മൊസാബ് അബു തോഹ

Forest of Noise;
വംശഹത്യാകാലത്തെ ചാവുപാടൽ

‘സൗന്ദര്യാരാധനക്കും ആനന്ദത്തിനുമുള്ള ഉപാധിയല്ല കവിത. നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെ പേരിട്ട് വിളിക്കാനും പരിശോധിക്കാനും അവയിലേക്ക് ശ്രദ്ധ ആകർഷിക്കാനുമുള്ള അവസരമാണ്.’ പലസ്തീനിയൻ കവി മൊസാബ് അബു തോഹയുടെ കവിതകളെക്കുറിച്ച് ജയശ്രീ കളത്തിൽ എഴുതുന്നു.

ഭാഷയും ഗീതവും പ്രതീകങ്ങളും മാത്രമല്ല കവിത എന്ന് തന്റെ കവിതകളിലൂടെ വീണ്ടും വീണ്ടും തെളിയിക്കുന്ന കവിയാണ് മൊസാബ് അബു തോഹ. അദ്ദേഹത്തിൻെറ രണ്ടാമത്തെ കവിതാസമാഹാരം Forest of Noise (ശബ്ദങ്ങളുടെ കാട്) പലസ്തീനിയൻ ജനതയുടെ ചരിത്രത്തിനും വർത്തമാനത്തിനുമുള്ള സങ്കീർത്തനവും വിലാപകാവ്യവുമാണ്. ഭാവഗാനവും ചാവുപാടലുമാണ്.

മണ്ണ്, മരങ്ങൾ, മായ്ക്കപ്പെട്ട, മായ്ച്ചുകൊണ്ടേയിരിക്കപ്പെടുന്ന മനുഷ്യർ, ഭൂമിയുടെ ആത്മാവിൽ, ജലത്തിൽ പോലും, ഇപ്പോഴും കാത്തുനിൽക്കുന്ന പൂർവ്വികർ, ഓറഞ്ചിന്റെ മധുരം, ബോംബുകളുടെ കാതടപ്പിക്കുന്ന ശബ്ദം, കറുത്ത പുക. ഇതെല്ലാം സാക്ഷ്യപത്രങ്ങളുമായി വന്ന് മറുവാക്ക് പറയുന്ന കവിതകളാണ് ഈ സമാഹാരത്തിൽ.

യുദ്ധസമയത്ത്, വംശഹത്യക്കിടയിൽ, കവിത എഴുതാൻ കഴിയുമോ, അല്ലെങ്കിൽ കവിത കൊണ്ട് എന്താണ് പ്രയോജനം എന്ന ചോദ്യങ്ങൾ പലയിടങ്ങളിലും കേൾക്കാം. പ്രശസ്ത പലസ്തീനിയൻ കവി മഹ്മൂദ് ദർവീഷ് തന്നെ ‘കവിത ഒന്നും മാറ്റുന്നില്ല, കവിയെ മാത്രമേ മാറ്റുന്നുള്ളൂ’ എന്നു പറഞ്ഞതായും ഉണ്ട്. പക്ഷേ, അബു തോഹയുടെ കവിതകൾ വായിക്കുമ്പോൾ ഓർമ്മ വരുന്നത്, ഇറാനിയൻ- അമേരിക്കൻ കവി സോൽമാസ് ഷരീഫിന്റെ വാക്കുകളാണ്: ‘സൗന്ദര്യാരാധനക്കും ആനന്ദത്തിനുമുള്ള ഉപാധിയല്ല കവിത. നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെ പേരിട്ട് വിളിക്കാനും പരിശോധിക്കാനും അവയിലേക്ക് ശ്രദ്ധ ആകർഷിക്കാനുമുള്ള അവസരമാണ്’.

അബു തോഹയുടെ കവിതകൾ ഈ കാലത്തിന്റെ ഏറ്റവും ക്രൂരവും കഠിനവുമായ മനുഷ്യാപരാധത്തിൽനിന്ന് നമ്മളാരും കണ്ണ് വലിക്കുന്നില്ല എന്ന് ഉറപ്പിക്കുന്നവയാണ്.

Comments