പുസ്തകങ്ങൾക്കൊപ്പം കടന്നുപോകുന്ന വർഷങ്ങൾ വിഭജിക്കപ്പെടാത്ത ഒരു കാലത്തെ ഓർമ്മിപ്പിക്കുന്നു, ഒരു നേർവര കൊണ്ട് അടയാളപ്പെടുത്താൻ പറ്റാതിരിക്കുമ്പോഴും. ഇഷ്ടാനിഷ്ടങ്ങൾക്കോ, തെരഞ്ഞെടുപ്പുകൾക്കോ, എഴുത്തുകാരെക്കുറിച്ചുള്ള വിസ്മയങ്ങൾക്കോ മാറ്റമോ മങ്ങലോ മറവിയോ വന്നാലും വായന, പതുക്കെപ്പതുക്കെ, ഒരു സ്വഭാവം സമ്മാനിക്കുന്നു: വായനക്കാർ പരിണമിക്കുന്നത് അങ്ങനെയാണ്.
പോയ വർഷം വായിച്ച പുസ്തകങ്ങൾ പലതും ഇപ്പോൾ അവയുടെ പേര് ഓർക്കുമ്പോൾ മാത്രം ഓർമ വരുന്നു. പുസ്തകങ്ങൾ എനിക്ക്, വിശേഷിച്ച് ഫിക്ഷനും കവിതയും, നിറംചേർത്ത് പറയുന്ന വരികളോ കഥകളോ ആവാറില്ല, മറിച്ച് ഒരു ഭാഷാനുഭവമാണ്. സംസ്കാരത്തിന്റെ ഒരു വിരിയൽ. തർജ്ജമ പോലും, ആ അർത്ഥത്തിൽ, എനിക്ക് മൂലകൃതിയാണ്, മറ്റൊരു ഭാഷയിൽ പരിചയപ്പെടുമ്പോഴും. വായനക്കാർ അവരുടെ മാതൃഭാഷയുമായി അനവധി ഭാഷകളിലെ സഞ്ചാരികളായത് അങ്ങനെയാണ്. അതുകൊണ്ടാകും, പുതിയ പുസ്തകങ്ങൾ വായിക്കുമ്പോഴും പണ്ട് വായിച്ച ചില പുസ്തകങ്ങളിലേക്ക് ഞാൻ പലപ്പോഴും ചെല്ലുന്നതും. ചിലപ്പോൾ ഒരോർമ്മയുടെ പേരിൽ. മറ്റുചിലപ്പോൾ എന്നെത്തന്നെ കണ്ടുപിടിക്കാൻ.
ഒക്ടാവിയോ പാസ്സിന്റെ കവിതകളുടെ മുഴുവൻ സമാഹാരം പുതിയൊരു കോപ്പി വാങ്ങിച്ചത് ഈ വർഷമാണ്. അത് മേശപ്പുറത്ത് ‘പുതിയത്’ എന്ന് ഇരിക്കുന്നു. ഇപ്പോൾ വീണ്ടും വായിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു പുസ്തകം വാൾട്ടർ ബെന്യാമിന്റെ One-Way Street ആണ്, സാഹിത്യത്തിലും ജീവിതത്തിലും ഇപ്പോഴുമുള്ള വിശ്വാസം അത് വീണ്ടും വീണ്ടും ഉറപ്പിക്കുന്നു. ഫ്രെഡറിക് ജെയിംസന്റെ Invention of a Present വായിച്ചതും ഓർമ വരുന്നു. മാർകേസിന്റെ One Hundred Years of Solitude – നെ കുറിച്ചുള്ള ശ്രദ്ധേയമായ പ്രബന്ധം ഇതിലാണ്. ഫ്രാൻസ് കാഫ്ക്കയുടെ കഥകളുടെ വേറിട്ടൊരു സമാഹാരം വായിച്ചതും ഓർമയുണ്ട്, The Unhappiness of Being A Single Man. കാഫ്ക്കയെ ചുറ്റിപ്പറ്റി വികസിച്ച സങ്കൽപ്പം, ‘കാഫ്കയെസ്ക്’ (‘Kafkaesque’), ആ കൃതികളുടെ സർഗ്ഗാത്മകതയെ പലപ്പോഴും ലളിതമാക്കിയിരുന്നു എന്ന് ശരിക്കും പറയാവുന്ന കഥകളാണ് ഈ പുസ്തകത്തിൽ. മറിച്ച്, ഈ കഥകളിൽ, തന്റെ ഭാവനയുടെ ‘രസികൻ വട്ട്’ കാഫ്ക്ക ആസ്വദിക്കുകയായിരുന്നു എന്ന് തോന്നും.
