‘എന്തിനാണ് നീ എഴുതുന്നത്?’; ആരെങ്കിലും ചോദിച്ചാൽ, എനിക്ക് ഇന്നും ഉത്തരമില്ല. ചിലപ്പോൾ അതൊരു ആവശ്യമാണ്. ചിലപ്പോൾ ഒരു ശിക്ഷയാണ്. ചിലപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും.
എല്ലാ നോവലിനും ഒരു ആദ്യ ചിത്രമുണ്ടാകും. ബാക്കിയെല്ലാം പിന്നീട് അതിനുചുറ്റും വളരുന്നതാണ്. ‘മറീലിയ’യുടെ കാര്യത്തിൽ അത് ഒരു പഴയ, തകർന്ന കപ്പലുകളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ബാക്കിയായ ഒരു തുറമുഖമായിരുന്നു. പകുതി മുങ്ങിക്കിടക്കുന്ന ഒന്ന്. അതിന്മേൽ വളർന്നുവന്നതുപോലെ ഒരു ചന്ത, വേലിയേറ്റത്തിൽ ഒഴുകിനടക്കുന്ന ദ്വീപുകൾ പോലെ കാണപ്പെടുന്ന കടകൾ, തുറമുഖത്തിന്റെ ഭാഗമായ പൊളിഞ്ഞ കടൽപ്പാലത്തിന്റെ അറ്റത്തുനിന്ന് വേലിയേറ്റത്തിൽ വെള്ളം കരയിലേക്ക് ഇഴഞ്ഞുകയറുന്നത് നോക്കിനിൽക്കുന്ന ഒരു ചെറുപ്പക്കാരൻ.
ആ ഒറ്റ ദൃശ്യമാണ് എനിക്ക് സിലാസിനെയും അവന്റെ ലോകത്തെയും തന്നത്.
"സിലാസ് ആദ്യം ശ്രദ്ധിച്ചത് തന്റെ അടുത്തു വരുന്ന ജലനിരപ്പാണ്. തുറമുഖത്തിലെ പൊളിഞ്ഞ തടിപ്പാലത്തിലേക്ക് ഒരു അലസമായ സ്വപ്നം പോലെ സാവധാനത്തിൽ കടൽ ഇഴഞ്ഞു കയറുന്നു."
ഈ വരികൾ എഴുതുമ്പോൾ എനിക്കറിയില്ലായിരുന്നു സിലാസ് ആരാണെന്ന്, അവന്റെ അരയിലെ കത്തി എന്തിനാണെന്ന്, ഈ കമ്പോളം ഒരു നോവൽ മുഴുവൻ താങ്ങുന്ന ലോകമായി വളരുമെന്ന്. പക്ഷേ ആ ദൃശ്യത്തിൽ കടലിൽത്തീരത്തെ ഉപ്പുചുവയോടൊപ്പം മറ്റൊന്ന് കൂടിയുണ്ടായിരുന്നു. നഷ്ടത്തിന്റെയും തിരിച്ചുവരവിന്റെയും നീറ്റുന്ന ഗന്ധമായിരുന്നു അത്.
കഥ പലപ്പോഴും അങ്ങനെയാണ് തുടങ്ങുന്നത്. ഒരു ചിത്രം. അത് എവിടേക്കാണ് കൊണ്ടുപോകുന്നതെന്നറിയാതെ എന്നെ വലിച്ചിഴച്ചു കൂടെ കൊണ്ടുപോകും. ഭൂപടമില്ലാതെ യാത്ര തുടങ്ങുന്നതിന്റെ ഭയവും അത്ഭുതവും ത്രസിപ്പിക്കും.
നഗരം എന്ന കഥാപാത്രം
‘മറീലിയ’ എന്ന പേര് നോവലിനും നഗരത്തിനും ഒരുപോലെ ഇട്ടത് മനഃപൂർവമാണ്. ഈ കടൽത്തീരനഗരം വെറും പശ്ചാത്തലമായി നിൽക്കരുതെന്ന് തുടക്കത്തിലേ എനിക്ക് നിർബന്ധമുണ്ടായിരുന്നു. അത് ശ്വസിക്കണം, മാറ്റങ്ങൾക്ക് വിധേയമാകണം, കഥാപാത്രങ്ങളെപ്പോലെ അതിനും മാനസികാവസ്ഥ വേണം.

