ഗൈ ലെഷ്സൈനെർ (Guy Leschziner)

മഹാപാപങ്ങൾ മനുഷ്യരായിരിക്കുന്നതിന്റെ അടയാളങ്ങൾ മാത്രമാണത്രേ

2024-ലെ തൻെറ പ്രിയപ്പെട്ട പുസ്തകമായി എതിരൻ കതിരവൻ തെരഞ്ഞെടുക്കുന്നത് ഗൈ ലെഷ്സൈനെർ എഴുതിയ ‘Seven Deadly Sins’ ആണ്. പാപികൾക്കുള്ള സാന്ത്വനമാണ് ഈ പുസ്തകം. പല മഹാപാപങ്ങളും തലച്ചോറിന്റെ ചില അപാകതകളാൽ വന്നു ഭവിക്കുന്നതാണത്രെ. നമ്മുടെ തലച്ചോറിൽ ഇതൊക്കെ ‘ഹാർഡ് വയർ’ ചെയ്തിരിക്കയാണെങ്കിൽ ഇതൊക്കെ എങ്ങനെ പാപങ്ങളാകും? പാപവിമോചനം എങ്ങനെ സാധ്യമാകും?

കാമം, ക്രോധം, മോഹം- അങ്ങനെ ഏഴു പാപങ്ങൾ നിങ്ങളെ നരകത്തിലേക്ക് നയിക്കുകയില്ലേ? പാപം ചെയ്തതിൽനിന്ന് രക്ഷപ്പെടണ്ടേ? ആറാം നൂറ്റാണ്ടിൽ പോപ്പും 13-ാം നൂറ്റാണ്ടിൽ തോമസ് അക്വിനാസും കഠിനമായി ഓർമപ്പെടുത്തിയിട്ടുണ്ട്, പാപം ചെയ്താലുള്ള ശിക്ഷകളെക്കുറിച്ച്. സ്വർഗ്ഗം ലഭിക്കാതെ നരകത്തിൽ കഷ്ടപ്പെടേണ്ടിവരുന്നതൊക്കെ സ്വതവേ പാപം ചെയ്യാനുള്ള താൽപ്പര്യം ഉൾച്ചേർന്ന മനുഷ്യരെ കൂടുതൽ കഷ്ടത്തിലാക്കുകയാണ്.

എന്നാൽ ഗൈ ലെഷ്സൈനെർ (Guy Leschziner) ‘Seven Deadly Sins’ എന്ന പുതിയ പുസ്തകത്തിലൂടെ പാപികൾക്ക് സാന്ത്വനവുമായി വരികയാണ്. പല മഹാപാപങ്ങളും തലച്ചോറിന്റെ ചില അപാകതകളാൽ വന്നു ഭവിക്കുന്നതാണത്രെ. നമ്മുടെ തലച്ചോറിൽ ഇതൊക്കെ ‘ഹാർഡ് വയർ’ ചെയ്തിരിക്കയാണെങ്കിൽ ഇതൊക്കെ എങ്ങനെ പാപങ്ങളാകും? പാപവിമോചനം എങ്ങനെ സാധ്യമാകും? അല്ലെങ്കിൽ ചികിത്സ കൊണ്ട് ഈ പാപങ്ങൾ കഴുകിക്കളയാമെങ്കിൽ നരകം /സ്വർഗ്ഗം എന്നതിന് എന്ത് സാംഗത്യം?

“എന്തിനാൽ പ്രേരിതനായിട്ടാണ്, ഈ പുരുഷൻ പാപം ചെയ്യുവാൻ ഇച്ഛിയ്ക്കുന്നില്ലെങ്കിലും ബലമായി നിയോഗിക്കപ്പെട്ടവനെപ്പോലെ പാപം ചെയ്യുന്നത്” എന്ന് ഭഗവദ് ഗീതയിൽ അർജ്ജുനൻ ചോദിയ്ക്കുന്നതിന് കൃഷ്ണൻ മറുപടി പറയുന്നത്, “എപ്രകാരമാണോ പുകയാൽ അഗ്നി ആവരണം ചെയ്യപ്പെടുന്നത്, അഴുക്കിനാൽ കണ്ണാടിയും, എപ്രകാരമാണോ ഗർഭാവരണത്താൽ ഗർഭം ആവൃതമായിരിക്കുന്നത്, അതേപ്രകാരം അതിനാൽ ഇത് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു” എന്നാണ്. പാപം നമ്മോടൊപ്പം എന്നും വസിക്കുന്നതാണോ? പാപം എന്നത് നിർവ്വചിക്കപ്പെടേണ്ടത് ന്യൂറോ ശാസ്ത്രജ്ഞരുടെ അനുജ്ഞയോടെ ആയിരിക്കണം എന്നാണത്രേ ആധുനിക അഭിമതം.

