ഇന്ന് ലോകത്തെമ്പാടുമായി, അധികാരത്തിൽ നിന്ന് സ്വയം നിഷ്‌കാസിതരാകാനായി ജനങ്ങൾ തങ്ങൾക്കെതിരെ തന്നെ വോട്ടു ചെയ്യുന്ന കാഴ്ച അമ്പരപ്പിക്കുന്ന ഒരു സമസ്യയായി നമുക്കു മുന്നിൽ നിലനില്ക്കുന്നു. അവരിങ്ങനെ ചെയ്യുന്നത് അവർക്ക് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. എന്താണാ വിവരം? ആരാണത് നിയന്ത്രിക്കുന്നത്? അത് ആധുനിക ലോകത്തിന്റെ വിഷലിപ്തമായ പാനപാത്രമാണ്. ആരാണോ സാങ്കേതികവിദ്യയെ നിയന്ത്രിക്കുന്നത്; അവർ ലോകത്തെ നിയന്ത്രിക്കും. എന്നാൽ ആത്യന്തികമായി ഞാൻ വിശ്വസിക്കുന്നത്, നിതാന്തകാലം ജനങ്ങളെ വരുതിയിൽ തളച്ചിടാനാവില്ലെന്നാണ്. എതിർപ്പിന്റെ വിപ്ലവകാഹളമുയർത്തി ഒരു പുത്തൻ തലമുറ ഉദയം ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. വിപ്ലവം ഉണ്ടാകും. ക്ഷമിക്കണം. ഞാനാ പദപ്രയോഗത്തെ ഒന്ന് പരിഷ്‌കരിക്കുകയാണ്- വിപ്ലവങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടാകും.
ഒരു രാഷ്ട്രം എന്ന നിലയിൽ നമ്മുടെ ധാർമ്മിക ദിശാബോധം നഷ്ടപ്പെട്ടുവെന്ന് ഞാൻ നേരത്തേ പറഞ്ഞല്ലോ. ലോകത്തിന്റെ നാനാഭാഗങ്ങളിലെ ദശലക്ഷക്കണക്കായ മനുഷ്യർ- ജൂതർ, മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ, കമ്യൂണിസ്റ്റുകൾ, നിരീശ്വരർ, അഞ്‌ജേയവാദികൾ ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് പ്രകടനങ്ങൾ നടത്തുന്നു. എന്നാൽ, ഒരുകാലത്ത് കോളനിവൽക്കരണത്തിന് വിധേയരായവരുടേയും പലസ്തീൻ ജനതയുടെയും ആത്മാർത്ഥ സുഹൃത്തായിരുന്ന നമ്മുടെ രാജ്യത്തിന്റെ തെരുവുകൾ ദശലക്ഷങ്ങൾ പങ്കെടുത്ത പ്രകടനങ്ങളാൽ മുഖരിതമായിരുന്നെങ്കിൽ, ഇന്ന് ആ തെരുവുകളെല്ലാം നിശ്ശബ്ദമാണ്. ഏതാനും, ചിലരൊഴികെ, നമ്മുടെ രാജ്യത്തെ എഴുത്തുകാരും പ്രഖ്യാതരായ ബുദ്ധിജീവികളും നിതാന്ത നിശ്ശബ്ദതയിലാണ്. എത്ര ലജ്ജാകരം! എത്ര പാപ്പരത്വപൂർണ്ണമാണ് അവരുടെ ദീർഘവീക്ഷണമില്ലായ്മ!
വളരെ അടുക്കുംചിട്ടയോടെയും നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ പൊളിച്ചടുക്കൽ നിങ്ങൾ കാണുന്നുണ്ടല്ലോ. നമ്മുടെ നാടിന്റെ അവിശ്വസനീയമാംവണ്ണമുള്ള വൈവിദ്ധ്യത്തെ വ്യാജവും സങ്കുചിതവും ഏകമുഖാത്മകവുമായ ദേശീയതയുടെ മൂലയ്‌ക്കൊതുക്കാനുള്ള ശ്രമങ്ങളും നാം കാണുന്നു. ചുരുങ്ങിയ പക്ഷം, ബുദ്ധിജീവികൾ എന്ന് സ്വയം മേനി നടിക്കുന്ന നിങ്ങൾ തിരിച്ചറിയുക, ഒരു നാൾ ഈ രാജ്യം പൊട്ടിത്തെറിക്കും.
നമ്മുടെ സ്വകാര്യ ജീവിതത്തിന്റെ അകത്തളങ്ങളിൽ തത്സമയ സംപ്രേക്ഷണം വഴി നിർലജ്ജമെന്നോണം- ഇസ്രായേലികൾ പലസ്തീനികളെ കൊന്നൊടുക്കുന്നതിന്റെ ദൃശ്യങ്ങൾകണ്ടിട്ടും നിശ്ശബ്ദത പാലിക്കുന്നത് കുറ്റത്തിന് കൂട്ടുനിൽക്കുന്നതുപോലെയാണ്. നമ്മുടെ ധാർമ്മിക ബോധത്തിലെ ചിലതിനെയൊക്കെ എന്നെന്നേക്കുമായി മാറ്റേണ്ടിയിരിക്കുന്നു. വീടുകൾ, ആശുപത്രികൾ, അഭയാർത്ഥിക്യാമ്പുകൾ, സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റികൾ, ചരിത്രസ്ഥലങ്ങൾ, ഒക്കെ ബോംബിട്ട് നശിപ്പിക്കുന്നു; ലക്ഷക്കണക്കിന് ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെട്ട് തെരുവാധാരമാകുന്നു; നാശാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുഞ്ഞുങ്ങളുടെ ശവശരീരം പെറുക്കിയെടുക്കുന്നു - ഈ കാഴ്ചകൾ കണ്ട് നമുക്ക് വെറുതേയിരിക്കാൻ കഴിയുമോ. ഗാസയുടെ അതിർത്തികൾ അടയ്ക്കപ്പെട്ടിരിക്കുന്നു. ജനങ്ങൾക്ക് എങ്ങോട്ടും പോകാൻ കഴിയുന്നില്ല. അവർക്ക് താമസിക്കാനിടമില്ല; ഭക്ഷണമില്ല; കുടിക്കാൻ വെള്ളമില്ല. ജനസംഖ്യയുടെ പകുതിയിലധികം പേർ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സംഘടന പറയുന്നു. എന്നിട്ടും ഇപ്പോഴും അവർക്കുമേൽ ബോംബുകൾ വർഷിച്ചുകൊണ്ടേയിരിക്കുന്നു. ഒരു ജനതയെ മുഴുവൻ മനുഷ്യത്വരഹിതമായി ഉന്മൂലനം ചെയ്യുന്നതിൽ കുഴപ്പമില്ല എന്ന നിസ്സംഗ സാഹചര്യത്തിന് നാം ഒരിക്കൽക്കൂടി ദൃക്‌സാക്ഷികളാകാൻ പോകുകയാണോ?
പലസ്തീനികളെ അപമാനവീകരിക്കുന്നതിനുള്ള പദ്ധതി ബെഞ്ചമിൻ നെതന്യാഹുവിന്റേയും അദ്ദേഹത്തിന്റെ കുപ്പിണിപ്പടയുടേയും കാലത്ത് തുടങ്ങിയതല്ല - അതിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.
2001, സെപ്തംബർ 11 ലെ സംഭവത്തിന്റെ ഒന്നാം വാർഷികം പ്രമാണിച്ച്, 2002- ൽ അമേരിക്കയിൽ, 'സെപ്തംബർ വന്നു' എന്ന പേരിൽ ഞാനൊരു പ്രഭാഷണം നടത്തുകയുണ്ടായി. പ്രസ്തുത പ്രഭാഷണത്തിൽ ഞാൻ മറ്റ് പല സെപ്തംബർ 11 ലെ സംഭവങ്ങളുടെ വാർഷികങ്ങളെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. 1973 സെപ്തംബർ പതിനൊന്നിനാണ് ചിലിയിൽ, സി ഐ എയുടെ സഹായത്തോടെ നടന്ന പട്ടാള അട്ടിമറിയിൽ പ്രസിഡന്റ് സാൽവദോർ അലൻഡെയെ വധിച്ചത്. 1990 സെപ്തംബർ പതിനൊന്നിനാണ് അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ പ്രസിഡന്റ് ജോർജ് ബുഷ് ഇറാക്കിനെ ആക്രമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. അതേ വേദിയിൽ, തുടർന്ന് ഞാൻ പലസ്തീനെക്കുറിച്ച് സംസാരിച്ചു. ആ ഭാഗം ഞാൻ വായിക്കാം. അത് ഇരുപത്തിയൊന്ന് വർഷം മുൻപ് എഴുതിയതാണെന്ന് ഞാൻ നിങ്ങളോട് പറഞ്ഞില്ലെങ്കിൽ നിങ്ങൾ കരുതും ഞാനിതെഴുതിയത് ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണെന്ന്.
സെപ്തംബർ പതിനൊന്നിന്റെ ദുരന്തപൂർണ്ണമായ അനുരണനങ്ങൾ മദ്ധ്യപൂർവ്വദേശത്തും ഉണ്ടായിട്ടുണ്ട്. അറബ് എതിർപ്പിനെ അവഗണിച്ചുകൊണ്ട് 1922 സെപ്തംബർ പതിനൊന്നിന് ബ്രിട്ടൻ പലസ്തീനെ സംബന്ധിച്ച ഒരു അനുശാസനം പ്രഖ്യാപിക്കുന്നു. 1917- ൽ സാമ്രാജ്യത്വ ബ്രിട്ടൻ നടത്തിയ ബാൽഫോർഡ് പ്രഖ്യാപനത്തിന്റെ തുടർച്ചയെന്നോണമായിരുന്നു ഇത്. ആ സമയത്ത് ഗാസാ കവാടത്തിനു പുറത്ത് ബ്രിട്ടീഷ് പട്ടാളക്കാർ തമ്പടിച്ചിരുന്നു. ജൂത ജനതയ്ക്ക് സ്വന്തമായൊരു രാജ്യം എന്ന യൂറോപ്യൻ സിയോണിസ്റ്റുകൾക്കുള്ള വാഗ്ദാനമായിരുന്നു ബാൽഫോർ പ്രഖ്യാപനത്തിന്റെ കാതൽ (മുഠാളനായ സ്‌കൂൾകുട്ടി ഗോലി തട്ടിപ്പറിച്ചെടുത്ത് മറ്റൊരു കുട്ടിക്ക് ഇഷ്ടദാനം നൽകുന്നതുപോലെയായിരുന്നു സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമയായിരുന്ന ബ്രിട്ടന്റെ പ്രസ്തുത പ്രവൃത്തി). സാമ്രാജ്യത്വശക്തി എത്ര ലാഘവത്തോടെയാണ് പുരാതന സംസ്‌കാരങ്ങളെ വെട്ടിമുറിച്ചത്! പലസ്തീനും കാശ്മീരും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആധുനിക ലോകത്തിനുള്ള വ്രണസമാനവും രക്തപങ്കിലവുമായ സമ്മാനമാണ്. രണ്ടും അന്തർദ്ദേശീയ സംഘർഷഭൂമികയിലെ പരിഹരിക്കാൻ കഴിയാത്ത വിടവായി നിലനിൽക്കുന്നു
