എഴുത്തുകാരേ,
നിങ്ങളെ വായിക്കാതിരിക്കാൻ
നിങ്ങൾ തന്നെ കാരണമാകുന്നുണ്ടോ?
ഒരു വായനക്കാരി ചോദിക്കുന്നു

നിരന്തരമായി പുസ്തകങ്ങൾ വായിക്കുന്ന ഒരാളെന്ന നിലയ്ക്ക്, സമകാലിക വായനയിലെ ചില പ്രവണതകളെയും എഴുത്തുകാരുടെ സമീപനങ്ങളെയും വിമർശനാത്മകമായി പരിശോധിക്കുകയാണ് ഹരിത ആർ. പുസ്തകങ്ങളുടെ വിപണിവൽക്കരണവും വായനയിലെ സാമൂഹ്യമാധ്യമ ട്രെൻഡുകളും വായനയെ എങ്ങനെ സ്വാധീനിക്കുന്നു എന്നും വിശദമാക്കുന്നു.

‘‘ജീവിതമെന്ന വിശാലമായ അനുഭവത്തിൽനിന്ന് വിശപ്പായും കാമമായും പാപമായും വിപ്ലവമായും കവിതയായും വിമർശനമായും ഉത്പാദിപ്പിക്കപ്പെടുന്ന അനേകം ഘടനകളിൽ പ്രധാനപ്പെട്ട ഒന്നാണ് നിരൂപണകല. വിമർശനം വിശദീകരണമല്ല. നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന സ്വതന്ത്രവ്യവഹാരമാണ്’’.
- കെ. പി. അപ്പൻ.

സാഹിത്യത്തെ, ചരിത്രത്തിന്റെ ഏടുകളിൽ നിന്നു തുടങ്ങി, സമകാലിക പ്രസക്തമായിത്തന്നെ നിലനിൽക്കുന്ന സഞ്ചരിക്കുന്ന ഒരു സംസ്കാരം എന്നുതന്നെ വിവക്ഷിക്കാം. ഭാഷ കൊണ്ട് ആശയങ്ങളെ വെളിവായി പ്രകാശിപ്പിക്കുന്ന കലയ്ക്ക് സാഹിത്യവിദ്യ എന്ന് എ. ആർ. രാജരാജവർമ്മ നിർവചിക്കുന്നു. അതിന്റെ സാധ്യത പരിശോധിച്ചാൽ സാമൂഹ്യമാധ്യമങ്ങൾ നൽകിയ സ്വാതന്ത്ര്യത്തിൽ, പുസ്തകങ്ങൾ വായിക്കുന്നവരേക്കാൾ അധികമായി എഴുത്തുകാരുണ്ടാകുന്ന പ്രവണത ദർശിക്കാനാകും.

ലോകം മുഴുവൻ എഴുത്തുകാരെക്കൊണ്ട് നിറയുക. അങ്ങനെയൊരു കാലം വിദൂരമല്ലെന്ന ചിന്തകൾക്ക് ഒരുതരം തമാശാരസമുണ്ടെങ്കിലും അതിന്റെ ആവശ്യമുണ്ടോ എന്നുള്ളതിനെ കുറിച്ചാണ് ഒരു ചോദ്യം ഉയരുന്നത്. അനുദിനം വളർന്നുകൊണ്ടിരുന്ന സമൂഹത്തിൽ വായനയെ ഒരു വിനോദോപാധി മാത്രമായി ചുരുക്കേണ്ട കാര്യം ആർക്കുമില്ല. വായന സമയംപോക്കുവാൻ വേണ്ടി എന്നതിലുപരി അതൊരു ആകമാനമായ മാനുഷിക നവീകരണ പ്രക്രിയയായി പരിവർത്തനം ചെയ്യപ്പെടുന്ന അഥവാ ചെയ്യപ്പെടേണ്ട കാലഘട്ടമാണ് നമുക്കു മുന്നിലുള്ളത്. പുസ്തകങ്ങൾ കച്ചവടസാമഗ്രികൾ മാത്രമാണെന്നും അതിന്റെ വിപണിസാധ്യതകൾക്കുവേണ്ടി എന്തും ചെയ്യാമെന്നും പോലുള്ള ചർച്ചകൾ നിരന്തരം സാമൂഹ്യമാധ്യമങ്ങളിലൂടെ എഴുത്തുകാർ പ്രചരിപ്പിക്കുന്നുണ്ട്.

പുസ്തകങ്ങൾ കച്ചവടസാമഗ്രികൾ മാത്രമാണെന്നും അതിന്റെ വിപണിസാധ്യതകൾക്കുവേണ്ടി എന്തും ചെയ്യാമെന്നും പോലുള്ള ചർച്ചകൾ നിരന്തരം സാമൂഹ്യമാധ്യമങ്ങളിലൂടെ എഴുത്തുകാർ പ്രചരിപ്പിക്കുന്നുണ്ട്.
പുസ്തകങ്ങൾ കച്ചവടസാമഗ്രികൾ മാത്രമാണെന്നും അതിന്റെ വിപണിസാധ്യതകൾക്കുവേണ്ടി എന്തും ചെയ്യാമെന്നും പോലുള്ള ചർച്ചകൾ നിരന്തരം സാമൂഹ്യമാധ്യമങ്ങളിലൂടെ എഴുത്തുകാർ പ്രചരിപ്പിക്കുന്നുണ്ട്.

വായന മനുഷ്യരെ ജീർണ്ണിപ്പിക്കുമോ?
തീർച്ചയായും എന്ന ഉത്തരത്തിൽ ഊന്നിനിന്നുതന്നെ വിശദമാക്കട്ടെ, നിരന്തരമായി വായനയിൽ മുഴുകുന്ന മനുഷ്യർ ഒരുപക്ഷേ സ്വയം ചോദിക്കേണ്ട ഒരു ചോദ്യം കൂടിയാണിത്. ‘വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും’- കുഞ്ഞുണ്ണി മാഷുടെ വരികൾ തന്നെ കടംകൊണ്ടു പറയട്ടെ, വായിച്ചില്ലെങ്കിൽ വളയും എന്നത് മാറ്റി നിർത്തിയാൽ പോലും, വായിച്ചാൽ വിളയേണ്ടതുതന്നെയല്ലേ? വളരേണ്ടത് തന്നെയല്ലേ? വായിച്ചാൽ വളരണം. അത് എങ്ങോട്ട്, മുകളിലേക്കോ താഴെക്കോ? അതാണ് ചോദ്യം.

