞ്ഞത്‌.
അതിലെ ശരിയും ശരികേടും ചികയുന്നതെന്തിന്‌?
അവരത് എഴുതി നോബൽ സമ്മാനം വാങ്ങിച്ചെടുത്തു.

മരിക്കുന്നതുവരെ സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും ഭാഗ്യം ലഭിച്ച അപൂർവ്വം ചില എഴുത്തുകാരിൽ ഒരാളാണ് മാധവിക്കുട്ടി.
എഴുത്തുകാരി ഭാവിയുടേതാണ് എന്ന് അവർ അന്നേ മനസ്സിലാക്കിയിരുന്നു. അവിടെ അവരുടെ ഭർത്താവിനോ, കുട്ടികൾക്കോ, ബന്ധുക്കൾക്കോ ഒന്നും പ്രസക്തിയില്ല. അവിടെയാണവരുടെ ബ്രില്ല്യൻസ് കിടക്കുന്നത്‌.

മാധവിക്കുട്ടി പറഞ്ഞിരിക്കുന്നതുപോലെ, ‘‘ഒരാളുടെ യഥാർത്ഥ ലോകം അയാളുടെ പുറത്തുകാണുന്ന ലോകമല്ല. അയാളുടെ അകത്തുള്ളതും തികച്ചും അനന്തവുമായ ലോകമാണത്‌”.

‘അവനവനിൽകൂടി സഞ്ചരിക്കുവാൻ പുറപ്പെട്ട’
ഒരാൾക്ക് മാത്രമേ മാധവിക്കുട്ടിയുടെ എന്റെ കഥ ഉൾക്കൊള്ളാൻ സാധിക്കുകയുള്ളൂ എന്നാണ് എന്റെ വായനയിൽ എനിയ്ക്ക് തോന്നിയത്‌. ബാക്കിയുള്ളവർക്ക് ഇത് വെറും മതിഭ്രമമോ, പ്രണയചാല്യങ്ങളോ, മാത്രമായിരിക്കാം.
മാധവിക്കുട്ടി ആഗ്രഹിച്ച പോലെ വായനക്കാരും അവരുടെ ആത്മാവും തമ്മിലുള്ള വിശുദ്ധമായ കൂടിക്കാഴ്ച എന്റെ കഥയിലൂടെ അവർക്ക് സാധിച്ചോ എന്നുള്ളതിന് കാലമാണ് മറുപടി പറയേണ്ടത്‌.

ഓർഹാൻ പാമുക്

ആഗ്രഹങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഓർഹാൻ പാമുക് ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്‌, ഒരു നൂറു വർഷം കഴിഞ്ഞാലും ലോകത്ത് അവശേഷിക്കുന്ന നാലോ അഞ്ചോ പുസ്തകങ്ങളിൽ ഒന്ന് എന്റേതാവണമെന്നാണ് ആഗ്രഹമെന്ന്. മാധവിക്കുട്ടിയുടെ കാര്യത്തിൽ 50 വർഷം കഴിഞ്ഞിട്ടും എന്റെ കഥ മലയാളസാഹിത്യത്തിൽ നിലനിൽക്കുന്നുണ്ട് എങ്കിൽ അടുത്ത ഒരമ്പതും കൂടി ഈ പുസ്തകം പയറുപോലെ തികയ്ക്കും എന്നാണ് എനിയ്ക്ക് തോന്നുന്നത്‌.

എന്റെ മമ്മിയുൾപ്പടെയുള്ള സ്ത്രീകൾക്കും പുറത്ത് പറയാൻ ധൈര്യമില്ലാത്ത പലതും മാധവിക്കുട്ടി അവരുടെ പുസ്തകത്തിൽ എഴുതിയിട്ടുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ഈ സ്ത്രീയ്ക്ക് ശരിക്കും ഭ്രാന്താ എന്ന് പറഞ്ഞ മമ്മി തന്നെ എനിയ്ക്ക് ആദ്യത്തെ മകളുണ്ടായപ്പോൾ നമുക്കവളെ ആമി എന്ന് വീട്ടിൽ വിളിക്കാം എന്ന് എന്റെ മുന്നിൽ കെഞ്ചിയത്‌. മലയാള സാഹിത്യത്തിലെ ഏറ്റവും ബോൾഡ് ആയ എഴുത്തുകാരിയുടെ പേരാണ് എന്റേത് എന്നെന്റെ മകൾ അവളുടെ അമേരിക്കൻ സുഹൃത്തുക്കളോട് അഭിമാനത്തോടെ പറയുന്നതും മമ്മി കാരണമാണ്‌.

Comments