നാലു വയസ്സിലാണ് എന്നെ എഴുത്തിനിരുത്തിയത്. അന്നേക്ക് അച്ഛന്‍ മരിച്ചിരുന്നു. അപ്ഫനാണ് എന്നെ എഴുതിച്ചത്. സരസ്വതി, ഗണപതി, വേദവ്യാസന്‍ എന്നിവര്‍ക്ക് ഒരു പൂജ; പിന്നെ ഒരു നമ്പൂതിരിക്ക് ഒരു ദാനം; സ്വര്‍ണമോതിരംകൊണ്ട് അപ്ഫന്‍ എന്റെ നാവില്‍ എഴുതി; ഹരിശ്രീ ഗണപതയേ നമഃ. അതിനുശേഷം ഉരുളിയിലെ അരിയില്‍ എന്റെ വിരല്‍ പിടിച്ച് എഴുതിച്ചു. ആ അരികൊണ്ടു വച്ച ചോറായിരുന്നു പിന്നെ നാലുദിവസം ഞാന്‍ ഉണ്ടത്.
പിറ്റേദിവസംതന്നെ എന്നെ എഴുത്തു പഠിപ്പിക്കാനുള്ള ബ്രാഹ്ണിയമ്മ വന്നുചേര്‍ന്നു. അവരെ വിളിച്ചുവരുത്തേണ്ട ആവശ്യമില്ല. മനയ്ക്കല്‍ കുട്ടിയെയോ ഉണ്ണിയെയോ എഴുത്തിനിരുത്തി എന്ന് അറിഞ്ഞാല്‍ പിറ്റേന്നു മുതല്‍ അവര്‍ വന്നുകൊളളും. ഒരു കുടുക്ക നിറച്ചു മണലുമായാണ് അവര്‍ വരിക. കുറ്റിപ്പുറത്തെ പാപ്പി എന്നാണ് അവരുടെ പേര്. അന്ന് അവര്‍ക്ക് അന്‍പത്തഞ്ചു വയസ്സായിക്കാണും. ഇല്ലത്തെ 'എഴുത്തുകാരി'യായിരുന്നു അവര്‍. ഇല്ലത്ത് എല്ലാവരെയും എഴുത്തു പഠിപ്പിച്ചത് പാപ്പി ബ്രാഹ്മണിയമ്മയായിരുന്നു.
മൂക്കോല അമ്പലത്തിലെ കഴകക്കാരികൂടിയായിരുന്നു എന്റെ ഗുരുനാഥ. അമ്പലത്തിലെ ജോലികഴിഞ്ഞു പത്തുമണിയോടെ അവര്‍ എത്തും. വടക്കേ അറയിലിരുന്നാണു പഠനം. കുടുക്കയിലെ മണല്‍ നിലത്തു വിരിക്കും. എന്നെ അടുത്തിരുത്തി വിരല്‍പിടിച്ചു മണലില്‍ എഴുതിക്കും. ഓരോ അക്ഷരവും ഉറക്കെ പറഞ്ഞും എന്നെക്കൊണ്ടു പറയിപ്പിച്ചുമാണ് എഴുതിക്കുന്നത്. പിഴച്ചാല്‍ വിരല്‍ ശക്തിയില്‍ അമര്‍ത്തി എഴുതിക്കും. വിരല്‍ത്തുമ്പ് വേദനകൊണ്ടു ചുരുങ്ങും. ആ പേടികൊണ്ടു നന്നായി ശ്രദ്ധിച്ചാണ് എഴുത്ത്. ഉച്ചവരെയാണു പഠനം. രണ്ടു മാസം കഴിഞ്ഞപ്പോഴേക്ക് എനിക്ക് അക്ഷരങ്ങള്‍ എല്ലാം വശമായി.
വായിക്കാന്‍ പഠിക്കലാണ് ഇനിയുള്ള ഘട്ടം. എന്റെ ഒപ്പം വല്യമ്മയുടെ മകനായ ഏട്ടന്റെ മകളും ഉണ്ടായിരുന്നു. ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ചിരുത്തിയാണ് വായന ശീലിപ്പിച്ചത്. രാമായണമാണ് വായിച്ചു ശീലിപ്പിക്കുക. രാമായണ പുസ്തകം ഇല്ലത്തുണ്ട്. ഞങ്ങള്‍ ക്കു രണ്ടുപേര്‍ക്കും കാണാവുന്ന വിധം പുസ്തകം മുന്നില്‍ മലര്‍ത്തിവയ്ക്കും. അതുനോക്കി ബ്രാഹ്മണിയമ്മ വരികള്‍ നീട്ടിച്ചൊല്ലും. രണ്ടുമാസം രാമായണം വായിച്ചു. അപ്പോഴേക്കും മൂന്ന് ആവര്‍ത്തി രാമായണവായന പൂര്‍ത്തിയായിരുന്നു.
എഴുത്തിനിരുത്തല്‍, അക്ഷരം എഴുതാന്‍ പഠിക്കല്‍, രാമായണം കൂട്ടിവായിക്കല്‍- ഇതോടെ അവസാനിക്കുന്നു പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം.
ആറുമാസംകൊണ്ടു പഠിപ്പു മുഴുമിപ്പിച്ച ഞങ്ങള്‍ ഗുരുനാഥയ്ക്കു ദക്ഷിണ കൊടുത്തു. രണ്ടു മുറിശ്ശീലയും പത്തുറുപ്പികയുമായിരുന്നു ഗുരുദക്ഷിണ.
കുറച്ചുകൂടി പ്രായമാവുമ്പോള്‍ പെണ്‍കുട്ടികള്‍ കൈകൊട്ടിക്കളി പഠിക്കണമെന്നുണ്ട്. എട്ടു വയസ്സിലാണ് എന്നെ കൈകൊട്ടിക്കളി പഠിപ്പിക്കാനായി തൃപ്രങ്ങോട്ട് അമ്പലത്തിനടുത്തുള്ള അമ്മാളുഅമ്മ എന്ന നായര്‍ സ്ത്രീ ഇല്ലത്തു താമസമാക്കിയത്. നാലുറുപ്പികയാണ് ശമ്പളം. കവിയായ പി.സി. വാസുദേവനിളയതിന്റെ കുടുംബമായ പെട്ടരഴിയത്തെ ഒരു മര്വോളമ്മയാണ് എന്റെ ഏടത്തിമാരെയൊക്കെ കൈകൊട്ടിക്കളി പഠിപ്പിച്ചത്. അവരെ കിട്ടാഞ്ഞിട്ടാണ് അമ്മാളുഅമ്മയെ കൊണ്ടുവന്നു താമസിപ്പിച്ചത്. ഒന്നരവര്‍ഷത്തോളം ഞങ്ങള്‍ കൈ കൊട്ടിക്കളി പഠിച്ചു. രാവിലെ മുതല്‍ ഉച്ചവരെയാണ് ഒന്നാംഘട്ടം. പാട്ടുകള്‍ പാടി ശീലിക്കയാണ് അപ്പോള്‍ ചെയ്യുക. ഉച്ചയ്ക്കുശേഷം അതേ പാട്ടുകള്‍ പാടി ചുവടുവച്ചുകളിക്കാന്‍ പഠിക്കും. ഞങ്ങള്‍ രണ്ടുപേര്‍ മാത്രമായിരുന്നു വിദ്യാര്‍ത്ഥികള്‍. അതുകൊണ്ടു കളിക്കാന്‍ എണ്ണം തികയ്ക്കാനായി ഇരിക്കണമ്മമാരുടെ മക്കളെയും കൂട്ടും.
