പ്രതീതിയാഥാർഥ്യം മാത്രമാകുന്ന
എഴുത്തും എഴുത്തുകാരും

കൊള്ളാവുന്ന പല എഴുത്തുകാർ പോലും അവരുടെ കമ്പോള വിലനിലവാരം ഉയർത്താനും നിലനിർത്താനും കനത്ത പ്രതിഫലം നൽകി സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസേഴ്സിനെ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. 40,000 രൂപ മുതൽ രണ്ടു ലക്ഷംവരെയാണെത്ര എഴുത്തുകാർ ഇതിനായി ചെലവഴിക്കുന്നത്- ഒ.കെ.​ ജോണി എഴുതുന്നു.

വായനക്കാരേക്കാൾ എഴുത്തുകാരുള്ള ഭാഷയാണ് മലയാളം എന്ന, അടുത്തകാലത്ത് കൂടുതലായി കേട്ടുതുടങ്ങിയ പരിഹാസത്തിൽ, വായന പോലും ഇല്ലാത്തവരാണ് എഴുത്തുകാരുൾപ്പടെയുള്ള മഹാഭൂരിപക്ഷം മലയാളികളും എന്ന ധ്വനിയുമുണ്ട്. വായനക്കാരുടെ വർദ്ധനയല്ല; എഴുത്തുകാരുടെ വർദ്ധനയാണ് കേരളത്തിൽ പുസ്​തകപ്രസാധകരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിൻ്റ കാരണമെന്ന നിരീക്ഷണവും ചിലപ്പോൾ അതുപോലൊരു അതിശയോക്തിയാകാം. അതെന്തായാലും, കേരളത്തിൽ എഴുത്തുകാരുടെ എണ്ണം ദിവസം തോറുമല്ല, നിമിഷംതോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നത് നിസ്​തർക്കമാണ്.

എഴുത്തുകാരുടെയും പ്രസാധകരുടെയും പെരുപ്പം സാക്ഷരസമൂഹത്തിന്റെ ലക്ഷണമായിട്ടാണ് പൊതുവെ കരുതപ്പെടുക. സ്വന്തം പേരിലൊരു പുസ്​തകം കൂടിയുണ്ടെങ്കിലേ ജീവിതം ധന്യമാവൂ എന്ന തോന്നൽ ഏത് മേഖലയിലുമുള്ള, എഴുത്തറിയാത്തവർക്കുപോലും തോന്നുന്ന ഏക ഭാഷാസമൂഹവും കേരളമായിരിക്കും. സവിശേഷമായ സാഹിത്യാഭിരുചിയും ഭാഷാബോധവുമില്ലാത്ത നവസാക്ഷരരിൽപ്പോലും സാഹിത്യകാരനോ സാഹിത്യകാരിയോ ആയി അറിയപ്പെടാൻ ആഗ്രഹം ജനിപ്പിക്കുംവിധം സാഹിത്യത്തിന് വിലയുള്ള ഒരു സമൂഹത്തിലേ ഈ പ്രവണത ഉണ്ടാവാനുമിടയുള്ളൂ. ഇക്കൂട്ടരെ സഹായിക്കാനായി ഇടനിലക്കാരായ പുസ്​തകനിർമാതാക്കളുടെയും ഗോസ്​റ്റ് എഴുത്തുകാരുടെയും നിരൂപകരുടെയുമെല്ലാം സേവനവും പുസ്​തകവിപണിയിൽ ലഭ്യവുമാണ്.

വായനക്കാരുടെ വർദ്ധനയല്ല; എഴുത്തുകാരുടെ വർദ്ധനയാണ് കേരളത്തിൽ പുസ്​തകപ്രസാധകരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിൻ്റ കാരണമെന്ന നിരീക്ഷണമുണ്ട്.
വായനക്കാരുടെ വർദ്ധനയല്ല; എഴുത്തുകാരുടെ വർദ്ധനയാണ് കേരളത്തിൽ പുസ്​തകപ്രസാധകരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിൻ്റ കാരണമെന്ന നിരീക്ഷണമുണ്ട്.

പണവും പ്രതാപവും അധികാരവും സന്തുഷ്ട കുടുംബവും പോലുള്ള ഭൗതികമായ ആഗ്രഹങ്ങളോടും ആസക്തികളോടുമൊപ്പം, അല്ലെങ്കിൽ അതെല്ലാം സാധിച്ചുകഴിഞ്ഞതിനുശേഷം, വിശ്രമവേളയിലെ ഹോബി എന്ന നിലയിൽ എഴുത്തിലേക്ക് കാലെടുത്തുവെക്കുന്നവർക്ക് ഗ്രന്ഥകാരൻ എന്ന പദവി കൂടി സാക്ഷാത്കരിക്കാതെ പുറത്തിറങ്ങിനടക്കാനാവാത്തവിധം, ‘സമഗ്ര വ്യക്തിത്വ വികസനം’ കാംക്ഷിക്കുന്നവരുടെ ഒരു സമൂഹമായി കേരളം മാറിയതിന്റെ ലക്ഷണമാണിതെന്ന് പറഞ്ഞാൽപ്പോലും തെറ്റാവില്ല. സാഹിത്യവും സോഷ്യൽ സ്റ്റാറ്റസിന്റെ ഒരു പ്രധാന അടയാളമായി മാറിയെന്നത് എഴുത്തുകാർക്കും സാഹിത്യാരാധകർക്കും മാത്രമല്ല, ശ്രേഷ്ഠഭാഷാഭിമാനികൾക്കാകെയും അഭിമാനിക്കാൻ വക നൽകുന്നതുമാണ്. അപരിചിതരുടെ മുന്നിൽ സ്വയം പരിചയപ്പെടുത്തുന്ന ബിസിനസ് കാർഡുമായി പ്രത്യക്ഷപ്പെട്ടിരുന്നവർക്ക് സ്വന്തം പുസ്​തകവുമായി മാത്രമേ പരിചിതരെപ്പോലും അഭിമുഖീകരിക്കാനാവൂ എന്ന അവസ്​ഥയും കേരളത്തിലുണ്ടെന്നാണ് തോന്നുന്നത്. സാഹിത്യത്തോടുള്ള ഈ പുതിയ ഭ്രമം പുതിയ വായനാസമൂഹത്തിന്റെ സംസ്​കാരത്തിനുമേൽ ചെലുത്തുന്ന സ്വാധീനം നിസ്സാരമോ നിഷ്കളങ്കമോ അല്ലെന്നും, ഈ തമാശ ഒരു വിപൽസൂചനയാണെന്നുമറിയുക പ്രധാനമാണ്.

