സ്വത്വരാഷ്ട്രീയത്തിൻെറ
മുദ്രകൾ

നോവലിസ്റ്റും കഥാകൃത്തും ഗാനരചയിതാവുമായിരുന്ന രാജീവൻ കാഞ്ഞങ്ങാട് അന്തരിച്ച് ജൂൺ 30 ന് 10 വർഷം പൂർത്തിയാവുന്നു. രാജീവന്റെ ‘നാവികൻ’ എന്ന നോവൽ യുവകലാസാഹിതി പുനഃപ്രസിദ്ധീകരിക്കുന്നുണ്ട്. നോവലിന് എം.എ. റഹ്മാൻ 2006-ൽ എഴുതിയ അവതാരിക.

രാജീവന്റെ നോവലിന്റെ കയ്യെഴുത്തുപ്രതി ആദ്യം കിട്ടിയപ്പോൾ അതിന്റെ അവസാനത്തെ പേജുകൾ ഉണ്ടായിരുന്നില്ല. അവ്യക്തമായ ഫോട്ടോകോപ്പിയായിരുന്നു എന്റെ കയ്യിൽ വന്നുചേർന്നത്. അതുകൊണ്ട് വായിക്കാൻ ഒട്ടും താൽപര്യം തോന്നിയില്ല. പൂർണരൂപം കിട്ടുമെന്നു കരുതി കാത്തിരുന്നു. ഒടുവിൽ അത് വരാതായപ്പോൾ ഒരു രാത്രി ഞാനത് വായിച്ചുതീർത്തു. തീർച്ചയായും അത് ഒരു നല്ല രാത്രിയായിരുന്നു. കഴിഞ്ഞ ചില വർഷങ്ങളിൽ വളരെ പ്രശസ്‌തി നേടിയ മൂന്നുനോവലുകളുടെ കയ്യെഴുത്തുപ്രതികൾ അച്ചടിമഷി പുരളുന്നതിന് മുമ്പ് എന്റെ കൈകളിലൂടെ കടന്നുപോയിട്ടുണ്ട്. രാജീവന്റെ നോവലും ആ നോവലുകൾ പോലെ ചരിത്രത്തിൽ ഇടം പിടിക്കുമെന്നനിക്കുറപ്പു തന്ന ഒരു രാത്രി. തീർച്ചയായും ഒരു നല്ല നോവലെഴുതി എന്റെ രാത്രിയെ അനർഘമാക്കിയ രാജീവനോട് എനിക്ക് നന്ദിയുണ്ട്.

രാജീവൻ  കാഞ്ഞങ്ങാട്
രാജീവൻ കാഞ്ഞങ്ങാട്

സ്വത്വബോധം ഒരു തിരിച്ചറിവാണ്. അത് അവനവനെ അടയാളപ്പെടുത്തലാണ്. അതിൽ സംസ്ക്കാരത്തിന്റെയും അനന്യതയുടെയും മുദ്രകളുണ്ട്. എന്നാൽ സ്വത്വരാഷ്ടീയം അപകടകരമായ ഒരു വംശീയ മൗലിക (Ethinic fundamentalism) വാ ദമായി മാറിയതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളുടെ ചരിത്രത്തെ നാസിസത്തോളം അടുപ്പിക്കുന്നത്. നാം ജീവിക്കുന്നത് അപകടകരമായ ഈ സ്വത്വബോധവും ചുമന്നുകൊണ്ടാണ്. യൂറോപ്യൻ ആധുനികതയുടെ കാലത്താകട്ടെ ഈ സ്വത്വം ഉണർത്തിയ ആരോഗ്യകരമായ ഒരു രാഷ്ട്രീയ ദൗത്യം നിർവഹിക്കാൻ കഴിഞ്ഞിരുന്നു. കോളനിവൽക്കരണത്തിൻെറ കാലത്ത് സ്വത്വരാഷ്ട്രീയത്തെ അനാരോഗ്യകരമാക്കി ഉപയോഗപ്പെടുത്തി അധിനിവേശകർ. കൊളോണിയൽ ആധിപത്യം വിട വാങ്ങിയ ഇരുപതാം നൂറ്റാണ്ടിൻെറ രണ്ടാംപകുതി കോളനി വിമുക്ത രാജ്യങ്ങളിൽ പിൽക്കാലത്ത് സ്വത്വത്തിന്റെ ഉണർവിനു കാരണമായി. ആ ഉണർവാണ് സ്വത്വത്തിൻറ അനന്യദർശനത്തെ പതുക്കെ അപകടകരമായ വംശീയ നവോത്ഥാനത്തിലേക്ക് (Ethnicvic revivalism) അരനൂറ്റാണ്ട് കൊണ്ട് വീണ്ടും വളർത്തിയെടുത്തത്. കോളനിവിമുക്ത രാഷ്ട്രങ്ങളിലെ സിവിൽ സമൂഹം സ്വയം തിരിച്ചറിഞ്ഞപ്പോൾ വേരുകൾ തിരിച്ചുപിടിക്കാൻ എന്ന കാരണം പറഞ്ഞ് വംശീയതയുടെ അപകടകരമായ മുദ്രാവാക്യങ്ങളിലേക്ക് അതിനെ വളർത്തേണ്ടത് കൊളോണിയൽ ശക്തികളുടെ ആവശ്യമായി വന്നു. കോളനികൾ ഉണ്ടായിരുന്ന കാലത്ത് അവർ നടത്തിയ ‘Think Globally, Act Locally’ എന്ന ആശയം പോലെ മറ്റൊന്ന്. തൊണ്ണൂറുകളിൽ ഉടലെടുത്ത സാ മ്രാജ്യത്വാധിഷ്ഠിതമായ ആഗോളവൽക്കരണം ഈ സ്വത്വരാഷ്ട്രീയത്തെ പിന്തുണച്ചു. ലോക വിപണിക്ക് വേണ്ടി വംശീയത ഒരു ചരക്കായി (Commodity) അവർ ഇറക്കി. ആ ചരക്കാണ് രാജ്യങ്ങൾ തമ്മിലുള്ള അതിർത്തിപ്രശ്‌നമായും രാഷ്ട്രങ്ങളിലെ ഭിന്നസമൂഹങ്ങൾ തമ്മിലുള്ള വംശപ്പോരായും ലോകം നേരിട്ടുകൊണ്ടിരിക്കുന്നത്.

 രാജീവൻ കാഞ്ഞങ്ങാടിന്റെ ‘നാവികൻ’ എന്ന നോവൽ
രാജീവൻ കാഞ്ഞങ്ങാടിന്റെ ‘നാവികൻ’ എന്ന നോവൽ