രാമായണം വായന കഴിഞ്ഞു കുറച്ചുമാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും പഠിച്ച അക്ഷരങ്ങള്‍ ഒന്നൊന്നായി മറക്കാനും തുടങ്ങി. പലതരം കളികളിലായി എനിക്കു കമ്പം. അമ്പലത്തിലാണു കളി. ഏഴു വയസ്സായതോടെ ഞങ്ങള്‍ വാലിയക്കാരികള്‍ ഇല്ലാതെയാണു കാവില്‍ പോവുക. തൊഴുതുകഴിഞ്ഞാല്‍ ഉടനെ മടങ്ങുകയില്ല. മേലേക്കാവിലെ മതിലകത്തു മുഴുവന്‍ കാടാണ്. കാടിനുള്ളില്‍ നല്ല പുല്ലുവിരിച്ച ഒരു ചെറുമൈതാനമുണ്ട്. ഞാന്ന വള്ളികളുടെ ഈഞ്ഞാലുമുണ്ട്. അടുത്തുള്ള ഇല്ലങ്ങളില്‍ നിന്നുള്ള സമപ്രായക്കാരായ കുട്ടികളുമുണ്ടാവും. രാവിലത്തെ തേവാരത്തിന്റെയും നേദിക്കലിന്റെയും തിരക്കില്‍ ഇല്ലത്ത് ആരും ഞങ്ങളെ അന്വേഷിക്കുകയുമില്ല. ഇഷ്?ടംപോലെ കളിച്ചു വയറു വിശന്നാലേ ഇല്ലത്തേക്കു മടങ്ങുകയുള്ളൂ.
ഒമ്പതുവയസ്സില്‍ ഞാന്‍ ഉടുത്തുതുടങ്ങി. കോണകം മാറ്റി ശീല ഉടുത്തുതുടങ്ങലാണ്. നല്ല ദിവസം നോക്കിവേണം അതുചെയ്യാന്‍. എനിക്ക് ഒമ്പതുവയസ്സായപ്പോള്‍ അമ്മയും അമ്മായിയുംകൂടി പഞ്ചാംഗം നോക്കി ഉടുത്തുതുടങ്ങാനുള്ള ദിവസം നിശ്ചയിച്ചു. സാധാരണ ഒരു പെണ്‍കിടാവ് ഉടുത്തുതുടങ്ങാന്‍ ദിവസം നോക്കിക്കഴിഞ്ഞാല്‍ 'കുട്ടിക്കാവിനെ നാളെ ഉടാട ചാര്‍ത്തിക്കയാണ്' എന്ന് ഇരിക്കണമ്മ കാര്യസ്ഥനെ അറിയിക്കും. തുടര്‍ന്ന് വരിക്കപ്ലാവിന്റെ തടിയില്‍ പണിത് പിച്ചള കെട്ടിച്ച നല്ല വല്യ പെട്ടി വൈകുന്നേരമാകുമ്പോഴേക്കും കാര്യസ്ഥന്‍മാര്‍ പിടിച്ച് തെക്കിനിയില്‍ കൊണ്ടുവന്നുവയ്ക്കും. എന്റെ കാര്യത്തിലും അതുണ്ടായി. എന്നാല്‍ എനിക്കുവേണ്ടി തെക്കിനിയിലെത്തിയ പെട്ടി ഏടത്തിമാരുടേതുപോലെ ഗംഭീരമായിരുന്നില്ല. അച്ഛന്റെ മരണശേഷം ആര്‍ഭാടങ്ങള്‍ക്കെല്ലാം കുറവു വന്നിരുന്നു.
പെട്ടിയുടെ അടിയില്‍ നാഴികുരുമുളകും രണ്ടുറുപ്പികയുടെ ചില്ലറയും നിരത്തിയതിനുമുകളിലായി പത്തുമുറിശീലയും (20 മുണ്ട്) നാലുതോര്‍ത്തുമുണ്ടുമുണ്ടായിരുന്നു. എന്റെ ജീവിതകാലം മുഴുവന്‍ സ്വന്തവും സ്വകാര്യവുമായ ജംഗമങ്ങള്‍ കരുതിവയ്ക്കാന്‍ ഞാന്‍ ഉപയോഗിക്കേണ്ട പെട്ടിയാണത്. ഒരു നമ്പൂതിരി സ്ത്രീക്ക് സ്വന്തം എന്നു കരുതുവാനുള്ള ഒരേ ഒരു സമ്പാദ്യവും ഇതുമാത്രമാണ്. വിവാഹശേഷം ഈ പെട്ടി വരന്റെ വീട്ടിലേക്ക് കൊണ്ടുപോകും. വിവാഹഘോഷയാത്രയുടെ ഏറ്റവും മുമ്പിലായാണ് പെട്ടി ചുമക്കുന്ന വാല്യക്കാരന്‍ നടക്കുക. വരന്റെ വീട്ടിലെ തെക്കിനിയില്‍ ഇതുപോലെ അയാള്‍ കൊണ്ടുവന്നു വയ്ക്കും .
നിലവിളക്കുകൊളുത്തിവച്ച് അമ്മയാണ് ഒരു ഇണമുണ്ടുകൊണ്ട് എന്നെ ഉടുപ്പിച്ചത്. 'നല്ലോണം ഉണ്ണാനും ഉടുക്കാനും ഉണ്ടാവണേ, നെടുമംഗല്യം ഉണ്ടാവണേ...' എന്ന് അമ്മ പ്രാര്‍ത്ഥിച്ചു. എന്നോടും അങ്ങനെ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. (അങ്ങനെ ഒരൊറ്റ പ്രാര്‍ത്ഥനയേ നമ്പൂതിരി സമുദായത്തിലെ സ്ത്രീകള്‍ക്ക് അന്നുണ്ടായിരുന്നുള്ളൂ). സ്ത്രീയായി മാറുന്നതിന്റെ ആദ്യപടിയാണ് ഉടുത്തുതുടങ്ങല്‍. ഈ വേഷമാറ്റം എന്റെ ജീവിതചര്യകളില്‍ വലിയമാറ്റംവരുത്തി. ശുദ്ധം മാറുന്ന ശീലയാണ് ദേഹത്ത് എന്നതിനാല്‍ ഉടുത്തു തുടങ്ങിയ കുട്ടി പുറത്തുള്ളവരെ (അന്യസമുദായക്കാരെ) തൊട്ടാല്‍ കുളിക്കണം. അതുകൊണ്ട് അകത്ത് ഏടത്തിമാരുടെ ഇടയിലേക്കു പിന്നീടുള്ള എന്റെ ജീവിതം ക്രമേണ ഒതുങ്ങാന്‍ തുടങ്ങി. കാവില്‍ പോയി തൊഴുതുവരാം. പക്ഷേ, കളിച്ചു നില്‍ക്കരുത്. ഋതുമതിയാകുന്നതുവരെ ആണ്‍കുട്ടികളെ കാണാം. പൂമുഖത്തും പുറത്തും നടക്കാം.