നാട്ടിൻപുറങ്ങളിലെ ലൈബ്രറികളിൽ നടക്കുന്ന പുസ്​തക–സാഹിത്യ ചർച്ചകൾ പോലും സോഷ്യൽ മീഡിയകളിലെ നവസാക്ഷര സാഹിത്യരചയിതാക്കൾ കീഴടക്കിയിരിക്കുന്നു.

നല്ല പുസ്​തകങ്ങളുടെ ലോകത്തിലേക്ക് പ്രവേശിച്ചുതുടങ്ങിയിട്ടില്ലാത്ത സോഷ്യൽ മീഡിയായുഗത്തിലെ തലമുറയെ സാഹിത്യ– പുസ്​തകവിപണിയുടെ ഇന്നത്തെ പ്രവണതകളാണ് സ്വാധീനിക്കുന്നതെന്നത് നിസ്സാരമല്ല. കുട്ടികളിൽ അടിച്ചേൽപ്പിക്കപ്പെടുന്ന വായനാസംസ്​കാരത്തിന്റെ സ്വഭാവത്തെ നിർണ്ണയിക്കുന്നത് സാമൂഹിക ഉത്തരവാദിത്തമില്ലാത്ത സോഷ്യൽ മീഡിയാ പൊള്ളസാഹിത്യമാണെന്നത് സാഹിത്യത്തിന്റെയും ഭാഷയുടെയും ഭാവിയെക്കുറിച്ചു മാത്രമല്ല, സമൂഹത്തിന്റെയും സംസ്​കാരത്തിന്റെയും ഭാവിയെക്കുറിച്ചു കൂടി ആശങ്കയുണ്ടാക്കുന്നതാണ്. സോഷ്യൽ മീഡിയാ സാഹിത്യത്തിന്റെ ആരാധകരായ രക്ഷിതാക്കളും അദ്ധ്യാപകരുമുൾപ്പടെയുള്ളവരാണ് കുട്ടികളെ വായനക്കാരാക്കാൻ ശ്രമിക്കുന്നതെന്ന വൈപരീത്യവുമുണ്ട്. നാട്ടിൻപുറങ്ങളിലെ ലൈബ്രറികളിൽ നടക്കുന്ന പുസ്​തക–സാഹിത്യ ചർച്ചകൾ പോലും സോഷ്യൽ മീഡിയകളിലെ നവസാക്ഷര സാഹിത്യരചയിതാക്കൾ കീഴടക്കിയിരിക്കുന്നു. അച്ചടിമാദ്ധ്യമങ്ങളുടെ ശത്രുവായി കരുതപ്പെടുന്ന സോഷ്യൽ മീഡിയയാണ് സാഹിത്യ– പുസ്​തക വിപണിയിലുണ്ടായ ഇന്നത്തെ മാറ്റങ്ങളെ നിർണ്ണയിക്കുന്നതെന്നത് ഒരു വൈരുദ്ധ്യമായിത്തോന്നാമെങ്കിലും അതാണ് അവിശ്വസനീയമായ യാഥാർത്ഥ്യം.

നല്ല പുസ്​തകങ്ങളുടെ ലോകത്തിലേക്ക് പ്രവേശിച്ചുതുടങ്ങിയിട്ടില്ലാത്ത സോഷ്യൽ മീഡിയായുഗത്തിലെ തലമുറയെ സാഹിത്യ– പുസ്​തകവിപണിയുടെ ഇന്നത്തെ പ്രവണതകളാണ് സ്വാധീനിക്കുന്നതെന്നത് നിസ്സാരമല്ല.
നല്ല പുസ്​തകങ്ങളുടെ ലോകത്തിലേക്ക് പ്രവേശിച്ചുതുടങ്ങിയിട്ടില്ലാത്ത സോഷ്യൽ മീഡിയായുഗത്തിലെ തലമുറയെ സാഹിത്യ– പുസ്​തകവിപണിയുടെ ഇന്നത്തെ പ്രവണതകളാണ് സ്വാധീനിക്കുന്നതെന്നത് നിസ്സാരമല്ല.