നിർഭാഗ്യവശാൽ സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്തുന്ന നമ്മുടെ എഴുത്തുകാർ, "ഞങ്ങൾ താഴേക്ക് വളരുന്നു’’ എന്നൊരു സ്വയംപ്രഖ്യാപനം കൂടി നടത്തുന്ന പരിതാപകരമായ കാലത്തിലൂടെയാണ്‌ അവരുടെ വായനക്കാർ കടന്നുപോകുന്നതെന്ന് പറയാതെ വയ്യ.

കൃതികളെ കൃത്യമായി അവലോകനം ചെയ്യുന്ന നിരൂപകരുടെ അഭാവം, നിലവിലുള്ള നിരൂപകരെ പോലും ശത്രുതാമനോഭാവത്തോടെ വീക്ഷിക്കുന്ന എഴുത്തുകാരുടെ രീതികൾ. ഒരു പുസ്തകം ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്ന വായനക്കാരെ ഒരുമിച്ച് കടിച്ചു കീറാൻ തുടങ്ങുന്ന, അതല്ലെങ്കിൽ, ‘നിങ്ങൾ ഒരു പുസ്തകം എഴുതി കാണിക്കൂ, എന്നിട്ട് വിമർശിക്കാം’ എന്നൊക്കെ ആക്രോശിക്കുന്ന ഒരു വിഭാഗം മനുഷ്യർ- ഇവരൊക്കെയും സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്.

ഭാഷ കൊണ്ട് ആശയങ്ങളെ വെളിവായി പ്രകാശിപ്പിക്കുന്ന കലയ്ക്ക് സാഹിത്യവിദ്യ എന്ന് എ. ആർ. രാജരാജവർമ്മ  നിർവചിക്കുന്നു.
ഭാഷ കൊണ്ട് ആശയങ്ങളെ വെളിവായി പ്രകാശിപ്പിക്കുന്ന കലയ്ക്ക് സാഹിത്യവിദ്യ എന്ന് എ. ആർ. രാജരാജവർമ്മ നിർവചിക്കുന്നു.

പണം മുടക്കി വായിക്കുന്ന വായനക്കാരോട് എഴുത്തുകാർക്കുണ്ടാവേണ്ട ഉത്തരവാദിത്വം എന്താണ്? വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട സാമാന്യ മര്യാദകൾ വേണ്ടത് ആർക്കാണ്. ഒരു മനുഷ്യന്റെ ശരാശരി ആയുസ്സിൽ നിരന്തരമായി വായിക്കുന്ന മനുഷ്യർക്കുപോലും വായിച്ചു തീർക്കുവാൻ കഴിയാത്ത അനന്യസാധാരണമായ പുസ്തകങ്ങളുള്ളപ്പോൾ, ‘എന്തിനു നിങ്ങളെ വായിക്കണം?’ എന്നൊരു ചോദ്യം വായനക്കാരൻ ചോദിച്ചാൽ മറുപടി പറയാൻ എഴുത്തുകാർ ബാധ്യസ്ഥരാണ്.

‘ഞങ്ങൾ സാധാരണക്കാർക്കുവേണ്ടിയാണ് എഴുതുന്നത്’- വിപണികളിൽ ബെസ്റ്റ് സെല്ലർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുസ്തകങ്ങളുടെ രചയിതാക്കൾ ഒളിഞ്ഞും തെളിഞ്ഞും പറയുന്ന വാചകമാണിത്. സാധാരണം, അസാധാരണം- എന്താണ് അതിന്റെ മാനദണ്ഡം?

ഒരു പുസ്തകം എഴുതുമ്പോൾ അത് ഒരു പ്രത്യേക വിഭാഗം വായനക്കാർക്കു വേണ്ടി എന്ന വർഗ്ഗീകരണം ഒരുതരം തെറ്റായ പ്രവണതയാണ് എന്നാണ് വായനക്കാരിയെന്ന നിലയിൽ എന്റെ അഭിപ്രായം. ‘‘ഞങ്ങളുടെ പുസ്തകത്തിൽ മലയാള സാഹിത്യത്തിലേക്ക് ഒരു സംഭാവനയും ഇല്ല, ഞങ്ങൾ സാധാരണക്കാർക്ക് വേണ്ടിയാണ് എഴുതുന്നത്’’- വിപണികളിൽ ബെസ്റ്റ് സെല്ലർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുസ്തകങ്ങളുടെ രചയിതാക്കൾ ഒളിഞ്ഞും തെളിഞ്ഞും പറയുന്ന വാചകമാണിത്. സാധാരണം, അസാധാരണം- എന്താണ് അതിന്റെ മാനദണ്ഡം? ജോലിമേഖലയിലെ വർഗ്ഗീകരണങ്ങളെ ഉദാഹരണമായിട്ടെടുത്ത് പലപ്പോഴും ഇതേ എഴുത്തുകാരും അവരുടെ ആരാധകരും മനുഷ്യരെ വേർതിരിക്കുന്നു. (‘താഴെക്കിടയിൽ’ ജോലി ചെയ്യുന്നവരാണ് അവരുടെ ‘സാധാരണക്കാർ’. എന്തൊരു വിഡ്ഢിത്തമാണിതെന്ന് നോക്കൂ. വായിക്കാനറിയാവുന്ന എല്ലാ മനുഷ്യരും സാധാരണക്കാർ തന്നെയാണ്.)

എഴുത്തുകളിൽ ‘ബുദ്ധിജീവി എഴുത്ത്’ എന്നുതന്നെ ഒരു വിഭാഗം ഉണ്ടാക്കിവെച്ചിട്ടുണ്ട്. അതൊരുതരം കുരുക്കായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത്. എന്തെന്നാൽ, ‘‘ബുദ്ധിജീവി എഴുത്തുകൾ ഞങ്ങൾ, സാധാരണ മനുഷ്യർക്ക്, വായിക്കാൻ സാധിക്കില്ല, ഞങ്ങൾക്കുവേണ്ടി മറ്റു ചിലർ (ഞങ്ങളിൽ ഉൾപ്പെട്ട സാധാരണക്കാർ) എഴുതുന്നുണ്ട്, ഞങ്ങൾക്ക് അത് മതി’’ എന്ന് വിശ്വസിക്കപ്പെടുന്നതുതന്നെ ഒരു കെണിയാണ്‌.