അക്ഷരങ്ങള്‍ പലതും ഞാന്‍ മറക്കാന്‍ തുടങ്ങിയിരുന്നു. ഏടത്തിമാര്‍ക്ക് എന്തെങ്കിലും വായിക്കണമെന്നു കലശലായ മോഹമുണ്ടായിരുന്നു. പക്ഷേ, എന്തു വായിക്കാനാണ്? പകരാവൂര് അന്നു ദിനപത്രം വന്നിരുന്നുവോ എന്നു നിശ്ചയമില്ല. നമ്പൂതിരിമാരുടെ സ്ഥലമായ പത്തായപ്പുരയില്‍ ഒരുപക്ഷേ, ഏതെങ്കിലും പത്രം വന്നിരുന്നിരിക്കാം. അകായിലേക്ക് അതൊന്നും എത്തിയിരുന്നില്ല. പുരാണ കാവ്യങ്ങളാണ് അകത്തുള്ള ചില പുസ്തകങ്ങള്‍. അമ്മയുടെ കൈയില്‍ ശിവപുരാണം, ഭാഗവതം, ഭാരതം, രാമായണം എന്നിവയുണ്ടായിരുന്നു. വലിയേടത്തിക്കു പുരാണഗ്രന്ഥങ്ങളോടു വല്യ താല്‍പര്യമായിരുന്നു. ഉച്ചതിരിഞ്ഞാല്‍ അമ്മ നാലിറയത്തിരുന്ന് ഉറക്കെ ഭാഗവതം വായിക്കും. മറ്റുള്ള അന്തര്‍ജനങ്ങള്‍ അപ്പോള്‍ ചരടുപിടിച്ചു ജപിച്ചുകൊണ്ടിരിക്കയാവും. നെടുംമംഗല്യത്തിനുവേണ്ടിയുള്ള അവസാനിക്കാത്ത പ്രാര്‍ത്ഥനയാണത്. ഈ അന്തരീക്ഷത്തില്‍ പതുക്കെപ്പതുക്കെ പുരാണകഥകളുമായി ഒരു പരിചയം എനിക്കും കൈവന്നു. മറന്നുതുടങ്ങിയ അക്ഷരങ്ങള്‍ വീണ്ടും ഓര്‍മിച്ചെടുത്ത് ആ പുസ്തകങ്ങള്‍ ഞാനും വായിച്ചുതുടങ്ങി.
വലിയേട്ടന്‍ നീലകണ്ഠനു വായനാഭ്രമമുണ്ടായിരുന്നു. ചിത്രേട്ടൻ, വാസ്യേവേട്ടന്‍ എന്നിവര്‍ക്കും അങ്ങനെതന്നെ. പരമേശ്വരേട്ടന്‍ ചെറിയ കുട്ടിയായിരുന്നു. മൂക്കുതലയില്‍ അക്കാലത്ത് ഒരു ചെറിയ വായനാശാല എങ്ങനെയോ തുടങ്ങിയിരുന്നു. ആരായിരുന്നു അതിന്റെ ശ്രമക്കാര്‍ നിശ്ചയമില്ല. കവിതകളാണു വായനശാലയില്‍ അധികവും. കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ എന്നിവരുടെ മിക്ക കൃതികളും ആ വായനശാലയിലുണ്ടായിരുന്നു. പിന്നെ ബംഗാളി ഭാഷയില്‍ നിന്ന് വിവര്‍ത്തനം ചെയ്ത ചില നോവലുകളും. ഉപനയനമോ സമാവര്‍ത്തനമോ കഴിഞ്ഞിരിക്കുന്നവരായിരുന്നു ഈ ജ്യേഷ്ഠന്മാര്‍. സ്കൂളിലൊന്നും പോയിട്ടില്ല. വായിക്കാനുള്ള ആഗ്രഹം എങ്ങനെയാണ് അവരിലുണ്ടായത് എന്നറിയില്ല. വൈകുന്നേരം അവര്‍ പുറത്തിറങ്ങും. മൂക്കുതലക്ഷേത്രത്തിന്റെ തെക്കേഭാഗത്തു കൂടല്ലൂര്‍മഠം എന്നൊരു കെട്ടിടമുണ്ട്. കൂടല്ലൂര്‍ നമ്പൂതിരിമാര്‍ മൂക്കോല ഭഗവതിയെ തൊഴാന്‍ വരുമ്പോള്‍ അവര്‍ക്കു ഭജിച്ചു താമസിക്കാന്‍ വേണ്ടിയുള്ള താണ് ഈ കെട്ടിടം. അതിലെ വരാന്തയും ഒരു ചെറിയ മുറിയുമാണ് വായനശാല. വായനശാല നടത്താന്‍വേണ്ടി കുടല്ലൂര്‍ നമ്പൂതിരിയോട് അപേക്ഷിക്കുകയും അദ്ദേഹം അത് അനുവദിക്കുകയുമാണ് ഉണ്ടായത്. വൈകുന്നേരം ഒന്നോ രണ്ടോ മണിക്കൂര്‍ അത് തുറന്നിരിക്കും. വളരെ വളരെ ചുരുക്കം ആളുകളേ വായിക്കാന്‍ വരൂ. ആ വായനശാലയിലെ പുസ്തകങ്ങളാണ് ഏട്ടന്മാര്‍ എടുത്തുകൊണ്ടുവരിക. പതുക്കെപ്പതുക്കെ അതീവ രഹസ്യമായി അവര്‍ ആ പുസ്തകങ്ങള്‍ ഞങ്ങള്‍ക്കു കൈമാറാന്‍ തുടങ്ങി.
പത്തായപ്പുരയിലെ വലിയ മുറിയാണ് ഏട്ടന്മാരുടെ വാസസ്ഥലം. അവിടെയാണ് വായനശാലയിലെ പുസ്തകങ്ങള്‍ അവര്‍ സൂക്ഷിക്കുക. സന്ധ്യയ്ക്കുശേഷം കുളിച്ചു സന്ധ്യാവന്ദനത്തിനു വരുമ്പോള്‍ അവര്‍ ഈ പുസ്തകങ്ങള്‍ മുണ്ടിനടിയില്‍ ഒളിപ്പിച്ചുകൊണ്ടുവരും. ഉപനയനം കഴിഞ്ഞവര്‍ക്കു 'ചമത' എന്നൊരു ചടങ്ങുണ്ട്. നിത്യവും സന്ധ്യയ്ക്കു ചമത ഹോമിക്കലാണ് ഈ ചടങ്ങ്. ഞങ്ങള്‍ സഹോദരിമാരുടെ ചുമതലയാണു ചമതയ്ക്കു വട്ടം കൂട്ടല്‍. ചമതയിടാനിരിക്കുന്ന ഏട്ടന്മാര്‍ ആരും കാണാതെ പുസ്തകം പലകയുടെ അടിയിലേക്കു വയ്ക്കും. ഇരുട്ടായിരിക്കും എങ്ങും. ഒരു മാടമ്പിവിളക്കുമാത്രം മുനിഞ്ഞുകത്തുന്നുണ്ടാവും. അതുകൊണ്ട് ആവണിപ്പലകയുടെ അടിയിലേക്കു സൂത്രത്തില്‍ പുസ്തകം വയ്ക്കുന്നത് ആരും കാണുകയില്ല. ചമത കഴിഞ്ഞ് ഏട്ടന്മാര്‍ പോയാല്‍ ഏടത്തിമാര്‍ പലകയ്ക്കടിയിലെ പുസ്തകം ആരും കാണാതെ വടക്കെ അറയിലെ കൂട്ടിലേക്കുമാറ്റും. പെണ്‍കുട്ടികള്‍ പുസ്തകം വായിക്കുന്നത് കുറ്റമാണ്. കൂട്ടില്‍ വച്ച പുസ്തകം കണ്ടുപിടിച്ചാലും ശിക്ഷയുണ്ടാകും. അതുകൊണ്ട് ആരുമില്ലാത്ത സമയത്ത് അറ അടച്ചിരുന്നാണ് ഏടത്തിമാര്‍ പുസ്തകം വായിക്കുക.