ഗേറ്റ് കീപ്പർമാരായ എഡിറ്റർമാരുടെ ഇഷ്ടാനിഷ്ടങ്ങളുടെയും അവരുടെ സ്​ഥാപനങ്ങൾ നിശ്ചയിച്ച പൊതുമാനദണ്ഡങ്ങളുടെയും കടമ്പ കടക്കാതെ എഴുത്തിലേക്ക് പ്രവേശിക്കുവാൻ സൗകര്യം നൽകുന്നതിലൂടെ സോഷ്യൽ മീഡിയ (പ്രധാനമായും ഫേസ് ബുക്കും വാട്സ്ആപ്പും) സാദ്ധ്യമാക്കിയ മാദ്ധ്യമമേഖലയിലെ ജനാധിപത്യവൽക്കരണം ആരുടെയും അനുമതിയും ആശീർവ്വാദവും ഇല്ലാതെതന്നെ പലരെയും എഴുത്തിന്റെ ലോകത്തിലേക്ക് പ്രവേശിക്കാൻ സഹായിച്ചിട്ടുണ്ടെന്നതിന് മലയാളത്തിൽ നിന്നുതന്നെ ഉദാഹരണങ്ങളുമുണ്ട്. അവരെഴുതുന്നതിൽ നല്ലതും തിയ്യതുമുണ്ടാവാം. പത്രങ്ങളും പുസ്​തകങ്ങളും കൈകൊണ്ട് തൊടാനിടയായിട്ടില്ലാത്തവരും വായനയുടെ വിപുലമായ പാശ്ചാത്തലമുള്ളവരും ഒരുപോലെ ഇക്കൂട്ടത്തിലുണ്ട്. രണ്ടുകൂട്ടരേയും അവരുടെ എഴുത്തിലൂടെ തിരിച്ചറിയാനുമാവും.

സോഷ്യൽ മീഡിയയിൽ ജനിച്ചുവളർന്ന് എഴുത്തും വായനയും ആരംഭിച്ചവർക്ക്, അവരെപ്പോലുള്ളവരാണ് എഴുത്തിലും വായനയിലും ഉത്തമ മാതൃകയെന്നതാണ് സോഷ്യൽ മീഡിയാകാലത്തിന്റെ സവിശേഷത. ഭാഷയുടെയും സാഹിത്യത്തിന്റെയും ഭൂതകാല പാരമ്പര്യത്തിന്റെയും അതിന്റെ സാമൂഹികമായ ഉത്തരവാദിത്വത്തിന്റെയും വർത്തമാനകാല സവിശേഷതകളുടെയോ പോലും യാതൊരു ഭാരവുമില്ലാത്തതിനാൽ, എന്തുമെഴുതാനും, എഴുതുന്നത് മഹത്തായ സാഹിത്യമാണെന്ന് സ്വയം വിശ്വസിക്കാനും സമാനമനസ്​കരായ സോഷ്യൽ മീഡിയാ സാഹിത്യാസ്വാദകരുടെ പ്രശംസ നേടാനും കഴിയുന്ന ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണവർ. അവരുടെ എഴുത്തിനെ വിമർശിക്കുന്ന സാഹിത്യത്തിലെയും പ്രസാധനമേഖലയിലെയും ‘അഭിജാത / വരേണ്യ സാഹിത്യ’ പുംഗവന്മാരെ അവർ വകവെയ്ക്കാറില്ല. തങ്ങളെഴുതുന്നതിനേക്കാൾ നിലവാരമില്ലാത്ത രചനകൾ എഡിറ്റർമാരുള്ള പരമ്പരാഗത മുഖ്യധാരാ അച്ചടിമാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ടെന്ന കേട്ടുകേൾവിയും അവർക്ക് ധൈര്യം നൽകുന്നുണ്ടാവണം.

മുൻനിര പ്രസാധകരുടെ പുസ്​തകങ്ങളെല്ലാം നല്ലതാവണമെന്നില്ല എന്നതുപോലെ സെൽഫ് പബ്ലിഷിങ്ങിലൂടെ പുറത്തുവരുന്ന പുസ്​തകങ്ങളെല്ലാം മോശമാവണമെന്നുമില്ല എന്നതും വാസ്​തവമാണ്.

ഫേസ് ബുക്കിലും മറ്റും പ്രചാരവും പ്രശംസയും നേടുന്ന രചനകൾ, അവയുടെ നിലവാരം എന്തെന്ന് നോക്കാതെപോലും പ്രസിദ്ധീകരിക്കാൻ മുൻനിര പ്രസാധകർ പിന്നീട് സന്നദ്ധരാകാറുമുണ്ട് എന്നതാണ് ശ്രദ്ധേയ സംഗതി. തങ്ങളുടെ മുന്നിലെത്തിയിട്ടില്ലാത്ത, ഓഫ് ബീറ്റ് എന്ന് വിളിക്കാവുന്നതരം നല്ല രചനകളെയും രചയിതാക്കളെയും അച്ചടിമാദ്ധ്യമങ്ങൾക്ക് സ്വീകരിക്കുവാൻ കഴിയുന്നത് നല്ല കാര്യവുമാണ്. എന്നാൽ, അതാണോ സംഭവിക്കുന്നത്? സോഷ്യൽ മീഡിയയിലൂടെ പോപ്പുലറാവാത്ത (വേണ്ടത്ര ഫോളോവേഴ്സില്ലാത്ത!) എഴുത്തുകാർ അവരുടെ സാഹിത്യം സ്വന്തം പണം മുടക്കി അച്ചടിക്കുന്നുമുണ്ട്. അതിനായി മാത്രം പ്രവർത്തിച്ചിരുന്ന ചെറുകിട പുസ്​തകനിർമ്മാണ കേന്ദ്രങ്ങൾ ഒരു സമാന്തര സാംസ്​കാരിക പ്രവർത്തനമെന്ന നിലയിലും ചെറുകിട വ്യവസായമെന്ന നിലയിലും വളർച്ച പ്രാപിക്കുന്നുമുണ്ടായിരുന്നു. എന്നാലിപ്പോൾ വൻകിട / മുൻനിര പ്രസാധകരും എഴുത്തുകാരിൽനിന്ന് പണം വാങ്ങി അവർക്കാവശ്യമുള്ള കോപ്പികൾ അച്ചടിച്ചുകൊടുക്കുന്ന രീതി വ്യാപകമായതോടെ ചെറുകിട പുസ്​തകനിർമാതാക്കളെ പുതിയ എഴുത്തുകാർക്കും വേണ്ടെന്നായിട്ടുണ്ട്. കൗതുകകരമായ കാര്യം, സോഷ്യൽ മീഡിയയിൽ മാത്രം മുഴുകുന്നവരുടെയും ആത്യന്തികലക്ഷ്യം തങ്ങളുടെ രചനകൾ അച്ചടിച്ച് പുസ്​തകമാക്കുക എന്നതാണ്.

മികച്ച എഡിറ്റർമാരും മികച്ച സാഹിത്യത്തിന്റെ പ്രസാധകരെന്ന പ്രസിദ്ധിയും വിശ്വാസ്യതയുമുള്ള മുൻനിര പ്രസാധനഗൃഹങ്ങളുടെ ഇംപ്രിൻ്റിൽ പോലും എഴുത്തുകാർക്ക് അവരുടെ ചെലവിൽ പുസ്​തകമിറക്കാനുള്ള സൗകര്യം ഇന്നുണ്ട്. തീരെ തരംതാണ കൃതികൾ പ്രസിദ്ധീകരിക്കുകയില്ലെന്ന് ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുള്ള പ്രസാധനശാലകളുടെ എഡിറ്റർമാർ സാഹിത്യമൂല്യം വിലയിരുത്തി പ്രസിദ്ധീകരിച്ച പുസ്​തകമേത്, എഴുത്തുകാർ സ്വയം പണംമുടക്കി അച്ചടിച്ച നിലവാരമെന്തെന്ന് ഉറപ്പില്ലാത്ത പുസ്​തകമേത് എന്ന് വായനക്കാർക്ക് തിരിച്ചറിയാനാവില്ലെന്നതാണ് ഈ രീതിയുടെ പ്രത്യേകത. നിലവാരമുള്ള പ്രസാധകരുടെ വിശ്വാസ്യതയെ ആശ്രയിക്കുന്ന വായനക്കാരെ തെറ്റിദ്ധരിപ്പിക്കുവാൻ കഴിയുമെന്നതാണ് ഇതുകൊണ്ടുള്ള മെച്ചം. ഈ തെറ്റിദ്ധാരണയിലൂടെ, മുൻനിര പ്രസാധർക്കുപോലും സ്വീകാര്യനായ സാഹിത്യരചയിതാവാണ് താനെന്ന പ്രതീതി സൃഷ്ടിക്കുവാൻ, അച്ചടിക്കും സേവനത്തിനുമുള്ള കൂലിക്കു പുറമെ പ്രസാധകരുടെ ബ്രാൻ്റ് വാല്യു കൂടി എഴുത്തുകാർ അധികക്കൂലിയായി നൽകണമെന്നേയുള്ളൂ. ഇങ്ങനെ, എഴുത്തുകാർ അധിക പണം മുടക്കി മുൻനിര പ്രസാധകരിലൂടെ പുറത്തിറക്കുന്ന സാഹിത്യവും ചിലപ്പോഴെല്ലാം പ്രശസ്​തിയും പ്രചാരവും ജനപ്രീതിയും മാത്രമല്ല, അംഗീകാരവും നേടാറുണ്ടെന്നത് നേരാണ്.

മുൻനിര പ്രസാധകരുടെ പുസ്​തകങ്ങളെല്ലാം നല്ലതാവണമെന്നില്ല എന്നതുപോലെ സെൽഫ് പബ്ലിഷിങ്ങിലൂടെ പുറത്തുവരുന്ന പുസ്​തകങ്ങളെല്ലാം മോശമാവണമെന്നുമില്ല എന്നതും വാസ്​തവമാണ്. പ്രസാധകരുടെ മൂല്യനിർണ്ണയത്തെ രചനകളുടെ ആത്യന്തിക മൂല്യമളക്കാനുള്ള മാനദണ്ഡമായി കരുതാനുമാവില്ലല്ലോ. വായനക്കാരുടെ മുന്നിലെത്തുന്നതോടെ മാത്രം ഗുണനിലവാരം പരിശോധിക്കപ്പെടുന്ന ഒരു സർഗ്ഗാത്മക പ്രവർത്തനമായി സാഹിത്യം മാറുന്ന ഈ അവസ്​ഥയും നല്ലതാണ്.

സ്വന്തം അഭിരുചിക്കനുസൃതമായ പുസ്​തകങ്ങൾ തിരഞ്ഞെടുക്കുവാൻ ശേഷിയുള്ള ഒരു വായനാസമൂഹമാണ് നമ്മുടേത്. അവരെ സംബന്ധിച്ച് പ്രസാധകരുടെ തിരഞ്ഞെടുപ്പിലൂടെ പുറത്തുവരുന്ന പുസ്​തകമെന്നോ എഴുത്തുകാർ സ്വയം അച്ചടിപ്പിച്ച പുസ്​തകമെന്നോ നോക്കേണ്ടതുമില്ല. നല്ല പ്രസാധകർപോലും പലതരം താൽപ്പര്യങ്ങളാൽ സെലിബ്രിറ്റികളുടെ തരംതാണ പുസ്​തകങ്ങൾ പ്രസിദ്ധീകരിക്കുന്ന സാഹചര്യത്തിൽ, വിശേഷിച്ചും. പ്രതിഭയില്ലെങ്കിലും പണം കൊണ്ട് ഗ്രന്ഥകർത്താക്കളാകാമെന്ന ഈ അവസ്​ഥ, വ്യാജ ഡോക്ടർമാർ ഉണ്ടാകുന്നതുപോലെ ആപത്കരമൊന്നുമല്ലെന്നതുമാത്രമാണ് ഒരാശ്വാസം. തങ്ങൾക്കുവേണ്ട എഴുത്തിനെയും എഴുത്തുകാരെയും മാത്രം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും വിവേചനശേഷിയും വായനക്കാർക്കുണ്ടല്ലോ. ഏത് വലിയ എഴുത്തുകാരും തങ്ങൾ എഴുതുന്നത് ഒന്നോ അതിലധികമോ എഡിറ്റർമാരുടെ കൈകളിലൂടെ കടന്നുപോകണം എന്ന നിഷ്ഠയുള്ളവരാണെന്ന അറിവ് പ്രശസ്​തരായ എഴുത്തുകാർക്കുപോലും ഇല്ലാത്ത സാഹചര്യത്തിൽ, ചോദിക്കാനും പറയാനും ആരുമില്ലാത്ത സോഷ്യൽ മീഡിയയിലൂടെ എഴുത്താരംഭിക്കുന്ന രചയിതാക്കളെ കുറ്റപ്പെടുത്തുന്നതും ശരിയല്ല. നല്ലൊരു എഡിറ്റർക്കുപോലും മറ്റൊരു എഡിറ്റർ ആവശ്യമുണ്ടെന്നിരിക്കേ, തങ്ങളുടെ നവജാതസൃഷ്ടികളെ നേരിട്ട് അതേ (പിറന്ന) പടി വായനക്കാരുടെ മുന്നിൽ പ്രദർശിപ്പിക്കുന്നത് വായനക്കാരോട് ബഹുമാനമുള്ള നല്ല എഴുത്തുകാരുടെ ലക്ഷണമല്ലെന്ന് ആരാണ് അവരെ ബോദ്ധ്യപ്പെടുത്തുക?

തോമസ് ജേക്കബ്
തോമസ് ജേക്കബ്

മുതിർന്ന പത്രപ്രവർത്തകൻ തോമസ് ജേക്കബിന്റെ ഒരു ഫലിതം കടമെടുത്തുപറഞ്ഞാൽ, പണ്ടൊക്കെ അമ്മി കൊത്താനുണ്ടോ എന്ന ചോദ്യവുമായി തമിഴുനാട്ടുകാരായ നാടോടികൾ വീടുകളിലെത്തിയിരുന്നതുപോലെ സാഹിത്യം അച്ചടിക്കാനുണ്ടോ എന്ന ചോദ്യവുമായി പ്രസാധകർ നാടുനീളെ വീടു കയറുന്ന സാഹചര്യവും സംജാതമായിക്കൂടെന്നില്ല. പ്രസാധനഗൃഹങ്ങൾ പെരുകുകയും അവർ തമ്മിലുള്ള വാണിജ്യമത്സരം രൂക്ഷമാവുകയും ചെയ്തതോടെ, പണം കിട്ടിയാൽ എന്തും അച്ചടിച്ച് കൊടുക്കപ്പെടും എന്ന നിലയാണിപ്പോൾ. ഏത് മലയാളികുടുംബത്തിലും ഒന്നോ അതിലധികമോ എഴുത്തുകാർ ഉണ്ടാകാനിടയുണ്ടെന്നാണ് തോമസ് ജേക്കബ് ലേശം അതിശയോക്തി കലർന്ന ആ ഫലിതത്തിലൂടെ സൂചിപ്പിക്കുന്നത്. എല്ലാവരും കവികളാകുന്ന ഒരു കാലത്തെക്കുറിച്ചുള്ള പഴയ സ്വപ്നം ചിലപ്പോൾ യാഥാർത്ഥ്യമാകാൻ പോകുന്നത്, ഇന്ത്യയിലെ ആദ്യ സാഹിത്യനഗരപദവി പോലും ലഭിച്ച കേരളത്തിലാവാം. അതും ഒരു ബഹുമതിതന്നെയാണല്ലോ.

സോഷ്യൽ മീഡിയയുടെ വ്യാപനത്തോടെ പുസ്​തകവായന മരിച്ചുവെന്നും സോഷ്യൽ മീഡിയയിലെ എഴുത്തും വായനയും ഉപരിപ്ലവവും ബാലിശവുമാണെന്നും പരിതപിക്കുന്നവരുമുണ്ട്. ഭൂരിപക്ഷം വായനക്കാരും അച്ചടിമാദ്ധ്യമങ്ങളോട് ഇനിയും വിടപറഞ്ഞിട്ടില്ലാത്ത കേരളത്തിൽ സോഷ്യൽ മീഡിയയിലൂടെ എഴുത്തിന്റെയും വായനയുടെയും പുതിയൊരു സംസ്​കാരവും സമാന്തരമായി രൂപപ്പെട്ടുകഴിഞ്ഞുവെന്നതാണ് വാസ്​തവം. അതിന്റെ ഗുണദോഷങ്ങൾ നിശ്ചയമായും വിലയിരുത്തലുകളും വിമർശനവും ആവശ്യപ്പെടുന്നുമുണ്ട്. മാദ്ധ്യമം, അത് ഏതായാലും ഉള്ളടക്കം നന്നായാൽ മതി എന്നതായിരിക്കണം ഈ വിലയിരുത്തലിൽ അവലംബിക്കേണ്ട ആപ്തവാക്യം. അത്തരമൊരു പരിശോധന ഈ സാന്ദർഭികക്കുറിപ്പിന്റെ പരിധിക്കു പുറത്താണ്.

എങ്കിലും, ഇത്രയും പറയുവാനുണ്ടായ സാഹചര്യം വിശദീകരിക്കാതെവയ്യ. സോഷ്യൽ മീഡിയയിലെ പുതിയ സാഹിത്യരചയിതാക്കളുടെ മാതൃക അതേ പ്ലാറ്റ്ഫോമുകളിലെ സമകാലികരും സമാനമനസ്​കരുമായ സാഹിത്യരചയിതാക്കളാണ്. അത്തരം ആളുകൾ തന്നെയാണ് അവരുടെ ആസ്വാദകരും. ജീവിതത്തെ സംബന്ധിച്ച വ്യാജപ്രതീതികൾ ഉൽപ്പാദിപ്പിക്കുന്ന പോപ്പുലർ സിനിമകളെക്കാൾ അപായകരമാണ് ഭാഷയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും തെറ്റായ ധാരണകൾ വെച്ചുപുലർത്തുന്ന സോഷ്യൽ മീഡിയയിലെ വികല രചനകൾ. സാഹിത്യത്തെക്കുറിച്ച് നല്ലതോ ചീത്തയോ ആയ ധാരണകൾ വെച്ചുപുലർത്താനും ആ മട്ടിലുള്ള രചനകളെഴുതാനും ആർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പോലും ഇത് സ്വാധീനിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ അതിവേഗം സകലരിലുമെത്താൻ പ്രാപ്തിയുള്ള ഈ വക വികല സാഹിത്യമാണ് സാഹിത്യമെന്ന ധാരണ പരത്തുന്ന ഈ അവസ്​ഥ ഒരു സാമൂഹിക വിപത്താണ്. അത് ചൂണ്ടിക്കാണിക്കുന്നവർ വരേണ്യ–സവർണ സാഹിത്യത്തിന്റെ വക്താക്കളായി മുദ്ര കുത്തപ്പെടുക സ്വാഭാവികമാണ്. മദ്ധ്യവർഗ്ഗ– ഉപരിവർഗ്ഗ മലയാളികളുടെ സാഹിത്യപ്പൊങ്ങച്ചങ്ങൾക്ക് ഭാഷയും സാഹിത്യവും മാത്രമല്ല, പുതിയ തലമുറയും ഇരകളാക്കപ്പെടുന്ന ഈയവസ്​ഥ തുറന്നുകാട്ടാതെയും വയ്യ.

സോഷ്യൽ മീഡിയയിൽ ജനിച്ചുവളർന്ന് എഴുത്തും വായനയും ആരംഭിച്ചവർക്ക്, അവരെപ്പോലുള്ളവരാണ് എഴുത്തിലും വായനയിലും ഉത്തമ മാതൃകയെന്നതാണ് സോഷ്യൽ മീഡിയാകാലത്തിന്റെ സവിശേഷത.
സോഷ്യൽ മീഡിയയിൽ ജനിച്ചുവളർന്ന് എഴുത്തും വായനയും ആരംഭിച്ചവർക്ക്, അവരെപ്പോലുള്ളവരാണ് എഴുത്തിലും വായനയിലും ഉത്തമ മാതൃകയെന്നതാണ് സോഷ്യൽ മീഡിയാകാലത്തിന്റെ സവിശേഷത.

ഫേസ് ബുക്കിലും വാട്സാപ്പിലുമെല്ലാം പ്രചരിക്കുന്ന തരംതാണ സാഹിത്യം പുസ്​കങ്ങളായി അച്ചടിക്കപ്പെടുകയും സോഷ്യൽ മീഡിയയിലെതന്നെ പരസ്യപ്രചരണങ്ങളിലൂടെ അവ പുസ്​കകക്കമ്പോളം കീഴടക്കുകയും ചെയ്യുന്ന കാലമാണിത്. സോഷ്യൽ മീഡിയാ ഇൻഫ്ലൂവൻസേഴ്സ് എന്നറിയപ്പെടുന്ന പ്രൊഫഷനൽ മാർക്കറ്റിങ്ങുകാരായ ഇടനിലക്കാരിലൂടെ ഏത് ചീത്തപ്പുസ്​തകത്തെയും കമ്പോളത്തിൽ വിറ്റഴിക്കാൻ കഴിയുമെന്നായിട്ടുണ്ട്. അച്ചടിക്കപ്പെട്ട പുസ്​തകങ്ങൾക്കുപോലും വായനക്കാരെ കണ്ടെത്താൻ എഴുത്തുകാരും പ്രസാധകരും സോഷ്യൽ മീഡിയയുടെ സഹായമാണ് തേടുന്നത്. കൊള്ളാവുന്ന പല എഴുത്തുകാർ പോലും അവരുടെ കമ്പോള വിലനിലവാരം ഉയർത്താനും നിലനിർത്താനും കനത്ത പ്രതിഫലം നൽകി സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസേഴ്സിനെ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. 40,000 രൂപ മുതൽ രണ്ടു ലക്ഷംവരെയാണെത്ര എഴുത്തുകാർ ഇതിനായി ചെലവഴിക്കുന്നത്. നിലവാരമുള്ള വാരികകളുടെയോ ദിനപത്രങ്ങളുടെയോ വായനക്കാരെ ഇൻഫ്ലൂവൻസ് ചെയ്യുക പ്രയാസമായതിനാലാണെത്ര ഈ പുതിയ പരസ്യതന്ത്രം പലരും സ്വീകരിക്കുന്നത്. പുസ്​തകപ്രസാധനവും സോഷ്യൽ മീഡിയാ ഗുണഭോക്താക്കളുടെ നിലവാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ് ഇതിന്റെ അനന്തരഫലം. സോഷ്യൽ മീഡിയ പലരും കരുതുമ്പോലെ അച്ചടിമാദ്ധ്യമങ്ങൾക്ക് ഭീഷണിയാവുന്നുണ്ടെങ്കിലും പുസ്​തകപ്രസാധന വ്യവസായത്തിനും എഴുത്തുകാർക്കും അത് അനുകൂലവുമാണ്. ഒരു പരസ്​പരാശ്രിത ബന്ധമാണ് സാഹിത്യത്തിന്റെ കാര്യത്തിലെങ്കിലും പുസ്​തക വ്യവസായവും സോഷ്യൽ മീഡിയയും തമ്മിലുള്ളത്.

സർഗാത്മക സാഹിത്യത്തിലെ ചീത്ത രചനകളേക്കാൾ മാരകമാണ് വൈജ്ഞാനിക സാഹിത്യത്തിലെ കള്ളനാണയങ്ങൾ. ചരിത്രത്തിന്റെ മേഖലയിലാണ് ഈ കള്ളക്കടത്ത് ആസൂത്രിതമായി നടന്നുകൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ സാഹിത്യരചയിതാക്കളായി അരങ്ങേറുന്നവരുടെ കൃതികൾ പണം വാങ്ങി അച്ചടിച്ചു കൊടുക്കുന്നവർ ആ പുസ്​തകങ്ങൾ എവിടെയാണ് വിറ്റഴിക്കുന്നത്? ഏതുതരം സാഹിത്യമാണ് വായിക്കേണ്ടതെന്നറിയാവുന്ന വിവേചനശേഷിയുള്ള വായനക്കാർ സ്വീകരിക്കാത്ത ഈ പുസ്​തകങ്ങൾ നമ്മുടെ സ്​കൂൾ– കോളജ് ലൈബ്രറികളിലും പബ്ളിക് ലൈബ്രറികളിലുമാണ് വന്നടിയുന്നത്. കേരള ഗ്രന്ഥശാലാസംഘം എന്ന പൊതുസ്​ഥാപനം വർഷംതോറും നാട്ടിലെ ഗ്രന്ഥശാലകൾക്കു നൽകുന്ന ഗ്രാന്റിന്റെ സിംഹഭാഗവും ഇത്തരം പുസ്​കപ്രസാധകരാണ് കൊള്ളയടിക്കുന്നതെന്നത് അധികമാരും ശ്രദ്ധിച്ചിട്ടില്ല. നല്ല പ്രസാധകരുടെ പുസ്​തകങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്നതിനേക്കാൾ നാലിരട്ടി കമീഷൻ ലഭിക്കുമെന്നതാണ് ഈ പുസ്​തകങ്ങൾ വാങ്ങിക്കൂട്ടുവാൻ ലൈബ്രറികൾക്ക് പ്രലോഭനമാവുന്നത്. അങ്ങനെ വിറ്റഴിക്കപ്പെടുന്ന പുസ്​തകങ്ങൾക്ക് പുതിയ പതിപ്പുകളുണ്ടാവുമെന്നതും സ്വാഭാവികം. പുസ്​കക്കമ്പോളത്തിൽ മാത്രമല്ല, നമ്മുടെ ലൈബ്രറികളിലും വന്നടിയുന്ന ഈ ചീത്തപ്പുസ്​തകങ്ങൾ ഒരു സാംസ്​കാരിക വിപത്താണെന്ന് തിരിച്ചറിയുക പ്രധാനമാണ്. നല്ലതോ ദോഷകരമല്ലാത്തോ ഉപകാരപ്രദമായതോ ആയ പുസ്​തകങ്ങൾക്കായി ചെലവഴിക്കേണ്ട പണമാണ് ലൈബ്രറികൾ ഇവയ്ക്കായി ദുരുപയോഗം ചെയ്യുന്നത്. ഗ്രന്ഥശാലകളിലെത്തുന്ന ഈ പുസ്​തകങ്ങൾ വായിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലെങ്കിലും ലൈബ്രറികൾ സ്വീകരിച്ചില്ലെങ്കിൽ പുതിയ വായനക്കാരെ അത് ദോഷകരമായി ബാധിക്കുമെന്നേ പറയാനുള്ളൂ.

ഏതുതരം സാഹിത്യമാണ് വായിക്കേണ്ടതെന്നറിയാവുന്ന വിവേചനശേഷിയുള്ള വായനക്കാർ സ്വീകരിക്കാത്ത പുസ്​തകങ്ങൾ നമ്മുടെ സ്​കൂൾ– കോളജ് ലൈബ്രറികളിലും പബ്ളിക് ലൈബ്രറികളിലുമാണ് വന്നടിയുന്നത് Photo : State public library and research centre
ഏതുതരം സാഹിത്യമാണ് വായിക്കേണ്ടതെന്നറിയാവുന്ന വിവേചനശേഷിയുള്ള വായനക്കാർ സ്വീകരിക്കാത്ത പുസ്​തകങ്ങൾ നമ്മുടെ സ്​കൂൾ– കോളജ് ലൈബ്രറികളിലും പബ്ളിക് ലൈബ്രറികളിലുമാണ് വന്നടിയുന്നത് Photo : State public library and research centre