എന്നാൽ, ഇപ്പോൾ ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത് ഇവരെ ആരെയും കുറിച്ചല്ല. ചിക്ക സാഗവയെ കുറിച്ചാണ്. ഒരു കവിയെപ്പറ്റിയാണ്. 24 വയസ്സുവരെ മാത്രം ജീവിച്ച ആ ജപ്പാനീസ് കവി എന്നെ കവിതയുടെ വേറൊരു കാലത്തിലേക്കും കവിതയുടെ പുതിയ ഉപയോഗത്തിലേക്കും കൊണ്ടുപോയതാണ് പോയ വർഷത്തെ ഓർമകളിൽ തിളങ്ങുന്ന ഒന്ന്.
ചിക്ക സാഗവ, തന്റെ ഹ്രസ്വകാലത്തെ ജീവിതത്തിനിടയ്ക്ക് എഴുതിയ 76 കവിതകൾ, പത്തോളം കുറിപ്പുകൾ, ഇത്രയുമാണ് The Collected Poems of Chika Sagawa (translated by Sawako Nakayasu) എന്ന പുസ്തകത്തിലുള്ളത്. കവിയും നോവലിസ്റ്റും ചിത്രകാരനുമായ ജയകൃഷ്ണൻ ഈ പുസ്തകം സമ്മാനിക്കുമ്പോൾ എന്നോട് പറഞ്ഞത്, ആ കവിതകൾക്ക് ഇപ്പോഴുമുള്ള ‘പുതുമ’യെപ്പറ്റിയാണ്. അവരുടെ ജീവിതകാലത്തെ (1911-36) ജാപ്പനീസ് കാവ്യസംസ്കാരത്തിനു ബദലായി മറ്റൊരു കാവ്യലോകം നിർമ്മിച്ചവരിൽ പ്രധാന പങ്കാളിയായ ഈ യുവതി കവിതയെ സംബന്ധിച്ച ഏത് യാഥാസ്ഥിതികതയെയും ഇന്നും വെല്ലുവിളിക്കുന്നു. ‘പുതുമ’യും അതാണ്. ഇതിനിടയിൽ എപ്പോഴോ വിസ്മൃതിയിലേക്ക് മറഞ്ഞ ഈ എഴുത്തുകാരിയെ ഒരു പതിനാറുകാരിയാണ്, റിരിക എന്ന പെൻപേരിൽ, തന്റെ ബ്ലോഗിലൂടെ വീണ്ടും വായനയിലേക്ക് കൊണ്ടുവരുന്നത്. ആ പെൺകുട്ടി സാഗവയുടെ എല്ലാ കവിതകളും കണ്ടെത്തി, ടൈപ്പ് ചെയ്ത്, തന്റെ ബ്ലോഗിൽ പോസ്റ്റ് ചെയ്തു. സവാകോ നകായാസു, ഈ കവിതകളുടെ ഇംഗ്ലീഷ് പരിഭാഷക, ചിക്ക സാഗവയെ ‘കണ്ടെത്തുന്നതും’ ഈ ബ്ലോഗിലൂടെയാണ്. ഇന്നവരുടെ കവിതകൾ ലോകകവിതയുടെ ആധുനികോത്തര ഭാഷ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി പരിഗണിക്കപ്പെടുന്നു. ചർച്ച ചെയ്യപ്പെടുന്നു.
സർറിയൽ ആണ് ചിക്ക സാഗവയുടെ കവിതകളുടെ പ്രാഥമികമായ അനുഭവം. അവർ കവിതകൾ എഴുതിയിരുന്ന കാലത്തെ യൂറോപ്യൻ കലാപ്രസ്ഥാനങ്ങളുമായി പുലർത്തിയിരുന്ന സമ്പർക്കം, അതിന്റെ സ്വാധീനം, ഇതെല്ലാം ഈ കവിതകളിൽ നാം കണ്ടുമുട്ടുന്നു.
