വി.കെ. ബാബു

വായനയുടെ സ്ഥലജലവിഭ്രാന്തി,
വായനക്കാരുടെയും

വായനയെ കാൽപനികവത്കരിച്ച് അവതരിപ്പിച്ചാണ് ഇന്ന് പുസ്തക വിപണി മുന്നേറുന്നത്. അയഥാർത്ഥമായ കാര്യങ്ങൾ വായനയെ സംബന്ധിച്ച് പറയുന്നു. പരസ്യം ചെയ്യുന്നു. ഇത് ഒരു കച്ചവട തന്ത്രമായി തിരിച്ചറിയേണ്ടതുണ്ട്- വി.കെ. ബാബു എഴുതുന്നു.

വായന എന്ന പ്രക്രിയയെ അച്ചടിരൂപത്തിലുള്ള പുസ്തകത്തിന്റെ വായന എന്ന രീതിയിലേക്ക് ചുരുക്കുന്നത് തീർച്ചയായും ശരിയാവില്ല. അച്ചടി മനുഷ്യചരിത്രത്തിലെ നിർണ്ണായകമായ ഒരു കണ്ടുപിടിത്തമാണ് എന്നത് വാസ്തവമാണ്. അത് പുസ്തകങ്ങളുടെ വർദ്ധനവിനും വായനയുടെ വ്യാപനത്തിനും കാരണമായി. മതഗ്രന്ഥങ്ങൾ മാത്രം അച്ചടിച്ചിരുന്ന ആദ്യ കാലത്തിൽനിന്ന് വ്യത്യസ്തമായി എല്ലാ മേഖലയേയും സംബന്ധിക്കുന്ന പുസ്തകങ്ങളുണ്ടായി. അവയ്ക്ക് നിരവധി വായനക്കാരുണ്ടായി. അതിനാൽ വായനയെ സമൂഹത്തിന്റെ ജനാധിപത്യവത്കരണത്തെ ത്വരിതപ്പെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രക്രിയയായി കണക്കാക്കാം.

വായന ഒരു സാമുഹ്യപ്രക്രിയയാണ്. വിമോചനപ്രക്രിയയും രാഷ്ട്രീയപ്രക്രിയയുമാണ്. ഭാഷയാണ് മനുഷ്യരുടെ സാമൂഹികതയ്ക്ക് അടിസ്ഥാനമെന്ന് പുതിയ ഗവേഷണങ്ങൾ പറയുന്നുണ്ട്. വായനയ്ക്ക് പലതായ രൂപങ്ങളുണ്ട്. തന്റെ സഹജീവികളുമായി സാമൂഹ്യജീവിയായ മനുഷ്യർ നടത്തുന്ന ഇടപെടലിന്റെ തലത്തിലാണ് ഒരുപക്ഷേ വായനയെ സ്ഥാനപ്പെടുത്താനാവുക. അതിന്റെ ഗതിവഗതികളെ നിയന്ത്രിക്കുന്നതിലും അതിനെ ജനകീയമാക്കുന്നതിലും സാങ്കേതികവിദ്യയ്ക്ക് പ്രധാന പങ്കുണ്ട്.

ഭാഷയാണ് മനുഷ്യരുടെ സാമൂഹികതയ്ക്ക് അടിസ്ഥാനമെന്ന് പുതിയ ഗവേഷണങ്ങൾ പറയുന്നുണ്ട്. / Photo: Rosetta Stone, Wikimedia Commons
ഭാഷയാണ് മനുഷ്യരുടെ സാമൂഹികതയ്ക്ക് അടിസ്ഥാനമെന്ന് പുതിയ ഗവേഷണങ്ങൾ പറയുന്നുണ്ട്. / Photo: Rosetta Stone, Wikimedia Commons

ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രയോഗങ്ങൾ വായനയെ കൂടുതൽ വ്യാപകമാക്കുകയും വേഗത്തിലാക്കുകയുമാണ് ചെയ്തത്.അച്ചടി ഗ്രന്ഥങ്ങൾ തീരെ ചുരുങ്ങുന്ന ഒരു കാലത്തേക്ക് നാം പോയിക്കൂടായ്കയില്ല. അത് എഴുത്തിനും വായനക്കും പുതിയ പ്രതലങ്ങൾ രൂപപ്പെടുന്നതിന്റെ ഫലമായി കാണുന്നതാണ് ഉചിതം.

പേപ്പറോ പേനയോ അച്ചടിയോ ആവശ്യമില്ലാത്ത ഒരു പ്രതലം. അതിലേക്കുള്ള പ്രവേശനം നാം ആരംഭിച്ചുകഴിഞ്ഞു. വായനയും വൈജ്ഞാനികതയും കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുന്ന ഇടങ്ങളാണ് വായനയുടെ നവീനമായ പ്രതലങ്ങൾ.

വരേണ്യതകളോട് കലഹിച്ചും പോരാടിയുമാണ് വായനയേയും വൈജ്ഞാനികതയേയും മനുഷ്യർ ജനകീയമാക്കി മാറ്റിയത്. മനുഷ്യരാശിയെ മുന്നോട്ട് നയിച്ച നവോത്ഥാനം, ആധുനികത, ശാസ്ത്രബോധം, പൗരത്വം എന്നീ ആശയങ്ങളെല്ലാം വായനയുടെ കൂടി ഉൽപ്പന്നമാണെന്ന് കാണാം.

