‘എഴുത്തുകാർ
എന്തുകൊണ്ട്
പട്ടിണിക്കാരായി തുടരുന്നു?’
നെഹ്‌റുവിന്റെ
പകർപ്പവകാശ
ഇടപെടലുകൾ

ഇന്ത്യയിൽ പകർപ്പവകാശനിയമ ചർച്ചകൾക്ക് നേതൃത്വം നൽകിയത് ജവഹർലാൽ നെഹ്‌റുവായിരുന്നു. പ്രസാധകർ തുച്ഛമായ 50 രൂപയോ 100-രൂപയോ നൽകി കൃതികളുടെ പകർപ്പവകാശം സ്വന്തമാക്കുകയും, പിന്നീട് ആ പുസ്തകങ്ങളിലൂടെ ആയിരക്കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്യുന്നതിനെതിരെ നെഹ്‌റു ശക്തമായി പ്രതികരിച്ചു. നെഹ്‌റു എന്ന എഴുത്തുകാരന്റെ അനുഭവങ്ങൾ ഇന്ത്യയുടെ പകർപ്പവകാശനിയമങ്ങളെയും വിദ്യാഭ്യാസ നയങ്ങളെയും എപ്രകാരം രൂപപ്പെടുത്തി എന്ന അന്വേഷണം- ഡോ. നിസാർ കിഴക്കയിൽ എഴുതുന്നു. അന്താരാഷ്ട്ര പുസ്തക ദിനമായ ഏപ്രിൽ 23 ‘ലോക പുസ്തക- പകർപ്പവകാശദിനം' കൂടിയാണ്.

16-ാം നൂറ്റാണ്ടിലാണ് ഇന്ത്യയിൽ അച്ചടി ആരംഭിക്കുന്നത്. 19-ാം നൂറ്റാണ്ടിൽ ക്രൈസ്തവ മിഷനറിമാരുടെ നേതൃത്വത്തിൽ പുസ്തക പ്രസാധനം വിപുലമായി നടന്നു. മിഷനറിമാർ തുടക്കം കുറിച്ച അച്ചടിവിദ്യ പിന്നീട് ബ്രിട്ടീഷുകാർ ഇന്ത്യയിലുടനീളം വ്യാപിപ്പിച്ചു.

19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കൽക്കത്ത, ബോംബെ, ലക്നൗ, അലഹബാദ് എന്നിവിടങ്ങളിൽ പുസ്തക വ്യവസായം മികച്ച രീതിയിൽ വികസിച്ചു. പഠനാവശ്യങ്ങൾക്കുള്ള പുസ്തകങ്ങളും അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നു. മാക്മില്ലൻ എഡ്യൂക്കേഷൻ 1892-ൽ തന്നെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതായി കാണാം. എന്നാൽ പകർപ്പവകാശം, പ്രസിദ്ധീകരണാവകാശം, റോയൽറ്റി തുടങ്ങിയ കാര്യങ്ങളിൽ 19-ാം നൂറ്റാണ്ടിന്റെ അവസാനം വരെ ഇന്ത്യയിൽ കാര്യമായ ചർച്ചകൾ നടന്നിരുന്നില്ല.

സ്കൂൾ ആവശ്യങ്ങൾക്കായി 1886-ൽ ബാസൽ മിഷൻ തയ്യാറാക്കിയ കാനറീസ്-ഇംഗ്ലീഷ് പോക്കറ്റ് നിഘണ്ടു.
സ്കൂൾ ആവശ്യങ്ങൾക്കായി 1886-ൽ ബാസൽ മിഷൻ തയ്യാറാക്കിയ കാനറീസ്-ഇംഗ്ലീഷ് പോക്കറ്റ് നിഘണ്ടു.

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ 'ഇന്ദുലേഖ'യുടെ രണ്ടാം പതിപ്പിന്റെ പ്രസിദ്ധീകരണാവകാശം കോഴിക്കോട് എഡ്യൂക്കേഷണൽ ആൻഡ് ജനറൽ ബുക്ക് ഡിപ്പോയ്ക്ക് രചയിതാവായ ഒ. ചന്തുമേനോൻ കൈമാറുന്നത് ഈ മേഖലയിലെ മാറ്റത്തിന്റെ സൂചനയായിരുന്നു. 1890-ലെ രണ്ടാം പതിപ്പിന്റെ അവതാരികയിൽ, പുസ്തകം "അച്ചടിപ്പാനുള്ള അവകാശത്തെയും കർത്തൃത്വത്തെയും" കൈമാറിയത് സാമ്പത്തികലാഭം ലക്ഷ്യമിട്ടല്ലെന്നും, മറിച്ച് പുസ്തകം "ശ്രദ്ധയോടെ വെടിപ്പായി" അച്ചടിച്ച് പ്രസിദ്ധീകരിക്കുമെന്ന വിശ്വാസത്തിലാണെന്നും ചന്തുമേനോൻ എഴുതുന്നുണ്ട്.

1903-ൽ മോത്തിലാൽ ബനാറസി ദാസ് പ്രസും, 1911-ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സിന്റെ ഇന്ത്യൻ ശാഖയും, 1927-ൽ ഗീത പ്രസും പ്രവർത്തനം ആരംഭിച്ചു. ഗാന്ധിജിയുടെ നേതൃത്വത്തിൽ 1919-ൽ നവജീവൻ മുദ്രാലയവും 1929-ൽ നവജീവൻ പബ്ലിഷിംഗ് ഹൗസും പ്രസിദ്ധീകരണം തുടങ്ങിയതായും കാണാം. അക്കാലത്തെ മിക്ക സാമൂഹിക നവീകരണ പ്രസ്ഥാനങ്ങൾക്കും സ്വന്തമായി അച്ചടിശാലകളുണ്ടായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ആരംഭകാലം മുതൽക്കുതന്നെ പ്രമുഖ നേതാക്കളിൽ പലരും പ്രശസ്തരായ എഴുത്തുകാരായിരുന്നു. ദാദാബായ് നവറോജിയുടെ 'Poverty and Un-British Rule in India' എന്ന കൃതി ദേശീയ പ്രസ്ഥാനത്തിന്റെ ആശയാടിത്തറ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. ടാഗോറും സരോജിനി നായിഡുവും പ്രേംചന്ദുമടക്കമുള്ള സാഹിത്യകാരർ ഇക്കാലത്ത് ഒട്ടനവധി സാഹിത്യസൃഷ്ടികൾ നടത്തിയിരുന്നു. ഇവർ ഏതെങ്കിലും തരത്തിലുള്ള പ്രസിദ്ധീകരണ കരാറുകളിൽ (Publication Contract) ഏർപ്പെട്ടിരുന്നോ എന്നത് വ്യക്തമല്ല. ആദ്യകാലത്ത് ടാഗോറിന്റെ രചനകൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും കൊൽക്കത്തയിലെ ബ്രഹ്മസമാജ് അച്ചടിശാലയുമാണ് പ്രസിദ്ധീകരിച്ചിരുന്നത്; എന്നാൽ 1923 മുതൽ 'വിശ്വഭാരതി ഗ്രന്ഥൻ വിഭാഗം' ഇവ പ്രസിദ്ധീകരിച്ചു തുടങ്ങി. ഗാന്ധിജിയുടെ പുസ്തകങ്ങളുടെ പ്രസിദ്ധീകരണാവകാശം 'നവജീവൻ പബ്ലിഷിംഗ് ഹൗസിൽ' നിക്ഷിപ്തമായിരുന്നു.

ദേശീയ നേതാക്കളിൽ പലരും 1930-കൾ മുതൽ സർക്കാർ സംവിധാനങ്ങളുടെ ഭാഗമായതോടെ, അവരുടെ ശമ്പളവും നികുതിയുമടക്കമുള്ള കാര്യങ്ങൾ അക്കാലത്തെ സാമ്പത്തിക നിയമങ്ങളുടെ അടിസ്ഥാനത്തിൽ നിജപ്പെടുത്തപ്പെട്ടു.

ആദായനികുതിനിയമവും റോയൽറ്റിയും

19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ തന്നെ ഇന്ത്യയിൽ ആദായനികുതി നിയമം നിലവിൽ വന്നിരുന്നെങ്കിലും, 1922-ലെ നിയമമാണ് രാജ്യത്ത് കേന്ദ്രീകൃത നികുതിഭരണസംവിധാനം നടപ്പിലാക്കിയത്. ഇക്കാലത്ത് സർക്കാർ- സ്വകാര്യ മേഖലകളിലെ ബാങ്കിങ് വളർച്ച, സാമ്പത്തിക ക്രയവിക്രയങ്ങൾ ബാങ്കുകൾ വഴി നടത്താൻ വ്യക്തികൾക്കും സംഘടനകൾക്കും സൗകര്യമൊരുക്കി. ദേശീയ നേതാക്കളിൽ പലരും 1930-കൾ മുതൽ സർക്കാർ സംവിധാനങ്ങളുടെ ഭാഗമായതോടെ, അവരുടെ ശമ്പളവും നികുതിയുമടക്കമുള്ള കാര്യങ്ങൾ അക്കാലത്തെ സാമ്പത്തിക നിയമങ്ങളുടെ അടിസ്ഥാനത്തിൽ നിജപ്പെടുത്തപ്പെട്ടു.