അതുകൊണ്ടാണ് വേലിയേറ്റത്തെ ഞാൻ നഗരത്തിന്റെ ശ്വാസോച്ഛ്വാസമായി സങ്കൽപ്പിച്ചത്. ഓരോ ദിവസവും കടൽ കമ്പോളത്തെ വിഴുങ്ങുകയും തിരികെവിടുകയും ചെയ്യുന്നു. ഒരു ജീവിയെപ്പോലെ. കടകൾ ഒഴുകുന്ന ദ്വീപുകളാകുന്നു. അസ്ഥികൂടം പോലെ പഴയ കപ്പലുകളുടെ കൊടിമരങ്ങൾ തീരത്തിന് കാവൽ നിൽക്കുന്നു.
ഇവയൊന്നും അലങ്കാരമല്ല. അവിടെ ഒന്നും സ്ഥിരമല്ല, എല്ലാം താൽക്കാലികമാണ്, ഏതു നിമിഷവും കടലിലേക്ക് മടങ്ങിപ്പോകാം എന്ന അനിശ്ചിതത്വം ആ വായുവിലുണ്ട്.
ഈ അസ്ഥിരത തന്നെയാണ് സിലാസിന്റെയും തിയയുടെയും ജീവിതത്തിന്റെ കണ്ണാടി. രണ്ടുപേരും അസ്ഥിരമായ അടിത്തറയിൽ നിൽക്കുന്നവരാണ്. ഒരാൾക്ക് അത് ഉറപ്പില്ലാത്ത ഓർമ്മകളാണ്, മറ്റെയാൾക്ക് ഉറപ്പില്ലാത്ത വിശ്വാസവും. ഒരു നഗരത്തിന്റെ ഭൂമിശാസ്ത്രവും കഥാപാത്രങ്ങളുടെ മനസ്സും പരസ്പരം പ്രതിഫലിക്കുന്നത് കണ്ടെത്തിയതായിരുന്നു ‘മറീലിയ’യുടെ എഴുത്തിലെ ഏറ്റവും തൃപ്തിയുള്ള നിമിഷം. ആസൂത്രണം ചെയ്യാതെ തന്നെ ഒരു ഘടന സ്വയം തെളിഞ്ഞു വരുന്ന നിമിഷം.
കഥകൾ ഇനിയും വരും; ദൃശ്യമായി, ശബ്ദമായി, ചോദ്യമായി വന്നുകൊണ്ടേയിരിക്കും, പക്ഷെ ‘മറീലിയ’ എന്റെ കൂടെ എന്നും മാന്ത്രികമായ ഒരു ഓർമ്മ പോലെ, മന്ദഗതിയിൽ ചലിക്കുന്ന ഒരു സുന്ദരമായ സ്വപ്നം പോലെ തങ്ങിനിൽക്കും.
മാഡം മരിയയുടെ കടയും അതേ യുക്തിയിലാണ് നിലനിൽക്കുന്നത്. ഓർമ്മകൾ വിൽക്കുന്ന കടയ്ക്ക് നിലയ്ക്കാത്ത കച്ചവടങ്ങൾ നടക്കുന്ന, രഹസ്യങ്ങൾ സൂക്ഷിക്കുന്ന, തിരക്കിന്റെ മറവുള്ള ഒരു ഇടം വേണം. ആ ചന്ത വെറും സ്ഥലമല്ല, എഴുതപ്പെടാത്ത നിയമവ്യവസ്ഥയോടൊത്ത് ചലിക്കുന്ന ഒരിടം കൂടിയാണത്. ഓർമ്മകൾ ചരക്കായിക്കഴിഞ്ഞ ലോകം. ആരാണ് ദരിദ്രൻ, ആരാണ് സമ്പന്നൻ, എന്താണ് കുറ്റകൃത്യം, എന്താണ് നീതി എന്നതെല്ലാം ആ ഇടത്തിന്റെ നിയമങ്ങൾ നിശ്ചയിക്കും.
രണ്ട് ഹൃദയങ്ങൾ
‘മറീലിയ’ എന്നെ ഏറ്റവും വെല്ലുവിളിച്ചത് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ ഒരുമിച്ചുകൊണ്ടുപോകേണ്ടിവന്നപ്പോഴാണ്.