വായന മനുഷ്യനിലെ വിമർശനാത്മചിന്തയെ ത്വരിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രക്രിയയാണ്. വിമർശനാത്മകചിന്തയാണ് മനുഷ്യരുടെ സ്വയംവികാസത്തിന്റെ പ്രധാന ആസ്പദങ്ങളിലൊന്ന്. നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുക എന്ന ദൗത്യമാണ് ശരിയായ വായനയ്ക്കുള്ളത്.

തങ്ങളുടെ ബോധ്യങ്ങളെയും ധാരണകളെയും തുടർച്ചയായി പുതുക്കി മാത്രമേ മനുഷ്യർക്ക് ആധുനിക പൗരരായി ജീവിക്കാൻ കഴിയുകയുള്ളൂ. മനുഷ്യരുടെ ലോകവും പ്രകൃതിയും നമ്മുടെ ചുറ്റുപാടുകളും നിമിഷം പ്രതി മാറിക്കൊണ്ടിരിക്കുകയാണ്. അതിനനുസൃതമായി മനുഷ്യന്റെ ധാരണകളും ചിന്തകളും അപ്ഡേറ്റ് ചെയ്യപ്പെടേണ്ടതുണ്ട്. മാറ്റങ്ങളോടെയുള്ള ഈ വളർച്ചയുടെ ഗുണഭോക്താവായി ഓരോ മനുഷ്യനെയും മാറ്റിയെടുക്കേണ്ടതുണ്ട്, സ്വയം മാറേണ്ടതുണ്ട്. ഈ പ്രക്രിയയിൽ വായന നിർവഹിക്കുന്ന സാംസ്കാരിക ദൗത്യം പ്രധാനമാണ്. സാംസ്കാരികമായി മാത്രമല്ല, സാങ്കേതികമായിക്കൂടി വായന മനുഷ്യനെ വളർത്തുന്നുണ്ട്.

പേപ്പറോ പേനയോ അച്ചടിയോ ആവശ്യമില്ലാത്ത ഒരു പ്രതലത്തിലുള്ള വായന നാം ആരംഭിച്ചു കഴിഞ്ഞു / Photo: Chapendra, flickr
പേപ്പറോ പേനയോ അച്ചടിയോ ആവശ്യമില്ലാത്ത ഒരു പ്രതലത്തിലുള്ള വായന നാം ആരംഭിച്ചു കഴിഞ്ഞു / Photo: Chapendra, flickr

വൈജ്ഞാനിക വിനിമയങ്ങളിൽ വായന വഹിക്കുന്ന പങ്ക് ഏറ്റവും മുഖ്യമായതാണ്. എല്ലുകളിലും കല്ലുകളിലും എഴുതുകയും വായിക്കുകയും ചെയ്തിരുന്ന പൗരാണിക മനുഷ്യന്റെ വായനയുടെ തലങ്ങളും ആവിഷ്കാരങ്ങളും വലിയ പരിണാമങ്ങൾക്ക് വിധേയമായിട്ടുണ്ട്. താളിയോലകളുടെയും തുകൽ ചട്ടകളുടെയും കാലം പിന്നിട്ടാണ് കടലാസിന്റേയും അച്ചടിയുടേയും കാലത്ത് വായന എത്തിച്ചേർന്നത്. അത് വായനയെ ജനകീയമാക്കി മാറ്റി.

പൗരാണിക മതങ്ങളും പൗരോഹിത്യവും ഭരണകൂടവും വിജ്ഞാനത്തിന്റെ ജനകീയതയെ പ്രോത്സാഹിപ്പിക്കുകയല്ല ചെയ്തത്. അത്തരം വരേണ്യതകളോട് കലഹിച്ചും പോരാടിയുമാണ് വായനയേയും വൈജ്ഞാനികതയേയും മനുഷ്യർ ജനകീയമാക്കി മാറ്റിയത്. മനുഷ്യരാശിയെ മുന്നോട്ട് നയിച്ച നവോത്ഥാനം, ആധുനികത, ശാസ്ത്രബോധം, പൗരത്വം എന്നീ ആശയങ്ങളെല്ലാം വായനയുടെ കൂടി ഉൽപ്പന്നമാണെന്ന് കാണാം.

വായനയിലൂടെ സർഗാത്മകമാകുന്ന മനസ്സുകൾക്കാണ് എപ്പോഴും പുതിയ ആശയങ്ങൾ സ്വീകരിക്കാനും ആവിഷ്‌കരിക്കാനും കഴിഞ്ഞിട്ടുള്ളത്. സഹജീവികളുടെ മനസ്സിലേക്കും വിചാര വികാര സങ്കീർണതകളിലേക്കും നോവുകളിലേക്കും കടക്കാനും വേറെയൊരു ജീവിതം കൂടി അനുഭവിക്കാനും വായന മനുഷ്യരെ പ്രാപ്തരാക്കുന്നു.