സോഷ്യൽ മീഡിയയിലെ മഹാഭൂരിപക്ഷം പ്ലാറ്റ്ഫോമുകളും നിരക്ഷരരുടെയും സാമൂഹിക വിരുദ്ധരുടെയും വികല ഭാവനകൾക്കും വ്യാജവൃത്താന്തങ്ങൾക്കും വിദ്വേഷ പ്രചരണങ്ങൾക്കും സ്​തുതിനിന്ദനങ്ങൾക്കും വർഗ്ഗീയ പ്രചാരണങ്ങൾക്കും സാമുദായിക വിഭജനത്തിനും സങ്കുചിത കക്ഷിരാഷ്ട്രീയ പകപോക്കലിനും മറ്റുമായാണ് ദുരുപയോഗം ചെയ്യപ്പെടുന്നതെന്നത് എല്ലാവർക്കുമറിയാം. ചീത്ത സാഹിത്യം അത്രത്തോളം ആപത്കരമല്ലെന്നതും നേരാണ്. സർഗാത്മക സാഹിത്യത്തിലെ ചീത്ത രചനകളേക്കാൾ മാരകമാണ് വൈജ്ഞാനിക സാഹിത്യത്തിലെ കള്ളനാണയങ്ങൾ. ചരിത്രത്തിന്റെ മേഖലയിലാണ് ഈ കള്ളക്കടത്ത് ആസൂത്രിതമായി നടന്നുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയകളിലൂടെ സ്രോതസ്സും എഴുതിയാളുടെ പേരുമില്ലാതെ പ്രചരിപ്പിക്കപ്പെടുന്ന വ്യാജചരിത്രം പൊതുബോധത്തിൽ പ്രവർത്തിച്ചുതുടങ്ങുന്നതിന് സമാന്തരമായിത്തന്നെയാണ് അവ പുസ്​തകങ്ങളായും പ്രത്യക്ഷപ്പെടുന്നത്. പുസ്​തകരൂപത്തലെത്തുന്നതോടെ മത–വർഗ്ഗീയ ശക്തികൾ സൃഷ്ടിക്കുന്ന സോഷ്യൽ മീഡിയയിലെ വ്യാജചരിത്രകഥകളെ ആധികാരികചരിത്രമായി ഉദ്ധരിക്കുന്ന വിദ്യാസമ്പന്നരും അദ്ധ്യാപകർ പോലും ഉണ്ടെന്ന അറിവ് ഭയജനകമാണ്. സംഘപരിവാരം മാത്രമല്ല, സകല ജാതി–മത വർഗ്ഗീയസംഘടനകളും ഇത്തരം വ്യാജചരിത്രനിർമ്മിതിയിലാണ് ഏർപ്പെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽനിന്ന് അവ അനായാസമായാണ് അച്ചടിമാദ്ധ്യങ്ങളിലേക്ക് പ്രവേശിക്കുന്നത്. അച്ചടിക്കപ്പെട്ടതെല്ലാം ആധികാരികമാണെന്ന് വരുത്തിത്തീർത്ത് അത് വീണ്ടും സോഷ്യൽ മീഡിയകളിലൂടെ മനുഷ്യരിലേക്ക് തിരിച്ചെത്തുകയാണ്. പലരും കരുതുമ്പോലെ സോഷ്യൽ മീഡിയയിലെ ചീത്ത സാഹിത്യം നിർദ്ദോഷമായിരിക്കാമെങ്കിലും (അങ്ങനെ കരുതാനാവില്ല) അവയിലൂടെ പ്രചരിക്കുന്ന, രേഖകളുടെയോ ശാസ്​ത്രീയ നിരീക്ഷണങ്ങളുടെയോ അവലംബങ്ങളില്ലാത്ത വ്യാജ വൈജ്ഞാനികസാഹിത്യം അത്യന്തം അപായകരമാണ്. അവയെ ഏറ്റെടുക്കുന്ന പുസ്​തകപ്രസാധകരും സാമൂഹിക വിരുദ്ധപ്രവർത്തനത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെന്ന് പറയാതെവയ്യ.

സോഷ്യൽ മീഡിയയുടെ ആവിർഭാവത്തോടെ ആർക്കും എന്തുമെഴുതാമെന്ന അവസ്​ഥ ഗുണത്തേക്കാളേറെ വിപത്താണ് സൃഷ്ടിച്ചിട്ടുള്ളത്. എഴുതുന്ന ആളുടെ വിശ്വാസ്യതയും എഴുതപ്പെട്ട കൃതിയുടെ സത്യസന്ധയും ഉറപ്പുവരുത്തിയ ഒരു എഡിറ്ററുടെ കൈകളിലൂടെയല്ലാതെ വായനക്കാരിലെത്തുന്ന രചനകൾ വിവേചനബുദ്ധിയില്ലാത്ത സാമാന്യവായനക്കാരെ വഴിതെറ്റിച്ചേക്കാം. വിശ്വാസ്യതയുള്ള എഡിറ്റർമാരെയും മാദ്ധ്യമസ്​ഥാപനങ്ങളെയുമാണ് വായനക്കാർ ഒരു പരിധിവരെ രചനകളുടെ സത്യസന്ധതക്ക് ആസ്​പദമാക്കാറുള്ളത്. സ്രോതസ്സ് ഏതെന്ന് വെളിപ്പെടുത്താത്ത വ്യാജവൃത്താന്തങ്ങളും ചരിത്രാഖ്യാനങ്ങളും ചരിത്രവ്യാഖ്യാനങ്ങളുമാണ് സോഷ്യൽ മീഡിയയിലൂടെ സംഭവിക്കുന്ന ഏറ്റവും വലിയ വിപത്ത്. വാട്സ്ആപ്പ് യൂനിവേഴ്സിറ്റി സ്​കോളർമാരാണ് ഇവയെയെല്ലാം സോഷ്യൽ മീഡിയയിലൂടെയെന്നപോലെ അച്ചടിമാദ്ധ്യമങ്ങളിലൂടെയും പൊതുബോധത്തിന്റെ ഭാഗമാക്കി മാറ്റുന്നത്. അത്തരം ഉള്ളടക്കങ്ങളുടെ കള്ളക്കടത്ത് തടയുകയെന്നതാണ് എഡിറ്റർ എന്ന ഗേറ്റ് കീപ്പറുടെ ഇന്നത്തെ ശ്രമകരമായ പ്രാഥമിക ജോലി. പുസ്​തകപ്രസാധന വ്യവസായം ഇക്കാര്യത്തിൽ പുലർത്തുന്ന അലസമനോഭാവം കുറ്റകരമാണ്.

Comments