1896-ൽ മാക്മില്ലൻ ആൻഡ് കമ്പനി പ്രസിദ്ധീകരിച്ച ഗോപാലകൃഷ്ണ ഗോഖലെയുടെ 'Arithmetic for High Schools' എന്ന പുസ്തകം. വിവിധ വർഷങ്ങളിലെ അതിന്റെ പതിപ്പുകൾ, അച്ചടിച്ച പ്രതികളുടെ എണ്ണം, വില എന്നിവ അടങ്ങുന്ന പട്ടികയും കാണാം.
1896-ൽ മാക്മില്ലൻ ആൻഡ് കമ്പനി പ്രസിദ്ധീകരിച്ച ഗോപാലകൃഷ്ണ ഗോഖലെയുടെ 'Arithmetic for High Schools' എന്ന പുസ്തകം. വിവിധ വർഷങ്ങളിലെ അതിന്റെ പതിപ്പുകൾ, അച്ചടിച്ച പ്രതികളുടെ എണ്ണം, വില എന്നിവ അടങ്ങുന്ന പട്ടികയും കാണാം.

1911ലെയും 1914-ലെയും പകർപ്പവകാശ നിയമങ്ങൾ പുസ്തകപ്രസാധനമേഖലയെ നിയമപരമായ ചട്ടക്കൂട്ടിലേക്ക് കൊണ്ടുവന്നു. 1922-ലെ ആദായനികുതി നിയമപ്രകാരം നികുതി നിശ്ചയിക്കുമ്പോൾ, ശമ്പളത്തോടൊപ്പം എഴുത്തിൽ നിന്നുള്ള റോയൽറ്റിയും പരിഗണിക്കാൻ തുടങ്ങിയത് നെഹ്‌റു, മൗലാന ആസാദ്, രാജഗോപാലാചാരി തുടങ്ങിയ പ്രമുഖ നേതാക്കളുടെ വ്യക്തിഗത വരുമാനത്തെ കാര്യമായി ബാധിച്ചു. അതോടൊപ്പം, എഴുത്തിന്റെയും മറ്റ് സർഗ്ഗാത്മക സൃഷ്ടികളുടെയും ഉടമസ്ഥാവകാശവും അതിൽ നിന്നുള്ള വരുമാനവും നിയമപരമായ വ്യവഹാരങ്ങൾക്ക് വിധേയമായതായും കാണാം.

ദാദാഭായ് നവറോജിയുടെ പല പുസ്തകങ്ങളും ഇന്ത്യക്ക് പുറത്തുള്ള പ്രസാധകരാണ് പ്രസിദ്ധീകരിച്ചിരുന്നത്. 1905-ൽ സരോജിനി നായിഡുവിന്റെ 'The Golden Threshold' പ്രസിദ്ധീകരിച്ചത് ലണ്ടൻ കേന്ദ്രമായുള്ള 'William Heinemann' എന്ന പബ്ലിഷിംഗ് ഹൗസായിരുന്നു.

തങ്ങളുടെ കൃതികളുടെ പകർപ്പവകാശവുമായോ റോയൽറ്റിയുമായോ ബന്ധപ്പെട്ട കാര്യങ്ങൾ ആദ്യകാല ദേശീയ നേതാക്കളും സാഹിത്യകാരരും അഭിസംബോധന ചെയ്തതായി കാണുന്നില്ല.

ടാഗോറിന് 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതോടെ, 'ഗീതാഞ്ജലി' അടക്കമുള്ള അദ്ദേഹത്തിന്റെ കൃതികൾ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും ആഗോളതലത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. 1926-ൽ ഗാന്ധിജിയുടെ ആത്മകഥ മഹാദേവ ദേശായി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ('An Autobiography: Or the Story of My Experiments with Truth') പ്രസിദ്ധീകരിച്ചു. ഇതിന്റെ ആറായിരത്തോളം കോപ്പികൾ 1926-ൽ തന്നെ നവജീവൻ പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയിരുന്നു.

നെഹ്റുവും പകർപ്പാവകാശനിയമവും

തങ്ങളുടെ കൃതികളുടെ പകർപ്പവകാശവുമായോ റോയൽറ്റിയുമായോ ബന്ധപ്പെട്ട കാര്യങ്ങൾ ആദ്യകാല ദേശീയ നേതാക്കളും സാഹിത്യകാരരും അഭിസംബോധന ചെയ്തതായി കാണുന്നില്ല. എന്നാൽ ഇന്ത്യയിൽ പകർപ്പവകാശ ചർച്ചകൾക്ക് 1930-കൾ മുതൽ നേതൃത്വം നൽകിയത് ജവഹർലാൽ നെഹ്‌റുവാണെന്ന് കാണാം.

1889-ൽ പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ 'ഇന്ദുലേഖ'യുടെ കവർ പേജിൽ "All rights reserved" എന്ന് രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം. ഒരു ന്യായാധിപൻ കൂടിയായിരുന്ന ഒ. ചന്തുമേനോന് തന്റെ കൃതിയുടെ പകർപ്പവകാശത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു.
1889-ൽ പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ 'ഇന്ദുലേഖ'യുടെ കവർ പേജിൽ "All rights reserved" എന്ന് രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം. ഒരു ന്യായാധിപൻ കൂടിയായിരുന്ന ഒ. ചന്തുമേനോന് തന്റെ കൃതിയുടെ പകർപ്പവകാശത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു.

1929-ൽ 'Letters from a Father to His Daughter' പ്രസിദ്ധീകരിച്ചതിനുശേഷം, 1930-കളിൽ പകർപ്പവകാശനിയമവുമായി ബന്ധപ്പെട്ട പലവിധ പ്രശ്നങ്ങൾ നെഹ്‌റു അഭിമുഖീകരിക്കുന്നതായി കാണാം. ഈ കൃതി പ്രസിദ്ധീകരിക്കുമ്പോൾ 'അലഹബാദ് ലോ ജേർണൽ പ്രസ്സു'മായി ഏതുതരം കരാറാണ് ഒപ്പിട്ടിരുന്നത് എന്നത് വ്യക്തമല്ല; അത്തരമൊരു കരാർ ഉണ്ടായിരുന്നോ എന്ന് പിൽക്കാലത്ത് ഓർത്തെടുക്കാൻ നെഹ്‌റുവിനും കഴിഞ്ഞിരുന്നില്ല. എന്നാൽ, ഈ പുസ്തകത്തിന്റെ ഹിന്ദി, ഉറുദു പരിഭാഷകളുടെ പകർപ്പവകാശം തനിക്കാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

പകർപ്പവകാശവും (Copyright) പ്രസിദ്ധീകരണാവകാശവും (Publishing Rights) രണ്ടാണെന്ന നിയമപരമായ കാഴ്ചപ്പാട് നെഹ്‌റു ഉയർത്തിപ്പിടിച്ചു. പ്രസിദ്ധീകരണ കരാറുകൾക്ക് ഇന്ത്യയിൽ അത്ര പ്രചാരമില്ലാതിരുന്ന കാലത്താണ് 'Letters' പ്രസിദ്ധീകരിച്ചത്. എന്നാൽ ഈ കൃതി വലിയതോതിൽ വിറ്റഴിക്കപ്പെടുകയും വിദേശ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താൻ തുടങ്ങുകയും ചെയ്തതോടെ, പകർപ്പവകാശം, പ്രസിദ്ധീകരണാവകാശം, റോയൽറ്റി എന്നിവയുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾക്ക് അദ്ദേഹം മുതിർന്നു. പകർപ്പവകാശ നിയമവും ആദായനികുതി നിയമവും ഇന്ത്യൻ എഴുത്തുകാരെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നത് 1930-കളിലെ നെഹ്‌റുവിന്റെ ചർച്ചകളിൽ വ്യക്തമാണ്.

1930-കളുടെ പകുതിയോടെ സജീവമായ ഇത്തരം സംവാദങ്ങളുടെ ഫലമായാണ് 1914-ലെ കൊളോണിയൽ പകർപ്പവകാശ നിയമത്തിന് പകരമായി 1957-ൽ സ്വതന്ത്ര ഇന്ത്യയുടെ പുതിയ നിയമം നിലവിൽ വന്നത്. ഇതിന്റെ തുടർച്ചയായാണ് എഴുത്തുകാർക്കും പുസ്തകങ്ങൾക്കുമായി 1950-കളിൽ നിരവധി സാംസ്കാരിക സ്ഥാപനങ്ങൾ വളർന്നുവന്നതും. ഇതോടപ്പം പുസ്തകങ്ങൾ എങ്ങനെ സമൂഹപുരോഗതിക്കായി ഉപയോഗിക്കാം എന്ന ചർച്ചയ്ക്കും നെഹ്‌റു നേതൃത്വം നൽകി.

ദാദാഭായ് നവറോജിയുടെ 1901 ൽ പ്രസിദ്ധീകരിച്ച Poverty and Un-British Rule in India എന്ന കൃതി. ബ്രിട്ടൻ ഇന്ത്യയിൽ നിന്ന് സമ്പത്ത് ചോർത്തുകയാണെന്നും ഇത് രാജ്യത്തെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നുവെന്നും വാദിക്കുന്നു. ഒരു ബ്രിട്ടീഷ് പ്രസാധക കമ്പനിയായിരുന്നു ഇത് പ്രസിദ്ധീകരിച്ചിരുന്നത്.
ദാദാഭായ് നവറോജിയുടെ 1901 ൽ പ്രസിദ്ധീകരിച്ച Poverty and Un-British Rule in India എന്ന കൃതി. ബ്രിട്ടൻ ഇന്ത്യയിൽ നിന്ന് സമ്പത്ത് ചോർത്തുകയാണെന്നും ഇത് രാജ്യത്തെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നുവെന്നും വാദിക്കുന്നു. ഒരു ബ്രിട്ടീഷ് പ്രസാധക കമ്പനിയായിരുന്നു ഇത് പ്രസിദ്ധീകരിച്ചിരുന്നത്.

1930-ലാണ് പുസ്‌തക പ്രസാധകരായ കിതാബിസ്താൻ അലഹബാദിൽ പ്രവർത്തനം ആരംഭിക്കുന്നത്. അവരായിരുന്നു 1930-കളുടെ തുടക്കം മുതൽ Letters പ്രസിദ്ധീകരിച്ചിരുന്നത്. മികച്ച വിൽപനയുണ്ടായിരുന്ന Letters-ന്റെ പ്രസിദ്ധീകരണാവകാശം തുടക്കത്തിൽ തന്നെ ലഭിച്ചത് കിതാബിസ്താനെ സാമ്പത്തികമായി ഏറെ സഹായിച്ചു. ഈ കൃതിയുടെ രചയിതാവ് എന്ന നിലയിൽ ഇന്ത്യക്കകത്തും പുറത്തും നെഹ്‌റുവിന് വലിയ ജനപ്രീതി ലഭിച്ചു.

1933 നവംബർ 20-ന് ഇംഗ്ലീഷ് എഴുത്തുകാരനും സമാധാനവാദിയുമായ ഹോറസ് അലക്സാണ്ടറിന് നെഹ്‌റു ഇപ്രകാരം എഴുതുന്നുണ്ട്:
"(Letters) published here some years ago and they had a good reception... Later on I continued them in prison but my discharge in January 1931 interrupted this... When I went back to prison I continued my self-imposed task because I found it interesting and my daughter asked me to do so... I finished the series and brought it up to date and when I came out I brought this mountain of letters with me."
ഈ കത്തുകളുടെ ശേഖരം പിന്നീട് Glimpses of World History എന്ന പേരിൽ രണ്ട് വാല്യങ്ങളായി 1934-35 വർഷങ്ങളിൽ കിതാബിസ്താൻ പ്രസിദ്ധീകരിച്ചു. 'Whither India' (1933, Kitabistan), 'India and the World' (1936, George Allen & Unwin) തുടങ്ങിയ നെഹ്‌റുവിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങളും പ്രസംഗങ്ങളും ഉൾപ്പെടുത്തിയ പുസ്തകങ്ങളും ഇക്കാലത്ത് പുറത്തിറങ്ങി. നെഹ്‌റുവിന് 45 വയസ്സാകുമ്പോഴേക്കും എഴുത്തുകാരനെന്ന നിലയിൽ ലോകമെമ്പാടും വായനക്കാരുണ്ടായിരുന്നു. അച്ചടി, പുസ്തകപ്രസാധനം, സ്കൂൾ പ്രവേശനം, സാക്ഷരത എന്നിവയിൽ വലിയ വർധനവുണ്ടായ കാലമായിരുന്നു അത്.

‘ഇന്ത്യയ്ക്കുവേണം നല്ല പുസ്തകങ്ങൾ’:
ഒരു നെഹ്റുവിയൻ പദ്ധതി

സമ്പന്ന കുടുംബത്തിൽ ജനിച്ചുവളർന്ന ദേശീയ നേതാവായാണ് നെഹ്‌റുവിനെ പലപ്പോഴും അവതരിപ്പിക്കാറ്. ഈ സമ്പന്നത അദ്ദേഹത്തിന്റെ പിതാവ് മോത്തിലാൽ നെഹ്‌റു ആർജിച്ച സ്വത്തുമായി ബന്ധപ്പെട്ടതായിരുന്നു. 1920-കളുടെ ആരംഭം മുതൽ കമലാനെഹ്‌റുവിന്റെ ആരോഗ്യപ്രശ്നങ്ങളും ജീവിതച്ചെലവിലുണ്ടായ വർധനവും അദ്ദേഹത്തെ സാമ്പത്തികമായി പ്രയാസത്തിലാക്കി. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർവകലാശാലാ അധ്യാപകജോലി സ്വീകരിക്കാനോ പത്രപ്രവർത്തകനാകാനോ ഗാന്ധിജി നെഹ്‌റുവിനോട് നിർദേശിച്ചതായി റസ്കിൻ ബോണ്ട് എഴുതുന്നുണ്ട്. 1926-27 വർഷങ്ങളിൽ കമലയുടെ ചികിത്സയ്ക്കായി നെഹ്‌റുവും കുടുംബവും യൂറോപ്പിൽ താമസിച്ചപ്പോൾ അതിന്റെ ചെലവ് വഹിച്ചത് മോത്തിലാലായിരുന്നു.

മഹാത്മാഗാന്ധിയുടെ ആത്മകഥ The Story of My Experiments with Truth 1926 ൽ നവജീവൻ പബ്ലിഷിംഗ് ഹൗസാണ് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്.
മഹാത്മാഗാന്ധിയുടെ ആത്മകഥ The Story of My Experiments with Truth 1926 ൽ നവജീവൻ പബ്ലിഷിംഗ് ഹൗസാണ് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്.

മോത്തിലാലിന്റെ മരണവും കമലയുടെ രോഗവും ചികിത്സയും തുടർച്ചയായ ജയിൽവാസവും നെഹ്‌റുവിനെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കിയിരുന്നു. 1935-ന്റെ പകുതിയോടെ കമലയുടെ ആരോഗ്യം ക്ഷയിക്കുകയും വിദേശത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകാൻ തീരുമാനിക്കുകയും ചെയ്തു. ജയിലിലായിരുന്നിട്ടും തന്റെ മോചനത്തിനായി നെഹ്‌റു പ്രത്യേക പരിഗണനകളൊന്നും ആവശ്യപ്പെട്ടില്ല. അക്കാലത്ത് വലിയ സാമ്പത്തിക പ്രയാസങ്ങൾ അദ്ദേഹം നേരിടുന്നുണ്ടായിരുന്നു.

പ്രഭാത് പട്നായിക് 'ദ ടെലിഗ്രാഫിൽ' (Probity Personified, 15.06.2023) ഇപ്രകാരം എഴുതുന്നു:
"ആ സമയത്ത് ജയിലിലായിരുന്ന ജവഹർലാൽ നെഹ്‌റുവിന് അത്തരമൊരു സന്ദർശനത്തിന് ആവശ്യമായ ചെലവുകൾ വഹിക്കാൻ മതിയായ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലായിരുന്നു. മറ്റ് നിരവധി കോൺഗ്രസ് നേതാക്കളെ പതിവായി സഹായിച്ചിരുന്ന ബിർള കുടുംബത്തിൽ നിന്ന് ഉദാരമായ സഹായവാഗ്ദാനം ലഭിച്ചെങ്കിലും ജവഹർലാൽ അത് നിരസിച്ചു. എങ്ങനെയോ അദ്ദേഹം സ്വന്തം നിലയ്ക്ക് ആവശ്യമായ വിഭവങ്ങൾ കണ്ടെത്തുകയും കമല വിദേശത്തേക്ക് ചികിത്സയ്ക്കായി പോകുകയും ചെയ്തു." വിദേശത്ത് മികച്ച ചികിത്സ ലഭ്യമാക്കിയെങ്കിലും അടുത്ത വർഷം, 1936 ഫെബ്രുവരിയിൽ, കമല അന്തരിച്ചു.

1931-ൽ പിതാവിന്റെയും, 1936-ൽ കമലയുടെയും, 1938-ൽ മാതാവിന്റെയും വേർപാടിനെത്തുടർന്ന് ആനന്ദ് ഭവനിൽ നെഹ്‌റു ഒറ്റക്കായിരുന്നു. വ്യക്തിജീവിതത്തിൽ പ്രതിസന്ധികൾ നേരിട്ട ഈ കാലഘട്ടത്തിലാണ് അദ്ദേഹം കൂടുതൽ എഴുതുന്നതിനും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും സമയം കണ്ടെത്തിയത്.

1933-36 കാലഘട്ടത്തിൽ ജവഹർലാൽ നെഹ്റു കൂടുതൽ വിപ്ലവകരമായ (Radical) നിലപാടുകളിലേക്ക് നീങ്ങിയതായി ബിപൻ ചന്ദ്ര നിരീക്ഷിക്കുന്നുണ്ട്. 1936 മാർച്ചിൽ നടന്ന ലക്നൗ കോൺഗ്രസ് സമ്മേളനത്തിൽ നെഹ്‌റു അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം സോഷ്യലിസമാണെന്ന് ലക്നൗ സമ്മേളനത്തിലെ അധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം കൃത്യമായി പറയുന്നുണ്ട്. ഇതേ വർഷം ഏപ്രിലിൽ ലക്നൗവിൽ വച്ച് 'ഓൾ ഇന്ത്യ പ്രോഗ്രസ്സിവ് റൈറ്റേഴ്‌സ് അസോസിയേഷൻ' (AIPWA) രൂപംകൊണ്ടു. സോഷ്യലിസ്റ്റുകളുടെ സ്വാധീനഫലമായി ലക്നൗ സമ്മേളനത്തിന് പിന്നാലെ 'നാഷണൽ പബ്ലിക്കേഷൻസ് സൊസൈറ്റി' സ്ഥാപിതമായി. നെഹ്‌റു, പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന ആചാര്യ നരേന്ദ്ര ദേവ്, അഭിഭാഷകനും സാമ്പത്തിക വിദഗ്ധനുമായിരുന്ന കെ.ടി. ഷാ തുടങ്ങിയവരായിരുന്നു ഈ സൊസൈറ്റിയുടെ എഡിറ്റർമാർ. 1934-ലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണം നെഹ്‌റുവിനെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങൾ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ വലിയ തോതിൽ വേരോടിയ കാലമായിരുന്നു അത്. 1931-ൽ സോവിയറ്റ് റഷ്യയിൽ 'പ്രോഗ്രസ് പബ്ലിഷേഴ്സും' 1941-ൽ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 'പീപ്പിൾസ് പബ്ലിഷിംഗ് ഹൗസും' (PPH) സ്ഥാപിതമായി. പുസ്തക പ്രസാധനത്തെ കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ ഗൗരവത്തോടെയാണ് കണ്ടിരുന്നത്.

1905-ൽ പ്രസിദ്ധീകരിച്ച സരോജിനി നായിഡുവിന്റെ 'The Golden Threshold' കവിതകളുടെ ഒരു സമാഹാരമാണ്. ബ്രിട്ടിഷ് പ്രസാധക കമ്പനിയായിരുന്നു ഇത് പ്രസിദ്ധീകരിച്ചിരുന്നു.
1905-ൽ പ്രസിദ്ധീകരിച്ച സരോജിനി നായിഡുവിന്റെ 'The Golden Threshold' കവിതകളുടെ ഒരു സമാഹാരമാണ്. ബ്രിട്ടിഷ് പ്രസാധക കമ്പനിയായിരുന്നു ഇത് പ്രസിദ്ധീകരിച്ചിരുന്നു.

ലക്നൗ കോൺഗ്രസ് സമ്മേളനത്തെ തുടർന്ന് 1936 ജൂലൈ 11-ന് നെഹ്‌റു തയ്യാറാക്കിയ 'ഇന്ത്യയെക്കുറിച്ചുള്ള നല്ല പുസ്തകങ്ങളുടെ ആവശ്യകത' എന്ന കുറിപ്പിൽ, രാജ്യത്തെ സംബന്ധിക്കുന്ന അനുയോജ്യമായ സാഹിത്യത്തിന്റെ കുറവിനെക്കുറിച്ച് അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ കുറവ് നികത്തുന്നതിന് വിവിധ മേഖലകളിലെ വിദഗ്ധരുടെയും പ്രത്യേക യോഗ്യതയുള്ള വ്യക്തികളുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് നെഹ്‌റു വ്യക്തമാക്കി. നാഷണൽ പബ്ലിക്കേഷൻസ് സൊസൈറ്റിയെ ഈ പ്രശ്നം പരിഹരിക്കാനുള്ള സംവിധാനമായാണ് നെഹ്‌റു കണ്ടത്. രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, ഭരണ വശങ്ങളെയും രാജ്യത്തിന്റെ പൊതുജീവിതത്തെ ബാധിക്കുന്ന ഔദ്യോഗികവും അനൗദ്യോഗികവുമായ സ്ഥാപനങ്ങളെയും വസ്തുനിഷ്ഠമായും ശാസ്ത്രീയമായും പഠിക്കുക എന്നതാണ് ഈ സൊസൈറ്റിയുടെ പിന്നിലെ ഉദ്ദേശ്യമെന്ന് നെഹ്‌റു തന്റെ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഈ സൊസൈറ്റിക്ക് പിന്നീട് കാര്യമായ മുന്നേറ്റം നടത്താൻ കഴിഞ്ഞിരുന്നില്ല. എങ്കിലും, സമൂഹത്തെ ശാസ്ത്രീയമായും വിമർശനാത്മകമായും പഠിക്കുക എന്ന ശ്രദ്ധേയമായ സമീപനം നെഹ്‌റു ഇതിലൂടെ മുന്നോട്ടുവെച്ചു.

‘ആത്മകഥ’ എന്ന ബെസ്റ്റ് സെല്ലർ

1936 ഏപ്രിലിലാണ് നെഹ്‌റുവിന്റെ 'ആത്മകഥ' ലണ്ടനിലെ 'ജോൺ ലെയ്ൻ ദ ബോഡ്‌ലി ഹെഡ്' (John Lane the Bodley Head) പ്രസിദ്ധീകരിച്ചത്. ഇതിനുമുൻപ് പുറത്തിറങ്ങിയ 'Letters', 'Glimpses' തുടങ്ങിയവ പ്രധാനമായും പഠനാവശ്യങ്ങൾക്കുള്ള പുസ്തകങ്ങളായിരുന്നു. എന്നാൽ, ആത്മകഥ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ നിർണ്ണായക സംഭവങ്ങളെയും പ്രസ്ഥാനത്തിന്റെ വളർച്ചയെയും അതിലെ വൈരുധ്യങ്ങളെയും ആഴത്തിൽ വിശകലനം ചെയ്യുന്നതായിരുന്നു. പുറത്തിറങ്ങി മാസങ്ങൾക്കകം ടാഗോറിന്റെയടക്കം വലിയ പ്രശംസ പിടിച്ചുപറ്റാൻ ഈ ഗ്രന്ഥത്തിന് കഴിഞ്ഞു. വമ്പിച്ച വിൽപനയുള്ള ഒരു കൃതിയായി ആത്മകഥ അതിവേഗം മാറി. പ്രസിദ്ധീകരിച്ച ആദ്യവർഷം തന്നെ പത്തു പതിപ്പുകൾ പുറത്തിറങ്ങി. 1936 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ രണ്ടുതവണ വീതം പുസ്തകം പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. 1937-ന്റെ തുടക്കത്തിൽ തന്നെ പ്രസാധകർ പുസ്തകത്തിന്റെ വില കുറഞ്ഞ പതിപ്പുകളും (Low-priced editions) പുറത്തിറക്കി. ഇതോടെ നെഹ്‌റുവിന്റെ വരുമാനത്തിൽ റോയൽറ്റി ഒരു പ്രധാന വിഹിതമായി മാറി.

പുസ്തകങ്ങളുടെ അച്ചടിനിലവാരത്തിലും ഉള്ളടക്കത്തിലും ഒരുപോലെ നിഷ്കർഷ പുലർത്തിയിരുന്ന നെഹ്‌റു, പുനഃപ്രസിദ്ധീകരണങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനും അച്ചടിപ്പിശകുകൾ പരിഹരിക്കുന്നതിനും നേരിട്ട് ഇടപെട്ടിരുന്നു.

1930-കളുടെ തുടക്കത്തിൽ സോഷ്യലിസ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായി സമ്പൂർണാനന്ദ് തയ്യാറാക്കിയ 'When We are in Power' എന്ന ലഘുലേഖയിൽ, എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും ഭക്ഷണവും നൽകേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം കുട്ടികൾക്ക് കുറഞ്ഞ ചെലവിൽ പാഠ പുസ്തകങ്ങൾ ലഭ്യമാക്കുന്നതിനായി ജവഹർലാൽ നെഹ്‌റുവും പരിശ്രമിച്ചു. 1930-കളുടെ അവസാനത്തോടെ 'Letters'-ന്റെ പകർപ്പവകാശം ഉദാരമാക്കാൻ നെഹ്‌റു തീരുമാനിച്ചതായി കാണാം. 1938 മാർച്ച് 26-ന് യുണൈറ്റഡ് പ്രൊവിൻസ് വിദ്യാഭ്യാസമന്ത്രിയായിരുന്ന സമ്പൂർണാനന്ദിന് എഴുതിയ കത്തിൽ നെഹ്‌റു തന്റെ കാഴ്ചപ്പാട് ഇപ്രകാരം വിശദീകരിക്കുന്നു:
"എന്റെ പ്രസാധകരായ കിതാബിസ്താൻ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സുമായും ബംഗാളിലെയും അസമിലെയും അധികാരികളുമായും പ്രസിദ്ധീകരണ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇപ്പോൾ എനിക്ക് അവയിൽ ഇടപെടാൻ കഴിയില്ല. ഇതെല്ലാം ഇംഗ്ലീഷ് പതിപ്പുമായി മാത്രം ബന്ധപ്പെട്ടതാണ്. എന്നാൽ ഹിന്ദി, ഉറുദു പതിപ്പുകൾ നിങ്ങൾക്ക് പ്രയോജനകരമാണെന്ന് തോന്നുന്നുവെങ്കിൽ അവ ഉപയോഗിക്കാമെന്ന് ഞാൻ നിർദ്ദേശിക്കുന്നു. പ്രവിശ്യാ ഗവൺമെന്റ് അതിന്റെ സ്‌കൂളുകൾക്കായി ഇത് പുറത്തിറക്കാൻ തയ്യാറാണെങ്കിൽ പുസ്തകത്തിലുള്ള എന്റെ അവകാശങ്ങൾ അവർക്ക് നൽകുന്നതിൽ എനിക്ക് വലിയ സന്തോഷമേയുള്ളൂ."
പഠനാവശ്യങ്ങൾക്കായുള്ള പ്രസിദ്ധീകരണത്തിന് റോയൽറ്റി വാങ്ങാതെ പുസ്തകം അച്ചടിക്കാൻ നെഹ്‌റു അനുമതി നൽകി.

1913-ൽ മാക്മില്ലൻ പ്രസിദ്ധീകരിച്ച ടാഗോറിന്റെ 'ഗീതാഞ്ജലി.
1913-ൽ മാക്മില്ലൻ പ്രസിദ്ധീകരിച്ച ടാഗോറിന്റെ 'ഗീതാഞ്ജലി.