വായനയിലൂടെ സർഗാത്മകമാകുന്ന മനസ്സുകൾക്കാണ് എപ്പോഴും പുതിയ ആശയങ്ങൾ സ്വീകരിക്കാനും ആവിഷ്‌കരിക്കാനും  കഴിഞ്ഞിട്ടുള്ളത്. / Photo: Krithi International Book Fair
വായനയിലൂടെ സർഗാത്മകമാകുന്ന മനസ്സുകൾക്കാണ് എപ്പോഴും പുതിയ ആശയങ്ങൾ സ്വീകരിക്കാനും ആവിഷ്‌കരിക്കാനും കഴിഞ്ഞിട്ടുള്ളത്. / Photo: Krithi International Book Fair

ഇപ്പോൾ ഭൂമുഖത്ത് ജീവിച്ചിരിക്കുന്ന ജനതയുടെയത്ര വായനയുണ്ടായിരുന്ന മറ്റൊരു ജനത ഒരു ചരിത്രകാലഘട്ടത്തിലും ഉണ്ടായിരുന്നില്ല എന്നതൊരു വാസ്തവമാണ്. സാങ്കേതികവിദ്യയുടെ മുന്നേറ്റമാണ് അച്ചടിരൂപത്തിലായാലും ഡിജിറ്റൽ രൂപത്തിലായാലും വായനയെ ഇത്രയേറെ ജനകീയവും സാർവത്രികവുമാക്കിയത്.

സമകാലിക ലോകത്ത് കൂടുതലും നടക്കുന്നത് ആഴത്തിലുള്ള ദീർഘമായ വായനകളല്ല എന്നതൊരു വാസ്തവമാണ്. ഒരു വാർത്താ ശകലമോ ഒരു ചെറിയ ആഖ്യാനഭാഗമോ ഒരു ട്വീറ്റുപോലെ വായിച്ചുപോകുന്ന രീതിയാണ് ഏറെയും. ഈ വായനകളിലേറെയും ഇപ്പോൾ ഉപരിപ്ലവമായ ഒരു തലത്തിൽ നടക്കുന്നു എന്നതാണ് നിരീക്ഷിക്കാനാവുക.

പുസ്തക വിപണിയും മറ്റേതൊരു വിപണിയേയും പോലെ കച്ചവടത്തിന്റെ നിയമങ്ങളാൽ നിയന്ത്രിതവും അവയാൽ മുമ്പോട്ടുപോകുന്നതുമാണ്. കൂടുതൽ ലാഭം എന്നതു തന്നെയാണ് ഏതൊരു വ്യാപാരത്തിന്റേയും ലക്ഷ്യം.

റീൽ കാലഘട്ടത്തിലെ വായന അങ്ങനെയാണ് മുമ്പോട്ടുപോകുന്നത്. ഒരാളുടെ വായനയുടെ ലോകത്തെ വിശാലമാക്കുന്നതിൽ ആദ്യഘട്ടത്തിൽ ജനപ്രിയ സാഹിത്യത്തിന് ഒരിടം ഉണ്ട്. വലിയ തോതിൽ വിറ്റുപോകുന്ന പോപ്പുലർ പൾപ്പ് ഫിക്ഷനുകൾ, ഡിറ്റക്ടീവ് നോവലുകൾ, വികാരോത്തേജകങ്ങളായ അനുഭവകഥനങ്ങൾ തുടങ്ങിയവ ഏതൊരാളുടേയും ആദ്യകാലവായനകളിൽ ഇടം പിടിക്കുന്നവയാണ്.

വായനയിലേക്ക് പ്രവേശം നൽകുന്ന ഘടകം എന്ന നിലയിൽ അവയ്ക്ക് പ്രസക്തിയുണ്ട്. അവിടെനിന്ന് ഗൗരവമുള്ള വായനയിലേക്കും സെലക്ടീവായ വായനയിലേക്കും വഴിമാറുന്നത് ഒരാളുടെ തിരിച്ചറിവുകളിൽ നിന്നായിരിക്കും. ഈ തിരിച്ചറിവെന്നത് രാഷ്ട്രീയമാനമുള്ള ഒന്നു കൂടിയാണ്. താൻ ജീവിക്കുന്ന ലോകത്തിന്റെ അനന്തവിശാലതയിലേക്കും മനുഷ്യജീവിതത്തിന്റെ സൂക്ഷ്മസങ്കീർണതകളിലേയ്ക്കും നവീനമായ തുറവികൾ നൽകുന്ന വായനയിലേക്ക് ഒരാൾ നയിക്കപ്പെടുകയാണ്. അതിനു പിന്നിൽ നിരവധി ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നു തോന്നുന്നു.

ഒരാളുടെ വായനയുടെ ലോകത്തെ വിശാലമാക്കുന്നതിൽ ആദ്യഘട്ടത്തിൽ ജനപ്രിയ സാഹിത്യത്തിന് ഒരിടം ഉണ്ട്. / Photo: Krithi International Book Fair
ഒരാളുടെ വായനയുടെ ലോകത്തെ വിശാലമാക്കുന്നതിൽ ആദ്യഘട്ടത്തിൽ ജനപ്രിയ സാഹിത്യത്തിന് ഒരിടം ഉണ്ട്. / Photo: Krithi International Book Fair