പി.എഫ്. മാത്യൂസ്
പി.എഫ്. മാത്യൂസ്

എഴുത്തിൽ രണ്ടു തരമാണ് സ്വാഭാവികമായിട്ടും ഉണ്ടാവേണ്ടത്- നിലവാരമുള്ളവ, ഇല്ലാത്തവ. നിലവാരം കുറഞ്ഞ പുസ്തകങ്ങൾ വായിപ്പിച്ച്, മനുഷ്യരെ ബൗദ്ധികമായ ചിന്താവളർച്ചകളിൽ നിന്നും അകറ്റിനിർത്തി, തങ്ങൾക്ക് ഇതേ മനസ്സിലാകൂ എന്നൊരു ബോധം അവരിൽ അവരറിയാതെ തന്നെ കുത്തിവെയ്ക്കുക കൂടിയാണ് സാഹിത്യം ഇല്ലാത്ത എഴുത്തുകൾ നിങ്ങൾക്കുവേണ്ടിയാണ് എന്ന് പ്രഖ്യാപിക്കുന്ന എഴുത്തുകാർ ചെയ്യുന്നത്. കാരണം, ‘ബുദ്ധിജീവി എഴുത്തുകൾ’ എന്ന തരത്തിൽ മാറ്റിവെയ്ക്കപ്പെടുന്ന പുസ്തകങ്ങൾ ബൗദ്ധികമായി വായനക്കാരെ ചിന്തിപ്പിക്കുന്ന പുസ്തകങ്ങൾ കൂടിയാണ്. അത്തരം പുസ്തകങ്ങളിലേക്ക് എത്താതിരിക്കാൻ നടത്തുന്ന ശ്രമങ്ങളിൽ നിന്നാണ്, വായനക്കാർ, വ്യതിചലിച്ച് എത്തപ്പെടേണ്ടത്.

നിരൂപകരേയും, തങ്ങളുടെ പുസ്തകം മോശമാണെന്ന് പറയുന്നവരെയും റദ്ദ് ചെയ്യുവാനുള്ള എഴുത്തുകാരുടെ പ്രതിഭയുടെ പകുതി മതിയാകും, മികച്ചൊരു സൃഷ്ടിക്കുവേണ്ടി തയ്യാറെടുക്കുവാൻ.

വിശാലമായി എഴുതേണ്ട വിഷയം കൂടിയായതിനാൽ കുറച്ച് കാര്യങ്ങൾ മാത്രം മുൻനിർത്തി പറയാം.

എഴുത്തുകാരുടെ നിലപാടുകൾ,
വായനക്കാരോടുള്ള മനോഭാവം.

എഴുത്തുകാർ, പ്രത്യേകിച്ച് ഇപ്പോൾ അവർ കൂടുതൽ ശ്രദ്ധ നേടുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണെന്നതുകൊണ്ടുതന്നെ, അവരുടെ വ്യക്തിപരമായ സ്വഭാവസവിശേഷതകൾക്കപ്പുറം അവരുടെ നിലപാടുകളെ വിലയിരുത്തുന്ന ഒരു കൂട്ടം മനുഷ്യരുണ്ടായിരിക്കും. സാമൂഹ്യ വിഷയങ്ങളിലുള്ള അവരുടെ നിലപാടുകൾ, അതിന്റെ യോജിപ്പുകളോടും വിയോജിപ്പുകളോടും അവർ പുലർത്തുന്ന സമീപനം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ അവർ വിലയിരുത്തപ്പെടുക തന്നെ ചെയ്യും. അടുത്തിടെ, പി. എഫ്. മാത്യൂസിന്റെ ‘സിനിമാറ്റിക് നോവൽ’ വിമർശനം, അത്തരമൊരു നോവൽ എഴുതി പ്രസിദ്ധിയാർജ്ജിച്ച യുവ എഴുത്തുകാരൻ, പി.എഫ്. മാത്യൂസ് തന്നെയാണ് വിമർശിച്ചത് എന്ന തെറ്റിദ്ധാരണയിൽ ഷെയർ ചെയ്യുകയും, അതിലെ കമന്റ്സിൽ മുഴുവൻ പി. എഫ്. മാത്യൂസിനെതിരെ അശ്ലീലമായ പരാമർശങ്ങൾ ഉൾപ്പെടെ ചൊരിയുന്നതും കണ്ടു. അതിൽ എഴുത്തുകാർ ഉൾപ്പെടെഉള്ളവർ ഉണ്ടായിരുന്നത് അത്ഭുതപ്പെടുത്തിയിരുന്നു. സാമാന്യബോധമുള്ള വായനക്കാർ തീർച്ചയായും പിന്നീട്, എന്തിന് ഇത്തരം ആളുകളെ വായിക്കണം എന്ന നിലപാട് സ്വീകരിക്കും. വായന വിലപ്പെട്ട ഒന്നാണ്, ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ട അവസ്ഥയിൽ, നിങ്ങളെ വായിക്കാതിരിക്കാൻ നിങ്ങൾ തന്നെ കാരണമാകരുത് എന്ന് എഴുത്തുകാരോട് ഒരു ഓർമ്മപ്പെടുത്തൽ കൂടി നടത്തുന്നു.

അതുപോലെ തന്നെയായിരുന്നു, പി. കെ. രാജശേഖരൻ പറഞ്ഞ ഒരു വിഷയത്തിന്മേൽ നടത്തിയ അപഹാസ്യപൂർവമായ ചർച്ചകൾ. നിരൂപകരേയും, തങ്ങളുടെ പുസ്തകം മോശമാണെന്ന് പറയുന്നവരെയും റദ്ദ് ചെയ്യുവാനുള്ള എഴുത്തുകാരുടെ പ്രതിഭയുടെ പകുതി മതിയാകും, മികച്ചൊരു സൃഷ്ടിക്കുവേണ്ടി തയ്യാറെടുക്കുവാൻ. ലിറ്ററേച്ചർ ഫെസ്റ്റിവലുകൾ ആഘോഷമായ കാലത്ത്, അത് വെറുമൊരു പ്രഹസനം മാത്രമായി ഒതുങ്ങിപ്പോകുന്നുണ്ടോ എന്നതും ഒരു വായനക്കാരിയുടെ ചോദ്യമാണ്.

പി. കെ. രാജശേഖരൻ
പി. കെ. രാജശേഖരൻ

വായനക്കാരുടെ ചോദ്യങ്ങൾക്കല്ല എഴുത്തുകാർ മറുപടി പറയുന്നത് എന്നൊരു കൗതുകകരമായ വസ്തുത ലിറ്ററേച്ചർ ഫെസ്റ്റുകൾ സമ്മാനിച്ചതാണ്. ‘വായനക്കാർ ഇല്ലെങ്കിലും ഞങ്ങൾക്ക് കുഴപ്പമില്ല’ എന്ന അമിതാത്മവിശ്വാസത്തിന്റെ വിഡ്ഢിക്കോമരങ്ങളെ പ്രതിഷ്ഠിക്കാൻ എഴുത്തുകാർ എന്നൊരു നാമം ഉപയോഗിക്കേണ്ടത് ഉണ്ടോയെന്നുപോലും ഒരു വായനക്കാരിയെന്ന നിലയിൽ ചിന്തിക്കേണ്ടി വന്നുവെന്നതുതന്നെ പരിതാപകരമാണ്. എഴുത്തുകാർ ശ്രദ്ധിക്കുക, നിങ്ങളെ വായിക്കാതിരിക്കാൻ നിങ്ങൾ തന്നെ കാരണമാകാതിരിക്കുകയെന്ന് ഒരിക്കൽകൂടി ഓർമ്മിപ്പിക്കട്ടെ.

എന്ത് വായിക്കണം?

പൊതുവേ ഒരു പുസ്തകം ഇഷ്ടമായില്ല, അല്ലെങ്കിൽ സാഹിത്യത്തിൽ ഇത്തരം പുസ്തകങ്ങൾ ആവശ്യമാണോ എന്നൊരു ചർച്ച ഉണ്ടായി വരുമ്പോൾത്തന്നെ അതിനെ നിരോധിക്കുന്ന ഒരു പ്രസ്താവനയുണ്ട്: ‘‘നിങ്ങൾക്ക് പുസ്തകം തെരഞ്ഞെടുത്ത് വായിക്കുവാൻ സ്വാതന്ത്ര്യമുണ്ടല്ലോ. ഇഷ്ടമില്ലാത്തത് വായിക്കേണ്ട’’.

ഈ വാദത്തിന്റെ പ്രശ്നമെന്തെന്നാൽ, സമൂഹത്തിൽ ലഹരികൾ വ്യത്യസ്ത പേരുകളിൽ നിലനില്ക്കുന്നുണ്ട്. താല്പര്യമുള്ള ചിലർ ഉപയോഗിക്കുന്നു, അല്ലാത്തവർ വേണ്ടെന്ന് വെയ്ക്കുന്നു. അതിനെ കടന്നും ചിലർ തടയുന്നു. തടയുന്നത് എന്തുകൊണ്ടാണ്? അത് അനാരോഗ്യകരമാണെന്ന അറിവുള്ളതുകൊണ്ട്. അങ്ങനെ തടയുന്ന ഒരാളോട്, നിങ്ങൾക്കു വേണ്ടെങ്കിൽ ഉപയോഗിക്കേണ്ട, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്നു പറയുന്ന അതേ വിഡ്ഢിത്തം തന്നെയാണ് പുസ്തകങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത്.

ബൗദ്ധിക വളർച്ച നൽകുന്ന, ചോദ്യങ്ങൾ ഉരുത്തിരിയുന്ന, അതിനേക്കാളപ്പുറം, ‘വർഷങ്ങൾക്ക് മുമ്പേ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ നമ്മോട് അവരുടെ ശബ്ദത്തിൽ സംസാരിക്കുന്ന (കാൾസാഗന്റെ ഉദ്ധരണിയിൽ നിന്ന് പ്രചോദനം) തരത്തിലുള്ള പുസ്തകങ്ങൾ വായിക്കുന്ന വായനക്കാർ, നിങ്ങളുടെ ചിന്തകളെ ജീർണ്ണിപ്പിക്കുന്ന പൊള്ളയായ വാദങ്ങൾ നിരത്തുന്ന അതിവിനയപ്പെടുന്ന പുസ്തകങ്ങൾ ശരിയല്ലെന്നും, അത് നിങ്ങൾക്ക് പ്രയോജനം നൽകുന്നില്ലെന്നും നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കും. വിപണിയിൽ ധാരാളം വിറ്റഴിക്കപ്പെടുന്ന എഴുത്തുകാരോടുള്ള അസൂയ കൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന് ചിന്തിക്കുന്ന, പരസ്യമായി അതേ വിഡ്ഢിത്തം വിളിച്ചുകൂവുന്ന ചില എഴുത്തുകാരുടെ ആരാധകരും (അത്യപൂർവ്വം ചില എഴുത്തുകാരും) ഉണ്ടായേക്കാം. കാര്യമാക്കണ്ട. അവരുടെ ബുദ്ധി തെളിയുമെന്ന് പ്രത്യാശിക്കാമെന്നുമാത്രം.