1931-ൽ പിതാവിന്റെയും, 1936-ൽ കമലയുടെയും, 1938-ൽ മാതാവിന്റെയും വേർപാടിനെത്തുടർന്ന് ആനന്ദ് ഭവനിൽ നെഹ്‌റു ഒറ്റക്കായിരുന്നു. വ്യക്തിജീവിതത്തിൽ വലിയ പ്രതിസന്ധികൾ നേരിട്ട ഈ കാലഘട്ടത്തിലാണ് അദ്ദേഹം കൂടുതൽ എഴുതുന്നതിനും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും സമയം കണ്ടെത്തിയത്. പലപ്പോഴും രാത്രി വൈകിയും തന്റെ പുസ്തകങ്ങളുടെ പുതിയ പതിപ്പുകളുടെ പ്രൂഫ് പരിശോധിക്കുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. പുസ്തകങ്ങളുടെ അച്ചടിനിലവാരത്തിലും ഉള്ളടക്കത്തിലും ഒരുപോലെ നിഷ്കർഷ പുലർത്തിയിരുന്ന നെഹ്‌റു, പുനഃപ്രസിദ്ധീകരണങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനും അച്ചടിപ്പിശകുകൾ പരിഹരിക്കുന്നതിനും നേരിട്ട് ഇടപെട്ടിരുന്നു.

വി.കെ. കൃഷ്ണമേനോനായിരുന്നു നെഹ്‌റുവിന്റെ വിദേശ പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിച്ചിരുന്നത്. 'ആത്മകഥ'യുടെ പ്രസിദ്ധീകരണത്തിനു പിന്നാലെ, നേരത്തെ രണ്ട് വാല്യങ്ങളായി പുറത്തിറങ്ങിയ 'Glimpses of World History' ഇന്ത്യക്ക് പുറത്ത് പ്രസിദ്ധീകരിക്കാൻ ആലോചിച്ചപ്പോൾ, തുടക്കത്തിൽ 'കിതാബിസ്താൻ' അതിന് സമ്മതിച്ചിരുന്നില്ല. ഈ തർക്കം പകർപ്പവകാശ നിയമത്തിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ നെഹ്‌റുവിനെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. ഒടുവിൽ പ്രസാധകരുടെ അനുമതി ലഭിച്ചതോടെ, 1939 ജൂണിൽ ലണ്ടൻ ആസ്ഥാനമായ 'Lindsay Drummond Ltd' ഈ കൃതി ഒറ്റ പുസ്തകമായി പുറത്തിറക്കി. പത്മജ നായിഡു പുസ്തകത്തിന്റെ പ്രൂഫ് വളരെ വിശദമായി പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾ നിർദേശിക്കുകയും ചെയ്തിരുന്നു. ഈ പ്രസിദ്ധീകരണത്തിന് റോയൽറ്റി മുൻകൂറായി ആവശ്യപ്പെട്ടിരുന്നെങ്കിലും, 'Lindsay Drummond' അത് മുഴുവനായും നൽകിയിരുന്നില്ലെന്ന് നെഹ്‌റു പറയുന്നുണ്ട്.

വിൽക്കുന്ന ഓരോ കോപ്പിയുടെയും നിശ്ചയിച്ച വിലയുടെ 15 ശതമാനമെങ്കിലും റോയൽറ്റിയായി പ്രസാധകരിൽനിന്ന് വാങ്ങണമെന്ന കർശന നിലപാട് നെഹ്റു സ്വീകരിച്ചിരുന്നു.

റോയൽറ്റി
ഇന്ദിരയുടെ
വിദേശ വിദ്യാഭ്യാസത്തിന്

1930-കളുടെ അവസാനത്തോടെ, വമ്പിച്ച വിൽപനയുള്ള മൂന്ന് ഗ്രന്ഥങ്ങളുടെ രചയിതാവ് എന്ന നിലയിൽ ലോകത്തിലെ മുൻനിര എഴുത്തുകാർക്കിടയിൽ നെഹ്‌റു സ്ഥാനം പിടിച്ചു. 1930-കൾ മുതൽ തന്റെ വ്യക്തിപരമായ ചെലവുകൾക്കായി അദ്ദേഹം റോയൽറ്റി വരുമാനം ഉപയോഗപ്പെടുത്തിത്തുടങ്ങി. 1939 നവംബർ 16-ന് വി.കെ. കൃഷ്ണമേനോന് എഴുതിയ കത്തിൽ, ഇന്ദിരയുടെ വിദേശ വിദ്യാഭ്യാസത്തിനായി തന്റെ റോയൽറ്റി ഉപയോഗിക്കാമെന്ന അഭിപ്രായം നെഹ്‌റു പങ്കുവെക്കുന്നുണ്ട്:
"I suppose that she will succeed in getting a visa for Switzerland... In order to make satisfactory arrangements about her future expenses I wanted to know how my bank accounts with Lloyds stood as well as what the possible income from royalties might be. I am writing to the bank to find out the present position."
കിതാബിസ്താനിൽ നിന്നുള്ള റോയൽറ്റിയെക്കുറിച്ച് ഇതേ ദിവസം തന്നെ നെഹ്‌റു ഇന്ദിരയ്ക്ക് ഇപ്രകാരം എഴുതി:
"The little book I wrote—Letters from a Father to His Daughter—has become quite a gold mine, though I am not going to profit by it... I was hardly aware of this fact when I discovered that Kitabistan had made about Rs. 20,000 out of it. Something to the tune of Rs. 2,500 or so trickled to me also."
റോയൽറ്റി നെഹ്‌റുവിന് സാമ്പത്തിക സുരക്ഷിതത്വം നൽകിയെങ്കിലും, അതുമായി ബന്ധപ്പെട്ട പകർപ്പവകാശ-പ്രസിദ്ധീകരണ നിയമങ്ങളുടെ കാര്യങ്ങളിൽ അദ്ദേഹത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ എടുക്കേണ്ടി വന്നു.

‘ഇന്ത്യയെ കണ്ടെത്തൽ’:
കവർ ഡിസൈൻ: സത്യജിത് റേ

രണ്ടാം ലോകമഹായുദ്ധം അച്ചടി മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പേപ്പറിനുണ്ടായ വിലവർധനവും ക്ഷാമവും പുസ്തകപ്രസിദ്ധീകരണത്തെ കാര്യമായി ബാധിച്ചു. 1940-കളുടെ പകുതി വരെയെങ്കിലും പേപ്പർ റേഷനിങ് ശക്തമായി നിലവിലുണ്ടായിരുന്നു. ഇത് നെഹ്‌റുവിന്റെ റോയൽറ്റി വരുമാനത്തെയും ബാധിച്ചു. പേപ്പറിന്റെ ദൗർലഭ്യവും യുദ്ധസാഹചര്യങ്ങൾ മൂലമുള്ള അനിശ്ചിതത്വവും കാരണം അക്കാലത്ത് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത് എളുപ്പമല്ലെന്ന് നെഹ്‌റു ചൂണ്ടിക്കാട്ടുന്നുണ്ട്. വിൽക്കുന്ന ഓരോ കോപ്പിയുടെയും നിശ്ചയിച്ച വിലയുടെ 15 ശതമാനമെങ്കിലും റോയൽറ്റിയായി പ്രസാധകരിൽനിന്ന് വാങ്ങണമെന്ന കർശന നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നു. 1930-കളിൽ 'Glimpses', 'Autobiography' എന്നിവ പ്രസിദ്ധീകരിച്ച ശേഷം, ചെറിയൊരു ഇടവേള കഴിഞ്ഞ് 1940-കളുടെ തുടക്കത്തിലാണ് നെഹ്‌റു 'Discovery of India' യുടെ രചന ആരംഭിക്കുന്നത്. ക്വിറ്റ് ഇന്ത്യ സമരകാലത്ത് അഹമ്മദ്‌നഗർ കോട്ടയിൽ തടവിലായിരുന്നപ്പോൾ രചിച്ച 'Discovery', പിൽക്കാലത്ത് ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും മഹത്തായ കൃതികളിലൊന്നായി മാറുകയും ചെയ്തു.

അലഹബാദ് ലോ ജേർണൽ പ്രസ് പ്രസിദ്ധീകരിച്ച Letters from a Father to His Daughter.
അലഹബാദ് ലോ ജേർണൽ പ്രസ് പ്രസിദ്ധീകരിച്ച Letters from a Father to His Daughter.

1946-ലാണ് 'Discovery of India' കൊൽക്കത്തയിലെ സിഗ്നറ്റ് പ്രസ് (Signet Press) പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി 1945-ൽ തന്നെ തയ്യാറായിരുന്നെങ്കിലും, അതിന്റെ പോസ്റ്റ് സ്ക്രിപ്റ്റ് ജോലികളും കൊൽക്കത്തയിലെ അച്ചടിശാല തൊഴിലാളികളുടെ സമരവും പ്രസിദ്ധീകരണം വൈകാൻ കാരണമായി. അച്ചടി പൂർത്തിയാകുന്നതിന് മുൻപേ തന്നെ ആയിരത്തോളം കോപ്പികൾക്കുള്ള മുൻകൂർ ഓർഡറുകൾ ലഭിച്ചിരുന്നു. രണ്ടാം പതിപ്പിനും വലിയ സ്വീകാര്യത ലഭിക്കുമെന്ന് ഇതേത്തുടർന്ന് നെഹ്‌റു പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. അതോടൊപ്പം, പുസ്തകത്തിന്റെ വിദേശ പ്രസിദ്ധീകരണത്തിനായും നെഹ്‌റു മുൻകൈ എടുത്തു. ദേശീയ സമരത്തിന്റെ ഏറ്റവും നിർണ്ണായക ഘട്ടത്തിലും തന്റെ എക്കാലത്തെയും പ്രധാനപ്പെട്ട ഈ കൃതിയുടെ പ്രസിദ്ധീകരണത്തിനായി നെഹ്‌റു സമയം കണ്ടെത്തിയിരുന്നു. 'Discovery'-യുടെ അച്ചടിയുടെ കാര്യത്തിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. പേപ്പറിന്റെ ഗുണനിലവാരം, കവർ ഡിസൈൻ, ബൈൻഡിങ്ങ് തുടങ്ങിയ കാര്യങ്ങളിൽ നെഹ്‌റുവും പ്രസാധകയായ നീലിമ ദേവിയും തമ്മിൽ നിരവധി തവണ കത്തിടപാടുകൾ നടത്തി. പ്രശസ്ത ചലച്ചിത്രകാരൻ സത്യജിത് റായ് ആയിരുന്നു ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പിന്റെ പുറംചട്ട രൂപകൽപ്പന ചെയ്തത്. ഇന്ത്യൻ പകർപ്പവകാശ നിയമം തന്റെ പുസ്തകങ്ങളുടെ കാര്യത്തിൽ എത്രത്തോളം പ്രധാനമാണെന്ന് നെഹ്‌റു കൂടുതൽ തിരിച്ചറിയുന്നത് ഇക്കാലത്താണ്.