ഋതുമതികളായവര്‍ക്കു മാസം തോറും കിട്ടുന്ന മൂന്നു ദിവസത്തെ ഒഴിവ് പുസ്തകവായനയ്ക്കു വളരെ സഹായകമായി. ഈ മൂന്നുദിവസവും ആരെയും തൊടാതെ ഒരു മുറിയില്‍ വേറിട്ട് ഇരിക്കണം. മുറിയില്‍ ആരും വരില്ല. അതുകൊണ്ട് അലട്ടില്ലാതെയും ആരുടെയും കണ്ണില്‍പ്പെടാതെയും വായിക്കാന്‍ സാധിച്ചു. എന്നാല്‍, അതിലും ഒരു ചെറിയ ബുദ്ധിമുട്ടുണ്ടായി. അശുദ്ധിയുടെ ഈ കാലത്ത് ആളുകളെ തൊടാന്‍ പാടില്ലാത്തതുപോലെ പുസ്തകവും തൊടരുത്. ഈ നിയമം ലംഘിച്ചു പുസ്തകം തൊട്ടശുദ്ധമാക്കാന്‍ ഞങ്ങള്‍ക്കു ധൈര്യം ഉണ്ടായില്ല. പണിക്കാരികളുടെ മക്കളിലാരെങ്കിലും ഞങ്ങളുടെ തുണയ്‌ക്കെത്തി. ഒരു കുട്ടി മുന്നിലിരുന്നു പുസ്തകത്തിന്റെ ഓരോ ഏടുകളായി മറിച്ചു തരും. പുസ്തകം തൊടാതെ ഞങ്ങള്‍ വായിക്കും.
എന്റെ വായനയും ഇങ്ങനെയൊക്കെയാണു തുടങ്ങിയത്. ഏടത്തിമാര്‍ ക്ലേശിച്ചു രഹസ്യമായി വായിക്കുന്നതു കാണുക കൗതുകമായി. വലിയേടത്തി പുരാണങ്ങള്‍ വായിക്കും. ചെറിയ ഏടത്തിയായ ഉണിക്കാളിക്കു കവിതകളാണു കൂടുതല്‍ പഥ്യം. കുമാരനാശാന്റെയും ഉള്ളൂരിന്റെയും കവിതകള്‍ ഏടത്തി വെറുതെ വായിക്കുക മാത്രമല്ല; മുഴുവന്‍ ഹൃദിസ്ഥമാക്കുകയും ചെയ്തു. ഇപ്പോള്‍ എണ്‍പത്തിയൊന്നു വയസ്സുള്ള അവര്‍ക്ക് ഇന്നും പല വരികളും ഓര്‍മയുണ്ട്. ഈയിടെ ഒരുനാള്‍ സുഖമില്ലാതെ കിടക്കുന്ന ഏടത്തി എന്നോടു 'കരുണ' ചൊല്ലാന്‍ ആവശ്യപ്പെട്ടു. 'അനുപമ കൃപാനിധി... എന്നു തുടങ്ങുന്ന വരികള്‍ ഒന്നു കേട്ടാല്‍ ഒരു സുഖം തോന്നിയേനെ'- ഏടത്തി പറഞ്ഞു. ഞാന്‍ പുസ്തകം നോക്കി കവിത ചൊല്ലിക്കൊടുത്തു. 'ഉമാകേരളം' മുഴുവനായും ഏടത്തിക്ക് ഇപ്പോഴും തോന്നും.
കവിതകള്‍ മാത്രമല്ല, അപൂര്‍വ്വമായിരുന്ന നോവലുകളും ഏടത്തി വായിച്ചിരുന്നു. 'ദുര്‍ഗേശനന്ദിനി, 'ആനന്ദമഠം' എന്നിങ്ങനെയുള്ള ബംഗാളി നോവല്‍ പരിഭാഷകള്‍ ഏടത്തി വായിക്കുന്നതുകണ്ടിട്ടാണ് എനിക്കു വായനയില്‍ ഭ്രമം തുടങ്ങിയത്.
വല്യേടത്തിക്കു പുരാണംപോലെ ഇഷ്ടമായിരുന്നു സംസ്കൃതവും. സംസ്കൃതം പഠിക്കണമെന്നു കഠിനമായ മോഹവും അവര്‍ ക്കുണ്ടായിരുന്നു. പത്തായപ്പുരയില്‍ അച്ഛന്റെ ഗുരുകുലം നടന്നുപോന്നിരുന്ന സമയമായിരുന്നു അത്. സംസ്കൃത ശ്ലോകങ്ങള്‍ മധുരമായ സ്വരത്തില്‍ അക്ഷരസ്ഫുടതയോടെ ഈണത്തില്‍ ഉയരുന്നതു കേട്ടുകൊണ്ടാണ് ഏടത്തി വളര്‍ന്നത്. തനിക്കും സംസ്കൃതം പഠിക്കണമെന്ന് ഏടത്തി അമ്മയോട് ശാഠ്യം പിടിച്ചു. പെണ്‍കിടാങ്ങള്‍ക്കു സംസ്കൃതം പഠിക്കാന്‍ പാടില്ലെന്ന് അമ്മ പലതവണ പറഞ്ഞുനോക്കിയെങ്കിലും ഏടത്തി ശാഠ്യം വിട്ടില്ല. അമ്മ അച്ഛനോടു പറഞ്ഞ് എങ്ങനെയോ സമ്മതിപ്പിച്ചു. 'കുറച്ചെന്തെങ്കിലും പഠിപ്പിക്കാം' എന്ന് അച്ഛന്‍ സമാധാനിപ്പിച്ചു.
എങ്കിലും പെണ്‍കിടാങ്ങളെ സംസ്കൃതം പഠിപ്പിക്കുവാന്‍ അച്ഛനു ധൈര്യം വന്നില്ല. എന്നാല്‍, അമ്മയ്ക്കു വാക്കുകൊടുക്കുകയും ചെയ്തുപോയി. അതുകൊണ്ട് സ്വല്‍പം ജ്യോതിഷപാഠമാവാമെന്നു നിശ്ചയിച്ചു. ജ്യോതിഷത്തിലെ ബാലപാഠമായ 'നാളക്കം വെക്കല്‍' പഠിപ്പിക്കാമെന്നു തീര്‍ച്ചയാക്കി. പഞ്ചാംഗത്തിന്റെ സഹായം കൂടാതെ നക്ഷത്രവും തിഥിയും നോക്കാറാവും എന്നതിനാല്‍ പെണ്‍കിടാങ്ങള്‍ക്ക് ഈ പഠനം പിന്നീട് ഉപകാരമാവുകയും ചെയ്യുമല്ലോ എന്ന് അച്ഛന്‍ സമാധാനിച്ചിരിക്കണം.
അങ്ങനെ ഏടത്തിയെ ജ്യോതിഷം പഠിപ്പിക്കാനായി അച്ഛന്‍ ഒരു നമ്പീശനെ വരുത്തി. പക്ഷേ, അപ്പോഴേക്കും ഒരപകടം പറ്റി. ഏടത്തി ഋതുമതിയായി. പിന്നെ പെണ്‍കുട്ടികള്‍ക്ക് അന്യപുരുഷന്മാരെ കാണാന്‍ പാടില്ല. എങ്കില്‍പ്പിന്നെ ഗുരുവും ശിഷ്യയും മുഖാമുഖം നോക്കിയിരുന്നു നടത്തേണ്ട ജ്യോതിഷ പഠനം എങ്ങനെ നടക്കും? അച്ഛന്‍ അതിനും ഒരു ഉപായം കണ്ടു.
ഗുരുവും ശിഷ്യയും തൊട്ടടുത്തുള്ള രണ്ടു മുറികളില്‍ പരസ്പരം കാണാതെ ഇരിക്കും. നടുക്കുള്ള വാതില്‍ക്കല്‍ അച്ഛനും ഇരിക്കും. ഗുരുശ്ലോകങ്ങളും പാഠങ്ങളും ഉറക്കെ ചൊല്ലും. അദ്ദേഹത്തെ കാണാതെ ഏട്ത്തി അടുത്ത മുറിയിലിരുന്ന് ഏറ്റുചൊല്ലും. കുറച്ചുമാസങ്ങളോളം ഈ പഠനം തുടര്‍ന്നു. അച്ഛന്‍ പല തിരക്കുകളുള്ള ആളാണ്. ഏടത്തിയുടെ പഠനത്തിനു 'നടുക്കിരിക്കാന്‍' അച്ഛനു സമയം കിട്ടാതായി. ക്രമേണ ഏടത്തിയുടെ പഠനവും നിന്നു.
വല്യേടത്തി പിന്നീടു പഠിച്ചില്ല. ഉണിക്കാളി ഏടത്തിക്ക് സംസ്കൃതത്തിലും കൈകൊട്ടിക്കളിയിലും താല്‍പര്യമുണ്ടായിരുന്നില്ല. വായനയായിരുന്നു അവര്‍ക്കിഷ്ടം. ഞാനും അറിയാതെ വായനയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അക്ഷരം പലതും മറന്നുകഴിഞ്ഞിരുന്ന ഞാന്‍ തപ്പിത്തപ്പിയാണു വായന തുടങ്ങിയത്. കുറെ ദിവസം വേണ്ടിവന്നു വാക്കുകളും വാക്യങ്ങളും സ്വാധീനമാവാന്‍. 1940-'41 കാലമായിരുന്നു. അപ്പോഴേക്കും എസ്.കെ. പൊറ്റെക്കാട്ട്, തകഴി, കേശവദേവ് എന്നിവരുടെ ചില കൃതികള്‍ വായിക്കാന്‍ കിട്ടിയിരുന്നു. എന്നാല്‍, 'പാവങ്ങള്‍' ആയിരുന്നു എന്നെ ഏറ്റവും ആകര്‍ഷിച്ച പുസ്തകം. വല്യേട്ടന്‍ ഒരു 'പാവങ്ങള്‍' പുസ്തകം വിലകൊടുത്തു വാങ്ങുകതന്നെ ചെയ്തിരുന്നു. അതുകൊണ്ടു വായനശാലയെ ആശ്രയിക്കാതെതന്നെ 'പാവങ്ങള്‍' വായിക്കാന്‍ എനിക്കു കഴിഞ്ഞു. ഞാന്‍ ഏറ്റവും തവണ വായിച്ച പുസ്തകവും അതുതന്നെ. വിഷ്ണുവിനും ശിവനും നമസ്കരിക്കുന്ന കൂട്ടത്തില്‍ ഞാന്‍ നിത്യവും രാവിലെ ഡി.യിലെ മെത്രാനും നമസ്കരിക്കുമായിരുന്നു.
ഇന്ദുലേഖയും ഞാന്‍ പലതവണ വായിച്ച നോവലാണ്. സി.വി രാമന്‍പിള്ളയുടെ നോവലുകള്‍ മൂക്കുതല വായനശാലയില്‍ ഇല്ലാതിരുന്നിട്ടാണോ എന്തോ എനിക്കു കിട്ടിയില്ല. കവിതകളോട് അത്ര താല്‍പര്യം തോന്നിയിരുന്നില്ല. ചെറിയേടത്തിയെപ്പോലെ ഞാന്‍ അവ ഹൃദിസ്ഥമാക്കിയതുമില്ല. കഴിഞ്ഞ ദിവസം ഏടത്തി 'അനുപമ കൃപാനിധി' ചൊല്ലാന്‍ ആവശ്യപ്പെട്ടപ്പോള്‍ എനിക്കു പുസ്തകം നോക്കേണ്ടിവന്നു.
ഇല്ലത്തെ അന്തരീക്ഷവും മാറുകയായിരുന്നു. അച്ഛന്റെ ആദ്യ പത്‌നിയിലെ മക്കളായ രണ്ട് ഏട്ടന്‍മാരും വലിയ പഴമക്കാരായിരുന്നു. അവര്‍ ഭാഗം കഴിഞ്ഞുപോയി. എന്റെ അമ്മയുടെ മക്കളായ ജ്യേഷ്ഠന്മാരായി അതോടെ ഇല്ലം ഭരണത്തിന്റെ ചുമതലക്കാര്‍. പറഞ്ഞാല്‍ നടക്കും എന്നൊരു തോന്നല്‍ ഉണ്ടായതുകൊണ്ടാവാം, ഇംഗ്ലീഷ് പഠിക്കണമെന്നു ഞാന്‍ ശാഠ്യം പിടിച്ചു. മുമ്പു സംസ്കൃതം പഠിക്കാന്‍ ഏടത്തി മോഹിച്ചതുപോലെ. ഒടുക്കം ഏട്ടന്മാര്‍ സമ്മതിച്ചു. ഗുരുവായൂര്‍ക്കാരിയായ തങ്കം എന്നൊരു നായര്‍ സ്ത്രീയെ ഇല്ലത്തുകൊണ്ടുവന്നു താമസിപ്പിച്ചു. അവര്‍ പത്താം ക്ലാസ് പാസായിട്ടുണ്ട്. മുഖ്യമായും ഇംഗ്ലീഷാണ് ടീച്ചര്‍ എന്നെ പഠിപ്പിച്ചത്. അതോടൊപ്പം കുറച്ചു ചരിത്രവും ഭൂമിശാസ്ത്രവും എടുത്തു. കണക്ക് എനിക്കിഷ്ടമല്ല; അതുകൊണ്ട് ടീച്ചര്‍ അതു പഠിപ്പിച്ചതുമില്ല.
തങ്കം ടീച്ചര്‍ എന്നെ ആറുമാസം പഠിപ്പിച്ചു. എട്ടാം ക്ലാസിലെ ഇംഗ്ലീഷ് പാഠം മനസ്സിലാക്കാന്‍ തക്കവണ്ണം എന്റെ ഭാഷാനിലവാരം ഉയര്‍ന്നു. അഡ്രസെഴുതാനും ബോര്‍ഡ് വായിക്കാനും വശമായി. ഈ ഇംഗ്ലീഷ് പരിജ്ഞാനം കൊണ്ട് വിവാഹശേഷം സ്വന്തം പ്രയത്‌നംകൊണ്ടു ഞാന്‍ ചില ഇംഗ്ലീഷ് നോവലുകള്‍ വായിക്കുകയും ചെയ്തു. പേള്‍ബക്കിന്റെ 'ഗുഡ് എര്‍ത്ത്', ടാഗോര്‍ കഥകള്‍', പ്രൈഡ് ആൻറ് പ്രജുഡിസ് എന്നിങ്ങനെ. എന്തുകൊണ്ടോ പിന്നീട് ഇംഗ്ലീഷ് വായന കുറയുകയാണ് ഉണ്ടായത്.
വിവാഹം പതിനഞ്ചാമത്തെ വയസ്സിലായിരുന്നു. അന്നുവരെയും തങ്കം ടീച്ചറും ഇല്ലത്തുണ്ടായിരുന്നു. വിവാഹത്തോടെ ടീച്ചര്‍ ഗുരുവായൂര്‍ക്കു പോയി. ഞാന്‍ ഭര്‍ത്തൃഗൃഹത്തിലേക്കും. പഠനം അതോടെ നിന്നു.