പൊതുവേ ഒരു പുസ്തകം ഇഷ്ടമായില്ല, അല്ലെങ്കിൽ സാഹിത്യത്തിൽ ഇത്തരം പുസ്തകങ്ങൾ ആവശ്യമാണോ എന്നൊരു ചർച്ച ഉണ്ടായി വരുമ്പോൾത്തന്നെ അതിനെ നിരോധിക്കുന്ന ഒരു പ്രസ്താവനയുണ്ട്: ‘‘നിങ്ങൾക്ക് പുസ്തകം തെരഞ്ഞെടുത്ത് വായിക്കുവാൻ സ്വാതന്ത്ര്യമുണ്ടല്ലോ. ഇഷ്ടമില്ലാത്തത് വായിക്കേണ്ട’’.
പൊതുവേ ഒരു പുസ്തകം ഇഷ്ടമായില്ല, അല്ലെങ്കിൽ സാഹിത്യത്തിൽ ഇത്തരം പുസ്തകങ്ങൾ ആവശ്യമാണോ എന്നൊരു ചർച്ച ഉണ്ടായി വരുമ്പോൾത്തന്നെ അതിനെ നിരോധിക്കുന്ന ഒരു പ്രസ്താവനയുണ്ട്: ‘‘നിങ്ങൾക്ക് പുസ്തകം തെരഞ്ഞെടുത്ത് വായിക്കുവാൻ സ്വാതന്ത്ര്യമുണ്ടല്ലോ. ഇഷ്ടമില്ലാത്തത് വായിക്കേണ്ട’’.

ഒരു കാലത്ത് നമുക്കിവിടെ മികച്ച പത്രാധിപന്മാരുണ്ടായിരുന്നു, നിരൂപകരും. (കുട്ടികൃഷ്ണമാരാർ, എൻ. വി. കൃഷ്ണവാര്യർ, എം. ഗോവിന്ദൻ, ജോസഫ് മുണ്ടശ്ശേരി, എം.ടി, എം. കൃഷ്ണൻ നായർ, നരേന്ദ്രപ്രസാദ്, കെ. പി. അപ്പൻ, തുടങ്ങിയവർ) അവരൊക്കെ പരിചയപ്പെടുത്തുന്ന, പറഞ്ഞുപോകുന്ന ഉത്കൃഷ്ടമായ പുസ്തകങ്ങൾ തന്നെ വായിക്കുവാൻ വർഷങ്ങൾ എടുത്തേക്കാം. നിരന്തരമായി വായിച്ചുറപ്പിക്കാൻ അതിലും കാലങ്ങൾ നീണ്ടേക്കും. വായന വിനോദം എന്നതിനപ്പുറം, മനുഷ്യന്റെ അന്തരാത്മാവിന്റെ ആഴത്തിൽ എങ്ങനെ ചിരപ്രതിഷ്ഠ നേടുന്നു എന്നത് കണ്ടെത്തിക്കഴിഞ്ഞ വായനക്കാർ മോശം പുസ്തകങ്ങളെ വിമർശിക്കും. ചോദ്യം ചെയ്യും. അതൊരു മനുഷ്യന്റെ നിരന്തര നവീകരണ പ്രക്രിയയുടെ സ്വാഭാവികമായ ഭാഗമാണ്. ചോദ്യങ്ങൾ ഉണ്ടാകാതിരിക്കുകയും എന്തിനോടും പൊരുത്തപ്പെടാം എന്നൊരു മനോനില ഉണ്ടാകുകയും ചെയ്യുമ്പോൾ, നിങ്ങളുടെ വായനാരീതിയിൽ എന്തോ പ്രശ്നമുണ്ടെന്നുവേണം വിലയിരുത്താൻ.

സിലബസിൽ രചനകൾ ചേർക്കാൻ തുടങ്ങിയ ഒരു ഇടവേളയിൽ സാമൂഹ്യമാധ്യമത്തിൽ ഒരു വൻപിളർപ്പ് തന്നെ സംഭവിച്ചു. അവിടെ മൂന്ന് കൂട്ടരാണുണ്ടായത്, തങ്ങളുടെ രചനകൾ സിലബസിൽ വന്നവർ, സിലബസിൽ വരാത്തവർ, അതുവരെയും രചനകൾ ഒന്നും എഴുതാത്തവർ.

വായനാരീതികളും അഭിരുചികളും ഓരോരുത്തർക്കും വ്യത്യസ്തമല്ലേ? അഭിരുചികളിൽ വ്യത്യാസമുണ്ടായേക്കും, അപ്പോഴും അത് സാഹിത്യരൂപങ്ങളിൽ ഏത് തെരഞ്ഞെടുക്കണം എന്നതിലായിരിക്കുമെന്നാണ് തോന്നുന്നത്. കഥയാവാം, നോവലാവാം, ലേഖനങ്ങളാവാം, കവിതകളാവാം. വായനയിൽ പക്വത പ്രാപിക്കുക എന്നൊരു രീതിയിൽ എത്തിച്ചേർന്ന വായനക്കാർ ബൗദ്ധിക വളർച്ച നൽകുന്ന പുസ്തകങ്ങൾ ആവർത്തിച്ചു വായിക്കുന്നതും അതേ കുറിച്ച് സംസാരിക്കുന്നതും തന്നെയാണ്‌ ഉദാഹരണം. തെറ്റായ വായനാരീതി സ്വീകരിക്കുന്നു എന്ന് പറയുമ്പോൾ, ശരിയായ വായനാരീതി ഉണ്ടായിരിക്കുമെന്നതിനെ മനസ്സിലാക്കുകയല്ല, തിരിച്ചറിയുകയാണ് വായനക്കാർ ചെയ്യേണ്ടത്.

പുസ്തകങ്ങളുടെ ആത്മീയമായ ആകമാനമായ ശക്തികളെ ചോദ്യം ചെയ്യരുത്. ഒരു കഥയോ നോവലോ വായിച്ചാൽ അത് നിങ്ങളുടെ കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും പോസിറ്റീവായി എന്തു മാറ്റമാണ് കൊണ്ടുവന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ആ കൃതിയെ എങ്ങനെ നിങ്ങൾക്ക് വിമര്ശനാത്മകമായി വിലയിരുത്താൻ കഴിഞ്ഞുവെന്നും ചിന്തിക്കേണ്ടതുണ്ട്. ആ ചിന്ത നൽകാത്ത വായന വ്യർത്ഥമാണെന്ന് പറയേണ്ടിവരും. വായനയ്ക്കായി ഉപയോഗിക്കുന്ന സമയത്തെ എങ്ങനെ പ്രയോജനകരമായി ഉപയോഗിക്കാം എന്നുള്ളതിലേക്ക് വായനക്കാർ മാറേണ്ടതുണ്ട്.

എൻ. മോഹനൻ വർഷങ്ങൾക്കുമുമ്പ് എഴുതിയ ‘ഒരിക്കൽ’ എന്ന പുസ്തകത്തിൽ നിന്നാണ് റീൽസുകൾ തരംഗമാകാൻ തുടങ്ങിയത്.
എൻ. മോഹനൻ വർഷങ്ങൾക്കുമുമ്പ് എഴുതിയ ‘ഒരിക്കൽ’ എന്ന പുസ്തകത്തിൽ നിന്നാണ് റീൽസുകൾ തരംഗമാകാൻ തുടങ്ങിയത്.

വായനക്കാർ കൃത്രിമത്വത്തിന്റെ ഇരകളാകുമ്പോൾ

നിലവാരം കുറഞ്ഞ പുസ്തകങ്ങൾ ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ പത്തും പതിനഞ്ചും പതിപ്പുകൾ താണ്ടി വായനക്കാരിലൂടെ കടന്നുപോകുമ്പോൾ, അവരിൽ അവർ അറിയാതെ ഉരുത്തിരിഞ്ഞു വരുന്ന വായനാനിലവാരശോഷണം മറ്റൊരു പ്രധാന സംഗതിയാണ്. മുമ്പ് സൂചിപ്പിച്ച ‘സാധാരണ - അസാധാരണ വായനകൾ’ എന്ന വലിയൊരു വേർതിരിവ്, നിലവാരം കുറഞ്ഞ പുസ്തകങ്ങൾ എഴുതുന്ന എഴുത്തുകാർ വായനക്കാർക്ക് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. വായനകൾ എല്ലാം സാധാരണമാണ്. ഒരു കൃതിയെ വിലയിരുത്താൻ പാകത്തിന് നമ്മുടെ വായനയെ എങ്ങനെ വളർത്തിയെടുക്കാം എന്നതാണ് വായനക്കാർ ശ്രദ്ധിക്കേണ്ട കാര്യം.

റീൽസുകളിൽ വായന കുരുങ്ങുമ്പോൾ

സോഷ്യൽ മീഡിയ ട്രെൻഡിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങൾക്ക് അതിന്റെ പുറം ചട്ട, പേര്, എഴുത്താളുടെ പേര്, എന്നുള്ളതിനേക്കാൾ അതിന്റെ ബ്ലർബ് പറയാൻ പാകത്തിന് ഭംഗിയുള്ള ശബ്ദം, നൊസ്റ്റാൾജിയ ഉണർത്തുന്ന സിനിമകളിലെ ബി ജി എം, ഇത് രണ്ടും പാകത്തിന് ചേർത്തിറങ്ങുന്ന റീൽസുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. എൻ. മോഹനൻ വർഷങ്ങൾക്കുമുമ്പ് എഴുതിയ ‘ഒരിക്കൽ’ എന്ന പുസ്തകത്തിൽ നിന്നാണ് റീൽസുകൾ തരംഗമാകാൻ തുടങ്ങിയത്.

രു സിനിമ കാണുന്നു. അതിലെ വികാരപരമായ സീനുകൾ കാണുമ്പോൾ കണ്ണീർ പോലും വരുന്നു എന്ന് വിചാരിക്കുക. (എല്ലാവർക്കും അല്ലെങ്കിൽ പോലും). അതേ സീനിന്റെ ഷൂട്ടിംഗ് കണ്ടാൽ ഒരുപക്ഷേ നമ്മൾ കരഞ്ഞേക്കില്ല. അവിടെയാണ് ബി ജി എമ്മിന്റെ ഒരുതരം പ്രവർത്തനം. ഏതാണ്ട് അതേ കാര്യം തന്നെയാണ് പുസ്തക റീലുകൾ ഉണ്ടാക്കുന്നത്. റീൽ ചെയ്യുന്നവർ വായിക്കുന്ന വരികൾ നിങ്ങളെ സ്പർശിക്കുന്നത്, ഒരുപക്ഷേ ആ ഇമോഷനുമായി ബന്ധപ്പെട്ട എന്തോ ഒരു സാഹചര്യം നിങ്ങളുടെയുള്ളിൽ ഉള്ളതുകൊണ്ടു മാത്രമാണ്. അതിന്റെ പരിണിതഫലത്തോടെ അതേ പുസ്തകം വായിക്കുമ്പോഴും തലച്ചോർ പ്രവർത്തിക്കാതെ മനസ്സ്‌ റീൽസ് കാണിച്ചു കൊണ്ടിരിക്കും. ഇത് ഒരുതരം കൃത്രിമത്വം തന്നെയാണ്.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങൾക്ക് അതിന്റെ പുറം ചട്ട, പേര്, എഴുത്താളുടെ പേര്, എന്നുള്ളതിനേക്കാൾ അതിന്റെ ബ്ലർബ് പറയാൻ പാകത്തിന് ഭംഗിയുള്ള ശബ്ദം, നൊസ്റ്റാൾജിയ ഉണർത്തുന്ന സിനിമകളിലെ ബി ജി എം, ഇത് രണ്ടും പാകത്തിന് ചേർത്തിറങ്ങുന്ന റീൽസുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്..
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങൾക്ക് അതിന്റെ പുറം ചട്ട, പേര്, എഴുത്താളുടെ പേര്, എന്നുള്ളതിനേക്കാൾ അതിന്റെ ബ്ലർബ് പറയാൻ പാകത്തിന് ഭംഗിയുള്ള ശബ്ദം, നൊസ്റ്റാൾജിയ ഉണർത്തുന്ന സിനിമകളിലെ ബി ജി എം, ഇത് രണ്ടും പാകത്തിന് ചേർത്തിറങ്ങുന്ന റീൽസുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്..

ഫിക്ഷൻ വായനകൾ പോലും എടുത്തു നോക്കിയാൽ അതിൽ മുഴുകുന്ന മനുഷ്യർ കടന്നെത്തുന്ന ലോകം പുതിയ ലോകമായി മാറുകയും, അവിടെ കാണുന്ന കാഴ്ചകളിൽ മുഴുകുകയും ചെയ്യുന്നു. അപ്പോഴും അതിനെ വിമർശനാത്മകമായിട്ടോ, നിരൂപണവിധേയമായിട്ടോ വായിക്കാൻ നിങ്ങൾക്ക് കഴിയണമെന്നുണ്ടെങ്കിൽ വായന വിനോദോപാധി മാത്രമല്ലെന്ന ബോധ്യമുണ്ടാവണം. അതിനുവേണ്ടി, എല്ലാ സാഹിത്യരൂപങ്ങളിലൂടെയും സഞ്ചരിക്കണം. നോവൽ, കഥ, കവിത, നാടകം, ലേഖനങ്ങൾ, നിരൂപണങ്ങൾ- അങ്ങനെ വായനയിൽ വളർച്ചയുടെ സാധ്യതകൾ തിരയണം.