ഗൈ ലെഷ്സൈനെർ (Guy Leschziner) എഴുതിയ പുതിയ പുസ്തകം ‘Seven Deadly Sins’.
ഗൈ ലെഷ്സൈനെർ (Guy Leschziner) എഴുതിയ പുതിയ പുസ്തകം ‘Seven Deadly Sins’.

സ്വാരസ്യം കലർത്തിയാണ് പുതിയ പുസ്തകത്തിൽ ലെഷ്സൈനെർ ഈ സന്ദിഗ്ധാവസ്ഥയെ കൈകാര്യം ചെയ്യുന്നത്. അതിഗഹനമായ ന്യൂറോ സയൻസ് നർമ്മോക്തികളിൽ ചാലിച്ചാണ് വായനക്കാർക്കുമുമ്പാകെ അത് അവതരിപ്പിക്കുന്നത്. ആദ്യ പകുതിയിൽ വ്യക്തികളുടെ ന്യൂറോളജിപരമായ മാറ്റങ്ങളും ക്ഷതികളും എങ്ങനെ പെരുമാറ്റങ്ങളുമായി, പ്രത്യേകിച്ച് കാമം, ക്രോധം, ലോഭം ഇത്യാദികളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് വ്യക്തമാക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ആർജ്ജിച്ചെടുക്കപ്പെട്ട ന്യൂറോ സയൻസ് ഗവേഷണഫലങ്ങൾ ഉൾച്ചേർത്താണ് ഈ പരിചിന്തനങ്ങൾ.

നമുക്ക് ഒരു തീരുമാനവും സ്വതന്ത്രമായി (Free will) എടുക്കാൻ സാധിക്കില്ല എന്നാണ് ആധുനിക ശാസ്ത്രം തെളിയിക്കാൻ ശ്രമിക്കുന്നത്. ഫ്രീ വിൽ ഇല്ലെന്നതിന് എതിർവാദങ്ങളും നിലവിലുണ്ട്.

ബൈബിൾ പ്രകാരം കഠിനമായ മടി (Sloth) ഏഴുപാപങ്ങളിലൊന്നാണ്. സൽക്കർമങ്ങൾ ചെയ്യാത്തതുമൂലം ദൈവനിഷേധവുമാണ്. ഒന്നിലും താൽപര്യമില്ലാതിരിക്കുക, അവരവരോടുതന്നെ അവമതിപ്പ് തോന്നുക, സ്വന്തം ഉത്തരവാദിത്തങ്ങൾ മറന്നുപോകുക- ഒക്കെ ലക്ഷണങ്ങളിൽ ഉൾപ്പെടും. ദൈവനിഷേധമായതിനാൽ മഹാപാപവുമാണ്. ലെഷ് സൈനർ ഈ അവസ്ഥയുടേ ന്യൂറോ സയൻസ് കൃത്യമായി വിവരിക്കുന്നുണ്ട്. പശുക്കളെ വളർത്തുന്ന ഫാമുള്ള ബെക്കിയുടെ അച്ഛന് ഹണ്ടിങ്ങ്ടൺ അസുഖം ഉണ്ടായിരുന്നു, താമസിയാതെ ബെക്കിയും ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. ഒന്നിലും താൽപര്യമില്ലാതെ വികാരരഹിതമായി സ്വന്തം കുട്ടികളോട് പെരുമാറിത്തുടങ്ങി, പിന്നീട് കുട്ടികളെ സഹായിക്കാത്ത ബെക്കി ഒരു അമ്മയായി മാറി. വെറുതേ ശൂന്യതയിൽ നോക്കിയിരിപ്പായി. Sloth-ന്റെ കൃത്യലക്ഷണം. ഒരു നിശ്ചിത പ്രോട്ടീനിന് മ്യൂട്ടേഷൻ സംഭവിക്കയാൽ തലച്ചോറിലെ ന്യൂറോണുകൾ മൃതിയടയുന്നതാണ് ഈ അസുഖത്തിനു വഴിവെയ്ക്കുന്നത്. പാപം ചെയ്യുന്നതിന്റെ ന്യൂറോളജി അപഭ്രംശകാരണങ്ങൾ.