പകർപ്പാവകാശനിയമം എന്ന പ്രതിബന്ധം

രണ്ടാം ലോകമഹായുദ്ധാനന്തര കാലം പുസ്തക പ്രസാധന മേഖലയിൽ വലിയ വളർച്ചയുടെ ഘട്ടമായിരുന്നു. പേപ്പർബാക്ക് (Paperback) എഡിഷനുകൾ പുറത്തിറങ്ങാൻ തുടങ്ങിയതും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള പാഠപുസ്തകങ്ങളുടെ അച്ചടിയും ഈ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തി. നെഹ്‌റുവിന്റെ 'Letters from a Father to His Daughter' പാഠപുസ്തകമായി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പ്രസിദ്ധീകരിക്കപ്പെട്ടു. 'Glimpses of World History' സർവകലാശാലാ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കപ്പെട്ടു. ഇവയുടെ പേപ്പർബാക്ക് പതിപ്പുകളും പുറത്തിറങ്ങി. ഇന്ത്യയുടെ പ്രധാനമന്ത്രി, രാജ്യതന്ത്രജ്ഞൻ, പ്രശസ്ത എഴുത്തുകാരൻ എന്നീ നിലകളിലുള്ള നെഹ്‌റുവിന്റെ ഖ്യാതി അദ്ദേഹത്തിന്റെ കൃതികൾക്ക് ആഗോളതലത്തിൽ വലിയ സ്വീകാര്യത നൽകി. ഒട്ടനവധി എഴുത്തുകാരും സുഹൃത്തുക്കളും നെഹ്‌റുവിന്റെ എഴുത്തുകളും പ്രസംഗങ്ങളും ശേഖരിച്ച് പ്രസിദ്ധീകരിക്കാനായി അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. എന്നാൽ പലപ്പോഴും പകർപ്പവകാശ നിയമങ്ങളായിരുന്നു ഇതിന് പ്രതിബന്ധമായി നിന്നത്.

1934- ൽ കിതാബിസ്താൻ പ്രസിദ്ധീകരിച്ച Glimpses of World History (Vol. I)
1934- ൽ കിതാബിസ്താൻ പ്രസിദ്ധീകരിച്ച Glimpses of World History (Vol. I)

1948 ഓഗസ്റ്റ് 3-ന് അമിയ ചക്രവർത്തിക്ക് എഴുതിയ കത്തിൽ നെഹ്‌റു ഇപ്രകാരം കുറിക്കുന്നു:
"I wonder if you or Dilip Gupta (founder and publisher of Signet Press) have taken the trouble to get permission from the holders of the copyright for some of my books. This will be necessary if you produce extracts from those books. These publishers are very troublesome..." സിഗ്നറ്റ് പ്രസ് ഒരു 'Nehru Anthology' പ്രസിദ്ധീകരിക്കാൻ അക്കാലത്ത് മുൻകൈ എടുത്തിരുന്നു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ്സുമായുള്ള (OUP) കരാർ 'Letters' പുറത്തിറക്കുന്നതിൽ മറ്റ് പ്രസാധകർക്ക് തടസ്സമുണ്ടാക്കി. എന്നാൽ ഈ കരാർ സ്കൂൾ പതിപ്പുകളുമായി (Special School Editions) മാത്രം ബന്ധപ്പെട്ടതാണെന്നായിരുന്നു നെഹ്‌റുവിന്റെ വാദം. 1950-കളിൽ ഏഷ്യ പബ്ലിഷിംഗ് ഹൗസുമായി (Asia Publishing House) സഹകരിച്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനാണ് നെഹ്‌റു കൂടുതൽ താല്പര്യം പ്രകടിപ്പിച്ചത്. നെഹ്‌റുവും പി.എസ്. ജയസിംഗെയുടെ ഏഷ്യ പബ്ലിഷിംഗ് ഹൗസും തമ്മിലുള്ള ബന്ധം ഇന്ത്യൻ പ്രസാധന രംഗത്തെ പ്രധാന അധ്യായമാണ്.

വേണം, 10% റോയൽറ്റി

1940-കളുടെ അവസാനം മുതൽ റോയൽറ്റിയുടെ കാര്യത്തിൽ നെഹ്‌റു വളരെ കണിശമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. തന്റെ പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിന് 10 ശതമാനത്തിൽ കുറഞ്ഞ റോയൽറ്റിക്ക് അദ്ദേഹം തയ്യാറായിരുന്നില്ലെന്നു മാത്രമല്ല, വ്യക്തമായ റോയൽറ്റി വ്യവസ്ഥകളില്ലാതെ പ്രസിദ്ധീകരണത്തിന് അനുമതി നൽകിയിരുന്നുമില്ല. 1946 ഓഗസ്റ്റ് 26-ന് ഗോപിനാഥ് ബർദോലോയിക്ക് എഴുതിയ കത്തിൽ റോയൽറ്റിയെക്കുറിച്ചുള്ള തന്റെ നിലപാട് അദ്ദേഹം ഇപ്രകാരം വ്യക്തമാക്കി:
‘‘Usually I deal with publishers and not with translators and I should like to know who is going to publish it. The usual terms are: 10% royalty to the author on books sold and 5% to the translator’’.

1933 ൽ കിതാബിസ്താൻ പ്രസിദ്ധീകരിച്ച നെഹ്‌റുവിന്റെ Whither India എന്ന പുസ്തകം.
1933 ൽ കിതാബിസ്താൻ പ്രസിദ്ധീകരിച്ച നെഹ്‌റുവിന്റെ Whither India എന്ന പുസ്തകം.

1948-ൽ തന്റെ തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും ഭാഗങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ അതിന്റെ പകർപ്പവകാശം നെഹ്‌റു തന്നിൽ തന്നെ നിലനിർത്തി. പകർപ്പവകാശം എഡിറ്റർമാർക്ക് നൽകുന്നത് ഭാവിയിൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. തന്റെ അറിവില്ലാതെ ചിലർ പ്രസംഗങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നത് നെഹ്‌റുവിന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. പത്രങ്ങളിൽ വന്ന ഇത്തരം ഭാഗങ്ങൾ യാതൊരു എഡിറ്റിങ്ങും കൂടാതെ പ്രസിദ്ധീകരിക്കുന്നതിനെതിരെ അദ്ദേഹം പരാതിപ്പെടുകയും ചെയ്തു. 'Discovery of India' ക്ക് ശേഷം നെഹ്‌റു പുതിയ പുസ്തകങ്ങളൊന്നും രചിച്ചിട്ടില്ല. എന്നാൽ തന്റെ പ്രസിദ്ധീകരിക്കപ്പെട്ട കൃതികളുടെ പുതിയ പതിപ്പുകൾ പുറത്തിറക്കുന്നതിനും, പ്രസംഗങ്ങളും ലേഖനങ്ങളും എഡിറ്റ് ചെയ്ത വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തി.

1949 ജനുവരി 25-ന് അന്നത്തെ ധനകാര്യമന്ത്രി ജോൺ മത്തായിക്ക് എഴുതിയ കത്ത്, റോയൽറ്റിയുമായി ബന്ധപ്പെട്ട് നെഹ്‌റുവിൽ വളർന്നുവന്ന കാഴ്ചപ്പാടിന്റെ ഏറ്റവും വികസിത രൂപമായിരുന്നു. നെഹ്‌റു ഇപ്രകാരമാണ് എഴുതിയത്: "I am writing to you not as Prime Minister but as an author... Authors in India are in a far worse condition than in England and I think they deserve sympathy and encouragement... Speaking from personal experience, I might inform you that in a particular year I have got as much as fifty thousand rupees as royalty and for the next few years practically nothing at all or very little. The fifty thousand rupees have gone almost entirely in taxes, more specially, if I have an additional income as a member of Government. My case however, does not matter. For the present, I am pleading the cause of the average author in India."

1936 ൽ ലണ്ടനിലെ 'ജോൺ ലെയ്ൻ ദ ബോഡ്‌ലി ഹെഡ്' (John Lane the Bodley Head) പ്രസിദ്ധീകരിച്ച നെഹ്‌റുവിന്റെ 'ആത്മകഥ'.
1936 ൽ ലണ്ടനിലെ 'ജോൺ ലെയ്ൻ ദ ബോഡ്‌ലി ഹെഡ്' (John Lane the Bodley Head) പ്രസിദ്ധീകരിച്ച നെഹ്‌റുവിന്റെ 'ആത്മകഥ'.