സിലാസ്, ലോകം മുഴുവൻ അലഞ്ഞിട്ടും ഈ തീരത്തെ തന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമായി കൊണ്ടുനടക്കുന്നവൻ. അമ്മയുടെ ഓർമ്മ ഓരോ തിരയിലും തിരയുന്നവൻ. തിയ, മാഡം മരിയയുടെ കീഴിൽ ഒരു ചാരനെപ്പോലെ പരിശീലിക്കപ്പെട്ടവൾ, ഭയത്തെ കവചമായി ധരിക്കാൻ പഠിച്ചവൾ. ഒരേ നഗരത്തിൽ, ഏതാണ്ട് ഒരേ സമയത്ത്, തികച്ചും വ്യത്യസ്തമായ രണ്ട് ജീവിതങ്ങൾ ജീവിക്കുന്നവർ. ഒരാൾ ഓർമ്മകളെ പിന്തുടരുന്നു, മറ്റേയാൾ ഭീഷണികളെയും.

ഈ രണ്ട് ട്രാക്കുകൾ എഴുതുമ്പോൾ ഒരു അപകടമുണ്ട്. ഒരു ശബ്ദം മറ്റേതിലേക്ക് ചോർന്നിറങ്ങുക. അതുകൊണ്ട് തിയയുടെ ഭാഗങ്ങളിൽ ഞാൻ ബോധപൂർവം വാക്യങ്ങൾ ചെറുതാക്കി, മൂർച്ചയുള്ളതാക്കി. അവളുടെ പരിശീലിക്കപ്പെട്ട ജാഗ്രത വാക്യഘടനയിൽ തന്നെ പ്രതിഫലിക്കണമെന്ന് ആഗ്രഹിച്ചു.
"മാഡം മരിയ പറഞ്ഞു, 'ലോകം ഒരു വിശക്കുന്ന വായാണ് തിയ. ഒരല്പം ദൗർബല്യം കാണിച്ചാൽ അത് നമ്മളെ മുഴുവനായി വിഴുങ്ങും. വിശ്വാസം വിഡ്ഢികൾക്കുള്ളതാണ്. ഭയമാണ് യഥാർത്ഥ കവചം’’’.
ഈ വാചകം എഴുതിയപ്പോൾ എനിക്കുതന്നെ ഒരുതരം തണുപ്പ് അനുഭവപ്പെട്ടു. കഥാപാത്രത്തിന്റെ വാക്കുകൾ എഴുത്തുകാരിയെ ഞെട്ടിക്കുന്ന നിമിഷം. എഴുത്തിന്റെ വിചിത്രമായ സന്തോഷം.
ഒരു നോവൽ എത്ര ഗൗരവമുള്ളതായാലും അതിനുള്ളിൽ ശ്വസിക്കാൻ ഇടം വേണം എന്ന് സെനറ്റർ എന്നെ ഓർമ്മിപ്പിച്ചു.
കള്ളന്റെ പക്ഷം
സിലാസ് ആരാണെന്ന് ഞാൻ പൂർണ്ണമായി മനസ്സിലാക്കിയത് "നുഴഞ്ഞുകയറ്റക്കാരൻ" എന്ന നാലാം അധ്യായത്തിലാണ്. അതുവരെ അവൻ ദുഃഖിതനും അലഞ്ഞുതിരിയുന്നവനുമായ നിഗൂഡ സ്വഭാവമുള്ള ഒരു ചെറുപ്പക്കാരൻ മാത്രമായിരുന്നു. പക്ഷേ ആ അധ്യായത്തിൽ അവൻ ഒരു ജനലിലൂടെ നുഴഞ്ഞുകയറി മോഷണം നടത്തിയതോടെ കഥ മാറി.
സിലാസ് ഒരു സാധാരണ നായകനല്ല. ഏറ്റവും വിലപ്പെട്ടതും ദുർബലവുമായ ഒന്ന് മോഷ്ടിക്കുന്ന ഒരു കള്ളനാണ്. ഒരു വായനക്കാരന് എങ്ങനെ അവനോട് സഹാനുഭൂതി തോന്നും എന്ന ഭയം എന്നെ പിടികൂടി.