'നാവികൻ' മുന്നോട്ടുവെക്കുന്ന പ്രശ്നം ഇന്ന് ലോകം മുഴുവൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ പ്രശ്‌നം തന്നെയാണ്. മനുഷ്യന്റെ അവസ്‌ഥയെക്കുറിച്ച് വിഹ്വലതയില്ലാത്ത ഒരെഴുത്തുകാരന് നാവികൻ എഴുതാൻ കഴിയില്ല. ജനിച്ച നാട്ടിൽ പ്രവാസിയായി കഴിയേണ്ടി വരുന്ന മനുഷ്യർ, സ്വന്തം നാടില്ലാതെ പോകുന്നവർ, ചെച്നിയയിലും, അർമീനിയയിലും കാശ്മീരിലും ഇറാനിലും കുവൈത്തിലും ഇന്ത്യയിലും ബോസ്നിയയിലും സെർബിയയിലും പാലസ്‌തീനിലുമെല്ലാം ഈ അവസ്ഥ അനുഭവിക്കുന്നവരുണ്ട്. പാക്കിസ്ഥാൻ പൗരൻമാരായി മുദ്രകുത്തപ്പെട്ട നമ്മുടെ സഹോദരങ്ങൾ സ്വന്തം നാട്ടിൽ അറസ്‌റ്റ് ചെയ്യപ്പെടുന്ന കഥകൾ നാം നിത്യവും പത്രത്തിൽ വായിക്കുന്നു. അല്ലെങ്കിൽ അത്തരക്കാരെ നാം നേരിട്ടു കാണുന്നു. രാജീവൻ ഇടപെടുന്ന ഇടം ഇതാണ്. നമ്മുടെ എഴുത്തുകാരിൽ മറ്റാരും ഇടപെട്ടിട്ടില്ലാത്ത ഇടം. ഗംഗാവാർ ഫാഷിസ്‌റ്റ് ശക്തികൾ സവർണാധികാരം കൊണ്ട് കീഴടക്കി ഭരിച്ച ഇന്ത്യ തന്നെയാണ്. ഗംഗാവാർ ഒരു മെറ്റഫറാണ്. ഗംഗാവാറിലേക്ക് തിരിച്ചുവരുന്ന 'വഹാബ്' എന്ന നാവികൻ ലോകത്തെവിടെയും സ്വത്വം നഷ്ടപ്പെട്ട അത് തേടി നടക്കുന്ന ചാരനായി മുദ്രകുത്തപ്പെട്ട മനുഷ്യരുടെ പ്രതിനിധിയാണ്. ലോകം എന്ന വലിയ കാൻവാസിൽ നിറച്ച കാസർകോടൻ ബഹുസ്വരതയുടെ പ്രാദേശികഭൂമികയിലേക്ക് നോവലിനെ കൊണ്ടുവരുമ്പോൾ രാജീവൻ ഒരു മഹത്തായ കാര്യം ചെയ്യുന്നു. തന്റെ പ്രമേയങ്ങളെ യൂനിവേഴ്സൽ ആക്കാൻ ശ്രമിക്കുന്ന ഔദ്യോഗിക നോവലിസ്റ്റുകളുടെ കൂട്ടായ്‌മയിൽ നിന്നും വഴിതെറ്റി നടക്കുന്ന ചെറുദേശീയതകളുടെ വക്താവായി രാജീവൻ മാറുന്നു. അതാണ് ഈ നോവലിന്റെ ഐഡൻറിറ്റി.

ഗംഗാവാറിലേക്ക് തിരിച്ചുവരുന്ന 'വഹാബ്' എന്ന നാവികൻ ലോകത്തെവിടെയും സ്വത്വം നഷ്ടപ്പെട്ട അത് തേടി നടക്കുന്ന ചാരനായി മുദ്രകുത്തപ്പെട്ട മനുഷ്യരുടെ പ്രതിനിധിയാണ്. / വര: വിനോദ് അമ്പലത്തറ  (നാവികന് വരച്ച ചിത്രങ്ങൾ)
ഗംഗാവാറിലേക്ക് തിരിച്ചുവരുന്ന 'വഹാബ്' എന്ന നാവികൻ ലോകത്തെവിടെയും സ്വത്വം നഷ്ടപ്പെട്ട അത് തേടി നടക്കുന്ന ചാരനായി മുദ്രകുത്തപ്പെട്ട മനുഷ്യരുടെ പ്രതിനിധിയാണ്. / വര: വിനോദ് അമ്പലത്തറ (നാവികന് വരച്ച ചിത്രങ്ങൾ)

നൂറോ ഇരുന്നൂറോ അംഗങ്ങൾ മാത്രമുള്ള ചില സമുദായങ്ങൾ ഇന്ത്യയിലുണ്ട്. ഭിന്നമതങ്ങളെ ഒന്നിച്ച് കൂട്ടിക്കെട്ടി ഒരു പൊതുസിവിൽ സമൂഹമാക്കി നാനാത്വത്തിൽ ഏകത്വം ദർശിക്കുന്ന റിപ്പബ്ലിക്കിൻറെ ഭൂമികയിൽ നിന്നും മോചിപ്പിക്കപ്പെടുന്ന ചെറുദേശീയതകളാണ് രാജീവൻെറ രാഷ്ട്രീയം. അത് അപകടകരമാവുന്നില്ല. തിരസ്‌കൃതന്റെ, ദളിതന്റെ, അടിച്ചമർത്തപ്പെട്ടവന്റെ, സ്വത്വം സ്ഥാപിക്കാൻ ബലവാനും വരേണ്യനുമായ അധിനിവേശകൻ തങ്ങളിൽ നിന്നും തട്ടിയെടുത്തതെല്ലാം തിരിച്ചുപിടിക്കുന്ന ഒരു സാംസ്കാരിക കലാപത്തിന്റെ അക്ഷരരേഖകളാണ് നാവികന്റെ അന്തർധാരകളിലുള്ളത്. അതുകൊണ്ടാണ് ഭോജ അതിശക്തമായ ഒരു കഥാപാത്രമായിത്തീരുന്നത്. അയാൾ ദ്രാവിഡനാണ്. കറുത്തവനാണ്, ആദിമശക്തിയുടെ വീര്യം പേറുന്നവനാണ്, ശുദ്ധനാണ്.

സൂചനകൾ അപകടകാരിയായ ഒരു പാക്കിസ്‌ഥാൻ ചാരനെകുറിച്ചാണ്. ഇര ഇന്ത്യൻ മണ്ണിലെത്തിക്കഴിഞ്ഞു. പക്ഷെ വഹാബിന് ആശങ്കകളില്ല. അയാൾക്ക് ജന്മഭൂമിയെ ഒരിക്കൽ കൂടി സ്പർശിക്കണമെന്നുമാത്രം. വ്യവഹാരങ്ങൾക്ക് വിഭജിക്കാൻ കഴിയാത്ത ഹൃദയരേഖകളുടെ ഉടമകൾ ഹക്കീമിച്ചയെപ്പോലുള്ളവർ അത്യപൂർവമായി ഭൂമുഖത്ത് അവശേഷിക്കുന്നു. മുത്തച്ഛ‌ൻ ഗസൽ പാടുന്നു. മുത്തശ്ശി സബീനാ പാട്ട് മൂളുന്നു. വിഷ്ണുശർമ്മ ഹാർമോണിയം മീട്ടുന്നു. ഭോജയും ചെനിയാറുമിപ്പോൾ നൃത്തച്ചുവടുകൾ വെക്കുന്നു. നോക്കിയാൽ എത്ര ദൂരത്തേക്കും കാണാം.

വിഷ്ണുശർമ്മ ഹാർമോണിയം മീട്ടുന്നു. / വര: വിനോദ് അമ്പലത്തറ  (നാവികന് വരച്ച ചിത്രങ്ങൾ)
വിഷ്ണുശർമ്മ ഹാർമോണിയം മീട്ടുന്നു. / വര: വിനോദ് അമ്പലത്തറ (നാവികന് വരച്ച ചിത്രങ്ങൾ)

അലാസ്കയിലേക്കുള്ള നീലവെളിച്ചം കാസ്‌പിയൻ കടൽപക്ഷികൾ പുളക്കുന്നത് കാണാം.

നോവലിസ്‌റ്റ് കാസർകോടിന്റെ ബഹുസാംസ്‌കാരത്തെയാണ് തട്ടകമായെടുത്തത്. പക്ഷെ അയാൾ കീഴടക്കപ്പെട്ടവന്റെ പക്ഷത്താണ്. അതാണിതിലെ രാഷ്ട്രീയം.

രണ്ട് ബോസ്നിയൻ ബാലന്മാരുമായി ഇന്ത്യയിലെത്തിയ വഹാബ് എന്ന പരദേശി അയാൾ ഇന്ത്യക്കാരനാണ്. ഇന്ത്യൻ പൗരനാണയാൾ. അയാൾ പറയുന്നു:

“ രണ്ട് പേരുകളിൽ രണ്ടു നാടുകളിൽ ഒരേ സമയം ആൾ മാറാട്ടം. ലോകം ചുറ്റിയതുമുതൽ സ്വന്തം പേരിലല്ല. ബണ്ട്വാളിനെ കാണുമ്പം ഞാൻ വാൾട്ടർ ഡെല്ലാസാകും".

പല പേരുകളിൽ പല നാടുകളിൽ പ്രത്യക്ഷപ്പെടുന്ന നാവികനായ വഹാബ് ഐഡൻറിറ്റി നഷ്ടപ്പെടുന്ന ലോകത്തിലെ ഏതൊരു പ്രവാസസമൂഹത്തിന്റെയും പ്രതീകമാണ്. അയാളോട് തുഴക്കാരനായ ഹക്കീമിച്ച പറയുന്നുണ്ട് :

"ബ്യാരിയുടെ കുടുംബക്കാർ രാമരാജ്യം കലക്കാൻ വരുന്ന രാക്ഷസൻമാരാണന്ന് ഈട കേളി, ആ ഒറ്റക്കാരണം നിങ്ങളോട് ബണ്ട്വാളിന്റെ മുമ്പിൽ വഹാബായിട്ട് പോണ്ട എന്ന് ഭോജ പറഞ്ഞത്."

ഈ മുന്നറിയിപ്പ് ഇന്ത്യൻ ദേശീയത നേരിടുന്ന രാമരാജ്യത്തിൻറെ വക്താക്കൾക്കുള്ളതാണ്. ഗംഗാവാർ ഈ രാമരാജ്യത്തെ പ്രതിനിധാനം ചെയ്യുന്നു. അത് ഇന്ത്യയല്ലാതെ മറ്റൊന്നല്ല. കാസർകോടിൻെറ ബഹുസംസ്‌കാരവും ബഹുഗോത്രസ്വഭാവവും, അതിന്മേൽ അധിനിവേശം നേടിയ ബ്രാഹ്മണപാരമ്പര്യം ഇഴചേർന്ന ഒരു സ്‌ഥലരാശി ഈ നോവലിലുണ്ട്. അത് ലെസ്‌ലി ഫീൽഡറൊക്കെ (Leslie Fielder) പറയുന്ന അടിസ്‌ഥാന സാംസ്‌കാരിക ധാരയായി (Basic cultural Pattern) ഈ നോവലിൽ വർത്തിക്കുന്നു. സ്‌ഥലനാമങ്ങൾ പോലും മാറ്റാൻ തത്രപ്പെടുന്ന ഫാഷിസത്തിന്റെ രാഷ്ട്രീയത്തെ നോവലിൽ ഒതുക്കി വയ്ക്കുന്നു രാജീവൻ.

വഹാബ് ലോക പൗരനാണ്. ഉറൂബിന്റെ വിശ്വം (സുന്ദരികളും സുന്ദരൻമാരും) ഇങ്ങനെ ഒരു ലോക പൗരനായി ഉറൂബ് വളർത്തിക്കൊണ്ടു വന്ന അറുപതുകളിലെ നായകനാണ്. വിശ്വം അച്ഛനെ നേടുന്നു. മലബാർ ലഹളയാണ് പശ്ചാത്തലം. ഭൂമിയുടെ അറ്റംതേടി പോയ കുട്ടി എന്നാണ് ഉറൂബ് വിശ്വത്തെപ്പറ്റി പറയുന്നത്. സുലൈമാനാണ് യഥാർത്ഥ അച്ഛൻ. ശരിക്കുപറഞ്ഞാൽ വിശ്വത്തിന് സ്വത്വമില്ല. ഇതുപോലൊരവസ്‌ഥ വഹാബിനുണ്ട്. വഹാബിവിടെ ഭൂമിയുടെ അറ്റം തേടിപ്പോയ ഒരു കുട്ടിയാണ്. കാരണം അയാൾ രാജ്യഭ്രഷ്ടനാണ്. അയാൾക്ക് രാജ്യം വേണം. വിശ്വത്തിന് ശേഷം മലയാള നോവലിൽ വരുന്ന അതിശക്തമായ കഥാപാത്രമാണ് വഹാബ്.

നാട്യകലാസദനം എന്ന കലാമന്ദിരം ഒഴിപ്പിക്കുന്ന ഒരു പ്രശ്‌നം വ്യവഹാരമായി ഈ നോവലിലുണ്ട്. ആര്യാവർത്തത്തിന്റെ മെറ്റഫറാണ് ഈ കലാമന്ദിരം. / വര: വിനോദ് അമ്പലത്തറ  (നാവികന് വരച്ച ചിത്രങ്ങൾ)
നാട്യകലാസദനം എന്ന കലാമന്ദിരം ഒഴിപ്പിക്കുന്ന ഒരു പ്രശ്‌നം വ്യവഹാരമായി ഈ നോവലിലുണ്ട്. ആര്യാവർത്തത്തിന്റെ മെറ്റഫറാണ് ഈ കലാമന്ദിരം. / വര: വിനോദ് അമ്പലത്തറ (നാവികന് വരച്ച ചിത്രങ്ങൾ)

നാട്യകലാസദനം എന്ന കലാമന്ദിരം ഒഴിപ്പിക്കുന്ന ഒരു പ്രശ്‌നം വ്യവഹാരമായി ഈ നോവലിലുണ്ട്. ആര്യാവർത്തത്തിന്റെ മെറ്റഫറാണ് ഈ കലാമന്ദിരം. കരിനീലനിറമുള്ള ഭോജ ദ്രാവിഡത്തനിമയുടെയും വംശീയ പ്രതിനിധാനങ്ങളാണ്. വർഗ്ഗീയമായി പരസ്പരം കൊത്തിപ്പറിക്കുന്നവരുള്ള വർത്തമാനകാലത്തിന്റെ രൂപമായും നോവൽ മാറുന്നു. ഭോജയുടെ വയസ് ചോദിക്കുമ്പോൾ '"ആ മരത്തിൻ്റത്ര. അതിലെ വരയും പുള്ളിയും കണ്ടോ. അതെല്ലാം നമ്മളെ മേലിലുണ്ട്. ബാക്കി കണക്ക് കൂട്ടി നോക്കിക്കോ നിങ്ങ..."

ദ്രാവിഡനാണ് ഈ ഭൂമിയുടെ യഥാർത്ഥ അവകാശിയെന്ന് കാലം തൊട്ട് പറയുകയാണ് ഭോജ. ഭോജമാമനും ഉസ്‌താദ് ഭായിയും സമവായത്തിൽ കഴിഞ്ഞ ഒരു കാലം എങ്ങനെ നഷ്ടമായി എന്ന സൂചനയും നോവൽ തരുന്നു. വെള്ളക്കാർ കുടിയേറിയ ആസ്ത്രേലിയയിലെ ആദിമനിവാസികൾ തങ്ങളുടെ പാരമ്പര്യവും വംശത്തനിമയും തിരിച്ചുപിടിക്കാൻ കഴിഞ്ഞ ഒരു ദശകമായി ലോകമൊട്ടുക്ക് ഒരു പ്രദർശനം നടത്തി. അതിൻറെ പേര് : 'തഗാരിലിയാ' (എന്റെ കുടുംബം) എന്നാണ്. ബീബിജാന്റെ ചുറ്റുവളകൾ വഹാബിന്റെ കൈകളിൽ എത്തിച്ചേരുന്നു. അത് തിരിച്ചറിവിന്റെ കാൽമുദ്രകൾ. ഭോജയും നോവലിൽ ആവിഷ്കരിക്കുന്ന നഷ്ടപ്പെട്ട തന്റെ വംശവൃക്ഷത്തിന്റെ വേരുകളാണ്.

വിസ്‌തരിച്ച് പറയേണ്ട പലതും കുറുക്കി കുറുക്കി നോവൽ എന്ന മാധ്യമത്തിന്റെ സാധ്യതയെ ചുരുക്കിക്കളഞ്ഞോ എന്നെനിക്കൊരു സംശയം. വായനക്കാരനും വാക്കുകൾക്കുമിടയിൽ ബാക്കി വെക്കുന്ന സ്ഥലം ഒരു ചെറുകഥയിൽ ഏകാഗ്രമായി വായിച്ചെടുക്കാൻ കഴിയും

വഹാബ് കുട്ടികളെ ഗ്ലോബിൽ കാണിച്ച സ്ഥലങ്ങൾ നേരിട്ട് കാണാൻ പോയ മാസ്റ്റരാണയാൾ. ഭൂമിയുടെ അറ്റം തേടിയ കുട്ടി. വിശ്വത്തെപോലെ ലോകപൗരൻ. മാപ്പിൽ അടയാളപ്പെടുത്തിക്കൊടുത്തതല്ല ഭൂലോകമെന്നും അയാൾ അനുഭവിച്ചറിഞ്ഞു. ഭൂപടങ്ങളിൽ അതിരുകളാണ് പ്രധാനം. വഹാബിന് അതിരുകളില്ല. അയാൾക്ക് മെക്‌സികോയും മഗ്ദിദേശവും കറാച്ചിയും ഒരു പോലെ. അയാൾ ദേശീയതയെ ലംഘിക്കുന്നു. അതിരുകളെ ലംഘിക്കുന്നു. വെട്ടിപ്പിടിക്കപ്പെട്ട സാമ്രാജ്യങ്ങളെ തകർക്കുന്നു. അതെ, ലോകവിരുദ്ധനായ ഒരു ലോകപൗരൻ. ഉറൂബിന്റെ വിശ്വം വളർന്ന് വലുതായതാണ് വഹാബ്. അയാൾ ചെന്നെത്താത്ത രാജ്യമില്ല. പക്ഷെ അയാൾക്ക് സ്വന്തമായി രാജ്യമില്ല. സ്വന്തമായി രാജ്യമില്ലാത്തവരുടെ നായകനാണ് ഈ നാവികൻ. ദേശീയതയുടെ ഭരണഘടനയിൽ അയാൾ ചാരനാണെന്നുമാത്രം. അധിനിവേശത്തിന്റെയും വംശവെറിയുടെയും സത്യം തേടിയിറങ്ങിയവന്റെ തിരിച്ചറിവുകളി ലൊന്നായി നോവലിസ്‌റ്റ് രേഖപ്പെടുത്തുന്നതിങ്ങനെ:

"കറാച്ചിയിൽ ഇതു പോലെ ഒരു പാട് വാളുകൾ കിട്ടും. ആളെ മുറിക്കാൻ ഒരുങ്ങുന്നവൻറെ കൈക്കരുത്തിന് പാകമായ വാളുകൾ വെറുതെ ഒരു കൗതുകത്തിന് വാങ്ങി. പക്ഷെ ആ വാളിൽ ചോരക്കറയുണ്ടായിരുന്നു."

വഴുവഴുത്ത ഗൃഹാതുര ജീർണതകളിൽ അഭിരമിക്കുന്ന നമ്മുടെ ഔദ്യോഗിക നോവലിസ്‌റ്റുകൾക്കെതിരെയുള്ള ഒരു പ്രസ്‌താവം കൂടിയാണ് 'നാവികൻ'. / വര: വിനോദ് അമ്പലത്തറ  (നാവികന് വരച്ച ചിത്രങ്ങൾ)
വഴുവഴുത്ത ഗൃഹാതുര ജീർണതകളിൽ അഭിരമിക്കുന്ന നമ്മുടെ ഔദ്യോഗിക നോവലിസ്‌റ്റുകൾക്കെതിരെയുള്ള ഒരു പ്രസ്‌താവം കൂടിയാണ് 'നാവികൻ'. / വര: വിനോദ് അമ്പലത്തറ (നാവികന് വരച്ച ചിത്രങ്ങൾ)

ഗംഗാവാറിലും കറാച്ചിയിലും വാൾ ഒരു പോലെ അതിൻറെ ദൗത്യം നിർവഹിക്കുന്നു. പാക്കിസ്ഥാൻ മുദ്ര വീണ പാവം മുംതാസ്. "ഈ ചുറ്റുവളയിൽ എവിടെ പെണ്ണേ പാക്കിസ്ഥാന്റെ മുദ്ര." വിഭജനത്തിന്റെ വാളുകളിൽ മനുഷ്യൻ പരസ്പരം മുറിച്ചുമാറ്റപ്പെടുന്ന ഹിംസാത്മകമായ വർഗീയതയുടെ ചുരുക്കെഴുത്താണ് ഈ നോവൽ. വാക്കുകൾ കുറച്ച്, വിവരണം കുറച്ച് ഋജുവും ആർജവവുമുള്ളതുമായ ശൈലിയിൽ രാജീവൻ നാവികന്റെ ലോകം തുറന്നിടുന്നു. വിസ്‌തരിച്ച് പറയേണ്ട പലതും കുറുക്കി കുറുക്കി നോവൽ എന്ന മാധ്യമത്തിന്റെ സാധ്യതയെ ചുരുക്കിക്കളഞ്ഞോ എന്നെനിക്കൊരു സംശയം. വായനക്കാരനും വാക്കുകൾക്കുമിടയിൽ ബാക്കി വെക്കുന്ന സ്ഥലം ഒരു ചെറുകഥയിൽ ഏകാഗ്രമായി വായിച്ചെടുക്കാൻ കഴിയും. എന്നാൽ നോവലിൽ അവ വികസിപ്പിച്ചെടുക്കുകയാണുചിതം എന്ന് തോന്നുന്നു. ആ ഒരു കുറവ് ഈ നോവലിന്റെ വായനാപരതയെ ബാധിക്കുമോ എന്ന് ഞാൻ സംശയിക്കുന്നു. ഒരു ദളിത് നോവലെന്നു ഞാൻ ഇതിനേ ബ്രാൻഡ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. വഹാബിൻെറയും ഭോജയുടെയും സർവോപരി പ്രാന്തവൽക്കരിക്കപ്പെടുന്ന ഓരോ മനുഷ്യന്റെയും പക്ഷത്താണ് ഇതിൻെറ രചയിതാവ് നിൽക്കുന്നത്.