തുടർന്നുള്ള കാലങ്ങളിലും നെഹ്‌റു ഈ പ്രശ്നം ഗൗരവമായി അഭിസംബോധന ചെയ്യുന്നതായി കാണാം. 1949 ഫെബ്രുവരി 12-ന് അഹമ്മദാബാദിലെ ഗുജറാത്ത് വിദ്യാസഭയിൽ നടത്തിയ പ്രസംഗത്തിൽ, അറിവുള്ള എഴുത്തുകാർ പട്ടിണിയിലാണെന്നും പണം സമ്പാദിക്കാൻ അറിയാത്തതിനാൽ അവർ ദരിദ്രരായി തുടരുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. എഴുത്തുകാരുടെ നിസ്സഹായത മുതലെടുത്ത് പ്രസാധകർ അവർക്ക് തുച്ഛമായ 50 രൂപയോ 100-രൂപയോ നൽകി അവരുടെ കൃതികളുടെ പകർപ്പവകാശം സ്വന്തമാക്കുകയും, പിന്നീട് ആ പുസ്തകങ്ങളിലൂടെ ആയിരക്കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്യുന്നതിനെതിരെ നെഹ്‌റു ശക്തമായി പ്രതികരിച്ചു.

1949 ഫെബ്രുവരി 13-ന് 'നാഷണൽ ഹെറാൾഡി’ൽ (National Herald) എഴുതിയ വിശദമായ ലേഖനത്തിൽ അദ്ദേഹം തന്റെ നിലപാട് ആവർത്തിച്ചു. 1914-ലെ പകർപ്പവകാശ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനെക്കുറിച്ച് നെഹ്‌റു ഗൗരവമായി ആലോചിച്ചിരുന്നതായും കാണാം. സ്വതന്ത്ര ഇന്ത്യയുടെ പദവിക്കും പകർപ്പവകാശ മേഖലയിലെ അന്താരാഷ്ട്ര ബാധ്യതകൾ നിറവേറ്റുന്നതിനും അനുയോജ്യമായ പുതിയ നിയമം നടപ്പിലാക്കണമെന്ന് ഹിന്ദി റൈറ്റേഴ്‌സ് അസോസിയേഷൻ നെഹ്‌റുവിനോട് ആവശ്യപ്പെട്ടിരുന്നു.

1949 ഏപ്രിൽ 8-ന് നിയമമന്ത്രിക്ക് നെഹ്‌റു അയച്ച കുറിപ്പിൽ ഇപ്രകാരം പറയുന്നുണ്ട്: "There has been considerable agitation among Hindi writers at their exploitation by publishers. Most of these writers are foolish enough to sell their copyright for a small sum to a publisher, who subsequently makes large profits out of it... I do not know how this difficulty can be met. But a Hindi Writers’ Association has sent me a draft for an amendment of the Copyright Act of 1911. I am sending a copy of this and I should like to have your opinion." അതേസമയം, പകർപ്പവകാശ നിയമവുമായി ബന്ധപ്പെട്ട് ഭരണഘടനാ നിർമ്മാണ സഭയിൽ കാര്യമായ ചർച്ചകൾ നടന്നിരുന്നില്ല. പകർപ്പവകാശ നിയമം കേന്ദ്ര സർക്കാരിന്റെ അധികാരപരിധിയിൽ (Union List) ഉൾപ്പെടുത്തുകയും പേറ്റന്റുകൾ, കണ്ടുപിടുത്തങ്ങൾ, ഡിസൈനുകൾ, പകർപ്പവകാശം, വ്യാപാരമുദ്രകൾ എന്നിവ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ നിക്ഷിപ്തമാക്കുകയും ചെയ്തു.

എഴുത്തുകാർക്ക് അർഹമായ റോയൽറ്റി ഉറപ്പാക്കിക്കൊണ്ടുതന്നെ പുസ്തകത്തിന്റെ വില കുറയ്ക്കാൻ പ്രസാധകർക്ക് കഴിയണമെന്നും നെഹ്റു എടുത്തുപറഞ്ഞു. എഴുത്തുകാർക്ക് അവരുടെ കൃതിയിലുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന ശക്തമായ നിലപാടായിരുന്നു നെഹ്‌റു തുടർച്ചയായി സ്വീകരിച്ചിരുന്നത്.

പാഠപുസ്തകങ്ങൾക്കുവേണ്ട, റോയൽറ്റി

1950-കളുടെ ആരംഭത്തിൽ പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും ദേശസാത്കരിക്കണമെന്ന (Nationalization) രീതിയിലുള്ള ചർച്ചകൾ സജീവമായിരുന്നു. മികച്ച ഗുണനിലവാരമുള്ള പാഠപുസ്തകങ്ങൾ കുറഞ്ഞ വിലയ്ക്ക് സ്കൂൾ കുട്ടികൾക്ക് ലഭ്യമാകണമെന്നതായിരുന്നു നെഹ്‌റുവിന്റെ നിലപാട്. പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും സ്വകാര്യമേഖലയുടെ മാത്രം ലാഭതാൽപര്യങ്ങൾക്ക് വിട്ടുകൊടുക്കുന്നതിനെ അദ്ദേഹം എതിർത്തു. പാഠപുസ്തകങ്ങൾ റോയൽറ്റി ഒഴിവാക്കി പ്രസിദ്ധീകരിക്കണമെന്നും, അങ്ങനെ ലാഭം കുറച്ച് ഏറ്റവും കുറഞ്ഞ വിലയ്ക്ക് അവ കുട്ടികളിലേക്ക് എത്തിക്കണമെന്നുമായിരുന്നു നെഹ്‌റുവിന്റെ കാഴ്ചപ്പാട്. നെഹ്‌റുവിന്റെ ഈ നിലപാടുകൾ പിന്നീട് സ്വതന്ത്ര ഇന്ത്യയിലെ വിദ്യാഭ്യാസനയങ്ങളെയും പാഠപുസ്തക പ്രസിദ്ധീകരണത്തെയും വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.

പകർപ്പാവകാശനിയമത്തിൽ ഭേദഗതി

1948 ജൂൺ 28-ന് പരിഷ്കരിച്ച കലാ-സാഹിത്യ സൃഷ്ടികളുടെ സംരക്ഷണത്തിനായി നടന്ന ബേൺ കൺവെൻഷനിൽ ഇന്ത്യാ ഗവൺമെന്റ് ഒപ്പുവച്ചിരുന്നു. വൈകാതെ പ്രസ്തുത കൺവെൻഷൻ തീരുമാനങ്ങൾ രാജ്യം ഔദ്യോഗികമായി അംഗീകരിക്കണമെന്ന ആവശ്യം ഇന്ത്യയിലെ എഴുത്തുകാരിൽ നിന്നും ശക്തമായി ഉയർന്നു. ഇതിനെത്തുടർന്ന് ബേൺ കൺവെൻഷന്റെ അംഗീകാരത്തിനും സാധൂകരണത്തിനുമായുള്ള ഒരു പ്രമേയം 1952 ഓഗസ്റ്റിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ഈ പ്രമേയത്തിലൂടെ സിനിമയെ സാഹിത്യത്തിന്റെയും കലയുടെയും നിർവചനത്തിൽ ഉൾപ്പെടുത്താനും, സാഹിത്യ സൃഷ്ടികളിൽ രചയിതാക്കൾക്കുള്ള അവകാശങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ പകർപ്പവകാശ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്താനും നിർദ്ദേശിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പാർലമെന്റിൽ പകർപ്പവകാശവുമായി ബന്ധപ്പെട്ട് നടത്തിയ ആദ്യത്തെ ഇടപെടലായിരുന്നു ഈ പ്രമേയം.

 ജവഹർലാൽ നെഹ്‌റുവും ജോർജ് ബെർണാഡ് ഷായും
ജവഹർലാൽ നെഹ്‌റുവും ജോർജ് ബെർണാഡ് ഷായും

പകർപ്പവകാശഭേദഗതി പ്രമേയം പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുൻപ്, 1952 മെയ് 28-ന് മൗലാന ആസാദിന് എഴുതിയ കത്തിൽ എഴുത്തുകാരുടെ ജീവിതപ്രയാസങ്ങളെക്കുറിച്ച് നെഹ്‌റു ഇപ്രകാരം വിവരിക്കുന്നുണ്ട്:

"To my knowledge, some of these Hindi writers of talent have starved and sometimes died prematurely. One man went mad. A number are lying ill, with no resources even for their treatment... As a writer, I have been greatly concerned about the fate of other writers in this country. I have wanted to change the Copyright Law, but that is a complicated process. I suggested to the Finance Minister to set aside some money for writers, etc."

നെഹ്‌റു തുടർന്നും ഈ പ്രശ്നം ഗൗരവമായി ഉന്നയിച്ചുകൊണ്ടേയിരുന്നു. 1954 ജനുവരി 5-ന് നാഗ്പൂരിൽ മധ്യപ്രദേശ് ഹിന്ദി സാഹിത്യ സമ്മേളനത്തിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ട ശേഷം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ഈ വിഷയം വീണ്ടും ശക്തമായി ഉന്നയിച്ചു:
"I do not know if there is a publisher here. I, as a writer, am an enemy of the race of publishers. Perhaps ‘enemy’ is rather a strong word, but it is extraordinary how the publishers try to strangle the writers and make money off their work without paying them adequately... In our country, there are a number of good writers who are starving. Generally they are paid a very small sum for the copyright and the publishers make thousands of rupees. I am aware of all this, but there is no law to protect their rights."