സർറിയൽ ആണ് ചിക്ക സാഗവയുടെ കവിതകളുടെ പ്രാഥമികമായ അനുഭവം. അവർ കവിതകൾ എഴുതിയിരുന്ന കാലത്തെ യൂറോപ്യൻ കലാപ്രസ്ഥാനങ്ങളുമായി പുലർത്തിയിരുന്ന സമ്പർക്കം, അതിന്റെ സ്വാധീനം, ഇതെല്ലാം ഈ കവിതകളിൽ നാം കണ്ടുമുട്ടുന്നു. അപ്പോഴും തന്റെ ഭാവനയുടെ ‘പെണ്മ’യാണ് സാഗവ എപ്പോഴും ആവിഷ്ക്കരിക്കാൻ ആഗ്രഹിച്ചിരുന്നത് എന്നു തോന്നുന്നു. അവിചാരിതങ്ങളായി പ്രത്യക്ഷപ്പെടുന്ന ബിംബകല്പനകൾ, എല്ലാ സർറിയലിസ്റ്റുകളെയും പോലെ, സാഗവയിലും നമ്മൾ കാണുന്നു, ‘എണ്ണമറ്റ വടുക്കളിൽ ആകാശം’ എന്ന് എഴുതിയപോലെ. എന്നാൽ, നകായാസു തന്റെ ആമുഖത്തിൽ പറയുന്നപോലെ, പ്രത്യക്ഷമായ രാഷ്ട്രീയ വിവക്ഷയോ ലക്ഷ്യമോ ഈ കവിതകൾക്ക് ഇല്ലെന്നു വരികിലും, അക്കാലത്ത് പ്രബലമായിരുന്ന ജാപ്പനീസ് നേഷണലിസത്തെ, അതിന്റെ യാഥാസ്ഥിതികത്വത്തെ, സാമ്രാജ്യത്വ വാസനയെ, ചിക്ക സാഗവ നിരകാരിക്കുകതന്നെ ചെയ്തു, വളരെ സൗമ്യമായിത്തന്നെ. ആ കാലത്തെ ജാപ്പനീസ് കാവ്യസംസ്കാരത്തിൽ അത് ഒരു റിബല്യൻ ആയ പ്രവൃത്തി ആയിരുന്നുതാനും. അങ്ങനെയാണ് അവർ ജാപ്പനീസ് അവാന്ത് ഗാർഡിന്റെ ഭാഗമാവുന്നതും.
അല്ലെങ്കിലും, കവിതകൾക്ക് ഇപ്പോഴും വർത്തമാനത്തിന്റെ പ്രസന്നമായ സുഭിക്ഷതയിൽ കഴിയുക പ്രയാസമാണ്. ഓരോ കവിയും തന്റെ ഓരോ കവിതയിലൂടെയും തന്റെ തന്നെ ഒരു ‘ഭൂത’ത്തെ പിറകിലേക്ക് മാറ്റിനിർത്തുന്നു. ചിലപ്പോൾ അതേ ഭൂതത്തിന്റെ പിടിയിലാകുന്നു. ചിലപ്പോൾ എന്നന്നേയ്ക്കുമായി. അതിനാൽ, ഭാഷയെ മുൻനിർത്തി, ഭാഷയ്ക്കുവേണ്ടി, കവിതയ്ക്കുവേണ്ടി, ഓരോ കവിയും തന്റെ പുതിയ കവിതയിലേക്ക് നടക്കുന്നു. എല്ലാ ഭാഷയിലും എല്ലാ കാലത്തും പ്രത്യക്ഷപ്പെടുന്ന കവികൾ, അവരുടേതിനേക്കാൾ അംഗബലമുള്ള അവരുടെ നിഴലുകൾ, കവിതയെ ഒരു സംഘഗാനമാക്കുമ്പോൾ, ‘നല്ല കവി’ തന്റെ കവിതയ്ക്കുവേണ്ടി ഒറ്റക്കൊരു ശ്രമത്തിലാണ്. ചിക്ക സാഗവയുടെ കവിതകൾക്ക് ഇന്നുള്ള വായനയും, ഒരു പക്ഷേ, അങ്ങനെയൊരു കവിക്കോ കവിതയ്ക്കോ വേണ്ടിയുള്ള അന്വേഷണവുമാകാം.