നിസ്സാരവത്കരിക്കപ്പെടുന്ന
എഴുത്തുകാരും വായനക്കാരും

എപ്പോഴും മാർക്കറ്റിങിലും പ്രസംഗവേദികളിലും ചടുലമായി നിലനിൽക്കാൻ കഴിയാത്ത എഴുത്തുകാരെ പാടെ മറന്നുപോകുന്ന പ്രവണതകൾക്ക് മാറ്റമുണ്ടാകണം. നല്ല പുസ്തകങ്ങൾ കണ്ടെത്തി വായിക്കുന്ന വായനക്കാർ, അതേ കുറിച്ച് ഒരു വരിയെങ്കിലും കുറിക്കണം. നിലവാരം കുറഞ്ഞ പുസ്തകം ഇഷ്ടപ്പെട്ടില്ല എന്നൊരു വരിയിൽ ഒതുക്കാതെ, എന്തുകൊണ്ട് ഇഷ്ടപെട്ടില്ല എന്നതിലേക്ക് എത്തണം. ഇഷ്ടപ്പെടാത്ത പുസ്തകത്തെ കുറിച്ച് എഴുതി സമയം കളയുന്നുവെന്നുള്ള തോന്നൽ വരേണ്ടതില്ല, സാഹിത്യനവീകരണ പ്രക്രിയയിലേ ഒരു അംഗമാണ് വായനക്കാരും. അത് വായനക്കാരുടെ കടമയുമാണ്. നിരന്തരമായ വായന തന്നെയാണ് അതിലേക്കുള്ള വാതിൽ.

നിരൂപകരെയും (നിലവിലുള്ളതും ഉണ്ടായിരുന്നതും) അറിഞ്ഞിരിക്കണം. ആരെങ്കിലും ഷെയർ ചെയ്യുന്ന പോസ്റ്റിനു കീഴിൽ അവരെ പിന്തുണയ്ക്കാനെന്ന വ്യാജേന നടത്തുന്ന സ്വയം വിഡ്ഢിയാക്കപ്പെടൽ കുറയ്ക്കാൻ അറിവുകൾ ഉപകരിക്കും. ‘അയാൾ ആരാണ്? പോകാൻ പറയൂ’ തുടങ്ങിയ വിഡ്ഢിത്തസംസാരങ്ങളിൽ നിന്ന് മോചനം ലഭിച്ചേക്കും.

വിപണിയിൽ കൂടുതൽ വിറ്റഴിക്കുന്നതല്ലേ, എന്നാൽ പിന്നെ എടുത്തു പഠിക്കട്ടെ, ഇതാണോ സിലബസിലേക്ക് ഒരു പുസ്തകം തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം? ക്ഷമിക്കണം അറിവില്ലായ്മ കൊണ്ടാണ് ചോദിക്കുന്നത്, വായിച്ചുതള്ളാൻ പാകത്തിനുള്ള പുസ്തകങ്ങൾ എടുത്തുകൊണ്ടുപോയി പഠിക്കാൻ കൊടുക്കുന്നതിന്റെ ഉദ്ദേശ്യം അറിയാത്തതുകൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്.

പരസ്പരസഹായസംഘം

ഒരു കൂട്ടർ എഴുതുന്നു, പുസ്തകം വരുന്നു, മറ്റൊരു കൂട്ടർ പുകഴ്ത്തുന്നു… നല്ല പ്രക്രിയ, മുന്നോട്ട് പൊയ്ക്കോട്ടെ...
അതിനെയും കടന്ന് എഴുത്തുകാരുടെ സാമൂഹ്യപരമല്ലാത്ത നിലപാടുകളെയും അഭിപ്രായങ്ങളേയും കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന, അവരുടെ തന്നെ വാലുകളായി വായനക്കാർ മാറരുത്. ഓരോ വ്യക്തിയും സ്വതന്ത്രരാണ്. നിങ്ങളുടെ ആരാധനാമൂർത്തി പറയുന്നതെന്തും തലകുലുക്കി സമ്മതിക്കേണ്ട കാര്യം നിങ്ങൾക്കില്ല. തിരുത്തേണ്ട മനുഷ്യരെ തിരുത്താൻ കൂടി ഉപയോഗിക്കപ്പെടേണ്ടതാണ് ആരാധനമനോഭാവം.

സിലബസ് മെറ്റീരിയൽ

സിലബസിൽ രചനകൾ ചേർക്കാൻ തുടങ്ങിയ ഒരു ഇടവേളയിൽ സാമൂഹ്യമാധ്യമത്തിൽ ഒരു വൻപിളർപ്പ് തന്നെ സംഭവിച്ചു. അവിടെ മൂന്ന് കൂട്ടരാണുണ്ടായത്, തങ്ങളുടെ രചനകൾ സിലബസിൽ വന്നവർ, സിലബസിൽ വരാത്തവർ, അതുവരെയും രചനകൾ ഒന്നും എഴുതാത്തവർ.

എപ്പോഴും മാർക്കറ്റിങിലും പ്രസംഗവേദികളിലും ചടുലമായി നിലനിൽക്കാൻ കഴിയാത്ത എഴുത്തുകാരെ പാടെ മറന്നുപോകുന്ന പ്രവണതകൾക്ക് മാറ്റമുണ്ടാകണം.  നല്ല പുസ്തകങ്ങൾ കണ്ടെത്തി വായിക്കുന്ന വായനക്കാർ, അതേ കുറിച്ച് ഒരു വരിയെങ്കിലും കുറിക്കണം. നിലവാരം കുറഞ്ഞ പുസ്തകം ഇഷ്ടപ്പെട്ടില്ല എന്നൊരു വരിയിൽ ഒതുക്കാതെ, എന്തുകൊണ്ട് ഇഷ്ടപെട്ടില്ല എന്നതിലേക്ക് എത്തണം.
എപ്പോഴും മാർക്കറ്റിങിലും പ്രസംഗവേദികളിലും ചടുലമായി നിലനിൽക്കാൻ കഴിയാത്ത എഴുത്തുകാരെ പാടെ മറന്നുപോകുന്ന പ്രവണതകൾക്ക് മാറ്റമുണ്ടാകണം. നല്ല പുസ്തകങ്ങൾ കണ്ടെത്തി വായിക്കുന്ന വായനക്കാർ, അതേ കുറിച്ച് ഒരു വരിയെങ്കിലും കുറിക്കണം. നിലവാരം കുറഞ്ഞ പുസ്തകം ഇഷ്ടപ്പെട്ടില്ല എന്നൊരു വരിയിൽ ഒതുക്കാതെ, എന്തുകൊണ്ട് ഇഷ്ടപെട്ടില്ല എന്നതിലേക്ക് എത്തണം.

ഇതെല്ലാം ലോകം മുഴുവൻ അറിയുന്ന വിധത്തിലായിരുന്നു എഴുത്തുകാരുടെ പ്രഹസനങ്ങൾ. വിപണിയിൽ കൂടുതൽ വിറ്റഴിക്കുന്നതല്ലേ, എന്നാൽ പിന്നെ എടുത്തു പഠിക്കട്ടെ, ഇതാണോ സിലബസിലേക്ക് ഒരു പുസ്തകം തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം? ക്ഷമിക്കണം അറിവില്ലായ്മ കൊണ്ടാണ് ചോദിക്കുന്നത്, വായിച്ചുതള്ളാൻ പാകത്തിനുള്ള പുസ്തകങ്ങൾ എടുത്തുകൊണ്ടുപോയി പഠിക്കാൻ കൊടുക്കുന്നതിന്റെ ഉദ്ദേശ്യം അറിയാത്തതുകൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്. ഗവേഷണം ചെയ്തു പഠിക്കാൻ സാധ്യത ഒരുക്കുകയാണ് ഉന്നത പഠനങ്ങൾ ലക്ഷ്യമാക്കേണ്ടത്. തന്റെ കൃതികൾ പഠിപ്പിക്കേണ്ടതില്ല എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പ്രഖ്യാപിച്ചതിനെ പ്രധാനമായും പരിഹസിച്ചത് ഈ ‘സിലബസ് എഴുത്തുകാരാ’യിരുന്നു. കുട്ടികളുടെ ജന്മം സഫലമാണ്, നല്ലതൊന്നും അവർക്ക് പഠിക്കേണ്ടിവരില്ല എന്നത് മാത്രമല്ല, പരീക്ഷ യിലൊക്കെ ധാരാളം മാർക്കും വാങ്ങാം. ആ സാധ്യതകളിലാണേ, പുസ്തകങ്ങൾ നിലനിൽക്കുന്നത്.

പ്രസാധകരോട്…

വായനക്കാർ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു:

- പേജുകളും അധ്യായങ്ങളും ആവർത്തിച്ചാണെങ്കിലും പുസ്തകങ്ങളുടെ വില കുത്തനെ ഉയർത്തിനിർത്തുന്നതിന്.

- സിനിമയിലോ സീരിയലിലോ മുഖം കാണിച്ചവരുടെ പബ്ലിസിറ്റി കണക്കിലെടുത്ത് കാലാഹരണപ്പെട്ട പുസ്തകങ്ങൾ ഇറക്കുന്നതിന്.

- സാഹിത്യോത്സവ ചർച്ചകളിൽ മോഡറേറ്റർമാരെ കൊണ്ടുവന്നിരുത്തുമ്പോൾ കൃത്യമായി ചോദ്യം ചോദിക്കാൻ വായനക്കാർക്ക് സമയമേ കൊടുക്കാതെ, ചർച്ചകളുടെ തുടക്കത്തിൽ എഴുത്തുകാരെ പുകഴ്ത്തിപ്പാടൽ പംക്തിയ്ക്ക് നിറയെ സമയം അനുവദിക്കുന്നതിന്.

- ഏറ്റവുമൊടുവിൽ, നല്ല വിപണി ഉണ്ടാക്കിയെടുക്കുന്നതിനായി എന്തും എടുത്തു പ്രയോഗിക്കുന്നതിന്.

വായനക്കാരോട്...

ഒരു മനുഷ്യായുസ്സിൽ വായിച്ചാൽ തീരാത്ത അത്രയും പുസ്തകങ്ങൾ നിങ്ങൾക്കു മുന്നിലുണ്ട്. സ്വയം തിരുത്തി മുന്നേറുന്ന വായനാരീതി സ്വീകരിക്കുക. നിങ്ങളെ നവീകരിക്കാൻ കഴിയുന്ന വസ്തു എന്നതിനുമപ്പുറം, വായനയുടെ അനന്യസാധാരണമായ, അത്ഭുതപൂർവ്വമായ ആഹ്ലാദത്തെ അനുഭവിച്ചറിയാൻ അത് നിങ്ങളെ സഹായിക്കും. യഥാർത്ഥ തേൻ എന്തെന്നറിയുവാൻ അത് രുചിച്ചു നോക്കുക തന്നെ വേണം. അങ്ങനെ വന്നാൽ, ശർക്കരപ്പാനികളെ നിങ്ങൾ പാടെ ഉപേക്ഷിച്ചേക്കും.

ഒരു വ്യക്തിയെന്ന നിലയിൽ ‘നിരന്തര വായന’ എന്തു നൽകി എന്ന ബോധ്യങ്ങളുടെ സാരാംശമെന്ന നിലയിലാണ് ഈ അഭിപ്രായങ്ങളും വാദങ്ങളും സമർപ്പിക്കുന്നത്.
നന്ദി: എന്റെ വായനകൾക്ക്,
വായനയിൽ എന്റെ ഗുരുവിന്…


Summary: Haritha R critically examines new trends in contemporary reading and the approaches of writers. How books marketing trends and social media influence reading.


ഹരിത ആർ.

എഴുത്തുകാരി. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ മലയാളം ബിരുദാനന്തര വിദ്യാർത്ഥി.

Comments