ക്രോധം എന്ന പാപത്തിൻ്റേയും പിറകിലുള്ള ന്യൂറോളജി വിവരിക്കുന്നുണ്ട് ലെഷ് സൈനെർ. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ പാർശ്വഫലമായുണ്ടാകുന്ന ദേഷ്യം അദ്ദേഹം പരാമർശിക്കുന്നു. എപിലെപ്സി ഉള്ള ഒരാൾക്ക് ചുഴലിദെണ്ണം വരുന്ന സമയത്ത് നിയന്ത്രിക്കാനാവാത്ത കോപം വരുന്ന ഒരു രോഗിയുടെ വിവരണം പുസ്തകത്തിലുണ്ട്. തലച്ചോറിന്റെ ഉള്ളിന്റെ ഉള്ളിലെ അമിഗ്ദല എന്ന ന്യൂറോൺ കേന്ദ്രത്തിലെ MAOA എന്ന ജീനിന്റെ അപഭ്രംശങ്ങളാണ് ഈ അക്രമാസക്തിയ്ക്ക് കാരണം. ദൈവത്തിനോട് ചെയ്യുന്ന നിന്ദ ഒന്നുമല്ല. ജെനറ്റിക്സും നിയമവ്യസ്ഥയുമായുള്ള അതിർ വരമ്പുകൾ അവ്യക്തതയിയന്നതും ഇരുണ്ടതും ആയിത്തീരുകയാണ്.

അസൂയ എന്നതും രോഗപരമായി നിർവചിക്കാൻ സാദ്ധ്യതയുള്ളതായി ലേഖകൻ സ്ഥാപിച്ചെടുക്കുന്നുണ്ട്. മാനസികപ്രശ്നങ്ങൾ ഈ സ്വഭാവത്തിനു പിന്നിലുണ്ടാകാമത്രെ. ആധുനിക സ്കാനിങ്ങ് വിദ്യകൾ (Functional MRI) തലച്ചോറിന്റെ ഏറ്റവും ഉള്ളിലെ ഇടങ്ങളിൽ വരുന്ന ഉണർവ്വ് രേഖപ്പെടുത്തിയിട്ടുള്ള പരീക്ഷണങ്ങൾ ലെഷ് സൈനെർ പരാമർശിച്ചിട്ടുണ്ട്. പെട്ടെന്ന് അസൂയാലുവായി മാറിയ ഒരു സ്ത്രീയുടെ കഥ വിവരിക്കുന്നുണ്ട്. അവരുടെ തലച്ചോറിലെ ഒരു ട്യൂമർ ആയിരുന്നു ഈ സ്വഭാവമാറ്റത്തിൻെറ അടിസ്ഥാനം.

ആധുനിക സ്കാനിങ്ങ് വിദ്യകൾ (Functional MRI) തലച്ചോറിന്റെ ഏറ്റവും ഉള്ളിലെ ഇടങ്ങളിൽ വരുന്ന ഉണർവ്വ് രേഖപ്പെടുത്തിയിട്ടുള്ള പരീക്ഷണങ്ങൾ ലെഷ് സൈനെർ പരാമർശിച്ചിട്ടുണ്ട്.
ആധുനിക സ്കാനിങ്ങ് വിദ്യകൾ (Functional MRI) തലച്ചോറിന്റെ ഏറ്റവും ഉള്ളിലെ ഇടങ്ങളിൽ വരുന്ന ഉണർവ്വ് രേഖപ്പെടുത്തിയിട്ടുള്ള പരീക്ഷണങ്ങൾ ലെഷ് സൈനെർ പരാമർശിച്ചിട്ടുണ്ട്.

