ഗീതാഞ്ജലി ശ്രീ. / Photo : And So I Felt, face book

ഗീതാഞ്ജലി ശ്രീയും നമ്മുടെ വായനാ സംസ്‌കാരവും

ലോകത്തിലെ രണ്ടാമത്തെ പ്രധാനപ്പെട്ട സാഹിത്യ പുരസ്‌കാരമായി കണക്കാക്കപ്പെടുന്ന ‘ദി ഇന്റർനാഷണൽ ബുക്കർ പ്രൈസി’ന്റെ ലോങ്ങ് ലിസ്റ്റിൽ ഇന്ത്യനെഴുത്തുകാരിയായ ഗീതാഞ്ജലി ശ്രീ കടന്നുവന്നിരിക്കുന്നു. അവരെ ഇവിടെയാരും വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നത് ഇന്ത്യയിലെ പ്രാദേശിക ഭാഷാ സാഹിത്യത്തോട് പൊതുവിൽ കണ്ടുവരുന്ന അവജ്ഞയിലേക്ക് വിരൽചൂണ്ടുന്നു

മാർച്ച് 11ന് പുറത്തു വന്ന 2022 ലെ ബുക്കർ ഇന്റർനാഷണൽ പ്രൈസിന്റെ ലോങ്ങ് ലിസ്റ്റിൽ ആദ്യമായി ഒരിന്ത്യക്കാരിയുടെ പേര്​ ഉൾപ്പെട്ടിരിക്കുന്നു. അതിനുമുമ്പ് അവരെ വായിച്ചറിയാതെ പോയതിനെപ്പറ്റിയാണ് ഈ കുറിപ്പ്.

‘ബുക്കർ ഇന്റർനാഷണൽ പ്രൈസി’ന്റെ 2022 ലെ ലോങ്ങ് ലിസ്റ്റിലാണ് ഗീതാഞ്ജലി ശ്രീ എന്ന പേരു കണ്ടത്. ആരാണീ ഗീതാഞ്ജലി ശ്രീ എന്ന അന്വേഷണം ആരംഭിച്ചതും അന്നു മുതലാണ്. അങ്ങനെയൊരു ചോദ്യം ചോദിക്കേണ്ടി വന്നതിലെ കുറ്റബോധവും അപമാനവും ആദ്യമേ ഏറ്റു പറയേണ്ടതുമുണ്ട്. അവരുടെ പേര് കേൾക്കാനും, അഥവാ ശ്രദ്ധയിൽപ്പെടാനും അവർ ‘ബുക്കർ ഇന്റർനാഷണൽ പ്രൈസി’ന്റെ ആദ്യ ലിസ്റ്റിൽ ഇടം നേടേണ്ടി വന്നു എന്നത് ഒരു സാഹിത്യകുതുകി എന്ന നിലയിൽ എന്റെ ഭാഗത്തുനിന്നുണ്ടായ വലിയൊരു വീഴ്ചയായാണ് ഞാൻ കരുതുന്നത്.

ലോക സാഹിത്യത്തിന്റെ വലിയ വായനാസമൂഹത്തിലേക്ക് നമ്മളറിയും മുമ്പേ തന്നെ, നമ്മുടെ നാട്ടിലെ പ്രതിഭാശാലിയായ ഒരെഴുത്തുകാരി കടന്നു ചെല്ലുന്നു എന്നത് ഒരേ സമയം അഭിമാനവും അപമാനവുമാണ്.

ഇത്തവണത്തെ ലോങ്ങ് ലിസ്റ്റിലെ 13 പേരിലൊരാളാണ് ഹിന്ദി എഴുത്തുകാരിയായ ഗീതാഞ്ജലി ശ്രീ. 2018ലെ സാഹിത്യ നോബൽ നേടിയ ഓൾഗ ടോകാർചുകിനും കാലങ്ങളായി നോബൽ കിട്ടേണ്ട എഴുത്തുകാരനായി കണക്കാക്കപ്പെടുന്ന ഡേവിഡ് ഗ്രോസ്മാനും അടുത്തു തന്നെ അത് കിട്ടിയേക്കുമെന്ന് കരുതപ്പെടുന്ന ജോൻ ഫോസ്സെയ്ക്കും ഒപ്പമാണ് ബുക്കർ ലിസ്റ്റിൽ ഹിന്ദി എഴുത്തുകാരിയായ ഗീതാജ്ഞലി ശ്രീയുടെ പേരുകുടി ഉൾപ്പെട്ടിരിക്കുന്നത്. ഈ പുരസ്‌ക്കാരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ സാന്നിദ്ധ്യം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. നാളിതുവരെ ഒരു ഇന്ത്യൻ പേരു പോലും ഈ ലോകസാഹിത്യ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടില്ല. നമ്മുടെ രണ്ടെഴുത്തുകാർ ബുക്കർ പ്രൈസ് നേടിയിട്ടുണ്ടെങ്കിലും ബുക്കർ ഇന്റർനാഷണൽ പ്രൈസിന്റെ ലിസ്റ്റിങ്ങിൽ പോലും ഇടം നേടിയിട്ടില്ല.

ഗീതാഞ്ജലി ശ്രീ അവരുടെ മാതൃഭാഷയായ ഹിന്ദിയിൽ എഴുതിയ ‘റെറ്റ് സമാധി' എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ ‘Tomb of Sand' എന്ന നോവലാണ് ബുക്കർ ഇന്റർനാഷണൽ പ്രൈസിന്റെ ലിസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതുവഴി ഹിന്ദി സാഹിത്യം ലോകസാഹിത്യ ഭൂമികയിൽ ഇടം നേടുകയാണ്. ഭർത്താവിന്റെ മരണത്തോടെ വിഷാദരോഗത്തിന്റെ പിടിയിലായിപ്പോയ എൺപതു വയസ്സുള്ള ഒരു വൃദ്ധയുടെ ജീവിതത്തിലൂടെയുള്ള ഭാവനാസഞ്ചാരമാണ് ഈ നോവൽ. സ്ത്രീ, മകൾ, അമ്മ, ഫെമിനിസ്റ്റ് എന്നിങ്ങനെ പല തലങ്ങളിലൂടെ അവരെ അറിയുകയാണ് ഈ കഥയിലൂടെ. ഇന്ത്യ- പാക്കിസ്ഥാൻ വിഭജനത്തിന്റെ മുറിവുകളും അവരുടെ ഓർമകളിൽ നിറയുന്നുണ്ട്. അമേരിക്കൻ പരിഭാഷകയായ ഡെയ്‌സി റോക്ക്വെലാണ് ഇതിനെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നത്. ഇന്ത്യയിൽ 2022 മാർച്ച് 21 ന് മാത്രമേ ഇംഗ്ലിഷ് പതിപ്പ് പുറത്തിറങ്ങുന്നുള്ളൂ.

Photo : And So I Felt, face book

1957 ൽ ജനിച്ച ഗീതാഞ്ജലി ശ്രീ എന്ന ഉത്തർപ്രദേശുകാരിയുടെ അഞ്ചാമത്തെ നോവലാണ് ‘Tomb of Sand'. ഇംഗ്ലണ്ടിൽ പ്രസിദ്ധീകരിക്കുന്ന അവരുടെ ആദ്യ നോവലും. അവർ രചിച്ച നാലാമത്തെ നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ഇന്ത്യയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘The Empty Space' എന്ന പേരിൽ നിവേദിത മേനോനാണ് അതിന്റെ പരിഭാഷ നിർവ്വഹിച്ചത്. ‘Mai' എന്ന മറ്റൊരു നോവലും ഇംഗ്ലീഷിലേക്ക് വന്നിട്ടുണ്ട്. നിതാ കുമാറിന്റെ ആ പരിഭാഷ സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. ഗീതാഞ്ജലി ശ്രീയുടെ രണ്ടാമത്തെ രചനയായ ‘ഹമാരാ ഷഹർ Us ബാരാസ് ' (Hamara Shahar Us Baras ) ബാബരി മസ്ജിദ് തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ്. ഹിന്ദുത്വ രാഷ്ട്രിയത്തിന്റെ കടുത്ത വിമർശക കൂടിയാണ് ഈ ഹിന്ദി നോവലിസ്റ്റ്. ‘Writing in Troubled Times : Reflections of an Indian Writer' എന്ന അവരുടെ ലേഖനം സമകാലിക ഇന്ത്യനവസ്ഥയെ വിമർശിച്ചുകൊണ്ടുള്ളതാണ്. ധാരാളം ചെറുകഥകളും ഇംഗ്ലീഷിൽ പ്രേംചന്ദിനെപ്പറ്റിയുള്ള ഒരു പഠനവും അവർ രചിച്ചിട്ടുണ്ട്.

ബുക്കർ പ്രൈസുകൾ

രണ്ടു പുരസ്‌കാരങ്ങളാണ് ബുക്കർ പ്രൈസ് ഫൗണ്ടേഷൻ എല്ലാ വർഷവും നൽകി വരുന്നത്. ഒന്ന് ഇംഗ്ലീഷിലെഴുതി ഇംഗ്ലണ്ടിലോ അയർലൻറിലോ പ്രസിദ്ധീകരിക്കുന്ന മികച്ച നോവലിനുള്ളതാണ്. 1969 മുതൽ ഇത് നിലവിലുണ്ട്. അതാണ് അരുന്ധതി റോയിക്കും അരവിന്ദ് അഡിഗയ്ക്കുമൊക്കെ ലഭിച്ചത്. ആദ്യമൊക്കെ ഇത് മാൻ ബുക്കർ പ്രൈസ് എന്നാണ് അറിയപ്പെട്ടിരുന്നത്. മാൻ ഗ്രൂപ്പ് കമ്പനി സമ്മാനത്തിന്റെ സ്‌പോൺസർഷിപ്പ് ഉപേക്ഷിച്ചതോടെ ബുക്കർ പ്രൈസ് എന്നുമാത്രം അറിയപ്പെട്ടു. അതതു വർഷത്തെ മികച്ച ഇംഗ്ലീഷ് നോവലിനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കം കുറിച്ചത്. 50,000 പൗണ്ട് ആണ് സമ്മാനത്തുക. ചുരുക്കപ്പട്ടികയിൽ വരുന്ന ആറു കൃതികൾക്ക് 2500 പൗണ്ട് വെച്ചും ലഭിക്കും.

ഭാരതീയ ഭാഷാ സാഹിത്യങ്ങളെ അംഗീകരിക്കുന്നതിലും ആഘോഷിക്കുന്നതിലുമുള്ള വിമുഖത കൂടി ഇതിന്റെ പുറകിലുണ്ട്. നമ്മുടെ വായനാ സംസ്‌കാരത്തിന്റെ മുന്നിലെ ചോദ്യചിഹ്നമായി ഈ വർഷത്തെ ബുക്കർ ലോങ്ങ് ലിസ്റ്റ് നിലകൊള്ളുന്നു എന്നതാണ് യാഥാർത്ഥ്യം.

‘ദി ഇന്റർനാഷണൽ ബുക്കർ പ്രൈസ് '

രണ്ടാമത്തേതാണ് ‘ദി ഇന്റർനാഷണൽ ബുക്കർ പ്രൈസ് '. ലോകത്തിലെ രണ്ടാമത്തെ പ്രധാനപ്പെട്ട സാഹിത്യ പുരസ്‌കാരമായാണ് ഇത് കണക്കാക്കപ്പെടുന്നത്. നൊബൽ സമ്മാനം കഴിഞ്ഞാൽ ലോകമെമ്പാടുമുള്ള വായനക്കാർ ഉറ്റുനോക്കുന്ന സാഹിത്യ പുരസ്‌കാരം. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതും യു.കെ യിലോ അയർലൻറിലോ പ്രസിദ്ധീകരിച്ചതുമായ നോവലുകളും, ചെറുകഥാ സമാഹാരങ്ങളും ആണ് ഈ സമ്മാനത്തിന് പരിഗണിയ്ക്കപ്പെടുന്നത്. ഓരോ വർഷവും ഒരു പുസ്തകത്തിന് എന്ന നിലയിലാണ് ഈ പുരസ്‌കാരം നൽകിവരുന്നത്. സമ്മാനത്തുകയായ 50,000 പൗണ്ട് എഴുത്തുകാരനും/കാരിക്കും പരിഭാഷകനും/പരിഭാഷകയ്ക്കും തുല്യമായി വീതിച്ചു നൽകുന്നു എന്ന പ്രത്യേകതയും ഈ പുരസ്‌കാരത്തിനുണ്ട്. 2005 മുതലാണ് ഈ പുരസ്‌കാരം നൽകിത്തുടങ്ങിയത്. ലോകത്തിലെ ഏറ്റവും മികച്ച നോവലിനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പുരസ്‌കാരവും 2019 വരെ മാൻ ഗ്രൂപ്പ് സ്‌പോൺസർ ചെയ്തിരുന്നു. ഇപ്പോഴത്തെ സ്‌പോൺസറായ ക്രാങ്ക്സ്റ്റാർട് ഈ സമ്മാനം പഴയതുപോലെ ബുക്കർ എന്ന പേരിൽ അറിയപ്പെട്ടാൽ മതി എന്നു തീരുമാനിക്കുകയായിരുന്നു.

ഗീതാഞ്ജലി ശ്രീ. / Photo : Mukul Dube, Flicker.com

വായനാസംസ്‌കാരത്തിലെ മാറ്റം

ഈ വിഖ്യാത പുരസ്‌കാരത്തിന്റെ ലോങ്ങ് ലിസ്റ്റിലാണ് ഇന്ത്യനെഴുത്തുകാരിയായ ഗീതാഞ്ജലി ശ്രീ കടന്നുവന്നിരിക്കുന്നത്. നാളിതുവരെ അവരെ ഇവിടെയാരും വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നത് ഇന്ത്യയിലെ പ്രാദേശിക ഭാഷാ സാഹിത്യത്തോട് പൊതുവിൽ കണ്ടുവരുന്ന അവജ്ഞയിലേക്ക് വിരൽ ചൂണ്ടുന്നു. ഇത്തവണത്തെ ലിസ്റ്റിലുൾപ്പെട്ട പല വിദേശ എഴുത്തുകാരുടെ രചനാലോകവുമായും എനിക്ക് മുൻപരിചയമുണ്ടായിരുന്നു. അവരിൽ മൂന്നു പേരുടെ മറ്റു കൃതികൾ വായിച്ചിട്ടുമുണ്ട്. അപ്പോഴും എന്റെ ശ്രദ്ധയിൽ സ്വന്തം രാജ്യക്കാരി ഉൾപ്പെട്ടിട്ടില്ല എന്നത് തികഞ്ഞ ആത്മപുച്ഛത്തോടെ ഞാനിന്ന് തിരിച്ചറിയുകയാണ്. അത് വെറുമൊരു വ്യക്തിപരമായ പ്രശ്‌നമായി ഞാൻ ചുരുക്കിക്കാണുന്നില്ല. ഏതായാലും മലയാളത്തിലെ സാഹിത്യ പ്രേമികൾ ഈ എഴുത്തുകാരിയെ അടുത്തറിഞ്ഞിട്ടില്ല എന്നു തന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്. ഇന്ത്യാവസ്ഥയും വ്യത്യസ്തമാവാനിടയില്ല. ഇന്ത്യയിലെ പ്രധാന സാഹിത്യ പുരസ്‌കാരങ്ങളൊന്നും ഇതുവരെ അവരെ തേടിയെത്തിയിട്ടില്ല.