1937- ൽ വിൻസ്റ്റൺ ചർച്ചിൽ പലസ്തീൻ ജനതയോട് പറഞ്ഞത് ഞാനുദ്ധരിക്കാം: ‘പുൽത്തൊട്ടിയിൽ കിടന്ന നായ, വളരെക്കാലം അതിൽ കിടന്നു എന്നതിനാൽ പുൽത്തൊട്ടിയുടെ അവകാശം നായയ്ക്കാണെന്ന വാദത്തെ എനിക്ക് അംഗീകരിക്കാനാവില്ല. ആ അവകാശം ഞാൻ സമ്മതിച്ചുകൊടുക്കുകയില്ല. അമേരിക്കയിലെ റെഡ് ഇന്ത്യാക്കാരോടും ആസ്‌ട്രേലിയയിലെ കറുത്തവരോടും മഹാ അപരാധം ചെയ്തുവെന്ന വാദത്തോടും എനിക്ക് യോജിപ്പില്ല. കൂടുതൽ ശക്തരായ ജനത, ഉന്നത ഗണത്തിൽപ്പെട്ട ജനത, ലോകോത്തര ബുദ്ധിവൈഭവമുള്ള ജനത, ഇക്കൂട്ടരുടെ സ്ഥാനം കൈയടക്കിയെന്നത് ഒരു തെറ്റായി ഞാൻ കാണുന്നില്ല’.
ഇസ്രായേൽ രാജ്യത്തിന്റെ പലസ്തീനോടുള്ള നിലപാടിന്റെ അടിത്തറ രൂപപ്പെട്ടത് മുകളിൽ സൂചിപ്പിച്ച അഭിപ്രായ പ്രകടനത്തിന്റെ തുടർച്ചയെന്നോണമാണ്. 1969- ൽ ഇസ്രായേൽ പ്രധാനമന്ത്രി ഗോൾഡാമെയർ പറഞ്ഞു; 'പലസ്തീൻ നിലനില്ക്കാൻ പാടില്ല’.
അവരുടെ പിൻഗാമിയായ ലെവി എഷോൾ പറഞ്ഞത് ഇങ്ങനെയാണ്; ‘പലസ്തീനിയരോ, എന്താണവർ? ഞാനിവിടെ വരുമ്പോൾ (പലസ്തീനിലേക്ക്) ജൂതന്മാരല്ലാത്ത അറബികളും ബെഡോയിൻ നാടോടി ഗോത്രവർഗ്ഗക്കാരും ചേർന്ന് രണ്ടരലക്ഷം പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഇതൊരു മരുഭൂമിയായിരുന്നു. അവികസിതമെന്നു പോലും പറയാൻ കഴിയാത്തത്ര മോശം. മറ്റൊന്നുമില്ലായിരുന്നു’.
പ്രധാനമന്ത്രി മെനാഹിം ബെഗിൻ പലസ്തീനികളെ വിളിച്ചത് 'ഇരുകാലി മൃഗങ്ങൾ' എന്നായിരുന്നു. പ്രധാനമന്ത്രി യിഷാക്ക് ഷമീർ അവരെ വിളിച്ചത് 'ഞെരിച്ചുടയ്ക്കപ്പെടേണ്ട വെട്ടുക്കിളികൾ' എന്നായിരുന്നു. ഇതായിരുന്നു രാഷ്ട്രത്തലവന്മാരുടെ ഭാഷ, ഓർക്കണം, സാധാരണ ജനങ്ങളുടേതല്ല.
അങ്ങനെ അതൊരു ഭീകരമായ കെട്ടുകഥയുടെ തുടക്കമായി - ജനങ്ങളില്ലാത്ത നാടും നാടില്ലാത്ത ജനങ്ങളും.
(അരുന്ധതി റോയ് എഴുതിയ Finish the Job But do it Kindly- How to think about Empire എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയിൽനിന്നൊരു ഭാഗം. വിവർത്തനം: റ്റി.എ. രാജശേഖരൻ. പ്രസാധകർ: ചിന്ത പബ്ലിഷേഴ്സ്)