അമിത കാമാസക്തി എന്ന നിസ്സഹായാവസ്ഥ

രണ്ടാം ലോകമഹായുദ്ധത്തിൽ നെറ്റിയിൽ വെടിയേറ്റ ഒരു പട്ടാളക്കാരന്റെ കഥ ലെഷ് സൈനെർ വിവരിക്കുന്നുണ്ട്. തലച്ചോറിന്റെ മുൻഭാഗത്താണ് ക്ഷതമേറ്റത്. തീവ്രമായ കാമാസക്തിയുമായാണ് അയാൾ വീട്ടിലെത്തിയത്. മറ്റൊരാളാകട്ടെ, സ്വന്തം കാമേന്ദ്രിയങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്ന സ്വഭാവവുമുള്ളയാളാണ് (നമ്മുടെ ഒരു പ്രസിദ്ധ നടന് ഈ അസുഖമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പട്ടത് ഓർക്കുക). നെറ്റിയ്ക്കു പിറകിലുള്ള തലച്ചോറിൻ്റേ ഭാഗമായ ഫ്രൊണ്ടൽ കോർടെക്സിൽ (Frontal Cortex) കാമാസക്തിയെ നിയന്ത്രിക്കുന്ന ഭാഗങ്ങളുണ്ട്. ഇവിടം നിയന്ത്രണാതീതമാകുന്നതാണ് ഈ പ്രതിഭാസത്തിനുപിന്നിൽ. ഡോപമീൻ എന്ന ന്യൂറോ സംവേദനവസ്തുവാൽ ഉത്തേജിതരാകുന്ന ന്യൂറോൺ വലയങ്ങളാണ് ഈ അനുഭവം പ്രദാനം ചെയ്യുന്നത്. പാർകിൻസൻ അസുഖം വരുന്നവർക്ക് ഈ ഡോപമീൻ അളവ് കൂട്ടാനുള്ള മരുന്ന് നൽകുമ്പോൾ അവരിൽ ചിലർക്ക് അധികമായ കാമാസക്തി ഉളവാകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സൈക്കോസിസ് രോഗികൾക്ക് ഡോപമീൻ അളവ് കുറയ്ക്കാനുള്ള മരുന്ന് നൽകുമ്പോൾ അവരുടെ ലൈംഗികതാൽപ്പര്യങ്ങൾ ഗണ്യമായി കുറയുന്നുണ്ട്.

നമ്മുടെ പ്രവർത്തികൾക്ക് മേൽ നമുക്ക് പൂർണ്ണനിയന്ത്രണം ഉണ്ടോ? ലെഷ് സൈനെർ ചോദിക്കുന്നു. മറുപടിയുമുണ്ട്; “നമ്മുടെ ഉത്തരവാദിത്തം ഏകദേശം പകുതിയേ ഉള്ളൂ”.

സ്വതന്ത്ര തീരുമാനം,
ജെനറ്റിക്സ്, പാപം

മേൽപറഞ്ഞ മൂന്ന് കാര്യങ്ങളെ ബന്ധിപ്പിക്കുന്ന പര്യാലോചനകൾ ആഴത്തിൽ തറപ്പിച്ചെടുക്കുന്ന ആഖ്യാനമാണ് ഈ പുസ്തകത്തിലുള്ളത്. നമുക്ക് ഒരു തീരുമാനവും സ്വതന്ത്രമായി (Free will) എടുക്കാൻ സാധിക്കില്ല എന്നാണ് ആധുനിക ശാസ്ത്രം തെളിയിക്കാൻ ശ്രമിക്കുന്നത്. ഒരു തീരുമാനം എടുക്കുന്നതിനു തൊട്ട് മുമ്പുതന്നെ, കുറച്ച് മില്ലിസെക്കൻ്റുകൾക്ക് മുൻപ് ന്യൂറോണുകളുടെ ചില വിന്യാസങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഫ്രീ വിൽ ഇല്ലെന്നതിന് എതിർവാദങ്ങളും നിലവിലുണ്ട്. നമ്മുടെ പെരുമാറ്റം നേരത്തെ തീരുമാനിക്കപ്പെടുകയാണെങ്കിൽ അതിൽ എത്രമാത്രം ഉത്തരവാദിത്തം നമുക്കുണ്ട്? ചോദ്യം നിർണായകമാണ്. ലെഷ് സൈനെർ ഈ ചോദ്യം പുസ്തകത്തിൽ കൃത്യമായി ചോദിക്കുന്നുണ്ട്. തീരുമാനമെടുക്കുന്നതിനു മുൻപ് ന്യൂറോണുകളിൽ കാണപ്പെടുന്ന വിജൃംഭനം പരീക്ഷണത്തിലെ ഒരു തെറ്റ് ആയിരിക്കാനും സാദ്ധ്യതയുണ്ട് എന്ന വാദത്തെ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു എന്ന് ലേഖകൻ വാദിക്കുന്നു. പക്ഷേ അദ്ദേഹം ഈ പുസ്തകം എഴുതാൻ വേണ്ടി നിരീക്ഷിച്ചതോ ഇന്റർവ്യൂ ചെയ്തവരോ ആയവരിൽ നിന്ന് അദ്ദേഹത്തിനു കിട്ടിയ പാഠം, മിക്കവരുടേയും ഫ്രീ വിൽ ന്യൂനതരമാക്കപ്പെട്ടിട്ടുണ്ട് എന്നാണ്. പെരുമാറ്റങ്ങളേയും സ്വഭാവങ്ങളേയും സ്വാധീനിക്കുന്ന പല ഘടകങ്ങളേയും അദ്ദേഹം ആഴത്തിൽ വിശകലനം ചെയ്യുന്നുണ്ട്. ജെനെറ്റിക്സ് ഒരു പ്രധാന സ്വാധീനമാണ്. വളർന്നു വരുമ്പോഴുണ്ടായിരുന്ന സാഹചര്യങ്ങൾ, മരുന്നുകൾ, തലച്ചോറിനു സംഭവിക്കുന്ന ആഘാതങ്ങൾ, ന്യൂറോ സംബന്ധിയായ അസുഖങ്ങൾ ഇവയൊക്കെയാണ് മറ്റുള്ളവ. നമ്മുടെ പ്രവർത്തികൾക്ക് മേൽ നമുക്ക് പൂർണ്ണനിയന്ത്രണം ഉണ്ടോ? അദ്ദേഹം ചോദിക്കുന്നു. മറുപടിയുമുണ്ട്; “നമ്മുടെ ഉത്തരവാദിത്തം ഏകദേശം പകുതിയേ ഉള്ളൂ”.

ക്രോധത്തിന്റെയോ അസൂയയുടേയോ ലോഭത്തിൻ്റേയോ ഒക്കെ പിന്നിൽ അനുഭവപരമായി പ്രാഥമികവും ഏറ്റവും അടിസ്ഥാനപരവുമായ ആവശ്യങ്ങളും മോഹങ്ങളും ദേഷ്യവും അസന്തുഷ്ടിയുമൊക്കെയാണ്. ഇവയെല്ലാം ഏറ്റവും പുരാതനമായതും അതിജീവനത്തിനും ജീവിതമൽസരങ്ങൾക്കും ആവശ്യവുമായ പെരുമാറ്റവിശേഷങ്ങളിൽ നിന്നും ഉടലെടുത്തവയാണ്. അതാവട്ടെ, ആലങ്കാരികവും വസ്തുനിഷ്ഠാപരവുമായ, തലച്ചോറിന്റെ ഉള്ളിന്റെ ഉള്ളിലെ ഇടങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടവയുമാണ്. ഈ തലച്ചോറിടങ്ങളാവട്ടെ ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നത് വികാരപരതയുമായും ജൈവികസംചാലകശക്തികളായ ആഹ്ളാദ സുഖങ്ങൾ, വിശപ്പ്, ദാഹം എന്നിവയൊക്കെയുമായാണ്. അവ ഏറ്റവും പ്രാചീനവുമാണ്. തലച്ചോറ് പരിണമിച്ചുവന്നപ്പോഴേ പ്രതിഷ്ഠിക്കപ്പെട്ടവയുമാണ്. ഉരഗങ്ങളിൽ തുടങ്ങി ആദ്യകാല സസ്തനികളിൽ രൂപാന്തരം പ്രാപിച്ച് മനുഷ്യരിൽ സങ്കീർണ്ണമായി പരിണമിച്ച നിസ്തുലസങ്കേതങ്ങൾ. ‘ഈ പാപങ്ങൾ’ സന്തുലനം ചെയ്യപ്പെടുന്നത് അവയെ അടക്കിനിർത്താനുള്ള കഴിവുകളാലാണ്, കാര്യകാരണസഹിതം വസ്തുനിഷ്ഠമായി തീരുമാനങ്ങളിൽ എത്താനും യുക്തിയുക്താനുസാരിയായി ചിന്തിച്ചെടുക്കാനും അതു വഴി സംയമനം കൈക്കൊള്ളുന്നതിലൂടെയുമാണ്.

ഡോ: ഗൈ ലെഷ്‌സൈനർ
ഡോ: ഗൈ ലെഷ്‌സൈനർ

ഇങ്ങനെ, മറ്റ് ‘പാപ’ങ്ങളെപ്പോലെ, നിയന്ത്രണാധീനമല്ലാതാകുമ്പോൾ അത്യാവശ്യമായ ഒരു പെരുമാറ്റസാകല്യം നമുക്ക് സ്വസ്ഥത നൽകേണ്ടതിനുപകരം ഒരു മൂർദ്ധന്യാവസ്ഥയിലെത്തി, നമ്മുടേയും നമുക്ക് ചുറ്റുപാടുമുള്ളവരുടേയും സ്വാസ്ഥ്യവും ആരോഗ്യവും നഷ്ടത്തിലാക്കുകയാണ്. തലച്ചോറിന്റെ അവ്യവസ്ഥകൾ ശിഥിലമാക്കുന്നത് നമ്മുടെ സഹജവാസനകളും സദ്ഗുണ /ധർമ്മപരനിഷ്ഠകളും തമ്മിലുള്ള ലോലമായ സംതുലിതാവസ്ഥയെയാണ്. അപ്പോൾ മനുഷ്യഗുണത്തിന് അടിസ്ഥാനമായ സാധാരണ വികാരപരത (അത് വ്യക്തിപരമായും സമൂഹപരമായും ഉന്നമനത്തിനു ആധാരമായതാണ്) ഭ്രാന്തൻ വഴിയിലേക്ക് സ്ഥാനാന്തരണം ചെയ്യപ്പെടുകയാണ്, ഡോ. ലെഷ് സൈനർ തീർത്തുപറയുന്നു.

ഈ പുസ്തകം വേദാന്തപരമായ താത്വിക അവലോകനത്തിനും വഴിവെയ്ക്കുന്നുണ്ട്. പല സ്വാഭാവങ്ങളും മേൽച്ചൊന്ന സ്വാധീനങ്ങളാൽ വന്നു ഭവിക്കുന്നവയാണെങ്കിൽ ഇവയൊക്കെ എങ്ങനെ പാപമാകും? ദൈവവിരോധമാകും? പാപം എന്ന് നിർവ്വചിക്കപ്പെട്ടവ തലച്ചോറിന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ടവയാണെങ്കിൽ അവ സ്വഭാവവൈകൃതം എന്ന് വിളിക്കപ്പെടണോ? Seven Deadly Sins എന്ന് പുസ്തകത്തിനു പേരിട്ടതുതന്നെ ഈ ഐറണിയെ പ്രഘോഷിക്കാനാണ്. ‘മനുഷ്യനായിരിക്കുന്നതിന്റെ ബയോളജി’ എന്ന വിവരണവും പുസ്തകത്തിന്റെ പേരിനോടൊപ്പമുണ്ട്. മഹാപാപങ്ങൾ മനുഷ്യരായിരിക്കുന്നതിന്റെ അടയാളങ്ങൾ മാത്രമാണത്രേ.


Summary: Ethiran Kathiravan writes about his favorite book in 2024 Seven Deadly Sins, The Biology of Being Human written by renowned neurologist Guy Leschziner.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments