ഇ.എം.എസിന്റെ പരിഭാഷയിലാണ് മലയാളത്തിൽ മാർക്‌സ് ചോർന്ന് പോയത്

ദളിതായ ഒരു സാമൂഹ്യശാസ്ത്രജ്ഞൻ തന്റെ കരിയറിലും വ്യക്തി ജീവിതത്തിലും ഉടനീളം നേരിടേണ്ടി വന്ന അവഗണനയുടേയും അവഹേളനങ്ങളുടേയും അനുഭവങ്ങൾ തുറന്നു പറയുന്ന പുസ്തകമാണ് 'ഞാൻകുഞ്ഞാമൻ: അതിജീവനക്കുറിപ്പുകൾ'. സർവ്വകലാശാലകളിലും ഭരണ കേന്ദ്രങ്ങളിലും ജാതി എങ്ങനെയാണ് പ്രത്യക്ഷമായും സൂക്ഷ്മമായും പ്രവർത്തിക്കുന്നത് എന്ന് ഈ അനുഭവങ്ങളിലൂടെ കടന്നുപോകുന്നവർക്ക് മനസ്സിലാവും. ഒപ്പം മാർക്സിസത്തോടുള്ള തന്റെ സമീപനവും മാർക്സിസ്റ്റ് ആശയങ്ങൾ, പ്രായോഗിക രാഷ്ട്രീയത്തിലേക്ക് വന്നപ്പോൾ എങ്ങനെയാണ് മാറിമറിഞ്ഞത് എന്നും അദ്ദേഹം വിശദമാക്കുന്നുണ്ട്. പുസ്തകത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ

ങ്ങളെപ്പോലുള്ളവർ സർവകലാശാലയിലും ഗവേഷണത്തിലും വരുന്ന കാലത്ത്, അവിടെ മാടമ്പി ഭരണമായിരുന്നു. ഞങ്ങളെപ്പോലുള്ളവരോട് കുറച്ചൊരു മാനുഷിക സമീപനം സ്വീകരിച്ചത് പി.ഗോവിന്ദപിള്ളയെയും ജി. സുധാകരനെയും പോലുള്ളവരാണ്. കേരള യൂണിവേഴ്‌സിറ്റിയിൽ നായന്മാരെയും ക്രിസ്ത്യാനികളെയും എതിർക്കാൻ പാടില്ല എന്നൊരു സ്ഥിതിയുണ്ടായിരുന്നു. ഇത്തരം മാടമ്പി സ്വഭാവത്തിന് മാറ്റം വരുന്നത്, സുധാകരനെപ്പോലുള്ള വ്യക്തികൾ സിൻഡിക്കേറ്റ് അംഗമായി വരുന്നതോടെയാണ്.

ജി. സുധാകരൻ

ഒരിക്കൽ വിദ്യാർഥി യൂണിയൻ ചെയർമാനെ വിട്ട് സുധാകരൻ എന്നെ വിളിപ്പിച്ചു. ഞാൻ ചെന്നില്ല. ""ഞാനുമായി അദ്ദേഹത്തിന് എന്തെങ്കിലും കാര്യം ചർച്ച ചെയ്യണമെന്നത് അദ്ദേഹത്തിന്റെ ആവശ്യമാണ്. അതിന് അദ്ദേഹം ഇവിടേക്കുവരണം'' എന്നായിരുന്നു എന്റെ നിലപാട്.

അദ്ദേഹം തിരക്കിലാണെന്ന് വന്നയാൾ അറിയിച്ചപ്പോൾ ഞാൻ പറഞ്ഞു, ""ഞാനും തിരക്കിലാണ്, എനിക്ക് വായിക്കാനുണ്ട്, പഠിപ്പിക്കാനുണ്ട്, എഴുതാനുണ്ട്... എന്നുപറഞ്ഞാൽ അദ്ദേഹത്തെ കാണില്ല എന്ന് അർഥമില്ല. എനിക്ക് എന്തെങ്കിലും കാര്യം അദ്ദേഹവുമായി സംസാരിക്കണമെങ്കിൽ ഞാൻ കാണും. ഇക്കാര്യം വളരെ വ്യക്തമായ ഒന്നാണ്''.

വിദ്യാർഥി യൂണിയൻ ചെയർമാൻ സുധാകരനോട് ഇക്കാര്യം പറഞ്ഞപ്പോൾ, അദ്ദേഹം പറഞ്ഞതായി ഞാൻ അറിഞ്ഞത്, കേരള യൂണിവേഴ്‌സിറ്റിയിൽ ആത്മാഭിമാനമുള്ള അധ്യാപകനുണ്ടെങ്കിൽ അത് കുഞ്ഞാമനാണ് എന്നാണ്.
സർവകലാശാലയിലെ മാടമ്പിത്തരത്തിന് എനിക്ക് അനുഭവങ്ങളുണ്ടായിരുന്നു.

അവിടെ അധ്യാപക സംഘടനകൾ ശക്തരായിരുന്നു. അവർ പഠിപ്പിക്കുന്നതിനുപകരം, രാഷ്ട്രീയം പരിശീലിക്കുകയായിരുന്നു ചെയ്തിരുന്നത്. അവർ ജാതി നോക്കിയാണ് കാര്യങ്ങൾ ചെയ്തിരുന്നത്. അഭിപ്രായങ്ങൾ പറയുമ്പോൾ നമ്മളെ അടിച്ചമർത്തും. അധ്യാപക തൊഴിലാളികൾ സംഘടിക്കണം എന്നൊക്കെ അവർ പറയും. ഒരിക്കൽ ഞാൻ ഒരാളോടു പറഞ്ഞു, ഞാനൊരു അധ്യാപക തൊഴിലാളിയല്ല.

ഒരുതരത്തിലുമുള്ള ഭിന്നാഭിപ്രായങ്ങളും മുന്നോട്ടുവരരുത് എന്നൊരു നിർബന്ധം അവിടെയുണ്ടായിരുന്നു. അതിന് ഭീഷണി ഉപയോഗിക്കും. സി. അച്യുതമേനോൻ പൊളിറ്റിക്‌സ് വകുപ്പിൽ ഒരു പരിപാടിക്കുവന്നു. അദ്ദേഹം പറഞ്ഞത് വികേന്ദ്രീകരണത്തെക്കുറിച്ചാണ്. പ്രസംഗം കഴിഞ്ഞ് ഞാൻ അദ്ദേഹത്തോടുചോദിച്ചു, ""നിങ്ങൾ വികേന്ദ്രീകരണത്തെക്കുറിച്ച് പറയുമ്പോൾ അതിൽ അക്കൗണ്ടബിലിറ്റിയുടെ പ്രശ്‌നമുണ്ട്''.
അദ്ദേഹത്തിന്റെ പ്രതികരണം ഉടനെയായിരുന്നു, ""ഞാൻ തലവെട്ടുരാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ല''.
അപ്പോൾ ഞാൻ ചോദിച്ചു; ""എന്നുമുതൽ? വേണ്ടിവന്നാൽ മർദകന്റെയും ചൂഷകന്റെയും തലയും വെട്ടാമെന്ന് ഞങ്ങളെപ്പോലുള്ള മർദകരോടുപറഞ്ഞ കമ്യൂണിസ്റ്റുകാരുടെ ആദ്യ തലമുറയിലുള്ള ഒരാളാണ് താങ്കൾ. എന്നുമുതലാണ് അത് അങ്ങനെയല്ലാതായത്, രാജൻകേസുമുതലാണോ?''.
അത് അദ്ദേഹത്തിന് ഇഷ്ടമായില്ല. പരിപാടിയുടെ അധ്യക്ഷനായിരുന്ന പൊളിറ്റിക്‌സ് പ്രഫസർ എന്നോട് സംസാരിക്കരുത് എന്നു പറഞ്ഞു.
ഞാൻ പറഞ്ഞു; ""ഞാൻ സംസാരിക്കും, എനിക്ക് ഇഷ്ടമുള്ളത് ഞാൻ പറയും, അത് നിയന്ത്രിക്കാൻ നിങ്ങൾക്ക് അവകാശമില്ല. ഭരണഘടനയുടെ 19-ാം വകുപ്പ് എനിക്ക് ആ സ്വാതന്ത്ര്യം തരുന്നുണ്ട്''.
ചിരിയോടെ അച്യുതമേനോൻ പറഞ്ഞു; ""നമുക്ക് പിന്നീട് ചർച്ച ചെയ്യാം''.
മൂന്നുദിവസം കഴിഞ്ഞ് അദ്ദേഹത്തിന്റെ കത്തുകിട്ടി...''പ്രിയപ്പെട്ട കുഞ്ഞാമൻ, നവയുഗത്തിന്റെ എഡിറ്റർ ഞാനാണെന്ന് അറിയാമല്ലോ. അതിലേക്ക് ലേഖനങ്ങൾ എഴുതിത്തരണം''.

സി. അച്യുതമേനോൻ

ഞാൻ എഴുതിക്കൊടുത്തു. പിന്നീട് സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, "നമുക്ക് ചെയ്യാൻ കഴിയുന്നതല്ലേ ചെയ്യാനാകൂ' എന്നാണ്.

ഞാൻ റീഡറായിരുന്നപ്പോൾ, യു.ജി.സി അംഗവുമായിരുന്നു. അന്ന് യൂണിവേഴ്‌സിറ്റി ഡിപ്പാർട്ടുമെന്റിൽ പ്രഫസർ പോസ്റ്റിന് അപേക്ഷിച്ചു. എന്നെ തെരഞ്ഞെടുത്തില്ല, പകരം, ഒരു പ്രമുഖ കോൺഗ്രസുകാരനെ നിയമിച്ചു.
ജാതിയായിരുന്നു പ്രശ്‌നം. ഞാനന്ന് എല്ലാ സർവകലാശാല കമ്മിറ്റികളിൽനിന്നും രാജിവച്ചു.
വൈസ് ചാൻസലർ എൻ. ബാബുവിനോട് ഞാൻ പറഞ്ഞു; ""ഞങ്ങൾ ദളിതരാണ്, ധൈര്യമില്ലാത്തവരാണ്''.
എനിക്ക് പ്രഫസർ നിയമനം നിഷേധിക്കപ്പെട്ടത് വ്യാപകമായി വിമർശിക്കപ്പെട്ടു. പിന്നീട് ഡോ.ബി. ഇക്ബാൽ വി.സിയായി വന്നു. എന്നോടുള്ള അനീതി ബോധ്യപ്പെട്ട് അദ്ദേഹം ഇക്കാര്യത്തിൽ ഇടപെട്ടു. യു.ജി.സിക്ക് കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീം ഉണ്ട്. പ്രമോഷന് ഗവേഷണ പ്രബന്ധങ്ങളും പരിഗണിക്കും. അങ്ങനെ എനിക്ക് പ്രഫസറായി സ്ഥാനക്കയറ്റം കിട്ടി. ഈ പദ്ധതിയനുസരിച്ച് കേരള സർവകലാശാലയിൽ ആദ്യമായി സ്ഥാനക്കയറ്റം ലഭിച്ച ആൾ ഞാനായിരുന്നു.

കരിയറിന്റെ തുടക്കം മുതൽ എനിക്ക് നേരിടേണ്ടിവന്ന വിവേചനം ഇവിടെയും തുടർന്നു. ദളിത് എന്ന ഘടകമാണ് എവിടെയും എനിക്ക് എതിരായത്. വി.സി പിന്നാക്കക്കാരനായിരുന്നു, സിൻഡിക്കേറ്റിലും പിന്നാക്കക്കാരുണ്ടായിരുന്നു, എന്നിട്ടും ഇത്തരമൊരു അനീതിക്കെതിരെ അവർ ശബ്ദമുയർത്തിയില്ല. കാരണം, അവർ മേലാളരാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പോലും ഇത്രകാലം കഴിഞ്ഞിട്ടും ഈയൊരു മനോഭാവം ശക്തമാകുകയാണ് ചെയ്തത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇതൊരു രാജ്യവ്യാപക പ്രതിഭാസം കൂടിയാണ്.

ഇന്ത്യയിൽ ബ്രാഹ്മണിസം ദുർബലമായിക്കൊണ്ടിരിക്കുകയാണ്. പിന്നാക്ക വിഭാഗങ്ങളാണ് ശക്തരായിക്കൊണ്ടിരിക്കുന്നത്. പിന്നാക്കവിഭാഗം സവർണർക്ക് എതിരാണ്, പക്ഷെ, ജാതിവ്യവസ്ഥക്ക് എതിരല്ല. അവർ ജാതിവ്യവസ്ഥ നിലനിർത്താൻ ശ്രമിക്കുന്നവരാണ്. അവർ സമ്പന്നരായി, രാഷ്ട്രീയത്തിൽ സ്വാധീനശക്തിയായി, അവർക്ക് വ്യവസ്ഥിതി നിലനിർത്തലാണ് ആവശ്യം, മാറ്റമല്ല. എന്നാൽ, ദളിതർ ജാതിവ്യവസ്ഥക്ക് എതിരാണ്. വ്യവസ്ഥിതിയെ മാറ്റിമറിക്കലാണ് ദളിതരുടെ ആവശ്യം. ഈ വ്യത്യാസം പ്രകടമാണ്.

സർവകലാശാലകളിൽ ജാതി ശക്തമാണ്. എം.എക്ക് റാങ്ക് നേടിയിട്ടും ജീവിക്കാൻ മാർഗമില്ലാതെ നടക്കുമ്പോൾ ഒരാൾ എന്നോടു പറഞ്ഞു, സർവകലാശാലയിൽ പി.എച്ച്.ഡിക്ക് അഡ്മിഷൻ കിട്ടിയാൽ ഫെല്ലോഷിപ്പ് കിട്ടും, അത് പതിവായി കിട്ടിയാൽ താൻ രക്ഷപ്പെടും എന്ന്. ഞാൻ പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ സി.സി. കുഞ്ഞനെ കണ്ടു. വിക്ടോറിയ കോളജിൽ ബി.എസ്സിക്ക് പഠിച്ചിരുന്ന അയ്യപ്പനും കൂടെയുണ്ടായിരുന്നു, അദ്ദേഹം പിന്നീട് തിരുവനന്തപുരം കലക്ടറായി.

ഡയറക്ടറോട് വിവരം പറഞ്ഞു, ഫെല്ലോഷിപ്പ് പതിവായി കിട്ടാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു.
"നോക്കാം' എന്നു അദ്ദേഹം പറഞ്ഞു. എന്നിട്ട്, ""കാര്യം തീർന്നില്ലേ, പിന്നെ എന്തിനാണ് മുഖത്തും നോക്കിനിൽക്കുന്നത്?'' എന്ന് ക്രുദ്ധനായി അദ്ദേഹം ചോദിച്ചു.
ഞാൻ ഉടൻ അദ്ദേഹത്തിന്റെ വീട്ടിൽനിന്നിറങ്ങി റോഡിൽ കയറിനിന്ന് പറഞ്ഞു; ""ഞാനൊരു ചെറുപ്പക്കാരനല്ലേ, ആ സൗന്ദര്യം ഒന്ന് ആസ്വദിക്കാനാണ്''.
കാര്യങ്ങൾ ചെയ്യാൻ ഉത്തരവാദപ്പെട്ടവരിൽനിന്നുണ്ടായ അവഗണനകൾ അതിരൂക്ഷമായിരുന്നു. ഫെല്ലോഷിപ്പ് കിട്ടിയില്ല. അതിനുശേഷമാണ് സി.ഡി.എസിൽ എം.ഫില്ലിന് ചേർന്നത്.

എം. കുഞ്ഞാമൻ

സർവകലാശാലകളിൽ വിദ്യാർഥി പ്രവേശനം, അധ്യാപക നിയമനം തൊട്ട് ജാതി ഇടപെടൽ തുടങ്ങുന്നു. മുൻവിധികൾ പ്രവർത്തിച്ചുതുടങ്ങും. കേരള സർവകലാശാലയിൽ മലയാളം വകുപ്പിൽ എം.ഫിലിന് എഴുത്തുകാരനായ വെട്ടിയാർ പ്രേംനാഥിന്റെ മകൾ അപേക്ഷിച്ചിരുന്നു. കഴിവുള്ള ദളിത് വിദ്യാർഥിനിയായിരുന്നു അവർ. അന്ന് ദേശമംഗലം രാമകൃഷ്ണൻ വകുപ്പിലുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞിട്ടും പ്രവേശനം നൽകിയില്ല. ഈ കുട്ടിയും അമ്മയും എന്നോട് വിവരം പറഞ്ഞു. സിൻഡിക്കേറ്റ് അംഗമായ ജി. സുധാകരന് ഞാൻ ഒരു കുറിപ്പ് കൊടുത്തയച്ചു, കുട്ടി യോഗ്യയാണ്, എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യൂ എന്നുപറഞ്ഞ്. സുധാകരനെ അന്ന് എനിക്ക് പരിചയമില്ല. സുധാകരൻ പറഞ്ഞതുകൊണ്ട് അഡ്മിഷൻ കിട്ടി.