എഴുത്തും വായനയും ശീലിക്കുവാനുള്ള മോഹങ്ങളും ആശയങ്ങളുടെ ലോകത്തിലേക്ക് എത്തിനോക്കാനുള്ള ആഗ്രഹവും പരിമിതമായി സാധിച്ചുവെങ്കിലും ഞങ്ങളുടെ ഇല്ലത്തു സമ്പ്രദായങ്ങള്‍ പൊതുവേ അടഞ്ഞും യാഥാസ്ഥിതികമായും തന്നെ പുലര്‍ന്നുപോന്നു. മൂക്കുതല ഭാഗങ്ങളിലെ മിക്ക നമ്പൂതിരിഗൃഹങ്ങളിലെയും ചുറ്റുപാടുകള്‍ വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ പുറത്ത്, നമ്പൂതിരി സമുദായത്തിനകത്തുതന്നെ വലിയ മാറ്റങ്ങളുടെ വെളിച്ചം വീശിത്തുടങ്ങിയിരുന്നു. എനിക്കു മൂന്നുവയസ്സുള്ളപ്പോള്‍ നടന്നതാണെങ്കിലും പരിവര്‍ത്തന പ്രക്രിയയുടെ തുടക്ക ചിത്രങ്ങളെക്കുറിച്ചു ചെറിയേടത്തി പറഞ്ഞുകേട്ട ചില ഓര്‍മ്മകളുണ്ട്.
ഇല്ലത്തുനിന്നു മൂക്കുതല അമ്പലത്തിലേക്കു പോകുന്നവഴിക്ക് ഒരു മഠവും പറമ്പും ഉണ്ട്. കാഞ്ഞൂര്‍ മനവകയാണ് ഈ മഠവും പറമ്പും. കാഞ്ഞൂര്‍വകയായി കുറെയേറെ കൃഷിഭൂമിയുണ്ട് അവിടെ. അതുനോക്കാനും അമ്പലത്തില്‍ തൊഴുതു താമസിക്കാനും വേണ്ടി കാഞ്ഞൂരില്‍നിന്ന് പണികഴിപ്പിച്ചതാണ് ആ കെട്ടിടം.
ഇന്നോര്‍ക്കുമ്പോള്‍ കൊല്ലം അറിയാം; 1931 കാലമാണ്. ഒരു വൈകുന്നേരം മഠത്തില്‍ കുറേ സ്ത്രീകളും പുരുഷന്മാരും വന്നുചേര്‍ന്നു. അന്തര്‍ജ്ജനങ്ങളും നമ്പൂതിരിമാരും ആയിരുന്നു അവര്‍. അന്തര്‍ജ്ജനങ്ങള്‍ കാതുമുറിച്ചു കമ്മലിട്ടവരും ബ്ലൗസ് ധരിച്ചവരും ആയിരുന്നു. നമ്പൂതിരിമാര്‍ കുടുമ മുറിച്ച് ഷര്‍ട്ടും മുണ്ടും ധരിച്ചവരും. അവര്‍ നാല്‍പത് അന്‍പത് പേരുണ്ടായിരുന്നു.
ഇല്ലത്തെ പണിക്കാരികളാണ് ഈ വിവരം അകത്ത് അന്തര്‍ജ്ജനങ്ങളെ അറിയിച്ചത്. അന്തര്‍ജ്ജനങ്ങള്‍ക്ക് ആകെ പേടിയും പരിഭ്രമവുമായി. പിറ്റേന്ന് എങ്ങനെ അമ്പലത്തില്‍ തൊഴാന്‍ പോകും എന്നതായിരുന്നു ആവലാതി. അതിനിടെ, വഴിപോക്കരായി വന്നുകൂടിയ അന്തര്‍ജ്ജനങ്ങള്‍ ഇത്തരം ബ്ലൗസിട്ട സ്ത്രീകളെപ്പറ്റി പല കഥകളും പറഞ്ഞുതുടങ്ങി. അവര്‍ നമ്മെ കണ്ടാല്‍ അവരുടെ കൂട്ടത്തില്‍ ചേരാന്‍ വിളിക്കും. നമ്മള്‍ക്കു പോവാന്‍ തോന്നും; പിന്നെ അവരുടെ കൂട്ടത്തില്‍കൂടേണ്ടിയും വരും. എങ്ങനെയാണു പെണ്‍കിടാങ്ങളെ അമ്പലത്തില്‍ തൊഴാനയയ്ക്കുക? കാവില്‍ തൊഴുന്നത് മുട്ടിക്കുന്നതിനെപ്പറ്റി ആര്‍ക്കും ആലോചിക്കാനും വയ്യ.
എല്ലാവരുംകൂടി അവസാനം ഒരു വഴി കണ്ടെത്തി- വളഞ്ഞ വഴി. മൂക്കോലകാവിലേക്കു പോകാന്‍ കാഞ്ഞൂര്‍ മഠം സ്പര്‍ശിക്കാതെ ഒരു വഴിയുണ്ട്. ഏര്‍ക്കര ഇല്ലത്തിന്റെ പടിക്കലൂടെയുള്ള ആ വഴി വളരെ ചുറ്റിവളഞ്ഞതാണ്. ഏറെ നടക്കുകയും വേണം. അവസാനം അതിലേപോയി തിരിച്ചുവരാം എന്നുറച്ചു. അത്ര വലിയ അപകടമാണല്ലോ മുന്നിലുള്ളത്.
അങ്ങനെ അമ്മമാരും കുട്ടികളും ഒരു സംഘമായി ഈ വളഞ്ഞ വഴിയിലൂടെ അമ്പലത്തില്‍ പോയി. ആ വഴിതന്നെ തിരിച്ചുപോരുകയും ചെയ്തു. എന്നെ വാലിയക്കാരി എടുത്തുനടക്കുകയായിരുന്നു. എന്നാല്‍ ഐന്റ ചെറിയേടത്തി ഉണിക്കാളിയും വേറെ രണ്ടുകുട്ടികളും ഞങ്ങളുടെ കൂടെ ചേര്‍ന്നില്ല. അവര്‍ പിന്നിലേക്കു നിന്നു. വളഞ്ഞവഴി സ്വീകരിക്കാതെ കാഞ്ഞൂര്‍മഠം വഴി തന്നെ തിരിച്ചു പോരാന്‍ അവര്‍ തീരുമാനിച്ചു. എന്താണവിടെ എന്നറിയാമല്ലോ. പേടിയോടെയാണെങ്കിലും അവര്‍ മഠത്തിന്റെ ഉമ്മറത്തുകൂടിത്തന്നെ നടന്നുപോന്നു. ഉമ്മറത്തെത്തിയപ്പോള്‍ തലേന്ന് അന്തര്‍ജ്ജനങ്ങള്‍ പറഞ്ഞ കഥകള്‍ ഓര്‍മ്മ വന്നു. പേടികൂടി. കാല്‍വേഗം വര്‍ധിച്ചു.
അദ്ഭുതം! പറഞ്ഞപോലെ ഒരു സ്ത്രീ അവിടെ നില്‍ക്കുന്നു. ബ്ലൗസും സാരിയും ധരിച്ചിരിക്കുന്നു. കാതു നീട്ടിയിട്ടില്ല. മുറിച്ചു കമ്മലിട്ടിരിക്കുന്നു. മുടി മുറിച്ച് ഇന്നത്തെ ബോബ് ചെയ്ത മട്ടിലാക്കിയിട്ടുണ്ട്. പറഞ്ഞുകേട്ട അതേ ആള്‍ ഇതാ മുന്നില്‍. ഏടത്തിയും കൂട്ടരും പേടിച്ചു വിറയ്ക്കാന്‍ തുടങ്ങി.
നടത്തം ഓട്ടമായി. മുന്നിലെത്തിയ കുട്ടികളെ ആ സ്ത്രീ ചിരിച്ചുകൊണ്ടു തടഞ്ഞു. 'പോകാന്‍ വരട്ടെ. ഇതുകൂടി കൊണ്ടുപൊയ്‌ക്കൊള്ളൂ... ഇല്ലത്ത് എല്ലാവര്‍ക്കും വായിക്കാന്‍ കൊടുക്കണം.' എന്നു പറഞ്ഞുകൊണ്ട് അച്ചടിച്ച ഏതാനും കടലാസുകള്‍ കൊടുത്തു. ഓരോരുത്തര്‍ക്കും ഓരോന്നുവീതം. 'ഇനി പൊയ്‌ക്കോളൂ ട്ട്വോ', അവര്‍ പോകാന്‍ അനുവദിച്ചു.
അപരിചിതയായ സ്ത്രീ തന്ന മാന്ത്രികക്കടലാസ് കളയണോ സൂക്ഷിക്കണോ എന്ന് ഏടത്തിയും കൂട്ടരും സംശയിച്ചു. ഇല്ലത്തു പരസ്യമായി ആ കടലാസ് കൊണ്ടുനടക്കാന്‍ പറ്റില്ല. അതു വലിയ കുറ്റമാകും. എന്തായാലും അവര്‍ക്ക് അതു കളയാനായില്ല. അതിലെന്താണ് എന്ന കൗതുകത്തോടെ അത് മടക്കി ചുരുട്ടിപിടിച്ച് ഏടത്തിയും കൂട്ടുകാരികളും ഇല്ലത്തേക്കു കുതിച്ചു.
ഇല്ലത്തെത്തിയിട്ടും പേടി കുറയുകയല്ല, കൂടുകയാണുണ്ടായത്. ആരെങ്കിലും ആ കടലാസ് കണ്ടാലോ? എവിടെയാണു സുക്ഷിക്കുക? ആരെങ്കിലും കണ്ടെത്തിയാല്‍ പിന്നെ ഘോഷമാവും. കടലാസ് നഷ്ടപ്പെടുകയും ചെയ്യും. അതുകൊണ്ട്, കടലാസ് ചുരുട്ടി, ഉടുക്കുന്ന ശീലയുടെ ഉള്ളിലേക്കു തിരുകിവയ്ക്കുന്ന ഭാഗമായ 'ഒക്കില്‍' അത് അവര്‍ ഭദ്രമായി തിരുകിവച്ചു.
സൂക്ഷിച്ചാല്‍ പോര, വായിക്കുകയും വേണ്ടേ? ആരും കാണാതെ കടലാസു ചുരുള്‍ നിവര്‍ത്തി വായിക്കാന്‍ പറ്റിയ സ്വകാര്യ സ്ഥലവും ഉണ്ടായിരുന്നില്ല. ഒടുക്കം അവര്‍ കുളക്കടവിനെ ആശ്രയിച്ചു. അന്നു വൈകുന്നേരം കടവില്‍ ആരും വരില്ലെന്ന് ഉറപ്പായ നേരത്ത് ഏടത്തിയും കൂട്ടുകാരികളും ഒക്കില്‍ സൂക്ഷിച്ച കടലാസ് ചുരുള്‍ ശ്രദ്ധാപൂര്‍വം എടുത്തു നിവര്‍ത്തി മെല്ലെ മെല്ലെ വായിക്കാന്‍ തുടങ്ങി.
നമ്പൂതിരിപെണ്‍കിടാങ്ങള്‍ക്ക് ഒരു കത്ത്.
പ്രിയ സോദരീ...
ഇന്നത്തെ നിങ്ങളുടെ നില എന്താണ്! അമ്മാത്തെ അമ്പലക്കുളത്തിനപ്പുറം ഒരു ലോകമുണ്ടെന്നു നിങ്ങളില്‍ എത്രപേര്‍ അറിഞ്ഞിട്ടുണ്ട്! കുളത്തില്‍നിന്നു വലിച്ച ഈറന്‍ചണ്ടി പോലെ ദുര്‍ഗന്ധപൂരിതമായ നിങ്ങളുടെ തലമുടിക്കെട്ട് ഈ നേരത്തേക്കെങ്കിലും ഒന്നു വിടര്‍ത്തി വകഞ്ഞിടുവാന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം ഉണ്ടോ! നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെ സ്ഥിതിയോ? അച്ഛന്റെ പവിത്രമോതിരം കൊണ്ടു കുട്ടിക്കാലത്ത് ആ ലഹളപിടിച്ച ഹോമാചാരത്തിനിടയില്‍ നിങ്ങളുടെ നാവു പിടിച്ചിഴച്ച് അന്‍പത്തിയൊന്നക്ഷരം എഴുതിയില്ലായിരുന്നെങ്കില്‍ അക്ഷരാനത്തിന്റെ സ്വാദുപോലും നിങ്ങള്‍ ആസ്വദിച്ചിട്ടില്ലെന്നു ഞാന്‍ ശഠിക്കുമായിരുന്നു. പ്രിയ സഹോദരീ, നല്ലവണ്ണം ആലോചിച്ചുനോക്കൂ... സ്ഥിതിക്കൊത്തു പരിഷ്‌കാരങ്ങളില്‍ പ്രവേശിക്കൂ... അന്തപ്പുരത്തിലും ഒന്നു വെളിച്ചം വയ്ക്കട്ടെ. ആ 'ഈര്‍ച്ചവാളു കൊണ്ട് ഈര്‍ന്നാലും ഒരിഞ്ചുപോലും മുറിഞ്ഞുപോകാത്ത' മാമൂല്‍ക്കോട്ടയിലെ ഒറ്റക്കല്ലെങ്കിലും ഒന്നു പുഴങ്ങിയാല്‍ അതായില്ലേ? നിങ്ങളുടെ എല്ലാ കഷ്ടപ്പാടുകളിലും ഞങ്ങള്‍ പങ്കുകൊള്ളും. ഞങ്ങള്‍ഉണ്ടാല്‍ നിങ്ങളെ ഊട്ടും. അല്ലെങ്കില്‍ നിങ്ങള്‍ ഉണ്ടേ ഞങ്ങള്‍ ഉണ്ണുകയുള്ളൂ. ഞങ്ങള്‍ ചിരിച്ചാല്‍ നിങ്ങളും ചിരിക്കും. അല്ലെങ്കില്‍ നിങ്ങള്‍ ചിരിച്ചേ ഞങ്ങള്‍ ചിരിക്കൂ.
എന്ന്,
വിനീതന്‍
വി.ടി. ഭട്ടതിരിപ്പാട്.
കടലാസു മുഴുവന്‍ ഏടത്തിയും കൂട്ടരും ഒന്നിലധികം തവണ വായിച്ചു. ശീലയില്‍ അതു സുരക്ഷിതമായി ചുരുട്ടിവച്ച് കുളക്കടവില്‍നിന്നു മടങ്ങി. മുഴുവന്‍ മനസ്സിലായിട്ടില്ല. എങ്കിലും വീണ്ടും വീണ്ടും അതു വായിക്കണമെന്ന് ഒരു തോന്നല്‍. ആ വാക്കുകളോട് എന്തെന്നില്ലാത്ത ഒരു അടുപ്പം. വായിക്കണമെന്നു തോന്നുമ്പോഴെല്ലാം അവര്‍ കുളത്തില്‍ പോകും. ശ്രദ്ധാപൂര്‍വം ഒക്കില്‍നിന്നു കടലാസെടുത്തു വായിക്കും. അവിടെത്തന്നെ സൂക്ഷിച്ചുവച്ചു തിരിച്ചുപോരും.
കടലാസ് അത്ര ബലമുള്ളതായിരുന്നില്ല. പല തവണ ഇങ്ങനെ ചുരുട്ടുകയും നിവര്‍ത്തുകയും ചെയ്തതുകൊണ്ട് അതു കുറേശ്ശേ കീറാന്‍ തുടങ്ങി. ക്രമേണ മുഴുവന്‍ വായിക്കാന്‍ കഴിയാത്തവിധം അവിടവിടെ കീറലും തുളകളുമായി.
എനിക്കാ കടലാസുകള്‍ വായിക്കാന്‍ കഴിഞ്ഞില്ല. വി.ടി. നമ്പൂതിരിപ്പെണ്‍കിടാങ്ങള്‍ക്കെഴുതിയ ആ കത്ത് പെണ്‍കിടാങ്ങളുടെ വിയര്‍പ്പ് ഏറ്റേറ്റ് അന്നേക്കുദ്രവിച്ചുകഴിഞ്ഞിരുന്നു.
ഇന്നു തിരിഞ്ഞു നോക്കുമ്പോഴാണ് കാഞ്ഞൂര്‍ മഠത്തില്‍ അന്നു നടന്നതു യോഗക്ഷേമസഭയുടെ ഒരു ഉപസഭാ മീറ്റിങ്ങായിരുന്നു എന്നു തോന്നുന്നത്. നമ്പൂതിരിപ്പഴമത്തം ഏറ്റവുമധികം ഉള്ള സ്ഥലത്തുവച്ചു സഭ കൂടുക എന്നത് അന്നേക്ക് ഒരു പതിവായിക്കഴിഞ്ഞിരുന്നു. അതിന്‍പടി നമ്പൂതിരി യാഥാസ്ഥിതികത്വം സാമാന്യത്തിലധികമുണ്ടായിരുന്ന മൂക്കുതല ദേശത്തുവച്ചു സഭ കൂടാന്‍ വേണ്ടിയാണു പത്തുനാല്‍പതാളുകള്‍ കാഞ്ഞൂര്‍ മഠത്തില്‍ എത്തിച്ചേര്‍ന്നത്. ഏടത്തിക്ക് വി.ടിയുടെ ലഘുലേഖ നല്‍കിയ ആള്‍ ആര്യാ പള്ളം ആയിരിക്കണം. അന്നത്തെ പ്രധാന പ്രവര്‍ത്തകയായിരുന്നു അവര്‍. മുടി ബോബ് ചെയ്ത സമ്പ്രദായമായിരുന്നു അവരുടേത്.
സഭായോഗം ഒന്നോ രണ്ടോ ദിവസം നടന്നിരിക്കണം. യോഗത്തിന്റെ അവസാനം ഒരു മിശ്രഭോജനത്തോടുകൂടിയായിരുന്നു. നമ്പൂതിരിമാരും അന്നത്തെ താഴ്ന്ന ജാതിക്കാരും ഒരേ പന്തിയില്‍ ഒരുമിച്ചിരുന്ന് ഉണ്ടു.
മുട്ടാതെ സന്ധ്യാവന്ദനവും ഒക്കെയായി ഇല്ലത്ത് അപ്ഫന്മാരുടെ ശാസനയില്‍ കഴിഞ്ഞുപോന്ന എന്റെ ഏട്ടന്മാര്‍ നീലകണ്ഠന്‍, ചിത്രന്‍, വാസുദേവന്‍ എന്നീ മൂന്നുപേരും അന്നത്തെ സഭായോഗത്തിലും മിശ്രഭോജനത്തിലും പങ്കെടുത്തു. ആരോടും ചോദിച്ചില്ല, ആരുടേയും സമ്മതവും വാങ്ങിയില്ല. ആരും അറിയാതെ അവര്‍ സഭയില്‍ ചെന്നു; പന്തിഭോജനത്തില്‍ ഇരുന്നുണ്ടു.
എല്ലാം കഴിഞ്ഞ് ഇല്ലത്തു തിരിച്ചെത്തിയപ്പോള്‍ അപ്ഫന്മാര്‍ ക്രോധംകൊണ്ടു ജ്വലിച്ചു നില്‍ക്കുകയായിരുന്നു. ആകെ ഘോഷമയം, ഏട്ടന്മാരില്‍ ഒരാളെയും കാരണവന്മാര്‍ പുമുഖത്തേക്കു കയറ്റിയില്ല. പത്തായപ്പുരയില്‍ വേണമെങ്കില്‍ കിടക്കാം. നമ്പൂരിമാര്‍ ഉണ്ണുന്നിടത്ത് ഇരുന്നുണ്ണണ്ട. ഒന്നും തൊട്ടുശുദ്ധം മാറ്റണ്ട. ഫലത്തില്‍ അപ്ഫന്മാര്‍ഏട്ടന്‍മാര്‍ക്ക് ഭ്രഷ്ട് കല്‍പിച്ചു. അപ്ഫന്മാരോടൊപ്പം വല്യമ്മയുടെ മക്കളുമായിരുന്നു ഇതിനു മുന്‍കൈ എടുത്തത്. ഏട്ടന്മാരെ നിലയ്ക്കു നിര്‍ത്താത്തതിന് അവരില്‍നിന്ന് അമ്മയ്ക്കു ശകാരം കേള്‍ക്കേണ്ടിയും വന്നു. ഏട്ടന്മാര്‍ ആരെയും തൊടാതെയും നാലകത്തേയ്ക്കു വരാതെയും പത്തായപ്പുരയില്‍ ഭ്രഷ്ടന്മാരെപ്പോലെ പാര്‍ത്തു. അതിനിടെ ഒരു അദ്ഭുതം സംഭവിച്ചു. അവരെ ഓരോരുത്തരെയായി കാണാനില്ലാതായിത്തുടങ്ങി.
ആദ്യം നീലാണ്ടേട്ടനെ, പിന്നെ ചിത്രേട്ടനെ, പിന്നെ വാസ്യേവേട്ടനെ.
'എവടക്കാ നിശ്ചല്യ. എല്ലാവരും ചാടിപ്പൊക്കണ്ണു'- അവരുടെ കാണാതാവലിനെപ്പറ്റി അപ്ഫന്മാര്‍ പരിഹസിച്ചു.
പക്ഷേ, അവര്‍ ചാടിപ്പോയതു മറ്റൊന്നിനുമല്ല, സ്കൂളില്‍ ചേരാനായിരുന്നു.
നീലാണ്ടേട്ടന്‍ ചാടിപ്പോയി കുമരനല്ലൂര്‍ സ്കൂളില്‍ ചേര്‍ന്നു. ചിത്രേട്ടനും വാസ്യേവേട്ടനും ചാടിപ്പോയി പൊന്നാനി സ്കൂളിലും. രക്ഷിതാക്കളില്ലാതെ അവര്‍ സ്വയം സ്കൂളില്‍ പ്രവേശിച്ചു.
എല്ലാവരും പഠിപ്പുതുടങ്ങി.
(ദേവകി നിലയങ്ങോട് എഴുതി മാതൃഭൂമി ബുക്സ്
പ്രസിദ്ധീകരിച്ച കാലപ്പകർച്ചകൾ എന്ന പുസ്തകത്തിൽനിന്ന്)