ശാസ്ത്രമായാലും ഫിക്ഷനായാലും അനുഭവാഖ്യാനമായാലും അവയുടെ വായനയിൽ യാഥാർത്ഥ്യത്തെ തേടലിന്റെ ഒരംശമുണ്ട്. ഡിറ്റക്ടീവ് നോവലുകളുടെ ലോകത്തേക്ക് ആദ്യഘട്ടത്തിൽ വായന താത്പര്യപൂർവ്വം സഞ്ചരിക്കുന്നതിലും അബോധപൂർവ്വമായി പ്രവർത്തിക്കുന്നത് ഈ വാസ്തവം തേടൽ ആണുള്ളതെന്ന് തോന്നുന്നു. അതിലുള്ളത് ഉപരിപ്ലവമായ ഒരു വാസ്തവാന്വേഷണമാണ് എന്നു തിരിച്ചറിയുന്നത് അവയുടെ വായനയിൽ നിന്നു തന്നെയാണ്. അതോടെ സത്യാന്വേഷണത്തിന്റെ കൂടുതൽ ഉയർന്ന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് ഗൗരവമായ വായനയിലേക്ക് കടക്കുന്നത്.എല്ലാം ലളിതവൽക്കരിച്ച് അവതരിപ്പിച്ച് ലഭ്യമാകുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. അതിലപ്പുറം പോയി വാസ്തവത്തെ അറിയണമെന്നുണ്ടെങ്കിൽ ദീ‍ർഘവായനയുടെ ( long read) ലോകത്തേക്ക് പ്രവേശിച്ചേ മതിയാവൂ. ലളിതവൽകൃതമായ അവതരണത്തിനെതിരെയുള്ള വായനയുടെ മണ്ഡലത്തിലെ ഒരു പ്രതിരോധം കൂടിയാണ് ദീർഘവായനകൾ.

പുസ്തക വിപണിയും മറ്റേതൊരു വിപണിയേയും പോലെ കച്ചവടത്തിന്റെ നിയമങ്ങളാൽ നിയന്ത്രിതവും അവയാൽ മുമ്പോട്ടുപോകുന്നതുമാണ്. പുസ്തകകച്ചവടം മഹത്തരവും മത്സ്യ കച്ചവടം മോശവും എന്ന ധാരണ ആർക്കെങ്കിലുമുണ്ടെങ്കിൽ അത് യാഥാർത്ഥ്യത്തിന് നിരക്കുന്ന ഒന്നല്ല. കൂടുതൽ ലാഭം എന്നതു തന്നെയാണ് ഏതൊരു വ്യാപാരത്തിന്റേയും ലക്ഷ്യം.

സ്വകാര്യ പ്രസാധകരുടെ നേതൃത്വത്തിൽ നടന്നുവരുന്ന ആഘോഷപൂർണ്ണമായ ഫെസ്റ്റിവലുകൾ പുസ്തക കച്ചവടത്തെ ലക്ഷ്യം വെയ്ക്കുന്ന വ്യാപാരോത്സവങ്ങളായി വേണം കാണാൻ. ചെറിയ പൾപ്പ് ഫിക്ഷനുകൾ മലയാളത്തിൽ അടുത്തകാലത്തായി കൂടുതൽ ഇറങ്ങു(ക്കു)ന്നത് ഉപരിപ്ലവമായ വായനയുടെ ഒരു വിപണി ഉണ്ടാക്കുക എന്ന ലക്ഷ്യം വച്ചാണ്. അത്തരം ചെറു നോവലുകളും അനുഭവാഖ്യാനം എന്ന പേരിലിറങ്ങുന്ന രചനകളും വേഗത്തിൽ വിറ്റുപോകുന്നു.

എല്ലാ മേഖലയിലുമുള്ള മികച്ച പുസ്തകങ്ങൾ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വായിക്കാനും അവയെക്കുറിച്ച് സ്വതന്ത്രമായി അഭിപ്രായം പറയാനും കഴിയണം.
എല്ലാ മേഖലയിലുമുള്ള മികച്ച പുസ്തകങ്ങൾ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വായിക്കാനും അവയെക്കുറിച്ച് സ്വതന്ത്രമായി അഭിപ്രായം പറയാനും കഴിയണം.

വായനയെ ഉപരിപ്ലവ സ്വഭാവത്തിലുള്ളതാക്കി നിർത്തുക എന്നതിന് വായനയിലൂടെ ഉണ്ടേയാക്കാവുന്ന പുരോഗമനപരമായ മാറ്റത്തെ തടഞ്ഞുനിർത്തുക എന്ന ഉദ്ദേശ്യം കൂടി ഉള്ളതായി തോന്നുന്നു. ശരിയായ വായനയിൽ നിന്ന് ലഭിക്കേണ്ട വിമോചനാത്മകമായ മൂല്യം ഇത്തരം ഉപരിപ്ലവ വായനകളിൽ നിന്ന് ഉണ്ടാവുന്നില്ല.

പണ്ടുകാലത്ത് പൈങ്കിളി എന്ന് വിളിക്കപ്പെട്ടിരുന്നതിന്റെ ആധുനികമായ ഒരു വേർഷനായാണ് ഇവ കടന്നുവരുന്നത്. ഉന്നത അക്കാദമിക് സ്ഥാപനങ്ങൾ മുതൽ പ്രാഥമിക തലത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ വരെ ഈ വിപണിതന്ത്രത്തിന്റെ ഭാഗമാക്കിയാണ് ഈ രംഗത്തുള്ള കൊമെഴ്സ്യലേഷൻ മുന്നേറുന്നത്. വലിയ പ്രസിദ്ധീകരണ സ്ഥാപനങ്ങളും അധികാരികളും തമ്മിൽ ചില വാങ്ങൽ കൊടുക്കലുകൾ ഈ രംഗത്ത് ഉണ്ടെന്നുവേണം കരുതാൻ.

വായനയുമായി ബന്ധപ്പെട്ട് വിവിധങ്ങളായ മത്സരങ്ങൾ, വായനാക്കുറിപ്പ് എഴുതിക്കൽ എന്നിവ അടക്കമുള്ള പരിപാടികൾ ഇന്ന് ധാരാളമായി നടക്കുന്നുണ്ട്. പദ്ധതികൾ നടന്നുവെന്നുള്ള രേഖകൾ ഉണ്ടാക്കി അധികാരികൾക്ക് മേനി നടിക്കാനുള്ള അത്തരം പ്രയോഗങ്ങൾ കുട്ടികളിൽ വായനയോടുതന്നെ അകൽച്ചയുണ്ടാക്കും.

വായനയെ കേവലം ഒരു ആഘോഷമാക്കി മാറ്റുന്നതിൽ വായനയുടെ വിധ്വംസകവും വിപ്ലാവാത്മകവുമായ ഉള്ളടക്കത്തിന്റെ സ്വാധീനത്തിൽ നിന്ന് വായനക്കാരെ അകറ്റുക എന്ന ലക്ഷ്യമാണുള്ളത്. അതൊരു അരാഷ്ട്രീയമായ പൊങ്ങച്ചപ്രകടനമായി മാറുന്ന അവസ്ഥ ഇന്നുണ്ട്. അതിന്റെ ഇരകൾ പ്രധാനമായും വിദ്യാർത്ഥികളാണ്. വിദ്യാലയങ്ങളിൽ നടക്കുന്ന അന്തഃസ്സാരശൂന്യമായ വായനാഘോഷങ്ങൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. വിദ്യാർത്ഥികളുടെ യഥാർത്ഥ അഭിരുചികളെയോ സ്വതന്ത്രമായ അന്വേഷണവ്യഗ്രതയെയോ പരിഗണിക്കാതെ വിദ്യാഭ്യാസ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏകപക്ഷീയമായ പ്രകടനാത്മകത നിറഞ്ഞ പരിപാടികളാണത്.

സ്കൂൾ ലൈബ്രറികളിൽ പുസ്തകങ്ങൾ എത്തുന്നതിലും അധികാരികളുടേയും അവരുടെ ഇഷ്ടക്കാരായ പ്രസാധകരുടേയും കച്ചവടതാത്പര്യങ്ങൾ പ്രധാന ഘടകമായി മാറുന്നുണ്ട്.
സ്കൂൾ ലൈബ്രറികളിൽ പുസ്തകങ്ങൾ എത്തുന്നതിലും അധികാരികളുടേയും അവരുടെ ഇഷ്ടക്കാരായ പ്രസാധകരുടേയും കച്ചവടതാത്പര്യങ്ങൾ പ്രധാന ഘടകമായി മാറുന്നുണ്ട്.

പൊതുവിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെ ഫണ്ടുവിനിയോഗ ഉദ്യമങ്ങളുടെ ഭാഗമായാണ് അവ മിക്കതും നടക്കുന്നത്. യാന്ത്രികതയായിരിക്കും അതിന്റെ പ്രധാന മുഖമുദ്ര. വായിക്കാനുള്ള പുസ്തകങ്ങൾ തിരഞ്ഞടുക്കുന്നതു മുതൽ ആദ്യാവസാനം അതിനകത്ത് വരേണ്യരായ പ്രസാധകരുടേയും എഴുത്തധികാരികളുടേയും കൈകടത്തലുകളും സ്വാധീനപ്രയോഗങ്ങളും ഉണ്ടാവും.

വായനയുമായി ബന്ധപ്പെട്ട് വിവിധങ്ങളായ മത്സരങ്ങൾ, വായനാക്കുറിപ്പ് എഴുതിക്കൽ എന്നിവ അടക്കമുള്ള പരിപാടികൾ ഇന്ന് ധാരാളമായി നടക്കുന്നുണ്ട്. പദ്ധതികൾ നടന്നുവെന്നുള്ള രേഖകൾ ഉണ്ടാക്കി അധികാരികൾക്ക് മേനി നടിക്കാനുള്ള അത്തരം പ്രയോഗങ്ങൾ കുട്ടികളിൽ വായനയോടുതന്നെ അകൽച്ചയുണ്ടാക്കും വിധമാണ് ഇന്ന് സംഘടിപ്പിക്കപ്പെടുന്നത് എന്നതൊരു വാസ്തവമാണ്.

വിൽപ്പനയിലും വിപണിയിലും കുത്തകാധിപത്യം സ്ഥാപിക്കുക മാത്രമല്ല, സാംസ്കാരിക ചലനങ്ങളുടെ ദിശ നിർണ്ണയിക്കുന്നതിലും ഇത്തരം പ്രസാധകഭീമന്മാർ കളിക്കുന്നുണ്ട്.

ഈ രംഗത്ത് മത്സരം എന്നതുതന്നെ ഒരു അശ്ലീലമാണ്. വായിച്ച പുസ്തകങ്ങളുടെ എണ്ണവും എഴുതിയ കുറിപ്പുകളുടെ കനവുമൊക്കെ മികച്ച വായനയുടെ മാനദണ്ഡമായി പരിഗണിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിനുപിന്നിൽ പുസ്തക വ്യാപാരരംഗത്തെ ഭീമൻ നിക്ഷിപ്തതാത്പര്യക്കാരാണ് ഉള്ളത് എന്നു വേണം കരുതാൻ.

സ്കൂൾ ലൈബ്രറികളിൽ പുസ്തകങ്ങൾ എത്തുന്നതിലും അധികാരികളുടേയും അവരുടെ ഇഷ്ടക്കാരായ പ്രസാധകരുടേയും കച്ചവടതാത്പര്യങ്ങൾ പ്രധാന ഘടകമായി മാറുന്നുണ്ട്. ഇത്തരം ആശാസ്യമല്ലാത്ത പ്രവണതകൾ പുതിയ തലമുറയുടെ വായനയെ സർഗ്ഗാത്മകമായി മുമ്പോട്ടുപോകുന്നതിനെ പ്രതിലോമകരമായി ബാധിക്കും. പുസ്തകങ്ങളെക്കുറിച്ചും പുസ്തകപ്രസാധകരെക്കുറിച്ചും ചില ഏകപക്ഷീയമായ ധാരണകൾ വായനയെ സ്നേഹിക്കുന്ന വിദ്യാർത്ഥികളിൽ ഉറപ്പിക്കപ്പെടുന്നതിന് ഇത് ഇടയാക്കും. കുട്ടികളുടെ മുമ്പിൽ എത്തേണ്ടത് ഏറ്റവും മികച്ച പുസ്തകങ്ങളാണ്. എല്ലാ മേഖലയിലുമുള്ള മികച്ച പുസ്തകങ്ങൾ അവർക്ക് അഭിരുചിക്കനുസരിച്ച് വായിക്കാനും അവയെക്കുറിച്ച് സ്വതന്ത്രമായി അഭിപ്രായം പറയാനും കഴിയണം. അതൊരു മത്സരമാകരുത്.

വായന ഒരിക്കലും മരിക്കുന്നില്ല. അവസാനിക്കുന്നില്ല. നിർമിതബുദ്ധിയുടെ വ്യാപനത്തിനിടയിലും അത് നവീനമായ രൂപഭാവങ്ങളോടെ തുടരും. / Photo: Kozhikodereads
വായന ഒരിക്കലും മരിക്കുന്നില്ല. അവസാനിക്കുന്നില്ല. നിർമിതബുദ്ധിയുടെ വ്യാപനത്തിനിടയിലും അത് നവീനമായ രൂപഭാവങ്ങളോടെ തുടരും. / Photo: Kozhikodereads

പുസ്തകങ്ങളുടെ ഉള്ളടക്കത്തിലെ മികവിനേക്കാൾ വായനക്കായി പരിഗണിക്കപ്പെടുന്ന ചില ഘടകങ്ങൾ ഈ മണ്ഡലത്തിൽ സ്വാധീനം ചെലുത്തുന്നു എന്ന പരാതി ഇന്ന് വ്യാപകമാണ്. ഒരു സാംസ്കാരിക വരേണ്യത കൂടിയാണ് ഇത്തരം അവസ്ഥയുടെ ഫലമായി സംജാതമാകുന്നത്. മത്സരാധിഷ്ഠിതമായ പ്രസാധക വിപണിയുടെ സ്വാധീനം ചെലുത്തൽ ഇതിലുണ്ട്. പുസ്തകവിപണിയോടൊപ്പം സാംസ്കാരികമായ ആധിപത്യം കൂടി കയ്യിലൊതുക്കുക എന്ന ലക്ഷ്യമാണ് പ്രസാധകരംഗത്തുള്ള വൻ പ്ലെയേഴ്സിന്റെ താത്പര്യം.

വിൽപ്പനയിലും വിപണിയിലും കുത്തകാധിപത്യം സ്ഥാപിക്കുക മാത്രമല്ല, സാംസ്കാരിക ചലനങ്ങളുടെ ദിശ നിർണ്ണയിക്കുന്നതിലും ഇത്തരം പ്രസാധകഭീമന്മാർ കളിക്കുന്നുണ്ട്. അതിന്റെ ഫലമായാണ് പല രചനകളും ഉയർത്തിനിർത്തുന്നതും മറ്റു ചിലവ ഇകഴ്ത്തപ്പെടുന്നതും.

ഇന്ന് കൊട്ടിഘോഷിച്ച് നടത്തപ്പെടുന്ന പുസ്തകചർച്ചകൾ മിക്കവയും പുസ്തകത്തിന്റെ പ്രമോഷൻ ലക്ഷ്യമാക്കിയുള്ളവയാണ്. അത് അഭികാമ്യമായ വായനാസംസ്കാരത്തിലേക്ക് ജനങ്ങളെ നയിക്കാൻ പര്യാപ്തമാവും എന്ന് നിരീക്ഷിക്കാൻ കഴിയില്ല.

ഇത്തരം ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാൻ ഫുൾ ടൈം /പാർട്ട് ടൈം സാംസ്കാരിക ദല്ലാൾമാരേയും പ്രസാധക ഭീമന്മാർ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഏതു സർക്കാരിലും സ്വാധീനമുള്ളവരും പലപ്പോഴും വിദ്യാഭ്യാസ വകുപ്പിലും അക്കാദമികളിലും വിവിധ സ്ഥാനങ്ങളിലിരിക്കുന്നവരുമായിരിക്കും ഇത്തരം ദല്ലാൾമാർ. വായന ഉത്പാദിപ്പിക്കേണ്ട വൈജ്ഞാനികമായ പുതു ആവിഷ്കാരങ്ങളുടെയും ചിന്താപരമായ വിമോചനങ്ങളുടേയും വഴികളെ മുൻകാലങ്ങളിൽ തടഞ്ഞുവച്ചത് മൗലികവാദികളും പൗരോഹിത്യവുമായിരുന്നു. എന്നാൽ ഇന്ന് ആ ജോലി പുതിയ രീതികളിൽ ചെയ്തുകൊണ്ടിരിക്കുന്നത് ആധുനികതയുടെ സങ്കേതങ്ങളിലിരുന്ന് സാംസ്കാരികരംഗത്ത് പ്രവർത്തിക്കുന്ന വരേണ്യശക്തികളാണ്. ഒരു ജനതയുടെ ആത്മാവിഷ്കാരങ്ങളെ ഒരു പ്രത്യേക വഴികളിലൂടെ തിരിച്ചുവിടാനാണ് ഇവരുടെ ശ്രമം. ഇത് വൈജ്ഞാനിക വഴികളിൽ തടസം സൃഷ്ടിക്കുന്ന തരത്തിൽ ഭരണകൂടത്തിന്റെ ദല്ലാൾജോലിയായി മാറുകയാണ് ചെയ്യുന്നത്.

ഇന്ന് കൊട്ടിഘോഷിച്ച് നടത്തപ്പെടുന്ന പുസ്തകചർച്ചകൾ മിക്കവയും പുസ്തകത്തിന്റെ പ്രമോഷൻ ലക്ഷ്യമാക്കിയുള്ളവയാണ്. അത് അഭികാമ്യമായ വായനാസംസ്കാരത്തിലേക്ക് ജനങ്ങളെ നയിക്കാൻ പര്യാപ്തമാവും എന്ന് നിരീക്ഷിക്കാൻ കഴിയില്ല.

പുതിയ തലമുറ പുസ്തക വായനയിൽ അല്പം പിറകിലാണെന്നു വിലയിരുത്തലുണ്ടെങ്കിലും അവർ ഡിജിറ്റൽ രൂപത്തിൽ വായന നടത്തുന്നവരാണ്. / Photo: KozhikodeReads
പുതിയ തലമുറ പുസ്തക വായനയിൽ അല്പം പിറകിലാണെന്നു വിലയിരുത്തലുണ്ടെങ്കിലും അവർ ഡിജിറ്റൽ രൂപത്തിൽ വായന നടത്തുന്നവരാണ്. / Photo: KozhikodeReads

പുസ്തകത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് വായനക്കാർ തന്നെ മുൻകയ്യെടുത്ത് നടത്തുന്ന ചർച്ചകൾക്കാണ് പ്രസക്തിയുള്ളത്. അത്തരം പുസ്തക ചർച്ചകൾ വിശാലമായ അർത്ഥത്തിൽ രാഷ്ട്രീയ പ്രവർത്തനവും പുരോഗമന ഉള്ളടക്കമുള്ള സൈദ്ധാന്തിക പ്രയോഗങ്ങളും ആണെന്ന് പറയാം. നവോത്ഥാനത്തിന്റെ പുഷ്കലമായ കാലഘട്ടത്തിലൊക്കെ അത്തരം ചർച്ചകൾ നടന്നിട്ടുള്ളതായി മനസ്സിലാക്കാം. വിപണി പിടിക്കുന്നതിന്റെ ഭാഗമായിരുന്നില്ല അത്തരം ചർച്ചകൾ നടന്നിരുന്നത്. മനുഷ്യരെ കൂടുതൽ മെച്ചപ്പെട്ട ഒരു വ്യവസ്ഥ സ്വപ്നം കാണാനും അതിനായി സമർപ്പണത്തോടെ പ്രവർത്തിക്കാനും സന്നദ്ധരാക്കാൻ പോന്നതായിരുന്നു അത്തരം പുസ്തകചർച്ചകൾ.

ഇന്ന് നടക്കുന്ന പ്രമോഷനുമായി ബന്ധപ്പെട്ട ചർച്ചകൾ വായനാസംസ്കാരത്തെയല്ല, പകരം വിപണിസംസ്കാരത്തെയാണ് ബലപ്പെടുത്തുക. സാഹിത്യ സാംസ്കാരിക ഉത്സവങ്ങളും ഇന്ന് വിപണി ലക്ഷ്യമാക്കി സംഘടിപ്പിക്കപ്പെടുന്നുണ്ട്.അവയുടെ ഭാഗമായുള്ള പുസ്തകചർച്ചകളും സംഘാടകരായ പ്രസാധകരുടെ പുസ്തകങ്ങളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കപ്പെടുന്നവയാണ്.

വായന ഒരിക്കലും മരിക്കുന്നില്ല. അവസാനിക്കുന്നില്ല. നിർമിതബുദ്ധിയുടെ വ്യാപനത്തിനിടയിലും അത് നവീനമായ രൂപഭാവങ്ങളോടെ തുടരും. മനുഷ്യരെ നിരന്തരമായി നവീകരിച്ച് കൊണ്ട് അത് അവരോടൊപ്പം സഞ്ചരിച്ചുകൊണ്ടേയിരിക്കും.

വായനയെ കാൽപ്പനിവത്കരിച്ച് അവതരിപ്പിച്ചാണ് ഇന്ന് പുസ്തക വിപണി മുന്നേറുന്നത്. അയഥാർത്ഥമായ കാര്യങ്ങൾ വായനയെ സംബന്ധിച്ച് പറയുന്നു. പരസ്യം ചെയ്യുന്നു. ഇത് ഒരു കച്ചവട തന്ത്രമായി തിരിച്ചറിയേണ്ടതുണ്ട്. എന്നാൽ ഇത്തരം കച്ചവടതന്ത്രങ്ങൾ വിപണിവത്കരണത്തിന്റെ ഭാഗമായിരിക്കേ അതിൽ നിന്നും പൂർണ്ണമായും ഈ ഉദാരവത്കൃത കാലത്ത് നമുക്ക് വിട്ടുനിൽക്കാനാവില്ല. പക്ഷേ ഗൗരവമായ വായനയെ തിരിച്ചുപിടിക്കേണ്ടതുണ്ട്. മികച്ച പുസ്തകങ്ങൾ വായനക്കാരിൽ യഥാസമയം എത്തേണ്ടതുണ്ട്. പുസ്തകങ്ങളുടെ ഉള്ളടക്കത്തിന്റെ ഗുണമേന്മയും പ്രസക്തിയും മാത്രം പരിഗണിച്ച് പുതിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനുള്ള അവസരമുണ്ടാവണം. നല്ല പുസ്തകങ്ങളുടെ വ്യാപനം ലക്ഷ്യമാക്കി സർക്കാരും ഇടപെടേണ്ടതുണ്ട്. സർഗ്ഗാത്മകവും വിമർശനാത്മകവുമായ ചിന്ത ഉദ്പാദിപ്പിക്കുന്ന പുസ്തകങ്ങൾ വായനക്കാരിലെത്തണം. വിമർശനാത്മകചിന്ത വായനക്കാരിലേക്കെത്തുന്ന ജനപ്രിയമായ ലളിതവത്കരണങ്ങളേയും ഗൂഢാലോചനാ സ്വഭാവമുള്ള ആഖ്യാനങ്ങളേയും തെറ്റായ വിവരങ്ങളേയും വളച്ചൊടിക്കലുകളേയും പ്രതിരോധിക്കാനുള്ള അടിസ്ഥാനമൊരുക്കുന്നു. ശ്രദ്ധാപൂർവ്വമായ സൂക്ഷ്മവായനയാണ് വിശകലനാത്മകവും വിമർശനാത്മകവുമായ ചിന്ത സാധ്യമാക്കുന്നത്. അവ ആശയരൂപീകരണശേഷിയേയും ജനാധിപത്യ കാഴ്ചപ്പാടിനേയും പോഷിപ്പിക്കുന്നതാവണം.

വായന ഒരിക്കലും മരിക്കുന്നില്ല. അവസാനിക്കുന്നില്ല. നിർമിതബുദ്ധിയുടെ വ്യാപനത്തിനിടയിലും അത് നവീനമായ രൂപഭാവങ്ങളോടെ തുടരും. മനുഷ്യരെ നിരന്തരമായി നവീകരിച്ച് കൊണ്ട് അത് അവരോടൊപ്പം സഞ്ചരിച്ചുകൊണ്ടേയിരിക്കും. വൈജ്ഞാനികവും ചിന്താപരവുമായി അത് മനുഷ്യനെ ഇനിയും മുന്നോട്ട് തന്നെ കൊണ്ട് പോകും. വീക്ഷണങ്ങളിലും ആശയങ്ങളിലും നവീകരിക്കപ്പെടുന്ന മനുഷ്യർ നിർമിച്ചെടുത്ത ഒരു ലോകമാണ് നമ്മുടേത്. അതിനിയും നവീകരിക്കപ്പെട്ട് കൊണ്ടിരിക്കും. പുതിയ തലമുറ പുസ്തക വായനയിൽ അല്പം പിറകിലാണെന്നു വിലയിരുത്തലുണ്ടെങ്കിലും അവർ ഡിജിറ്റൽ രൂപത്തിൽ വായന നടത്തുന്നവരാണ്. യുക്തിബോധത്തോടെ ചിന്തിക്കുന്ന ,ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, ശാസ്ത്രീയ മനോഭാവം സ്വാംശീകരിക്കുന്ന ഒരു തലമുറയെ ലക്ഷ്യമിടുന്ന വായനാസംസ്കാരമാണ് നമുക്ക് വേണ്ടത്.

Comments