ആനന്ദാണ് മലയാള നോവലിൽ ആൾക്കൂട്ടത്തിൻെറയും അഭയാർത്ഥികളുടെയും ചിതറിപ്പോകുന്ന മനുഷ്യരുടെയും സ്വത്വനിർമ്മിതിയെപ്പറ്റി ഗൗവരതരമായ വ്യവഹാരം നടത്തിയത്. അവ ആശയങ്ങളെ ചർച്ച ചെയ്യുന്ന ഒരു വേദി തന്നെയായിരുന്നു. ഒ വി വിജയൻ 'പ്രവാചകന്റെ വഴിയിൽ' ഏകശിലാരൂപത്തിലേക്ക് ചുരുക്കപ്പെടുന്ന ദേശീയതയെ വിമർശനാത്മകമായി സമീപിക്കുന്നുണ്ട്. രാജീവനാകട്ടെ ഉപദേശീ യതകളുടെ ജനാധിപത്യവൽക്കരണത്തെപ്പറ്റിയുള്ള ശക്തമായ ഒരു പ്രസ്താവനയുമായിട്ടാണ് 'നാവികൻ' അവതരിപ്പിക്കുന്നത്. ഇത് ആനന്ദിന്റെ സങ്കൽപ്പത്തിനു നേർവിപരീതമാണ്. ഒരു സങ്കരസമൂഹത്തിൽ സ്വത്വാധിഷ്‌ഠിതമായ മോചനം ആഗ്രഹിക്കുന്ന എത്രയോ ജനതകൾ നമുക്കിടയിലുണ്ട്. അവരുടെ സ്വരമാണ് നാവികനിൽ കേൾക്കുന്നത്. വഴുവഴുത്ത ഗൃഹാതുര ജീർണതകളിൽ അഭിരമിക്കുന്ന നമ്മുടെ ഔദ്യോഗിക നോവലിസ്‌റ്റുകൾക്കെതിരെയുള്ള ഒരു പ്രസ്‌താവം കൂടിയാണ് 'നാവികൻ'. കാസർകോടിന്റെ സാംസ്‌കാരിക വൈവിധ്യം ഈ നോവലിന്റെ യഥാർത്ഥ സ്ഥലരാശിയായി ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വരുംകാലത്ത് ഏറ്റവും ചർച്ചാവിഷയമാകാവുന്ന വ്യതിരിക്തമായ ശബ്‌ദം കേൾപ്പിക്കാൻ കരുത്തുള്ള ഒരു ആഖ്യായികാകാരന്റെ മൗലികമായ സ്‌പന്ദനമാണ് നാവികൻ എന്ന് കൂടി പറഞ്ഞുകൊണ്ട് ഈ നോവൽ നിങ്ങളുടെ മുമ്പിൽ വെക്കുന്നു. അത്യധികം അഭിമാനത്തോടെ, ആഹ്ലാദത്തോടെ. എന്റെ ഒരു രാത്രിയെ സമ്പന്നമാക്കിയ ഈ നാവികന് നന്ദി.

Comments