കോഴിക്കോട്ടുനിന്ന് ഒരു ദളിത് വിദ്യാർഥി കേരള സർവകലാശാലയിൽ എം.ഫില്ലിന് അപേക്ഷിച്ചു. പ്രവേശനം നിഷേധിക്കപ്പെട്ടപ്പോൾ എന്നെ വന്നു കണ്ടു. ഇത് ഒരു സാമൂഹിക പ്രശ്‌നമായതിനാൽ, നിങ്ങൾ സമരം ചെയ്യണം എന്നുഞാൻ ആ കുട്ടിയോടു പറഞ്ഞു. അവർ അതിന് തയാറായില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ല.

സംവരണം പാലിക്കണം എന്ന നിർബന്ധം വന്നപ്പോഴാണ് പലയിടങ്ങളിലും ദളിതർക്ക് കയറാനായത്. അതുവരെ അവർക്ക് ഓച്ഛാനിച്ച് നിൽക്കേണ്ടിവന്നു. റിസർച്ച് ഗൈഡാവാൻ സന്നദ്ധത അറിയിച്ച് അധ്യാപകൻ ഗവേഷണ വിദ്യാർഥിക്ക് സമ്മതപത്രം നൽകണം. ഇത് വച്ചിട്ടുവേണം വിദ്യാർഥിക്ക് അപേക്ഷിക്കാൻ. വിദ്യാർഥി ദളിതനാണ് എന്നറിഞ്ഞാൽ പലരും കത്ത് കൊടുക്കില്ല. കേരളത്തിൽ ഇങ്ങനെ കത്തുകൊടുക്കാത്ത ധാരാളം ഗൈഡുകളുണ്ടായിരുന്നതായി എനിക്ക് അറിയാം. എന്നാൽ, വ്യക്തിതലത്തിൽ ഇടപെട്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളായിരുന്നില്ല ഇവ, സാമൂഹിക പരിഹാരം തന്നെ വേണം.
ഇപ്പോൾ വിവേചനം അനുഭവിക്കേണ്ടിവരുന്നത് പാവപ്പെട്ട ദളിതർക്കല്ല. വളരെ പാവപ്പെട്ടവർക്കും അനുസരണശേഷിയുള്ളവർക്കും ഒരു കുഴപ്പവുമില്ല. ബുദ്ധിപരമായി ഉയർന്നുവരാൻ കഴിവുള്ളവർക്കാണ് ഇപ്പോൾ വിവേചനം. രോഹിത് വെമുല ഉദാഹരണം. ഇത്തരക്കാരാണ് ഇപ്പോഴത്തെ ഉന്നം. എല്ലാ കാലത്തും സമൂഹത്തെ ചോദ്യം ചെയ്യാത്ത അനുസരണേശഷിയുള്ളവർക്ക് ഒരു പ്രശ്‌നവുമില്ല. സ്വതന്ത്രമായി ചിന്തിക്കുകയും അഭിപ്രായം പറയുന്നവരെയുമാണ് ലക്ഷ്യമിടുന്നത്.

""മോൻ ഏത് ഗ്രൂപ്പിൽ പോകുന്നുവോ, അവിടെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നയാൾ നീയായിരിക്കണം'' എന്ന അമ്മയുടെ ഉപദേശം പാലിക്കാൻ ശ്രമിച്ചിട്ടുണ്ട്, ഇന്നുവരെ. എവിടെയൊക്കെ പിടിച്ചുകയറാൻ ശ്രമിച്ചിട്ടുണ്ടോ, ഓരോ പടിയിലും എന്നെ ചവുട്ടിത്താഴ്ത്തിയിട്ടുണ്ട്. ചവുട്ടിത്താഴ്ത്തിയതിൽ വലതുപക്ഷക്കാരേക്കാൾ കൂടുതൽ ഇടതുപക്ഷക്കാരാണ്. ഞാൻ മാർക്‌സിസ്റ്റ് തത്വശാസ്ത്രവും ആശയസംഹിതകളും അംഗീകരിക്കുന്നയാളാണ്. എന്നാൽ, ഇടതുപക്ഷക്കാരിൽനിന്ന്, മാർക്‌സിസ്റ്റുകാരിൽനിന്നാണ് ഏറെയും പ്രതിബന്ധങ്ങളുണ്ടായിട്ടുള്ളത്. ദളിതർ കൂലിക്കൂടുതലിനുവേണ്ടി സമരം ചെയ്താൽ ഇടതുപക്ഷക്കാർ പിന്തുണക്കും. പക്ഷെ, കൃഷിഭൂമിക്കുവേണ്ടി സമരം ചെയ്യട്ടെ. അപ്പോൾ കാണാം, ഇടതുപക്ഷ മേലാളന്റെ വലതുരാഷ്ട്രീയം അനാവരണമാകുന്നത്.

എൽ.ഡി.എഫിനെ പരാജയപ്പെടുത്തിയ ബ്യൂറോക്രാറ്റിക് ഗൂഢാലോചന

1996ൽ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് തുടങ്ങിയ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നായനാർ ഒരു യോഗം വിളിച്ചു. അതിന് ഡോ. തോമസ് ഐസക് എന്നെയും ക്ഷണിച്ചു.

ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന രണ്ടാമത്തെ മകൾ അനിലയെയും കൊണ്ടാണ് ഞാൻ സർവകലാശാലയിൽ പോയിരുന്നത്. അവൾക്ക് അധികം നടക്കാൻ വയ്യ. ഞാനും മകളും സിറ്റി ബസിൽ പോയി പി.എം.ജിയിൽ ഇറങ്ങും. അവിടുന്ന് ഓട്ടോയിൽ... അങ്ങനെയായിരുന്നു യാത്ര. ഐസക് എന്നോടുപറഞ്ഞു, കുഞ്ഞാമന് ഒരു കാറ് തരാം, അത് ഉപയോഗിച്ചുകൊള്ളൂ.

അത് പറ്റില്ല എന്നു ഞാൻ പറഞ്ഞു; ""നിങ്ങൾ രാഷ്ട്രീയക്കാരാണ്. നിങ്ങൾക്ക് ഏത് വിമർശനത്തെയും അഭിമുഖീകരിക്കാൻ കഴിയും. ഞാൻ അധ്യാപകനാണ്. വിദ്യാർഥികളുടെ മുന്നിൽനിന്ന് ചില കാര്യങ്ങൾ ആദർശപരമായി പറയുന്ന ആളാണ്. ഇത്തരത്തിൽ ആനുകൂല്യം പറ്റുന്ന ആളാണെന്നുവന്നാൽ, ഞാൻ തളർന്നുപോകും. അത് വേണ്ട, ഞാനും മകളും വരും. തിരിച്ച് കാര്യവട്ടത്തുപോയി ക്ലാസെടുക്കേണ്ടതിനാൽ, അവിടേക്ക് കാറിൽ കൊണ്ടാക്കിയാൽ മതി''.

ഡോ. തോമസ് ഐസക്

ജനകീയാസൂത്രണത്തിന്റെ ആദ്യ യോഗത്തിൽ ഞാൻ പറഞ്ഞത് ഇതാണ്: ""ഇങ്ങനെയൊരു ആസൂത്രണത്തെക്കുറിച്ച് ആലോചിക്കാൻ തുടങ്ങുന്നത് ദളിതരുടെ ഭൂരാഹിത്യവും ആദിവാസികളുടെ ഭൂമി അന്യാധീനപ്പെടലും പരിഹരിക്കപ്പെടാതെ കിടക്കുമ്പോഴാണ്. ഭൂപരിഷ്‌കരണം നടപ്പാക്കിയപ്പോൾ ഭൂരഹിതർക്ക് ഭൂമി കിട്ടിയില്ല. ആദിവാസികൾ ഭൂമി നഷ്ടപ്പെട്ട് നിസ്സഹായരായി കഴിയുന്നു. ഈ രണ്ട് യാഥാർഥ്യങ്ങൾ നിലനിൽക്കേയാണ് പുതിയൊരു ആസൂത്രണ സമീപനം സ്വീകരിക്കാൻ പോകുന്നത്. എങ്കിലും ഈ സമീപനത്തെ ഞാൻ പിന്താങ്ങുന്നു, കാരണം ഇത് പുതിയതാണ്. ഇതുവരെയുണ്ടായിരുന്നത് മേൽത്തട്ടിൽനിന്നുള്ള വികസനമാണ്. ജനങ്ങൾക്ക് അതിൽ പങ്കുണ്ടായിരുന്നില്ല- ജനങ്ങൾക്കുവേണ്ടി നേതാക്കൾ ചിന്തിക്കുന്നു, നയം രൂപീകരിക്കുന്നു, ഉദ്യോഗസ്ഥർ ജനങ്ങൾക്കുവേണ്ടി നടപ്പാക്കുന്നു, രാഷ്ട്രീയക്കാർ ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നു. പ്രാദേശികതലത്തിൽ വികസനപ്രശ്‌നം ചർച്ചചെയ്യാനും മുൻഗണനാക്രമം തീരുമാനിക്കാനും ജനകീയാസൂത്രണത്തിൽ ജനങ്ങൾക്ക് അവസരം കിട്ടുകയാണ്. അതുകൊണ്ട് അതിനെ പിന്താങ്ങുന്നു. അവഗണിക്കപ്പെട്ട ഈ രണ്ടു മൗലിക പ്രശ്‌നങ്ങളും അംഗീകരിച്ചുതന്നെയാണ് എന്റെ പിന്തുണ''. 12 മിനിറ്റ് ഞാൻ സംസാരിച്ചു.

പിന്നീട് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമുള്ള പരിശീലനമായിരുന്നു. രാത്രി 11 വരെ അവലോകനങ്ങളുണ്ടാകും. അന്ന് ചേലക്കരയിൽനിന്നുള്ള എം.എൽ.എ കെ. രാധാകൃഷ്ണൻ മന്ത്രിയായിരുന്നു. രാധാകൃഷ്ണനും തോമസ് ഐസകും ഞാനും ചേർന്നിരുന്നായിരുന്നു, ദൈനംദിന പരിപാടികളുടെ അവലോകനം. രാധാകൃഷ്ണന്റെ പ്രത്യേകത, ആത്മാർഥതയാണ്. പ്രശ്‌നത്തിന്റെ ഹൃദയത്തിലേക്ക് അദ്ദേഹം കടന്നുചെല്ലും. എനിക്ക് ആ സമീപനം ഇഷ്ടമായി. പക്ഷെ, ആത്മാർഥത കൊണ്ടുമാത്രമായില്ലല്ലോ. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് സ്വന്തം പാർട്ടിയിൽ ഇടമില്ല. സംവരണ മണ്ഡലങ്ങളിലൂടെ വരുന്നവരുടെ അവസ്ഥയാണിത്. അവരുടെ ആത്മാർഥതയ്ക്കും സ്‌നേഹത്തിനും നയരൂപീകരണത്തിൽ പ്രസക്തിയില്ല. അടിമസമ്പ്രദായത്തിലും ഫ്യൂഡൽ കാലത്തും 'നല്ല' ആളുകളുണ്ടായിട്ടുണ്ട്. "നല്ല' ആളുകളുടെ കുറവുണ്ടായിട്ടില്ല വ്യവസ്ഥിതിയിൽ.

രാഷ്ട്രീയ, സാമ്പത്തിക നയങ്ങളിൽ ആത്മാർഥതക്ക് ഒരു പ്രാധാന്യവുമില്ല. ഇത്തരക്കാർക്ക് നയരൂപീകരണത്തെ സ്വാധീനിക്കാൻ കഴിയുന്നില്ല.

അധഃസ്ഥിതവിഭാഗങ്ങൾക്ക് മൗലികമായി തന്നെ ആശ്രിതത്വം ഉള്ളതിനാൽ അവർ എല്ലാ പ്രസ്ഥാനങ്ങൾക്കുമൊപ്പം പോകും. എന്നാൽ, അവർക്ക് തനതായ രാഷ്ട്രീയശക്തി വളർത്തിയെടുക്കാൻ കഴിയുന്നില്ല. അതുകൊണ്ടുതന്നെ ജനകീയാസൂത്രണത്തിൽ ഇവരുടെ പങ്കാളിത്തമുണ്ടായി. എന്നാൽ, പല ദളിത് ചിന്തകരും ഇതിനെ അനുകൂലിച്ചിരുന്നില്ല, അവർ പറഞ്ഞത് തങ്ങൾക്ക് മൗലിക പ്രശ്‌നങ്ങളുണ്ട്, അവ പരിഹരിക്കുകയാണ് വേണ്ടത് എന്നാണ്. അത് നൂറുശതമാനം ശരിയായിരുന്നു.

പലരും പറഞ്ഞു, ഞാൻ ഇതിനോടൊപ്പമുള്ളത് അവർക്ക് ഒരു തടസമാണ് എന്ന്.

ഒരു വ്യക്തിയിലൂടെയല്ല സാമൂഹികപ്രശ്‌നത്തെ കാണേണ്ടത് എന്ന് ഞാൻ അവരോടു പറഞ്ഞു. അവർ എടുത്ത നിലപാട് വളരെ ശരിയായിരുന്നു.

പിന്നീടുള്ള റിപ്പോർട്ടുകൾ കാണിച്ചത്, ഭൂമിയുള്ളവർക്ക് ഭൂമിയുടെ വികസനം സംബന്ധിച്ച വികസനം, ഭൂരഹിതർക്ക് ഒരാടും രണ്ടു കോഴിയും...ഇങ്ങനെ വികസനം രണ്ടുവിധത്തിൽ തിരിഞ്ഞുപോയി. അവരുടെ വിമർശനം അന്വർഥമായിരുന്നു.

എന്നെ ഇതുമായി സഹകരിപ്പിക്കുന്നതിലൂടെ ദളിത് വിഭാഗത്തിന്റെ എതിർപ്പ് കുറയ്ക്കുക എന്ന ലക്ഷ്യം ഒരുപക്ഷെ ഇടതുപക്ഷത്തിന് ഉണ്ടായിരിക്കണം. എനിക്ക് അത് പറയാൻ കഴിയില്ല, കാരണം അതിന് തെളിവില്ല. അത്തരമൊരു ലക്ഷ്യം ഉണ്ടായിരിക്കാം എന്നേ പറയാനാകൂ.

ജനകീയാസൂത്രണത്തിന് നൽകിയ പിന്തുണയിലൂടെ കുഞ്ഞാമൻ ഒരു ഉപകരണമായി എന്ന് വിമർശകർ പറഞ്ഞു, അത് പിന്നീട് എനിക്കും തോന്നിയിട്ടുണ്ട്. കാരണം, രാഷ്ട്രീയരംഗത്തുള്ളവർ അക്കാദമിക് രംഗത്തുള്ളവരെ ഉപകരണമായി തന്നെയാണ് ഉപയോഗിക്കുക. എനിക്ക് ഇത് മനസ്സിലായത് കുറെക്കൂടി കഴിഞ്ഞാണ്. ഞാൻ അത് മനസ്സിലാക്കുന്നതിനുമുമ്പ് മറ്റുള്ളവർ മനസ്സിലാക്കിയിരുന്നുവെന്നതാണ് വസ്തുത.

കെ.വി.കുമാരനെപ്പോലുള്ളവർ ഇക്കാര്യം എന്നോട് സംസാരിച്ചിരുന്നു. ജനകീയാസൂത്രണം ഒരു തരംഗമായപ്പോൾ തങ്ങൾക്ക് മൗലിക പ്രശ്‌നങ്ങൾ ഉന്നയിക്കാൻ കഴിയുന്നില്ല എന്നാണ് അവർ പറഞ്ഞത്.

ജനകീയാസൂത്രണത്തിന്റെ കാലത്ത് എന്നെപ്പോലുള്ളവർ വിചാരിച്ചത്, ഭൂരാഹിത്യം എന്ന പ്രശ്‌നം ജനം അടിത്തട്ടിൽ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തും എന്നാണ്. കാരണം, അവർ കാര്യങ്ങൾ പഠിക്കുമ്പോൾ കൂടുതൽ വ്യക്തത വരും, ഒരു പുതിയ രാഷ്ട്രീയം, ചിന്താഗതി ഉരുത്തിരിഞ്ഞുവരും എന്നൊക്കെയാണ് ഞാൻ ആഗ്രഹിച്ചത്.

വി.എസ്. അച്യുതാനന്ദൻ

രാഷ്ട്രീയപാർട്ടികളിൽനിന്നുതന്നെ അവരുടെ മോചനം നടക്കും എന്നും വിചാരിച്ചിരുന്നു. അത് സാധിച്ചില്ല എന്നു പറയാൻ കഴിയില്ല. സാധിച്ചു എന്നു പറയാനുള്ള ഡോക്യുമെന്റേഷൻ നടത്താനും കഴിഞ്ഞിട്ടില്ല.

ജനകീയാസൂത്രണത്തിനുശേഷം നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റു. സർക്കാറിന്റെ അവസാനകാലത്ത് 500 രൂപയുടെ ബില്ലുപോലും മാറാൻ കഴിയാത്ത അവസ്ഥയായിരുന്നു, സാമ്പത്തിക മാന്ദ്യമുണ്ട് എന്നൊക്കെ വാദമുണ്ടായി. തെരഞ്ഞെടുപ്പിനുശേഷം ദൂരദർശൻ സംഘടിപ്പിച്ച ഒരു ചർച്ചയിൽ, വി.എസ്. അച്യുതാന്ദൻ അടക്കമുള്ളവർ പറഞ്ഞത്, കേരളത്തിൽ സാമ്പത്തിക തകർച്ചയുണ്ട് എന്നാണ്, കെ.എം. മാണിയും ഇത് സമ്മതിച്ചു.
ഞാൻ പറഞ്ഞത് ഇതാണ്: ""ഇത് സാമ്പത്തിക പ്രശ്‌നമല്ല, ധന പ്രതിസന്ധിയാണ്. ജനകീയാസൂത്രണത്തിൽ രണ്ട് കാര്യങ്ങളിൽ നേട്ടമുണ്ടായി. ഒന്ന്, ഭവനനിർമാണം, പ്രത്യേകിച്ച് ദുർബലവിഭാഗങ്ങൾക്ക് നല്ല വീടുകൾ വച്ചുകൊടുത്തു. അവർക്കുവേണ്ടത് അടച്ചുറപ്പുള്ള വീടാണ്, ഭക്ഷണം പോലും രണ്ടാമതാണ് വരുന്നത് എന്നാണ് എന്റെ ഇപ്പോഴത്തെയും ധാരണ. രണ്ട്, വൈദ്യുതമേഖലയിൽ വലിയ നിക്ഷേപം നടന്നു''.

ഖജനാവ് കാലിയായി എന്ന വാദത്തിന് മറുപടിയായി ഞാൻ ഇതുകൂടി പറഞ്ഞു, ""ഖജനാവിലേക്ക് പണം ഒഴുകില്ല. നികുതി കൊടുക്കേണ്ടവൻ അത് കൊടുക്കില്ല. രണ്ടുകോടി നികുതി കൊടുക്കേണ്ട കച്ചവടക്കാരൻ അത് കൊടുക്കാതെ ഒരു കോടി രാഷ്ട്രീയക്കാർക്കുതരും, എന്നിട്ട് 20,000 രൂപ നികുതിയായി അടക്കും. എല്ലാവർക്കും ലാഭം കിട്ടും. പണം ഖജനാവിലേക്കല്ല ഒഴുകുന്നത്, രാഷ്ട്രീയക്കാരുടെ പോക്കറ്റിലേക്കാണ്''.

കെ.എം മാണി

ഇത് കെ.എം. മാണിക്ക് പ്രകോപനകരമായി തോന്നി. ചായ കുടിക്കാൻ പിരിഞ്ഞപ്പോൾ, വി.എസ്. എന്നോടു പറഞ്ഞു, ""ഇങ്ങനെയൊക്കെയാണോ കാര്യങ്ങൾ നടന്നത്? ഞാൻ പ്രായോഗികരംഗത്ത് പ്രവർത്തിക്കുന്നയാളാണ്, ഒന്ന് ഇരുന്ന് ചർച്ച ചെയ്യണം''.

വി.എസ്. കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിൽസക്ക് രണ്ടാഴ്ച കിടന്നിരുന്നു. ഞാൻ അവിടെപ്പോയി കാര്യങ്ങൾ ചർച്ച ചെയ്തു, സാമ്പത്തിക, ധനപരമായ കാര്യങ്ങൾ. മാണിയുടെ ധവളപത്രം ചർച്ച ചെയ്യാൻ ഒരു യോഗം സംഘടിപ്പിക്കണമെന്നും അതിലേക്ക് കുഞ്ഞാമനെ വിളിക്കണം എന്നും വി.എസ്. ഡി.വൈ.എഫ്.ഐക്കാർക്ക് നിർദേശം നൽകി. തിരുവനന്തപുരത്തായിരുന്നു സമ്മേളനം. ജനകീയാസൂത്രണത്തിന്റെ കാലത്ത് യു.ഡി.എഫ് പറഞ്ഞ തരത്തിലുള്ള കാര്യങ്ങളുണ്ടായിട്ടില്ല എന്നാണ് ഞാൻ ആ സമ്മേളനത്തിൽ പറഞ്ഞത്: ""ജനകീയാസൂത്രണം വിജയമോ പരാജയമോ എന്നത് മറ്റൊരു വിഷയമാണ്, ജനങ്ങൾക്ക് അവിടെ ഇടം കിട്ടി എന്നതാണ് പ്രധാനം. വലിയ നേതാക്കളുടെ, ഉദ്യോഗസ്ഥരുടെ ആവശ്യമില്ല. മുൻഗനണാക്രമം ജനങ്ങൾ തീരുമാനിക്കുന്നു. ഇത് സൈദ്ധാന്തികമാണ്.
തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പരാജയപ്പെടുത്തുന്നതിൽ ബ്യൂറോക്രസി വലിയ പങ്കുവഹിച്ചു. പണം ഖജനാവിലേക്ക് ഒഴുകുന്നത് അനുസ്യൂതം നടക്കുന്ന കാര്യമാണ്. അത് ഒരിക്കലും നിലയ്ക്കുന്നില്ല. അപ്പോൾ പണം എവിടെപ്പോയി? സർക്കാർ മാറിയപ്പോൾ പെട്ടന്ന് പണം എവിടെനിന്നുവന്നു? ജനകീയാസൂത്രണത്തിൽ സംഗത്യം നഷ്ടപ്പെട്ട ബ്യൂറോക്രസി തെരഞ്ഞെടുപ്പിൽ ഒരു ഗൂഢാലോചന നടത്തിയിട്ടുണ്ട്''.

ജനകീയാസൂത്രണവുമായി ബന്ധപ്പെട്ടുയർന്ന ഫണ്ടിങ് വിവാദങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ലോകബാങ്കിന്റെ കാണാചരടുകൾ ഇതിനുപുറകിലുണ്ട് എന്ന ആരോപണമൊക്കെ ഉയർന്നിരുന്നു. എന്നാൽ, ഒരു കാര്യം ശ്രദ്ധിക്കണം. സാക്ഷരത വ്യാപിപ്പിക്കണം, ഭൂപരിഷ്‌കരണം നടക്കണം, ആസൂത്രണം ജനകീയമാക്കണം- ഈ മൂന്ന് കാര്യങ്ങൾ എത്രയോ മുമ്പ് ഇ.എം.എസ് മുന്നോട്ടുവച്ച ആശയങ്ങളാണ്. അദ്ദേഹത്തിന്റെ വീക്ഷണം മൗലികമായിരുന്നു. അദ്ദേഹത്തിന് ശരിയായ ദിശാബോധമുണ്ടായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായശേഷം ദേശീയ വികസന കൗൺസിലിൽ ചെയ്ത പ്രസംഗങ്ങൾ ഞാൻ ശ്രദ്ധിച്ചുവായിച്ച് പഠിച്ചിട്ടുണ്ട്.

എനിക്കുതോന്നുന്നത് ഇ.എം.എസിനെപ്പോലുള്ളവരുടെ ഇത്തരം സമീപനങ്ങളായിരിക്കണം വികേന്ദ്രീകരണവുമായും വികസനവുമായും ബന്ധപ്പെട്ട പരിപ്രേഷ്യമായി രൂപപ്പെടുത്താൻ ലോകബാങ്കിനുപോലും സഹായകമായത്. ലോകബാങ്ക് ഉദ്യോഗസ്ഥർ മറ്റുള്ളവരുടെ ആശയങ്ങൾ കടമെടുക്കും. അത് ഉപയോഗപ്പെടുത്താനുള്ള കരകൗശലം അവർക്കുണ്ട്.

ഇവിടെ സംഗതമായ ഒരു കാര്യം, കമ്യൂണിസ്റ്റ് പാർട്ടിയുടെ തനതായ സമീപനത്തിന്റെ പ്രശ്‌നമാണ്. സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന എന്ത് നടപ്പാക്കുമ്പോഴും അവർ അതിനെ ജനകീയമാക്കുന്നു. ആ കാഴ്ചപ്പാട് അവർക്കുമാത്രമുള്ളതാണ്. ജനങ്ങൾക്ക് അത് തങ്ങളുടേതാണ് എന്ന തോന്നലുണ്ടാക്കും. ഭൂപരിഷ്‌കരണം, സാക്ഷരത, ജനകീയാസൂത്രണം എന്നിവയിലെല്ലാം ജനങ്ങളെ സംഘടിതരാക്കി. അത് നമ്മൾ അംഗീകരിക്കണം. ജനകീയമായ ഒരു പദ്ധതിയെ പരാജയപ്പെടുത്താൻ ജനം മുതിരില്ല.