‘‘അവൾ എന്നെ തുന്നിയ ഓർമ എനിക്കുണ്ട്. നൂലിന് സ്ട്രോബെറിയുടെ രുചിയായിരുന്നു. ആ ഓർമ അവനിൽനിന്ന് മോഷ്ടിച്ചാൽ ഞാൻ നിന്റെ തൊണ്ട കടിച്ചു കീറിയെടുക്കും’’.
സിലാസിനെ വെറുക്കാതെ, അവന്റെ ഇരുണ്ട പ്രവൃത്തിയെ മറച്ചുവെക്കാതെ വേണം മുന്നോട്ടുപോകാൻ എന്ന് ഈ വാചകങ്ങൾ എഴുതിയപ്പോഴാണ് മനസ്സിലായത്. അമ്മയുടെ ശബ്ദം മറന്നുപോയ ഒരാൾ മറ്റുള്ളവരുടെ ഓർമ്മകൾ മോഷ്ടിക്കുന്നു എന്ന വിരോധാഭാസവുമായി ജീവിക്കേണ്ടി വരുന്ന ഒരുവൻ. അവൻ ശിക്ഷിക്കപ്പെടേണ്ട കുറ്റവാളിയല്ല, മറിച്ച് സ്വന്തം നഷ്ടത്തിൽ നിന്ന് രൂപപ്പെടുത്തിയ ആയുധം കൊണ്ട് മറ്റുള്ളവരെ മുറിവേൽപ്പിക്കുന്ന ദുരന്തനായകനാണ്.

19 അധ്യായങ്ങളുടെ വാസ്തുവിദ്യ
ഘടനയാണ് എന്നെ ഏറ്റവും അലട്ടിയത്. കമ്പോളം, കരാർ, അവശിഷ്ടം, നുഴഞ്ഞുകയറ്റക്കാരൻ, വില, കൈമാറ്റം, പ്രായശ്ചിത്തം, ശൂന്യത, നിരീക്ഷകൻ, ഉടമ്പടി, കണക്ക് പുസ്തകം... എന്നിങ്ങനെ 19 അദ്ധ്യായങ്ങൾ. ഹൃദയത്തിൽ തൊടുന്ന ഒരു കഥയും തന്ത്രപരമായ ഒരു പസിലും ഒരേസമയം എഴുതുക എന്നത് സന്തുലനമാണ്. അതിനു വേണ്ടി ഈ അധ്യായങ്ങൾ പലതവണ മാറ്റിയെഴുതി. ഒരു വാചകം കൂടുതലോ കുറവോ പറഞ്ഞാൽ ആകാംക്ഷ തകരും എന്ന് തിരിച്ചറിയുന്ന നിമിഷങ്ങളായിരുന്നു ആ പ്രക്രിയയിൽ ഏറ്റവും ധ്യാനാത്മകം.
സെനറ്റർ
ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം പലപ്പോഴും പ്ലാൻ ചെയ്യാതെ വരുന്ന ഒരാളാണ്. എനിക്ക് അത് സെനറ്ററായിരുന്നു. സിലാസിന്റെ തോളിലിരിക്കുന്ന മടിയനും തത്വചിന്തകനുമായ തവള. ആദ്യം ഒരു ചെറിയ ഹാസ്യരംഗത്തിനുവേണ്ടി മാത്രം എഴുതിയതാണ്. പക്ഷേ അവന് ജീവൻ വെച്ചു. അവൻ കഥയെ മുന്നോട്ട് കൊണ്ടുപോയി. ചിരിപ്പിച്ചു. ചിന്തിപ്പിച്ചു.
അവസാനം, "ഞാൻ ചന്തയിലേക്ക് തിരിച്ചുപോവുകയാണ്. ദയവു ചെയ്ത് ഇനി കുഴപ്പമൊന്നും ഉണ്ടാക്കരുത്. എനിക്ക് വയസ്സാവുകയാണ്’’ എന്നുപറഞ്ഞുകൊണ്ട് അവൻ കനാലിലേക്ക് ചാടി യാത്ര പറയുന്ന രംഗം എഴുതിയപ്പോൾ ഞാൻ പുഞ്ചിരിക്കുകയും ഒപ്പം സങ്കടപ്പെടുകയും ചെയ്തു.