റോയൽറ്റിയില്ലായിരുന്നുവെങ്കിൽ ദുരിതത്തിലാകുമായിരുന്ന നെഹ്റു

ഇന്ത്യയിലെ വിവിധ ഭാഷകളിലെ രചനകളെ പ്രോത്സാഹിപ്പിക്കുകയും എഴുത്തുകാരെ സംരക്ഷിക്കുകയും ചെയ്യുക എന്ന നയമാണ് നെഹ്‌റു സ്വീകരിച്ചത്. ഇത്തരം ചർച്ചകളുടെ തുടർച്ചയായാണ് 1954 മാർച്ച് 12-ന് സാഹിത്യ അക്കാദമി രൂപംകൊള്ളുന്നത്. നെഹ്‌റുവായിരുന്നു അക്കാദമിയുടെ ആദ്യ പ്രസിഡന്റ്. ഇതേ വർഷം തന്നെയാണ് ലളിത് കലാ അക്കാദമിയും സ്ഥാപിതമായത്.

1955 ഡിസംബർ 8-ന് 'ഫെഡറേഷൻ ഓഫ് പബ്ലിഷേഴ്സ് ആൻഡ് ബുക്ക്സെല്ലേഴ്സ് അസോസിയേഷൻസി'ന്റെ രണ്ടാം വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് നെഹ്‌റു സംസാരിച്ചു. പുസ്തക പ്രസാധന രംഗത്ത് എഴുത്തുകാർക്കും പ്രസാധകർക്കും വിൽപനക്കാർക്കും ഒരുപോലെ ഗുണകരമായ സാഹചര്യം ഉണ്ടാകണമെന്ന നിലപാടാണ് അദ്ദേഹം അവിടെ സ്വീകരിച്ചത്. എന്നാൽ, ഇത് എഴുത്തുകാരന്റെ ചെലവിലാകരുത് എന്നും, എഴുത്തുകാർക്ക് അർഹമായ റോയൽറ്റി ഉറപ്പാക്കിക്കൊണ്ടുതന്നെ പുസ്തകത്തിന്റെ വില കുറയ്ക്കാൻ പ്രസാധകർക്ക് കഴിയണമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. എഴുത്തുകാർക്ക് അവരുടെ കൃതിയിലുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന ശക്തമായ നിലപാടായിരുന്നു നെഹ്‌റു തുടർച്ചയായി സ്വീകരിച്ചിരുന്നത്. ഈ വിഷയം പ്രസാധകരുടെ ശ്രദ്ധയിൽ നേരിട്ട് കൊണ്ടുവരാനും അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു.

സത്യജിത് റേ രൂപകല്പന ചെയത Discovery of India- യുടെ കവർ.
സത്യജിത് റേ രൂപകല്പന ചെയത Discovery of India- യുടെ കവർ.

1957 ജൂൺ 3-ന് നടന്ന എ.ഐ.സി.സി (AICC) യോഗത്തിൽ മന്ത്രിമാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് നെഹ്‌റു നടത്തിയ പ്രസംഗത്തിൽ ഇപ്രകാരം പറയുന്നുണ്ട്.:
"I myself would not have been able to manage within my present net salary of Rs 1,600 per month, if I were not getting royalties from my books. I do not know what my exact salary is but I get Rs 1,600 per month after deduction of income tax... My own personal case is altogether a different one as the royalties from my books make a great difference. These royalties had nearly stopped coming at one time, but later they increased because my books have been translated into some other languages. Even then 80 to 85 per cent is deducted from the royalty money as tax."

1952 ജൂലൈ 15-ന് മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയിൽ സി. രാജഗോപാലാചാരി നടത്തിയ പ്രസംഗത്തിലും സമാനമായ അഭിപ്രായം പ്രകടിപ്പിക്കുന്നത് കാണാം:
"A gentleman like me who writes some small books and gets a royalty from some publisher stands to lose. When I become a Governor all my income including the royalty is added up and the total is taken as my income and the slab goes up to that extent."

പകർപ്പാവകാശനിയമത്തിൽ ഭേദഗതി

1955-ൽ പകർപ്പവകാശ നിയമ ഭേദഗതി ബിൽ പാർലിമെന്റിൽ അവതരിപ്പിക്കപ്പെട്ടു. വിദ്യാഭ്യാസ വിദഗ്ദ്ധനും എഴുത്തുകാരനുമായിരുന്ന കെ.എൽ. ശ്രീമാലി അധ്യക്ഷനായ ജോയിന്റ് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കാണ് ബിൽ വിട്ടത്. ഈ കമ്മിറ്റി 1956 നവംബർ 19-ന് റിപ്പോർട്ട് സമർപ്പിക്കുകയും, തുടർന്ന് 1957-ലെ പകർപ്പവകാശ നിയമം നിലവിൽ വരികയും ചെയ്തു. എഴുത്തുകാർക്ക് തങ്ങളുടെ കൃതികൾ രജിസ്റ്റർ ചെയ്യാനും അവയുടെ ഉടമസ്ഥാവകാശം നിയമപരമായി ഉറപ്പുവരുത്താനും സാധിച്ചു എന്നതാണ് ഈ നിയമത്തിന്റെ കാതൽ. ഒപ്പം പഠനാവശ്യങ്ങൾക്കായി പകർപ്പവകാശ നിബന്ധനകളിൽ ചില ഇളവുകൾ അനുവദിക്കുകയും ചെയ്തു.

പകർപ്പവകാശ ഭേദഗതി നിയമം നിലവിൽ വന്ന അതേവർഷം തന്നെയാണ് ഉന്നത നിലവാരമുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ ബുക്ക് ട്രസ്റ്റ് (NBT) രൂപീകരിക്കുന്നത്. "നല്ല സാഹിത്യസൃഷ്ടികളെ പ്രോത്സാഹിപ്പിക്കുകയും അവ മിതമായ വിലയിൽ ജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുക" എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.

ജവഹർലാൽ നെഹ്‌റു
ജവഹർലാൽ നെഹ്‌റു

ഇതേ വർഷം തന്നെയാണ് പ്രശസ്ത കാർട്ടൂണിസ്റ്റ് ശങ്കറിന്റെ നേതൃത്വത്തിൽ ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റും (CBT) സ്ഥാപിതമായത്. ശങ്കറിന്റെ പ്രവർത്തനങ്ങളിൽ നെഹ്‌റുവിന്റെ സ്വാധീനം വളരെ വലുതായിരുന്നു. പുതിയ പകർപ്പവകാശ നിയമം നിലവിൽ വന്നതിനു പിന്നാലെ, തന്റെ പ്രധാനപ്പെട്ട മൂന്ന് പുസ്തകങ്ങളും (Glimpses, Autobiography, Discovery) ആ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ നെഹ്‌റു ശ്രദ്ധിച്ചു. 1958-ൽ മൗലാന ആസാദിന്റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ റോയൽറ്റിയും പകർപ്പവകാശവും സംബന്ധിച്ച തർക്കങ്ങൾ ഉയർന്നുവന്നത്, പകർപ്പവകാശ പ്രശ്നങ്ങളെക്കുറിച്ചുള്ള പഴയ ചർച്ചകളിലേക്ക് നെഹ്‌റുവിനെ വീണ്ടും എത്തിച്ചതായിട്ടു കാണാം.

പുസ്തകങ്ങളും പകർപ്പവകാശവുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് കാഴ്ചപ്പാടുകളാണ് നെഹ്‌റു ഇന്ത്യയിൽ വളർത്തിയെടുത്തത്. ഒരു വശത്ത് എഴുത്തുകാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിലകൊള്ളുമ്പോൾ തന്നെ, മറുവശത്ത് പഠനാവശ്യങ്ങൾക്കുള്ള പ്രസിദ്ധീകരണങ്ങൾ പകർപ്പവകാശവിമുക്തമായിരിക്കണം (Copyright free) എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇത് നെഹ്‌റുവിന്റെ സമീപനങ്ങളിലെ വൈരുധ്യമായിരുന്നില്ല; മറിച്ച് രണ്ട് വ്യത്യസ്ത സാമൂഹിക- രാഷ്ട്രീയ പ്രശ്നങ്ങളെ ഒരേസമയം അഭിസംബോധന ചെയ്തതുകൊണ്ട് സംഭവിച്ചതാണ്.

സ്വന്തം രചനകളിലുള്ള അവകാശം എഴുത്തുകാർക്ക് നഷ്ടപ്പെടുന്നത് തടയണമെന്നും, അതേസമയം രാജ്യപുരോഗതിക്കായി ഗുണമേന്മയുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. തന്റെ ജീവിതത്തിലെ അവസാനത്തെ 35 വർഷങ്ങൾ എഴുത്തുകാർക്കും പുസ്തകങ്ങൾക്കും അറിവിന്റെ ജനാധിപത്യവൽക്കരണത്തിനുമായി നെഹ്‌റു വലിയൊരു സമയം നീക്കിവെച്ചിരുന്നു എന്ന് വ്യക്തമാണ്.


Summary: Jawaharlal Nehru’s copyright interventions: How his experiences shaped India’s copyright laws and education policy | Dr Nisar Kizhakkayil writes | World Book and Copyright Day special


ഡോ. നിസാര്‍ കിഴക്കയില്‍

ന്യൂ ഡൽഹിയിൽ പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറിയിൽ റിസർച്ച് ആൻഡ് പബ്ലിക്കേഷൻ ഡിവിഷനിൽ റിസർച്ച് ഓഫീസർ.

Comments