ഇപ്പോൾ പാർട്ടിയും അതിൽനിന്ന് മാറി. ഇപ്പോൾ ഓരോ പദ്ധതിയും നടപ്പാക്കുന്നത് ഭരണപരമായ രീതിയിലാണ്, ജനകീയമായ സംഘാടനത്തിന്റെ രീതിയിലല്ല. ബൂർഷ്വാപാർട്ടികൾക്ക് കമ്യൂണിസ്റ്റു പാർട്ടികളെ മാറ്റിയെടുക്കാൻ കഴിയും എന്നത് ലോകത്തെ ഇതര ഭാഗങ്ങളിലും തെളിയിക്കപ്പെട്ട കാര്യമാണ്. ബൂർഷ്വ സംവിധാനം അവരെക്കൊണ്ട് അംഗീകരിപ്പിക്കുകയാണ്. നമ്മുടെ തെരഞ്ഞെടുപ്പും ഭരണവും ബൂർഷ്വാപരമാണ്. അവിടെ ഒരു കമ്യൂണിസ്റ്റുകാരൻ ഭരണരംഗത്ത് ഒരു കാര്യം നടപ്പാക്കാൻ വരുന്നു എന്നു പറഞ്ഞാൽ അദ്ദേഹം ബൂർഷ്വപദ്ധതികളുടെ സംസ്ഥാനതല ചെറുകിട വ്യാപാരിയാണ്. അതിനെ എതിർക്കാൻ അവർക്ക് കഴിയുന്നില്ല. യഥാർഥത്തിൽ കമ്യൂണിസ്റ്റുകാർക്കേ ഇതിനെ ചെറുക്കാൻ കഴിയൂ, കാരണം ജനങ്ങളെ അണിനിരത്താൻ കഴിയുന്നത് ഇവർക്കാണ്, എന്നാൽ അവരും ഇതിൽനിന്നുമാറി. അവരുടെ മാറ്റം, ആത്യന്തികമായി ബൂർഷ്വാസിയുടെ വിജയമാണ്.

കമ്യൂണിസ്റ്റു പാർട്ടികൾക്ക് ബൂർഷ്വ പാർട്ടികളെയല്ല, ബൂർഷ്വ പാർട്ടികൾക്ക് കമ്യൂണിസ്റ്റുപാർട്ടികളെ മാറ്റിയെടുക്കാൻ കഴിഞ്ഞു. അത് ആഗോളതലത്തിൽ തന്നെ ബൂർഷ്വാസിയുടെ വിജയമായി കാണണം. അവർ ആത്യന്തികമായി ഊന്നുന്നത് ഭരണത്തിലാണ്. ബഹുമാനിക്കപ്പെടുന്നതിനും ആദരിക്കപ്പെടുന്നതിനും വിധേയത്വത്തിനും എതിരായി നിൽക്കേണ്ടവർ, ഭരണത്തെ രാഷ്ട്രീയവൽക്കരിക്കേണ്ടവർ, രാഷ്ട്രീയത്തെ ഭരണപരമായി മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. ആ ഹൈറാർക്കി അതിലും വരുന്നു. അതുകൊണ്ടാണ് ഭരണാധികാരികൾ ധാർഷ്ട്യമുള്ളവരായി ജനങ്ങൾക്ക് അനുഭവപ്പെടുന്നത്. സിവിൽ സമൂഹത്തിൽനിന്ന് ബ്രാഹ്മണ്യം അങ്ങനെ ഭരണാധികാരത്തിലേക്ക് സംക്രമിക്കുന്നു.
പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ എ. അയ്യപ്പൻ 1960ൽ എഴുതി, ""കടുവയെയും സിംഹത്തെയും ആക്രമിച്ച് കീഴടക്കുന്ന ആദിവാസി ഒരു റവന്യൂ ഇൻസ്‌പെക്ടറുടെ മുന്നിൽനിന്ന് വിറയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്''. ഇയാൾ ശ്രേണിയിലെ ഏറ്റവും താഴെയുള്ള ഉദ്യോഗസ്ഥനാണെങ്കിലും അയാൾ ഭരണകൂടത്തെ പ്രതിനിധീകരിക്കുന്നു.

മാർക്‌സിസത്തിന് തിരിച്ചുവരവില്ല

മാർക്‌സ് ഒരിക്കലും വിമോചന സമരങ്ങൾക്ക് പ്രാധാന്യം നൽകിയില്ല. അദ്ദേഹത്തിന് പല പരിമിതികളുമുണ്ടായിരുന്നു. "മൂലധന'ത്തിന്റെ ആദ്യ വോള്യത്തിൽ അമേരിക്കൻ അടിമസമ്പ്രദായത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വർഗേതര (non class)
വിമോചന സമരങ്ങൾക്ക് മാർക്‌സ് പ്രാധാന്യം നൽകിയില്ല.
വർഗേതര പ്രസ്ഥാനങ്ങളെയും വിമോചനമുന്നേറ്റങ്ങളെയും അവഗണിച്ചത് മാർക്‌സിന് പറ്റിയ ഒരു തെറ്റാണ്. മാർക്‌സ് യൂറോപ്യൻ സാമൂഹികാവസ്ഥയെ കേന്ദ്രീകരിച്ചുകൊണ്ടാണ് അപഗ്രഥനം നടത്തിയത്. കിഴക്കൻ സമൂഹങ്ങളെ അദ്ദേഹം ശരിക്ക് പഠിച്ചില്ല. കിഴക്കിന്റെ സാമൂഹികാവസ്ഥ ശരിക്കും വ്യത്യസ്തമായിരുന്നു. ഉദാഹരണത്തിന്, Primitive accumulation
എന്ന ആശയം വിശദീകരിക്കുന്നതിൽ ഒരു പ്രശ്‌നമുണ്ട്. ഉടമകളുടെ, ഫ്യൂഡൽ ജന്മിമാരുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചിരുന്നത് ഭൂമിയുടെയും അതിനോടനുബന്ധിച്ച അടിമകളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു. അത് പാശ്ചാത്യരാജ്യങ്ങളിലും ഇന്ത്യയിലും അങ്ങനെയായിരുന്നു.

എന്നാൽ, ഈ അടിസ്ഥാനത്തിലുള്ള പരിഗണന അടിമകൾക്ക് ചരിത്രപരമായും ദാർശനികമായും ലഭിച്ചില്ല. അതുകൊണ്ടുതന്നെ വർഗേതര സമരങ്ങളെ കണക്കിലെടുക്കാൻ മാർക്‌സിന് കഴിഞ്ഞില്ല. പരിപൂർണമായിട്ടും വളർന്ന മുതലാളിത്ത സമ്പ്രദായത്തിൽ മുതലാളിയും തൊഴിലാളിയും വേർതിരിക്കപ്പെടുന്ന ഒരു സമൂഹത്തിൽ, ചൂഷണങ്ങൾക്കെതിരെ എങ്ങനെ സമരം ചെയ്യണം എന്ന് വിശദീകരിക്കുന്ന ശാസ്ത്രമായിട്ടേ മാർക്‌സിസത്തിനെ കാണാനാകൂ.

റോസ ലക്‌സംബർഗ്

റോസ ലക്‌സംബർഗിനെ (അവരുടെ The Accumulation of Capital
/1913) പോലുള്ള ചുരുക്കം ചിലരൊഴികെ, മാർക്‌സിസ്റ്റുകളും പിന്നീട് അവലംബിച്ചത്, വർഗേതര സമരങ്ങളെ അവഗണിക്കുന്ന സമീപനമായിരുന്നു. അതുമൂലം, ഇന്ത്യയിലെ ജാതി വിരുദ്ധ സമരങ്ങൾ, പാശ്ചാത്യരാജ്യങ്ങളിലെ വർണവിവേചനത്തിനെതിരായ സമരങ്ങൾ എന്നിവ അവഗണിക്കപ്പെട്ടു. സത്യത്തിൽ, സമരങ്ങളുടെ സാംഗത്യം നമ്മൾ കാണുന്നത് ഇത്തരം സമരങ്ങളിലാണ്. ഉദാഹരണത്തിന് കേരളത്തിലെ സ്ത്രീ സമരങ്ങൾ നോക്കൂ- മാറുമറക്കൽ, തലക്കരം, മുലക്കരം സമരങ്ങൾ. ഇവരെ ഏതു വിഭാഗത്തിൽ എടുക്കണം എന്നത് വർഗസമീപനവുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ നിർണായകമാണ്.

ഇന്ത്യൻ സാഹചര്യത്തിലും, ജാതിയെ ഉപരിഘടനാപ്രതിഭാസമായാണ് കമ്യൂണിസ്റ്റുകാർ കണ്ടത്. സ്വത്തവകാശം, സ്വത്ത് നിയന്ത്രണം, തൊഴിൽ വിഭജനം, സാമൂഹിക ഉൽപ്പന്നത്തിന്റെ വിതരണം, സാമൂഹിക മിച്ചം ഇതൊക്കെ ജാതിവ്യവസ്ഥയായിരുന്നു തീരുമാനിച്ചിരുന്നത്. അതുകൊണ്ടാണ്, അംബേദ്കർ അതിനെ അടിസ്ഥാനഘടനയായി കണ്ടത്. കമ്യൂണിസ്റ്റുകാർ പറഞ്ഞതുപോലെ, സാമ്പത്തിക ക്രമം സാമൂഹിക ക്രമത്തെ നിയന്ത്രിക്കുകയല്ല ഇവിടെയുണ്ടായത്, നേരെ മറിച്ച് സാമൂഹിക ബന്ധങ്ങൾ സാമ്പത്തിക ബന്ധങ്ങളെ നിയന്ത്രിക്കുന്ന അവസ്ഥയാണ്. ഇത് തിരിച്ചറിയാതെ പോയത്, ഇവിടുത്തെ കമ്യൂണിസ്റ്റുകാരുടെ വിജ്ഞാനത്തിന്റെ പരിമിതിയായി കാണാൻ കഴിയില്ല. ഇത്തരം പ്രസ്ഥാനങ്ങളിൽ വന്ന നേതാക്കൾ ഫ്യൂഡൽ സ്വഭാവത്തിൽനിന്നുവന്നവരാണ്.

അവർക്ക് അവരുടെ വർഗതാൽപര്യങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇ.എം.എസിനെപ്പോലുള്ളവർക്ക് അംബേദ്കറെ അംഗീകരിക്കാൻ കഴിയാതിരുന്നത്. ഇ.എം.എസിനെപ്പോലുള്ളവർ ഫ്യൂഡൽ അടിത്തറയെ എതിർക്കുമ്പോൾ തന്നെ അവർ അവരുടെ ഫ്യൂഡൽ അടിത്തറയിൽനിന്ന് മുക്തമാകാൻ ശ്രമിച്ചില്ല. ഇതൊരു കഴിവിന്റെ പ്രശ്‌നമായിട്ടല്ല കാണേണ്ടത്, അവരുടെ വർഗതാൽപര്യമായിരുന്നു ഇതിനുപിന്നിൽ പ്രവർത്തിച്ചത്.

മാർക്‌സിസത്തെ റഷ്യയുടെ സാമൂഹിക സന്ദർഭത്തിലേക്ക് സ്വാംശീകരിക്കാൻ ലെനിനും ചൈനയിൽ മാവോക്കും കഴിഞ്ഞു. ഇന്ത്യയിലെ പ്രത്യേക സാമൂഹികാവസ്ഥയുമായി ബന്ധപ്പെടുത്തി മാർക്‌സിസത്തെ കാണാൻ ഇ.എം.എസ് ശ്രമിച്ചില്ല, അദ്ദേഹത്തിന് അത് കഴിഞ്ഞില്ല.

ആന്റോണിയോ ഗ്രാംഷി

ഗ്രാംഷിയെയും അൽതൂസറിനെയും പോലുള്ള ചിന്തകരെപ്പോലെ മൗലികമായ ഒരു ആശയം പോലും മുന്നോട്ടുവക്കാൻ ഇ.എം.എസിന് കഴിഞ്ഞിട്ടില്ല. അത് അദ്ദേഹത്തിന്റെ പരാജയമായി വിലയിരുത്തേണ്ടതില്ല, കാരണം, അവരുടെ രാഷ്ട്രീയത്തിന് ഈയൊരു സമീപനം ഉപയുക്തമായിരുന്നു. ഒരു ബൂർഷ്വ ജനാധിപത്യപ്രക്രിയയിൽ പാർട്ടിയുണ്ടാക്കി അതിന് വളരാനാവശ്യമായ പരിസ്ഥിതിക്ക് ഇണങ്ങുന്ന രാഷ്ട്രീയമായിരുന്നു ഇന്ത്യയിൽ അത്, ഈയൊരു സന്ദർഭത്തിൽ ഈ സമീപനം പ്രസക്തമായിരുന്നു. ഈയൊരു ലക്ഷ്യത്തിനുവേണ്ടി പ്രത്യേകമായ രീതിയിൽ കാര്യങ്ങൾ വ്യാഖ്യാനിച്ച് ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചു. അത് മോശം കാര്യമാണെന്ന് പറയാനാകില്ല. പക്ഷെ, അത് ചരിത്രത്തോടുള്ള വർഗസമീപനമായി കാണാൻ കഴിയില്ല എന്നുമാത്രം. ഉൽപാദനത്തിൽ വ്യാപൃതരായ വ്യക്തികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ചരിത്രം ഇനിയും എഴുതപ്പെടേണ്ടിയിരിക്കുന്നു. അതായിരിക്കും ചരിത്രത്തിലെ വർഗസമീപനം.

കേരളത്തിന്റെ അനുഭവം പരിഗണിച്ചാൽ, പീന്നിട്, വർഗീസോ കെ. വേണുവോ അജിതയോ എടുത്ത റാഡിക്കൽ നിലപാട് സ്വീകരിക്കാൻ ഇ.എം.എസിന് കഴിഞ്ഞിട്ടില്ല. അയ്യങ്കാളിയെ എടുക്കൂ. അഭ്യസ്തവിദ്യനല്ലാതിരുന്ന, പണ്ഡിതനല്ലാതിരുന്ന അയ്യങ്കാളിക്ക് ഒരു ധിഷണാശാലിയാകാൻ കഴിഞ്ഞു.

കർഷകത്തൊഴിലാളി സമരം അടക്കമുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ കാണിക്കുന്നത് അതാണ്. എന്നാൽ, പണ്ഡിതനും അഭ്യസ്തവിദ്യനുമായിരുന്ന ഇ.എം.എസ് ഒരു ധിഷണാശാലിയായില്ല. ഇതാണ് വ്യത്യാസം. പാർട്ടിയിൽനിന്ന് മാറ്റിനിർത്തി അദ്ദേഹത്തെ അക്കാദമികമായി കാണാൻ കഴിയില്ല.

അടിച്ചമർത്തപ്പെടുന്ന, മർദിത ജനവിഭാഗത്തിൽനിന്നുയർന്നുവരുന്ന ഒരു നേതൃത്വത്തിന്റെ സ്വഭാവം വ്യത്യസ്തമായിരിക്കും. ഇ.എം.എസ് അത്തരം വിഭാഗത്തിൽനിന്ന് വന്നയാളല്ല. അതൊരു മോശം കാര്യമായല്ല പറയുന്നത്. മാർക്‌സും അത്തരം വിഭാഗത്തിൽനിന്നുവന്നയാളല്ല. അവർ നല്ല കാര്യങ്ങൾ ചെയ്തു. പക്ഷെ, ചരിത്രം പരിശോധിക്കുമ്പോൾ അംബേദ്കർ വ്യത്യസ്തനാകുന്നത് ഒരു ജൈവിക ബുദ്ധിജീവിയായിട്ടാണ്. അത് അനുഭവങ്ങളിൽനിന്നും ജീവിതത്തിൽനിന്നും രൂപപ്പെടുന്ന ഒരു പ്രക്രിയയാണ്.

ഡോ. ബി.ആർ അംബേദ്കർ

വെള്ളം കോരുന്നവനും വിറക് വെട്ടുന്നവനുമല്ല ചരിത്രം സൃഷ്ടിച്ചത്, വെള്ളം കോരിച്ചവനും വിറക് വെട്ടിച്ചവനുമാണ്. ഇവിടെ വിജ്ഞാനത്തിന്റെയും പാണ്ഡിത്യത്തിന്റെയും പ്രശ്‌നം ഉദിക്കുന്നുണ്ട്. അയ്യങ്കാളിയെപ്പോലൊരാൾക്ക് തന്റെ ധിഷണാവൈഭവം ചരിത്രത്തെക്കൊണ്ട് വിപുലമായി അംഗീകരിപ്പിക്കാൻ കഴിയാതിരുന്നത് പാണ്ഡിത്യത്തിന്റെ അഭാവം മൂലമായിരുന്നു. മറിച്ച്, അംബേദ്കർക്ക് അതിന് കഴിഞ്ഞത്, അദ്ദേഹം ആർജിച്ച ആധുനിക വിദ്യാഭ്യാസം മൂലമാണ്.