ഒരു നോവൽ എത്ര ഗൗരവമുള്ളതായാലും അതിനുള്ളിൽ ശ്വസിക്കാൻ ഇടം വേണം എന്ന് സെനറ്റർ എന്നെ ഓർമ്മിപ്പിച്ചു.
റൂൾബുക്ക് ഇല്ലാത്ത ലോകമാണത്. സ്ഥിരത നിലനിർത്താൻ എന്റെ തലയിൽ മാത്രമുള്ള, എഴുതപ്പെടാത്ത ഒരു നിയമാവലി എനിക്ക് സൂക്ഷിക്കേണ്ടിവന്നു.
ഫാന്റസി
‘മറീലിയ’ എഴുതുമ്പോൾ ഞാൻ ബോധപൂർവം യാഥാർത്ഥ്യത്തിനുള്ളിൽ മാന്ത്രികതയും ഭ്രാമകൽപ്പനയും നിറഞ്ഞ ഒരു ലോകത്തെ കുറിച്ച് എഴുതാൻ തീരുമാനമെടുത്തിരുന്നു.
അത്ഭുതങ്ങളെ വിശദീകരിക്കാതെ, സാധാരണ വസ്തുതയായി അവതരിപ്പിക്കാനാണ് ശ്രമിച്ചത്. സ്റ്റഫ് ചെയ്ത രൂപം സംസാരിക്കുന്നത് വായിക്കുമ്പോൾ അത്ഭുതപ്പെടാതെ, ഓർമ്മകൾ കുപ്പിയിലാക്കി വിൽക്കുന്നത് സാധാരണയെന്ന പോലെ ചില കാര്യങ്ങൾ. സംസാരിച്ചു, അത്രമാത്രം. ആ ലളിതമായ വിവരണം കൊണ്ടുതന്നെ വായനക്കാരെ വിശ്വസിപ്പിക്കുകയാണ്. അതുപോലെ, സെനറ്റർ തത്വചിന്ത പറയുമ്പോഴും, മാഡം മരിയ ഓർമ്മകൾ വിൽക്കുമ്പോഴും ഒരു വിശദീകരണവും കൊടുക്കുന്നില്ല. ‘ഇങ്ങനെയാണ് ഈ ലോകം’ എന്ന് ഞാൻ തന്നെ വിശ്വസിച്ചിരുന്നു.
ഇത് എളുപ്പമല്ല. റൂൾബുക്ക് ഇല്ലാത്ത ലോകമാണത്. സ്ഥിരത നിലനിർത്താൻ എന്റെ തലയിൽ മാത്രമുള്ള, എഴുതപ്പെടാത്ത ഒരു നിയമാവലി എനിക്ക് സൂക്ഷിക്കേണ്ടിവന്നു.
അത് ശൈലി മാത്രമായിരുന്നില്ല. വിഷയം കൂടിയായിരുന്നു. ആ മാന്ത്രികതയെ സിലാസിന്റെ അമ്മയെക്കുറിച്ചുള്ള മങ്ങിയ ഓർമ്മ പോലെ സ്വാഭാവികമായ ഒരു യാഥാർത്ഥ്യമായി എഴുതാനായിരുന്നു ശ്രമം. ചെറുചിരിയും അത്ഭുതവും വേദനയും ഒരേ വാക്യത്തിൽ പിടിച്ചു നിർത്തുക. രചനയിലെ ഏറ്റവും കഠിനവും പ്രതിഫലദായകവുമായ ഭാഗമായിരുന്നു അത്.

ഓർമ്മകളുടെ കച്ചവടം
‘മറീലിയ’യുടെ തുടക്കത്തിൽ ആഴത്തിൽ ഒരു ചോദ്യമുയർന്നു നിന്നിരുന്നു. എഴുതിക്കൊണ്ടിരിക്കെ മാത്രം പൂർണമായി ഉത്തരം ലഭിച്ച ഒന്ന്. ഓർമ്മകൾ ഇല്ലാതെ നമ്മൾ ആരാണ്? തുടക്കത്തിൽ മാഡം മരിയയുടെ കട ഒരു രസകരമായ വേൾഡ്- ബിൽഡിംഗ് വിശദാംശം മാത്രമായിരുന്നു. പിന്നീട് അത് സിലാസിന്റെ സ്വന്തം നഷ്ടത്തിന്റെ രൂപകമായി മാറി. എഴുത്തിനിടയിൽ ഒരു ആശയം അതിന്റെ യഥാർത്ഥ അർത്ഥം കണ്ടെത്തുന്നതാണ് ഈ പണിയുടെ ഏറ്റവും വലിയ പ്രതിഫലം.
അവസാന വരികൾ എഴുതിക്കഴിഞ്ഞ് കീബോർഡിൽ നിന്ന് കൈ പിൻവലിച്ച് കുറെനേരം വെറുതെ ഇരുന്നു. ഒരു നോവൽ തീരുന്ന നിമിഷം ആഹ്ലാദവും ശൂന്യതയും ഒരുമിച്ചുവരുന്ന ഒരു ശരീരാനുഭവമാണ്. എനിക്ക് വിടവാങ്ങലിന്റെ വേദന അനുഭവപ്പെട്ടു. അനേക നാളുകൾ ജീവിച്ച മാന്ത്രികലോകത്തുനിന്ന് ഇറങ്ങിപ്പോകുന്ന തോന്നലും.
വെല്ലുവിളികളും
മറുവശവും
സത്യം പറഞ്ഞാൽ എഴുത്ത് എപ്പോഴും ആനന്ദകരമല്ല. ചിലപ്പോൾ കഥാപാത്രങ്ങൾ അനുസരിക്കാൻ വിസമ്മതിക്കും. അവരെ ഒരു ദിശയിലേക്ക് തള്ളുമ്പോൾ അവർ വേറെ വഴിക്കുപോകാൻ വാശി പിടിക്കും, ഒടുവിൽ ആ വാശിയോട് വഴങ്ങുന്നതാണ് ശരി എന്ന് പിന്നീട് മനസ്സിലാകും.
ഇപ്പോൾ ഞാൻ തികച്ചും വ്യത്യസ്തമായ ഒരു ലോകത്തിലാണ്. ആർക്ടിക് സമുദ്രത്തിനടിയിൽ നടക്കുന്ന ടെക്നോ- ത്രില്ലറിന്റെ ത്രസിപ്പിക്കുന്ന എഴുത്ത്. മറീലിയയുടെ സാവധാനമുള്ള, കടൽക്കാറ്റ് നിറഞ്ഞ ഗദ്യത്തിൽനിന്ന് ഇറങ്ങിവന്ന് ടോർപ്പിഡോ ട്യൂബ് arm ചെയ്ത് fire ചെയ്യുന്നത് ഒരുതരം മാനസികമായ ജിംനാസ്റ്റിക്സ് ആണ്. ഒരു ദിവസം തവളയുടെ ജ്ഞാനവാക്യങ്ങൾ, അടുത്ത ദിവസം സാങ്കേതിക പിരിമുറുക്കം. പക്ഷേ ഈ വൈരുദ്ധ്യം തന്നെയാണ് എഴുത്തിനെ മടുപ്പിക്കാത്തത്.
രസകരമെന്നു പറയട്ടെ, ഈ രണ്ട് ലോകങ്ങൾക്കും ഒരു പൊതു ത്വരയുണ്ട് - രണ്ടിലും നുഴഞ്ഞുകയറ്റക്കാരനുണ്ട്, ആരോ വിശ്വാസവഞ്ചന ചെയ്യുന്നു, ആരോ യഥാർത്ഥ മുഖം മറച്ചുവെക്കുന്നു. ഒരുപക്ഷേ ഓരോ എഴുത്തുകാരനും അറിഞ്ഞോ അറിയാതെയോ ഒരേ ചോദ്യത്തിലേക്ക് മടങ്ങി വരേണ്ടി വരുമെന്ന് തോന്നുന്നു. നമുക്ക് ആരെ വിശ്വസിക്കാം, എത്രത്തോളം?
‘മറീലിയ’ എഴുതുമ്പോൾ തോളിന് മുകളിലൂടെ നോക്കുന്ന ഒരു വായനക്കാരന്റെ നിഴലിന്റെ സാന്നിധ്യം അനുഭവപ്പെട്ടിരുന്നു.
വായനക്കാർ
‘മറീലിയ’ എഴുതുമ്പോൾ തോളിന് മുകളിലൂടെ നോക്കുന്ന ഒരു വായനക്കാരന്റെ നിഴലിന്റെ സാന്നിധ്യം അനുഭവപ്പെട്ടിരുന്നു. "ഇത് ആർക്കെങ്കിലും മനസ്സിലാകുമോ? ഇത്ര സാവധാനമുള്ള തുടക്കം വായനക്കാർക്ക് ഇഷ്ടമാകുമോ?"- ആ ചോദ്യങ്ങൾ ഭാരമാണ്. പക്ഷേ ഒരു ഘട്ടം കഴിഞ്ഞാൽ ആ നിഴൽ സഹായിയാകും. എനിക്ക് മടുപ്പ് തോന്നിയാൽ വായനക്കാർക്കും മടുപ്പ് തോന്നും. ആ ഭാഗങ്ങൾ ഞാൻ വീണ്ടും എഴുതി. എന്റെ വരികൾ എന്നെ കരയിച്ചാൽ കാര്യങ്ങൾ ശരിയായ വഴിയിലാണ് എന്ന് വിശ്വസിച്ചു.

എന്തുകൊണ്ട് ഞാൻ എഴുതുന്നു?
ഇതിന് എളുപ്പമുള്ള ഉത്തരമില്ല. ചിലപ്പോൾ ഏകാന്തതയാണ് കാരണം. ഒരു മുറിയിൽ തനിച്ചിരിക്കുമ്പോഴും സിലാസിനെയും തിയയെയും സെനറ്ററിനെയും പോലെയുള്ള കഥാപാത്രങ്ങൾ കൂടെയുണ്ട് എന്ന തോന്നൽ. ചിലപ്പോൾ അത് നിയന്ത്രണമാണ്. യഥാർത്ഥ ജീവിതത്തിൽ കിട്ടാത്ത അധികാരം, ലോകത്തിന്റെ ന്യായവും അന്യായവും തീരുമാനിക്കാനുള്ള അധികാരം. പക്ഷേ ഏറ്റവും സത്യസന്ധമായി പറഞ്ഞാൽ, അതൊരു സംഭാഷണമാണ് . എന്നോട് തന്നെയുള്ള, കഥാപാത്രങ്ങളോടുള്ള, ഒടുവിൽ വായനക്കാരനോടുള്ള സംഭാഷണം.
മറീലിയ പൂർത്തിയാക്കിയപ്പോൾ തോന്നിയത് ഞാൻ ഒരു കഥ പറഞ്ഞു എന്നല്ല, ആ കഥ പറയുന്നതിനിടയിൽ ഞാൻ എന്തോ കണ്ടെത്തി എന്നാണ്. ഓർമ്മകളെക്കുറിച്ച്, നഷ്ടത്തെക്കുറിച്ച്, രണ്ട് ഒറ്റപ്പെട്ട ആത്മാക്കൾ എങ്ങനെ പരസ്പരം വീടാകുന്നു എന്നതിനെക്കുറിച്ച്.
നോവൽ എഴുതുക എന്നത് നീണ്ട, ഏകാന്തമായ യാത്രയാണ്. പക്ഷേ അതേസമയം ആൾക്കൂട്ടത്തിനു നടുവിലെ ഏകാന്തത കൂടിയാണത്. തലയ്ക്കുള്ളിൽ ഒരു നഗരം മുഴുവൻ ജീവിക്കുന്നു. ഇരമ്പുന്നു. ആ ജനക്കൂട്ടത്തിന്റെ നടുവിൽ തനിച്ചിരിക്കുക എന്നതാണ് വിചിത്രമായ അവസ്ഥ.
‘മറീലിയ’യിലെ തുറമുഖത്തിന്റെ ഗന്ധം ഇപ്പോഴും കൂടെയുണ്ട്. കഥകൾ ഇനിയും വരും; ദൃശ്യമായി, ശബ്ദമായി, ചോദ്യമായി വന്നുകൊണ്ടേയിരിക്കും, പക്ഷെ ‘മറീലിയ’ എന്റെ കൂടെ എന്നും മാന്ത്രികമായ ഒരു ഓർമ്മ പോലെ, മന്ദഗതിയിൽ ചലിക്കുന്ന ഒരു സുന്ദരമായ സ്വപ്നം പോലെ തങ്ങിനിൽക്കും.