ഭാരതീയ ഭാഷാ സാഹിത്യങ്ങളെ അംഗീകരിക്കുന്നതിലും ആഘോഷിക്കുന്നതിലുമുള്ള വിമുഖത കൂടി ഇതിന്റെ പുറകിലുണ്ട്. നമ്മുടെ വായനാ സംസ്‌കാരത്തിന്റെ മുന്നിലെ ചോദ്യചിഹ്നമായി ഈ വർഷത്തെ ബുക്കർ ലോങ്ങ് ലിസ്റ്റ് നിലകൊള്ളുന്നു എന്നതാണ് യാഥാർത്ഥ്യം. ലോക സാഹിത്യത്തിന്റെ വലിയ വായനാസമൂഹത്തിലേക്ക് നമ്മളറിയും മുമ്പേ തന്നെ, നമ്മുടെ നാട്ടിലെ പ്രതിഭാശാലിയായ ഒരെഴുത്തുകാരി കടന്നു ചെല്ലുന്നു എന്നത് ഒരേ സമയം അഭിമാനവും അപമാനവുമാണ്. മുറ്റത്തെ മുല്ലയുടെ നറുമണം നമ്മളറിയുന്നില്ല എന്നത് സാഹിത്യ മണ്ഡലത്തിലും ഒരു തുടർക്കഥയാവുകയാണ്. മുമ്പൊക്കെ ഇതിൽ കൂടുതൽ ഇന്ത്യൻ ഭാഷാ സാഹിത്യത്തെ നമ്മൾ അടുത്തറിഞ്ഞിരുന്നു. യയാതിയും ആരോഗ്യനികേതനവുമൊക്കെ മലയാളിയുടെ പ്രിയപ്പെട്ട കൃതികളായ ചരിത്രം നമ്മുടെ മുന്നിലുണ്ട്. പ്രധാനപ്പെട്ട ഇതര ഭാഷാ കൃതികളുടെ പരിഭാഷകൾ പോലും അപ്പപ്പോൾ മലയാളത്തിലെ ആനുകാലികങ്ങളിൽ ഇടം നേടാറുണ്ടായിരുന്നു. അതിലൊക്കെ നമ്മുടെ വാരികകളുടെ പത്രാധിപന്മാർ ശ്രദ്ധ വെച്ചിരുന്നു. ഇന്നത് വേണ്ടത്ര നടക്കുന്നില്ല. നമ്മൾ നമ്മുടെ മുന്നിലെ പരിമിതമായ ഭാവനാവിലാസങ്ങളിൽ അഭിരമിച്ച് തൃപ്തിയടയുകയാണ്. പിന്നൊരു കൂട്ടം വായനക്കാർ ലാറ്റിനമേരിക്കൻ സാഹിത്യത്തിലും യൂറോപ്യൻ സാഹിത്യത്തിലും മാത്രം രസം കണ്ടെത്തുന്നു. അങ്ങനെ നമ്മൾ നമ്മുടെ ചുറ്റുവട്ടവുമുള്ള പ്രതിഭാശാലികളെ കാണാതെ പോകുന്നു. അറിയാതെ പോവുന്നു.

‘ടോംബ് ഓഫ് സാൻറി’ന്റെ വിധി

ഗീതാഞ്ജലി ശ്രീയുടെ നോവൽ ആദ്യം ലോങ്ങ് ലിസ്റ്റിൽ നിന്ന്​ ഷോർട്ട് ലിസ്റ്റിലേക്ക് കടക്കണം. അതിനു ശേഷം ജൂൺ 2ന് അത് ബുക്കർ ഇന്റർനാഷണൽ പ്രൈസ് നേടണം. ഈ ലോകാംഗീകാരം ‘Tomb of Sand' എന്ന നോവലിനു ലഭിക്കുമോ എന്നതാണ് വായനക്കാർ ഇപ്പോൾ ഉറ്റുനോക്കുന്നത്. അങ്ങനെ ആ പുരസ്‌കാരം നേടുന്ന ആദ്യത്തെ ഇന്ത്യനെഴുത്തുകാരി എന്ന ബഹുമതി ഈ ഉത്തർപ്രദേശുകാരിക്ക് ലഭിക്കട്ടെ. അതു സംഭവിക്കട്ടെയെന്നും അതുവഴി ഇന്ത്യൻ സാഹിത്യം ലോക വായനയിൽ കൂടുതൽ ഉയർന്ന സ്ഥാനം അവർ നേടട്ടെയെന്നും നമുക്കെല്ലാം ആഗ്രഹിക്കാം. ഏതായാലും ഗീതാഞ്ജലി ശ്രീ എന്ന എഴുത്തുകാരിയുടെ ഭാവനാ ലോകത്തിലേക്കുള്ള കവാടമാണ് ബുക്കർ ലോങ്ങ് ലിസ്റ്റിലൂടെ തുറക്കപ്പെട്ടിരിക്കുന്നത്.

വാൽക്കഷണം: സാഹിത്യ ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന മറ്റൊരു ഗീതാഞ്ജലിയേയും എനിക്കോർമ വന്നു. ഡബ്ല്യു. ബി. യേറ്റ്‌സിന്റെ പരിഭാഷയിലൂടെ ലോക സാഹിത്യത്തിന്റെ നെറുകയിലെത്തിയ ടാഗോറിന്റെ ‘ഗീതാജ്ഞലി'. 1913 ലാണ് ടാഗോറിന് ഈ കൃതിയുടെ പേരിൽ നോബൽ പുരസ്‌കാരം ലഭിക്കുന്നത്. ബുക്കർ അന്തരാഷ്ട്ര പുരസ്‌കാരം നോബൽ പുരസ്‌കാരത്തിലേക്കുള്ള ആദ്യപടിയായി കാണുന്നവരുമുണ്ട്. ▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments