ജൂണിൽ വിദ്യാലയങ്ങൾ തുറന്നാൽ അധികം വൈകാതെ നടക്കുന്ന രണ്ട് ആചാരങ്ങളാണ് വായനദിനവും ബഷീർ ദിനവും. ഗസ്റ്റായി വിദ്യാലയമൊന്നുക്ക് ഒരു എഴുത്തുകാരൻ എന്ന തോതിൽ ആവശ്യമാണ് വായനദിനത്തിന്. ആയതിനാൽ ഏതെങ്കിലും തരത്തിൽ നാലക്ഷരം എഴുതിയ മിക്കവാറും എഴുത്തുകാർക്കൊക്കെ അന്ന് പലയിടത്തും നിന്നും ക്ഷണം വരും. എനിക്കും വരാറുണ്ട്, എൽ.പി സ്കൂളുകളിൽ നിന്നും വരെ. കൊന്നാലും ഞാൻ പോവാറില്ല. കുഞ്ഞുങ്ങളോടുള്ള സ്നേഹം കൊണ്ടാണ്. പിന്നെ ഭാവിയിൽ വായനയോട് എന്തെങ്കിലും തോന്നാൻ സാധ്യതയുള്ള ഏതെങ്കിലും കുട്ടി കൂട്ടത്തിലുണ്ടെങ്കിൽ ആ പാവത്തിനെ അതിൽനിന്ന് തടയാൻ ഇപ്പോഴേ കാരണമാവേണ്ടതില്ലല്ലോ എന്ന ‘കെരുതലും’.
കെ.ജി ക്ലാസ് മുതലുള്ള കുട്ടികളെ മുന്നിലിരുത്തി ആ ദിനത്തിൽ ചില അതിഥികൾ നടത്തുന്ന വായനയുടെ മഹത്വവും അനുഭൂതിയും ഉദ്ഘോഷിച്ചുകൊണ്ടുള്ള പ്രഭാഷണങ്ങൾ ചില അധ്യാപകസുഹൃത്തുക്കൾ ഷെയർ ചെയ്തുതരാറുണ്ട്. നല്ല എന്റർടൈൻമെന്റ് ആണ്. മുന്നിലിരിക്കുന്ന ആ പാവം കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കുകയേ ചെയ്യരുത് എന്നേയുള്ളൂ.
‘വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും’ എന്ന കുഞ്ഞുണ്ണിക്കവിതയാണല്ലോ പ്രസ്തുത ദിനത്തിലെ പ്രസംഗങ്ങളിലെ പൊതുവായ വേട്ടമൃഗം. ഒന്നാം ക്ലാസിൽ അധ്യാപികയായ കൂട്ടുകാരി ഈ വർഷത്തെ വായനദിനത്തിന്റന്ന് പറഞ്ഞു, അവളുടെ ക്ലാസിലെ കുട്ടികളിൽ ചിലർ അതുകേട്ട് ആകെ എടങ്ങേറായെന്ന്. അവർ വായിക്കാൻ പഠിച്ചുവരുന്നല്ലേയുള്ളൂ, അഥവാ എങ്ങാനും ശരിക്ക് വായിക്കാൻ പഠിച്ചില്ലെങ്കിൽ ഭാവിയിൽ വളഞ്ഞു കുനിഞ്ഞ് നടക്കേണ്ടിവരുന്നതിലെ ദയനീയത ഓർത്ത് പിഞ്ചുമനസ്സിൽ ഉടലെടുക്കുന്ന ട്രോമ. വായനദിനത്തിന്റെ സമ്മാനമാണത്. അതേക്കുറിച്ച് അവൾ എഫ്ബിയിൽ എഴുതിയിട്ട കുറിപ്പിന് അവളുടെ മറ്റു കുറിപ്പുകളെക്കാൾ ലൈക്ക് കുറവായിരുന്നു.
വായന ഒരു വിശുദ്ധമൃഗമാകുന്നു.
▮
വായനദിനം കഴിഞ്ഞ് അധികം വൈകാതെ ബഷീർദിനം എത്തും. അന്നത്തെ വിശുദ്ധമൃഗം ആടാണ്. വിദ്യാലയമൊന്നുക്ക് ഒരു ആടിനെയെങ്കിലും സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരിക്കും അന്ന് അധ്യാപകർ.
ബഷീർ ആഘോഷിക്കപ്പെടേണ്ട എഴുത്തുകാരനാണ് എന്നതിൽ ഒരു മലയാളിക്കും സംശയമുണ്ടാവാൻ സാധ്യതയില്ല. പക്ഷേ പാവം പ്രൈമറിക്കുട്ടികൾ എന്തു പിഴച്ചു. അതിന്റെ പേരിലുള്ള വെർബൽ ഡയേറിയ മൂലമുള്ള പീഡനവും നിർബന്ധിതമായി സഹിക്കാനും മാത്രം എന്ത് പാപമാണ് അവർ ചെയ്തതാവോ.
ഈ അണ്ഡകടാഹത്തിലുള്ള സകലതിനെക്കുറിച്ചും ദുരൂഹതയേതുമില്ലാതെ എഴുതിക്കൊണ്ടിരുന്ന ബഷീറിനെ ആടിനോട് സമീകരിച്ച് ഈ പരിപാടിയ്ക്ക് തുടക്കമിട്ടത് ഏത് മഹാനാണോ എന്തോ. മുന്നിൽ കുട്ടികളെ കണ്ടാൽ ആട് പ്രഭാഷണം നടത്തിക്കളയില്ല എന്നതു മാത്രമാണ് അതിലെ ഏക ആശ്വാസം.
പക്ഷേ സ്കൂളിന്റെ അടുത്ത വീട്ടിലുള്ള ബാപ്പുട്ടിക്കാന്റെ ആട് എങ്ങനെ ഒറ്റ ദിവസത്തേക്ക് മാത്രം ബഷീറിന്റെ ആടും പാത്തുമ്മയുടെ ആടുമൊക്കെയായി ട്രിപ്പിൾ റോളിൽ എന്തിനഭിനയിക്കുന്നു എന്ന നല്ലൊരു ഭാഗം കുട്ടികളുടെ കൺഫ്യൂഷൻ അപ്പോഴും ബാക്കി തന്നെ.
▮
വായന മെരിച്ചു, പുസ്തകം മെരിച്ചു, ഭാഷ മെരിച്ചു എന്നൊക്കെയുള്ള വിലാപങ്ങൾ നമ്മളൊക്കെ കുട്ടിയായിരുന്ന കാലം മുതൽക്കേ കേട്ടുവരുന്നതാ. ഇപ്പോഴും അത് തുടർന്നുവരുന്നുണ്ടോ എന്തോ. അന്നൊക്കെ പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ ബാലമാസികകൾ വായിച്ചുകൊണ്ടാണ് ഒരു ആവറേജ് കുട്ടി സിലബസിനപ്പുറമുള്ള വായനയിലേക്ക് പ്രവേശിക്കുന്നത്.
ബാലമാസികകൾ പിന്നീട് ദ്വൈവാരികകളായും ക്രമേണ ബാല വാരികകളായും മാറുന്നതുകണ്ട തലമുറയായിരുന്നു എന്റേത്. പ്രൈമറിയിൽ തന്നെ ഇച്ചിരി മൂത്തപ്പോൾ, വായന പൈങ്കിളി വാരികകളിലേക്ക് വികസിച്ചു. സ്കൂളിൽ പോയവരും വഴിയിൽ കൊഴിഞ്ഞവരുമായ ഒന്നോ രണ്ടോ തലമുറയെ അക്ഷരാഭ്യാസമുള്ളവരായി നിലനിർത്തുന്നതിൽ ലോലസാഹിത്യം കൈകാര്യം ചെയ്യുന്ന ആറോ എഴോ അതിലധികമോ നോവലുകളുമായി എത്തിയിരുന്ന ‘മ’ വാരികകൾ വഹിച്ച പങ്ക് നിസ്തുലമാണ്.
പൈങ്കിളിയുടെ മായികതയിൽ വീണുപോവാത്ത കഠിനഹൃദയർക്കുപോലും ഇക്കിളിസാഹിത്യം ചൂടോടെ വിളമ്പിത്തരുന്ന കമ്പിപുസ്തകങ്ങളുടെ പ്രഭാവത്തിൽ വീണുപോവാതിരിക്കാൻ സാധ്യമായിരുന്നില്ല.
മംഗളം, മനോരമ വാരികകൾക്ക് സമാന്തരമായി വളരെ വിപുലമായ വൈവിധ്യ സഞ്ചയങ്ങൾ ഉൾകൊള്ളുന്ന കൊച്ചുപുസ്തകങ്ങളുടെ വൻ കളക്ഷൻ എല്ലാ ഹൈസ്‌കൂളുകൾക്ക് ചാരെയുള്ള പെട്ടിക്കടകളിലും സുലഭമായിരുന്നു. കാലം മാറി. ബാലമാസിക വായിച്ചിരുന്ന കുട്ടികൾ കാർട്ടൂണിലേക്ക് മാറി. പൈങ്കിളിവാരികക്കാലം ഗെയിമുകളിലേക്കും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്കും കൂടുവിട്ടു കൂടുമാറി. കൊച്ചു പുസ്തകങ്ങൾക്ക് പകരം പോർണോ സൈറ്റുകളുടെ ഏറും തല്ലുമായി. എന്നിട്ടും വായന മാത്രം ഇപ്പോഴും മെരിച്ചില്ല.. അതാണ് വായനയുടെ ‘പെവർ’. ആൻഡ്രോയിഡ് ഫോണുകളും 4 ജി നെറ്റ്‌വർക്കുകളും അതിൽ വഹിക്കുന്ന പങ്ക് ചെറുകിടയല്ല എന്ന് കൂടുതൽ ആലോചിക്കാതെ തന്നെ പിടികിട്ടും.
▮
ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വരുന്ന ഉള്ളടക്കങ്ങളുടെ താഴെയുള്ള കമന്റ് ബോക്സുകളിൽ തെറിയും വർഗീയതയും വിദ്വേഷവും എഴുതിനിറയ്ക്കാനും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കുത്തിത്തിരുപ്പുണ്ടാക്കാനും ഒക്കെയാണ് ഭൂരിപക്ഷം മലയാളികൾ അക്ഷരങ്ങളെയും ഭാഷയെയും വായനയെയും ഉപാസിക്കുന്നത് എന്ന് പലപ്പോഴും തോന്നാറുണ്ട്.
വായനയും ഭാഷയും അച്ചടിമാധ്യമങ്ങളിൽ നിന്ന് വ്യാപകമായി വികേന്ദ്രീകരിക്കപ്പെടാൻ തുടങ്ങിയിട്ട് ഏറക്കുറെ ഒരു പതിറ്റാണ്ടായി. പത്രങ്ങൾ, വാരികകൾ, പ്രസിദ്ധീകരണങ്ങൾ പലതും വിസ്മൃതിയിലാണ്ടു. അവശേഷിക്കുന്നവയിൽ ഭൂരിഭാഗവും നന്നായി മെലിഞ്ഞു. എന്നിട്ടും പുസ്തകവിപണിയുടെ കാര്യത്തിൽ ഇവിടെ മലയാളത്തിലെങ്കിലും അങ്ങനെയുള്ള യാതൊരുവിധ ക്ഷീണവും ബാധിക്കപ്പെടുകയുണ്ടായില്ല. സാഹിത്യത്തെയും പുസ്തകത്തെയും സംബന്ധിച്ചുള്ള മലയാളിയുടെ കാല്പനിക ഗൃഹാതുരത്വവും അതിനെ ഊട്ടിയുറപ്പിക്കുന്ന വിപണി തന്ത്രങ്ങളും തന്നെ ഹേതു.
'മലയാളിയുടെ' എന്ന് പൊതുവായൊരു ഓളത്തിൽ പറഞ്ഞുപോയതാണ്. അതൊരു 40 പ്ലസ് തലമുറയുടെ വിഷയം മാത്രമാണ് സത്യത്തിൽ. ബാക്കിയുള്ളവരിൽ ചെറിയൊരു ശതമാനം അതിൽ ആകർഷിതരാവുന്നു എന്നേയുള്ളൂ. രണ്ടു പതിറ്റാണ്ട് കാലത്തേക്കെങ്കിലും ഈയൊരു ട്രെൻഡ് നിലനിർത്താനാവും. ഗ്രാമഫോൺ റെക്കോർഡ്, ടേപ്പ് റിക്കോർഡർ, ഓഡിയോ- വീഡിയോ കാസറ്റുകൾ, കോംപാക്റ്റ് ഡിസ്ക്, എം.പി 3, അവയുടെ പ്ലയറുകൾ എല്ലാം മരുന്നിനുപോലും കാണാൻ കിട്ടാനില്ലാതായി പോയ ഒരു കാലത്ത്, ആ തലമുറയുടെ ഒരു ബാക്കിപത്രമായ പുസ്തകം പഴയതിലും പ്രതാപത്തിൽ നിലനിൽക്കുന്നതിൽ ഒരു ഫോർട്ടി പ്ലസുകാരൻ എന്ന നിലയിൽ വ്യക്തിപരമായി എനിക്ക് ആനന്ദമേ ഉള്ളൂ..
▮
പതിനഞ്ചോ ഇരുപതോ കൊല്ലം കൂടി തുടരാൻ പോവുന്ന, പുസ്തകത്തിന്റെ / പ്രിന്റ് മീഡിയയുടെ ഈയൊരു സുവർണകാലത്തിനെ മാക്സിമം ഉപയോഗപ്പെടുത്തി സ്ലോട്ടർ ടാപ്പ് ചെയ്തെടുക്കുന്നതിന്റെ ഭാഗമായിട്ടുള്ളതാണ് ഇപ്പോൾ കാണുന്ന പോപ്പുലർ ഫിക്ഷൻ ഫോക്കസ് ചെയ്തുകൊണ്ടുള്ള വിപണിയാഘോഷങ്ങൾ.
ഉപരിപ്ലവസാഹിത്യത്തിന് എല്ലാ കാലത്തും ജനപ്രിയതയും വിപണിമൂല്യവും കൂടുതലുണ്ടായിരുന്നു. ഇടക്കാലത്ത് ഒന്ന് മങ്ങിപ്പോയിരുന്ന അതിന്റെ പ്രഭാവത്തെ പ്രസിദ്ധീകരണ സ്ഥാപനങ്ങൾ പുതിയ ബ്രാൻഡിംഗിലൂടെ തിരികെ പിടിക്കാൻ ശ്രമിക്കുന്നതിൽ അപകടമെന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല.
മുട്ടത്തുവർക്കിയോ മാത്യു മറ്റമോ ഒരു കാലത്തും ഒ.വി. വിജയനും ആനന്ദിനും വെല്ലുവിളിയായിട്ടില്ല. വാഴ നനയ്ക്കുമ്പോൾ ചീര കൂടി നനയുമെങ്കിൽ, അത് നനവേ ഇല്ലാതെ കിടക്കുന്നതിലും നല്ല കാര്യമാണ്. പൈങ്കിളി വായിക്കുന്നവരിൽ കുറേപേർ അത് മടുത്തോ അതിൽ തൃപ്തി വരാതെയോ കുറച്ചുദൂരം കൂടി മുന്നോട്ടുപോവുക തന്നെ ചെയ്യും.
▮
പണ്ട്, അതായത് ഒരു പതിനഞ്ച് കൊല്ലം മുൻപൊക്കെ, ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പോയി വന്ന അന്നത്തെ ഒരു മുഖ്യധാരാ എഴുത്തുകാരൻ, ഒരു വേദിയിൽ അവിടെ സാഹിത്യഭ്രമവുമായി വന്നുചേരുന്ന ആയിരങ്ങളെ കുറിച്ച് വാചാലപ്പെട്ടപ്പോൾ ഞാനും അടുത്തിരുന്ന കൂട്ടുകാരനും ‘ഇതെന്ത് തള്ളലാ, ഇത്തിരി കുറച്ചു കൂടേ ആവോ’ എന്ന മട്ടിൽ മുഖത്തോട് മുഖം നോക്കി ചിരിച്ചിട്ടുണ്ട്.
കാലം കൊണ്ട്, നമ്മുടെ കേരളത്തിലും ആയിരങ്ങളല്ല പതിനായിരങ്ങൾ തന്നെ ഇടിച്ചു കേറുന്ന സാഹിത്യമാമാങ്കങ്ങൾ അരങ്ങേറുന്നത് സ്ഥിരം സംഭവമായി. ഒരു കാർണിവൽ മനുഷ്യൻ എന്ന നിലയിൽ ഞാൻ അതാസ്വദിക്കുന്നുണ്ട്. വായനയിലും എഴുത്തിലും ഇടപഴകുന്ന ഒരാൾ എന്ന നിലയിൽ വ്യക്തിപരമായി അത് ആനന്ദം പകരുന്നുമുണ്ട്. അതിഥിയായി അതിൽ ചിലയിടത്തൊക്കെ ക്ഷണിക്കപ്പെടുമ്പോൾ, എഴുത്തുകാരുടെ ഒരു പ്രതിനിധി എന്ന നിലയിൽ ആഹ്ലാദവുമുണ്ടാവുന്നുണ്ട്. ലിറ്ററേച്ചർ ഫെസ്റ്റിവലുകൾ അതിലുപരി സാഹിത്യത്തിനും വായനയ്ക്കും എന്ത് സംഭാവന ചെയ്യുന്നു എന്നൊന്നും ചിന്തിക്കാറില്ല.
പുസ്തക വിപണിയ്ക്കും ക്ഷണിക്കപ്പെടുന്ന എഴുത്തുകാർക്കും അതെന്തായാലും കാര്യമായ മൈലേജ് നൽകുന്നുണ്ട്. എല്ലാ ഫെസ്റ്റിവലുകളുടെ വേദിയിലും സ്ഥിരം മുഖങ്ങളെ തന്നെ അണിനിരത്തപ്പെടുന്നതിൽ എഴുത്തുലോകത്തുള്ള മുറുമുറുപ്പുകളും അമർഷപ്പെടലുകളും ഇതിന്റെ ഒരു ബൈ പ്രൊഡക്ടാണ്. ഗൗരവമുള്ള വായനയും വായനാമനുഷ്യരും അതിന്റെയൊക്കെ ഓരത്ത് കൂടി ബഹളങ്ങളില്ലാതെ അതിജീവിക്കുന്നുണ്ട് എന്ന് തന്നെയാണ് വിശ്വാസം.
▮
വായന മനുഷ്യനെ കുറേക്കൂടി മികച്ചവനാക്കുമെന്നാണ് വെപ്പ്. പക്ഷെ മരിച്ചുപോയ കൂട്ടുകാരൻ കഥാകൃത്ത് പ്രദീപ് അവന്റെ അച്ഛനെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്, പുള്ളി വായിക്കാത്ത ലോകസാഹിത്യമോ പ്രസിദ്ധീകരണങ്ങളോ ഇല്ല, പക്ഷേ മനുഷ്യൻ എന്ന നിലയിൽ അത്രത്തോളം ക്രൂരനും ആയിരുന്നു എന്ന്.
70-കൾ മുതൽ അച്ഛൻ വാങ്ങിച്ചുകൂട്ടിയതും വായിച്ചു തള്ളിയതുമായ പുസ്തകങ്ങളുടെയും ഒരുലക്കം പോലും മുടങ്ങാതെ വരുത്തിയ പ്രസിദ്ധീകരണങ്ങളുടെയും പ്രതീക്ഷിക്കാനാവാത്തത്ര വിപുലമായ ശേഖരത്തിന്റെ മുന്നിൽ നിന്നാണ് പ്രദീപ് എന്നോടത് പറഞ്ഞത്. വിശ്വസിക്കാനാവാതെ നിന്നപ്പോൾ അച്ഛൻ കുടുംബത്തോടും അവനോടും അവനോടും ചെയ്ത വിശുദ്ധ കൃത്യങ്ങളുടെ നീണ്ട നിര കേട്ടപ്പോൾ വാ പിളർന്നു പോയി. നേരിട്ടറിയാവുന്ന കുറേ മികച്ച വായനക്കാരും സ്വഭാവത്തിൽ പുലർത്തുന്ന വൈരുധ്യം ഞാനപ്പോൾ ഓർത്തു. വായന മനുഷ്യനോട് ചെയ്യുന്നതെന്ത് എന്ന് ആർക്ക് കൃത്യമായി നിർവചിക്കാനാവും..
▮
പണ്ട് തന്നെ കാണാനെത്തിയ ഒരു സ്ത്രീ,
‘ഞാൻ സാറിന്റെ ഒരു മികച്ച വായനക്കാരിയാണ്’ എന്ന് അഭിമാനത്തോടെ അവകാശപ്പെട്ടപ്പോൾ വി.കെ. എൻ, ‘ഉവ്വോ.. ഞാൻ ഓർക്കുന്നില്ലാ ട്ടോ’ എന്ന് പരിഹാസത്തോടെ ദ്വയാർത്ഥത്തിൽ മറുപടി കൊടുത്തത്രെ; കേട്ടുനിന്ന അനന്തിരവൻ രമേഷ് സാക്ഷ്യപ്പെടുത്തിയതാണ്.