അവരുടെ മൂന്നു കവിതകളുടെ ഇംഗ്ലീഷിൽനിന്നുള്ള മൊഴിമാറ്റമാണ് പങ്കുവെയ്ക്കുന്നത്.
നീല റോഡ്
ആകാശം, കണ്ണീരിനുശേഷമെന്ന പോലെ.
നിലമാകെ ഒരു ടെന്റ് പടർന്നു കിടക്കുന്നു.
പ്രണയിതാക്കൾക്ക് കടന്നുപോകാനായി റോഡ്,
വെള്ളനിറത്തിൽ, തുറക്കുന്നു.
ഒരു ഡൈ ഫാക്ടറി!
പ്രഭാതം റോസാപ്പൂ നിറത്തിൽ തൊലിയിലാകെ കറ പടർത്തുന്നു.
കൊബാൾട്ട് മാന്റോയ്ക്ക് നെറുകിൽ പൂക്കൾകൊണ്ടൊരു ബൊക്കെ.
സന്ധ്യയിൽ വയലറ്റ് കണ്ണുകൾ തിളങ്ങുന്നു,
വിലാപവേഷത്തിൽ കാക്കകൾ ചുറ്റും കൂടുന്നു.
ഓ, തൊട്ടതേ ഉള്ളൂ, രാത്രിയുടെ മതിൽ തകർന്നുവീഴുന്നു.
എന്തായാലും, ഓരോ തവണ ഞാൻ കരയുമ്പോഴും
നിറങ്ങൾ പതുക്കെ മങ്ങുകയാണ്.
1.2.3.4.5
നിരയായ് നിൽക്കുന്ന മരങ്ങളുടെ ചുവട്ടിൽ
ഒരു പെൺകുട്ടി അവളുടെ പച്ച കൈ ഉയർത്തുന്നു.
ചെടി പോലെയുള്ള ചർമ്മത്തിൽ ആശ്ചര്യപ്പെട്ടുകൊണ്ട്
അവൾ മിഴിച്ചു നോക്കുന്നു,
ഒടുവിൽ തന്റെ സിൽക്ക് കയ്യുറകൾ അവൾ നീക്കം ചെയ്യുന്നു.
വാക്കുകൾ
അമ്മ പാടുന്ന പോലെ സംസാരിച്ചു.
ആ പഴയ കഥകൾക്ക്
ഇപ്പോഴും ഞങ്ങളുടെ നെഞ്ചിലെ
മഞ്ഞുരുക്കാൻ കഴിയും.
ശീതകാലത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ
ചെറിയ ശബ്ദത്തോടെ കടൽ വീർത്ത് പൊന്തിയിരിക്കുന്നു.
സുവർണ്ണ സ്വപ്നങ്ങൾ മുഴക്കുന്നു,
എണ്ണിയാലൊടുങ്ങാത്ത മുറുമുറുപ്പുകളും.
കൊഴിഞ്ഞ ഇലകളോട് സാമ്യമുള്ള
വഞ്ചനയും നാശവും ഉടൻ തന്നെ റോഡ് തടയും.
ഇനി നാളെ ഇല്ല
ദൂരെ ആളുകൾ വെറുതെ തളർന്ന് ഇരിക്കുന്നു.
താഴ്ത്തിക്കെട്ടിയിരിക്കുന്നു ദൂരെ,
കെട്ടുപിണഞ്ഞ ഒരു കാറ്റ് മഞ്ഞ് ഉണക്കാൻ തുടങ്ങുന്നു,
ഈ രീതിയിൽ,
ഇവിടെ വഞ്ചിക്കപ്പെട്ട വാക്കുകൾ മാത്രം
അലസതയെ അവസാനമില്ലാതെ വിഴുങ്ങുന്നു.
ആ അവസാനത്തെ,
തിരിച്ചറിയപ്പെടാത്ത
ആ മണിക്കൂറിനായി
കാത്തിരിക്കുന്നു.