അയ്യങ്കാളി

ഇ.എം.എസിലൂടെയാണ് മാർക്‌സിസം ഇവിടുത്തെ തലമുറകൾ മനസ്സിലാക്കിയത്. എന്നാൽ, അതിനെ വിശകലനം ചെയ്യാനോ വിമർശനാത്മകമായി നോക്കിക്കാണാനോ അന്ന് കഴിഞ്ഞിരുന്നില്ല. കാരണം, മാർക്‌സിസത്തിന്റെ യഥാർഥ ടെക്സ്റ്റുകൾ അന്ന് ലഭ്യമായിരുന്നില്ല. മാർക്‌സിസത്തിന്റെ മുഖ്യധാര അവതരണമായിരുന്നു കേരളത്തിൽ വായിച്ചുകൊണ്ടിരുന്നത്.

അറുപതുകളായതോടെ, കേരളത്തിലടക്കം വ്യത്യസ്ത വിശകലനങ്ങളും വിമർശനങ്ങളും വന്നു. മാർക്‌സിസത്തെ വിമർശനാത്കമായിട്ടും വിശകലനാത്മകമായിട്ടും നോക്കിക്കാണാൻ തുടങ്ങിയത് റാഡിക്കലായ ആളുകൾ വന്നശേഷമാണ്. പ്രത്യേകിച്ച് ഇന്ത്യയിൽ, നക്‌സൽബാരിക്കുശേഷം. ഞാനൊക്കെ യഥാർഥ ടെക്സ്റ്റുകൾ വായിക്കുന്നത് ഏറെ കഴിഞ്ഞാണ്, അപ്പോഴാണ് തിരിച്ചറിയുന്നത്, ഇതുവരെ മനസ്സിലാക്കിയതല്ല മാർക്‌സിസം എന്ന്. അതായത്, മാർക്‌സ് വ്യാഖ്യാനിച്ചതല്ല ഇവിടെ ഇ.എം.എസ് അവതരിപ്പിച്ചത്. അദ്ദേഹം ഒരു മൗലിക ചിന്തകനായിരുന്നില്ല. ഇ.എം.എസിന് ചരിത്രത്തിൽ നൽകാൻ കഴിയുന്നത് ഒരു പരിഭാഷകന്റെ സ്ഥാനമാണ്, അല്ലെങ്കിൽ വളരെ പ്രാഥമികമായ തലത്തിൽ കാര്യങ്ങളെ പരിചയപ്പെടുത്തിയ ആൾ എന്ന സ്ഥാനം.

ഇ.എം.എസ്

മാർക്‌സിസത്തെക്കുറിച്ചുള്ള യഥാർഥ ടെക്സ്റ്റുകൾ ലഭ്യമല്ലാതിരുന്ന ഒരു കാലത്ത്, ഇതാണ് മാർക്‌സിസം എന്നു പറഞ്ഞ് ചില കാര്യങ്ങൾ ഇ.എം.എസ് അവതരിപ്പിച്ചു. അത് വിശ്വസിക്കുകയല്ലാതെ മറ്റുമാർഗമില്ലായിരുന്നു. ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുംവിധം മാർക്‌സിസത്തെ വ്യാഖ്യാനിക്കാൻ കഴിഞ്ഞില്ല എന്നത് അവരുടെ കഴിവില്ലായ്മയുടെ പ്രശ്‌നമായി കാണേണ്ടതില്ല. മാർക്‌സിസത്തെ ഈയൊരു തലത്തിൽ പരിചയപ്പെടുത്തിയതിനുപിന്നിൽ അവർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു, വർഗതാൽപര്യങ്ങളുണ്ടായിരുന്നു.

ഇ.എം.എസിന്റെ സമകാലികനായിരുന്ന സി. അച്യുതമേനോനെ നോക്കൂ. രാഷ്ട്രീയരംഗത്തും പാണ്ഡിത്യത്തിലും ഇ.എം.എസിനോട് കിടപിടിക്കാൻ കഴിയുന്ന ആളായിരുന്നില്ല അദ്ദേഹം. അച്യുതമേനോന് ഇ.എം.എസിനുമുന്നിൽ അപകർഷതാബോധമുണ്ടായിരുന്നു. ഇന്ന്, സി.പി.ഐക്ക് സി.പി.ഐ.എമ്മിനുമുന്നിലും ഇതേ അപകർഷതാബോധവും നിസ്സഹായാവസ്ഥയുമുണ്ട്. ഉദാഹരണത്തിന്, അട്ടപ്പാടിയിൽ മാവോവാദികളെ പൊലീസ് വെടിവച്ചുകൊന്നതിനെ സി.പി.ഐ നിശിതമായി വിമർശിച്ചിരുന്നു. അവർ അവിടം സന്ദർശിച്ച്, അത് ഒരു ഏറ്റുമുട്ടൽ കൊലയാണെന്ന് വ്യക്തമായി പറയുകയും ചെയ്തു. എന്നാൽ, അവർ കൂടി പങ്കാളിയായ ഒരു ഭരണകൂടത്തിന്റെ ചെയ്തിയാണ് അത് എന്ന സത്യം മറച്ചുവച്ച് അതിൽ അവർക്കുകൂടിയുള്ള ഉത്തരവാദിത്തത്തിൽനിന്ന് ഒഴിവാകുകയാണ് സി.പി.ഐ ചെയ്തത്. ഇത് അവരുടെ നിസ്സഹായാവസ്ഥക്ക് തെളിവാണ്. അവർ പറയുന്നത് അവർക്കുതന്നെ അവിശ്വസിക്കേണ്ട നിസ്സഹായാവസ്ഥ. പാർട്ടിയുടെ ഈ നിസ്സഹായാവസ്ഥ നേതാവായ അച്യുതമേനോനിലും ഉണ്ടായിരുന്നതാണ്. അധികാരരാഷ്ട്രീയത്തിനുവേണ്ടിയുള്ള ഇടതുപക്ഷ നിർമിതിയുടെ പ്രതിസന്ധികളാണിത്.

ഇടതുപക്ഷത്തെ ചൂണ്ടി, മാർക്‌സിസം തിരിച്ചുവരുന്നു എന്നൊരു വാദം ഇപ്പോൾ ഉയരുന്നുണ്ട്. മധ്യവർഗ ബുദ്ധിജീവികളുടെ എഴുത്തിലൂടെ ഒരു പ്രത്യയശാസ്ത്രത്തിന് തിരിച്ചുവരാൻ കഴിയുമോ? പ്രത്യയശാസ്ത്രം തിരിച്ചുവരേണ്ടത് സമൂഹത്തിൽ ഒരു രാഷ്ട്രീയ പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കണം. ആശയങ്ങൾ ഒരിക്കലും ലോകത്തെ മാറ്റിമറിക്കുന്നില്ല. മാറ്റിമറിക്കുന്നത് പ്രവർത്തനങ്ങളാണ്. കമ്യൂണിസം എന്ന ആശയം തന്നെ മാർക്‌സിനും എത്രയോ മുമ്പ് ഉണ്ടായിരുന്നതാണ്. ഇടതുരാഷ്ട്രീയം എന്നു പറയുന്നത് അവ്യക്തമായ ആശയമാണ്. മാർക്‌സിസ്റ്റ്, കമ്യൂണിസ്റ്റുപാർട്ടികൾക്ക് സ്വന്തമായി നിലനിൽക്കാനാകാത്തതുകൊണ്ടാണ് ഇടതുപക്ഷം എന്ന ആശയം തന്നെ രൂപപ്പെടുന്നത്. ഇടതുപക്ഷം എന്നത് ഒരു പക്ഷമാണ്, രാഷ്ട്രീയപാർട്ടികളുടെ വർഗേതരമായ കൂട്ടായ്മയാണ്. ഇപ്പോൾ നിലനിൽക്കുന്ന ഇടതുപക്ഷത്തിന് മാർക്‌സിസവുമായി ഒരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ, മാർക്‌സിസം, ഇടതുപക്ഷത്തിലൂടെ നിലനിൽക്കുന്നു, തിരിച്ചുവരുന്നു എന്ന വാദം അയഥാർഥമാണ്.

(കെ. കണ്ണൻ എഡിറ്റുചെയ്ത് ഡി.സി. ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'ഞാൻ കുഞ്ഞാമൻ: അതീജീവനക്കുറിപ്പുകൾ' എന്ന കൃതിയിൽനിന്ന്)


എം. കുഞ്ഞാമൻ

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Comments